Saturday, April 20, 2024
Novel

ശിവപ്രിയ : ഭാഗം 1

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

******

എഴുത്തുകാരി: ശിവ എസ് നായർ

രാത്രി പതിനൊന്നു മണി കഴിഞ്ഞു പത്തു മിനിറ്റ്.

തൃശ്ശൂർ ബസ് സ്റ്റാൻഡ്

ഒറ്റപാലത്തേക്കുള്ള ബസ് നോക്കി നിൽക്കുകയാണ് വൈശാഖ്.

“ചേട്ടാ ഒറ്റപാലത്തേക്കുള്ള ബസ് എപ്പഴാ….?? ” വൈശാഖ് തൊട്ടടുത്തു നിൽക്കുന്ന ഒരു ചേട്ടനോട് ചോദിച്ചു.

“ഇപ്പൊ ഒരു ഫാസ്റ്റ് പാസ്സഞ്ചർ ഉണ്ട്…. ”
അവിടെ എവിടെയാ പോകേണ്ടത്… ”

“കിള്ളികുറിശ്ശി ഗ്രാമത്തിലേക്ക്… ”

ആ പേര് കേട്ടതും അയാൾ ഒന്ന് ഞെട്ടി.

“ഈ രാത്രി ഇനി അങ്ങോട്ടേക്ക് പോകാതിരിക്കുന്നതാ നല്ലത്… ”

“അതെന്താ ചേട്ടാ…??” വൈശാഖ് ജിജ്ഞാസയോടെ ചോദിച്ചു.

“ഈയിടെയായി വെള്ളിയാഴ്ച തോറും രാത്രി കാലങ്ങളിൽ അതു വഴി പോകുന്ന പലരും പലതും കണ്ടു ഭയന്നിട്ടുണ്ട്…
ചിലർ അപ്പൊ തന്നെ മരിച്ചുവീണു… യക്ഷി ശല്യമെന്ന നാട്ടുകാർ പറയുന്നത്… ”

“ഒന്ന് പോ ചേട്ടാ ചിരിപ്പിക്കാതെ… ”

“സത്യമാ കുഞ്ഞേ ഞാൻ പറഞ്ഞത്… ഞാനും അവിടുത്ത്‌കാരനാ….. ”

“എന്റെ ചേട്ടാ ഞാനും അവിടുത്തെ ആള് തന്നെയാ… കേട്ടിട്ടുണ്ടോ ഇളവന്നൂർ മഠം… ”

ആ പേര് കേട്ടതും അയാളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം മിന്നി.

“അവിടുത്തെ ആരാ മോൻ… ഞാൻ കണ്ടിട്ടില്ലല്ലോ മുൻപ്… ”

“പാർവതി അന്തർജനത്തിന്റെ മകനാണ്… ”

“അങ്ങനെ വരട്ടെ അതാ ഞാൻ കാണാത്തത്…കേട്ടിരിക്കുന്നു മോനെ പറ്റി… വല്യമ്പ്രാട്ടി പറഞ്ഞിട്ടുണ്ട് ഒരുപാട്… ”

“ചേട്ടൻ അവിടെ അടുത്താണോ താമസം… ”

“കഴിഞ്ഞ ഒരു കൊല്ലം ഇല്ലത്തെ കാര്യസ്ഥൻ ആയിരുന്നെ ഞാൻ…ഇടയ്ക്ക് ഒന്ന് വീണു കുറെ നാൾ കിടപ്പായിരുന്നു ഒരു ആറു മാസത്തോളം…ഇപ്പൊ ഭേദായി എങ്കിലും പഴയ പോലെ ഓടി നടന്നു ഒന്നും ചെയ്യാൻ വയ്യ… ”

“കാര്യസ്ഥൻ രാവുണ്ണി അല്ലെ… ഇടയ്ക്ക് ഇല്ലത്തു നിന്നുള്ള വിളിയിൽ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്… അതുകൊണ്ട് എല്ലാരേയും കണ്ടിട്ടില്ലെങ്കിലും പേര് കേട്ടാൽ അറിയാം… ”

“ഉവ്വോ… സന്തോഷായി…”

“അല്ല ഈ രാത്രി ചേട്ടൻ എങ്ങോട്ടാ… ”

“നിലമ്പൂർ വരെ ഒന്ന് പോകേണ്ട ആവശ്യം ഉണ്ടേ… ഭാര്യേം മോളേം തൃശൂർ ഉള്ള അവരുടെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വരുന്ന വഴിയാ…..”

