Friday, November 22, 2024
Novel

തുലാമഴ : ഭാഗം 17

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

ഒരാഴ്ച കഴിഞ്ഞിരിക്കുന്നു…
അമ്മുവിനെ കുറിച്ച് ഒരു വിവരവും ഇല്ല.. നാട്ടിൽ നിന്നും അച്ഛനും സതീഷ് ഏട്ടനും മുത്തശ്ശനും അമ്മച്ചനും എത്തിയിട്ടുണ്ട്….

അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സ്റ്റേഷനിൽ ചെല്ലുമ്പോൾ പറയുന്നത്….

മാളിനകത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ നോക്കി… ഒന്നും കണ്ടെത്താനായില്ല..
സൂരജിനൊപ്പം അമ്മു വെളിയിലേക്ക് ഇറങ്ങുന്നതുവരെ ഉള്ളത് ഉണ്ട്….

അമൃത മിസ്സിംഗ് കേസ് നഗരത്തിലെ
ഒരു വിവിധ പെട്ടവരുടെ എല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്…. എല്ലായിടത്തും പോലീസ് ചെക്കിങ് നടക്കുന്നുണ്ട്…

സതീഷിനെ പരിചയമുള്ള ഒന്ന് രണ്ട് ഡോക്ടേഴ്സിന്റെ കെയർ ഓഫിൽ അവിടെയുള്ള ഒട്ടുമിക്ക ഹോസ്പിറ്റലുകളും അവർ കയറി ഇറങ്ങി….

സൂരജ് ഇപ്പോൾ റൂമിൽ വെളിയിലേക്ക് ഇറങ്ങാറില്ല… ഏതുസമയവും റൂമിൽ തന്നെയാണ്…

അന്ന് പുറത്തേക്ക് പോകുമ്പോൾ അമ്മു മാറിയിട്ട ഡ്രസ്സ് എടുത്തു നെഞ്ചോട് ചേർത്ത് അവളുടെ മണവും ശ്വസിച്ചുകൊണ്ട്
കിടക്കുകയാണ് സൂരജ്…

അമ്മുവിന്റെ ഓർമ്മകൾ വരുമ്പോൾ
അവൻ കണ്ണുകൾ ഇറുകെ പൂട്ടും… എവിടെയാവും അവൾ…

എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമോ… ഓർക്കുന്തോറും സൂരജിന്റെ ചങ്കു പിടച്ചു… വയ്യ…. സഹിക്കാൻ വയ്യ…

വല്ലാത്ത ഒരു വേദനയാണ് ഇത്….

എന്നെ വിട്ട് ഈ പെണ്ണ് ഇത്
എവിടെയാണ് പോയത്..

ഒരു കുളിർകാറ്റു പോലെ എന്നിൽ
വന്നു നിറഞ്ഞു… എന്റെ ഹൃദയത്തോട് ചേർന്നു നിന്നു.

..എന്റേതു മാത്രമായി…. എന്നിൽ ഒരു വസന്തം വിരിയിച്ചു….

ഒടുവിൽ മഞ്ഞുരുകുന്നതുപോലെ നിമിഷനേരംകൊണ്ട് എങ്ങോട്ടോ പോയി..

എവിടെയാണ് നീ…
ഓർക്കുന്നുണ്ടോ അമ്മൂസേ….
നീ അറിയുന്നുണ്ടോ എന്റെ വേദന…
എത്ര ദിവസമായി ഞാൻ ഒന്ന് ഉറങ്ങിയിട്ട്…

അവന്റെ കണ്മുന്നിൽ വിടർന്ന കണ്ണുകളോടെ നിഷ്കളങ്കമായി
ചിരിക്കുന്ന അമ്മുവിന്റെ മുഖം തെളിഞ്ഞുവന്നു….

