Saturday, July 13, 2024
Novel

നിലാവിനായ് : ഭാഗം 21

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“അതുകൊണ്ട് എന്താ… ജീവൻ ഇനി അവിടെ തുടരുന്നതിൽ എനിക്ക് താൽപര്യമില്ല. എത്രയും പെട്ടന്ന് ആ പോസ്റ്റിൽ പുതിയ ആളെ അപ്പോയന്റ് ചെയ്യണം… പുതിയ ആൾ അല്ല… ഈ നിൽക്കുന്ന ദേവ്നി ആയിരിക്കും ഇനി ജീവന്റെ സ്ഥാനത്ത്”

“ഗൗതം” അതൊരു അലർച്ച തന്നെയായിരുന്നു. മാധവ് മേനോന്റെ. തന്റെ കണക്ക് കൂട്ടലുകൾ പിഴയ്ക്കുന്നുവോ… ശീതീകരണ മുറിയിലും അയാളുടെ ചെന്നിയിൽ കൂടി വിയർപ്പൊഴുകി.

ഗൗതം കാര്യം മനസിലാകാത്ത പോലെ അച്ഛൻ മാധവ് മേനോനെ നോക്കി.

“ഇപ്പോഴത്തെ അവസ്ഥയിൽ ജീവൻ ലക്ഷ്മി ഗ്രൂപ്പ് വിട്ടു പോകുന്നത് ശരിയാണോ ഗൗതം. നീ എന്തറിഞ്ഞിട്ടാണ് പറയുന്നത്”

“ജീവൻ കഴിഞ്ഞ ആറു മാസം മുൻപേ റെസിഗ്നഷൻ തന്നതല്ലേ. ഇത്രയും നാളുകൾ നോട്ടീസ് പീരിയഡ് ആയിരുന്നു.

കമ്പനിയുടെ മുന്നോട്ട് ഇനി എന്തു എന്നു ജീവൻ ആലോചിക്കേണ്ട കാര്യമെന്താ. കമ്പനി എങ്ങനെപോയാലും അതൊന്നും ജീവനെ ബാധിക്കുന്നതല്ല. അയാളെ സംബന്ധിച്ചു കമ്പനിയുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞു.

ഇനി കമ്പനിയുടെ മുന്നോട്ട് എന്താണെന്നു ഞാനും അച്ഛനും ബാക്കിയുള്ള സ്റ്റാഫ് കൂടിയാണ് ആലോചിക്കേണ്ടത്”

മാധവനു മകനെ എങ്ങനെ പറഞ്ഞു മനസിലാക്കിക്കണം എന്നറിയില്ല. ഒരുവേള ഗൗതമിനെ കൊണ്ടു പറയിച്ചു ജീവനെ പിടിച്ചു നിർത്താമെന്നു മാധവ് കണക്ക് കൂട്ടിയിരുന്നു.

തന്റെ ആ ഒരു ചിന്ത തന്നെ ഗൗതം മുളയിലേ നുള്ളി കളഞ്ഞു.

“അതല്ല ഗൗതം. നീയും ഇങ്ങനെ ഇരിക്കുന്നു. എന്റെ മാനസികാവസ്ഥയും അത്ര ശരിയല്ല. കമ്പനി കാര്യങ്ങളിൽ അത്ര കണ്ടു ശ്രെദ്ധിക്കാൻ കഴിയുന്നില്ല.

അപ്പൊ ജീവൻ ഇവിടെ വേണ്ടത് നമ്മുടെ അത്യാവശ്യമല്ലേ… ഒരു ആപത്തു വരുമ്പോൾ അല്ലെ ഏറ്റവും കൂടുതൽ അടുത്തു നിൽക്കേണ്ടതും ചേർത്തു പിടിക്കേണ്ടതും”

“അങ്ങനെയാണോ… എങ്കിൽ അച്ഛൻ എത്ര പ്രാവശ്യം ജീവനെ ചേർത്തു പിടിച്ചിട്ടുണ്ട്. അതൊന്നു ആദ്യം പറയു.

ഒരേ പ്രായം ആയിരുന്നിട്ടു കൂടി ഈ ഞാൻ പോലും അകറ്റി നിർത്തിയിട്ടേയുള്ളൂ ജീവനെ. അതെങ്ങനെയ ചേർത്തു പിടിക്കേണ്ട അച്ഛന്റെയും അമ്മയുടെയും കരങ്ങൾ ഒന്നു തലോടാൻ പോലും ജീവന് നേരെ ഉയർന്നു ഞാനോ ഗായത്രിയോ ഇതുവരെ കണ്ടിട്ടില്ല.