“എപ്പോഴാ അങ്ങോട്ടേക്ക് വണ്ടി… ”

“പതിനൊന്നരയ്ക്ക് ഒരെണ്ണം ഉണ്ട്….അതിൽ പോകാന്നു കരുതി….മോൻ എന്തായാലും തനിച്ചു ഇനി അത്രടം വരെ പോവണ്ട…. ഇവിടെ എവിടേലും കൂടാൻ നോക്കു….”

“അതൊന്നും സാരല്ല്യ… ഞാൻ അങ്ങ് പൊക്കോളാം… ”

അപ്പോഴേക്കും നിലമ്പൂരിലേക്കുള്ള ബസും ഒറ്റപാലത്തേക്കുള്ള ബസും സ്റ്റാൻഡിലേക്ക് വന്നു നിന്നു…

“എന്നാ ചേട്ടൻ പൊയ്ക്കോ… ഞാൻ ഇതിലു കേറുവാ…. ”

“വേണ്ട കുഞ്ഞേ രാത്രി യാത്ര വേണ്ട… ദുർ മരണങ്ങൾ വരെ ഇതിനോടകം നടന്നു കഴിഞ്ഞതാ അവിടെ….ചിലപ്പോൾ ജീവൻ പോലും ബാക്കിയുണ്ടാവില്ല… കൊന്നു കൊലവിളിക്കുന്ന ദുരാത്മാവാണ് അവൾ…. അവൾ അവിടെയുണ്ട്… ”

അയാളുടെ വാക്കുകൾ പാടെ അവഗണിച്ചു കൊണ്ട് നിർബന്ധ പൂർവ്വം രാവുണ്ണിയെ ബസ് കയറ്റി വിട്ട ശേഷം വൈശാഖ് തനിക്ക് പോകേണ്ട ബസിൽ കയറി ഡ്രൈവറുടെ പിന്നിലായി ഇരുപ്പുറപ്പിച്ചു.

“ഓരോരോ അന്ധവിശ്വാസങ്ങൾ… ” വൈശാഖ് സ്വയം പറഞ്ഞു.

പുറത്തു ഇരുട്ട് കനത്തു വന്നു.

അല്പ സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ വന്നു ഡോർ തുറന്നു കയറി. കണ്ടക്ടർ ബെൽ മുഴക്കി…

ബസ് പിന്നോട്ട് എടുത്തു വളച്ച ശേഷം സ്റ്റാൻഡ് വിട്ടു.

ടിക്കറ്റ്….ടിക്കറ്റ്….

“എവിടേക്കാ… ” കണ്ടക്ടർ ചോദിച്ചു.

“ഒറ്റപാലം… ” വൈശാഖ് മറുപടി പറഞ്ഞു.

കണ്ടക്ടർ നൽകിയ ടിക്കറ്റ് അവൻ പോക്കറ്റിൽ ഇട്ടു കൊണ്ട് വെറുതെ പിന്നിലേക്ക് നോക്കി.

അധികം ആളുകൾ ഉണ്ടായിരുന്നില്ല ബസിൽ.
പത്തോ പന്ത്രണ്ടോ ആൾക്കാർ ഉണ്ടാകും.
എല്ലാവരും സീറ്റിൽ ചാരി ഉറക്കമാണ്.

ടിക്കറ്റ് എടുത്ത ശേഷം കണ്ടക്ടർ മുന്നിൽ ഡ്രൈവറുടെ ഇടതു ഭാഗത്തുള്ള സീറ്റിൽ വന്ന്‌ ഇരുന്നു.

ക്ഷീണം ഉണ്ടായിരുന്നുവെങ്കിലും അവനു ഉറക്കം വന്നില്ല.

കുറച്ചു സമയം ഡ്രൈവറോടും കണ്ടക്ടറിനോടും കുശലം പറഞ്ഞിരുന്നു.
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ബസ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

“ഒറ്റപാലത്തുന്ന് എങ്ങോട്ട് പോകാനാ മാഷേ..” കണ്ടക്ടർ ചോദിച്ചു.

