Tuesday, April 23, 2024
Novel

ഈ യാത്രയിൽ : ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

അവർ അകന്നു പോകുന്നത് ബാൽക്കണിയിൽ നിന്നു ദേവി നോക്കി കണ്ടു… തന്റെ മനസിൽ നിന്നും കൂടിയാണ് അവർ അകന്നു പോകുന്നതെന്ന് അവൾക്കു തോന്നി.

മഹി പോയതിനു ശേഷം ദേവി ബെഡിലേക്കു കണ്ണടച്ചു കിടന്നു. കണ്ണുകൾക്ക്‌ മേലെ കൈകൾ വച്ചു കിടന്നു.

കണ്ണീർ ചാലുകൾ തീർത്തു അതിന്റെ ഇഷ്ടപാത തേടി ഒഴുകി കൊണ്ടിരുന്നു. കണ്ണടച്ചാൽ കുഞ്ഞി മോണയും കുഞ്ഞരി പല്ലുകളും കാണിച്ചു ചിരിക്കുന്ന കുരുന്നു കണ്ണന്റെ മുഖമാണ് മനസ്സിൽ. സത്യത്തിൽ ആ കുരുന്നു എന്തു പിഴച്ചു. ആ കുഞ്ഞിനോട് തനിക്കു ഒരു ദേഷ്യവുമില്ല. തന്നോട് തന്നെയല്ലേ ദേഷ്യം.

പിന്നെ …. താൻ ഇങ്ങനെയൊന്നുമല്ല…. ഇങ്ങനെയൊന്നു മായിരുന്നില്ല താനെന്നു അവൾക്കു തോന്നി. തനിക്കുള്ളിലെ സ്വർത്തതയല്ലേ ഇങ്ങനെ പെരുമാറുന്നതെന്നു ദേവിക്ക് നന്നായി മനസിലായി തുടങ്ങിയിരുന്നു.

ആ കുഞ്ഞിളം കൈകൾ വിരിച്ചു തന്റെ നേർക്കു ഒറ്റയടി വച്ചു നടന്നു വരുന്ന കുഞ്ഞി കണ്ണനെ മാറോഡടക്കി പിടിക്കാൻ സ്നേഹ ചുംബനങ്ങൾ കൊണ്ട് പൊതിയുവാനൊക്കെ താനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. തന്റേയുള്ളിലെ സ്ത്രീയിലെ അമ്മയെന്ന വികാരം പലപ്പോഴും ആ കുരുന്നിന്റെ ചിരിയിൽ ഉണരുമ്പോൾ….

ഒന്നു എടുത്തു നെഞ്ചോടു അടക്കി പിടിക്കാൻ കൊതിക്കുന്ന മനസിനെയും ശരീരത്തെയും ശാസിച്ചു നിർത്തുന്ന പെടാ പാട് തനിക്കു മാത്രമേ അറിയൂ. എങ്കിലും എന്തുകൊണ്ടോ തോറ്റു കൊടുക്കാൻ കഴിയുന്നില്ല.

ജനൽ പാളികൾക്കിടയിലൂടെ വെള്ളി നൂൽ പോലെ സൂര്യ കിരണം അവളെ പൊതിയാൻ തുടങ്ങിയിരുന്നു. ദേവി പെട്ടന്ന് എഴുനേറ്റു കാലത്തെക്കുള്ള പണികൾ ഒതുക്കിയിരുന്നു. ഇടക്കിടക്ക് വാതിലിന്റെ അടുത്തുപോയി ഗേറ്റിലേക്കു കണ്ണുനട്ടു നിൽക്കും. രാത്രിയിൽ കുഞ്ഞിനെയും കൊണ്ടു മഹി ഏറെ ബുദ്ധിമുട്ടിക്കാണുമെന്നു അവൾക്കറിയാം. എന്തൊക്കെയോ അസ്വസ്ഥതകൾ അവളെ വന്നു പൊതിഞ്ഞു പിടിച്ചു.

കാലത്തേക്കുള്ളതും ഉച്ചക്കുള്ളതും എല്ലാം പാകം ചേർത്തു നിൽക്കുമ്പോൾ കാറിന്റെ ശബ്‌ദം കേട്ടു. ദേവി ഓടി ചെന്നു നോക്കുമ്പോൾ അമ്പലത്തിൽ പോയവർ മടങ്ങി വന്നതായിരുന്നു. അവൾ പ്രതീക്ഷിച്ചയാളെ അല്ല കണ്ടത്. അതുകൊണ്ടു തന്നെ അവളുടെ ചിരിയിലും ഒരു അസ്വാഭാവികത ഉണ്ടായി.

“മഹി നേരത്തെ പോയോ മോളെ” സുഭദ്ര വന്നിരുന്നു കൊണ്ട് ചോദിച്ചു. അമ്പലത്തിൽ തലേ ദിവസം ഉറക്കമൊഴിച്ചതിന്റെ ക്ഷീണം നന്നായി എല്ലാവർക്കുമുണ്ടായിരുന്നു. എല്ലാവരും ഓരോരോ ഭാഗത്തായി നിലയുറപ്പിച്ചിരുന്നു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും പോയെന്നു തലയാട്ടി.

“കണ്ണൻ ഇതുവരെ എണീറ്റില്ലേ ചേച്ചി” ചാരുവിന്റെ വകയായിരുന്നു അടുത്ത ചോദ്യം. എല്ലാവർക്കും കണ്ണനെ ഒരു രാത്രി കാണാതെ ഇരുന്ന വിഷമം നന്നായി ഉണ്ടെന്നു അവൾക്കു മനസിലായി. എത്ര പെട്ടന്നാണ് എല്ലാവരും അവനെ അഗീകരിച്ചത്. ആ കുരുന്നു ഇന്ന് എത്ര പെട്ടന്നാണ് ശ്രീമംഗലം വീടിന്റെ എല്ലാ സന്തോഷവുമായി മാറിയത്. ചാരുവിന്റെ ചോദ്യത്തിന് ദേവിക്ക് മറുപടിയൊന്നും ഉണ്ടായില്ല. അവൾ അസ്വസ്ഥതയോടെ പുറത്തേക്കു നോക്കി നിന്നു.