അതുകണ്ടല്ലേ ഞങ്ങളും പഠിക്കുന്നെ. അതുകൊണ്ടു തന്നെ കമ്പനി ഭാവി ജീവനെ ബാധിക്കുന്ന വിഷയമേ അല്ല.

അതുപോട്ടെ അച്ഛൻ ജീവൻ എന്ന വ്യക്തിയെ കണ്ടു കൊണ്ടാണോ ബിസിനസ് തുടങ്ങി വച്ചതു. അല്ലലോ. പിന്നെ എന്റെ കഴിവിൽ അച്ഛന് വിശ്വാസമില്ല എന്നാണോ…

അച്ഛനോടുള്ള വിശ്വാസവും പ്രതിബദ്ധതയും കൊണ്ടല്ലേ എന്റെ ഇഷ്ടപ്പെട്ട കരിയർ പോലും ഉപേക്ഷിച്ചു അച്ഛൻ ആഗ്രഹിച്ച പോലെ ബിസിനസിലേക്ക് വന്നത്…

എന്നിട്ട് ഇത്രയും നാളത്തെ എന്റെ പ്രവർത്തിയിൽ അച്ഛന് ഒരു വിശ്വാസവുമില്ല എന്നാണോ” ഗൗതം ചോദ്യങ്ങൾ തുടരെ തുടരെ എറിഞ്ഞു കൊണ്ടു അയാളെ പിരിമുറുക്കത്തിലാക്കി കൊണ്ടിരുന്നു.

ആ സമയം പ്രകാശും അവിടേക്ക് കേറി വന്നു. ഗൗതമിനെ കാണുവാനായിരുന്നു അയാളുടെ വരവ്. അപ്പോഴാണ് ഇവരുടെ സംഭാഷണങ്ങൾ കേൾക്കുന്നത്.

പ്രകാശ് ഉള്ളിലൂറിയ ചിരിയോടെ അതൊക്കെ കേട്ടു അവർക്കരികിലേക്കു ചെന്നു.

പ്രകാശിനെ കണ്ടതും എല്ലാവരും പെട്ടന്ന് നിശബ്ദമായി.

“എന്താ… വലിയ സീരിയസ് ചർച്ചയാണെന്നു തോന്നുന്നു. ഞാൻ വന്ന സമയം… ”

“അങ്കിൾ വന്ന സമയത്തിന് ഒരു കുഴപ്പവുമില്ല. അത്ര വലിയ സീരിയസ് ഇഷ്യൂ ഒന്നുമല്ല അങ്കിൾ… ജീവന്റെ കാര്യം തന്നെയാണ്.

ആറു മാസം മുന്നേ ജീവൻ റീസൈൻ ചെയ്തിരുന്നു. ഇപ്പോഴുള്ള നോട്ടീസ് പീരിയഡ് കാലാവധിയും കഴിഞ്ഞു.

ഇനി മുന്നോട്ട് എന്തു എന്നു ജീവൻ ചിന്തിക്കണമല്ലോ… അതിനെ കുറിച്ചു പറയുകയായിരുന്നു” ഗൗതം പറഞ്ഞു നിർത്തുമ്പോൾ പ്രകാശിന്റ മുഖത്തു ഒരു സന്തോഷം… തിളക്കം… അതു മറ്റുള്ളവർക്കും തെളിഞ്ഞു കാണാമായിരുന്നു.

പിന്നീട് അവർ ജീവന്റെ ജോലി കാര്യം ചർച്ച ചെയ്തില്ല. ഗൗതത്തിന്റെ വിശേഷങ്ങൾ തിരക്കി ദേവ്നിയോടും രണ്ടു വാക്ക് സംസാരിച്ചുകൊണ്ട് പ്രകാശ് ഇരുന്നു.

ഇടക്ക് ജീവൻ ഫ്രഷാകുവാൻ അവനു അനുവദിച്ചിരിക്കുന്ന മുറിയിലേക്ക് പോയി. പ്രകാശ് ആ മുറിയിലേക്ക് കയറിയപ്പോൾ തന്നെ സുഭദ്ര ഇറങ്ങി പോയിരുന്നു.

