Wednesday, May 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 4

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ഹർഷൻ തന്റെ ഇടതു കൈ യാമിക്കു നേരെ നീട്ടി. യാമി ഒരു നിമിഷം സംശയിച്ചു നിന്നു. ഒരു നോട്ടം ഉണ്ണിക്ക് നൽകി. ആ ഒരു നോട്ടത്തിൽ യാമി പലതും ഉണ്ണിയോട് പറയുന്നുണ്ടായിരുന്നു.

യാമിയുടെ ആ ഒരു നോക്കിൽ ഒരു മിന്നൽ പിണർ ഉണ്ണിയുടെ നെഞ്ചിൽ ഉണ്ടാക്കി.

ഉണ്ണിയുടെ മുന്നിൽ അവളെ സാക്ഷിയാക്കി യാമി ഹർഷന്റെ വലതു കൈകൾക്കുള്ളിൽ തന്റെ ഇടതുകൈ നീട്ടി വച്ചു. അവനു നേരെ പ്രണായർദ്രമായ ഒരു നോട്ടം നൽകി. തിരിച്ചു ഹർഷൻ നൽകിയ പുഞ്ചിരിയിലും അതേ പ്രണയം ഉണ്ടായിരുന്നു. ഇതെല്ലാം സന്തോഷത്തോടെ നോക്കി കണ്ട ഉണ്ണിയുടെ കൺ കോണിലെ നീരുറവ യാമിയുടെ ചുണ്ടുകളിൽ ഒരു ചിരി പടർത്തി.

ലഞ്ചു ബ്രേക്കിന്‌ ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല അന്നത്തെ ദിവസം. ഉണ്ണി തന്റെ പുസ്തകത്തിൽ എന്തോ വരച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾക്കു അടുത്തായി ഹർഷൻ താടിയിൽ വിരൽ ഊന്നി ഡെസ്കിൽ തല ചായ്ച്ചു അവൾ വരയ്ക്കുന്നത് നോക്കി കാണുകയായിരുന്നു. പക്ഷെ അവന്റെ മനസ്സു ഇവിടെയെങ്ങുമല്ല എന്നവൾക്കു തോന്നി. ബ്രേഷു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിനു നേരെ കുടഞ്ഞു. അവൻ പെട്ടണഞ്ഞ ഞെട്ടി പിടഞ്ഞു എണീറ്റു.

“എന്താടി മാക്രി” അവൻ മുഖത്തെ നീർത്തുള്ളികൾ തന്റെ പുറം കൈകളാൽ തുടച്ചു കൊണ്ടു ചോദിച്ചു.

“അല്ല മോനെ…നീ കണ്ണു തുറന്നു സ്വപ്നം കാണാൻ തുടങ്ങിയോ. പതിവില്ലാത്ത ഒരു കാഴ്ച” അവൾ ചുണ്ടുകൊട്ടി കളിയാക്കി ചോദിച്ചു.

“കളിയാക്കുന്നോടി മരഭൂതമേ” അവൻ അവളുടെ ചെവിയിൽ കിഴുക്കി കൊണ്ടു പറഞ്ഞു. ഹർഷൻ ഉണ്ണിയുടെ ചെവിയിൽ പിടിച്ചു തിരിക്കുന്നത് കണ്ടു കൊണ്ട യാമി കയറി വന്നത്.

“സായാമീസ് ഇരട്ടകൾ വഴക്കു കൂടുമോ” ഒരു ചിരിയോടെ ചോദിച്ചു കൊണ്ടു ഹർഷനും ഉണ്ണിക്കുമെതിർവശത്തു യാമി വന്നിരുന്നു.

“ഞങ്ങൾ വഴക്കും കൂടും അപ്പൊ തന്നെ ദേ ഇങ്ങനെ ചേർത്തും പിടിക്കും ” ഉണ്ണിയെ തന്റെ തോളോട് ചേർത്തു ഹർഷൻ പറഞ്ഞു.

