Tuesday, April 16, 2024
Novel

ഈ യാത്രയിൽ : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

പക്ഷെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിരിഞ്ഞത്…കണ്ണിൽ അവളോടുള്ള പ്രണയവും…!!

കല്യാണ തലേദിവസം ആയപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുകളുമൊക്കെ എത്തിതുടങ്ങിയിരുന്നു. എല്ലാവരെയും അഭിമുഖീകരിക്കാൻ ദേവിക്ക് ആദ്യം ഒരു പ്രയാസം തോന്നിയെങ്കിലും സുഭദ്ര തന്നെ അതു മാറ്റിയെടുത്തു. എല്ലാവരുടെ അടുത്തു അവളെയും ചേർത്തു പിടിച്ചു കൊണ്ടുപോയി ഇതെന്റെ മൂത്ത മരുമകൾ…

മരുമകൾ അല്ല ശരിക്കും മകൾ തന്നെയെന്ന് പറഞ്ഞു പരിചയപ്പെടുത്തി. ദേവിക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു. കുറെയേറെ ബന്ധുക്കൾ വന്നു പരിചയപ്പെട്ടിട്ടു പോയി. എല്ലാവരോടും സംസാരിച്ചും ഭക്ഷണം കൊടുത്തും ഓടി നടന്നു ദേവി വയ്യാതായി.

പിറ്റേ ദിവസം ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു താലി കെട്ടു. വെളുപ്പിനെ തന്നെ സുഭദ്രയും അച്ഛനും ദേവിയും മഹിയും അച്ചുവും വിച്ചുവും മാത്രം അമ്പലത്തിലേക്ക് പോയുള്ളൂ. ബാക്കിയുള്ളവരോട് ഓഡിറ്റോറിയത്തിലേക്കു എത്തിച്ചേരാൻ പറഞ്ഞിരുന്നു.

കണ്ണന്റെ നടയിൽ മഹിയുടെയൊപ്പം തോളോട് തോൾ ചേർന്നു തൊഴുമ്പോൾ ദേവിയുടെ കണ്ണുകൾ മുഴുവൻ മഹിക്കു നേരെയായിരുന്നു. അവൾ കണ്ണനെ കണ്ടില്ല… അവളുടെ അടുത്തു നിൽക്കുന്ന കണ്ണന്റെ മേലെയായിരുന്നു കണ്ണുകൾ. പെട്ടന്ന് മഹി കണ്ണു തുറന്നു അവളെ നോക്കി പുരികമുയർത്തി എന്താണെന്ന് മൗനമായി ചോദിച്ചു.

അവൾ ചെറിയ ചമ്മലോടെ കണ്ണുകൾ ഇരുക്കേയടച്ചു ഒന്നുമില്ലയെന്നു ചുമൽ കൂച്ചി പറഞ്ഞു. ദേവി കണ്ണുകളടച്ചു കണ്ണനെ തൊഴുന്നത് മഹി കണ്ണിമ ചിമ്മാതെ ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ നോക്കി കണ്ടു. അവന്റെ കണ്ണുകളും പ്രണയാർദ്രമായി…

ദേവിയോടുള്ള സ്നേഹ സാഗരത്തിന്റെ തിരമാലകളിൽ അലയടിക്കുന്നുണ്ടായിരുന്നു. നല്ല തിരക്കായിരുന്നു അമ്പലത്തിൽ. ഒരുപാടു കല്യാണങ്ങളും അന്നേ ദിവസമുണ്ടായിരുന്നു. മഹി ദേവിയെ തോളോട് ചേർത്തു പിടിച്ചു നെഞ്ചിലേറ്റിയാണ് തിരക്കിലൂടെ കൊണ്ടു നടന്നത്.

ചാരുവിന്റെ കഴുത്തിൽ താലി കെട്ടുന്ന സമയവും വിച്ചുവിന്റെ കൈകളിൽ നേരിയ വിറയൽ കണ്ടിരുന്നു. എല്ലാവരും അവനെ കളിയാക്കി വിട്ടു. പിന്നെ എല്ലാവരും കൂടി ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ടു. അവിടെയും ചാരുവിന്റെ ബന്ധുക്കളായിരുന്നു അധികവും. ഫോട്ടോ സെക്ഷനും ബന്ധുക്കളെ പരിചയപെടലുമെല്ലാം കഴിഞ്ഞപ്പോൾ ചെക്കനും പെണ്ണും ഒരു വഴിയായി.

