Saturday, July 13, 2024
Novel

ദേവാസുരം : ഭാഗം 12

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

അലെക്സിന് മറ്റെവിടെയോ പോവാൻ ഉള്ളത് കൊണ്ട് കഴിച്ചിട്ട് അവർ ഇറങ്ങി. ഇന്ദ്രൻ നിർബന്ധിച്ചെങ്കിലും അലീനയും അവനോടൊപ്പം പോയി.

പലപ്പോഴും അലീന പണ്ടത്തേതിൽ നിന്ന് വത്യസ്തമായി തന്നിൽ നിന്ന് അകലം കാട്ടുന്നത് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഉള്ളിൽ ഒരുപാട് വിഷമം.

ചിലപ്പോൾ തന്റെ വിവാഹം കഴിഞ്ഞതിനാലാവാം. അല്ല തന്റെ ഇഷ്ടം അവളെ അറിയിച്ചതിൽ പിന്നെ അങ്ങനെയാണ്. പിന്നീട് ഒരിക്കലും തന്റെ പഴയ അലീ ആയി അവൾ പെരുമാറിയിട്ടില്ല.

പണ്ടത്തെ അലീനയെ അവൻ ഓർത്തെടുത്തു. കുട്ടിക്കാലം മുതൽക്കേ തങ്ങൾ കൂട്ടുകാരായിരുന്നു. തങ്ങൾക്കിടയിൽ ആണെന്നും പെണ്ണെന്നുമുള്ള വേലിക്കെട്ടുകൾ ഉണ്ടായിരുന്നില്ല.

വളർന്നു വന്നപ്പോളും അങ്ങനെ തന്നെ ആയിരുന്നു. അലക്സ് ആണ് അവൾക്ക് തന്നോടുള്ള അടുപ്പത്തെ പറ്റി ആദ്യം സൂചന നൽകിയത്.

ആദ്യം എനിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഇടക്കെപ്പോളോ അവളുടെ പെരുമാറ്റം പ്രണയമാണെന്ന് ഞാനും ഉറപ്പിച്ചു.

പിന്നീട് അങ്ങോട്ടാണ് അവളെ ഞാനും ശ്രദ്ധിച്ചു തുടങ്ങിയത്. അവളുടെ ഒരോ കുസൃതികളും ഞാനും ആസ്വദിച്ചു.

പലപ്പോഴും രുദ്രേച്ചി എനിക്ക് തരുന്ന സ്നേഹവും കരുതലും അവളിൽ നിന്നും ലഭിച്ചിരുന്നു. എനിക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവൾക്കെന്ന പോലെ പരിഹാരം കണ്ടെത്തിയിരുന്നു.

തന്റെ തെറ്റ് കൊണ്ടാണോ അവൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന ചിന്ത അവനെ അസ്വസ്ഥൻ ആക്കി. അല്ല ഒന്നിന് വേണ്ടിയും തന്നെ അകറ്റി നിർത്താൻ അവൾക്കാവില്ല.

“ഏട്ടാ കഴിക്കുന്നില്ലേ?”

ജാനുവിന്റെ ചോദ്യമാണ് അവനെ ഉണർത്തിയത്.

“മ്മ്.”

കഴിക്കാനായി ഇരിക്കുമ്പോളും ഇന്ദ്രനിലെ ഭാവ മാറ്റം ജാനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാനുവിന്റെ സംശയങ്ങളെ ഇന്ദ്രന്റെ മാറ്റം ബലപ്പെടുത്തി. തന്റെ ഭർത്താവിന് മറ്റൊരു പെണ്ണിനോട് പ്രണയം ഉണ്ടെന്നത് അവളെയും തളർത്തി.

അവളുടെയും ഊർജം കുറഞ്ഞു പോയത് പോലെ. രണ്ടാളും മൂകമായിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഒറ്റക്ക് ഇരിക്കാൻ രണ്ടാളും ആഗ്രഹിച്ചത് പോലെ.

രാത്രിയും വളരെ വൈകിയാണ് ഇന്ദ്രൻ കിടക്കാൻ വന്നത്. അവളും അവനെ അകറ്റി നിർത്താൻ ആഗ്രഹിച്ചു.