ഉണ്ണി അതൊന്നും ശ്രദ്ധിക്കാതെ തന്റെ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു. ഹർഷൻ പതിയെ യാമിയെ നോക്കി. യാമി ഹർഷനെയും. മിഴികൾ തമ്മിൽ ഇടഞ്ഞു കൊണ്ടേയിരുന്നു. ഇത്തവണ അവളുടെ നോട്ടത്തെ ഒരു പതർച്ചയും കൂടാതെ പ്രണയപൂർവ്വം അവൻ നേരിട്ടു. അവരുടെ കണ്ണുകൾ കൊണ്ടുള്ള പ്രണയം ഉണ്ണിയുടെ കൺ കോണിൽ കൂടി കണ്ടപ്പോൾ ഒരു വേദന അവളുടെ മനസിൽ ഉണ്ടാക്കിയപോലെ. ചായക്കൂട്ടുകൾ നേരാം വണ്ണം മിക്സിങ് ചെയ്യാൻ പറ്റാത്തപ്പോലെ.

കുറച്ചു നിമിഷങ്ങൾ പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു വേദനയിൽ ഉണ്ണി പിടഞ്ഞിരുന്നു. അപ്പോഴും ഹർഷനും യാമിയും എന്തൊക്കെയോ പരസ്പരം സംസാരിക്കാൻ തുടങ്ങിയിരുന്നു. താൻ അവിടെ ഇരിക്കുന്നത് അവൾക്കു തന്നെ എന്തോ അരോചകമായി ഉണ്ണിക്ക് തോന്നി. ഉണ്ണി പതിയെ ബുക് മടക്കി ചായക്കൂട്ടുകൾ എടുത്തു എഴുനേറ്റു തിരിഞ്ഞതും അവളുടെ കയ്യിൽ ഹർഷന്റെ പിടി വീണു.

“എവിടേക്കും പോകുന്നില്ല ഇവിടെ ഇരുന്നു വരച്ച മതി.”

“ഒന്നുപോയേട ഇതു സിനിമയും സീരിയലും ഒന്നുമല്ല. ചെക്കൻ സ്വസ്ഥമായി ഇരുന്നു പ്രേമിച്ചോട്ടെ എന്നു കരുതി എഴുന്നേറ്റത് ആണ്. ഞാൻ ആ ലൈബ്രറിയിൽ കാണും. കിന്നരിച്ചു കഴിയുമ്പോ വന്നാമതി.” ഹർഷന്റെ പിടി വിടുവിച്ചു കൊണ്ട് ഉണ്ണി നടക്കാൻ തുടങ്ങി. ഒന്നു രണ്ടു ചുവടു വച്ചു തിരിഞ്ഞു നിന്നു. യാമിയും ഹർഷനും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“യാമി…ചെക്കനു കുറച്ചു പഞ്ചാര കുറവ് ആണ്. നീ വേണം ശരിയാക്കി എടുക്കാൻ കേട്ടോ. നിന്നെ ഏൽപ്പിച്ചേക്കുവാ അതിനു. അല്ലെങ്കിൽ നീ തന്നെ ഭാവിയിൽ പെട്ടു പോകും ഈ അൻറോമന്റിക് മൂരാച്ചിയെ കൊണ്ടു” ഉണ്ണി കളിയാക്കലോടെ പറഞ്ഞു. യാമി ഒക്കെ ഡണ് എന്നു ചിരിച്ചികൊണ്ടു തംസപ് കാണിച്ചു.

“നിന്നെ ഇന്ന് ….” ഉണ്ണിക്ക് നേരെ അടിക്കാനായി കൈ ഉയർത്തിയപ്പോഴേക്കും അവൾ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയിരുന്നു.

ഉണ്ണി നേരെ പോയത് ലൈബ്രറിയിലേക്കു ആയിരുന്നു. തന്റെ ചിത്ര പുസ്തകം മേശയിൽ വച്ചു കസേരയിൽ ചാരി കണ്ണുകൾ അടച്ചു ഇരുന്നു. നിശ്ശബ്‌ദം കരയാൻ പഠിച്ചത് എത്ര നന്നായി. പക്ഷെ കുറെ നാളുകൾക്കു ശേഷം ആണ് തനിക്കു ഇത്ര സങ്കടം. തന്റെ കണ്ണിൽ കണ്ണീരിന്റെ സ്ഥാനം എവിടെയോ ആയിരുന്നു. കരയാൻ ഉള്ള ഒരു സാഹചര്യം പോലും ഹർഷൻ ഉണ്ടാക്കുവാൻ സമ്മതിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം. നിഴലുപോലെ കൂടെ നടന്ന ഒരാൾ പെട്ടന്ന് ഒറ്റക്കു ആക്കിയപ്പോലെ.

