താദാത്മ്യം : ഭാഗം 41
എഴുത്തുകാരി: മാലിനി വാരിയർ
ഒരു ചിത്രശലഭത്തെ പോലെ പാറിക്കളിച്ചുകൊണ്ടിരുന്ന തന്റെ മകൾ എന്തോ നഷ്ടമായത് പോലെ ഒറ്റയ്ക്ക് മുറിയിലിരിക്കുന്നത് കണ്ട് ശോഭയുടെ മനം ഒന്ന് പിടഞ്ഞു. “മിഥു.. ഈ മിലുവിന് ഇതെന്ത് പറ്റി… അവളെന്തിനാ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ… ” ശോഭ വേദനയോടെ ചോദിച്ചു.മിഥു എന്ത് പറയണമെന്നറിയാതെ മൗനമായി നിന്നു. “എന്താ മിഥു… അവൾ നിന്നോട് വല്ലതും പറഞ്ഞോ..? ” അവർ വീണ്ടും ചോദിച്ചതും, “ഒന്നുമില്ലമ്മേ..അവളെന്തോ ആശയക്കുഴപ്പത്തിലാണ്.. കുറച്ചു നേരം ഒറ്റയ്ക്കിരുന്ന് ചിന്തിച്ചാൽ മാറാവുന്നതേ ഉള്ളൂ..അമ്മ വെറുതെ ടെൻഷൻ ആകേണ്ട..”
“എന്ത് കുഴപ്പം.. ജോലിയുടെ ടെൻഷൻ ആണോ..? അങ്ങനെ വല്ലതും ആണെങ്കിൽ അവളോട് ആ ജോലിക്ക് പോകണ്ടെന്ന് പറ..അവൾ ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ട ആവശ്യമൊന്നും ഇവിടെ ഇല്ല..” ആ അമ്മ മനം തുടിച്ചു. എന്ത് പറയണമെന്നറിയാതെ മിഥു അമ്മയുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി നിന്നു. “അങ്ങനെ ഒന്നുമില്ലമ്മേ… അവൾ വേറേതോ ചിന്തയിൽ ഇരിക്കുവാണ്.. അത് പെട്ടെന്ന് ശരിയാകും.. അമ്മ വിഷമിക്കാതെ സമാധാനമായി ഇരിക്ക്..ഞാനവളോട് സംസാരിക്കാം..” എന്ന് പറഞ്ഞ് മിഥു അമ്മയെ ആശ്വസിപ്പിച്ചു..അവർ എല്ലാം കേട്ട് പാതി മനസ്സോടെ അടുക്കള ജോലിയിലേക്ക് മുഴുകി..
മിഥുനയുടെ മനസ്സും മിലുവിന്റെ അവസ്ഥ കണ്ട് വിങ്ങികൊണ്ടിരുന്നു. “സേതു…പ്ലീസ്… എന്നോട് ഇങ്ങനെ എല്ലാം മറച്ച് വെച്ച് സംസാരിക്കല്ലേ…” സിദ്ധു ഒരു അപേക്ഷയോടെ പറഞ്ഞതും, സേതു അവന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി. “ഋഷിക്ക് മൃദുലയെന്ന് പറഞ്ഞാൽ ജീവനായിരുന്നു.. അവൻ മൃദുലയുടെ പഠിപ്പ് കഴിഞ്ഞ് അവന്റെ ഇഷ്ടം അവളോട് തുറന്ന് പറയാൻ ഇരിക്കുവായിരുന്നു..ഞാനവനെ ചെറിയ വയസ്സുമുതലെ കാണുന്നതാ.. സ്വന്തമെന്ന് പറയാൻ അവനാരുമില്ല. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അവൻ ഇന്നീ നിലയിൽ എത്തിയത്. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ ആദ്യത്തെ ബന്ധമാണ് മൃദുലയെന്ന് അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്..
