Saturday, December 14, 2024
Novel

ഈ യാത്രയിൽ : ഭാഗം 20

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദേവി പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു… മഹി തന്റെ മുഖം അവളുടെ കഴുത്തിലേക്കു പൂഴ്ത്തിവയ്ക്കാനായി ഒന്നുകൂടെ അവളെ ചേർത്തു പിടിച്ചു നിന്നു…
ദേവി കണ്ണീരോടെ തന്റെ കണ്ണുകൾ ഇറുകേയടച്ചു നിന്നു.

കുറച്ചു സമയമങ്ങൾ കഴിഞ്ഞിട്ടും മഹിയുടെ ചുടു നിശ്വാസങ്ങൾ തന്നിൽ പതിക്കുന്നതല്ലാതെ വേറെ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കാത്തത് കൊണ്ടു ദേവി പതുക്കെ കണ്ണുകൾ തുറന്നു നോക്കി.

തന്നെ ചേർത്തു മുറുകെ പിടിച്ചു കൊണ്ടു തന്നെ തന്നെ ഒരു നറു പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ് മഹി. ദേവിയുടെ കണ്ണുകൾ മഹിയുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി.

അവളുടെ ഏറ്റവും പ്രിയപ്പെട്ട ആ കാപ്പി കളർ കണ്ണുകളിൽ ആ നിമിഷങ്ങളിൽ കാണാൻ കഴിഞ്ഞത് ഒരു പ്രണയ സാഗരത്തിന്റെ അലകളായിരുന്നു.

കുറച്ചു നിമിഷങ്ങൾ കൂടി ദേവിക്ക് ആ കണ്ണുകളെ നേരിടാനാകാതെ തല താഴ്ന്നു പോയി.

തന്റെ ശരീരത്തിന്റെ ഭാരം കുറഞ്ഞു ഒരു തൂവൽ പോലെ സഞ്ചരിക്കുന്ന പോലെ തോന്നി ദേവിക്ക്.

അത്രയും തീവ്രതയുണ്ടായിരുന്നു മഹിയുടെ നോട്ടത്തിൽ. താൻ ഇത്രനാളും തേടിയിരുന്ന ആ കണ്ണുകളിലെ പ്രണയം ഇപ്പോൾ തനിക്കുള്ളിൽ ഒരു തിരമാല കണക്കെ ആർത്തലക്കുന്നത് അവളറിഞ്ഞു.

മഹി ഒരു കൈകൊണ്ടു അവളെ തന്നോട് ചേർത്തു മറു കൈ കൊണ്ടു അവളുടെ താടിയിൽ പിടിച്ചുയർത്തി… അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു നിന്നു.

ദേവിയുടെ കണ്ണുകളിൽ കണ്ട പരിഭവത്തിന്റെ ചാറ്റൽ മഴ പെയ്തൊഴിയാൻ കാത്തു മഹി നിന്നു.

കുറച്ചു പരിഭവങ്ങൾ മൗനമായി കണ്ണുകൾ കൊണ്ടു പറഞ്ഞു ആ ചാറ്റൽ മഴ നിന്നപ്പോൾ മഹി മൗനം ഭേദിച്ചു.

“എന്നോട് ക്ഷമിക്കെടോ. ഒരുപാട് … ഒരുപാട് വേദനിപ്പിച്ചുവെന്നറിയാം… വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും…

ആദ്യമൊക്കെ നിന്നോടുള്ള ദേഷ്യവും വാശിയും ഒക്കെ കൊണ്ടായിരുന്നു… പിന്നീട്… പിന്നീട് നീയെന്നെ തിരികെ ദേഷ്യപ്പെടുത്തുന്നത് എപ്പോഴൊക്കെയോ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…

നിന്നെ മനപൂർവ്വം ദേഷ്യ പെടുത്താനായാണ് ഞാൻ അങ്ങനെയൊക്കെ. പിന്നെ…

എനിക്കറിയില്ല തന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന്.