ഇങ്ങനെ ഒറ്റക്കു ആക്കുവാൻ വേണ്ടി ആയിരുന്നെങ്കിൽ എന്തിനാ കൂട്ടുകൂടിയത്. സ്വന്തം നിഴലായി കൂടെ നിന്നതു ഇങ്ങനെ പിരിഞ്ഞു പോകുവാൻ ആയിരുന്നോ. ഒറ്റക്കു ആക്കി പോയതുപോലെ. സ്വന്തം നിഴലിന്… ഇരുട്ട് നിറഞ്ഞ തന്റെ നിഴൽ രൂപം തന്നെ നോക്കി കളിയാക്കും പോലെ… നിനക്കു എന്നും ഞാൻ തന്നെ നിഴലായ് മാത്രം ഉണ്ടാകു എന്നു പറയുംപോലെ.

“ഒന്നും പറഞ്ഞില്ല അല്ലെ.” ഈ ചോദ്യം ആയിരുന്നു അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

“അനന്തു” അവൾ മന്ത്രിച്ചു.
അവൻ നല്ലൊരു പുഞ്ചിരിയോടെ അവൾക്കു എതിർവശത്തു ഇരുന്നു. അവന്റെ ആ ചിരിയിൽ അവൾക്കും തിരിച്ചു ഒരു പുഞ്ചിരി കൊടുക്കാതിരിക്കാൻ ആയില്ല.

“ഞാൻ പറഞ്ഞതല്ലേ ഹർഷനോട് എല്ലാം തുറന്നു പറയണമെന്ന്”

മറുപടിയും ഒരു ചിരിയിൽ ഒതുക്കി. ശബ്ദതമില്ലാതെ ചുണ്ടുകൾ അനാക്കിയുള്ള ഒരു പുഞ്ചിരി. വിഷാദം കലർന്ന നേർത്ത പുഞ്ചിരി.

“ഹർഷൻ അറിയാതെ പോകരുതായിരുന്നു” അനന്തു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

“അതു വിട്ടേക്കു അനന്തു. അറിയാതെയും പറയാതെയും പോകുന്ന എത്രയോ പ്രണയങ്ങൾ ഉണ്ട്. അതിലൊന്നായി ഇതും മാറട്ടെ.”

“എങ്കിലും….”

“ഈ ലൈബ്രറിയുടെ കാര്യം തന്നെ എടുക്കാം. കണ്ണുകളാൽ പ്രണയിച്ച എത്ര പേരുടെ കഥ പറയാൻ ഉണ്ടാകുമെന്നോ. ഇവിടെ ഇരിക്കുന്ന ഓരോ പുസ്തകത്തിനു ഓരോ റാക്കിന്‌പോലും പറയാൻ ഉണ്ടാകും ഒരു നൂറു കഥകൾ. പ്രണയാർദ്രമായ നോട്ടം കിട്ടാനായി ആവശ്യമില്ലെങ്കിലും കൂടിയും ഇവിടെ കാലുകുത്തി പോയവരുടെ അറിയാ കഥകൾ ഉണ്ടാകും…അതിലൊന്നായി ഇതും മാറട്ടെ. അറിയാതെ പോകുന്ന പ്രണയത്തിന് മാധുര്യമുണ്ട്…ഒരു നോവിന്റെ” കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീരിനെ കൈകളാൽ ഒപ്പികൊണ്ടു ഉണ്ണി പറഞ്ഞു.