അവൻ കിടക്കയിൽ തലയിട്ടുരുട്ടി…
എനിക്ക് ഭ്രാന്ത് പിടിക്കും.. എവിടെയാണെങ്കിലും ഒന്ന് വേഗം വാ പെണ്ണേ…

അപ്പോഴാണ് സൂരജ് കണ്ടത്…
ഡ്രസിങ് ടേബിളിൽ വീണുകിടക്കുന്ന സിന്ദൂരം… അവൻ ഓർത്തു..

അന്ന് തന്റെ കൈ തട്ടിയാണ് സിന്ദൂരം
ടേബിളിലേക്ക് വീണത്…

അപ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഷോപ്പിങ്ങിന് പോകാൻ വേണ്ടി റെഡി ആകുകയായിരുന്നു..

താൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ണാടിയുടെ മുൻപിൽ
നിന്ന് മുടി ഉണക്കുകകയായിരുന്നു അവൾ…

മുടി അഴിച്ച് ഇടുമ്പോൾ പിറകിലൂടെ ചെന്ന് മുടികൾക്കിടയിൽ മുഖം പൂഴ്ത്തി
നിൽക്കും താൻ…

അവളുടെ കാച്ചിയ എണ്ണയുടെ മണം തനിക്ക് ഒരുപാട് ഇഷ്ടമാണ്… അന്നും അതുപോലെ ചെന്നതാണ്… ചെപ്പ് തുറന്നപ്പോഴാണ്
താൻ ഇടുപ്പിൽ കയറിപ്പിടിച്ചത്…

അമ്മുവിന്റെ കയ്യിൽ നിന്നും ചെപ്പ് താഴെ വീണു….നിറ കണ്ണുകളോടെ തന്നെ നോക്കുന്ന അവളുടെ മുഖം ഇപ്പോഴുംമുൻപിൽ ഉള്ളതുപോലെ….

സൂരജേട്ടാ എന്തോ സംഭവിക്കാൻ
പോകുന്ന പോലെ… എനിക്ക് പേടിയാകുന്നു…. അന്ന് അവളെ സമാധാനിപ്പിക്കാൻ പാടു പെട്ടു താൻ…

കെട്ടിപിടിച്ചു മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി… ഓരോ ചുംബനം നൽകുമ്പോഴും ഓരോ സോറി പറഞ്ഞു…. ഒന്നും സംഭവിക്കില്ല എന്ന് ഒരു നൂറ് ആവർത്തി പറഞ്ഞ് ആശ്വസിപ്പിച്ചു….

പക്ഷേ അതു പോലെ സംഭവിച്ചിരിക്കുന്നു…

അവൻ എഴുന്നേറ്റ് സിന്ദൂരച്ചെപ്പ് എടുത്ത് സിന്ദൂരം തട്ടി അതിനുള്ളിലേക്ക് ഇട്ടു…
പിന്നെ ചെപ്പ് എടുത്ത് ഭദ്രമായി
ഡ്രായിലേക്ക് വെച്ചു…

അമ്മുവിന്
വേണ്ടി താൻ വാങ്ങിക്കൊടുത്ത സാധനങ്ങൾ ആയിരുന്നു അതിൽ
മുഴുവൻ…

എല്ലാത്തിലും തന്റെ അമ്മുവിന്റെ കൈ പാടുകൾ പതിഞ്ഞവയാണ്…. അവൻ അവളുടെ ഡ്രസ്സുകളിലൂടെ വിരലോടിച്ചു…

അവളുടെ സ്വരം ആ റൂമിൽ ആകെ നിറയുന്ന പോലെ…
അവൻ അവളുടെ സാന്നിധ്യം അവിടെ അതിയായി ആഗ്രഹിച്ചു…

ഒരുതവണ ഒന്നു കാണാൻ പറ്റിയെങ്കിൽ… നെഞ്ചിൽ ഉള്ള സങ്കടം തൊണ്ടക്കുഴിയിൽ വന്നു വിങ്ങുന്ന പോലെ…
എന്ത് ശൂന്യത ആണിത്….