അതോർക്കുമ്പോ ഞാനും സന്തോഷപ്പെടാറുണ്ട്..കുറച്ചു നാൾ മുൻപ് വരെ അവൻ ഒരുപാട് സന്തോഷത്തിലായിരുന്നു.അവളോട് ഇഷ്ടം തുറന്നു പറയാൻ കാത്തിരിക്കുകയായിരുന്നു അവൻ. പക്ഷെ ഒരു മൂന്നാല് മാസത്തിനു മുൻപ് പെട്ടെന്നൊരു ദിവസം, ഒരുപാട് കുടിച്ചിട്ട് അവൻ വീട്ടിലേക്ക് വന്നു.ഞാൻ അറിഞ്ഞിടത്തോളം അവനൊരു ദുശീലങ്ങളുമില്ല.. പക്ഷെ അന്നത്തെ അവന്റെ പ്രവർത്തികൾ എന്നെ ആശ്ചര്യപ്പെടുത്തി. അന്ന് ഒന്നും പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ.. ഞാനും ഒന്നും ചോദിച്ചില്ല. പിറ്റേന്ന് ഞാൻ അവനോട് കാര്യം തിരക്കി..
അതിന് അവൻ പറഞ്ഞ മറുപടി, ഇനി അവന്റെ ജീവിതത്തിൽ മൃദുല ഇല്ലെന്നാണ്, ഞാൻ ഞെട്ടലോടെ അതിന്റെ കാരണം തിരക്കി.. അവൻ മൃദുലയെ വേദനിപ്പിച്ചുവത്രേ.. ഇനി ഒരിക്കലും അവളുടെ ജീവിതത്തിൽ ഒരു തടസമായി അവൻ പോകില്ലെന്ന് പറഞ്ഞു.. പക്ഷെ എത്ര ചോദിച്ചിട്ടും അവൻ അതെന്തിനാണെന്ന് മാത്രം പറഞ്ഞില്ല.. മൃദുലയെ മറക്കണം, ഇനി അവളെ ഓർമ്മപ്പെടുത്തുന്ന ഒന്നും കാണില്ലെന്ന് പറഞ്ഞു.. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല.. കുറച്ചു നാൾ അവൻ ജർമനിയിൽ ആയിരുന്നു.. അവിടെ നിന്നാണ് അവൻ ബിസിനസ്സൊക്കെ നോക്കി നടത്തിയത്. തിരിച്ചു വന്നിട്ട് ഇപ്പൊ ഒരാഴ്ചയേ ആയിട്ടുള്ളു…അതിപ്പോ ഇങ്ങനെ ആയി…ആക്സിഡന്റായിരുന്നു… ”
സേതു പറഞ്ഞു തീർത്തതും ഡോക്ടർ പുറത്തേക്ക് വന്നു. സേതു ഡോക്ടറിന്റെ അടുത്തേക്ക് നടന്നു.. “ഋഷിക്ക് ഇപ്പൊ എങ്ങനെയുണ്ട് ഡോക്ടർ..? കുഴപ്പമൊന്നുമില്ലല്ലോ..” സേതു ഉത്കണ്ഠയോടെ ചോദിച്ചു.. “ഇപ്പൊ കുഴപ്പമൊന്നുമില്ല.. അപകട നില തരണം ചെയ്തു.. ഇനി പേടിക്കാനൊന്നുമില്ല..” എന്ന ഡോക്ടറുടെ മറുപടി കേട്ടപ്പോഴാണ് അവന്റെ ശ്വാസം നേരെയായത്.. “ഇപ്പൊ അവനെ കാണാൻ പറ്റുമോ ഡോക്ടർ..” സേതുവിന്റെ ചോദ്യത്തിന്.. “ഒരു അര മണിക്കൂർ കൂടി കഴിഞ്ഞിട്ട് കേറി കണ്ടോളൂ..” എന്ന് മറുപടി പറഞ്ഞുകൊണ്ട് ഡോക്ടർ നടന്നകന്നു.. സേതു പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെ കേട്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു സിദ്ധു.
ഋഷിയുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ കാരണം എന്താണെന്നറിയാതെ കുഴഞ്ഞു നിൽക്കുവായിരുന്നു അവൻ. “സേതു… നിങ്ങൾ പറഞ്ഞതൊക്കെ കേട്ട് ഞാനാകെ ആശയക്കുഴപ്പത്തിലാണ്..” സിദ്ധു മനസ്സിലെ സംശയം പറഞ്ഞതും.. “എനിക്കും ഒന്നും മനസ്സിലാകുന്നില്ല സിദ്ധു.. അൺകോൺഷ്യസ് ആയി കിടന്നപ്പോഴും.. അവൻ മിലു മിലു എന്ന് പറയുന്നുണ്ടായിരുന്നെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അവൻ കണ്ണ് തുറന്നതും അവൻ ആദ്യം ചോദിച്ചതും മൃദുലയ്ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നാണ്..ഇത്രയും പ്രണയം ഉള്ളിൽ വെച്ചുകൊണ്ട് എന്തിനാണവൻ മൃദുലയെ വേദനിപ്പിച്ചു അവളിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സികാക്കുന്നില്ല..