അപ്പോൾ തന്നെ മഹിയുടെ കാർ ഗേറ്റ് കടന്നു അകത്തേക്ക് എത്തിയിരുന്നു. അവൻ ഇറങ്ങി ഡോർ അടച്ചു അപ്പുറത്തെ സൈഡിൽ നിന്നും സീറ്റ് ബെൽറ്റ് ഊരിമാറ്റി കണ്ണനെയും കൊണ്ട് അകത്തേക്ക് നടന്നു കയറി. ദേവിയുടെ ജീവനും ശ്വാസവും കണ്ണന്റെ ചിരിയിൽ നേരെ വീണു.

മോനെ കണ്ടതും രണ്ടു കൈകൾ നീട്ടി ചാരു കണ്ണനെ എടുത്തു റൂമിലേക്ക്‌ പോയി. പുറകെ വിച്ചുവും. കണ്ണന്റെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുന്ന ഒരവസരവും വിച്ചു പാഴാക്കില്ല. മഹി ദേവിയെ ഒന്നു നോക്കിക്കൊണ്ടു കയ്യിലെ ബാഗ് അവളുടെ നേർക്കു നീട്ടി. അവളതു വാങ്ങി റൂമിലേക്ക് വയ്ക്കാൻ വേണ്ടി പോയി.

ദേവി മുകളിലേക്ക് പോയതും മഹി സുഭദ്രയുടെ മടിയിൽ തല വെച്ചു കിടന്നു. അവന്റെ മുടിയിഴകൾ തലോടി കൊണ്ടു സുഭദ്രയും ഇരുന്നു.

അവന്റെ കണ്ണുകളിൽ കണ്ണുനീർ പൊതിഞ്ഞിരുന്നു. സുഭദ്രയുടെ കൈകൾ അവന്റെ കവിളിനെ തലോടിയപ്പോൾ നനവ് തട്ടി. അവൻ കരയുകയാണെന്നു അവർക്ക് മനസിലായി.

“ഇന്നലെ മോനെ കൂടി കൊണ്ടുപോയിരുന്നു അല്ലെ..” സുഭദ്ര പതിയെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

“ഉം” അവൻ വെറുതെ മൂളിയതല്ലാതെ വേറെയൊന്നും പറഞ്ഞില്ല.

“ദേവി…” വാക്കുകൾ മുഴുവിപ്പിക്കാതെ സുഭദ്ര അവന്റെ മുഖം തന്റെ നേരെ പിടിച്ചു.

“ഞാൻ എന്തു ചെയ്യും അമ്മ… ലക്ഷ്മിയെ ഞാൻ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചത്. അതൊരു തെറ്റായിരുന്നു എന്നു മനസിലാക്കിയപ്പോഴേക്കും ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു തെറ്റായി അതു മാറുമെന്ന് ഞാൻ കരുതിയില്ല അമ്മേ…

കണ്ണൻ ….. അവനെ നോക്കാതെ ഞാൻ എന്തു ചെയ്യും… ദേവിക്ക് ഒരിക്കലും അവനെ അംഗീകരിക്കാൻ ആകില്ല സ്വന്തം മകനായി… എനിക്ക് അറിയില്ല അമ്മേ എന്താ ചെയ്യാന്”

അവൻ പറഞ്ഞു കൊണ്ടു കരയുകയായിരുന്നു. സുഭദ്ര മകന്റെ അവസ്ഥയിൽ ഒരുപാട് വേദനിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

“അമ്മ സംസാരിക്കാം ദേവിയോട്… അവള് മാറും…. അത്ര കഠിനമൊന്നുമല്ല അവളുടെ മനസു… കുറച്ചു സമയം കൂടി നീയവൾക്കു കൊടുക്ക്…

മറക്കാനും ക്ഷമിക്കാനും ദേവിക്ക് കഴിയും മോനെ”സുഭദ്ര മഹിയെ നെഞ്ചിൽ ചേർത്തു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. “അമ്മ സംസാരിക്കാം… നീ വിഷമിക്കാതെ” സുഭദ്ര മഹിയുടെ പുറത്തു തട്ടിക്കൊണ്ടു സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

“വേണ്ട… വേണ്ട അമ്മേ… അമ്മ ഒന്നും സംസാരിക്കണ്ട… ഇതു ഞാൻ വരുത്തി വെച്ചതാണ്… ഞാൻ തന്നെ അനുഭവിക്കണം…

കൂടെ നിങ്ങളെ കൂടി വിഷമിപ്പിക്കുന്നതിലാണ് എന്റെ സങ്കടം…” മഹി പറഞ്ഞു കൊണ്ടു കണ്ണുകൾ ഇറുക്കെ തുടച്ചു മുഖമുയർത്തി മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന ദേവിയെ കണ്ടു. അവൻ ഒന്നു നോക്കുക മാത്രം ചെയ്തു കേറി പോയി.

പിന്നീടുള്ള ദിവസങ്ങളിൽ ദേവിയിൽ കുറച്ചൊക്കെ മാറ്റം വരുന്നതായി മഹിക്കു തോന്നിയിരുന്നു. കണ്ണനെ ഇടക്കൊക്കെ എടുക്കുന്നു… ഭക്ഷണം കൊടുക്കുന്നു… അങ്ങനെ… പക്ഷെ മഹിയോട് പൂർണ്ണമായും മൗനത്തിലാണ്ട് നിന്നു. പരസ്പരം എന്തെങ്കിലുമൊക്കെ രണ്ടു വാക്കു സംസാരിച്ചിരുന്ന അവർ തമ്മിൽ മിണ്ടാതെയായി. എങ്കിലും മഹിയുടെ ഒരു കാര്യത്തിനും ഒരു മുടക്കവും വരുത്തിയതുമില്ല.