സദാ സമയം ചിരിച്ചു നിന്നതുകൊണ്ടു ചാരുവിനു കവിളൊക്കെ വേദനിക്കാൻ തുടങ്ങിയിരുന്നു. കല്യാണദിവസം പിന്നെ ഒരുതരം അഭിനയമാണല്ലോ. ചിരിച്ചു നിന്നില്ലെങ്കിൽ നാനാകോണിലുള്ള പരദൂഷണ കമ്മറ്റികൾ ഒത്തുകൂടി അന്ന് തന്നെ ഡിവോഴ്സ് വാങ്ങികൊടുക്കാനുള്ള ചിന്തയിലായിരിക്കും.

പെണ്ണ് ചിരിക്കുന്നില്ല നോക്കുന്നില്ല മിണ്ടുന്നില്ല എന്തോ പ്രേശ്നമുണ്ട് കല്യാണത്തിന് താൽപര്യമില്ല തോന്നുന്നു തുടങ്ങിയ നീളൻ നയങ്ങൾ അവർ തേടിപിടിക്കും. ഇതിനൊന്നും ഇടവരുത്താതെ വിച്ചു ചാരുവിന്റെ ഇടം കയ്യിൽ മുറുകെ പിടിച്ചിരുന്നു.

തിരികെ ശ്രീമംഗലത്തേക്ക് പുറപ്പെടാൻ സമയമായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ ദേവി നേരത്തെ വീട്ടിലേക്കു പോയിരുന്നു. വരനും വധുവും വരുമ്പോഴേക്കും വിളക്കൊരുക്കാനും മറ്റും അമ്മയെ സഹായിക്കാൻ. ചാരുവിനു ഒരുപാടു സങ്കടം ഉണ്ടെങ്കിലും കടിച്ചു പിടിചു വിഷമത്തെ ഒതുക്കി നിർത്തി. നിയന്ത്രണമില്ലാതെ അതിനെ ഒഴുക്കി വിടാൻ തന്നെ ചേർത്തു നിർത്തുന്ന ഒരു നെഞ്ചകം തനിക്കായി മാത്രമുണ്ടെന്നു അവൾക്കു നന്നായി അറിയാം. മഹിയായിരുന്നു കാർ ഓടിച്ചിരുന്നത്.

ഒപ്പം അച്ചുവും ഉണ്ടായിരുന്നു. കാറിൽ കയറിയതും തന്റെ സങ്കടകടൽ തിരമാലകൾ വിച്ചുവിന്റെ നെഞ്ചിലേക്ക് ആർത്തലച്ചു ചാരു. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു മൂർധവിൽ കവിൾ ചേർത്തു സമാധാനിപ്പിക്കുന്നതു കണ്ടപ്പോൾ എന്തുകൊണ്ടോ മഹിയുടെ മനസിലേക്ക് ദേവിയുടെ രൂപം ഓടിവന്നു. ആ നിമിഷം തന്നെ അവളെ കാണണമെന്ന് തോന്നിപ്പോയി അവനു… മഹിയുടെ കാൽ ആക്‌സിലരട്ടറിൽ അമർന്നുകൊണ്ടിരുന്നു.

ശ്രീമംഗലത്തു മഹി എത്തുമ്പോൾ കണ്ണുകൾ ദേവിയെ തിരഞ്ഞു കൊണ്ടിരുന്നു. ആവശ്യം നേരത്തു അവളോടു മുന്നിലേക്ക് വരത്തുമില്ല. ദേവിയെ കാണാതായപ്പോൾ തെല്ലൊരു ദേഷ്യം തോന്നി അവനു അവളോടു. വരന്റെയും വധുവിന്റെയും ഒപ്പം വീട്ടിലേക്കു കയറുവാൻ മഹിയും അച്ചുവും പുറകിലായി നിന്നു.

അരിയും പൂവും നിറച്ച താലവുമായി അമ്മയും ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കുമായി ദേവിയും പുറകിലായി വന്നു. അവളെ കണ്ട മാത്രയിൽ മഹിയുടെ ഇടനെഞ്ചു തുടിയ്ക്കാൻ തുടങ്ങി. ദേവിയെ ഉറ്റു നോക്കിയ അവന്റെ കണ്ണുകളുമായി ദേവിയുടെ കണ്ണുകളും കോർത്തു.