സൂരജിനെ അന്വേഷിച്ചു റൂമിൽ വന്ന
സതീഷ് കണ്ടത് എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഫാനിൽ കണ്ണുംനട്ട് കിടക്കുന്ന സൂരജിനെയാണ്…

തന്റെ അനുജന്റെ തകർന്നുള്ള
കിടപ്പു കണ്ട് സതീഷിന്റെ നെഞ്ചു പിടഞ്ഞു…

എപ്പോഴും ചിരിച്ചു തമാശ പറഞ്ഞ് തന്റെ പിന്നാലെ നടന്ന് സൂരജിൽ നിന്നും ഒരാഴ്ച കൊണ്ട് അവൻ ഒരുപാട് മാറിപ്പോയിരിക്കുന്നു…..

സതീഷ്ഒരു നെടുവീർപ്പോടെ അവന്റെ അരികിലേക്ക് ചെന്നു….

എന്ത് പറയണം എന്നറിയാതെ അവന്റെ അടുത്ത്കുറെ നേരം ഇരുന്നു…

അപ്പോഴാണ് സതീഷിന്റെ ഫോൺ റിംഗ് ചെയ്തത്… സ്റ്റേഷനിൽ നിന്നാണ്…

കുറെ നേരം സംസാരിച്ചതിന് ശേഷം
അവൻ സൂരജിന്റെ അടുത്തേക്ക് വന്നു…. സൂരജ് ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി…

സ്റ്റേഷനിൽ നിന്നാണ്.. നമുക്ക് അവിടെ
വരെ ഒന്ന് പോകണം.. എന്താ ഏട്ടാ…

അറിയില്ല… അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…

സൂരജിന് മുഖം കൊടുക്കാതെ അവൻ ജോബിയുടെ അടുത്തേക്ക് ചെന്നു….

ഒരാഴ്ച പഴക്കമുള്ള ഒരുപെൺകുട്ടിയുടെ ജഡം റെയിൽവേ പാതയ്ക്ക് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്… അടയാളം വെച്ച് അത് അമ്മു ആണെന്നാ അവർ പറയുന്നത്…

എനിക്ക് വയ്യ ജോബി അവനോട് പറയാൻ… സതീഷ് ആകെ തളർന്നു സെറ്റിലേക്ക് ഇരുന്നു…

ജോബി കേട്ടതിന്റെ ഷോക്കിൽ നിന്നും മുക്തിനേടാൻ കുറച്ചു സമയം എടുത്തു… അവൻ സതീഷിനെ ആശ്വസിപ്പിച്ചു…

ഇല്ലേട്ടാ അമ്മുന് ഒന്നും സംഭവിക്കില്ല… അവൾ ആയിരിക്കില്ല അത്…
അവനോട് കാര്യം പറയേണ്ട…

ചെന്നിട്ട് അറിഞ്ഞാൽ മതി…
എന്തായാലും നമുക്ക് പോയി നോക്കാം..

സ്റ്റേഷനിൽ ചെന്നപ്പോൾ ഒരു കോൺസ്റ്റബിൾ അവരുടെ കൂടെ സ്പോട്ടിലേക്ക് ചെന്നു…

എസ്ഐയും ബാക്കിയുള്ള പോലീസുകാരും അവിടെ ഉണ്ടായിരുന്നു….

സ്റ്റേഷനിൽ നിന്നും
മൂന്ന് കിലോമീറ്റർ മാറി കുറ്റിക്കാട്ടിൽ ആയിരുന്നു മൃതദേഹം…

കുറച്ചകലെയായി വണ്ടി നിർത്തി
എല്ലാവരും ഇറങ്ങി….

