Thursday, October 10, 2024
Novel

തുലാമഴ : ഭാഗം 2

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിൽ ചെന്ന് കയറുമ്പോഴേ കണ്ടു ബ്രോക്കർ നാരായണൻ ചേട്ടൻ മുത്തശ്ശനോട് കാര്യം പറഞ്ഞിരിക്കുന്നത്…..

ബാഗും കൊണ്ടുവച്ച് മെല്ലെ അടുക്കളയിലേക്ക് ചെന്നു….

മുത്തശ്ശി അയാൾ എന്തിനാ ഇങ്ങോട്ട് വന്നത്.

മുത്തശ്ശൻ പറഞ്ഞിട്ട് ആണ് അയാൾ ഇങ്ങോട്ട് വന്നത്….

വരുന്ന ചിങ്ങത്തിൽ നിനക്ക് വയസ്സ് ഇരുപത് തികയും…

ഞങ്ങളുടെ കാലം കഴിഞ്ഞാൽ നിനക്കും ഒരു കൂട്ടു വേണ്ടേ…

നിന്നെ ആരുടെ എങ്കിലും കയ്യിൽ ഏല്പിച്ചിട്ട് കണ്ണടച്ചാൽ മതി.

നല്ല ആലോചന വല്ലതും വരുകയാണെങ്കിൽ കൊണ്ടുവരാൻപറഞ്ഞിരുന്നു….

നമുക്ക് പറ്റിയ ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്….

അത് പറയാൻ വേണ്ടി വന്നതാണ്…

കേട്ടപ്പോൾ എല്ലാംകൊണ്ടും കൊള്ളാം..

നീ ഈ ചായ എടുത്ത് കുടിക്ക്.

ഞാൻ ഇത് അവർക്ക് കൊടുത്തിട്ടു വരാം..

ചായ കുടിച്ചിട്ട് മെല്ലെ മുറിയിലേക്ക് കയറി. കട്ടിലിലേക്ക് കിടന്നു കണ്ണുകളടച്ചു…

എന്തിനെന്നറിയാതെ ഇരുകവിളിലൂടെയും കണ്ണുനീർ ഒഴുകി…..

വിവാഹ പ്രായം ആയോ തനിക്ക്…

അതിനായി തന്റെ മനസ്സ് പാകപ്പെട്ടിട്ടുണ്ടോ…
ഇന്നുവരെ ചിന്തിച്ചിട്ട് ഇല്ലാത്ത ഒരു കാര്യം.

മുത്തശ്ശനും മുത്തശ്ശിയും വിഷമിക്കുന്നതൊന്നും ചെയ്യാനും പറയാനും തന്നെക്കൊണ്ട് ആവില്ല…

അനുസരിക്കാൻ മാത്രമേ കഴിയൂ…….

തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണ്…..

നെറ്റിയിൽ തലോടുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. മുത്തശ്ശൻ ആണ്….

എന്താ അമ്മൂട്ടിയെ പതിവില്ലാതെ കിടക്കു ന്നത്..

ഒന്നുമില്ല മുത്തശ്ശ ചെറിയ ഒരു തലവേദന പോലെ….

ബ്രോക്കറെ കണ്ടപ്പോൾ തുടങ്ങിയ തലവേദന ആകും അല്ലേ കുട്ടിയെ…

മുത്തശ്ശി മുറിയിലേക്ക് കയറി വന്നു…

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ ഇരിക്കാൻ വേണ്ടി മുഖം കുനിച്ചു….

മുത്തശ്ശൻ മെല്ലെ തലയിൽ തലോടി….

അയ്യേ മുത്തശ്ശന്റെ അമ്മൂട്ടി കരയുവാ…

വിവാഹം ആലോചിച്ചു തുടങ്ങിയപ്പോഴേ കരച്ചിൽ അപ്പോൾ വിവാഹം കഴിഞ്ഞ് പോകുമ്പോൾ എന്താ അവസ്ഥ….

മുത്തശ്ശാ… ചിണുങ്ങി കൊണ്ട് മുത്തശ്ശൻറെ മേലേക്ക് ചാഞ്ഞു…..

മുത്തശ്ശന്റെ മിടുക്കി കുട്ടി എഴുന്നേറ്റ് കുളിച്ച് വന്ന് വിളക്ക് തെളിയിച്ചേ..
…………………………………………………………………..
കോളേജും വീടുമായി രണ്ടുദിവസം കൂടി കടന്നുപോയി…

അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഫോൺ ബെൽ അടിച്ചത്….

ഫോൺ എടുത്തപ്പോൾ ബ്രോക്കർ നാരായണൻ ചേട്ടനാണ്.

ഫോൺ മുത്തശ്ശന്റെ കയ്യിലേക്ക് കൊടുത്തു..

ഭക്ഷണം കഴിക്കുകയായിരുന്നു എങ്കിലും ശ്രദ്ധ മുഴുവൻ മുത്തശ്ശൻ സംസാരിക്കുന്നതിൽ ആയിരുന്നു……

സംസാരം കഴിഞ്ഞതിനുശേഷം മുത്തശ്ശൻ അടുത്ത് വന്നിരുന്നപ്പോൾ എന്താ പറയുന്നത് എന്നറിയാൻ കാതോർത്തിരുന്നു…….

നാരായണൻ പറഞ്ഞത് അവർക്ക് താല്പര്യം ഉണ്ട് എന്നാണ്…

ഞായറാഴ്ച പയ്യനും വീട്ടുകാരും കൂടി ഇവിടേക്ക് വരും……

നല്ല കുടുംബക്കാരാണ്… ചെമ്പകശ്ശേരിയിൽ പേരുകേട്ട കുടുംബമാണ്…

രണ്ട് ആൺ മക്കളിൽ ഇളയവനാണ്…..