ഏത് നേരവും പോരു കോഴികളെ പോലെ പൊരുതുന്ന അവരുടെ കണ്ണുകളിൽ ആദ്യമായി പ്രണയത്തിന്റെ പിടച്ചിൽ അനുഭവപെട്ടു. എഴുതിരിയിട്ട വിളക്കിന്റെ പ്രകാശത്തിൽ തന്റെ ഭദ്രകാളി ദേവിയുടെ മുഖം കൂടുതൽ പ്രകാശഭരിതമായെന്നു അവനു തോന്നി. നിലവിളക്കിനെക്കാൾ ശോഭ അവളുടെ മുഖത്തിനാണെന്നു അവൻ ഉറപ്പിച്ചു. അവളെ തന്നെ മിഴിചിമ്മാതെ ശ്വാസം പോലുമെടുക്കാതെ നോക്കി നിന്നു. ദേവിയും അവന്റെ നോട്ടത്തിൽ ശരീരത്തിൽ അനുഭവപ്പെടുന്ന തണുപ്പിന്റെയും തരിപ്പിന്റെയും ആലസ്യത്തിലായിരുന്നു. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായി….

സുഭദ്ര അരിയും പൂവും ഉഴിഞ്ഞു പിന്നെ ദേവിയുടെ കൈകളിൽ നിന്നും നിലവിളക്കു വാങ്ങി ചാരുവിനു നൽകി. ചാരു കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാര്ഥിച്ചുകൊണ്ടു സുഭദ്രയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി നിലവിളക്കു കൈകളിൽ പിടിച്ചു വലതുകാൽ വെച്ചു അകത്തേക്ക് കയറി.

ദേവിയുടെയും സുഭദ്രയുടെയും മനം ഒരു നിമിഷം പ്രാര്ഥനാഭരിതമായി നിന്നു. പൂജാമുറിയിൽ വിളക്ക് വച്ചു വിച്ചുവും ചാരുവും പ്രാർത്ഥിച്ചു നിന്നു. പ്രാർത്ഥനക്ക് ശേഷം ചാരുവിന്റെ കൈകളിൽ തന്റെ വിരൽ കോർത്തു പിടിച്ചു വിച്ചു അവളെ പുഞ്ചിരിച്ചു കൊണ്ട് കണ്ണുചിമ്മിയടച്ചു.

ചാരുവിനും വിച്ചുവിനും ഇടാനുള്ള റീസെപ്ഷൻ ഡ്രസ് തങ്ങളുടെ റൂമിലാണെന്നു ദേവി പെട്ടന്ന് ഓർത്തു. അവൾ റൂമിലേക്ക്‌ ചെന്നു അവയെല്ലാം അലമാരയിൽ തപ്പി കൊണ്ടു നിൽക്കുമ്പോൾ പെട്ടന്ന് അവളുടെ കൈകൾ പിടിച്ചു വലിച്ചു. ആ പിടിവലിയിൽ ശക്തിയായി ആരുടെയോ നെഞ്ചിൽ തട്ടി നിൽക്കുകയാണെന്ന് അവൾക്കു മനസിലായി.

പക്ഷെ ആ നെഞ്ചിടിപ്പും ശ്വാസത്തിലെ ചുടു നിശ്വാസവും മഹിയുടേതാണെന്നു അവളെപ്പോഴോ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു സമയം കൂടി ആ നെഞ്ചിൽ തല വച്ചു നിൽക്കാൻ അവൾ വല്ലാതെ കൊതിച്ചു. പെട്ടന്ന് അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി മഹി അവളുടെ കണ്ണുകളെ പ്രണയാർദ്രമായി നോക്കി. കുറച്ചു നിമിഷങ്ങൾ അവരുടെ ഇടയിലെ മൗനം… രണ്ടു ഹൃദയതാളങ്ങളും ഒന്നായി കേൾക്കുന്ന ശബ്ദം മാത്രം….

പിന്നെ പതിക്കുന്ന നിശ്വാസവും…. അവളുടെ ഇടുപ്പിന്മേലെ അവന്റെ കൈകൾ മുറുകി കൊണ്ടിരുന്നു….അതിനനുസരിച്ചു അവർ തമ്മിലുള്ള അകലവും കുറഞ്ഞു… രണ്ടു കൈകൾകൊണ്ടും മഹി അവളുടെ മുഖത്തെ കൈകളിൽ കോരിയെടുത്തു നെറ്റിയിൽ ചുംബിച്ചു. ഒരു നിമിഷം കൂടി അവളുടെ കണ്ണുകളിൽ അവനെ പ്രതിഷ്ഠിച്ചു അവളെ വിട്ടു മുറി വിട്ടുപോയി.