മുന്നോട്ട് നടന്നപ്പോൾ കുറെ ആൾക്കൂട്ടം കണ്ടു… സൂരജ് അമ്പരപ്പോടെ സതീഷിനെയും
ജോബിയെയും നോക്കി… സതീഷ് വാക്കുകൾ കിട്ടാതെ അവന്റെ മുഖത്തേക്ക് നോക്കി.. ഒന്നും ഇല്ലെടാ.. ഒന്ന് കൺഫോം ചെയ്യാൻ വിളിച്ചതാ…

സ്റ്റേഷനിൽ കംപ്ലൈന്റ് കൊടുത്തിരിക്കുന്നത് കൊണ്ട് ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണുമ്പോൾ
വിളിക്കും… നീ വാ.. നമുക്ക് ഒന്ന് നോക്കിയിട്ട് വരാം…

അപ്പോഴേക്കും സൂരജ് തളർന്നു…
അവൻ ഒരു വിധത്തിൽ കാൽ വലിച്ചു
വെച്ച് മുന്പോട്ട് നടന്നു…

ആൾക്കൂട്ടത്തിനിടയിലൂടെ മുൻപോട്ട് ചെന്നു.. ഒരു തുണി ഇട്ട് മൂടിയിരിക്കുന്നു.. എസ്ഐ സൂരജിനെ മുൻപോട്ട് വിളിച്ചു…

ഒരു പോലീസുകാരൻ തുണി മാറ്റി.. കത്തിക്കരിഞ്ഞ മൃതദേഹം കണ്ട് സൂരജ് ഒന്നു പുറകോട്ട് ആഞ്ഞു….

സതീഷ് ഓടിവന്ന് അവനെ താങ്ങി… സൂക്ഷിച്ചു നോക്കൂ… എസ് ഐ വന്നു പറഞ്ഞു..

സൂരജിന്റെ നെഞ്ചിലൂടെ ഒരു
കൊള്ളിയാൻ മിന്നി…. അമ്മു ഇട്ടിരുന്ന
പിങ്ക് ചുരിദാർ ടോപ്പ്….

കുറെ ഭാഗം കത്തി പോകാതെ
ഇരിക്കുന്നു… അവന് ഒരു നിമിഷം
നാവ് താണുപോയ പോലെ തോന്നി…

പെട്ടെന്ന് അവൻ മുൻപോട്ട് ആഞ്ഞു…
ഏട്ടാ എന്റെ അമ്മൂ…

സതീഷും ജോബിയും കൂടി അവനെ
പൂണ്ടടക്കം പിടിച്ചു… ഒരുവിധത്തിൽ എല്ലാവരും കൂടി അവനെ കാറിലേക്ക് കയറ്റി.. .. മൃതദേഹത്തിന് നാലു
ദിവസത്തെ പഴക്കമുണ്ടായിരുന്നു…

സൂരജിന്റെ പേരു കൊത്തിയ മോതിരവും താലിയും മൃതദേഹത്തിൽ നിന്നും കണ്ടെടുത്തു…

പോസ്റ്റുമോർട്ടത്തിനുശേഷം
ബോഡിയുമായി എല്ലാവരും നാട്ടിലേക്ക് തിരിച്ചു… കേസ് പുനരന്വേഷണത്തിന്
ആയി വിട്ടു… ബോഡി നേരെ
ചെമ്പകശ്ശേരിയിലേക്കാണ്
കൊണ്ടുപോയത്…

അവിടെ ഒരു മണിക്കൂർ വെച്ചതിനു ശേഷമാണ് അമ്മുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.. അവസാനമായി മുഖം പോലും ആർക്കും കാണാൻ പറ്റിയില്ല… പൊള്ളി അടർന്ന
മുഖം മുഴുവൻ കവർ ചെയ്തിരുന്നു…

മൃതദേഹത്തിനരികിൽ സൂരജ് ശില
പോലെ ഇരുന്നു…അവന് ഒരിക്കലും ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല തന്റെ അമ്മു തന്നെ വിട്ടു പോയെന്ന്…. അവന് എല്ലാം ഒരു മായക്കാഴ്ച പോലെയാണ് തോന്നിയത്…

