Monday, November 18, 2024
Novel

ദേവാസുരം : ഭാഗം 19

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഇന്ദ്രന്റെ മനസ്സിൽ തനിക്ക് ഒരിക്കലും സ്ഥാനം ഉണ്ടാവില്ലെന്നത് അവളെ തളർത്തി കൊണ്ടിരുന്നു. എപ്പോളായാലും അലീനയെ തേടി അവൻ പോകുമെന്ന തിരിച്ചറിവ് അവളിൽ ആഴ്ന്നിറങ്ങിയിരുന്നു.

കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി പുച്ഛത്തോടെ അവൾ ചിരിച്ചു. അവൻ വാങ്ങി കൊടുത്ത സാരിയിലും നെറ്റിയിലെ സിന്ദൂരത്തിലും താലിയിലുമെല്ലാം അവളുടെ വിരലുകൾ സഞ്ചരിച്ചു.

ഭ്രാന്തമായ ആവേശത്തോടെ തന്റെ ആഭരണങ്ങൾ അഴിച്ചെറിഞ്ഞു. നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചു.

പൊട്ടിച്ചെറിയാനായി കൈ താലിയിൽ അമർന്നതും ഒരു തളർച്ചയോടെ താഴേക്ക് ഭിത്തിയിൽ ചാരി ഇരുന്നു.

ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു.

സമയം കടന്നു പോകും തോറും താനൊരു ഭ്രാന്തിയാകുമെന്ന ചിന്തയാണ് അവളെ ദേവികയെ വിളിപ്പിച്ചത്.

അവളെ വിളിച്ച് തന്റെ ദുഃഖങ്ങൾ മുഴുവൻ പങ്കുവെച്ചു. അവളുടെ വാക്കുകൾ ഒരു ഉചിതമായ തീരുമാനമെടുക്കാൻ അവളെ പ്രാപ്തയാക്കി എന്ന് വേണം പറയാൻ.

“ജാനു ഇത് നിന്റെ ജീവിതമാണ്. എന്ത് തീരുമാനം എടുത്താലും നീ നിന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കണം. പിന്നെ ഇനിയും ഏട്ടനിൽ മാറ്റം ഇല്ലെങ്കിൽ ഞാനൊരിക്കലും നിന്നെ ഈ ബന്ധം തുടർന്നു പോകാൻ നിർബന്ധിക്കില്ല.”

അത്രയും പറഞ്ഞ് ദേവു കാൾ കട്ട്‌ ചെയ്തു. ജാനു തന്റെ ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയ്ത് അടുത്ത മുറിയിലേക്ക് പോയി.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു മരവിപ്പ് ആയിരുന്നു. താൻ കാരണം എത്ര പേര് ദുഖിച്ചിരുന്നു. സ്വന്തം അമ്മയെ പോലും മനസിലാക്കിയില്ല.

എന്തൊക്കെ ചെയ്താലും തന്റെ തെറ്റിനുള്ള പരിഹാരമാവില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നു.

തന്നെ ഒരു നല്ല സുഹൃത്തായി കണ്ട് പെരുമാറിയ അലീനയെ മറ്റൊരു കണ്ണിലൂടെ കണ്ടത് ഓർക്കുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് അവന് തോന്നി.

ഇനിയും ഓരോന്നും ചിന്തിച്ചാൽ തനിക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് തോന്നിയപ്പോളാണ് അടുത്തുള്ള ബാറിലേക്ക് കാർ കയറ്റിയത്.

എല്ലാം താൽക്കാലികമായി മറക്കാൻ മറ്റൊരു വഴിയും അപ്പോൾ അവന് മുന്നിൽ ഉണ്ടായിരുന്നില്ല. ബോധം മറയും വരെ കുടിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

ഏറെ വൈകിയപ്പോൾ ഏതോ ഓട്ടോയിൽ വീട്ടിലേക്ക് പോയി.

കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ ജാനു വന്നു ഡോർ തുറന്നു കൊടുത്തിരുന്നു.