“ആ കണ്ണുനീരെങ്കിലും ഒഴുക്കി കളയെടോ. അതിലൂടെ തന്റെ പ്രണയവും”

“ഉം”

“അല്ല….എന്താ ഒറ്റക്കു …പതിവില്ലലോ”

“ഇതും പുതിയ ശീലം ആണ്..ജീവിതത്തിന്റെ ഭാഗമായി കണ്ടു ശീലമാക്കാൻ ശ്രമിക്കണം”

“അവർക്കിടയിൽ കട്ടുറുമ്പു ആകരുതെന്നു കരുതിയാണോ”

“സ്വയം ഇറങ്ങി വന്നത് ആണ്. അതിനു വേദന കുറച്ചു കുറയും അവഗണിക്കുന്നതിനെക്കാൾ”

“അതു നന്നായി എന്തായാലും. എന്റെ മനസ്സ് മര്യാദക്ക് തുറന്നു കാണിക്കാൻ ഇത്ര നാളും എനിക്ക് കഴിഞ്ഞില്ല. വാലുപോലെ ഹർഷനും കാണുമല്ലോ തന്റെ കൂടെ” ഉണ്ണിയെ ഇടം കണ്ണാലെ നോക്കി അനന്തു പറഞ്ഞു.

ഉണ്ണി അവനെ ഉഴപ്പിച്ചു ഒന്നു നോക്കി.

“നോക്കി പേടിപ്പിക്കണ്ട. എന്റെ കൂടി പ്രാർത്ഥന ഉണ്ടെന്നു കൂട്ടിക്കോ.” അതു കേട്ടതും അവളുടെ കണ്ണുകൾ വികസിച്ചു

“നിന്നെയൊന്നു എപ്പോഴെങ്കിലും ഒറ്റക്കു സംസാരിക്കാൻ കിട്ടാൻ ആണ് പ്രാർഥിച്ചത്. അല്ലാതെ ….എപ്പോഴും ആ വാൽമാക്രി കൂടെ കാണുമല്ലോ”

ഉണ്ണിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

“ഉണ്ണി…” അനന്തുവിന്റെ വിളി ആർദ്രമായിരുന്നു

അവൾക്കു മിഴികൾ ഉയർത്താതെ ഇരിക്കാൻ ആയില്ല ആ വിളിയിൽ.

“ഈ പഠിപ്പു കഴിഞ്ഞു ഒരു ജോലി കിട്ടി കഴിയുമ്പോൾ ഞാൻ വന്നോട്ടെ തന്റെ അച്ഛന്റെ അരികിലേക്ക്. തന്നെ എനിക്ക് തരുമോ എന്നു ചോദിക്കാൻ. എനിക്ക് തന്നെ മനസിലാക്കാൻ കഴിയും. മറ്റാരേക്കാളും എനിക്ക് മാത്രമേ അതിനു കഴിയു. എത്ര സമയം വേണമെങ്കിലും എടുത്തോളൂ. പക്ഷെ നീയെന്റെസ്വന്തം ആകണം. ഒരു ഗ്യാപ് കിട്ടിയപ്പോൾ നിന്റെ മനസ്സിന്റെ ഉള്ളിലേക്ക് കയറാൻ നോക്കുന്നത് അല്ല ഞാൻ.

എനിക്കറിയാടാ എന്റെ ഉള്ളിലെ പ്രണയത്തെ നീയെന്നോ തിരിച്ചറിഞ്ഞത് ആണെന്ന്. അതിനു മുൻപ് വരെ എന്നോട് സംസാരിച്ചിരുന്ന നീ പെട്ടന്ന് അകലാൻ തുടങ്ങി.നീ ഞാനുമായുള്ള അതുവരെ ഉണ്ടായിരുന്ന കൂട്ടുപോലും വിട്ടത് ഒരു ചിരികൊണ്ടു പോലും എനിക്കൊരു പ്രതീക്ഷ വേണ്ട എന്നു കരുതിയല്ലേ… എന്റെ യഥാർത്ഥ സ്നേഹമാണെന്നു മനസിലാക്കിയത് കൊണ്ടല്ലേ”

അനന്തുവിന്റെ വാക്കുകൾക്ക് അവളുടെ കൈകളിൽ മറുപടി ഉണ്ടായിരുന്നില്ല. കാരണം അവൻ പറഞ്ഞതു അത്രയും സത്യമായിരുന്നു. അവന്റെ നോട്ടത്തിലൂടെ തന്നിലേക്ക് എത്തിയത് നൂറു ശതമാനവും സത്യസന്ധവും ആത്മാര്ഥവും ആയ പ്രണയം ആയിരുന്നെന്ന് താൻ മനസിലാക്കിയതുകൊണ്ടു ആയിരുന്നു അവനിൽ നിന്നും അകലം പാലിച്ചത്.