“കിള്ളിക്കുറിശ്ശിക്ക്…. ” അവൻ മറുപടി പറഞ്ഞു.

“ഇനിയിപ്പോ ഒറ്റപാലത്ത്‌ നിന്ന് ബസ് ഒന്നും ഉണ്ടാവില്ല അങ്ങോട്ട്‌… ഏതെങ്കിലും ഓട്ടോ കിട്ടുമെങ്കിൽ അതിൽ പൊക്കോളൂ… ”

“ഈ ബസ് എപ്പഴാ അവിടെ എത്തുക… ”

“പതിനൊന്നരയ്ക്കല്ലേ തൃശ്ശൂർന്ന് പുറപ്പെട്ടത്… ഒരു മണിക്കൂർ വേണം…. പന്ത്രണ്ടര ആകും എത്താൻ…. ”

അവൻ വാച്ചിൽ നോക്കി സമയം 11.50 p.m.

“ഇനിയും സമയം ഉണ്ട്… ” അവൻ സീറ്റിലേക്ക് ചാരി കിടന്നു. അവന്റെ ഓർമ്മകൾ കുറച്ചു പിന്നിലേക്ക് പോയി…. ഇളം കാറ്റ് അവനെ തഴുകി കടന്നു പോയി.

പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.

“മാഷേ സ്ഥലം എത്താറായി… ” ഡ്രൈവർ കുലുക്കി വിളിച്ചപ്പോഴാണ് വൈശാഖ് ഉണർന്നത്…”

“സ്ഥലം എത്തിയോ… ”

“അടുത്ത സ്റ്റോപ്പാ… ”

അവൻ ഒന്ന് മൂരി നിവർന്നു.

വാച്ചിൽ നോക്കിയപ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞു.

സ്റ്റോപ്പ്‌ എത്തിയപ്പോൾ കണ്ടക്ടർ ബെൽ അടിച്ചു. കുറച്ചു മുന്നോട്ടു നീക്കി ബസ് നിർത്തി.

ഡ്രൈവറോടും കണ്ടക്ടറോടും കൈവീശി യാത്ര പറഞ്ഞു വൈശാഖ് ബസിൽ നിന്നും ഇറങ്ങി. അവൻ ചുറ്റുമൊന്നു കണ്ണോടിച്ചു.

ബസ്സ്റ്റോപ്പിൽ ഒരു വയസ്സൻ ബീഡി വലിച്ചു ഇരിക്കുന്നുണ്ടായിരുന്നു.

അവൻ അയാളുടെ അടുത്തേക്ക് നടന്നു.

“അപ്പുപ്പാ കിള്ളിക്കുറിശ്ശിക്ക് ഇനി എപ്പഴാ ബസ്… ”

അയാൾ അവനെ അടിമുടി ഒന്ന് നോക്കി. ശേഷം
കയ്യിലിരുന്ന ബീഡി അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു കിടക്കാൻ വട്ടം കൂട്ടി.

വയസ്സൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവൻ കീശയിൽ നിന്നും നൂറിന്റെ ഒരു നോട്ട് എടുത്തു അയാൾക്ക്‌ നേരെ നീട്ടിപ്പിടിച്ചു.

വയസ്സന്റെ കണ്ണുകൾ ഒന്നു തിളങ്ങി… ആർത്തിയോടെ തട്ടിപറിക്കും പോലെ അയാൾ പൈസ വാങ്ങി.

“കിള്ളിക്കുറിശ്ശിക്ക് ഇവിടുന്ന് ഇനി എപ്പഴാ ബസ് ഉള്ളത്… ” വൈശാഖ് ചോദ്യം ആവർത്തിച്ചു.

“അവസാന ബസും പോയി… ഇനി അടുത്ത ബസ് വെളുപ്പിന് അഞ്ചരയ്ക്കാ…” അയാൾ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ നിരാശയോടെ തല വെട്ടിച്ചു.