പിന്നീട് ഇന്ദ്രൻ തന്റെ ഓഫീസിലെ തിരക്കുകളിലും ജാനു പഠനത്തിലും മുഴുകി.

“നീയെന്താ ചിന്താവിഷ്ടയായ സീതയെ പോലെ ഇരിക്കുന്നത്?”

പതിവിന് വിപരീതമായി എക്സാം ഹാളിന് പുറത്ത് ചിന്തയിലാണ്ടിരിക്കുന്ന ജാനുവിനോട് ദേവു ചോദിച്ചു.

“ഒന്നുമില്ല.”

ദേവുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് ജാനു മറുപടി പറഞ്ഞത്. അപ്പോളേക്കും എക്സാം തുടങ്ങാനുള്ള ബെൽ അടിച്ചത് കൊണ്ട് ദേവു കൂടുതലായൊന്നും ചോദിച്ചില്ല. രണ്ടാളും അകത്തേക്ക് കയറി.

എക്സാം കഴിഞ്ഞ് പതിവ് പോലെ റൂമിന് പുറത്ത് ജാനുവിനെ കാണാതായപ്പോളെ ദേവുവിന് കാര്യം മനസ്സിലായിരുന്നു. അവൾ വേഗത്തിൽ പതിവ് സ്ഥലത്തേക്ക് നടന്നു.

“കാര്യം പറ.”

ജാനുവിന് അരികിലായി ഇരുന്നു കൊണ്ട് ദേവു പറഞ്ഞു. ദേവുവിന്റെ മുഖത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താടാ എന്ത് പറ്റി? എന്നോട് പറ.”

ദേവുവിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. തന്റെ സംശയങ്ങൾ ഉൾപ്പെടെ. അവളെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

“നിന്റെ സംശയം ശെരിയാണെന്ന് വെക്കാം. പക്ഷെ പിന്നെന്തിനാണ് ഏട്ടൻ നീയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്?

അറിഞ്ഞടുത്തോളം നിന്നെക്കാൾ നല്ല ബന്ധം അതാണ്. അടുത്തറിയുന്ന ആളുകളും. അവർക്ക് ഇഷ്ടമുണ്ടെങ്കിൽ കെട്ടി കൂടെ.”

“അമ്മ സമ്മതിക്കാഞ്ഞിട്ടാണോ ഇനി അമ്മയോട് ദേഷ്യം.”

ജാനു തന്റെ സംശയം അവളോടു പറഞ്ഞു.

“അത് ശെരിയാവാം. പക്ഷെ അറിഞ്ഞടുത്തോളം നിന്റെ അമ്മായി അമ്മ ജാതി വേറെ ആയത് കൊണ്ട് മാത്രം വിവാഹത്തിന് സമ്മതിക്കാതെ ഇരിക്കുമോ?”

“അതും ശെരിയാണ്. അങ്ങനെ ഇരുന്നാലും ഏട്ടൻ അതിനെ എതിർത്തു അവളെ തന്നെ കെട്ടും. ആ രീതിയിലാണ് ഏട്ടന്റെ സ്വഭാവം.”

“അത് തന്നെ അതാണ് എന്റെയും സംശയം. നിന്റെ ഏട്ടൻ അവളെ കെയർ ചെയ്യുന്നതൊക്കെ പോട്ടെ അവളുടെ പെരുമാറ്റത്തിൽ ഏട്ടനോട് ഇഷ്ടം ഉള്ള പോലെ എന്തെങ്കിലും ഉണ്ടോ?”

“സാധാരണ ഫ്രണ്ട്സ് സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.”

അൽപ സമയം ആലോചിച്ചിട്ടാണ് ജാനു അത് പറഞ്ഞത്.

“അപ്പോ നീ പേടിക്കണ്ട. നിന്റെ ഏട്ടൻ ഒന്നെങ്കിൽ ഇഷ്ടം അവളെ അറിയിച്ചിട്ടില്ല. അല്ലെങ്കിൽ അവൾ അത് നിരസിച്ചു.”

“ഏഹ്?”

“ആടി. അവളിൽ നിന്നൊരു പോസിറ്റീവ് റെസ്പോൺസ് ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പൊ അവിടെ ഉണ്ടാകില്ലായിരുന്നു.”

“പക്ഷെ ഏട്ടനെ അവൾക്ക് ഇഷ്ടല്ലാതാവുമോ?”