മാധവനും കുറച്ചു നേരം അവരോടൊപ്പം ഇരുന്നു… ഒരു കോൾ വന്നപ്പോൾ അയാളും ആ മുറിവിട്ടിറങ്ങി. അവിടെ ആ സമയം ദേവ്നിയും ഗൗതവും പ്രകാശും മാത്രമായിരുന്നു.

“ദേവു… നീയാ ഡോർ ഒന്നടച്ചേ” ദേവ്നി ഒരു സംശയത്തോടെ ഗൗതമിന്റെ മുഖത്തേക്ക് നോക്കി… പിന്നെ പതുക്കെ നടന്നു ചെന്നു ഡോർ അടച്ചു കുറ്റിയിട്ടു.

“അങ്കിൾ… എനിക്ക്… എനിക്ക് അങ്കിളിനോട് കുറച്ചു സംസാരിക്കാനുണ്ട്”

“ദേവയോട് ഡോർ അടക്കാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ ഊഹിച്ചു… എന്താ മോനെ”

“അങ്കിൾ… എന്റെ അമ്മയുടെ അപ്രതീക്ഷിത മരണത്തിൽ മനസു കൈവിട്ടു പോയതാണ് എന്റെ ബാല്യത്തിൽ.

പെട്ടന്ന് അമ്മയുടെ ചൂടും സ്നേഹവും ലാളനയും തലോടലും സംരക്ഷണവുമെല്ലാം നഷ്ടപ്പെട്ടപ്പോൾ ആ കുഞ്ഞിളം പ്രായത്തിൽ തന്നെ എന്റെ മനസു…

എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എല്ലാവരും അച്ഛനെ ഉപദേശിച്ചത് പുതിയൊരു കല്യാണം കഴിക്കാൻ പറഞ്ഞു കൊണ്ടായിരുന്നു. എങ്ങനെയൊക്കെയോ സുഭദ്രാമ്മ എന്റെ അമ്മയായി വന്നു.

പക്ഷെ വന്ന അന്നുമുതൽ അമ്മയുടെ വലം കയ്യിൽ ജീവനുമുണ്ടായിരുന്നു. അമ്മയുടെ സ്നേഹം പങ്കു വച്ചു പോകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. എന്നോട് കൂടാൻ വന്ന ജീവനെ ഞാൻ ശ്രെദ്ധിച്ചു കൂടിയില്ല.

അച്ഛനും അമ്മയോട് ശാട്യം പിടിച്ചു കാണണം സ്വന്തം മകനെ പോലെയോ അല്ലെങ്കിൽ അതിനെക്കാൾ സ്നേഹത്തിൽ എന്നെ നോക്കണമെന്ന്… അതുകൊണ്ടായിരിക്കാം അമ്മയുടെ സ്നേഹം ജീവന് പങ്കു വയ്ക്കാതെ പോയത്”

“ഒരമ്മയ്ക്ക് ഒരിക്കലും രണ്ടു തരം സ്നേഹം കാണിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നിന്നെ സ്നേഹിക്കുമ്പോഴും ഒരു അകലത്തിൽ നിർത്തിയെങ്കിലും അവൾക്ക് ജീവനേയും സ്നേഹിക്കാൻ കഴിയുമായിരുന്നു.

അമ്മയുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു നോട്ടത്തിൽ ആകാം… ആ നോട്ടത്തിലെ വാത്സല്യത്തിൽ അവനു നൽകമായിരുന്നു…

വല്ലപ്പോഴും ഉള്ള തലോടലിൽ നൽകാമായിരുന്നു… അവന്റെ കുഞ്ഞു കുഞ്ഞു വിജയങ്ങളിലും അവന്റെ ഇഷ്ട ഭക്ഷണം നല്കിയുമൊക്കെ അവൾക്ക് സ്നേഹം പകർന്നു നൽകമായിരുന്നു.

ഇനി മാധവൻ ഇഷ്ടപെട്ടില്ലെങ്കി കൂടിയും അയാൾ കാണാത്ത എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു…

എന്റെ മോൻ ഇത്ര വർഷങ്ങൾ… മനസു കൈവിടാതെ ധൈര്യത്തോടെ അവൻ പിടിച്ചു നിന്നത് എനിക്ക് ഇന്നും അത്ഭുതമാണ്”

“പിന്നീട് ഞാൻ വലിതായപ്പോൾ ആദ്യത്തെ ആ അകൽച്ച പിന്നെ മുന്നോട്ടും തുടർന്നുപോയി.

അതിനൊരു മാറ്റം എന്റെ മനസിൽ വന്നത് അച്ഛൻ ജീവനെയായിരുന്നു ബിസിനസ് അധികവുമേല്പിച്ചിരുന്നത്.