എന്നോട് വഴക്കു കൂടുമ്പോൾ , തല്ലിയപ്പോ , എനിക്ക് വേണ്ടി ഞാൻ കാണാതെ കണ്ണീരൊഴുക്കിയപ്പോ ഒക്കെ ഞാൻ അറിയുകയായിരുന്നു, മഹിയുടെ ഹൃദയം തുടിക്കന്നത് ദേവിക്ക് വേണ്ടിയാണെന്ന്. പിന്നെ എനിക്കതു പെട്ടന്ന് പ്രകടിപ്പിക്കുവാൻ കഴിഞ്ഞില്ല .

കാരണം ഒരു ദുരനുഭത്തെ മുന്നേ ശിരസ്സിലേറ്റിയവനാണ് ഞാൻ. പ്രാണൻ കൊടുത്തു സ്നേഹിച്ചതായിരുന്നു ലക്ഷ്മിയെ…

പുളിങ്കൊബ് നോക്കി ചാടുന്ന ഇനമാണെന്നു തിരിച്ചറിയാൻ വൈകിപ്പോയി.

അതിനു ശേഷമെനിക്ക് ഒരു തരം വെറുപ്പായിരുന്നു അമ്മയും അനിയത്തിയുമൊഴികെയുള്ള പെൺ വർഗത്തിനോട്.

അതെല്ലാം ഞാൻ പിന്നെ എന്നോട് കൊഞ്ചാൻ വന്ന എല്ലാത്തിലൂടെയും കാമത്തിലൂടെ തീർക്കാൻ ശ്രമിച്ചു .

പക്ഷെ അന്നും ഞാനൊരു പെണ്ണിനെയും തേടിപോയിട്ടില്ല . ഇങ്ങോട്ടു വന്നു കയറിയതായിരുന്നു ഒക്കെ.

അവർക്കെല്ലാം എന്റെ പണം മാത്രമായിരുന്നു വേണ്ടിയിരുന്നത് എന്ന സത്യം മനസ്സിലാക്കി തന്നെയാ.

പക്ഷെ മനസ്സില്ലാതെയാണെങ്കിലും നിന്റെ കഴുത്തിൽ ഈ താലി ചാർത്തിയതിനു ശേഷം അതിനോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

എല്ലാം നിന്നോട് തുറന്നു പറഞ്ഞു ഒരു പുതിയ ജീവിതം ആരംഭിക്കണം എന്നുകരുത്തിയ ദിവസം വൈകുന്നേരമാണ് ലക്ഷ്മി കുഞ്ഞുമായി കടന്നു വന്നത് .

എനിക്കറിയില്ലായിരുന്നു ഞങ്ങൾ ചെയ്ത തെറ്റിന് ഇങ്ങനെ ഒരു അവസാനം ഉണ്ടാകും എന്ന്.

അറിഞ്ഞിരുന്നേൽ നിന്നെ ഇങ്ങനെ ഒരു വേഷം കെട്ടിക്കില്ലായിരുന്നു ഒരിക്കലും. സാവധാനമാണെങ്കിലും അവിടെയും നീ എന്നെ തോൽപ്പിച്ചു കളഞ്ഞു.

എന്റെ കണ്ണനു നീ അമ്മയായി.

പ്രസവിച്ച അമ്മയെക്കാളും ഈ പോറ്റമ്മയാണ് അവന്റെ അമ്മ. അങ്ങനെയുള്ള നിന്നെ ഞാൻ എങ്ങനെ പ്രണയിക്കാതിരിക്കും മോളെ…

ഇനി എന്തിന്റെ പേരിലായാലും നിന്നെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്. ഇനി എനിക്കെന്റെ മോനോടും അവന്റെ അമ്മയോടുമൊത്തു ജീവിക്കണം.

അവനെ പെറ്റു വലിച്ചെറിഞ്ഞുപോയ ലക്ഷ്മിയല്ല അവന്റെ അമ്മ. എന്റെ ഈ ഉണ്ടക്കണ്ണിയാണ് അവന്റെ അമ്മ. നിങ്ങൾ രണ്ടുമില്ലാതെ എനിക്കിനി പറ്റില്ലഡോ…”

മഹി പറഞ്ഞു നിർത്തുമ്പോൾ മഹിയുടെ കണ്ണു നിറഞ്ഞിരുന്നു. ദേവിയും കേൾക്കാൻ കൊതിച്ചത് കേട്ടപ്പോൾ ഉണ്ടായ അതിശയത്തിലായിരുന്നു.