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തപ്പി തടഞ്ഞു എങ്ങനെയൊക്കെയോ മുകളിലേക്ക് കയറി കട്ടിലിൽ കിടന്നു. അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു.

എത്രയൊക്കെ വാശി മനസ്സിൽ സൂക്ഷിച്ചിട്ടും വെറുക്കാനാവാത്തതിനാലാണ് കാളിങ് ബെൽ കേട്ടതും ഓടി പോയി വാതിൽ തുറന്നത്.

ബോധമില്ലാതെ നിൽക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ തന്റെ അച്ഛനെയാണ് ഓർമ വന്നത്.

ആദ്യമായി ജീവിതത്തോട് അറപ്പും വെറുപ്പും തോന്നി. അവനിൽ നിന്ന് സോറി എന്ന വാക്കെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു.

ഏട്ടന്റെ ജീവിതത്തിലും മനസിലും അൽപം പോലും തനിക്ക് സ്ഥാനം ഉണ്ടാവില്ല.

അച്ഛൻ ഒരിക്കലെങ്കിലും അമ്മയെ സ്നേഹിച്ചിരുന്നു
താൻ അതിനേക്കാൾ അധഃപതിച്ച പെണ്ണായി പോയി.

പിന്നാലെ പോയി അവന്റെ റൂമിലേക്ക് എത്തി നോക്കുമ്പോൾ ഇന്ദ്രൻ ഉറങ്ങുന്നുണ്ടായിരുന്നു. അടുത്തുള്ള മുറിയിൽ കയറി ലൈറ്റ് ഓഫ്‌ ആക്കി.

ആദ്യമായി ഒറ്റയ്ക്ക് ആവാൻ ആഗ്രഹിച്ചു പോയി. എന്നിലെ ഭയം എങ്ങനെ ഇല്ലാതായെന്നു മനസിലായില്ല. ആദ്യമായി ഇരുളിനോടു പ്രണയം തോന്നി.

മറ്റൊന്നിനെയും കാണണ്ടല്ലോ. ഇത് വരെ ഒറ്റക്ക് ആയിരുന്നു. ഇടയ്ക്ക് എപ്പോഴോ ഒരു കൂട്ട് ആഗ്രഹിച്ചു പോയി അർഹത പെട്ടത് അല്ലാഞ്ഞിട്ടും കൊതിച്ചു പോയി.

ചിലപ്പോൾ വിഷ്ണു ഏട്ടനോട് ചെയ്ത തെറ്റിന്റെ പ്രതിഫലം ആവാം.

അല്ലെങ്കിൽ ഒരിക്കലും സന്തോഷം അറിയരുതെന്ന ദൈവത്തിന്റെ വാശി ആവാം.

കരയുകയാണെന്ന് തലയണ നനഞ്ഞപ്പോളാണ് മനസിലായത്. ഇനി കരയാൻ പാടില്ല.

ഒഴിഞ്ഞു പോവണം. എന്റെ ആവശ്യം ഈ വീട്ടിൽ ആർക്കും ഇല്ലാത്തത് പോലെ എനിക്കും വേണ്ട. എന്നെ വേണ്ടവർ മറ്റെവിടെങ്കിലും ഉണ്ടാവാം.

കണ്ടില്ലേ പ്രകാശം നഷ്ടമായപ്പോൾ സ്വന്തം നിഴലും ഉപേക്ഷിച്ചു പോയിരിക്കുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നു.

രാവിലെ താമസിച്ചാണ് അവൻ ഉണർന്നത്. തലയ്ക്കു നല്ല ഭാരം തോന്നിയിരുന്നു. ഇന്നലത്തെ ഓരോ സംഭവങ്ങളും അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു.

അറിയാതെ തല കുനിഞ്ഞു. ഇന്നലെ എപ്പോൾ വീട്ടിൽ എത്തിയെന്നത് പോലും ഓർമ ഇല്ല.

തലയ്ക്കു ഒരു മരവിപ്പ് മാത്രം. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൻ ചുറ്റും പരതി.