അമ്മുവിന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മച്ഛനും അമ്മമ്മയും ആകെ തളർന്നിരുന്നു… അവർക്ക് എന്ന് പറയാൻ ആകെയുണ്ടായിരുന്നത് ആണ് അമ്മു…

തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ചെറുമകളുടെ മരണം കാണേണ്ടി വന്ന ആ വൃദ്ധദമ്പതികൾ ആകെ തളർന്നു…

ഒടുവിൽ ആ ചെമ്പക ചുവട്ടിൽ ചിത ഒരുങ്ങി…. സൂരജ് വെളിയിലേക്ക് വന്നതേയില്ല.. എല്ലാവരും അവനെ നിർബന്ധിച്ചു… പക്ഷേ അവൻ അനങ്ങിയില്ല..

കൂട്ടുകാരിയുടെ വിയോഗം
താങ്ങാനാവാതെ ശീതൾ ബോധരഹിതയായി…

വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരു സഹോദരി സ്ഥാനം തനിക്കു തന്ന അമ്മുവിന്റെ വിയോഗം ജോബിയെയും തളർത്തി…

രാത്രിയിൽ അമ്മുവിന്റെ മുറിയിൽ കിടക്കുകയാണ് സൂരജ്… ഓരോന്നോർത്ത് കിടന്ന് എപ്പോഴോ ഒന്ന് മയങ്ങി…

അവനെ തനിയെ വിടാതെ സതീഷും വരുണും ജോബിയും റൂമിൽ തന്നെ തറയിൽ പായ വിരിച്ചു കിടപ്പുണ്ട്… സൂരജ് ഏട്ടാ…എന്നുള്ള അമ്മുവിന്റെ നിലവിളിയാണ് അവനെ ഉണർത്തിയത്… അവൻ ചാടിയെഴുന്നേറ്റു… ഉറക്കെ വിളിച്ചു… അമ്മൂ….

മുറിയിൽ ഉണ്ടായിരുന്നവർ
ചാടിയെഴുന്നേറ്റു.. എന്താടാ.. എന്തുപറ്റി.. മുഴുവൻ വിയർത്തിരിക്കുന്ന സൂരജിനെ നോക്കി ചോദിച്ചു സതീഷ്…

സൂരജ്
ഒന്നും മിണ്ടാതെ അവരുടെ
മുഖത്തേക്ക് നോക്കി…. സ്വപ്നം കണ്ടോ നീ… അവൻ ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് കണ്ണു നട്ടു….

ആറു മാസങ്ങൾക്കു ശേഷം………

അമ്മുവിന്റെ കേസ് എങ്ങുമെത്താതെ നിൽക്കുകയാണ്.. അച്ഛനും സതീഷും
കൂടി പലതവണ ഇതിനുവേണ്ടി ബാംഗ്ലൂർ പോയി വന്നു… സൂരജ് പിന്നെ ബാംഗ്ലൂർക്ക് പോയില്ല… ഇപ്പോൾ അച്ഛന്റെ കൂടെ ബിസിനസിൽ ആണ് ശ്രദ്ധ…

പഴയ സൂരജിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു… മുഖത്ത് എപ്പോഴും ഒരുതരം നിസ്സംഗ ഭാവം ആണ്… ആരോടും അധികം സംസാരമില്ല… ചിരിയില്ല…

ഗായത്രിക്ക് മകന്റെ ഈ അവസ്ഥ കണ്ട് അതിയായ ദുഃഖം തോന്നി…

ഒപ്പം പനിനീർ പൂവ് പോലെ നൈർമല്യമുള്ള
ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി….