മഹിയുടെ കണ്ണുകളിൽ തന്നെ ഉറ്റു നോക്കി ആ ആത്മാർത്ഥ പ്രണയത്തെ തന്റെ കണ്ണുകളിലേക്കു ആവഹിക്കുകയായിരുന്നു ദേവിയപ്പോൾ. മഹി പതിയെ അവന്റെ കൈകളുയർത്തി ദേവിയുടെ കവിളിൽ ചേർത്തു പിടിച്ചു.

“ദേവീ, നിന്നോടെനിക്ക് ഈ നിമിഷത്തിലും കാമമാണ് തോന്നുന്നതു. അത് നീ കരുതും പോലെ കേവലം ശാരീരികമല്ല.

നിന്നോടുള്ള എന്റെ പ്രണയത്തിന്റെ പൂർണതയിൽ തോന്നുന്നത് മാത്രമാണ്. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.

ഇപ്പൊ എന്നിലുള്ള എന്റെ കാമം എന്ന വികാരം എന്റെ പ്രണയമായ എന്റെ നല്ല പാതിയായ എന്റെ ജീവനായ നിന്നോട് മാത്രമാണ്… നിന്നിലൂടെ മാത്രമേ എനിക്കിനി ഒരു പൂര്ണതയുള്ളൂ…”

അത്രയും പറഞ്ഞു കൊണ്ടു മഹി, ദേവിയിൽ മുറുക്കിയിരുന്ന അവന്റെ കൈകളെ അയച്ചു അവളെ സ്വതന്ത്രയാക്കി.

വേറെ ഏതോ ലോകത്തെന്നപോലെ ഒരു തൂവൽ പോലെ വെള്ളി മേഘങ്ങൾക്കിടയിൽ രണ്ടു ചിറകുകൾ വിരിച്ചു തന്റെ മനസു പറക്കുകായാണെന്നു ദേവിക്ക് തോന്നി.

ദേവിയിൽ നിന്നും രണ്ടടി പിറകോട്ടു വച്ചു കുസൃതി ചിരിയോടെ നോക്കി. അവളിൽ നാണം പൂത്തുലഞ്ഞു…

ദേഷ്യം കൊണ്ടല്ലാതെ ആദ്യമായി ദേവിയുടെ കവിളുകളും ചുണ്ടുകളും ചുവന്നു തുടുക്കുന്നത് മഹി നോക്കി കണ്ടു.

വീണ്ടും ദേവിക്കരികിലേക്കു നടന്നടുക്കുന്ന മഹിയെ കണ്ടു അവളുടെ പെരു വിരൽ മുതൽ ഉച്ചി വരെ ഒരു മിന്നൽ പാഞ്ഞു. ശരീരം വിറക്കുന്നത് അവൾ അറിഞ്ഞു.

അവളുടെ രോമങ്ങളെല്ലാം എഴുനേറ്റു നിന്നു മഹിയെ വരവേറ്റു അവളെ നോക്കി കളിയാക്കി.

മഹി അവളിലേക്കടുത്തു അവന്റെ കൈകളിൽ അവളുടെ മുഖം കോരിയെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.

പാതി കൂമ്പിയ താമരമൊട്ടു പോലുള്ള മിഴികളോടെ അവൾ ആ ചുംബനത്തെ സ്വീകരിച്ചു…

“എന്നിലെ കാമത്തെ ശമിപ്പിക്കാൻ എനിക്ക് ഈ ഒരു ചുംബനം മതിയാകും…

കാരണം എന്നിലെ കാമത്തേക്കാൾ തീവ്രതയുണ്ട് എനിക്ക് നിന്നോടുള്ള എന്റെ പ്രണയത്തിനു… അതു നിനക്കു പൂർണ്ണമായും ബോധ്യപ്പെടുമ്പോൾ നമ്മുടെ ജീവിതവും നമുക്ക് തുടങ്ങാമെഡോ…

അതുവരെ ഞാൻ കാത്തിരിക്കാം… അതെത്ര നാളുകളായാലും… യഥാർത്ഥ പ്രണയത്തെ… അതിന്റെ തീവ്രതയെ ഞാനും അറിയട്ടെ… നമുക്ക് പ്രണയിക്കാമെന്നെ…”

മഹി അതും പറഞ്ഞു ഒരു കണ്ണിറുക്കി അവളെ നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.