ദേവിയുടെ ശ്വാസഗതി നേരെയാകാൻ കുറച്ചു സമയമെടുത്തു. അവൾ നെഞ്ചിൽ കൈ വച്ചു കൊണ്ടു തന്റെ നെഞ്ചിനെ ഉഴിഞ്ഞുകൊണ്ടു ശ്വാസം നേരെ നിർത്തി. എന്താ ഇപ്പൊ നടന്നത്. കാട്ടുമാക്കാന്റെ മനസ്സു അലിഞ്ഞുവോ…. അവൾ ആകെ സംശയിച്ചു…. ഇനി താൻ വല്ല സ്വപ്നവും കണ്ടതാണോ… പക്ഷെ അവന്റെ നിശ്വാസത്തിന്റെ ചൂടും അധരങ്ങളുടെ തണുപ്പും അവളുടെ നെറ്റിയിൽ പൊതിഞ്ഞിരുന്നു….

നാണത്താൽ ചാലിച്ച പുഞ്ചിരിയോടെ അവൾ തന്റെ താലിയെ ചേർത്തു പിടിച്ചു കുറച്ചു നേരം കൂടി കഴിഞ്ഞു പോയ തന്റെ സ്വകാര്യ നിമിഷങ്ങളെ താലോലിച്ചു അവിടെ തന്നെ നിന്നു.

ഒരു ചുമരിന് അപ്പുറം താൻ ചെയ്തത് എന്താണെന്ന് ഒന്നുകൂടി ഓർത്തെടുക്കുകയായിരുന്നു മഹി. ഒന്നും ഓർമയില്ല. ഒരു സ്വപ്നത്തിൽ എന്ന വണ്ണം താൻ എന്തൊക്കെയോ ചെയ്‌തപോലെ. അവളെ ചേർത്തു പിടിച്ചതും നെറ്റിയിൽ ചുംബിച്ചതും അവനോർത്തു പുഞ്ചിരിച്ചു.

ആ നിമിഷം ഒരു ചുംബനമെങ്കിലും അവൾക്കു നൽകിയില്ലെങ്കിൽ തന്റെ ശ്വാസം നിലച്ചുപോകുമെന്നു തോന്നിയതുകൊണ്ടാണ് വാലു മുറിയുന്ന കാര്യമായിട്ടും അവളെ ചേർത്തു പിടിച്ചു ചുംബിച്ചത്. അവളെ ചേർത്തു നിർത്തിയ നെഞ്ചിൽ അവനൊന്നു കൈകൾ വച്ചു. അവളുടെ ഹൃദയമിടിപ്പ് തന്നിൽ ഇപ്പോഴും അവശേഷിക്കുന്ന പോലെ അവനു തോന്നി. അവനൊന്നു തല കുടഞ്ഞു ഒരു ദീര്ഘശ്വാസം വലിച്ചു പുറത്തേക്കു വിട്ടു.

രാത്രിയിൽ ഏറെ വൈകിയും റീസെപ്ഷൻ കഴിഞ്ഞിരുന്നില്ല. മഹിയുടെ ഫ്രണ്ട്സ് കൂടിയുണ്ടായിരുന്നു വിച്ചുവിന്റെ കല്യാണ പാർട്ടിയിൽ. ദേവിയെ തന്റെ വലം കയ്യാൽ അവളുടെ ഇടം കയ്യിൽ ചേർത്തു പിടിച്ചു കൂടെ തന്നെ നിർത്തിയിരുന്നു. അവന്റെ ഓരോ കൂട്ടുകാരുടെ ഇടയിലും അവളെ നെഞ്ചോടു ചേർത്തു പിടിച്ചു പരിചയപ്പെടുത്തിയിരുന്നു. അവൾക്കു അതൊക്കെ ഒരു സ്വപ്ന തുല്യ അനുഭവങ്ങളായിരുന്നു. സ്വപ്നത്തിൽ അല്ലായെന്നു വിശ്വസിക്കാൻ പലപ്പോഴും അവൾ അവളെ തന്നെ നുള്ളി നോക്കിയിരുന്നു.