തന്റെ മകന്റെ സന്തോഷവും കൊണ്ടാണ് അവൾ പോയത് എന്ന് അവർക്ക് തോന്നി…

ഒരുപാട് വേദന തരുന്ന ആ ഓർമ്മകൾ ഇനിയൊരിക്കലും തന്റെ മനസ്സിലേക്ക് കടന്നു വരരുത് എന്ന് അവർ ആത്മാർഥമായി പ്രാർത്ഥിച്ചു……

തന്റെ മകന്റെ ജീവിതം തകർന്നടിയുന്നത് കണ്ട് അവർ നിശബ്ദം കരഞ്ഞു…..
സതീഷിനും ദീപ്തിക്കും കുട്ടികൾ ഉണ്ടാകാത്ത ദുഃഖം മറു സൈഡിൽ…

ഒരുവേള ഈശ്വരൻ ഈ കുടുംബത്തെ കൈവിട്ടു എന്ന് അവർക്ക് തോന്നി…
ആകെ തളർച്ച തോന്നി ഗായത്രിക്ക്….

അവർ ബെഡിലേക്ക് കിടക്കാൻ ഒരുങ്ങി….പക്ഷേ കിടക്കുന്നതിനു മുൻപേ അവർ നിലത്തേക്ക് വീണു…

റൂമിൽ എന്തോ ശബ്ദം കേട്ടാണ്

സൂരജിന്റെ അച്ഛൻ ഓടിവന്നത്… നിലത്തു കിടക്കുന്ന ഗായത്രിയെ അയാൾ താങ്ങി എടുക്കാൻ നോക്കി… തന്റെ ആൺമക്കളെ ഉറക്കെ വിളിച്ചു… പതിവില്ലാതെ അച്ഛന്റെ വിളികേട്ട് സതീഷും സൂരജും ഓടിഇറങ്ങിവന്നു….

വീണുകിടക്കുന്ന ഗായത്രിയെ കട്ടിലിലേക്ക് കിടത്തി… സതീഷ് അമ്മയുടെ പൾസ് നോക്കി… .വളരെ വീക്ക് ആയിരുന്നു…. സൂരജേ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം…

നീ കാർ ഇറക്ക്…സതീഷിന്റെ ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ടുപോയത്…. ദീപ്തി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു…. അതുകൊണ്ട് വേഗം ദീപ്തിയെ വിളിച്ച് വിവരം പറഞ്ഞു…..

വന്ന ഉടൻ സ്‌ട്രെച്ചറിലേക്ക് ഗായത്രിയെ
കിടത്തി…. ഐസിയുവിലേക്ക് കയറ്റി…

കുറച്ചുസമയം കഴിഞ്ഞ് ഗായത്രിയെ നോക്കിയ ഡോക്ടർ ചെറിയാൻ വെളിയിലേക്ക് വന്നു…

സൂരജ് വേഗം ഡോക്ടറുടെ അടുത്തേക്ക് ചെന്നു… ഡോക്ടർ അമ്മയ്ക്ക്…സതീഷിനോട് വിശദമായി പറഞ്ഞിട്ടുണ്ട്…

രക്തസമ്മർദ്ദം വളരെ കൂടുതലാണ്.. നിയന്ത്രണവിധേയമാകുന്നില്ല…..

പിന്നെ ഒരു സൈഡ് ചലനശേഷിയും നഷ്ടപ്പെട്ടിരിക്കുകയാണ്….

നമുക്ക് നോക്കാം…. സൂരജിനോട് പറഞ്ഞു കൊണ്ട് ഡോക്ടർ മുന്പോട്ട് നടന്നു….

സൂരജ് കണ്ണുകൾ ഇറുക്കിയടച്ചു…..

ഒന്നിന് പിറകെ ഒന്നൊന്നായി തന്നെ വീഴ്ത്തുന്നു.. അതും തന്റെ ഏറ്റവും പ്രിയപ്പെട്ടവർക്ക്….. ഡോക്ടർ പറഞ്ഞതുകേട്ട് ഒന്നും മിണ്ടാതെ

ഗ്ലാസ്സിലൂടെ ഐസിയുവിലേക്ക് നോക്കിനിൽക്കുന്ന അച്ഛന്റെ മുഖഭാവം എന്താണെന്ന് അവന് മനസ്സിലായില്ല…

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14

തുലാമഴ : ഭാഗം 15

തുലാമഴ : ഭാഗം 16