ഒരു ഒഴിവു ദിവസം കാലത്തു ഭക്ഷണമൊക്കെ കഴിചു എല്ലാവരും ഹാളിൽ ഇരിക്കുകയായിരുന്നു. വിച്ചുവിന്റെ കൈയിലും അച്ഛന്റെ കൈകളിലും ഫയലുകൾ ഉണ്ട്. അവർ അതിനുള്ളിൽ മുഴുകിയിരിക്കുകയായിരുന്നു. അച്ചു കണ്ണനെ ഹാളിൽ ഇരുത്തി കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതു നോക്കി മഹിയും അടുത്തു തന്നെയുണ്ട്. മഹിയുടെ കൈയിലും ഹോസ്പിറ്റൽ ഫയലുണ്ട്. കൂട്ടത്തിൽ അതും നോക്കുന്നുണ്ട്. മഹിയുടെ അടുത്തു ചാരുവും ഇരുന്നു അവന്റെ കൂടെ ഫയൽ നോക്കാൻ സഹായിക്കുന്നുണ്ട്.

“ചാരു… ഇവിടെ വെറുതെ ഇരിക്കുവല്ലേ. ഹോസ്പിറ്റൽ ചുമതല ഞാൻ നിന്നെ ഏല്പിക്കട്ടെ… എനിക്ക് മുഴുവൻ ശ്രെദ്ധിക്കാൻ പറ്റുന്നില്ല” മഹിയുടെ ചാരുവിനോടുള്ള ചോദ്യം കേട്ടുകൊണ്ട് മറ്റുള്ളവരും തല പൊക്കി നോക്കി.

“എന്താ മോനെ… ” സുഭദ്ര മഹിയുടെ തലയിൽ തലോടി കൊണ്ടു പുറകിലായി വന്നു നിന്നു ചോദിച്ചു.

“അച്ഛാ… ഞാൻ കാര്യമായി പറഞ്ഞതാണ്. എനിക്ക് എല്ലാം കൂടി ശ്രെദ്ധിക്കാൻ കഴിയുന്നില്ല. ചാരുവിനു താല്പര്യം ഉണ്ടെങ്കിൽ മതി. Op കഴിഞ്ഞു പിന്നെ ഹോസ്പിറ്റലിന്റെ ബിസിനസ്സ് ഭാഗത്തേക്ക് എനിക്ക് പൂർണ്ണമായും ശ്രെദ്ധിക്കാൻ പറ്റുന്നില്ല…

അതുകൊണ്ടാണ്… അച്ചു കൂടി ഇനി ഫയലൊക്കെ നോക്കാൻ എന്നെ സഹായിക്കണം. പതുക്കെ പതുക്കെ…. അതൊരു experience കൂടിയാകുമല്ലോ” അച്ചു സമ്മതം എന്നു അപ്പോൾ തന്നെ തലയാട്ടി. പിന്നെ കണ്ണുകൾ ചാരുവിന്റെ നേരെ നീങ്ങി.

ചാരു ഒരു സമ്മതത്തിനായി വിച്ചുവിനെ നോക്കി. “എന്നെ നോക്കുന്നതെന്തിനാ..

നിനക്കു താത്പര്യമുണ്ടെങ്കിൽ ചെയ്‌തോ. എന്തായാലും ഇവിടെ വെറുതെ ഇരിക്കുവല്ലേ… കുറച്ചൊക്കെ പഠിക്കാമല്ലോ” അപ്പൊ വിച്ചുവിനും എതിർപ്പില്ല.

“ഞാൻ വരാം ഏട്ടാ… ”

“ഹോസ്പിറ്റലിൽ ഒരു അടുക്കും ചിട്ടയും കുറവുണ്ട്. എല്ലായിടത്തും എന്റെ കണ്ണെത്തുനില്ല അതുകൊണ്ടാണ്. ചാരുവിനു മാനേജ് ചെയ്യാൻ കഴിയും അതുറപ്പുണ്ട്.” വിച്ചുവിനും സന്തോഷമായി. ചാരുവിനു എല്ലാം മാനേജ് ചെയ്യാൻ കഴിയുമെന്ന് അവനറിയാം.

“അച്ഛാ… അവൾക്കൊരു പോസ്റ്റ് എന്തായാലും കൊടുക്കണം. ഡയറക്ടർ പോസ്റ്റ് തന്നെ ആയിക്കോട്ടെ” മഹി അച്ഛനോട് പറഞ്ഞു തന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഒഴിയാനുള്ള പരിപാടിയായിരുന്നു.

“ഏട്ടാ… എനിക്ക് ഡയറക്ടർ പോസ്റ്റ് ഒന്നും വേണ്ട. അല്ലാതെ തന്നെ ജോലി ചെയ്യാനാണ് എനിക്ക് ഇഷ്ടം. പിന്നെ എന്നെ ഹോസ്പിറ്റൽ ചുമതല വച്ചു ഏട്ടൻ പൂർണ്ണമായും ഒഴിവാകാൻ ഞാൻ സമ്മതിക്കില്ല.

അവസാന വാക്കും ഒപ്പും അതു ഏട്ടന്റെ മാത്രമായിരിക്കും.” ചാരു പറഞ്ഞു നിർത്തിയപ്പോൾ എല്ലാവർക്കും സത്യത്തിൽ സന്തോഷമായി. പ്രത്യേകിച്ചും അച്ഛന്. മഹി രക്ഷപെടും എന്നു കരുതിയതായിരുന്നു…

‘പെട്ടു അല്ലെ’ എന്ന ഭാവമായിരുന്നു അവനു. പിന്നെ ഹോസ്പിറ്റലിന്റെ കാര്യങ്ങളൊക്കെ മഹിയും വിച്ചുവും കൂടി ചാരുവിനെ കുറേശ്ശെയായി പറഞ്ഞു പഠിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നു.

