താദാത്മ്യം : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഒരു വിഷു പുലരികൂടി വന്നെത്തി. ബാംഗ്ലൂരിൽ ആയിരുന്നായപ്പോൾ, വീട്ടിലെ പൂജാ മുറിയിൽ കണിയൊരുക്കി അതിരാവിലെ തന്നെ അമ്മയെത്തും, പിന്നെ പൂക്കളുടേയും കായ്ഫലങ്ങളുടെയും നടുവിലിരിക്കുന്ന കണ്ണനെ തൊഴുത്, അച്ഛൻ തരുന്ന കൈനീട്ടവും വാങ്ങി, ഉച്ചയ്ക്കുള്ള വിഷു സദ്യ കൂടിയാവുമ്പോൾ, ബാംഗ്ലൂരിലെ വിഷു ആഘോഷങ്ങൾക്ക് വിരാമമായി..

ഇതാദ്യമായാണ് മിഥുന നാട്ടിൽ വിഷു ആഘോഷിക്കാൻ എത്തുന്നത്. ഇവിടെ വിഷു എന്ന് പറഞ്ഞാൽ ഒരു ഉത്സവം തന്നെയാണ്… കർഷകരായ ഗ്രാമവാസികൾ മതിമറന്ന് ആഘോഷിക്കുന്ന ഉത്സവം..

തലേന്ന് തന്നെ തുടങ്ങുന്ന ആഘോഷങ്ങൾ ഒരാഴ്ചയോളം നീണ്ട് നിൽക്കും.. കാർഷിക വിഭവങ്ങളുടെ വില്പനയും മറ്റ് മത്സരങ്ങളുമായ് ആ ഗ്രാമം ഒരു ഉത്സവ പ്രതീതിയോടെ നിറഞ്ഞു നിൽക്കുന്നു..

മിഥുനയെയും സിദ്ധുവിനെയും കണ്ണുകൾ പൊത്തി മീനാക്ഷി കണി കാണിച്ചു.. അത് വരെ നാട്ടിൽ വരുന്ന കാര്യത്തിൽ ഒട്ടും താല്പര്യമില്ലാതിരുന്ന മിഥുനയുടെ കണ്ണുകൾ വിടർന്നു .. സത്യത്തിൽ അങ്ങനൊരു കണി അവൾ ആദ്യമായാണ് കാണുന്നത്..

ചക്കയും മാങ്ങയും കണി വെള്ളരിയും സ്വർണ്ണ നാണയങ്ങൾ കോർത്ത് വെച്ചത് പോലെ തൂങ്ങിയാടുന്ന കൊന്ന പൂക്കൾക്കും നടുവിൽ കൃഷ്ണ ഭഗവാനെ കണ്ടപ്പോൾ അവളുടെ മനം നിറഞ്ഞു…

അതുവരെ അവൾ കാട്ടിയിരുന്ന താൽപ്പര്യമില്ലായ്മ എങ്ങോട്ടോ ഓടി മറഞ്ഞു…അവൾ സഹോദരിമാരോടൊപ്പം ചേർന്ന് മത്സരങ്ങൾ കണ്ട് രസിച്ചു..പങ്കെടുക്കുന്ന ഓരോ മത്സരങ്ങളിലും മൃദുല വിജയിക്കുന്നത് കണ്ടു അവൾ സന്തോഷത്തോടെ തുള്ളി ചാടി..

“പുരുഷന്മാർക്ക് വേണ്ടിയുള്ള ഉറിയടി മത്സരം തുടരുകയാണ്, അടുത്തതായി ഉറിയടിക്കാൻ എത്തുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ സിദ്ധാർത്ഥൻ..”

ആ അറിയിപ്പ് മിഥുനയുടെ കാതുകളിലെത്തി. കണ്ണിൽ തുണി കെട്ടി കയ്യിൽ ഒരു കമ്പുമായി കളത്തിലേക്ക് ഇറങ്ങിയ സിദ്ധുവിനെ അവൾ ആശ്ചര്യത്തോടെ നോക്കി നിന്നു.

