Wednesday, January 22, 2025
Novel

ഈ യാത്രയിൽ : ഭാഗം 22 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദേവിയെ പൊതിഞ്ഞു നെഞ്ചിൽ ചേർത്തു വരിഞ്ഞു മുറുക്കുമ്പോഴും അവന്റെയുള്ളിൽ അവളിലേക്കെത്തിയ ജീവിതയാത്രയിലേക്കു ഒന്നുകൂടി തിരികെ നടന്നു. അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു. അവനിൽ അമർന്ന ദേവിയുടെ കൈകളുടെ മുറുക്കം അറിഞ്ഞപ്പോൾ മനസിലായി അവൾ ഉണർന്നുവെന്നു.

പതിയെ ഒരു നനുത്ത ചുംബനം മൂർധാവിലേകി. ദേവി നെഞ്ചിൽ നെറ്റിയമർത്തി വിരലുകൾ കൊണ്ടു നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കുസൃതിച്ചിരിയോടെ തലയുയർത്തി അവനെ നോക്കി.

അവളുടെ ചിരി അവനിലും പകർന്നു കൊടുക്കാൻ തക്കവണ്ണം ഉണ്ടായിരുന്നു. അവനും ചിരിയോടെ “എന്തേ” യെന്നു കണ്ണുകൾ കൊണ്ടു ആരാഞ്ഞു.

അവന്റെ കണ്ണുകൾക്ക്‌ താഴെ തന്റെ വിരലുകളാൽ തഴുകി കൊണ്ടു “അതേ… ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നേരം കൊണ്ട് ഒരു ജന്മത്തിലേക്കുള്ള ചുംബനം മുഴുവൻ എന്റെ മൂർധവിലേകി കഴിഞ്ഞു”. മഹിയുടെ കണ്ണുകൾ ഒന്നുകൂടെ തിളങ്ങി.

“എഴുന്നേൽകണ്ടേ… കല്യാണമാണ്… മറന്നുപോയോ” മഹിയുടെ ചോദ്യത്തിന് ദേവി ഇല്ലായെന്നു തലയാട്ടി. കണ്ണുകൾ മഹിയുടെ കണ്ണുകളുമായി പ്രണയസല്ലാപത്തിലായിരുന്നു.

അവനെ തന്നെ നോക്കി കൊണ്ടു ഒന്നുകൂടി ഇറുകെ പുണർന്നു സ്നേഹം നിറച്ച അവന്റെ നെഞ്ചിൽ ചുംബിച്ചു പതുക്കെ എഴുനേറ്റു.

മഹി കുളിച്ചു ഫ്രഷായി വരുമ്പോഴേക്കും ദേവി ഒരുങ്ങിയിരുന്നു. മാമ്പഴ കളറിൽ മെറൂണ് കോമ്പിനേഷൻ സാരിയിൽ നല്ല ഭംഗിയുണ്ടായിരുന്നു ദേവിയെ. മഹി കണ്ണുകൾകൊണ്ടു വളരെ ഭംഗിയുണ്ടെന്നു പറഞ്ഞു.

മെറൂണ് കരയിൽ മുണ്ടും അതേ കളർ ഷർട്ടും തന്നെയായിരുന്നു മഹിക്കും. മുല്ലപ്പൂ ചൂടി അവസാന മിനുക്കു പണിയിലായിരുന്നു ദേവിയപ്പോൾ. മഹി പുറകിൽ നിന്നു കൊണ്ടു ഒരു ലക്ഷ്മി പതക്ക മാല അവളെ അണിയിച്ചു.

അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവരുടെ നന്ദി പറച്ചിലും സന്തോഷങ്ങളും മൗനമായി കണ്ണുകളിലൂടെയും ചിരികളിലൂടെയും പറഞ്ഞു തീർത്തു. അവർക്കിടയിൽ വാക്കുകൾക്ക് ഒരു സ്ഥാനവുമില്ലായിരുന്നു.

വാക്കുകളെക്കാൾ ഹൃദയത്തിലാഴുന്ന ഒരു നോട്ടം മതിയാകുമെന്നു കുറച്ചു സമയം കൊണ്ടു തന്നെ രണ്ടുപേർക്കും മനസിലായതാണ്.