ജീവന്റെയുള്ളൂ ശുദ്ധമാണെന്നു അതിനു ശേഷമാണ് ഞാൻ മനസിലാക്കിയത്. ഒരു പക്ഷെ ഞാനായിരുന്നു ജീവന്റെ സ്ഥാനത്തു എങ്കിൽ തീർച്ചയായും പക പോക്കുമായിരുന്നു.

ഇത്ര നാളുകൾ അനുഭവിച്ച അവഗണനക്കും ഒറ്റപ്പെടലിന്റെ വേദനക്കുമൊക്കെ… പക്ഷെ സ്വന്തം സ്ഥാപനം പോലെ കണ്ടു ജീവൻ കമ്പനിയെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ടു മുകളിലെത്തിച്ചു…

സത്യത്തിൽ ജീവന്റെയ നല്ല മനസു… ആ പ്രവർത്തി… അതൊന്നും സ്വീകരിക്കാനുള്ള അർഹത എനിക്കോ എന്റെ വീട്ടുകർക്കോ ഇല്ല… ജീവൻ ഇനിയും വളരണം അങ്കിൾ… അതിനു… അതിനു ജീവൻ ഇവിടെയല്ല നിൽക്കേണ്ടത്…

ജീവന് ഇനിയും ഉയരങ്ങൾ താണ്ടാൻ ഉണ്ട്… ഈ ലക്ഷ്മി ഗ്രൂപ്പ് എന്ന ഇട്ടവട്ടതു കിടന്നു കറങ്ങി ജീവിതം കളയാനുള്ളതല്ല… ഇതിൽ നിന്നും പുറത്തു കടക്കണം.

അങ്കിൾ ഒരച്ഛന്റെ സ്നേഹം ജീവന് നല്കുമെന്നറിയാം… ഇനിയും വൈകിയിട്ടില്ല… അങ്കിളിന്റെയും ജീവന്റെയും ഇനിയുള്ള ഓരോ നിമിഷങ്ങൾക്കും മൂല്യം കൂടുതലായിരിക്കും. അങ്കിൾ ജീവന് ഒരച്ഛന്റെ മുഴുവൻ സ്നേഹവും കൊടുക്കണം…

അതുകൊണ്ട് തന്നെ അങ്കിൾ ജീവനെ കൂടെ കൊണ്ടുപോകണം… ഉള്ളിലെ സ്നേഹം മുഴുവൻ രണ്ടുപേരും പരസ്പരം പകർന്നു നൽകണം”

ഗൗതത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിന്ന ആത്മാർത്ഥത പ്രകാശിന് മനസ്സിലായിരുന്നു.

“എന്റെ അച്ഛന് ശരിക്കും ഒരു കച്ചവടക്കാരന്റെ മനസാണ്. ഞാൻ തുറന്നു പറയുന്നത് കൊണ്ടു അങ്കിളിനു ഒന്നും തോന്നരുത്. ജീവനോട് എന്റെ അച്ഛന് ആത്മാർത്ഥതയില്ല.

ലക്ഷ്മി ഗ്രൂപ്പിന്റെ ഭാവി മാത്രമാണ് അദ്ദേഹത്തിന്റെയുള്ളിൽ. അതിനു വേണ്ടി ജീവനെ ഇവിടെ പിടിച്ചു നിർത്താൻ പലവഴിയും നോക്കും… അതൊന്നും അങ്കിൾ സമ്മതിച്ചു കൊടുക്കരുത്.

ജീവനെ വേഗം കൂടെ കൂട്ടണം” പ്രകാശിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടായിരുന്നു ഗൗതം അത്രയും പറഞ്ഞതു.

പ്രകാശിന് വല്ലാത്ത ഒരു സന്തോഷം തോന്നി. ഒപ്പം ഒരു ചെറു നോവും. ഇനി തന്റെ മകൻ തന്നോടൊപ്പം…. അതിനു ഇനി കുറച്ചു സമയം കൂടി മതിയാകും….

മാധവൻ അപ്പോഴേക്കും ഡോറിൽ മുട്ടി.

“അല്ല നിങ്ങൾ വാതിലടച്ചു എന്തു രഹസ്യമാണ് പറയുന്നേ” വാതിൽ തുറന്നു കൊടുത്ത ദേവ്നിയെയും മറ്റു രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ടു മാധവൻ ചോദിച്ചു.