സിദ്ധു ശ്രദ്ധയോടെ ഓരോ ചുവടുകൾ വയ്ക്കുമ്പോഴും മിഥുന അത് ആവേശത്തോടെ നോക്കി നിന്നു… ഒടുവിൽ ചാടിയടിച്ച് ഉറി ഉടച്ചുകൊണ്ട് സിദ്ധു വിജയിച്ചു..

“ഇതെങ്ങനെ… ആരുടെയും അടി അതിന്റെ അടുത്ത് പോലും വന്നില്ല..ഇങ്ങേരു ഇതെങ്ങനെ കൃത്യമായി അടിച്ചു.. ”

അവളുടെ മനസ്സിൽ ആകാംഷ നിറഞ്ഞു.

അത്താഴം കഴിഞ്ഞ് മിഥുന മുറിയിലേക്ക് കടന്നതും, സിദ്ധു മുറിക്കുള്ളിൽ എന്തോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. അവൻ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ തിരിഞ്ഞ് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും,

“മിഥു… ഞാനിപ്പോ തന്നെ ഇറങ്ങും.. നീ അകത്തേക്ക് വന്നോളൂ..”

അവൾ പുറത്തേക്ക് മടങ്ങുന്നത് കണ്ടതും സിദ്ധു അവളെ തടഞ്ഞു.അവളും ഒന്നും മിണ്ടാതെ മുറിയുടെ ഒരു മൂലയിലുള്ള കസേരയിൽ പോയിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്ക് കണ്ണ് നട്ടു..

“അതെങ്ങനാ… അതിൽ ജയിച്ചേ.. ”

അവളുടെ മനസ്സിലുണ്ടായിരുന്ന സംശയം അവൾ പുറത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു..

അവൾ തന്നോട് മിണ്ടിയല്ലോ ഒന്നോർത്ത് അവന് അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്നു..

“നീ എന്തിനെ കുറിച്ചാണ് പറയുന്നത്…? ”

അവൻ സൗമ്യമായ് ചോദിച്ചു..

“അത്… ആ കണ്ണ് കെട്ടി, കുടം ഉടച്ചില്ലേ…അതിനെക്കുച്ച്…”

അവൾ ജിജ്ഞാസയോടെ ചോദിച്ചു.

“അത് കുടമല്ല..ഉറി…അതിന്റെ പേരാണ് ഉറിയടി..”

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

“ഓഹ്..”

അവളുടെ കണ്ണുകൾ വിടർന്നു..

“അതെങ്ങനെ കണ്ണ് കെട്ടിയിട്ടും.. കറക്റ്റ് ആയി അത് അടിച്ച് പൊട്ടിച്ചു.. കണ്ണ് കെട്ടിയ ആൾ മര്യാദയ്ക്ക് കെട്ടിയില്ലെന്ന് തോന്നുന്നു..”

അവൾ കളിയാക്കിക്കൊണ്ട് ചോദിച്ചു.

“ഏയ്‌.. കണ്ണൊക്കെ ശരിയായി തന്നെയാ കെട്ടിയത്… ഒരു ഊഹവും ചെറിയ കണക്ക് കൂട്ടലുകളും കൊണ്ടാണ് ഞാൻ അതിൽ ജയിച്ചത്.”

അവൻ പറഞ്ഞത് അവൾക്കൊന്നും മനസ്സിലായില്ല..

“എന്ത് കണക്ക് കൂട്ടൽ…”

അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു..

“അപ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു.. സൂര്യൻ തലയ്ക്കു മുകളിൽ നിന്ന് കത്തി ജ്വലിക്കുന്ന സമയം..മുകളിൽ തൂങ്ങിയാടുന്ന ഉറിയുടെ നിഴൽ മുഖത്തേക്ക് വീഴും ഒരു ഊഹം വെച്ച് ചാടിയടിച്ചു… എന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നത് കൊണ്ട് ഞാൻ ജയിച്ചു…അത്രേയുള്ളൂ…”

അവൻ മനോഹരമായ ചിരിയോടെ മറുപടി പറഞ്ഞതും ആ ചിരി അവളെ എന്തൊക്കെയോ ചെയ്യന്നത് പോലെ തോന്നി… അത് മറയ്ക്കാനായി അവൾ അവന്റെ മുഖത്ത് നിന്നും നോട്ടം പിൻവലിച്ചു..