ദേവിക്ക് തന്റെ ശ്വാസഗതി നേരെയാക്കാൻ കുറച്ചു സമയമെടുത്തു. മഹി പറഞ്ഞ വാക്കുകളിലൂടെ വീണ്ടും ഒരു ഓട്ട പ്രദക്ഷിണം നടത്തി നോക്കി

. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു തുളുമ്പി. ചുണ്ടുകൾ വിറ കൊണ്ടു. ഒരേ സമയം ചുണ്ടിൽ പുഞ്ചിരിയും കരച്ചിലും മാറി മാറി വന്നു.

ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. അമ്മ നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു.

ഇലയിട്ടു പലതരം കറികളും സാമ്പാറും പപ്പടവും പയാസവുമൊക്കെയായി നല്ലൊരു സദ്യ.

എല്ലാവരും ചിരിച്ചു കളിച്ചു തമാശകൾ പറഞ്ഞും സദ്യ കഴിച്ചു. “എന്നാലും അച്ഛാ… ഞങ്ങളോട് ഈ ചതി ചെയ്യുമെന്ന് കരുതിയില്ല”

വിച്ചു പറയുന്നത് കേട്ടു എന്താണെന്ന് എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി.
“അല്ല… ഞങ്ങൾ അല്ലെ മക്കൾ… മരുമക്കളുടെ പേരിലേക്ക് …” വാക്കുകൾ പൂർത്തിയാക്കും മുന്നേ അച്ഛൻ ചിരിച്ചു…

“മോനെ… ഇതേ ചോദ്യം ഞാൻ എന്റെ അച്ഛനോടും ചോദിച്ചിരുന്നു… അന്ന് അദ്ദേഹം പറഞ്ഞതു അതിനുള്ള ഉത്തരം തുടർന്നുള്ള ജീവിതം കൊണ്ടു നിനക്കു മനസിലാകുമെന്നാണ്…

ഞാൻ അതു മനസിലാക്കി… നീയും മഹിയും സ്വയം മനസിലാക്കി കൊള്ളും…ജീവിതം കൊണ്ടു… സാവധാനം”. വിച്ചു ചാരുവിനേയും മഹി ദേവിയെയും നോക്കി ചിരിച്ചു.

ചുണ്ടിൽ പ്രണയാർദ്രമായ പുഞ്ചിരി വിടർത്തി. അമ്മയും അച്ഛനും കഴിച്ചു എഴുനേറ്റു. മഹി ദേവിയുടെ അടുത്തായിരുന്നു ഇരുന്നത്. ദേവിയുടെ മടിയിൽ കണ്ണനും.

കണ്ണന് കൊടുത്തു കഴിഞ്ഞപ്പോൾ അച്ചു കണ്ണനെ എടുത്തു കൊണ്ടുപോയി.

അവിടെ പിന്നെ വിച്ചുവും ചാരുവും മഹിയും ദേവിയും മാത്രമായി. വിച്ചുവും ചാരുവും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഊട്ടി കഴിക്കുന്നുണ്ട്.

കുറുകലുകളും മൂളലുകളും കേൾക്കാം… അവർ ശ്രെദ്ധിക്കുന്നില്ല എന്നു കണ്ടപ്പോൾ മഹിയുടെ കണ്ണുകൾ ദേവിയിൽ തറഞ്ഞു നിന്നു.

അവളാണെങ്കിൽ അതൊന്നും ശ്രെദ്ധിക്കാതെ പാലട പായസത്തിൽ പഴം കൂട്ടി തിരുമി കഴിക്കുകയാണ്.

കൻകോണിൽ മഹിയുടെ നോട്ടം കണ്ടപോലെ തോന്നി ദേവി പതുക്കെ തല ചെരിച്ചു മഹിയെ പാളി നോക്കി.