“അനന്തു…ഞാൻ…നീ പറഞ്ഞതു സത്യം തന്നെയാണ്. അതിനു ഒരു പ്രധാന കാരണം എന്താണെന്ന് നിനക്കു അറിയുമോ…”

അവൻ ഇല്ല എന്നു തലയാട്ടി.

“എന്റെയും ഹർഷന്റെയും കല്യാണം വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ചത് ആണ്”

“വാട്ട്” ഒരു ഞെട്ടലോടെ അനന്തു ചാടി എഴുന്നേറ്റു.

പുഞ്ചിരിയോടെ തന്നെ ഉണ്ണിമായ അവനെ നേരിട്ടു. “താൻ ഇരിക്കു. ഞാൻ പറയട്ടെ”

“ഞങ്ങളുടെ അച്ചന്മാർ മുന്നേ തീരുമാനിച്ചു ഉറപ്പിച്ചത് ആയിരുന്നു ഞങ്ങളുടെ കല്യാണം. പക്ഷെ ഞങ്ങളോട് മാത്രം മറച്ചു വച്ചു. കല്യാണ പ്രായം ആകുമ്പോൾ ഞങ്ങൾ തന്നെ തുറന്നു പറയട്ടെ എന്നവർ കരുതി. ഒരിക്കലും അവരായി ഈ ബന്ധം മനസ്സിൽ കുത്തി നിറയ്ക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സ്വയം മനസ്സിൽ തോന്നുമെന്ന് അവർ കണക്കു കൂട്ടി. ഒരു തരത്തിൽ പറഞ്ഞാൽ ഞാനും ഹർഷനും അത്ര കൂട്ടു ആണല്ലോ. ഒരാൾക്ക് മറ്റയാളെ പിരിയാൻ കഴിയാത്ത അത്ര കൂട്ടു.

ഒരിക്കൽ വീട്ടുകാരുടെ സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത് ആയിരുന്നു ഇത്. ശരിക്കും പറഞ്ഞാൽ അതിനു ശേഷം ആയിരുന്നു എന്റെ മനസിൽ പ്രണയത്തിന്റെ ഭാവം നിറഞ്ഞത്. അവൻ ഒരിക്കൽ സ്വന്തമായി മാറും എന്നു കരുതി….

അന്ന് മുതൽ ആണ് എന്റെയുള്ളിൽ… അതൊരു തെറ്റായ ഒന്നായിരുന്നു അനന്തു. ഹർഷൻ ….അവൻ എപ്പോഴും പറയും ഈ ലോകത്തു ആണിനും പെണ്ണിനും ഒരുമിച്ചു കാമുകി കാമുകന്മാർ അല്ലാതെ അതിനും അപ്പുറത്തും ഫ്രണ്ട്ഷിപ്പിനും അപ്പുറത്തും ഒരു ബന്ധം ഉണ്ടെന്നു. ഞങ്ങൾ അതുപോലെ ഒന്നാണെന്ന് ജീവിതം കൊണ്ട് തന്നെ തെളിയിക്കുമെന്നു. ആ അവനോടു എന്റെ പ്രണയം തുറന്ന് പറഞ്ഞാൽ ഞാൻ അവനെ അറിഞ്ഞു കൊണ്ട് തോല്പിക്കും പോലെ ആകില്ലേ.. അതു വേണ്ട…അറിയാതെ ഇരിക്കട്ടെ..

യാമിയോട് ഉള്ളത് അവന്റെ യഥാർത്ഥ സ്നേഹം തന്നെയാണ്. കുറെ നാളുകൾ ആയുള്ള ഒന്നു. അതുകൊണ്ടാ അവൾ തുറന്നു പറഞ്ഞപ്പോൾ തന്നെ അവൻ സമ്മതിച്ചത്. അനന്തു ആണ് അതേനിക്കു പറഞ്ഞു തന്നത്”

“എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം യാമിയുടെ അടുത്തു അവളെ വഴക്കിട്ടു ആണെങ്കിലും കാണുവാനും സംസാരിക്കുവാനും കൂടി വേണ്ടിയാണ് നിന്റെ പേരും പറഞ്ഞു ഹർഷൻ ചെന്നിരുന്നത്. പ്രേമിച്ചു നടക്കുന്നതിനു പകരം വഴകിടാൻ വേണ്ടി.”