റിസപ്ഷൻ തിരക്കുകൾ കഴിഞ്ഞു ബന്ധുക്കളും സുഹൃത്തുകളുമൊക്കെ പോയി കഴിഞ്ഞപ്പോഴേക്കും പാതിരാവയിരുന്നു. എല്ലാവരും വല്ലാതെ ക്ഷീണിച്ചിരുന്നു. ആദ്യ രാത്രിയുടെ പതിവ് തെറ്റിക്കണ്ടയെന്നു കരുതി കയ്യിൽ ഒരു ഗ്ലാസ് പാലുമായി ചാരുവിനെ ദേവി തന്നെ അവരുടെ റൂമിലേക്ക്‌ വിട്ടു.

വിച്ചുവും മഹിയും അപ്പോൾ താഴെനിന്നും കേറി വന്നിരുന്നു…. വിച്ചുവിന് നേരെ ദേവി കൈ നീട്ടി… പക്ഷെ അവൻ കൈകൾ വിരിച്ചു പിടിച്ചു.. ദേവി ഒരു ചിരിയോടെ അവനെ ചേർന്നു നിന്നു ഒരു ആദ്യരാത്രി ആശംസകൾ അറിയിച്ചു… അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു… മഹി അവരുടെ സ്നേഹം നോക്കി കാണുകയായിരുന്നു.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ചാരുവും ശ്രീമംഗലം വീട്ടിലെ മരുമകൾ എന്നതിലുപരി ദേവിയെ പോലെ മകൾ തന്നെയായി. ദേവിയെ ഏത് സമയവും ഏടത്തി എന്നു വിളിച്ചു കൂടെ തന്നെ കാണും ചാരുവും. അടുക്കളയിൽ ദേവിയെ ഒരു കൈ സഹായിക്കാനും അവൾക്കു മടിയില്ലായിരുന്നു. പാചകം അധികം വശമില്ലെങ്കിലും സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വയ്ക്കാനും വീടും മുറ്റവുമെല്ലാം വൃത്തിയായി ഇടാനും ചാരു കൃത്യമായി ചെയ്യുമായിരുന്നു. അച്ചുവുമായി ദേവിയേക്കാൾ അടുപ്പം ചാരുവിനായി.

അച്ചുവിന് ചാരുവിനോടായിരുന്നു ഇഷ്ടം. ദേവിയുടെ മുന്നിൽ വച്ചു ആ സ്നേഹപ്രകടനം കുറച്ചു കൂടുതൽ കാണിക്കും. അപ്പോഴെല്ലാം ദേവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിടരുന്നത്. അവളുടെ കുശുമ്പും കുറുമ്പും കാണുമ്പോൾ മാത്രമാണ് തന്റെ സ്വന്തം അനിയത്തിമാരുടെ അഭാവം അവളിൽ തെല്ലുപോലും അനുഭവപ്പെടാത്തത് എന്നു അച്ചുവിന് ഒട്ടും മനസിലായതുമില്ല.

ഈ ദിവസങ്ങളിൽ എല്ലാം മഹിയും ഒരു സ്വപ്ന ലോകത്തെന്നപോലെയായിരുന്നു. പരസ്പരം പോരടിക്കാതെ മൗനം കൊണ്ടും കണ്ണുകൾകൊണ്ടും എന്തിനേറെ ഹൃദയ താളങ്ങൾ കൊണ്ടും പ്രണയിക്കാൻ തുടങ്ങിയ ദിനങ്ങളായിരുന്നു. എങ്കിലും അവന്റെ മുൻപിൽ ദേവി വീറോടെ കണ്ണിൽ നോക്കി സംസാരിക്കുമായിരുന്നു.

ചിലപ്പോഴൊക്കെ വഴക്കടിക്കാൻ അവൾ തന്നെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാക്കി വരുമായിരുന്നു. അവളുടെ ആ വീറും വാശിയും ദേഷ്യവും കൂസലില്ലായ്മയും തന്നെയാണ് അവനെ അവളിൽ ഏറ്റവും ഇഷ്ടപ്പെടുത്തിയത്.