അവന്റെ കണ്ണിൽ നിന്നും ഉതിർന്ന നോട്ടത്തിൽ കൈകളിലെല്ലാം കടുക് വാരി വിതറുമ്പോലെ രോമം എണീറ്റു… പിന്നെ ഉമിനീർ പോലും ഇറക്കാൻ കഴിയാത്ത പോലെ… ഒന്നേ നോക്കിയുള്ളൂ… അവൾക്കാകെ ചമ്മലായി… ചുറ്റുവട്ടം നോക്കാതെ സദ്യയിൽ മാത്രമായിരുന്നു തന്റെ ശ്രെദ്ധ.

മഹിയേട്ടനു എന്തു തോന്നികാണുമോ എന്തോ…

മഹി ഊണും കഴിഞ്ഞു ഇല മടക്കി ഇരിക്കുകയാണ്. ദേവിയും പതുക്കെ കുറച്ചു വെള്ളവും കുടിച്ചു ഒന്നു ശ്വാസം വിട്ടു ഇരുന്നു.

മഹി ദേവിയുടെ വലം കൈ തണ്ടയിൽ പിടിച്ചു ഭക്ഷണം കഴിച്ച കൈകൾ അവന്റെ ചുണ്ടിലേക്കു ചേർത്തു.

ദേവിയൊന്നു വിറ കൊണ്ടു. മഹി എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയില്ല… അവൾ വിറക്കുകയും ശരീരം തണുത്തു വരുകയും ചെയ്തു.

മഹി ദേവിയുടെ കണ്ണുകളിലേക്കു നോക്കി അവളുടെ ഓരോ വിരലുകളും വായിലേക്കിട്ടു. ദേവിക്ക് അവളുടെ കൈകളെ പിൻവലിക്കാനുള്ള ശക്തിയില്ലായിരുന്നു.

പതിയെ പതിയെ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞിരുന്നു. അവളും മഹിയുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി…

ഇനിയവിടെ തന്നെ മാത്രം കണ്ടാൽ മതിയെന്നപോലെ. അഞ്ചു വിരലുകളെയും മോചിപ്പിച്ചു അവളുടെ ചൂണ്ടുവിരൽ എടുത്തു വീണ്ടും ഇഞ്ചി പുളിയിൽ തൊട്ടു മഹിയുടെ നാക്കിൽ വച്ചു.

ദേവി നാണത്തോടെ മിഴികളടച്ചു താഴോട്ടു നോക്കി. മഹി കുറച്ചു വെള്ളവും കുടിച്ചു എഴുനേറ്റു കൈ കഴുകനായി പോയി.

അവൻ പോയ വഴിയേ ദേവിയുടെ കണ്ണുകൾ അനുസരണയില്ലാതെ പുറകെ പോയി…

പിന്നെ മനസിനെ ശാസനയോടെ നിർത്തി നോട്ടം പിൻവലിച്ചു മുന്നോട്ടു നോക്കുമ്പോൾ വിച്ചുവും ചാരുവും തന്നെ നോക്കി ചിരിക്കുന്നു. “യ്യോ.. ചമ്മി… നാണകേടായല്ലോ”.

ദേവി കണ്ണുകൾ ഇറുക്കെയടച്ചു ഇലയും എടുത്തു അടുക്കളയിലേക്കു പോയി. കൈ കഴുകി സ്ലാബിൾ ചാരി നെഞ്ചിൽ കൈ വെച്ചു നിന്നു. കുറച്ചു മുന്നേ നടന്ന നിമിഷത്തെയോർത്തു കുളിർ കൊണ്ട് നിന്നു.

ചുണ്ടിലൂറിയ പുഞ്ചിരിയുമായി ദേവി ആ ലോകത്തൊന്നും അല്ലായെന്നു തോന്നി. മുഖവും കഴുകി കൊണ്ട് വെള്ളം എടുക്കുവാനായി മഹി അടുക്കളയിലേക്കു ചെന്നു.

അപ്പോൾ ദേവി സ്ലാബിൾ ചാരി നിന്നു സ്വപ്ന ലോകത്തായിരുന്നു. മഹി അവളുടെ മുന്നിൽ വന്നു നിന്നു മുഖത്തേക്ക് വിരൽ ഞൊട്ടി ശബ്ദമുണ്ടാക്കി സ്വബോധത്തിലേക്കു കൊണ്ടുവന്നു.