“മാധവാ… ഞാൻ ഗൗതമിനോട് അന്നത്തെ ആക്‌സിഡന്റിനെ കുറിച്ചു സംസാരിക്കുകയായിരുന്നു.

കൃഷ്ണൻ പിന്നീട് ഇവിടേക്ക് വന്നിട്ടില്ലയെന്നു ഗൗതം പറഞ്ഞറിഞ്ഞു. എനിക്കെന്തോ ഈ ആക്‌സിഡന്റിൽ ഒരു സംശയമുണ്ട്”

“സത്യത്തിൽ ഞാനും അതിനെ കുറിച്ചുള്ള അന്വേഷണത്തിൽ തന്നെയാണ്. ഹോസ്പിറ്റലിൽ നിന്നും ഇവനെ ഡിസ്ചാർജ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു ഞാൻ.

ഇനി വേണം അതിനു പുറകെ പോകുവാൻ ” മാധവന്റെ മുഖം ഒന്നു വലിഞ്ഞു മുറുകിയിരുന്നു. അന്ന് ദേവ്നിയെ തണൽ വീട്ടിലേക്ക് പ്രകാശ് ആയിരുന്നു കൊണ്ടുപോയത്.

അവർ പോയതിനു പുറകെ മാധവൻ സുഭദ്രയുടെ അടുക്കലേക്ക് ചെന്നു.

“പ്രകാശ് ഇവിടെ വരുന്നത് ഞാൻ തടയാത്തത് അയാളെ പിണക്കുന്നത് ബിസിനെസിലും ബാധിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ്.

പിന്നെ… അയാളുടെ മകനെ ഇവിടെ നിന്നും പറിച്ചു കൊണ്ടു പോകുവാനാണ് അടിക്കടിയുള്ള ഈ വരവും. നീ അവനെ ഇവിടെ നിന്നും പോകുന്നതിൽ നിന്നും വിലക്കണം.

അവൻ ഇവിടെ വേണം” മാധവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ഗായത്രിയും അവിടെയെത്തിയിരുന്നു.

“അമ്മയോടും മോളോടും കൂടിയാണ് പറയുന്നത്. നിങ്ങൾ രണ്ടും എന്തു പറഞ്ഞോ ചെയ്‌തോ അവനെയിവിടെ പിടിച്ചു നിർത്തണം.

കേട്ടല്ലോ” സുഭദ്രക്കും ഗായത്രിക്കും ഒരു താക്കീത് കൊടുത്തുകൊണ്ട് മാധവൻ പോയി.

ഗായത്രി അരിശത്തോടെ അമ്മയെ നോക്കി. അവരുടെ മുഖത്തും നിസ്സഹായാവസ്ഥ ആയിരുന്നു.

ജീവൻ തന്റെ മുറിയിൽ ഇരുന്നു മനസിനെ പാകപ്പെടുത്തുകയായിരുന്നു. ഒരു പടിയിറക്കം മുന്നേ മനസിൽ കണ്ടിരുന്നു.

അന്ന് മുതൽ തന്നെ തന്റെ മനസിനെ പഠിപ്പിച്ചും ശാസിചും നിർത്തിയിരുന്നു. ജീവൻ ആ മുറിയിൽ ആകമാനം ഒന്നു കണ്ണോടിച്ചു… നാലു ചുവരുകൾ… തന്നെ സംബന്ധിച്ചു ഈ നാലു ചുവരുകൾ സിമന്റും മണ്ണും മാത്രമല്ല…

തന്റെ മനസറിയുന്ന ആരൊക്കെയോ ആണ്. അവഗണനയിലും വേദനയിലും തന്റെ മനസിന്റെ ഉറക്കെയുള്ള കരച്ചിൽ പുറത്തേക്കു പോകാതെ… മറ്റുള്ളവരെ അറിയിക്കാതെ പിടിച്ചു നിർത്തിയിരുന്നത് ഈ നാലു ചുവരുകളാണ്.

അവന്റെ മനസിൽ പ്രകാശിന്റെ മുഖം കടന്നു വന്നു. ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിടർന്നു. അവനു കൊണ്ടുപോകാൻ അധികം സാധനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

ഉപയോഗിക്കുന്ന മൊബൈൽ പോലും ഒന്നു കമ്പനിയുടെ ആണ്. മറ്റൊന്ന് ശമ്പളം ചേർത്തു വച്ചു വാങ്ങിയതും.