“ഓഹ്…. അത് കാണാൻ ഒരു ആവേശം ഉണ്ടായിരുന്നു..പിന്നെ ഈ സംശയവും,, അതുകൊണ്ട് ചോദിച്ചു എന്നേ ഉള്ളു..”

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു..

“ശരി മിഥു.. നീ ഇന്ന് നേരത്തെ എഴുന്നേറ്റതല്ലേ… നല്ല ക്ഷീണം ഉണ്ടാകും.. നീ ഉറങ്ങിക്കോളൂ.. ഞാൻ ഇറങ്ങുവാ..”

അവൻ പുറത്തേക്ക് പോവാൻ ഒരുങ്ങി..

“ഈ സമയത്ത് ഇതെവിടെ പോകുവാ…”

അവളുടെ വായിൽ നിന്നും അറിയാതെ വീണ വാക്കുകൾ കേട്ടതും സിദ്ധു ഞെട്ടാതിരുന്നില്ല.. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ മിഥുന ഇളിഭ്യതയോടെ നെറ്റിയിൽ തടവിക്കൊണ്ടിരുന്നു..

“അമ്പലത്തിലേക്ക് പോകുവാ.. കാർഷികോത്സവം കഴിയുന്നത് വരെ അവിടെ കുറച്ചു ജോലികളുണ്ട്..നീ റസ്റ്റ്‌ എടുക്ക്.. ഞാൻ പോയിട്ട് വരാം..”

സിദ്ധു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെനിന്നും നടന്നകന്നു..

“നീ എന്തിനാ ഇപ്പൊ അങ്ങനെ ചോദിക്കാൻ പോയെ.. അങ്ങേര് എവിടെ പോയാലും നിനക്കെന്താ…”

അവൾ മനസ്സിനെ കുറ്റപ്പെടിത്തികൊണ്ട് പിറുപിറുത്തു..

മിഥു തന്നോട് സ്നേഹത്തോടെ സംസാരിച്ചത് സിദ്ധുവിന്റെ ഉള്ളിൽ സന്തോഷം നിറച്ചു.. അതോർത്ത് കൊണ്ട് അന്ന് രാത്രി അവൻ സുഖമായി ഉറങ്ങി.

************

അടുത്ത ദിവസവും ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മിഥുനയും സഹോദരിമാരും വീട്ടിലേക്ക് മടങ്ങി.. അന്ന് മൃദുലയുടെ മുഖം വാടിയിരിക്കുന്നത് മിഥുനയുടെ ശ്രദ്ധയിൽ പെട്ടു.. സാധാരണ ആഘോഷങ്ങളിൽ മൃദുല കൂടുതൽ ഉത്സാഹത്തോടെയാവും നടക്കുക. എന്നാൽ അന്ന് അവൾ ഒരു മത്സരത്തിലും പങ്കെടുക്കാതെ മാറി നിന്നത് മിഥുനയെ ചിന്തയിലാഴ്ത്തി.. വീട്ടിൽ എത്തിയിട്ടും ഒറ്റയ്ക്ക് മാറി നിൽക്കുന്ന മൃദുലയുടെ അടുത്തേക്ക് അവൾ മെല്ലെ നടന്നു..

“മിലു..”

മുറ്റത്തെ ആ ചെറിയ പൂന്തോട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന മൃദുലയെ അവൾ വിളിച്ചു.. കണ്ണിൽ നിന്നും വാർന്നൊഴുകുന്ന കണ്ണീർ അവൾ കാണുന്നതിനും മുൻപേ തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു.

” എന്താ ചേച്ചി…”

അവൾ പുഞ്ചിരിയോടെ ചോദിച്ചു…

” നീ ഇവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യുവാ,, അകത്തേക്ക് വാ..”