“താൻ എന്താടോ കണ്ണു തുറന്നു സ്വപ്നം കാണുകയാണോ ” ചുണ്ടിൽ വിടർന്ന കുസൃതി ചിരിയുമായി മഹി നിന്നു ചോദിച്ചു.

ദേവിയൊന്നു ഞെട്ടി മഹിയെ നോക്കി ചമ്മിയ ചിരി ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി.

മഹി ചിരിയോടെ തന്നെ ദേവിയുടെ സാരി തുമ്പുയർത്തി അവന്റെ മുഖം തുടച്ചു ദേവിയുടെ കവിളിൽ ഒരു നുള്ളു കൊടുത്തു ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളവും എടുത്തു കൊണ്ടു മുറിയിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവരുടെ പ്രണയവും തളിരിട്ടു. പതുക്കെ പതുക്കെ അവർ തമ്മിൽ കൂട്ടായി.

സംസാരിക്കാനുള്ള സങ്കോചമൊക്കെ പോയിരുന്നു. തമ്മിൽ തമ്മിൽ തല്ലു കൂടിയും കുസൃതിയൊപ്പിച്ചും അവർ പ്രണയിച്ചു.

വാക്കുകളിലൂടെയും നോട്ടത്തിലൂടെയും മൗനമായും… രാത്രിയേറെ വൈകി സംസാരിക്കുമെങ്കിലും കിടപ്പ് ഇപ്പോഴും മഹി സെറ്റിയിൽ തന്നെയായിരുന്നു. ദേവി ശരിക്കും ആസ്വദിക്കുകയായിരുന്നു തന്റെ പ്രണയകാലം.

എന്നും ഹോസ്പിറ്റലിലേക്ക് പോകും മുന്നേയും കിടക്കും മുന്നേയും അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിക്കും…

അതുമാത്രമായിരുന്നു ദേവിയുടെ സമ്മതമില്ലാതെ അവൻ ചെയ്തിരുന്നത്.

അവളും അതു ആഗ്രഹിക്കാറുണ്ട്. ആദ്യമാദ്യം കാരണമുണ്ടാക്കി ഹോസ്പിറ്റലിലേക്ക് പോകും മുന്നേ ദേവിയെ റൂമിലേക്ക്‌ വിളിപ്പിക്കും ചേർത്തു നിർത്തി ചുംബിക്കാനായി.

പിന്നെ പിന്നെ ദേവി ആ സമയം ആകുമ്പോഴേക്കും അവിടെ ഹാജർ വയ്ക്കും. അതു കാണുമ്പോൾ മഹിയുടെ കണ്ണിൽ നീർത്തിളക്കത്തോടെ ഒരു പുഞ്ചിരി വിരിയും.

അത്യാവശ്യം കുറച്ചു ഒപ്പുകൾ ഫയലിൽ ഇടുവാനായി ചാരു ദേവിയുടെ അടുത്തേക്ക് ചെന്നു. വാതിൽ തുറന്നു കിടക്കുന്നത് കണ്ടു നേരെ കേറി ചെന്നു.

മഹിയുടെ നെഞ്ചിൽ മുഖം ചേർത്തു നിൽക്കുകയായിരുന്നു ദേവിയപ്പോൾ. “ഏടത്തി…” വിളിച്ചു കൊണ്ടു ചെന്നപ്പോൾ ….”സോറി…സോറി” പെട്ടന്ന് തന്നെ തിരിഞ്ഞു നിന്നു ചാരു.

“അത്രക്ക് സീൻ ഒന്നുമില്ല ചാരു ഇവിടെ. തിരിഞ്ഞു നിന്നോ” ദേവിയെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ മഹി ചാരുവിനോടായി പറഞ്ഞു.

“ഞാൻ ഏടത്തിയുടെ സൈൻ വാങ്ങാൻ വന്നതാ ഏട്ടാ… വാതിൽ തുറന്നു കിടക്കുന്നത് കണ്ടതുകൊണ്ടാണ് ഞാൻ നോക്ക് ചെയ്യാതെ കേറിയത്…സോറി ഏട്ടാ.”