കല്യാണം വളരെ ഭംഗിയായി തന്നെ നടന്നു. ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്നു ദേവിയും മകന്റെയും മരുമകന്റെയും സ്ഥാനം ഏറ്റെടുത്തു മഹിയും എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു.

ഒടുവിൽ പെണ്ണിനെ ഇറക്കുന്ന സമയമായപ്പോൾ മഹിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങുമ്പോൾ കല്യാണപെണ്ണിനൊപ്പം മഹിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. സന്തോഷത്തോടെ പെണ്ണിനേയും ചെക്കാനെയും പറഞ്ഞു വിട്ടു.

പിറ്റേ ദിവസം ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ട് വൈകീട്ട് തന്നെ മഹി വീട്ടിലേക്കു തിരിച്ചു പോകുമെന്ന് പറഞ്ഞിരുന്നു.

ദേവിയെ രണ്ടു ദിവസങ്ങൾ കൂടി നിർത്തുമോ എന്ന അച്ഛന്റെ ചോദ്യത്തിന് എന്തു പറയണം എന്നറിയാൻ ദേവിയുടെ മുഖത്തേക്ക് നോക്കിയ മഹിക്കു കൂർപ്പിച്ചുള്ള നോട്ടമായിരുന്നു ദേവിയുടെ മറുപടി.

ഡ്രെസ്സും മറ്റു സാധനങ്ങളും എടുക്കാൻ റൂമിലേക്ക്‌ കയറിയ മഹിയുടെ ഒപ്പം ദേവിയും കയറി. അവളുടെ മുഖം ഒരു കൊട്ടക്കു വീർപ്പിച്ചു വച്ചിരുന്നു.

“അല്ലെങ്കിൽ തന്നെ ഉണ്ടാ ക്കണ്ണുകൾ ആണ്. അതിന്റെ കൂടെ ഉരുട്ടി പേടിപ്പിക്കുനോ… ഇത്ര വേഗം എങ്ങിനെയാ അതിൽ ചുവപ്പു പടരുന്നത്” ദേവിയുടെ താടിയിൽ പിടിച്ചു കൊണ്ടു മഹി ചോദിച്ചു.

മഹിയുടെ കൈകൾ ഒരു ദക്ഷിണ്യവും കൂടാതെ തട്ടിയെറിഞ്ഞു കൊണ്ടു അവിടെയിരുന്ന പൗഡർ ടിൻ കയ്യിലെടുത്തു മഹിയുടെ നെഞ്ചിൽ കുത്തി പിടിച്ചു “അച്ഛന്റെ അടുത്തു എന്തു പറഞ്ഞാലും വേണ്ടില്ല.

ഇയാളിവിടെ നിന്നു പോകുമ്പോൾ എന്നെയും കൊണ്ടുപോയില്ലെങ്കിൽ…” വാക്കുകൾ പൂർത്തിയാക്കാതെ അവനെ നോക്കി. അവന്റെ ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരി അവളിലേക്കും പടർത്തി… അവളുടെ അടുത്തു വന്നു നിന്നു. ദേവി തല കുമ്പിട്ടു പിടിച്ചു.

മഹി അതുപോലെ കുമ്പിട്ടു അവളുടെ മുഖത്തേക്ക് നോക്കി….”ഒറ്റ രാത്രികൊണ്ട് തനിക്കു ഇത്രയേറെ മാറ്റം വന്നോ… എന്നെ പിരിഞ്ഞിരിക്കാൻ വയ്യാതായി അല്ലെ” ദേവിയുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടു കൂടി.

അവൾ അവനെ വട്ടം ചുറ്റി പിടിച്ചു… മഹി അവളുടെ കാതോരം ചുണ്ടമർത്തി പതിയെ മന്ത്രിച്ചു…”വേഗം റെഡിയായി വാ”.

മഹിയുടെ ഒപ്പം ഡ്രസ് മാറി ദേവിയും വരുന്നതു കണ്ടു അച്ഛന്റെയും അമ്മയുടെയും മുഖം മാറി. എങ്കിലും ദേവിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായിരുന്നു. അതുകൊണ്ടു അവർ കൂടുതൽ ഒന്നും പറഞ്ഞില്ല. തിരികെയുള്ള യാത്രയിൽ ദേവിയുടെ കേള്വിക്കാരൻ ആയിരുന്നു മഹി.