അതു മാത്രമേ കൊണ്ടു പോകാൻ കഴിയൂ. ഉപയോഗിക്കുന്ന ലാപ് അതും കമ്പനി വക തന്നെ. പിന്നെ കുറച്ചു വസ്ത്രങ്ങൾ, പുസ്തകങ്ങൾ അതു ഒരു ബാഗിൽ കൊള്ളാവുന്നവ.

എല്ലാം വൃത്തിയായി അടുക്കി വച്ചിരുന്നതിനാൽ പെട്ടന്ന് തന്നെ പാക്കിങ് കഴിഞ്ഞു. ബാഗുകൾ എല്ലാം അടക്കി അവൻ കട്ടിലിൽ ഇരുന്നു.

അവൻ ചിന്തിക്കുകയായിരുന്നു… വർഷങ്ങളായി ഒരിടത്തു പെയിങ് ഗസ്റ്റ് ആയി താമസിച്ച പ്രതീതി.

അവിടം വിട്ടു പോകുമ്പോൾ മനസിൽ ഉണ്ടാകുന്ന നിർവികാരത തന്നെയാണ് ഇപ്പോൾ തനിക്കും തോന്നുന്നതെന്നു അവനോർത്തു. വാതിലിൽ ആരുടെയോ അനക്കം പോലെ തോന്നി അവൻ വാതിൽ തുറന്നു.

മുന്നിൽ ഗായത്രി നിൽക്കുന്നു. അവളുടെ ഇത്ര വർഷത്തിന് ഇടയിൽ തന്റെ ഓർമയിൽ പോലും തന്റെ മുറിയുടെ മുന്നിൽ പോലും ഇതുവരെ വന്നിട്ടില്ലലോ എന്നവൻ ഓർത്തു.

ഇപ്പോഴത്തെ ഈ വരവ്… അതു എന്തിനായിരിക്കും എന്നു ചിന്തിച്ചപ്പോൾ അവന്റെയുള്ളിൽ ചിരി പൊട്ടി… അതു ചുണ്ടുകളിലേക്ക് പകർന്നപ്പോൾ ഗായത്രിക്ക് തോന്നിയത് അവളെ കളിയാക്കി ചിരിക്കും പോലെയാണ്.

“ഞാൻ.. ഞാൻ വന്നത്.. ഞാൻ ഏട്ടനെ കാണാൻ” വിക്ക് ബാധിച്ച ഒരുവളെ പോലെ അവൾ സംസാരിക്കാൻ തുടങ്ങി… പക്ഷെ ജീവൻ ഒന്നും മനസിലാകാത്ത പോലെ തിരിഞ്ഞു നോക്കി. അവൻ തിരിഞ്ഞു നോക്കുന്നത് കണ്ടു അവൾ മുറിയിലേക്ക് എത്തി നോക്കി.

“എന്താ… ഏട്ടൻ നോക്കുന്നെ”…

“അല്ല നിനക്കു റൂം മാറി പോയോ… ഇതു ഗൗതമിന്റെ മുറിയല്ല… എന്റേതാണെന്നു ഞാൻ അവകാശത്തോടെ പറയുകയുമില്ല… എങ്കിലും ഇന്ന് രാത്രി കൂടി ഞാൻ ഈ മുറിയിൽ കാണും”

“അല്ല.. ഞാൻ… ഏട്ടനെ… കാണാൻ”

“ഏട്ടൻ….വൗ… ” ജീവൻ പൊട്ടിച്ചിരിച്ചു പോയി. വയർ പൊത്തി നിന്നു ചിരിച്ചു… ഉറക്കെ… ഉറക്കെ… ആ ചിരിയുടെ അവസാനം കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ തെറിച്ചിരുന്നു.

ഗായത്രിക്ക് വല്ലാത്ത ജാള്യത തോന്നി അവന്റെ മുന്നിൽ നിൽക്കാൻ.

“എനിക്ക് പരിചിതമല്ലാത്ത വിളിയാണ് നിന്റെ വായിൽ നിന്നും കേട്ടത്… അതിന്റെ ഒരു എസ്സ്ട്ട്മെന്റ് സത്യത്തിൽ ചിരിയാണ് വന്നത്…” അവൻ പറഞ്ഞു കൊണ്ടു ഒന്നു കൂടി ചിരിയമർത്തി നിന്നു.