ചാരു പറഞ്ഞു കൊണ്ടു ദൃതിയിൽ പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതും പെട്ടന്ന് തല കറങ്ങും പോലെ തോന്നി. കയ്യിൽ നിന്നും ഫയലുകൾ താഴേക്കു വീണു…

ചാരു വീഴും മുന്നേ മഹി അവളെ കൈകളിൽ എടുത്തു ബെഡിൽ കിടത്തി. അപ്പോഴേക്കും ബോധം പോയിരുന്നു. ദേവി ഫയലുകൾ പെറുക്കി ടേബിളിലേക്കു എടുത്തു വച്ചു.

“ദേവി… വിച്ചുവിനെ വിളിക്കു” ദേവി തലയാട്ടി കൊണ്ടു വിച്ചുവിനെ വിളിക്കാൻ പോയി. വിച്ചുവും ദേവിയും റൂമിലേക്ക്‌ എത്തുമ്പോൾ മഹി ചാരുവിനെ പരിശോധിക്കുകയായിരുന്നു. കണ്ണുകൾ എല്ലാം വിടർത്തി നോക്കി…

മുഖത്തേക്ക് വെള്ളം കുടഞ്ഞു. ഒരു നിമിഷത്തേക്ക് ചാരുവിനു ഒന്നും മനസിലായില്ല… പിന്നെ വീഴാൻ പോയതും ബോധം മറഞ്ഞതും ഓർമ വന്നു…

“ഞാൻ ഇന്നലെ രാത്രിയിൽ ഒന്നും കഴിച്ചില്ല. രാവിലെ ഈ നേരം ആയില്ലേ… അതാകും ചിലപ്പോ” ക്ഷീണിച്ച സ്വരത്തിൽ ചാരു പറഞ്ഞു കൊണ്ടു എഴുന്നേൽക്കാൻ ആഞ്ഞു. മഹി കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. വിച്ചു പരിഭ്രമത്തോടെ അവളോടു ചേർന്നിരുന്നു.

അവളെ ചീത്ത പറയാൻ വായ തുറന്നതും മഹിയുടെ ഒറ്റ നോട്ടത്തിൽ തുറന്ന വായ അടച്ചു ചാരുവിന്റെ കൈകളിൽ പിടിച്ചിരുന്നു.

“പീരിയഡ് തെറ്റിയിട്ടുണ്ടോ ചാരു” ഒരു ഡോക്ടറുടെ ലാഘവത്തോടെ മഹി ചോദിച്ചു. ആ ചോദ്യത്തിൽ നിന്നും തന്നെ കാര്യങ്ങൾ ഏകദേശം മനസിലായി…

നാണത്താൽ വിരിഞ്ഞ പുഞ്ചിരിയോടെ ചാരു മുഖം താഴ്ത്തികൊണ്ടു ചിരിച്ചു കൊണ്ട് മൂളി.

വിച്ചുവിന് ചിരിയും സന്തോഷവും എല്ലാം കൊണ്ട് കണ്ണുകൾ നിറയാൻ തുടങ്ങി.

മഹി എഴുനേറ്റു ബാഗിൽ തപ്പി നോക്കിയപ്പോൾ ഒരു പ്രെഗ്നൻസി കിറ്റ് കിട്ടി.

അതു ചാരുവിന്റെ കൈകളിൽ കൊടുത്തു ചെക്ക് ചെയ്യാൻ പറഞ്ഞു. ചാരു തിരിച്ചു വരും വരെ വിച്ചു നഖം കടിച്ചു ദേവിക്കരികിൽ നിന്നു. ദേവി അവന്റെ കൈകളിൽ മുറുകെ പിടിച്ചു കണ്ണടച്ചു സമാധാനിപ്പിച്ചു.

അവൻ വിളറിയ ഒരു ചിരി ചിരിച്ചു. ചാരു ബാത്റൂമിൽ നിന്നും വന്നതെ എല്ലാവർക്കും മനസിലായി…

വിച്ചുവും ചാരുവും അച്ഛനും അമ്മയും ആകുവാനും മഹിയും ദേവിയും വല്ലിച്ചനും വല്ലിമ്മയും ആകാൻ പോകുവാണെന്നു… വിച്ചു ചാരുവിനെ കെട്ടിപിടിച്ചു മൂർധാവിൽ ചുംബിച്ചു.