സത്യം അറിയണമെമെങ്കിൽ അതവൻ തന്നെ പറയണം..” സേതു അവനറിയാവുന്നത് മുഴുവൻ പറഞ്ഞു തീർത്തതും സിദ്ധുവിന്റെ സംശയം കൂടി. കുറച്ചു കഴിഞ്ഞ് സിദ്ധുവും സേതുവും ഋഷിയെ കാണാൻ മുറിയിലേക്ക് കയറി.. ഋഷിയെ ആ അവസ്ഥയിൽ കണ്ടപ്പോൾ സിദ്ധുവിന്റെ മനസ്സൊന്നു പിടഞ്ഞു.. ഒട്ടും പ്രതീക്ഷിക്കാതെ സിദ്ധുവിനെ അവിടെ കണ്ടപ്പോൾ ഋഷി അവനെ അമ്പരപ്പോടെ നോക്കി.. “ഇപ്പൊ വേദന കുറവുണ്ടോടാ..” സേതു ചോദിച്ചു.. “ഇപ്പൊ കുഴപ്പമില്ലടാ..” ഋഷി മറുപടി പറഞ്ഞു. “വാ.. സിദ്ധു… ഇരിക്ക്..” ഋഷി ചെറു പുഞ്ചിരിയോടെ പറഞ്ഞു.. “നിന്നെ ഇങ്ങനെ കാണുന്നതിൽ ഒരുപാട് വേദനയുണ്ട് ഋഷി..”
സിദ്ധു തന്റെ വിഷമം പറഞ്ഞു. “ഇങ്ങനെ നടക്കണമെന്നുണ്ടെങ്കിൽ നടന്നല്ലേ തീരൂ…” ഋഷി വരണ്ട പുഞ്ചിരിയോടെ പറഞ്ഞു. “അത് വിട് ഋഷി, ഇപ്പൊ നീ നല്ലോണം റസ്റ്റ് എടുക്ക്..എല്ലാം ശരിയാകും…” സിദ്ധു അവനോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു. “ഇപ്പൊ അവനെ സ്ട്രെസ്സ് ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ചോദിക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്..അതുകൊണ്ട് ഇപ്പൊ അവനോടൊന്നും ചോദിക്കണ്ട സേതു…..അവനിപ്പോ വേണ്ടത് വിശ്രമമാണ്…” സിദ്ധു പറഞ്ഞതും സേതുവും അതിനെ അംഗീകരിച്ചു.. വൈകിട്ട് സിദ്ധു വീട്ടിൽ തിരിച്ചെത്തി.
“സിദ്ധുവേട്ടാ.. ദാ ചായ…” അവന്റെ വാടിയ മുഖം കണ്ടതും മിഥു അവനുള്ള ചായയുമായി അവരുടെ മുറിയിലേക്ക് ചെന്നു. “ഏട്ടന്റെ ഫ്രണ്ടിന് ഇപ്പൊ എങ്ങനയുണ്ട്..” അവൾ ചായ ഗ്ലാസ് അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവനെ നോക്കി.. “ഇപ്പൊ കുഴപ്പമില്ല… അന്ന് ഞാൻ ഇവിടെ നിന്നപ്പോ ഒരാളെ കൂട്ടികൊണ്ട് വന്നില്ലേ..ഓർമ്മയുണ്ടോ..? ” സിദ്ധു ചായ കുടിച്ചുകൊണ്ട് അവളെ നോക്കി.. “അതെ… ഓർമ്മയുണ്ട്.. പക്ഷെ പേര് കിട്ടുന്നില്ല.. കണ്ടാൽ മനസ്സിലാകും.. അയാൾക്ക് എന്ത് പറ്റി..” അവൾ ഓർത്തുകൊണ്ട് മറുപടി പറഞ്ഞു. “ഉം.. അവനാണ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ഉള്ളത്..” “ഈശ്വരാ… അയാളല്ലേ…
തുടരും… എക്‌സാം ആണ്… കുറച്ച് ദിവസത്തേക്ക് ക്ഷമിക്കണം…