ഇന്ന് ചാരുവിന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനുമൊക്കെ വിരുന്നു വരുന്ന ദിവസമായിരുന്നു. പാചകമെല്ലാം ദേവി തന്നെയാണ് ചെയ്തത്. എങ്കിലും സഹായത്തിനു ചാരു കൂടെ തന്നെ ഉണ്ടായിരുന്നു. പണികൾ ഒന്നു ഒതുങ്ങിയപ്പോൾ ചാരു ഫ്രഷ് ആകുവാൻ മുറിയിലേക്ക് പോയി. തന്റെ താലി മാല ഒഴികെയുള്ള മാലയും വളയുമെല്ലാം ഊരി വച്ചിട്ടാണ് കുളിക്കാൻ കയറിയത്. ചാരു പോയതിനു ശേഷമാണ് അവൾക്കു ഉടുക്കാനുള്ള സാരി അമ്മ ദേവിയുടെ കൈയ്യിൽ കൊടുക്കുന്നത്.

ദേവിയത് കൊണ്ടുപോയി അവരുടെ റൂമിൽ വച്ചു തിരികെ അടുക്കളയിലേക്കു തന്നെ പോയിരുന്നു. ചാരു കുളികഴിഞ്ഞു വരും മുന്നേ അവളുടെ അമ്മയും അച്ഛനും എത്തിയിരുന്നു. ദേവി അവരെ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. അമ്മയെയും കൂട്ടി ചാരുവിന്റെ മുറിയിലെത്തി.

അപ്പോഴേക്കും ചാരു സാരി ഉടുക്കാനുള്ള മൽപിടുത്തത്തിൽ ആയിരുന്നു. ദേവി കൂടി അവളെ സഹായിച്ചു. അതിനിടയിൽ ചാരു അമ്മയോട് കുശലാന്വേഷണം നടത്താനും മറന്നില്ല. സാരി ഉടുത്തു ഓർണമെന്റ്‌സ് നോക്കുന്ന കൂട്ടത്തിലാണ് ഊരി വച്ച ഒരു മാല കാണുന്നില്ലയെന് ചാരു ശ്രെദ്ധിച്ചത്. അവൾ അവിടെയൊക്കെ ആകെ തിരക്കി. കാര്യമറിഞ്ഞ ദേവിയും ഒപ്പം നിന്നു അവിടെയൊക്കെ നോക്കിയെങ്കിലും കിട്ടിയില്ല. പിന്നെ വീട്ടിലെ ഓരോരുത്തരും അറിഞ്ഞു തുടങ്ങി. അവളുടെ ശ്രെദ്ധയില്ലായ്മയെ വിച്ചു ചെറുതായി ചീത്ത പറഞ്ഞു.

“നമ്മുടെ വീട് അല്ലെ ഇതു… ഇവിടെ നിന്നുമാരും എടുത്തു കൊണ്ടുപോകില്ല” അച്ചുവായിരുന്നു . അവളും കുറെ അന്വേഷണം നടത്തി. അവൾ തന്നെ വിച്ചുവെട്ടന്റെ മുറി വിട്ടു മറ്റു മുറികളിലും കൂടി നോക്കുവാൻ നിർബന്ധിച്ചു. മഹി അച്ചുവിന്റെ ഭാവങ്ങൾ മൗനമായി നോക്കി കണ്ടപ്പോൾ ദേവിക്ക് എന്തോ അപകടം മണത്തു. അന്വേഷണം ഒടുവിൽ മഹിയുടെ റൂമിലും എത്തിനിന്നു… ആ അന്വേഷണം കൃത്യമായി ദേവിയുടെ ബാഗിലേക്കും… അച്ചു തന്നെയാണ് വർധിച്ച ആവേശത്തോടെ ദേവിയുടെ ബാഗ് തപ്പിയത്.

ആ ആവേശം ദേവിക്ക് മാത്രമേ മനസിലയുള്ളൂ. അവളുടെ കണ്ണുകളിലെ പ്രതികാരം ചെയ്തു തിളങ്ങിയ കണ്ണുകൾ ദേവി മാത്രമേ കണ്ടുള്ളൂ… പ്രതീക്ഷിച്ചപോലെ ചാരുവിന്റെ മാല ഒടുവിൽ ബാഗിലെ ഒരു സൈഡിൽ നിന്നും കണ്ടെത്തി… അച്ചു മാല പുറത്തേക്കെടുക്കുമ്പോൾ നീർക്കണങ്ങളോടെ കണ്ണുകൾ അടച്ചു ശ്വാസം പോലുമെടുക്കാനാകാതെ ദേവി വിയർത്തു നിന്നു….!!

 

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9