മിഥുന അകത്തേക്ക് വിളിച്ചതും അവൾ മൂളിക്കൊണ്ട് അവളുടെ പിന്നാലെ നടന്നു..

” മിലു.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ”

അവൾ അൽപ്പം പരിഭവത്തോടെ ചോദിച്ചു..

” എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ ചേച്ചി ഞാൻ ചുമ്മാ അവിടെ നിന്നുന്നേ ഉള്ളൂ..”

മിഥുന അടുത്ത ചോദ്യം ചോദിക്കുന്നതിനു മുമ്പ് അവൾ വീടിനകത്തേക്ക് കയറി..

” ഈ മിലു ഇതെന്തുപറ്റി..”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ അവളുടെ മുറിയിലേക്ക് പോയി..

“മിഥു… വാ ഭക്ഷണം കഴിക്കാം.”

സിദ്ധു അവളെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറി.. അവൻ വന്നതുപോലും അറിയാതെ ഗാഢമായ ചിന്തയിലായിരുന്നു അവൾ..

“മിഥു…… മിഥു…”

അവൻ വീണ്ടും രണ്ട് പ്രാവശ്യം അവളെ വിളിച്ചു.. പെട്ടെന്ന് അവളവനെ നോക്കി..

“എന്ത് പറ്റി..? ”

അവളുടെ മങ്ങിയ മുഖം കണ്ടുകൊണ്ട് അവൻ ചോദിച്ചു..

“ഏയ് ഒന്നുമില്ല… ഞാൻ ഓരോന്ന് ചിന്തിച്ചിരിക്കുവായിരുന്നു…”

അവൾ മറുപടി പറഞ്ഞു..

“ഉം… ശരി. ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്. കഴിക്കാം…”

അവൻ പറഞ്ഞതും അവൾ മറിച്ചൊന്നും പറയാതെ അവന്റെ പിന്നാലെ നടന്നു..

എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി തീൻ മേശയ്ക്ക് മുന്നിൽ ഹാജരായിരുന്നു..എന്നാൽ മൃദുലയെ മാത്രം അവിടെ കണ്ടില്ല..

“അമ്മേ.. മിലു എന്തെ…? ”

കസേരയിലേക്ക് ഇരുന്നുകൊണ്ട് അവൾ ശോഭയോട് ചോദിച്ചു..

“അവൾക്ക് വയ്യെന്ന്.. മരുന്ന് കഴിച്ചിട്ട് കിടക്കുവാ… കുറച്ചു കഴിഞ്ഞ് ഞാൻ പോയി നോക്കിക്കോളാം… ഇപ്പൊ നീ ഭക്ഷണം കഴിക്ക്.”

ശോഭ മറുപടി പറഞ്ഞു..

മിഥുനയ്ക്ക് മൃദുല എന്തോ മറയ്ക്കുന്നുണെണ്ടെന്ന് മാത്രം മനസ്സിലായി.അവൾ ഒന്നും മിണ്ടാതെ ഭക്ഷണത്തിൽ മുഴുകി. സിദ്ധു അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ എന്തൊക്കെയോ ഉരുണ്ട് മറിയുന്നുണ്ടെന്ന് അവന് ബോധ്യമായി.

പേരിന് കഴിച്ചെന്നു വരുത്തി മിഥു തന്റെ മുറിയിലേക്ക് പോയി. മറ്റാരും അത് ശ്രദ്ധിച്ചില്ലെങ്കിലും സിദ്ധു അത് ശ്രദ്ധിച്ചിരുന്നു.. ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവൻ മൃദുലയുടെ മുറിയിലേക്കു നടന്നു..വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതും അവൾ വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ട് പുഞ്ചിരി തൂകി…

“എന്ത് പറ്റി എന്റെ മിലുക്കുട്ടിക്ക്..? ”

അവൻ വാത്സല്യത്തോടെ ചോദിച്ചു..

“ഒന്നുമില്ല സിദ്ധുവേട്ടാ.. ഒരു ചെറിയ തലവേദന..മരുന്ന് കഴിച്ചിട്ടുണ്ട്.”