വൃദ്ധൻ കമ്പിളി കൊണ്ട് പുതച്ചു ബസ് സ്റ്റോപ്പിന്റെ ഒരു മൂലയിൽ ചുരുണ്ടു കൂടി. വൈശാഖ് ബസ് സ്റ്റോപ്പിൽ ഇരുന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ ഒരു ലോറി അത് വഴി വന്നു.

റോഡിലേക്ക് ഇറങ്ങി അവൻ വണ്ടിക്ക് കൈ കാണിച്ചു.

കുറച്ചു മുന്നോട്ടായി വണ്ടി നിർത്തി ഡ്രൈവർ തല പുറത്തേക്കു ഇട്ടു അവനെ നോക്കി.

“ചേട്ടാ കിള്ളികുറുശ്ശി വഴിയാണോ… ”

“ആ കേറിക്കോ… ” ഡ്രൈവർ പറഞ്ഞു.

അയാൾ അൽപ്പം മദ്യപിച്ചിട്ടുണ്ടെന്ന് അവനു മനസിലായി.

വൈശാഖ് തന്റെ ലഗേജ് എടുത്തു കൊണ്ട് ഡ്രൈവറുടെ ഇടതു സൈഡിലെ ഡോർ തുറന്നു കയറിയിരുന്നു.

അയാൾ ലോറി മുന്നോട്ടു എടുത്തു.

“അടിക്കുന്നോ… ” അയാൾ കുഴഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു.

“വേണ്ട… ”

“ബീഡി… ”

“ശീലമില്ല… ”

“ഈ തണുപ്പിൽ വളയം തിരിക്കണമെങ്കിൽ എനിക്ക് അൽപ്പം ഉള്ളിൽ ചെന്നാലെ പറ്റു….
ഹോ എന്തൊരു തണുപ്പാ… ” അയാൾ പറഞ്ഞു.

“മ്മം… ” അവനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു… ”

തണുപ്പ് അവന്റെ ശരീരത്തിൽ അരിച്ചിറങ്ങി…
തീരെ സഹിക്കാൻ വയ്യാതായപ്പോൾ അവൻ ജാക്കറ്റ് എടുത്തു ധരിച്ചു.

“ചേട്ടന്റെ പേരെന്താ… ”

“മണിയൻ… ”

“ലോറിയിൽ എന്താ ചരക്ക്… ”

“കുറച്ചു കഞ്ചാവ് പിന്നെ പുകയിലയും… ” പകുതി ബോധത്തിൽ അയാൾ പറഞ്ഞു.

അത് കേട്ട് അവനൊന്നു ഞെട്ടി.

“എന്ത് നിസ്സാരമായിട്ടാ അയാൾ പറയുന്നത്… ” അവൻ മനസ്സിൽ ചിന്തിച്ചു.

ലോറിയിലെ അരണ്ട വെട്ടത്തിൽ അവൻ അയാളെ നോക്കി.

മുഖത്തു കട്ടി മീശ ചുവന്നു പഴുത്ത കണ്ണുകൾ കഴുത്തിൽ ഒരു വെള്ളി മാല. മുഖം കണ്ടാൽ തന്നെ ചെകുത്താനെ പോലെയുണ്ട്.

അവൻ പിന്നീട് ഒന്നും സംസാരിച്ചില്ല… സ്റ്റിയറിങ്ങിൽ താളമിട്ടു പഴയ ഏതോ ഹിന്ദി ഗാനം മൂളി കൊണ്ട് അയാൾ അതിവേഗം പാഞ്ഞു.

“ഈ പോക്ക് ആണെങ്കിൽ ഇങ്ങേരു ഇന്ന് എവിടെയെങ്കിലും കൊണ്ട് ഇടിച്ചു ചാകും… ” വൈശാഖ് മനസിൽ പറഞ്ഞു.

“ചേട്ടാ ഒന്ന് പതുക്കെ… ” അവൻ അയാളോട് പറഞ്ഞു.

“നീ പേടിക്കണ്ടടാ മോനെ വർഷങ്ങളായി ഞാൻ വളയം പിടിക്കുന്നതാ… എത്രയോ തവണ ഉറങ്ങി പോയിട്ടുണ്ട് പക്ഷെ ഇതുവരെ എനിക്ക് ഒന്നും പറ്റിയിട്ടില്ല… ” മണിയൻ തെല്ലു അഹങ്കാരത്തോടെ പറഞ്ഞു.