പിന്നീട് മഹിയുടെ ഓഫീസ് റൂമിലേക്ക്‌ പോയിരുന്നു ബാക്കിയുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

അവരുടെ പോക്ക് കണ്ടു സന്തോഷത്തോടെ നോക്കിയിരുന്നു ചിരിക്കുന്ന കാർത്തികേയന് അടുക്കലേക്കു സുഭദ്ര വന്നിരുന്നു. “എന്താണ് ഇത്ര സന്തോഷം”

“ഞാൻ ഒരു തീരുമാനം എടുക്കാൻ പോകുവാ. നീ കൂടെ നിന്നോളണം കേട്ടല്ലോ.”

“എന്താ കാര്യം… എന്തു കാര്യമായാലും ഞാൻ കൂടെ തന്നെ ഉണ്ടാകുമെന്ന് അറിയാലോ”

“നീ വാ… ഞാൻ പറയാം” കാർത്തികേയൻ സുഭദ്രയെയും കൊണ്ടു റൂമിലേക്ക്‌ പോയി.

അച്ചുവും ദേവിയും കൂടി കണ്ണനെ കളിപ്പിച്ചു കൊണ്ടിരുന്നു. ഇടക്ക് അച്ചു മുറിയിലേക്ക് പോയി. ദേവിയായിരുന്നു കണ്ണനെ നോക്കി കൊണ്ടിരുന്നത്. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവൻ ഉറങ്ങാൻ തുടങ്ങിയിരുന്നു.

അവനെ നെഞ്ചിലേക്കിട്ടു കുറച്ചു നേരം കൂടി ദേവി അതേയിരിപ്പു ഇരുന്നു. തന്റെ നെഞ്ചിലെ ചൂട് പകർന്നു കൊടുത്തുകൊണ്ട്. അവന്റെ കുഞ്ഞി കവിളിലിൽ അമർത്തിയൊരു ഉമ്മ കൊടുത്തു. അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീണുടഞ്ഞു.

ദേവി കണ്ണനെയും എടുത്തുകൊണ്ടു അച്ചുവിന്റെ മുറിയിലേക്ക് പോയി. അവിടെ അവൾ പ്രോജക്ട് ചെയ്യുകയായിരുന്നു. കണ്ണനെ അവളുടെ ബെഡിൽ കിടത്തി കൊണ്ടു രണ്ടു ഭാഗത്തും തലയിണ കൊണ്ടു തട വച്ചു കൊടുത്തു.

അച്ചുവിന്റെ തലയിൽ തലോടി അവൾ മുറി വിട്ടു പുറത്തേക്കു പോയി. അടുക്കളയിൽ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു അച്ചുവും ദേവിയുടെ കൂടെ കൂടി.

“ഇത്ര വേഗം പഠിച്ചു കഴിഞ്ഞോ”

“അതു… ഏടത്തി… പ്രോജക്ട് എന്റെ കഴിഞ്ഞതായിരുന്നു. ചെറിയ കുറച്ചു തിരുത്തു ചെയ്യാനുണ്ടായിരുന്നു. അതു ചെയ്തതാ”

“കണ്ണൻ എണീറ്റില്ലലോ… ”

“ഇല്ല ചേച്ചി… നല്ല ഉറക്കമാണ്”

പിന്നീട് അവർ തമ്മിൽ പരസ്പരം ഓരോരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ജോലികൾ ചെയ്യാൻ തുടങ്ങി. സമയം നീങ്ങിയത് അവർ അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞു എല്ലാവരും ഹാളിലേക്ക് എത്തിയിരുന്നു.

“അച്ചു … കണ്ണൻ എന്തേ” മഹി കണ്ണനെ കാണാത്തതുകൊണ്ടു തിരക്കി. ബഹളവും ഒന്നും കേൾക്കുന്നില്ല.

“മോനുറങ്ങി… എന്റെ മുറിയിൽ കിടത്തിയിട്ടുണ്ട് ഏട്ടാ” അച്ചു പറഞ്ഞതു കേട്ടു കൊണ്ടു മഹി അച്ചുവിന്റെ മുറിയിലേക്ക് പോയി കണ്ണനെ കാണുവാൻ. അച്ചുവിന്റെ മുറിയിൽ പക്ഷെ കണ്ണനെ കണ്ടില്ല.

അവൻ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല. തട വച്ചിരുന്ന തലയിണ താഴെ വീണു കിടക്കുന്നുണ്ട്.

വാതിലും തുറന്നു കിടക്കുകയായിരുന്നു. പുറത്തേക്കു പോയോ എന്നും അറിയില്ല. മഹി പെട്ടന്ന് ആകെ ടെൻഷനായി.

“അച്ചു..”മഹിയുടെ ദേഷ്യത്തിലുള്ള വിളി. അതൊരു അലർച്ച തന്നെയായിരുന്നു. അച്ചു ആകെ പേടിച്ചു.

“എന്താ ഏട്ടാ…”

“നീയല്ലേ പറഞ്ഞതു മുറിയിൽ കണ്ണൻ ഉണ്ടെന്നു. അവിടെ അവനെ കാണുന്നില്ല. നോക്കിയേ നീ” അച്ചു മുറിയിലെത്തും മുന്നേ ദേവി അവിടെ എത്തിയിരുന്നു.