അവളുടെ ചെറുപ്പം മുതലുള്ള ഓരോരോ കാര്യങ്ങളും പറഞ്ഞു ചിരിച്ചുകൊണ്ട്. മഹിയുടെ ഉള്ളിൽ അവൾ നിറഞ്ഞു നിന്നതു അവളുടെ നിഷ്കളങ്കമായ സംസാരത്തിലായിരുന്നു.

ഒരു ചിരിയോടെ അവൻ എല്ലാം കേട്ടു നിന്നു. ശ്രീ മംഗലത്തു എത്തിയിട്ട് ദേവി നേരെ പോയത് കണ്ണന്റെ അടുത്തേക്കാണ്. “ഏടത്തി… നല്ല ക്ഷീണം കാണില്ലേ…

ഇന്നത്തെ രാത്രി കൂടി അവൻ ഇവിടെ കിടക്കട്ടെ” അച്ചു ദേവിയോടായി പറഞ്ഞു. അവൾ പക്ഷെ അതൊന്നും ശ്രെദ്ധിചില്ല. മോനെയും എടുത്തു മുകളിലേക്ക് നടന്നു. മോനെ കട്ടിലിൽ കിടത്തി കുറച്ചു നേരം അവനുമായി കളിച്ചു.

പിന്നെ അവൻ ഉറക്കത്തിലേക്കു വീണിരുന്നു. കണ്ണനെ കാണാതെ ഇരുന്ന വിങ്ങലിന് തെല്ലൊരു ആശ്വാസം കിട്ടിയതു പോലെ തോന്നി ദേവിക്കു

മഹി വന്നു നോക്കുമ്പോൾ അമ്മയും മോനും നല്ല കളിയിലാണ്. കളി ചിരി മേളം ഉയർന്നു കേട്ടിരുന്നു മുറിയിൽ. അതു കണ്ടു കൊണ്ടാണ് അവൻ കുളിക്കാൻ പോയത്.

തിരിച്ചു വരുമ്പോഴേക്കും കണ്ണൻ ഉറങ്ങിയിരുന്നു. മഹി ദേവിയെ നോക്കുമ്പോൾ കണ്ണനെ തട്ടിയുറക്കി പതുക്കെ അവളും ഉറക്കത്തിലേക്കു വഴുതി വീണിരുന്നു.

എങ്കിലും കണ്ണന്റെ കാലിൽ അവൾ തട്ടി കൊണ്ടിരുന്നു…ഉറക്കത്തിലും.

മഹി കണ്ണനെ തലോടി കവിളിൽ ഉമ്മ വച്ചു ദേവിയുടെ നെറ്റിയിൽ തലോടി പുതപ്പ് ശരിക്കും പുതപ്പിച്ചു കവിളിൽ ചുംബിച്ചു കൊണ്ടു തന്റെ പതിവ് സെറ്റിയിലേക്കു കിടക്കാൻ തിരിഞ്ഞതും മുറിയിൽ സെറ്റി കാണുന്നില്ല.

ഇതെപ്പോ മാറ്റിയെന്ന് മഹി ചിന്തിച്ചു… വിച്ചുവിന്റെ മുഖം മനസിലേക്ക് ഓടിയെത്തി… ചുണ്ടിലൂറിയ ചിരിയോടെ മഹി തിരിയുമ്പോൾ അവനു വേണ്ടി സ്ഥലം വിട്ടുകൊടുത്തു ദേവി പതുക്കെ നീങ്ങി കിടക്കുന്നത് കണ്ടു.

മഹി ചിരിയോടെ തന്നെ അവൾക്കരികിലേക്കു ചെന്നു കിടന്നു. ചെരിഞ്ഞു കിടന്നിരുന്ന ദേവി കണ്ണനെ ചേർത്തു പിടിച്ചാണ് കിടന്നിരുന്നത്.