” എന്നെ ‘നിങ്ങൾ’ എന്നൊക്കെയല്ലേ ഇതുവരെ വിളിച്ചിരുന്നത്… അതുകൊണ്ടാണ്… എന്താ വന്ന കാര്യം… അതുപറ” ജീവന്റെ കളിയാക്കൽ കൂടിയായപ്പോൾ ഗായത്രി തന്റെ ശാന്തത വിട്ട് പഴയ സ്വഭാവത്തിലേക്ക് തിരികെ വന്നു.

“സ്നേഹം കൊണ്ട് വിളിച്ചതോന്നുമല്ല ഏട്ടൻ എന്നു” ഗായത്രിയുടെ ശൗര്യം ഉണർന്നു.

“ഒട്ടും ആത്മാർത്ഥത ഇല്ലാത്ത ആ വിളി കേട്ടപ്പോ തന്നെ എനിക്ക് മനസിലായി… സ്നേഹം കൊണ്ടല്ല എന്നു… ഇപ്പോഴത്തെ ഈ പ്രഹസനത്തിന്റെ കാരണം മാത്രം പറഞ്ഞ മതി”

“അച്ഛൻ പറഞ്ഞിട്ടു… അച്ഛന്റെ പുതിയ കണ്ടുപിടുത്തം നിങ്ങളെക്കാൾ വലിയ ബിസിനസ്കാരൻ വേറെയില്ലയെന്നല്ലേ. നിങ്ങളെ ഇവിടെ പിടിച്ചു നിർത്താൻ.

നിങ്ങൾ ഇല്ലെങ്കിലും കമ്പനിയും കാര്യങ്ങളുമൊക്കെ അതിന്റെ മുറയ്ക്ക് നടന്നു പോകുമെന്ന് നിങ്ങൾ ഇവിടുന്നു പോയി കഴിയുമ്പോൾ അച്ഛന് തന്നെ മനസിലായിക്കോളും.

പിന്നെ അച്ഛനെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും കാട്ടി കൂട്ടണമല്ലോ” ഗായത്രി പുച്ഛം നിറഞ്ഞ വാക്കുകൾ പറഞ്ഞു നിർത്തി.

“ഓഹ്.. ഈയൊരു സ്വഭാവം… അതെനിക്ക് ഇഷ്ടപ്പെട്ടു… ഇഷ്ടമല്ലാത്ത കാര്യം തുറന്നു സമ്മതിച്ചല്ലോ… അപ്പൊ മോൾ തന്നെ അച്ഛനോട് പറഞ്ഞേക്കു… ജീവൻ ഈയൊരു രാത്രി കൂടിയേ ഇവിടെ കാണുവെന്നു”

അവസാന വാക്കുകൾ പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞിരുന്നു. ഗായത്രി സ്ഥിരം സ്ഥായി ഭാവം പുച്ഛത്തോടെ തല തിരിച്ചു പോയി.

അവൾ ഇറങ്ങി പോയതിനു പുറകെ തന്നെ സുഭദ്ര തല കുമ്പിട്ടു അവന്റെ മുന്നിൽ നിന്നിരുന്നു. അതു കണ്ടിട്ടും അവന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.

സുഭദ്ര പതുക്കെ അവനരികിലേക്ക് ചെന്നു.

“മോനെ… ജീവ”

“ദയവ് ചെയ്തു നിങ്ങൾ എന്നെ മോനെ എന്നു വിളിക്കരുത്… എന്റെ പേരു പോലും നിങ്ങളുടെ ഓർമയിൽ ഉണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവാണ്” സുഭദ്രക്ക് മുൻപിൽ കൈ കൂപ്പി കൊണ്ടു ജീവൻ പറഞ്ഞു.

“നിന്നെ തഴഞ്ഞു വളർത്തുമകനെ സ്നേഹിച്ചുപോയി… എത്ര മാപ്പ് അപേക്ഷിച്ചാലും തിരുത്താൻ കഴിയാത്ത തെറ്റു… എങ്കിലും എന്നോട് ക്ഷമിച്ചൂടെ മോനെ… നിന്നെ പ്രസവിച്ചതല്ലേ ഞാൻ…

ആ നോവറിഞ്ഞു എന്നിൽ നിന്നും വന്ന മകൻ അല്ലെ… ഈ അമ്മയുടെ വാക് കേൾക്കില്ലേ മോനെ നീ” കരച്ചിലോടെ സുഭദ്ര പറയുമ്പോൾ ജീവന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു.