അവിടെയൊക്കെ നോക്കി. കണ്ടില്ല. കട്ടിലിനു അടിയിലും നോക്കി. കണ്ടില്ല. ബാത്റൂമിലും … എങ്ങു മില്ല

ദേവി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. കരച്ചിൽ അടക്കി പിടിച്ചെങ്കിലും കണ്ണുനീർ ഒഴുകിയിരുന്നു. എല്ലാവരും എല്ലായിടത്തും നോക്കാൻ തുടങ്ങി. കണ്ണന്റെ പേരു വിളിച്ചുകൊണ്ടു എല്ലാവരും ആ വീട് മുഴുവൻ നോക്കി.

കണ്ണൻ എന്നു വിളിക്കുമ്പോൾ തന്നെ അവൻ വിളി കേൾക്കാറുണ്ടായിരുന്നു. എല്ലാവരും തന്നെ ആകെ വിഷമിച്ചു പോയി. വിച്ചുവും അച്ഛനും വീടിനു പുറത്തു പറമ്പിലും അന്വേഷിച്ചു നടന്നു. ബാക്കിയുള്ളവർ വീടിനുള്ളിലെ ഓരോ മുക്കിലും മൂലയും അന്വേഷിച്ചു.

കുറെ നേരത്തെ തിരച്ചിലിനൊടുവിലും കണ്ണനെ കണ്ടു കിട്ടിയില്ല. എല്ലാവരും സങ്കടത്തോടെ വീട്ടിനുള്ളിലേക്ക് കടന്നു. മഹി ദേഷ്യവും സങ്കടവും കൊണ്ടു ശ്വാസം മുട്ടിയിരിക്കുകയായിരുന്നു.

“മഹി… കണ്ണനെ… ഇനി നോക്കാൻ ഒരിടവും ഇല്ല” കാർത്തികേയൻ പറയുമ്പോഴേക്കും കരഞ്ഞു പോയിരുന്നു.

“പോകട്ടെ… എവിടെയെങ്കിലും പോയിട്ടുണ്ടാകും… പോട്ടെ… എല്ലാവർക്കും ഇപ്പോ തൃപ്‌തിയായില്ലേ…” മഹി ദേഷ്യം കൊണ്ടു എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“മഹിയേട്ട… എന്തയിതു… ഇങ്ങനെയൊന്നും പറയല്ലേ… അവൻ ഇവിടെ എവിടെയെങ്കിലും ഉണ്ടാകും” ദേവി മഹിയുടെ അടുത്തു നിന്നു പറഞ്ഞു.

മഹി കരണം പുകയ്ക്കുന്ന ഒരു അടി ആദ്യം കൊടുത്താണ് അവൾക്കു മറുപടി പറഞ്ഞതു.
“നിനക്കു ഇപ്പൊ സമാധാനമായില്ലേ…

നിന്റെ മുന്നിലെ തടസം നീങ്ങിയില്ലേ… ഇനി എന്താ നിനക്കു വേണ്ടത്… സമാധാനിപ്പിക്കാൻ വന്നിരിക്കുന്നു അവൾ… പോ… എന്റെ കണ്മുന്നിൽ നിന്ന് പോ നീ” മഹി അവൾക്കു നേരെ ചീറി. വീണ്ടും കയ്യോങ്ങി…

പക്ഷെ അടിക്കാതെ അവളുടെ കണ്ണുനീരിനെ കണ്ടു അവൻ കൈകൾ പിൻവലിച്ചു. ദേവി കരഞ്ഞു കൊണ്ടു അച്ചുവിന്റെ മുറിയിലേക്ക് ഓടി. അവൾ കരഞ്ഞു കൊണ്ടേയിരുന്നു.

കണ്ണന് ഒരാപത്തും വരുത്തല്ലേയെന്നു പേരറിയാത്ത ദൈവങ്ങളെ കൂടി വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. കണ്ണുനീരിനെ പിടിച്ചു കെട്ടാനാകാതെ അവൾ നിലവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് അവളുടെ കാലിന്റെ അടുത്തേക്ക് ഒരു ബോൾ ഉരുണ്ടു വന്നത്. ദേവി സംശയത്തോടെ ബോൾ കയ്യിലെടുത്തു. സോഫയുടെ അടിയിൽ നിന്നാണ് ബോൾ ഉരുണ്ടു വന്നത്.

കട്ടിലിനു അടിയിലും എല്ലായിടത്തും നോക്കിയെങ്കിലും ഭിത്തിയോട് ചേർന്നു കിടക്കുന്ന സോഫ ആണെങ്കിലും ഭിത്തിക്കും സോഫക്കുമിടയിൽ ഒരു ഗ്യാപ് ഉണ്ടായിരുന്നു. പക്ഷെ അവിടെ നോക്കിയിരുന്നില്ല.

ദേവി വേഗം എഴുനേറ്റു സോഫയുടെ ഇടയിലേക്ക് നോക്കി. കണ്ണൻ അവിടെ കമിഴ്ന്നു കിടക്കുന്നതാണ് കാണുന്നെ.

“കണ്ണാ… കണ്ണാ…” ദേവി ഉറക്കെ വിളിച്ചു കൊണ്ടു സോഫ നിറക്കി നീക്കികൊണ്ടു കണ്ണനെ കോരിയെടുത്തു. അവന്റെ നെറ്റി പൊട്ടി ചോര വരുന്നുണ്ടായിരുന്നു. കണ്ണു തുറക്കുന്നുമില്ല. ദേവിയുടെ ജീവൻ ഒരു നിമിഷം നിലച്ചപോലെ അവൾക്കു തോന്നി.

“മഹിയേട്ട… മഹിയേട്ട” ദേവി ഉറക്കെ മഹിയെ വിളിച്ചു. അവളുടെയ വിളിയിൽ വീട് തന്നെ വിറച്ചു പോയിരുന്നു. മഹി ഓടി വരുമ്പോൾ കൈകളിൽ കണ്ണനെ നെഞ്ചോടു ചേർത്തു പിടിച്ചു കരയുന്ന ദേവിയെയാണ് കാണുന്നത്.