അവളോടൊപ്പം ചെരിഞ്ഞു ദേവിയുടെ തോളിൽ മുഖം ചേർത്തു ഒരു കൈ കൊണ്ടു മഹി കണ്ണനെയും ചേർത്തു പിടിച്ചു കിടന്നു. മഹിയുടെ കൈകൾകുള്ളിൽ ദേവിയും കണ്ണനും സുരക്ഷിതമായി സുഖമായി ഉറങ്ങി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം തന്നെ മഹിയുടെ കൈകൾകുള്ളിലെ സുരക്ഷിതത്വത്തിൽ ദേവി ഉണർനെഴുനേറ്റു.

ഓരോ പ്രഭാതവും ഓരോ പകലും ഓരോ രാവും അവരുടെ പ്രണയ വായ്പ്പിന് സാക്ഷിയാകേണ്ടി വന്നു.

പിണക്കവും പിണക്കം കഴിഞ്ഞുള്ള ഇണക്കങ്ങളും… എല്ലാം തന്നെ അവരുടെ അനുരാഗത്തിൽ ലയിക്കാനുള്ള കാരണങ്ങളായി.

ദിവസങ്ങൾ പിന്നിടുമ്പോൾ അവർ തമ്മിലുള്ള ഇഴയടുപ്പം കൂട്ടി. രാത്രിയിലെ അത്യാവശ്യം കേസുകൾ വരുമ്പോൾ ദേവിയും അവനൊപ്പം പോകാൻ തുടങ്ങി.

ഒരുമിച്ചുള്ള നിമിഷങ്ങൾ മറ്റാർക്കും പങ്കുവയ്ക്കാൻ കഴിയാത്ത വിധം തമ്മിൽ സ്വാർത്ഥ സ്നേഹം ഉടലെടുത്തിരുന്നു ദേവിക്കും മഹിക്കും.

ദേവിയെന്നാൽ മഹിക്കു ഒരുതരം ഭ്രാന്തമായ ആവേശവും പ്രണയുമൊക്കെയായി മാറി.

അവളുടെ സ്നേഹവും വാശിയും പിണക്കവുമെല്ലാം അവനെ അങ്ങനെയാക്കി മാറ്റി എന്നു വേണം കരുതാൻ.

എത്രയൊക്കെ സ്നേഹത്തിൽ ആണെങ്കിലും ദേഷ്യം വരുമ്പോൾ പഴയ ഭദ്രകാളി രൂപം ധരിക്കാറുണ്ട്…

അതിന്റെ ബാക്കിയെന്നോണം നെറ്റിയിലും കയ്യിലുമൊക്കെ ബാൻഡേജ് കൂടി കാണും. എങ്കിലും ഒരു പിണക്കവുമില്ലാതെ മഹി അതിർവരമ്പുകൾ തീർക്കാതെ അവളെ സ്നേഹിച്ചു.

ഇനിയൊരിക്കലും ഒരു പെണ്ണിനേയും സ്നേഹിക്കില്ല എന്നു പറഞ്ഞ മഹി അതിർവരമ്പുകൾ തീർക്കാതെ പ്രണയത്തിന് നിയന്ത്രണമേൽപ്പിക്കാതെ എങ്ങനെ ഇങ്ങനെ ദേവിയെ സ്നേഹിക്കാൻ കഴിയുന്നുവെന്നു അവനുപോലും അതിശയമായിരുന്നു.

പുതിയ പുലരിയിലേക്കു കണ്ണു തുറക്കുമ്പോൾ ദേവിയുടെ ഉള്ളിൽ ഒരു പ്രാര്ഥനകൂടി ഉണ്ടായിരുന്നു.

മഹി തലേ ദിവസത്തെ രാത്രിയിലെ പ്രണയവേഴ്ചയുടെ ആലസ്യത്തിൽ നിന്നും മുക്തനാകാതെ ദേവിയുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു.

ദേവി പതിയെ അവന്റെ മുടിയിഴകൾ തലോടി മുന്നോട്ട് ആഞ്ഞു കൊണ്ടു അവന്റെ മൂർധവിൽ ചുംബിച്ചു.

അവനൊന്നു കുറുകി കൊണ്ടു അവളുടെ കഴുത്തിലേക്കു മുഖം ചേർത്തു കിടന്നു. കുറച്ചു നിമിഷങ്ങൾ കൂടി അതേ കിടപ്പ് ദേവി കിടന്നു.