പിന്നെ മഹിയും ദേവിയും നിൽക്കുന്നത് ഓർക്കാതെ മുഖം നിറയെ ചുംബനം കൊണ്ട് പൊതിഞ്ഞു.

“മതിയെടാ… അവൾക്കു ശ്വാസം മുട്ടും” മഹിയുടെ വാക്കുകളാണ് അവനെ സ്വബോധത്തിലേക്കു കൊണ്ടുവന്നത്. അവൻ ഇച്ചിരി ചമ്മി മാറി നിന്നു.

ദേവി ചാരുവിനെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടമർത്തി സന്തോഷം അറിയിച്ചു. മഹിയും ചാരുവിനു അരികിൽ നിന്നു കൊണ്ടു കൈകളിൽ പിടിച്ചു.

“നന്നായി ഭക്ഷണം കഴിക്കണം. നല്ല ക്ഷീണമുണ്ട്. അതുപോലെ ആദ്യത്തെ മൂന്നുമാസം ശരിക്കും ശ്രെദ്ധിക്കണം. വൈകാതെ ഒരു ഡോക്ടറെ കാണണം…

ചെല്ലു എല്ലാവരോടും പറയു” ചാരു ചിരിച്ചുകൊണ്ട് മുറി വിട്ടിറങ്ങി…

ദേവി വിച്ചുവിനെ ചേർത്തു പിടിച്ചു തന്റെ സന്തോഷം അറിയിച്ചു. മഹിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് വിച്ചു മുറി വിട്ടു അവരുടെ ലോകത്തേക്ക് ഓടി കേറി…

ദേവി ചിരിയോടെ നിൽക്കുന്നത് കണ്ടു മഹി പുറകിലൂടെ ചെന്നു ചേർത്തു പിടിച്ചു. അവൾ അനങ്ങാതെ അവനോടു ചേർന്നു നിന്നു.

പതിയെ പുറകിലൂടെ തന്നെ ദേവിയുടെ മുഖം തന്നിലേക്ക് തിരിച്ചു പിടിച്ചു മഹി. അവന്റെ നോട്ടം ആദ്യം ചെന്നു വീണത് അവനെന്നും ചുംബിക്കുന്ന അവളുടെ ചുവന്ന കല്ലു മൂക്കുത്തിയിലേക്കാണ്….

ചുവന്ന കല്ലുകളെ അവന്റെ അധരങ്ങളാൽ തൊട്ടുണർത്തി… ആ നിമിഷത്തിൽ ആ കല്ലുകൾക്കു ഇരട്ടി ശോഭ തോന്നി… ആ ചുവന്ന കല്ലിന്റെ ശോഭയിൽ അവളുടെ മുഖവും ചുവന്നു തുടുത്തിരുന്നു…

അവന്റെ ചുടു നിശ്വാസം സഞ്ചാര പാത മാറിയപ്പോൾ ദേവി കുതറി കൊണ്ടു അവനിൽ നിന്നും അടർന്നു മാറി… മഹി ചെറിയ ഒരു പുഞ്ചിരിയോടെ അവളെ പൂർണ്ണമായും വിട്ടു…

അവനു അതു വിഷമം ആയെന്നു അവൾക്കും മനസിലായി….

ബാഗുമെടുത്തു സ്റ്റത്തു കയ്യിൽ എടുത്തു നിന്ന മഹിയുടെ കവിളിൽ മൂക്കമർത്തി ചുംബിച്ചുകൊണ്ടു അവൾ താഴേക്കു ഓടിപ്പോയി… അവളുടെ പോക്ക് നോക്കി നിന്ന മഹിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു ….

പക്ഷെ അവന്റെ മനസിൽ അപ്പോഴും എന്തോ ഒന്നു ഇപ്പോഴും അവളെ തന്നിൽ നിന്നും അകറ്റുന്നു എന്ന ചിന്തയായിരുന്നു.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13

ഈ യാത്രയിൽ : PART 14

ഈ യാത്രയിൽ : PART 15

ഈ യാത്രയിൽ : PART 16

ഈ യാത്രയിൽ : PART 17

ഈ യാത്രയിൽ : PART 18

ഈ യാത്രയിൽ : PART 19