“അതെന്താ നിന്റെ ചേട്ടൻ കാമദേവൻ ആണോ? ഒന്ന് പൊക്കോണം. നീ ഇതിനാണോ സങ്കടപ്പെട്ടത്? ഡീ പൊട്ടിക്കാളി എന്തൊക്കെ പറഞ്ഞാലും നീ അങ്ങേരുടെ ഭാര്യ ആണ്. നിന്നോടാണേൽ പുള്ളിക്ക് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്.”

“എപ്പോ?”

“ഓ ഒന്നും അറിയാത്തത് പോലെ.”

ഒരു കള്ള ചിരിയോടെ ദേവു പറയുന്നത് കണ്ടപ്പോളേ അവൾ ഉദേശിച്ചത് മനസിലായി.

“അല്ലെടാ ഏട്ടൻ എല്ലാവരോടും അങ്ങനാ. ഏട്ടൻ സ്നേഹിക്കുന്നവരെ നന്നായി കെയർ ചെയ്യും. സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ടൈപ്പ് അല്ല. അത് കണ്ടു ഞാനും തെറ്റിദ്ധരിച്ചതാ.”

“ഓ അതായത് എന്റെ അച്ഛനെ പോലെ ഒരു മൂരാച്ചി അല്ലെന്ന്.”

“ദേ ദേവു നിന്റെ അച്ഛൻ കേൾക്കണ്ട അന്നത്തോടെ നീ തീരും.”

ദേവുവിന്റെ അച്ഛൻ വല്യ ദുർവാശിയും കൃത്യനിഷ്ഠയുമൊക്കെ ഉള്ള ഒരു റിട്ടയേർഡ് മിലിറ്ററിക്കാരൻ ആണ് കേട്ടോ.

അവളുടെ കള്ളത്തരമൊന്നും അവിടെ വിലപ്പോകില്ല. ഓരോ കുരുത്തക്കേട് കാട്ടുമ്പോളും നല്ല അടി കിട്ടും എന്നാലും അവൾ നന്നായിട്ടില്ല. അവൾക്ക് പേടിയും ഇല്ല.

“അത് പോട്ടെ. ഏതായാലും നീ വിചാരിച്ചാൽ നിന്റെ കെട്ടിയോൻ നിന്നെ വിട്ട് എങ്ങും പോവില്ല.”

“എങ്ങനെ?”

“ഓ പൊട്ടി നീ ഒന്നും ചെയ്യണ്ട. സാധാരണ ചെയ്യില്ലേ, എല്ലാരേയും സ്നേഹിക്കില്ലേ അത് തന്നെ മതി. ഒന്നും പ്രതീക്ഷിക്കാതെ ഏട്ടനെ പ്രണയിക്കുക. അങ്ങനെ വിട്ടിട്ട് പോവാൻ ആർക്കും പറ്റില്ലെന്നേ.”

അതേ എളുപ്പമുള്ള കാര്യമാണ്. ഇന്ന് വരെ താൻ സ്നേഹിച്ചവരിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല താനൊട്ട് ഒന്നും പ്രതീക്ഷിച്ചിട്ടും ഇല്ല.

ദേവു പറഞ്ഞതിലും കാര്യമുണ്ട്. അലീനയെ ഇഷ്ടമായിരുന്നെങ്കിലും പണ്ടത്തെ കാര്യമല്ലേ. അങ്ങനെ നോക്കാൻ ആണെങ്കിൽ വിഷ്ണു ഏട്ടനെ പറ്റി ഇന്ദ്രേട്ടനും പറയണമല്ലോ.

“താങ്ക്സ് മുത്തേ..”

ദേവുവിനെ കെട്ടി പിടിച്ച് കൊണ്ടാണ് ജാനു അത് പറഞ്ഞത്.

“അല്ല ഇതൊക്കെ നീ എപ്പോ പഠിച്ചു ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കാൻ?”

സംശയ ഭാവത്തിൽ ജാനു ചോദിച്ചത് കേട്ടതും ദേവു നിന്നു പരുങ്ങി.

“ഹേയ് അങ്ങനെയൊക്കെ അല്ലേ നമ്മൾ കാണുന്നത് സിനിമയിലൊക്കെ.”

“ഏത് സിനിമയിൽ?”