പിന്നെ പതിയെ അവന്റെ മുഖം നീക്കി അവൾ എഴുനേറ്റു ഫ്രഷായി വന്നു. കയ്യിൽ പ്രെഗ്നൻസി കിറ്റ് കൂടി ഉണ്ടായിരുന്നു. ദേവി പതിയെ ബൽകണിയിലേക്കു ഇറങ്ങി നിന്നു.

ദൂരെ സൂര്യന്റെ ചക്രവാളത്തിനു ചുവപ്പിന്റെ ജീവൻ തുടിച്ചു തുടങ്ങിയിരുന്നു. ഏറു വെയിലിൽ ദേവിയുടെ മുഖത്തിനു കൂടുതൽ ചുമപ്പിന്റെ ശോഭ പടർത്തി… മൂക്കിൻതുമ്പിലെ ചുവന്ന കല്ലിന്റെ ശോഭ ചുമരിലേക്ക് കൂടി വെട്ടി തിളങ്ങി നിന്നു.

പുതിയ പ്രഭാതത്തിലേക്കു പുത്തൻ പ്രതീക്ഷയിലേക്കു സൂര്യ കണങ്ങൾ ഭൂമിയെ പുല്കുന്നത് നോക്കി നിന്നു അവൾ.

തണുത്ത കാറ്റു അവളെ തഴുകി തലോടി… തണുപ്പിൽ അവളുടെ മുഖത്തെ രോമങ്ങളെല്ലാം എഴുനേറ്റു വിറ കൊണ്ടു.

ഒരു ചുടു നിശ്വാസം ആ തണുപ്പിനെ പുല്കുന്നത് അവളറിഞ്ഞു. ഒപ്പം തന്റെ വയറിനെയും… വയറിൽ പതിഞ്ഞ മഹിയുടെ കൈകളുടെ സ്പർശം മുൻപെങ്ങും ഇല്ലാത്തവിധം ഒരു തൂവൽ സ്പർശം പോലെ തോന്നി അവൾക്കു… അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു…

“Confirm ആയോ..ഉം”

അവന്റെ അപ്രതീക്ഷിത ചോദ്യത്തിൽ ദേവി ഞെട്ടി തിരിഞ്ഞു നോക്കി. എങ്ങനെ മനസിലായി എന്നൊരു മറു ചോദ്യം അവളുടെ മുഖത്തു നിന്നും അവൻ വായിച്ചു.

അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു അവൻ പറഞ്ഞു.

“മണ്ടൂസെ… ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഗൈനക് ഡോക്ടർ അല്ലെ.” ദേവി ചമ്മി നാക്ക് കടിച്ചു ചിരിച്ചു. ഒപ്പം നാണം കൊണ്ടു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു.

മഹി ഒരു ചിരിയോടെ അവളെ ചേർത്തു കുറച്ചു നേരം നിന്നു. അവൾ മുഖം ഉയർത്തി നോക്കി… മഹിയെ ആദ്യമായി കാണുന്ന പോലെ…

“എന്താ എന്നെ ഇങ്ങനെ നോക്കുന്നെ… മുൻപെങ്ങും കാണാത്ത പോലെ”

“അല്ല… ഞാൻ ഓർക്കുകയായിരുന്നു. ആദ്യ രാത്രിയിൽ എന്നെ ഇഷ്ടത്തോടെയല്ല കല്യാണം കഴിച്ചതെന്നു അലറി വിളിച്ച ഒരു ഡോക്ടറുടെ മുഖത്തെ” മഹിയുടെ കവിളിൽ ചെറിയ കടി കൊടുത്തുകൊണ്ട് ദേവി പറഞ്ഞു.

“ഉം… സോസ് പാൻ വച്ചു തല തല്ലിപൊളിച്ച ഒരു ഭദ്രകാളിയുടെ രൂപവും എന്റെ മുന്നിൽ ഇപ്പോഴും മിഴിവോടെയുണ്ട്” മഹിയത് പറഞ്ഞപ്പോൾ ദേവിയുടെ ചുണ്ടുകൾ ആ മുറിപാടിനെ ചുംബിച്ചു കഴിഞ്ഞിരുന്നു.