“ദേവി… മോൻ”

“കണ്ണൻ… മോൻ കണ്ണു തുറക്കുന്നില്ല ഏട്ടാ…” ദേവിയുടെ നിലവിളി ആകെ മുഴങ്ങി.

“വിച്ചു” എന്നു വിളിക്കുമ്പോഴേക്കും ചാരു വിച്ചുവിന്റെ കൈകളിൽ കാറിന്റെ താക്കോൽ കൊണ്ടു കൊടുത്തിരുന്നു.

ദേവിയുടെ കൈകളിൽ നിന്നും കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ പറ്റുന്നുണ്ടായില്ല. അവൾ അത്രയും മുറുകെ നെഞ്ചിൽ ചേർത്തു പിടിച്ചിരുന്നു. മഹിയവളെ ഒന്നു നോക്കി.

‘എന്നിൽ നിന്നും അടർത്തിമാറ്റല്ലേ’ എന്നൊരു അപേക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അവളുടെ കൈ പിടിച്ചു തന്നെ മഹി കാറിലേക്ക് നീങ്ങി.

പോകുന്ന വഴിയിലെല്ലാം അവൾ കണ്ണനെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു…. നെഞ്ചിൽ ചേർത്തു പിടിച്ചു തന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

“അമ്മേടെ മോനുട്ടൻ കണ്ണു തുറക്കേടാ… മോനൊന്നും പറ്റില്ല… ഒന്നുമില്ല… ” അവനെ നെഞ്ചോടടക്കി പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

വിച്ചുവും കരഞ്ഞു കൊണ്ടാണ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നത്. അവന്റെ കൈകളിൽ നിന്നും വണ്ടി പാളി പോകാതിരിക്കാൻ അവൻ ഒരുപാട് പാടുപെട്ടു.

ഹോസ്പിറ്റലിൽ എത്തി കണ്ണനെയും കൊണ്ട് ദേവി ഓടുകയായിരുന്നു. കാഷ്യലിറ്റിയിൽ കുഞ്ഞിനെയും കൊണ്ടു ദേവിയും കയറിയിരുന്നു.

കണ്ണനെ ബെഡിൽ കിടത്തി അവളോടു പുറത്തു നിൽക്കാൻ പറഞ്ഞിട്ടും അവൾ നിന്ന നിൽപ്പിൽ അങ്ങനെ തന്നെ തറഞ്ഞു നിന്നു. ഒടുവിൽ മഹി തന്നെ അല്പം ബലം പിടിച്ചു അവളെ പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു. ഭിത്തിയിൽ ചാരി കണ്ണുകളടച്ചു അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

വിച്ചുവിന് അവളുടെ നിൽപ്പ് കണ്ടു വല്ലാത്ത വിഷമമായി. അവൻ ദേവിയുടെ അടുത്തു ചെന്നു അവളുടെ തോളിൽ ചേർത്തു പിടിച്ചു നിന്നു. “വിച്ചു… എന്റെ മോൻ…”

അവൾ കരഞ്ഞുകൊണ്ട് അവനെ ഇറുകെ പിടിച്ചു.
മഹി കാഷ്യലിറ്റിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു ദേവി ഓടി അവനരികിലേക്കു ചെന്നു.

“മഹിയേട്ട… കണ്ണ മോൻ” മഹിയുടെ കൈകളിൽ മുറുകെ പിടിച്ചു ദേവി കരഞ്ഞു കൊണ്ട് ചോദിച്ചു.

“പേടിക്കാൻ ഒന്നുമില്ല. ഇപ്പൊ റൂമിലേക്ക്‌ മാറ്റും. വീണ ആഘാതത്തിൽ ബോധം പോയതായിരുന്നു. നെറ്റിയിലെ മുറിവിൽ ഒരു സ്റ്റിച് ഇട്ടിട്ടുണ്ട്.” അവളുടെ തോളിൽ തട്ടി അവൻ സമാധാനിപ്പിച്ചു.

അപ്പോഴേക്കും മറ്റുള്ളവരും അവിടേക്കെത്തിയിരുന്നു. കുഴപ്പമൊന്നും ഇല്ലെന്നു അറിഞ്ഞതോടെ എല്ലാവർക്കും സമാധാനമായി. അവരുടെ തന്നെ ഹോസ്പിറ്റൽ ആയതിനാൽ കുട്ടിയെ മഹിയുടെ പേർസണൽ റൂമിൽ തന്നെയാണ് കിടത്തിയത്.

തലയടിച്ചു വീണത് കൊണ്ടു ഒരു ദിവസം ഒബ്സർവഷൻ പോലെ കിടക്കാൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് മഹിയുടെ തന്നെ റൂമിലേക്ക്‌ മാറ്റിയത്.

മഹി അവിടെ തന്നെ നിൽക്കാം മറ്റുള്ളവരോട് തിരികെ പോകാൻ പറഞ്ഞു. മഹിക്കും കുഞ്ഞിനുമുള്ള ഡ്രെസ്സും ഭക്ഷണവുമായി വിച്ചു വരാമെന്നും പറഞ്ഞു അവർ ഇറങ്ങി.

ദേവി അനങ്ങാതെ അവിടെ തന്നെ തറഞ്ഞു നിന്നു. “ദേവിയെ കൂടി കൊണ്ട് പൊക്കോളൂ വിച്ചു… പിന്നെ ഞാനും മോനും ഇനി മുതൽ ഇവിടെ താമസിക്കും”

മഹിയുടെ വാക്കുകൾ എല്ലാവരിലും ഒരു ഞെട്ടലുണ്ടാക്കി.”എന്താ മോനെ ഇങ്ങനെ പറയുന്നത്” സുഭദ്ര വിഷമത്തോടെ ചോദിച്ചു.