ജാനു… ! താൻ അവളെ മറന്നെന്നു അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന ഓരോ സംഭവങ്ങളും അത്രത്തോളം മനസിനെ പിടിച്ച് കുലുക്കിയിരുന്നു.

പക്ഷെ രാത്രിയിൽ പോലും അവളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

ഇന്നലെ താൻ വരുമ്പോൾ അവളിവിടെ ഉണ്ടായിരുന്നില്ലേ? വാതിൽ തുറന്നു താരാതെ അകത്തു കയറാൻ ആവില്ലല്ലോ?
അവൻ ടേബിളിൽ നോക്കി. പതിവ് ചായ അവിടെ ഉണ്ടായിരുന്നില്ല.

താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ ഉണ്ടാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

അവിടവും ശൂന്യമായിരുന്നു. രാവിലെയും ഒന്നും പാകം ചെയ്തതിന്റെ ലക്ഷണം ഒന്നുമില്ല.

ഇന്നലെ അവൾക്ക് കൊടുത്ത മോഹന വാഗ്ദാനങ്ങൾ ആണ് ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത്.

പാവം കാത്തിരുന്നിട്ടുണ്ടാവും. തെറ്റുകൾക്ക് മേലെ തെറ്റുകളാണ് താൻ ചെയ്ത് കൂട്ടുന്നത്.

മുറ്റത്തു നോക്കി വീണ്ടും മുകളിലേക്ക് പോവുമ്പോൾ അവിടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു.

അലമാരയിൽ അവളുടെ സാധനങ്ങൾ കാണാതായപ്പോൾ ശൂന്യതയാണ് തോന്നിയത്.

തന്റേതെന്ന് ധൈര്യത്തോടെ പറയാൻ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കൂടി താൻ അകറ്റിയിരിക്കുന്നു.

അത്രത്തോളം വേദനിക്കാതെ അവൾ തന്നെ ഒറ്റക്കാക്കി പോകില്ലെന്ന് അവന് അറിയാമായിരുന്നു.
വേഗം മാധവ മാമയെ വിളിച്ചു.

അവിടുത്തെ വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ തന്നെ മാമൻ ജാനുവിനെ തിരക്കി.

അവൾ അവിടെ എത്തിയില്ല എന്ന മനസ്സിലായതും എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ട്‌ ആക്കി.

തനിയെ രുദ്രേച്ചിയുടെ അടുക്കൽ പോവില്ലെന്ന് അറിയാമായിരുന്നു. ഇനി കോളേജിൽ പോയിട്ടുണ്ടാവുമോ? ദേവികയ്ക്ക് ഉറപ്പായും അവളെ പറ്റി അറിയാമായിരിക്കും.

ദേവികയുടെ നമ്പർ അറിയാത്തത് കൊണ്ട് അവളുടെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ ചെന്നപ്പോളാണ് ദേവിക കോളേജിൽ ഉണ്ടെന്ന് അറിഞ്ഞത്.

ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് ബ്രേക്ക്‌ ആവുന്നത് വരെ വെയിറ്റ് ചെയ്യാൻ ജാനു പതിവായി ഇരിക്കാറുള്ള മരച്ചുവട്ടിലേക്ക് നടന്നു.

അവിടെ ജാനുവിനെ കണ്ടതും അവന് ആശ്വാസം തോന്നി. അവളുടെ അടുക്കലേക്ക് നടക്കാൻ ഒരുങ്ങിയപ്പോളാണ് കൂടെയുള്ള ആളിൽ അവന്റെ ശ്രദ്ധ പതിഞ്ഞത്.

അന്നൊരിക്കൽ താൻ ഇവിടെ ആദ്യമായി എത്തിയപ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി ദേഷ്യത്തിൽ ജാനുവിനോട് സംസാരിച്ച് നിറഞ്ഞ കണ്ണുകളോടെ ക്ലാസ്സിലെ നിന്ന് ഇറങ്ങി പോയ അവന്റെ രൂപം ഇന്നും ഇന്ദ്രന്റെ മുന്നിൽ തെളിഞ്ഞു നിന്നിരുന്നു.