ഒരു വളവ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
“ചേട്ടാ ഇവിടെ നിർത്തിക്കോ… ”

“ഇറങ്ങാൻ ആയോ…”

“ഇവിടെയാ ഇറങ്ങേണ്ടത്… ”

അയാൾ ബ്രേക്കിൽ കാലമർത്തി.
ഒരു സീൽക്കാരത്തോടെ ലോറി നിന്നു.

മണിയനോട്‌ നന്ദി പറഞ്ഞു അവൻ ഡോർ തുറന്നു ഇറങ്ങി.

ലോറി അവനെ മറികടന്നു മുന്നോട്ടു പോയി.

സമയം 1.13 am

“ഇനിയിപ്പോ ഇവിടുന്നു നടക്കാം… അവൻ ബാഗും ലഗേജും എടുത്തു പതിയെ നടന്നു…

കടത്തു കടന്നു വേണം അവനു മഠത്തിലേക്ക് പോകാൻ.
ഈ നേരം അവിടെ ആരുമുണ്ടാവില്ല അതുകൊണ്ട് കുറച്ചു ചുറ്റി വളഞ്ഞ വഴിയേ പോകാം… ”

അവൻ മനസിലോർത്തു.

ചുറ്റും കനത്ത അന്ധകാരം….അമാവാസി ആയതിനാൽ നിലാ വെളിച്ചം നൽകാൻ ആകാശത്ത്‌ ചന്ദ്രനും ഇല്ല.

വൈശാഖ് ബാഗിൽ നിന്നും ടോർച്ചു എടുത്തു മിന്നിച്ചു. കയ്യിൽ ടോർച്ചു കരുതിയത് നന്നായെന്ന് അവനു തോന്നി.

ആ വഴി മുഴുവനും ആൾ സഞ്ചാരമില്ലാതെ കാട് പിടിച്ചു കിടക്കുകയാണ്.

“എന്നാലും യക്ഷിയെ പേടിച്ചു ആളുകൾ രാത്രി സഞ്ചാരം ഒഴിവാക്കിയത് ഒരു അത്ഭുതം തന്നെയാ….എന്നിട്ട് ഞാൻ ഒരു യക്ഷിയെയും കണ്ടില്ലല്ലോ… ” നാട്ടുകാരുടെ പ്രവർത്തി ഓർത്ത് അവനു ചിരി വന്നു.

അവിടെയെങ്ങും ഒരു മനുഷ്യൻ ഉണ്ടായിരുന്നില്ല.
ഓരോന്നു ഓർത്തു വൈശാഖ് മുന്നോട്ടു നടന്നു.

അപ്പോഴാണ് അവനു തന്നെ ആരോ പിന്തുടരുന്നതായി തോന്നിയത്.

പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് വൈശാഖ് തിരിഞ്ഞു നോക്കി.
ആരെയും കണ്ടില്ല.

വീണ്ടും മുന്നോട്ടു നടന്നപ്പോൾ അതേ ശബ്ദം ആവർത്തിച്ചു.

അവൻ ടോർച് തെളിച്ചു ചുറ്റും നോക്കി. അപ്പോഴാണ് ഒരു സർപ്പം ഇഴഞ്ഞു വരുന്നത് അവൻ കണ്ടത്.

തന്നെ ലക്ഷ്യം വച്ചാണ് അത് വരുന്നതെന്ന് അവനു മനസിലായി.വൈശാഖ് ഒരു കമ്പ് എടുത്തു അതിനെ ദൂരേക്ക് തട്ടി എറിഞ്ഞു.

ശേഷം അവൻ വീണ്ടും നടത്തം ആരംഭിച്ചു.

രണ്ടു വർഷങ്ങൾക്ക് ശേഷമാണ് വൈശാഖ് ഡൽഹിയിൽ നിന്നും തിരിച്ചു വരുന്നത്. തൃശ്ശൂരിൽ ഉള്ള അച്ഛന്റെ സുഹൃത്തിനെ കണ്ട ശേഷമുള്ള മടക്കമാണ്.