“അതുമതി അമ്മേ… അവിടെ ചിലർക്ക് ഞാനും എന്റെ മോനും താമസിക്കുന്നത് ബുദ്ധിമുട്ടാണ്. ഞാൻ ഒഴിഞ്ഞു തരുന്നതാണ് നല്ലത്” മഹി പറഞ്ഞു തീർന്നു തലയുയർത്തി നോക്കുമ്പോൾ ദേവി ദേഷ്യം കൊണ്ടു കണ്ണുകളിൽ ചുവപ്പു പടർത്തി നിന്നിരുന്നു. അവൾക്കു തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലയെന്നു തോന്നി.

അവൾ കാറ്റു പോലെ മഹിയുടെ നേരെ ചെന്നു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു. അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നെഞ്ചിൽ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്തു. അവരൊക്കെ ചുറ്റും നോക്കി നിൽക്കുന്നുണ്ടെന്നു പോലും ശ്രെദ്ധിക്കാതെ.

“ഞാൻ… നിങ്ങൾ എന്റെ മോനെ എന്നിൽ നിന്നും അകറ്റുന്നോ… ഞാൻ പിന്നെ എന്റെ സങ്കടവും ദേഷ്യവും എങ്ങനെ തീർക്കും പറ… പറയാൻ” മഹിയുടെ ഷർട്ടിൽ കുത്തി പിടിച്ചു ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു.

“നാളെ എന്റെ കുഞ്ഞാണെന്നും പറഞ്ഞു ആരെങ്കിലും ഒരു കുട്ടിയെ എന്റെ കയ്യിൽ ഏൽപ്പിച്ചു പോയാൽ നിങ്ങൾക്കത് ക്ഷമിക്കാനാകുമോ… പറ… ആകുമോ” അവളുടെ ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ മഹിക്കായില്ല.

“നിങ്ങളെന്നെ സ്നേഹിക്കില്ലയെന്നു അറിഞ്ഞിട്ടും ഞാൻ നിങ്ങളുടെ താലിക്കു മുൻപിൽ തല കുനിക്കുമ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു…

ഒരു പ്രാര്ഥനയുണ്ടായിരുന്നു… എന്നെങ്കിലും … എപ്പോഴെങ്കിലും നിങ്ങളെന്നെ സ്നേഹിച്ചാലോയെന്നു… ഒരു തരത്തിലും നിങ്ങളുടെ മേലെ അവകാശം സ്ഥാപിക്കാൻ ഞാൻ മുതിർന്നിട്ടില്ല.

പക്ഷെ നിങ്ങളെന്നെ സ്നേഹിച്ചില്ലെങ്കിലും ഭാര്യയായി കണ്ടില്ലെങ്കിലും നിങ്ങളിലെ അവകാശം എനിക്ക് മാത്രമാണ്. അതൊന്നു മാത്രമാണ് എന്നെയാ വീട്ടിൽ പിടിച്ചു നിർത്തുന്നത്.

അപ്പൊ നിങ്ങളിൽ വേറെ ആരു അവകാശം പറഞ്ഞു വന്നലാ ഞാൻ സഹിക്കാ… പറ… കണ്ണൻ മോനെ മനസ്സു കൊണ്ടു അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം വേണമായിരുന്നു…

അതുകൊണ്ടാ ഞാൻ …. എന്നെ നിങ്ങൾ ഇനിയും ഇങ്ങനെ ശിക്ഷിക്കല്ലേ ദയവു ചെയ്തു…. ഞാൻ ഒരു സാധാരണ പെണ്ണാ… ദേഷ്യവും സങ്കടവും അസൂയയും ഒക്കെയുള്ള ഒരു സാധാരണ പെണ്ണ്…

എനിക്ക് ഇങ്ങനെ പെരുമാറാനെ കഴിയു. ലക്ഷ്മി കുട്ടിയെ കൊണ്ടു വന്ന അന്ന് തന്നെ എല്ലാം മറന്നു കുഞ്ഞിനെ അംഗീകരിക്കാൻ പാകത്തിനുള്ള മനസൊന്നും എനിക്കില്ല…

അത്രയും സർവ്വം സഹയായ പെണ്ണൊന്നുമല്ല ഞാൻ… എനിക്ക് കുറച്ചു സമയം തായോ… ദയവു ചെയ്‌തു…. ” ദേവി കരഞ്ഞു കൊണ്ടു കൈകൂപ്പി അവന്റെ മുന്നിൽ നിന്നു കണ്ണുനീർ വാർത്തു.

മഹിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അവളുടെ തോളിൽ പിടിച്ചു അവളെ നോക്കി. “അനിയത്തിമാരുടെ ജീവിതം സുരക്ഷിതമാകുന്നവരെ…

അത്രയും സമയം മാത്രമേ നീ എന്റെ കൂടെ നില്ക്കു എന്നു പറഞ്ഞതോ” ദേവിക്ക് പെട്ടന്ന് ഒരു മറുപടി കിട്ടിയില്ല. അവൾ കണ്ണുകൾ തുടച്ചു അവനിൽ നിന്നും തിരിഞ്ഞു നിന്നു.