“ഉം” ഉണ്ണി മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.

“ഞാൻ ചോദിച്ചതിനെ കുറിച്ചു ഒന്നു ആലോചിക്കു. സമ്മതം പറഞ്ഞാൽ ഞാൻ വീട്ടുകാരുമായി വരാം. ഇനി തന്റെ ഹർഷന്റെ സമ്മതം വേണോ….അതിനും ഞാൻ തയ്യാർ ആണ്. ആദ്യം നിന്റെ സമ്മതം കിട്ടണം”

“എന്നെ വിടാൻ ഉദേശമില്ല അല്ലെ”

വശ്യതയോടെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ ഇല്ല എന്നു തലയാട്ടി.

എന്തുകൊണ്ടോ അവന്റെയ നോട്ടത്തെ അവൾക്കു നേരിടാൻ ആകാതെ പോയി. ചുണ്ടിൽ അറിയാതെ ഒരു ചിരി പൊട്ടി മുളച്ചു. ആ ചിരിയെ മറയ്ക്കാൻ ഗൗരവത്തിൽ മൂട് പടം മുഖത്തേക്ക് ആവരണമാക്കാൻ ശ്രമിച്ചു.

“ഈ പുസ്തകം ഞാൻ നോക്കിക്കോട്ടെ.”

“ഉം” അവൾ ചിരിയോടെ തലയാട്ടി.

“അയ്യോ…അത്ഭുതം ആണല്ലോ. ഹർഷൻ അല്ലാതെ വേറെ ആരും ഇതിന്റെ പുറം ചട്ടയിൽ പോലും തൊട്ടിട്ടില്ല. ഇതു കൈകൊണ്ടു എടുത്ത ഒരേയൊരു വ്യക്തി ജീവൻ ആണ്. അവന്റെ മൂക്കിന്റെ പാലവും ഹർഷൻ ഇടിച്ചു തകർത്തതും ആയിരുന്നു. എന്റെ മൂക്കു….” ഒരു ചെറു പേടിയോട് കൂടിയ ആവലാതിയോടെ അനന്തു സ്വയം മൂക്കിൽ പിടിക്കുന്നത് കണ്ടു ഉണ്ണിക്ക് അറിയാതെ ചിരി പൊട്ടി.

“ആ ചിരി ഇങ്ങനെ അടക്കി പിടിക്കല്ലേ പെണ്ണേ.. എന്തു ഭംഗിയാണെന്നോ നിന്റെ ഈ ചിരി കാണാൻ.”

ഉണ്ണി അവനെ നോക്കി ഇരുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല. മിഴികൾ അവനിൽ നിന്നും പിൻവലിചതുമില്ല.

അനന്തു അവളുടെ ചിത്ര പുസ്തകം കയ്യിൽ എടുത്തു അതിലെ അവസാന ചിത്രത്തിലേക്ക് മിഴികളൂന്നി. ഒരു ഗ്ലാസ്സ് ജാലകത്തിനു പുറം തിരിഞ്ഞു നിൽക്കുന്ന യുവതി. ഒരു കൈ ജാലകത്തിൽ പറ്റി പിടിച്ചിരിക്കുന്ന ജലകണങ്ങളിലേക്കു ചേർത്തു നീട്ടി വച്ചിട്ടുണ്ട്. പുറത്തെ മരക്കൊമ്പിൽ ഒരു പ്രാവ്…അതിനെ വിട്ടു പറന്നു പോകുന്ന മറ്റൊരു പ്രാവിനെ നോക്കി നിൽക്കുന്ന ചിത്രം. പൂർത്തികരിക്കാത്ത ചിത്രം.

“ഇതിനെന്താ പൂർണ്ണത കൊടുക്കാത്തത്” അനന്തു തല ഉയർത്തി ചോദിച്ചു.

മറുപടി പറയാതെ അവൾ തല താഴ്ത്തി.