അവൾ പറഞ്ഞൊപ്പിച്ചു..

“ഓഹ്…!ഋഷിയെ കണ്ടാൽ തലവേദന പോകുമോ.? വേണമെങ്കിൽ അവനോട് ഇങ്ങോട്ട് വരാൻ പറയാം..”

പെട്ടെന്നുള്ള സിദ്ധുവിന്റെ വാക്കുകൾ കേട്ട് അവൾ ഞെട്ടി.. അവൾ നിന്ന് വിയർക്കുവാൻ തുടങ്ങി…

“എ.. എന്താ ഏട്ടാ…”

അവൾ ഇടറിയ സ്വരത്തിൽ ചോദിച്ചു..

“അല്ലാ… ഇന്നലെ അവനെ കണ്ടത് മുതൽ അല്ലെ നിനക്ക് തലവേദന വന്നത്.. ഇപ്പൊ അവനെ കണ്ടാൽ തലവേദന വന്ന വഴിയേ പോകുമോ എന്നറിയാൻ ചോദിച്ചതാണ്..”

അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ഗൗരവത്തോടെ പറഞ്ഞതും, അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ തല കുനിച്ചു നിന്നു…

“അങ്ങനെയൊന്നുമില്ല… സിദ്ധുവേട്ടാ.. അതെന്റെ ഫ്രണ്ടാ..”

അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു..

“എന്റെ മുഖത്തേക്ക് നോക്ക്.. മിലു. ”

അവൻ സ്നേഹത്തോടെ അവളെ വിളിച്ചതും അവൾ മെല്ലെ തല ഉയർത്തി.. അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞ കണ്ണീരുകൾ അവന്റെ മനസ്സിലെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി..

“ഇന്നലെ വരെ നീ നല്ല സന്തോഷത്തിലായിരുന്നു… എപ്പോ ആ പയ്യനുമായി സംസാരിച്ചോ, അതിന് ശേഷം നീ ആകെ ഡൾ ആയി… അന്വേഷിച്ചപ്പോ അവനും ബാഗ്ലൂരിൽ നിന്നാണ് വന്നതെന്ന് മനസ്സിലായി… നിനക്ക് അവനെ അറിയാം എന്ന് എനിക്കറിയാം…

എന്താ നീയും അവനും തമ്മിൽ.. അവൻ നിന്നെ ശല്യം ചെയ്യുന്നുണ്ടോ…? നീ ഒരു വാക്ക് എന്നോട് പറ.. ഇടിച്ചവന്റെ ഷേപ്പ് ഞാൻ മാറ്റും.. പിന്നെ അവൻ നിന്നെ ശല്യം ചെയ്യാൻ വരില്ല…”

അവൻ പറഞ്ഞു തീരും മുൻപേ അവൾ പറഞ്ഞു തുടങ്ങി…

“അയ്യോ.. വേണ്ട സിദ്ധുവേട്ടാ.. ഋഷി വളരെ നല്ലവനാ… അവനൊന്നും ചെയ്തിട്ടില്ല…അവൻ ഇവിടെ ഫ്രണ്ടിന്റെ വീട്ടിൽ വന്നതാ.. എന്നോട് അതിനുമാത്രം ഒന്നും അവൻ പറഞ്ഞില്ല..”

അവൾ ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു..

“ശരി.. ഞാനൊന്നും ചെയ്യില്ല… നീ പേടിക്കണ്ട.. പക്ഷെ എന്നോട് നീ പറയണം എന്താ നീയും അവനും തമ്മിലുള്ള ബന്ധമെന്ന്.. അവനെ കണ്ടത് മുതലാണ് നീ ഇങ്ങനെ ഒറ്റയ്ക്ക് മാറി ഇരിക്കാൻ തുടങ്ങിയത്… അത്കൊണ്ട് പറ.. എന്താ നിന്റെ പ്രശ്നം…”

അവൻ ഗൗരവം ഒട്ടും കുറയ്ക്കാതെ ചോദിച്ചു.. സത്യം പറയുകയല്ലാതെ മറ്റൊരു വഴിയും അവൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല..