ഇപ്പോൾ അവന്റെ മുഖത്ത് ആ ഭാവങ്ങളൊന്നും കാണാനില്ലായിരുന്നു. സൗമ്യ ഭാവത്തോടെ അവൻ ജാനുവിനെ നോക്കി ഇരിക്കയാണ്.

അവൾ തല കുനിച്ച് ഇരിക്കുന്ന കൊണ്ട് അവളിലെ ഭാവം അവന് മനസിലായില്ല.

“ജാനു നിന്നോട് അന്നും ഇന്നും എനിക്ക് ഒരു ദേഷ്യവുമില്ല. ഇന്ദ്രൻ നിന്റെ ജീവിതത്തിൽ വന്നതോടെ ഞാൻ മനഃപൂർവം ഒഴിഞ്ഞു പോയതാണ്.

പക്ഷെ ദേവു പറഞ്ഞത് വെച്ച് നീ ഇങ്ങനെ നരകിച്ചു ജീവിക്കണ്ട ജാനു.

ആരോരുമില്ലെന്ന് വെച്ചു നീ അവിടെ നിൽക്കേണ്ട കാര്യമില്ല. നീ എന്റെയൊപ്പം വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ട് പോകും നിന്നെ.

മറ്റൊന്നും കൊണ്ട് ഞാൻ നിന്റെ സ്നേഹത്തെ ഇരിക്കലും തൂക്കി നോക്കില്ല.

സഹതാപം കൊണ്ടൊന്നുമല്ല. അന്നും ഇന്നും ഇഷ്ടം തന്നെയാണ്. ഇപ്പോളതു കൂടിയിട്ടേ ഉള്ളൂ.

മറ്റുള്ളോർക്ക് വേണ്ടി സ്വന്തം ജീവിതം ദാനമായി കൊടുത്ത നിന്നോട് ഇപ്പോൾ ആരാധനയാണ്.”

വിഷ്ണു പറഞ്ഞ് നിർത്തി മറുപടിക്കായി ജാനുവിനെ നോക്കി. അവൾ അതേ ഇരുപ്പ് തുടരുകയാണ്. അവളുടെ മറുപടി എന്താണെങ്കിലും സ്വീകരിക്കാൻ വിഷ്ണുവിനൊപ്പം ഇന്ദ്രനും തയ്യാറായിരുന്നു.

പക്ഷെ അവളുടെ നാവ് കൊണ്ട് അത് കേൾക്കാൻ ഇന്ദ്രന് ഭയം തോന്നി.

ഇത് വരെ പ്രകടമാക്കാത്ത തന്റെ സ്നേഹത്തേക്കാൾ ഒത്തിരി പ്രധാന്യമർഹിക്കുന്നത്‌ വിഷ്ണുവിന്റെ സ്നേഹം തന്നെയാണ്.

അന്നും ഇന്നും അവളോട് അവൻ കാണിക്കുന്ന കരുതൽ തനിക്ക് പോലും മതിപ്പ് തോന്നിക്കുന്ന തരത്തിലാണ്.

അങ്ങനെയുള്ള വിഷ്ണുവിനെ എന്തിന്റെ പേരിലാണ് അവൾ തള്ളി പറയുക.

അവളെ വിട്ടുകൊടുത്ത് കൊണ്ട് തിരികെ നടന്നു പോവുമ്പോളും മനസ് മറ്റെങ്ങോ പാറി നടക്കുകയായിരുന്നു.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11

ദേവാസുരം : ഭാഗം 12

ദേവാസുരം : ഭാഗം 13

ദേവാസുരം : ഭാഗം 14

ദേവാസുരം : ഭാഗം 15

ദേവാസുരം : ഭാഗം 16

ദേവാസുരം : ഭാഗം 17

ദേവാസുരം : ഭാഗം 18