മൂത്തമകൻ സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റ് ആണ്.

പയ്യൻ എംടെക് ഒക്കെ കഴിഞ്ഞു ഇപ്പോൾ ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്……

മോളുടെ ഫോട്ടോ കണ്ടപ്പോഴേ അവർക്ക് ഇഷ്ടമായെന്നാണ് നാരായണൻ പറഞ്ഞത്…

അവർ നാള് നോക്കിച്ചു പത്തിൽ എട്ട് പൊരുത്തം ഉണ്ടെന്നാണ് പറഞ്ഞത്….

എന്തായാലും അവർ വരട്ടെ…. വന്നു കണ്ടിട്ട് ബാക്കിയെല്ലാം തീരുമാനിക്കാം….

പയ്യനെയും കാണണമല്ലോ…..
……………………………………………………

ഇന്ന് പെണ്ണുകാണാൻ വരുന്ന ദിവസമാണ്
മുത്തശ്ശി രാവിലെ എഴുന്നേൽപ്പിച്ചു…

എഴുന്നേറ്റ് കുളിച്ച് ഒരു ദാവണി എടുത്തുടുത്തു……….

നീണ്ട മുടി രണ്ടു സൈഡിൽ നിന്നും എടുത്ത് പിന്നിഇട്ടു. വലിയ കണ്ണിൽ നീട്ടി കണ്മഷി എഴുതി.

നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടുതൊട്ടു…..

താഴെ ചെന്ന് മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി ഞാനൊന്ന് ക്ഷേത്രത്തിൽ വരെ പോയിട്ട് വരാം…..

പോകുന്നതിനൊന്നും കുഴപ്പമില്ല എന്നത്തേയും പോലെ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞു നിൽക്കാതെ പെട്ടെന്ന് വരാൻ നോക്കണം. അവർ 9 മണി ആകുമ്പോൾ എത്തുമെന്നാ നാരായണൻ പറഞ്ഞത്….

മുത്തശ്ശിയോട് തലയാട്ടി സമ്മതിച്ചു കൊണ്ട്
ശിവപാർവ്വതി സമേതനായി വാഴുന്ന തൃക്കടവ് മഹാദേവരെ കണ്ടു തൊഴാനായി ഇറങ്ങി…..

മുടി തുമ്പ് കെട്ടിയിട്ട് ക്ഷേത്രത്തിനുള്ളിൽ ലേക്ക് കയറി.. ശ്രീകോവിലിനു ഉള്ളിലേക്ക് നോക്കി തൊഴുതു…

നല്ലതുമാത്രം നടക്കണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ക്ഷേത്രത്തിന് വലം വെച്ചു….

തിരുമേനിക്ക് ദക്ഷിണ കൊടുത്തുകൊണ്ട് പ്രസാദം സ്വീകരിച്ചു….

ക്ഷേത്രത്തിനു വെളിയിലേക്ക് ഇറങ്ങി കുറച്ചുനേരം കൽപ്പടവിൽ ഇരുന്നു..

ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ മനസ്സിന് ഒരു ശാന്തതയാണ്…

വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു വെളിയിൽ ഒരു കാർ കിടക്കുന്നത്….

അവർ ഒൻപത് മണിക്ക് വരും എന്നാണല്ലോ പറഞ്ഞത്. ഇതു പിന്നെ ആരാ ഇത്ര നേരത്തെ..

എന്നോർത്തു കൊണ്ടാണ് സ്വീകരണ മുറിയിലേക്ക് കയറിയത്……

അകത്തു കയറിയപ്പോൾ പെട്ടന്നു കണ്ട മുഖമൊന്നും പരിചയം തോന്നിയില്ല.

ഒട്ടൊരു നെഞ്ചിടിപ്പോടെ അടുക്കളയിലേക്ക് പോയി മുത്തശ്ശിയുടെ അരികിൽ നിന്നു.

ചായ കപ്പിലേക്ക് പകർത്തുകയായിരുന്ന മുത്തശ്ശി മുഖത്തേക്ക് നോക്കി…

അവിടുത്തെ മൂത്തമകന് എന്തോ അത്യാവശ്യം.

അതുകൊണ്ട് അവർ നേരത്തെ വന്നു.

ഇനിയിപ്പോൾ ഡ്രസ്സ് മാറാൻ ഒന്നും നിൽക്കണ്ട. ഈ ചായ കൊണ്ട് കൊടുക്ക്.

മുത്തശ്ശി ചായ ട്രേ കയ്യിലേക്ക് തന്നു…

വിറക്കുന്ന കൈയ്യാൽ ട്രേ വാങ്ങി മുത്തശ്ശി യോടൊപ്പം സ്വീകരണ മുറിയിലേക്ക് നടന്നു..

ഓരോരുത്തർക്കായി ചായ നൽകി.

ആരുടേയും മുഖത്ത് നോക്കിയില്ല.

ധൃതിയിൽ മുത്തശ്ശിയുടെ പുറകിലേക്ക് മാറി മുഖം കുനിച്ച്നിന്നു…

പെട്ടെന്ന് അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

അമ്പരപ്പോടെ മുഖമുയർത്തി എല്ലാവരെയും നോക്കി….

ചിരിയോടെ എല്ലാ മുഖങ്ങളും എന്നിലേക്ക് ആണെന്ന് അറിഞ്ഞു…..

ഒട്ടൊരു ജാള്യതയോടെ നിന്ന ഞാൻ അപ്പോഴാണ് കണ്ടത്..

കണ്ണിൽ കുസൃതി നിറച്ചു ചുണ്ടിൽ ചെറു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു മുഖം…

(തുടരും )

തുലാമഴ : ഭാഗം 1