“അന്ന് നീ അങ്ങനെ ചെയ്തത് കൊണ്ടാണ് നിന്റെ സ്നേഹമേനിക്കു മനസിലായത്. രാത്രി മുഴുവൻ ഈ മുറിപാടിൽ തഴുകി തലോടിയിരുന്ന നിന്റെ രൂപം എനിക്ക് മറക്കാൻ കഴിയില്ല.

അന്നാണ് ഞാൻ മനസിലാക്കിയത് രാത്രിയിൽ സ്നേഹം നിറച്ച പരിഭവവുമായി നീ വരാറുണ്ടെന്നു… ” മഹി ഓരോന്നും പറയുമ്പോൾ ദേവിയുടെ മിഴികൾ നീർക്കണങ്ങളോടെ തിളങ്ങി നിന്നു.

“പിന്നെ പിന്നെ… നിന്റെയ പരാതിയും പരിഭവവും കേൾക്കുവാൻ വേണ്ടി മാത്രമായി മനപൂർവ്വം നിന്നോട് വഴക്കിട്ടു… എന്നെ ചീത്തവിളിച്ചും ദേഷ്യപ്പെട്ടും നീ വാശിയോടെ എന്നെ നേരിടുന്നതും എനിക്കിഷ്ടമായിരുന്നു ദേവി.

പിന്നെ അന്ന് രാത്രി ചീത്ത പറഞ്ഞതിനോക്കെ നനുത്ത ചുംബനങ്ങളാൽ നൽകി ക്ഷമ പറയുന്നതും ഞാൻ അറിഞ്ഞിരുന്നു…” ദേവി അതിശയത്തോടെ മഹിയെ നോക്കി. അപ്പൊ തന്റെ സ്നേഹം എപ്പോഴേ മനസിലാക്കിയാണ് മഹിയേട്ടൻ തന്നോട്…

അവൾക്കു വീണ്ടും ദേഷ്യവും സങ്കടവും സന്തോഷവുമൊക്കെ കൊണ്ടു മഹിയുടെ തോളിൽ പല്ലുകൾ ആഴ്ത്തി.

“ഇന്നീ ജീവിതയാത്രയിൽ നീ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ… എനിക്കത് ഊഹിക്കാൻ കൂടി ആകുന്നില്ല ദേവി… ” ദേവി തലയുയർത്തി മഹിയെ നോക്കി…

പതിയെ അവന്റെ മടിയിലേക്ക് കയറിയിരുന്നു. മഹിയുടെ മുഖം കൈകളിൽ കോരിയെടുത്തു അവളുടെ നെഞ്ചിലൊളിപ്പിച്ചു…

“പണ്ട് വിച്ചു പറഞ്ഞിരുന്ന വെറും വാക്കിൽ ഞാൻ മനസിൽ ഒളിപ്പിച്ചു കൊണ്ടു നടന്ന ഒരു ഇഷ്ടം ഉണ്ട് മഹിയേട്ടനോട്.

വിച്ചു പറഞ്ഞു ഏറെ പരിചയമുള്ള ഈ കാപ്പി കളർ കണ്ണുകൾ എന്റെയുള്ളിൽ എന്നോ പതിഞ്ഞതായിരുന്നു.

പിന്നീട് വീടും പ്രാരാബ്ദവുമൊക്കെയായി ജീവിതം മുന്നോട്ടു പോകുമ്പോഴും സുഖമുള്ള നനുത്ത ഒരു തണുപ്പ് വന്നു പൊതിയാറുണ്ട് ഈ കാപ്പി കളർ കണ്ണുകളെ ഓർക്കുമ്പോൾ…

സ്വയം ജീവിതം നശിപ്പിക്കുന്നത് നേരിട്ടു കണ്ടപ്പോഴും ഒരുപാട് ഞാൻ വിഷമിച്ചിരുന്നു… നല്ല ദേഷ്യം തോന്നിയിരുന്നു എനിക്ക്… ഇങ്ങനെ സ്വയം നശിക്കുന്നതിൽ…

ഇനി ഒരാൾക്കും വിട്ടു കൊടുക്കില്ല എന്ന ഉറപ്പിന്മേലാണ് ഈ താലി ഞാൻ ഏറ്റു വാങ്ങിയത്… അനിയത്തിമാരുടെ ജീവിതം എന്നൊക്കെ പറഞ്ഞതു ഈ കൊമ്പനെ തളക്കാനുള്ള ഒരു അടവായിരുന്നു.”