ഇളവന്നൂർ മഠത്തിലെ പാർവതി അന്തർജനത്തിന്റെയും വടക്കേപ്പാട്ട് മനയ്ക്കലെ ഉണ്ണികൃഷ്ണന്റെയും ഏക മകൻ ആണ് വൈശാഖ്.

പണ്ട് മുറ ചെറുക്കനുമായി വേളി നിശ്ചയിച്ച പാർവതി തമ്പുരാട്ടി വടക്കേപ്പാട്ട് മനയ്ക്കലെ ഉണ്ണികൃഷ്ണനുമായി പ്രണയത്തിലായി മഠത്തിൽ നിന്നും ഒളിച്ചോടി.

വടക്കേപ്പാട്ട് മന ഭാഗം വച്ച് കിട്ടിയ തന്റെ ഓഹരിയുമായി ഉണ്ണികൃഷ്ണൻ പാർവതിയുമായി ഡൽഹിയിൽ താമസമാക്കി.
അവിടെ ബിസിനസ്‌ ചെയ്തു അവർ തങ്ങളുടെ ജീവിതം ആരംഭിച്ചു.

വൈശാഖ് ഉണ്ടായ ശേഷം പിണക്കം മറന്നു ഇളവന്നൂർ മഠത്തിൽ നിന്നും പാർവതിയുടെ അച്ഛനും അമ്മയും മകളെയും മരുമകനെയും തിരികെ വിളിച്ചു.

ബിസിനസ്‌ ലോകത്ത് മുഴുകിയ ഉണ്ണി കൃഷ്ണനു എല്ലാം ഉപേക്ഷിച്ചു ഇല്ലത്തു കഴിഞ്ഞു കൂടാൻ താല്പര്യം ഇല്ലായിരുന്നു.

വർഷത്തിൽ എന്തെങ്കിലും വിശേഷം ഉണ്ടാകുമ്പോൾ മാത്രം അവർ വന്നു പോയി.

വൈശാഖിനു അഞ്ചു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും തമ്മിൽ വഴക്കായി പിരിഞ്ഞു അമ്മ തറവാട്ടിൽ വന്നു താമസമാക്കി.

അങ്ങനെ വൈശാഖ് ഇളവന്നൂർ മഠത്തിലെ കൊച്ചു മോനായി മുത്തശ്ശിയുടെയും മുത്തശ്ശന്റെയും തണലിൽ വളർന്നു. അതിഥിയെ പോലെ അച്ഛൻ എല്ലാ മാസവും മുടങ്ങാതെ അവനെ കാണാനായി വരുമായിരുന്നു.മകനായി മാത്രം കത്തുകളും അയച്ചു.

പിന്നീട് അച്ഛന്റെയും അമ്മയുടെയും പിണക്കം മാറിയെങ്കിലും വൈശാഖിനു തറവാട് വിട്ട് നിൽക്കാൻ ഇഷ്ടമല്ലാത്തതിനാൽ പാർവതിയും മകനും ഡൽഹിക്ക് പോയില്ല.

ഉണ്ണികൃഷ്ണൻ അവരെ കാണാനായി നാട്ടിലേക്കു വരും.

ബാല്യ കാലം ഓർത്തു അങ്ങനെ നടക്കവേ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ ഒന്നും തന്നെ വൈശാഖ് അറിഞ്ഞില്ല.

എന്തോ കണ്ടു ഭയന്ന പോലെ നായ്ക്കൾ ഓരിയിട്ടു….മരകൊമ്പിലിരുന്നു കൂമൻ നീട്ടി മൂളി.
ഒരു ചുഴലി കാറ്റ് അവനു പിന്നിൽ രൂപപ്പെട്ടു.

ശാന്തമായ അന്തരീക്ഷം പെട്ടെന്ന് മാറിയത് കണ്ട് വൈശാഖ് അന്തംവിട്ടു.

അപ്പോഴാണ് അവന്റെ പിന്നിൽ രൂപപെട്ട ചുഴലിയിൽ നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്കു വന്നത്.

കുപ്പി ചില്ലുകൾ വാരി വിതറും പോലെ അവൾ പൊട്ടിച്ചിരിച്ചു.

വൈശാഖ് ഞെട്ടി പിന്തിരിഞ്ഞു.

തുടരും