“അതെന്തെങ്കിലും ആവട്ടെ നീ പോയി ഞാൻ പറഞ്ഞ പോലെ ചെയ്യാൻ നോക്ക്.”

“എന്തോ ഉണ്ടല്ലോ?”

“ഇത് കൊള്ളാം. കഷ്ടപ്പെട്ട് CID പണി ചെയ്ത് ഓരോന്ന് പറഞ്ഞു തന്നപ്പോൾ വാദി പ്രതിയായോ?”

“ആയിക്കോട്ടെ. അല്ല എന്താ ഇനി ചെയേണ്ടത്?”

“അലീന മോഡേൺ അല്ലേ അപ്പോ അങ്ങനത്തെ പെണ്ണിനെ ആവും നിന്റെ ഏട്ടനും ഇഷ്ടം. നമുക്ക് ഈ കൊറിയൻ സീരിയലിൽ കാണും പോലെ ഒരു മേക്ക് ഓവർ ചെയ്താലോ?”

“അതൊക്കെ ഭയങ്കര ഓവർ അല്ലേ മോളേ. ഞാൻ എങ്ങനെ ഇരിക്കുന്നോ അത് പോലെ ഇഷ്ടപ്പെട്ടാൽ മതി. അല്ലാതെ എനിക്ക് എന്റെ ഐഡന്റിറ്റി മാറ്റാൻ പറ്റില്ല.”

“അതും ശെരിയാ. പക്ഷെ നിന്റെ ഈ ഓഞ്ഞ ലുക്ക്‌ കുറച്ചു മാറ്റണം. ചെറിയ പൊടി കൈകൾ നമുക്ക് തന്നെ ചെയ്യാം. എന്റെ ഒരു ചേച്ചിയുടെ പാർലർ ഉണ്ട് നമുക്ക് ഇടക്ക് അവിടെ പോവാം.”

“മ്മ്.”

വൈകിട്ട് ഇന്ദ്രൻ വരും വരെ രണ്ടാളും അവിടിരുന്നു പ്ലാനിങ്ങിൽ ആയിരുന്നു. പതിവ് പോലെ ദേവുവിനെ വീട്ടിൽ ആക്കിയിട്ടാണ് അവർ പോയത്.

രാവിലെ പോയതിൽ നിന്നും വത്യസ്തമായാണ് ജാനു തിരികെ വീട്ടിൽ എത്തിയത്. പഴയ കരുത്ത് തിരിച്ചു വന്നത് പോലെ. മാമനെയും രുദ്രേച്ചിയേയും വിളിച്ചു.

എക്സാം കഴിഞ്ഞ് ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ വരണമെന്ന് പറഞ്ഞു. ഇന്ദ്രനെ കൊണ്ടും സമ്മതിപ്പിക്കാൻ ജാനുവിനെ ഏൽപ്പിച്ചിട്ടാണ് വെച്ചത്.

രാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ ഇന്ദ്രൻ വലിയ ആലോചനയിൽ ആയിരുന്നു. ആളുടെ മൂഡ്‌ ശെരിയാക്കാമെന്ന് വെച്ചു ജാനു അങ്ങോട്ടേക്ക് കയറി സംസാരിച്ചു.

ആദ്യമൊക്കെ താൽപര്യക്കുറവ് കാണിച്ചെങ്കിലും മുത്തശ്ശിയെ പറ്റി പറഞ്ഞപ്പോൾ ആള് ഓൺ ആയി.

അത്രത്തോളം ഇന്ദ്രനെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് ജാനുവിന് അറിയാമായിരുന്നു. പിന്നെ കുട്ടിക്കാലത്തെ വീര വാദമായി.

ഓ തള്ളൽ ഒരു രക്ഷയുമില്ല. ജാനുവിനും അതൊക്കെ കേട്ടറിവായിരുന്നു. മുത്തശ്ശിയും തറവാടും കുളവും എല്ലാം. അവളുടെ ബാല്യത്തിന് നിറങ്ങൾ ഇല്ലായിരുന്നു.

ഇന്ദ്രൻ ഓരോന്നും പറയുമ്പോളും തനിക്ക് അത്തരത്തിൽ ഒന്നും പറയാനില്ലെന്നത് അവളിൽ ഒരു ചെറു നോവ് ഉണ്ടാക്കി.