“എനിക്ക് മനസിലാകുന്നില്ല ഇപ്പോഴും… എന്റെ മുന്നിൽ വന്നു നിന്നു ഇങ്ങനെ എങ്ങനെ പറയാൻ കഴിയുന്നു നിങ്ങൾക്ക്…

വയറ്റിൽ ഉണ്ടെന്നു അറിഞ്ഞപ്പോഴേ നിങ്ങൾ എന്നെ കൊല്ലാതെ പ്രസവിച്ചത് കൊണ്ടു മാത്രമാണ് ഇത്രയും വർഷം നിങ്ങളോടു ക്ഷമിച്ചു ഞാൻ ഇവിടെ നിന്നത്…

പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീയും പൂർണ്ണതയിൽ എത്തില്ല, അമ്മയാകില്ല. ഒരു സ്ത്രീയിൽ അമ്മ വാത്സല്യം ഉണ്ടാകണം…

സ്വന്തം കുഞ്ഞിനോടും അന്യന്റെ കുഞ്ഞിനോടും തോന്നുന്നത് ഒരേ വാത്സല്യമായിരിക്കണം, ഒരേ സ്നേഹമായിരിക്കണം, ഒരേ തലോടൽ ആയിരിക്കണം…

പങ്കു വച്ചു കൊടുക്കുന്ന സ്നേഹത്തിൽ പോലും കണക്കു പറയാൻ തോന്നാത്ത തരത്തിൽ തുല്യത ഉണ്ടാകണം.

അങ്ങനെയുള്ള ഒരുവൾ പൂർണ്ണ സ്ത്രീയാകും, അമ്മയാകും. പക്ഷെ നിങ്ങൾ… നിങ്ങൾ ഒരു പൂർണ്ണ സ്ത്രീയല്ല… അമ്മയല്ല… നിങ്ങളുടെ ഒരു നോട്ടത്തിനു വേണ്ടി…

ഒരു തലോടലിന് വേണ്ടിയൊക്കെ കൊതിച്ചു കിടന്നൊരു ബാല്യമുണ്ടായിരുന്നു എനിക്ക്… അന്നും ഈ നാലു ചുവരുകൾ മാത്രമാണ് എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്.

നിങ്ങളുടെ സാമിപ്യം കൊതിച്ച എത്രയോ പനിച്ചൂടുള്ള രാത്രികളിൽ ഉറക്കമൊഴിച്ചു കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ടെന്നു നിങ്ങൾക്കറിയുമോ….

അപ്പോഴെല്ലാം വളർത്തുമകനെ തലോടി ഉറക്കുന്ന അമ്മയെ കണ്ടു കണ്ണീർ പൊഴിക്കാൻ മാത്രമേ… എനിക്ക്…എന്റെ എല്ലാ വേദനകളും ഇന്ന് രാത്രി കൊണ്ടു ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങും.

എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇപ്പോഴും എന്റെ മുന്നിൽ ഈ വന്നു നിൽക്കുന്നത് എന്നു എനിക്കറിയാം.

നിങ്ങളുടെ നിലനിൽപ്… അതിനു വേണ്ടിയല്ലേ… ഇനി ഒന്നിനും വേണ്ടിയും ആർക്കു വേണ്ടിയും ജീവൻ ജീവിക്കില്ല.

ജീവൻ ഇനി ജീവിക്കാൻ പോകുന്നത് ജീവന് വേണ്ടി മാത്രമായിരിക്കും… ഇനി നിങ്ങൾ കാണും…. അറിയും ജീവന്റെ വില എന്തായിരുന്നുവെന്ന്… ജീവനും സ്വാർത്ഥൻ ആകാൻ പോവുകയാണ്….”

അത്രയും പറഞ്ഞു കൊണ്ട് രോക്ഷത്തോടെ തന്നെ ജീവൻ അകത്തേക്ക് കയറി. അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ലലോ എന്നവൻ ആശ്വസിച്ചു.

അവരുടെ മുന്നിൽ വാക്കുകൾ ഇടറി നിന്നാൽ… കണ്ണിൽ നീർത്തിളക്കം നിറഞ്ഞാൽ… അതൊക്കെ തന്റെ പരാജയമായിരിക്കും.

ജീവൻ ഇനി തോൽക്കില്ല ആരുടെ മുന്നിലും… ജയിക്കണം… ജയിക്കണം… വളരണം എനിക്ക്… അവന്റെ മനസിന്റെ ഉറച്ച തീരുമാനം.

(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18

നിലാവിനായ് : ഭാഗം 19

നിലാവിനായ് : ഭാഗം 20