“ഇതു പൂർത്തീകരിക്കാൻ തോന്നുന്ന നിമിഷം… ഈ യുവതിയുടേതോളിൽ ചേർന്നു നിൽക്കുന്ന ഒരു പുരുഷ രൂപത്തിനെ വരയ്ക്കണം. അതുപോലെ പറന്നു പോകുന്ന പ്രാവിനെ നോക്കി ഇരിക്കുന്ന പ്രാവിന്റെ തൊട്ടടുത്തായി ഒരു പ്രാവിനെ കൂടി വരച്ചു ചേർക്കണം… അതു തന്റെ സമ്മതം ആയി ഞാൻ എടുത്തുകൊള്ളാം”

അനന്തു ഗൗരവമായി തന്നെ പറഞ്ഞു.”അതിനിനി ഈ ജന്മം മുഴുവൻ കാത്തിരിക്കേണ്ടി വന്നാൽ അങ്ങനെ. കാരണം അത്രമേൽ നിന്നെ പ്രണയിച്ചുപോയി പെണ്ണേ”

ഉണ്ണിക്ക് കണ്ണുകൾ വികസിച്ചുപോയി അവന്റെ സംസാരത്തിൽ. അത്ഭുതത്തോടെയല്ലാതെ അവനെ നോക്കിക്കാണാൻ അവൾക്കായില്ല.

പിന്നീട് വാക്കുകൾ ഒന്നും ഉണ്ണിക്ക് കിട്ടിയില്ല.മൗനമായി ഇരുന്നു. പിന്നെയും എന്തൊക്കെയോ കൂടി സംസാരിച്ചു അനന്തു ഉണ്ണിയുടെ കൂടെ ഇരുന്നു. ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു അവൻ യാത്ര പറഞ്ഞു എഴുനേറ്റു.

“അനന്തു….” ഉണ്ണിയുടെ സ്നേഹത്തോടെയുള്ള വിളി…ആദ്യമായി ആണ്

അവൻ അതിശയത്തിൽ തിരിഞ്ഞു നോക്കി.

“താങ്ക്സ്” ഉണ്ണി പറഞ്ഞു.

“എന്തിനു” അവൻ അറിയാതെ ചോദിച്ചു.

“എന്നെ ഒറ്റക്കു വിടാത്തതിനു. എന്നെ …”

ഉണ്ണി വാക്കുകൾ പൂർത്തികരിക്കാതെ മിഴികൾ താഴ്ത്തി.

“എന്നെ…” അനന്തു ഒരു ആവേശത്തോടെ അവൾക്കു അരികിലേക്ക് നീങ്ങി…

“എന്നെ ഇങ്ങനെ കത്തിവെച്ചു കൊല്ലാതെ കൊല്ലുന്നതിനു…” ഉണ്ണി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു…. ആ ചിരിയിലും മിഴികൾ നിറഞ്ഞിരുന്നു.

“പോടി… പിശാശ്ശേ..” അനന്തു കള്ള ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്കു പോയി.

പുറകെ ഉണ്ണിയും കടന്നുപോയി.

പുറത്തു ഒരു ഭാഗത്തു അവരുടെ സംസാരം കേട്ടു നിറകണ്ണുകളോടെ നിൽക്കുന്ന യാമിയെയും അവർ അറിഞ്ഞില്ല. ഉണ്ണി ഇല്ലാത്തതുകൊണ്ട് സംസാരിക്കാൻ ഒരു മൂഡ് ഇല്ല പറഞ്ഞു ഹർഷൻ പോയതായിരുന്നു. ഉണ്ണിയെ കണ്ടു ഹർഷനെകൊണ്ടു സംസാരിപ്പിക്കണം എന്നു കരുതി അവളെ അന്വേഷിച്ചു വന്നപ്പോൾ താൻ കേട്ടതും കണ്ടതും അവളുടെ കണ്ണുകൾ ഈറനായി.

“ഉണ്ണിക്കും ഹർഷനെ…. അവൾ ആയി വിട്ടു തന്നത് ആണല്ലേ…” യാമിയുടെ കണ്ണുകളിൽ എന്തിനെന്ന് അറിയാതെ ഒരു തീ പുകഞ്ഞു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3