“അത്…”

അവൾ ഒരു മടിയോടെ പറഞ്ഞു..

“മടിക്കാതെ പറ… മിലു..എന്നെ നിനക്ക് വിശ്വാസമില്ലെ… ആരാ അവൻ..? അവനും നീയും തമ്മിൽ എന്താ ബന്ധം…? എന്നോട് പറ.. ഞാൻ മറ്റാരോടും പറയില്ല..”

അവൻ അവൾക്ക് വിശ്വാസം നൽകി..

“സിദ്ധുവേട്ടാ…. അവന്റെ പേര് ഋഷി…അവനെ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു.. എങ്കിലും എനിക്കവനെ ഒരുപാട് ഇഷ്ടമാണ്… അബദ്ധത്തിൽ ഞാനത് മിഥുവേച്ചിയോട് പറഞ്ഞു പോയി. പഠിപ്പ് കഴിയുന്നത് വരെ അതിൽ ശ്രദ്ധിക്കണ്ടെന്ന് ചേച്ചി പറഞ്ഞു..
ചേച്ചി പറഞ്ഞത് ശരിയാണെന്നു തോന്നിയത് കൊണ്ട് ഞാൻ അവനോട് കുറച്ചു അകലം പാലിച്ചു.. ആ സമയത്താണ് നിങ്ങളുടെ കല്യാണം കഴിഞ്ഞത്..എന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് എന്നെ രക്ഷിക്കാൻ ചേച്ചി ഈ കല്യാണത്തിന് സമ്മതിച്ചത്..

അതിൽ എനിക്ക് കുറ്റബോധമുണ്ട്..അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടവനോട് സന്തോഷത്തോടെ സംസാരിക്കാൻ പോലും കഴിയുന്നില്ല..

ഇന്നലെ അവൻ സംസാരിക്കാൻ വന്നപ്പോ ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു… അവന് വിഷമമായി കാണും..അതോർക്കുമ്പോ എനിക്ക് സങ്കടം വരുന്നു സിദ്ധുവേട്ടാ…”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

“നോക്ക് മിലു… നീ ഞങ്ങൾക്ക് ഇപ്പോഴും ഒരു ചെറിയ കുട്ടിയാണ്… മിഥുന പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ഇപ്പൊ നീ പഠിക്കേണ്ട സമയമാണ്… ആദ്യം ഞാൻ അവനെ കുറിച്ച് ഒന്ന് അന്വേഷിക്കട്ടെ… അവനും നിന്നെ ഇഷ്ടമാണെങ്കിൽ ബാക്കി ഞാൻ നോക്കിക്കോളാം… പോരെ…
ഇപ്പൊ നീ അതൊന്നും ആലോചിച്ചു വിഷമിക്കണ്ട… നീ സമാധാനത്തോടെ പോയി ഉറങ്ങ്.. ബാക്കി കാര്യം ഞാനേറ്റു…”

അവൻ അവളെ സമാധാനിപ്പിച്ചു..

“താങ്ക്സ് സിദ്ധുവേട്ടാ… ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം…”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..

“ശരി… നീ ഉറങ്ങിക്കോ…”

സിദ്ധു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് നടന്നു..

അകത്തേക്ക് കയറിയതും, മിഥുന ഇരുന്നുകൊണ്ട് ഉറങ്ങുന്നത് കണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു.. ജനലിനോട് ചേർന്നിട്ടിരുന്ന ആ കസേരയിൽ കിടന്നുറങ്ങുകയാണ് മിഥുന..

“മിഥു… മിഥു…

അവൻ അവളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൾ നല്ല ഉറക്കത്തിലായിരുന്നു…

“ഇങ്ങനെ കിടന്നാൽ നാളെ കഴുത്ത് വേദനിക്കുമല്ലോ… എന്താ ഇപ്പൊ ചെയ്യാ…”

എന്ന ചിന്തയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു…

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

-

-

-

-