“ദേവി…. എനിക്കറിയാം നീയത് വെറുതെ പറഞ്ഞതാണെന്നു. അനിയത്തിമാരുടെ ജീവിതം സുരക്ഷിതമാക്കാൻ…

അല്ലെങ്കിൽ അവർക്ക് നല്ലൊരു ജീവിത സാഹചര്യം ഒരുക്കി കൊടുക്കാൻ ശ്രീമംഗലം വീടിന്റെ കാശു ആവശ്യമില്ല. രാവും പകലും എത്ര കഷ്ടപെട്ടിട്ടാണെങ്കിലും നീയത് അവർക്ക് നേടി കൊടുക്കുമെന്ന് എനിക്കറിയാം…

പിന്നെ എന്തിനാ എന്നോട് അങ്ങനെ പറഞ്ഞത്” ഇത്തവണ മഹി കുറച്ചു ഗൗരവത്തിൽ തന്നെ ചോദ്യമെറിഞ്ഞു…

ദേവി നിന്നു വിയർത്തതല്ലാതെ ഒന്നും പറഞ്ഞില്ല. “ഞാൻ പറയാം…. നീയെന്നെ സ്നേഹിക്കുന്നത് കൊണ്ടല്ലേ… എന്തുവന്നാലും ആർക്കും വിട്ടുകൊടുക്കാൻ കഴിയാത്തതു കൊണ്ടല്ലേ… പറ… അതുകൊണ്ടല്ലേ…

നിന്റെ സ്നേഹം എന്നിൽ നിന്നും മറച്ചു പിടിക്കാൻ നീ കണ്ടുപിടിച്ച കാരണമല്ലേ അനിയത്തിമാരുടെ ജീവിതം” ദേവി അവന്റെ മുന്നിൽ തല കുമ്പിട്ടു കണ്ണുനീർ പൊഴിച്ചു. വിച്ചു ഒരു ചിരിയോടെ മഹിയുടെ തോളിൽ തട്ടിയിട്ടു മറ്റുള്ളവരെയും കൊണ്ട് പുറത്തേക്കു പോയി.

ദേവിയുടെ തോളിൽ മഹി പിടിച്ചതും അവനെ ഇറുകെ പുണർന്നു കൊണ്ടു അവൾ നെഞ്ചിൽ വീണു തേങ്ങി കരഞ്ഞു. അവളുടെ മൂർധവിൽ അമർത്തി ചുംബിച്ചു കൊണ്ടു അവനും ദേവിയുടെ തലയിൽ കവിൾ ചേർത്തു നിന്നു.

വീഴച്ചയിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല കണ്ണന്. പിറ്റേന്ന് തന്നെ വീട്ടിലേക്കു മാറിയിരുന്നു. പിന്നീട് ദേവിക്കു കണ്ണനോടുള്ള സ്നേഹമായിരുന്നു കണ്ടത്.

അവന്റെയെല്ലാ കാര്യങ്ങളും അവൾ മാത്രം ചെയ്യുമായിരുന്നു. ഒരുപാട് കൊഞ്ചിച്ചും താലോലിച്ചും മുൻപ് കാണിച്ച അവഗണക്കു പ്രായശ്ചിത്തം ചെയ്തു. സ്നേഹം കൊണ്ടു തന്നെ ദേവി ആ കടങ്ങൾ വീട്ടി. കണ്ണനും ദേവി അവനോടു അടുക്കാൻ കൊതിച്ചപോലെയായിരുന്നു.

ദേവിയുടെ കൂടെ തന്നെയായിരുന്നു. അവളുടെ പുറകിൽ നിന്നും പോകാതെ. അച്ചുവിന് കുറച്ചു കുശുമ്പ് തോന്നിയിരുന്നു കണ്ണന് ദേവിയോടുള്ള അടുപ്പം കാണുമ്പോൾ…..

കണ്ണൻ പിച്ച വെച്ചു നടന്നുകൊണ്ടു ദേവിയുടെ പിറകിലൂടെ ‘അമ്മ’ എന്നും വിളിച്ചു നടക്കാൻ തുടങ്ങി. അവന്റെ ‘അമ്മ’ എന്ന വിളി കേൾക്കുമ്പോൾ അവളുടെ മനസ്സു നിറഞ്ഞു കണ്ണുനീർ വരുമായിരുന്നു.

മഹിയും അവർക്കിടയിലേക്കു വരാതെ നോക്കി. എങ്കിലും അവർ തമ്മിലുള്ള കൊമ്പു കോർക്കൽ ഒരു കുറവും ഉണ്ടായില്ല.

മഹി ബെഡിൽ നിന്നും മുറിയിൽ ദേവി കൊണ്ടിട്ട സോഫയിലേക്കു കിടത്തം മാറ്റി.

ബെഡ് പൂർണമായും ദേവിക്കും കണ്ണനും വിട്ടു കൊടുത്തു. സ്നേഹവും സന്തോഷവും മാത്രമായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ശ്രീ മംഗലത്ത്.

ഒരു ഞായറാഴ്ച ഹോസ്പിറ്റൽ ഫയൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു ചാരുവും മഹിയും അച്ചുവും കൂടി. അപ്പോഴാണ് ചാരു ഒരു അപ്പോയിന്റമെന്റ് ലെറ്റർ വച്ചതു കണ്ടത്. മഹി ആ ലെറ്റർ എടുത്തു വായിച്ചു നോക്കി…

പിന്നീട് ഒരു ചിരിയോടെ അതിൽ സൈൻ ചെയ്തു സീൽ വച്ചു തിരികെ ഫയലിൽ വച്ചു.

ചാരുവിനെ ഒന്നു നോക്കി. മറ്റൊരു ഫയലുമായി വന്ന വിച്ചു ആ ലെറ്റർ കണ്ടു കൈകളിൽ എടുത്തു… “പുതിയ ഡോക്ടർ…”

“ആള് പഴയ ആള് തന്നെയാ വിച്ചു” ചാരുവാണ് മറുപടി കൊടുത്തത്. വിച്ചുവും ഒരു ചിരിയോടെ ചാരുവിന്റെയും മഹിയുടെയും മുഖത്തേക്ക് നോക്കി.
മഹി കൗശലത്തോടെ ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു

“വെൽക്കം ബാക് ഡോക്ടർ ലക്ഷ്മി”

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11

ഈ യാത്രയിൽ : PART 12

ഈ യാത്രയിൽ : PART 13