ദേവിയുടെ കൈകൾ മഹിയുടെ കഴുത്തിലൂടെ ഇറുകെ കോർത്തു പിടിച്ചു… മഹിയുടെ സ്നേഹ ചുംബനങ്ങൾ ഏറ്റു വാങ്ങി കൊണ്ടിരുന്നു… ”

എനിക്ക് നിന്റെ വായിൽ നിന്നും തന്നെ കേൾക്കണം… ” മഹി ദേവിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു…

ദേവി ഒന്നുകൂടി മഹിയോട് ചേർന്നിരുന്നു. അവന്റെ ചുണ്ടുകൾ ഒന്നു കൂടി നുകർന്നുകൊണ്ടു കാതോരം ചെന്നു പതിയെ മന്ത്രിച്ചു… “എന്റെ മഹിയേട്ടൻ അച്ഛനാകാൻ പോകുന്നു…

നമ്മുടെ കണ്ണൻ മോന് ഒരു കുഞ്ഞു അനിയത്തി കുട്ടി വരാൻ പോകുന്നു”…

മഹി ദേവിയെ ഒന്നുകൂടെ ഇറുകെ പുണർന്നു അവരുടെ പ്രണയയാത്രയിലെ ദൂരങ്ങൾ താണ്ടാൻ തുടങ്ങി….ഒരുമിച്ചു

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഒരു കഥയും അവസാനിച്ചു എന്നു എഴുതാൻ എനിക്കൊരു മടിയാണ്. എന്റെ കഥാപാത്രങ്ങൾക്ക് അവസാനമില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സുധി മുട്ടം ചേട്ടന് കൊടുത്ത ഒരു വാക്കിന്റെ പുറത്തു ആ ചേട്ടനെ പറ്റിക്കാൻ ഒരു ചെറിയ കഥ എഴുതി പോസ്റ്റ് ചെയ്യാമെന്ന് കരുതി എഴുതി തുടങ്ങിയതാണ്.

പക്ഷെ ഇത്രയേറെ കഥയെ നിങ്ങൾ സ്വീകരിക്കുമെന്ന് ഞാൻ കരുതിയില്ല. ഒരുപാട് സന്തോഷം.

ഒപ്പം നന്ദിയും. വേറെയൊന്നു ഇത്ര വേഗം ഞാൻ ഒരു കഥയും എഴുതി പൂർത്തിയാക്കിയിട്ടില്ല. നിങ്ങൾ തന്ന support ഒന്നുകൊണ്ടു മാത്രമാണ്.

പിന്നെ ഈ അവസാന പാർട് വായിച്ചിട്ടെങ്കിലും നാണമില്ലാതെ ഞാൻ പിന്നെയും review ചോദിക്കുന്നു. എന്റെ ഈ കഥ ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ കുറിക്കണം.

ഇൻബോക്സിൽ വന്നു ഒരുപാട് പേര് കഥയെ കുറിച്ചു പറയാറുണ്ട്. അവർക്ക് പ്രത്യേകം നന്ദി പറയുന്നു.

എഴുതി പൂർത്തീകരിച്ച ഒരു കഥയുമായെ ഇനി വരു. അല്ലെങ്കിൽ എനിക്ക് ടെൻഷൻ അടിച്ചും pressure ചെയ്തും എഴുതാൻ കഴിയില്ല. പുതിയ ഒരു കഥയുമായി വരും വരെ എന്നെയും എന്റെ കഥകളെയും മറക്കില്ല എന്നു പ്രതീക്ഷിക്കുന്നു. ഈ ഒരു പാർട്ടെങ്കിലും എല്ലാവരും ലൈക്കും ഷെയറും ചെയ്യണേ… കഥകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടാകില്ലേ… അവരുവായിക്കെട്ടേ…

അവസാനിച്ചു

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15

ഈ യാത്രയിൽ : PART 16

ഈ യാത്രയിൽ : PART 17

ഈ യാത്രയിൽ : PART 18

ഈ യാത്രയിൽ : PART 19

ഈ യാത്രയിൽ : PART 20

ഈ യാത്രയിൽ : PART 21