അത് മനസിലാക്കിയെന്ന വണ്ണം ഇന്ദ്രൻ അവളെയും ഒരിക്കൽ പഴയ തറവാട്ടിൽ കൊണ്ട് പോകാമെന്നു ഏറ്റു.

രുദ്രയുടെ വീട്ടിൽ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഇന്ദ്രനും എതിർത്തൊന്നും പറഞ്ഞില്ല. വിരുന്നിനു ചെല്ലാത്തതിന്റെ പരിഭവം എന്നും അവനോട് രുദ്ര പറയുന്നുണ്ടായിരുന്നു.

“ആഹ് പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. അടുത്ത monday നമുക്ക് ഒരു പാർട്ടി ഉണ്ട്.”

“എവിടെ?”

“ഓഫീസിൽ നമ്മുടെ മാര്യേജിന്റെ പാർട്ടി പ്രത്യേകം നടത്താൻ പറഞ്ഞിരുന്നു. പിന്നെ അലീനയ്ക്ക് ഒരു വെൽക്കം കൂടെ കൊടുക്കാല്ലോ.”

അലീനയുടെ കാര്യം കേട്ടപ്പോൾ അത്രക്ക് അങ്ങോട്ട് ഇഷ്ടായില്ലെങ്കിലും മുഖത്തൊന്നും കാട്ടിയില്ല.

“മ്മ്.”

“നമുക്ക് അതിന് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോവണം. Monday ഫ്രീ അല്ലേ?”

“എനിക്ക് ഇനി രണ്ടു ദിവസം കൂടിയേ എക്സാം ഉള്ളു. പിന്നെ ഞാൻ ഫ്രീ ആണ്.”

“ആഹ് അപ്പോ അത് കഴിഞ്ഞു ഡ്രസ്സ്‌ എടുക്കാം.”

“മ്മ്. പിന്നെ ഞാനൊന്നു മുടി വെട്ടിയാലോ എന്ന് ഓർക്കുവാ.”

ദേവു രാവിലെ പറഞ്ഞപ്പോൾ വലിയ ഡയലോഗൊക്കെ അടിച്ചെങ്കിലും ഇന്ദ്രന്റെ ഇഷ്ടത്തിന് മാറാൻ അവൾ തയ്യാറായിരുന്നു.

“ഏഹ് എന്തിനാ മുടി വെട്ടുന്നത്?”

“ചുമ്മാ. എപ്പോളും ഒരു പോലെ നടന്നാൽ മതിയോ?”

“പെൺകുട്ടികൾക്ക് മുടി ഒരു ഐശ്വര്യമാണ് !മുത്തശ്ശിയുടെ അഭിപ്രായമാണ് കേട്ടോ. അത് കേട്ടു കേട്ട് ആവും എനിക്കും അതാ ഇഷ്ടം. തനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളു. ഞാൻ പറഞ്ഞെന്നെ ഉള്ളൂ.”

സത്യം പറഞ്ഞാൽ അവന്റെ അഭിപ്രായം അവളിൽ സന്തോഷമാണ് നിറച്ചത്. താൻ വിചാരിച്ചു വെച്ചിരിക്കുന്നതല്ല ഇന്ദ്രന്റെ ഇഷ്ടങ്ങളെന്ന് അവൾക്ക് മനസ്സിലാവാൻ ആ വാക്കുകൾ മതിയായിരുന്നു.

പിന്നീട് ഉള്ള രണ്ടു ദിവസം എക്സാമും ബഹളവുമായി പെട്ടെന്ന് കടന്നു പോയി. അവസാനത്തെ എക്സാം കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ പാർലറിൽ വെച്ചു കാണാമെന്നു ഏറ്റു രണ്ടാളും പിരിഞ്ഞു.

അന്ന് വൈകിട്ട് പോയി ഡ്രസ്സ്‌ വാങ്ങി. നിറയെ ത്രെഡ് വർക്ക്‌ ഉള്ള ക്രീം കളർ ചുരിദാറാണ് വാങ്ങിയത്.

ഏട്ടനാണ് സെലക്ട്‌ ചെയ്തതെങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു അത്. അതിന് വേണ്ടിയുള്ള ആക്സസ്സറീസ് ഞാൻ തന്നെ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11