താദാത്മ്യം : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“എന്നും നിങ്ങളുടെ ഇഷ്ടം പോലല്ലേ എല്ലാം നടന്നിട്ടുള്ളൂ… ഇതിന് മാത്രം എന്തിനാ എന്റെ പെർമിഷൻ ചോദിക്കുന്നത്.. നിങ്ങളുടെ ഇഷ്ടം പോലെ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ… ”

മുഖത്ത് യാതൊരു വിധ വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞ മകളെ ശോഭ നിറകണ്ണുകളോടെ നോക്കി.

“ഇവളെന്താ ഒന്നും മനസ്സിലാക്കാത്തത്? എപ്പോഴാണാവോ ഇവളുടെ മനസ് മാറുക.. ”

ശോഭയുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു.

“ഞാൻ നിന്നോട് പറഞ്ഞതല്ലേ ശോഭേ… അവൾക്ക് കുറച്ചു സമയം ആവശ്യമാണ്.. ഇപ്പൊ നമ്മൾ ചെയ്യുന്ന ഒന്നും അവൾക്ക് ഇഷ്ടമാവില്ല… ”

മഹേന്ദ്രൻ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“അവളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വിഷുവാണ്… അത് ആഘോഷിക്കാതിരുന്നാൽ എങ്ങനാ…
എന്നാൽ ഇവളോ ഒന്നിലും താല്പര്യമില്ലാതെ പറയുന്നത് കേട്ടില്ലേ…”

ശോഭ വീണ്ടും ദേഷ്യം പ്രകടിപ്പിച്ചു..

“നീയൊന്ന് അടങ്ങ് ശോഭേ.. ഇനിയും രണ്ട് ദിവസം ബാക്കിയില്ലേ. അവൾ സമ്മതിക്കും… തീർച്ചയായും ഇതിനൊക്കെ ഒരു മാറ്റം വരും..”

മഹേന്ദ്രൻ സാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

വിഷുവിന് നാട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് രാവിലെ മീനാക്ഷി വിളിച്ചിരുന്നു.. ആ കാര്യം മിഥുനയോട് പറഞ്ഞത് മുതൽ ഒന്നിനും താല്പര്യമില്ലെന്ന മട്ടിൽ മറുപടി പറഞ്ഞ് അവൾ ഒഴിഞ്ഞു മാറുന്നു.അവളെ അങ്ങനെ കാണുന്നത് ശോഭയെ കൂടുതൽ വിഷമപ്പെടുത്തി..

“എന്ത് പറ്റി മിഥു… നിന്റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ..? ”

മീര സംശയത്തോടെ ചോദിച്ചതും മിഥുന വീട്ടിൽ നടന്നതെല്ലാം പറഞ്ഞു.

“ശരി.. ഇതിനെന്തിനാ നീ ദേഷ്യപ്പെടുന്നേ..? കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ വിഷുവല്ലേ.. ജീവിതത്തിൽ ഒരിക്കലേ ഇതുപോലൊക്കെ നടക്കൂ… ആദ്യത്തെ വിഷു… ഓണം… ഇതൊക്കെ നാട്ടിൽ നടത്തുന്നത് ഒരു കീഴ് വഴക്കമാണ്.. അതുകൊണ്ട് അതിന് എതിരൊന്നും നിൽക്കാതെ സന്തോഷത്തോടെ പോയിട്ട് വാ…”

മീര യാഥാർഥ്യത്തെ ചൂണ്ടി കാണിച്ചു..

“അതെ… കല്യാണവും ജീവിതത്തിൽ ഒരിക്കലേ നടക്കു… അതും എന്റെ ഇഷ്ടം നോക്കിയല്ലല്ലോ നടന്നത്… പിന്നെ ഈ വിഷു ആഘോഷിക്കാത്തതിന്റെ ഒരു കുറവേ ഉള്ളൂ…”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“നീ വെറുതെ കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കല്ലേ മിഥു.. നടന്നു കഴിഞ്ഞതൊന്നും ഇനി മാറ്റാൻ പറ്റില്ല..ഇനി നടക്കാൻ സാധ്യതയുള്ളതിനേയും നീ ഉൾക്കൊള്ളാൻ ശ്രമിക്കണം…അതാണ് എല്ലാറ്റിനും നല്ലത്..”

മീര തന്റെ മനസ്സിൽ തോന്നിയ കാര്യം അവളെ അറിയിച്ചു..

“ഒരിക്കലും എന്റെ അവസ്ഥ ആർക്കും മനസ്സിലാവില്ല..”

എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു..

അതെ സമയം..

“അമ്മേ ഈ വിഷു ആഘോഷിക്കണമെന്ന് നിർബന്ധമുണ്ടോ…? ”

സിദ്ധു വിഷമത്തോടെ ചോദിച്ചു..

“എന്താടാ… നീയിപ്പോ ഇങ്ങനെ പറയുന്നേ.. ഒരു വർഷവും നമ്മൾ വിഷു ആഘോഷിക്കാതെ ഇരുന്നിട്ടില്ലല്ലോ..ഇപ്പൊ നിനക്കെന്ത് പറ്റി.? കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, കൃഷിക്കാർക്ക് കിട്ടുന്ന ഏറ്റവും നല്ല ദിവസമാണ് വിഷു എന്നൊക്കെ നീ എന്നും പറയാറുള്ളതല്ലേ.ഇപ്പൊ നിനക്ക് എന്താ പറ്റിയെ.? ”

മീനാക്ഷി അത്ഭുതത്തോടെ ചോദിച്ചു..

“അതല്ലമ്മേ…വിഷു നമുക്ക് ആഘോഷിക്കാം.. പക്ഷെ മിഥുനയോട് എന്തിനാ വരണമെന്ന് പറഞ്ഞേ.. അവളിതുവരെ വിഷുവിന് നാട്ടിൽ വന്നിട്ടേ ഇല്ലല്ലോ…? പിന്നെ ഇപ്പൊ മാത്രം എന്താ അവൾ വരണമെന്ന് നിർബന്ധം പിടിക്കുന്നേ…”

“എന്താടാ.. നീയീ പറയുന്നേ.. അവൾ നിന്റെ ഭാര്യയാ… അവൾക്ക് ഇത് നിന്നോടൊപ്പമുള്ള ആദ്യത്തെ വിഷുവാണ്..തീർച്ചയായും ഇത് അവൾ നിന്നോടൊപ്പം ആഘോഷിക്കണം.. അതാണ് ആചാരം…”

“അമ്മേ… ഈ കല്യാണം സാധാരണ രീതിയിൽ നടന്നിരുന്നെങ്കിൽ അമ്മ പറയുന്നതിനോട് ഞാൻ യോജിച്ചേനേ.. പക്ഷെ ഈ കല്യാണം എങ്ങനെയാണ് നടന്നതെന്ന് അമ്മയ്ക്കും അറിയാവുന്നതല്ലേ..എന്നിട്ടും വെറുതെ എന്തിനാ അവളെ കഷ്ടപ്പെടുത്തുന്നേ..”

അവൻ വിഷമത്തോടെ ചോദിച്ചു..

“എങ്ങനെ നടന്നാലും.. നടന്നത് ആരെകൊണ്ടും മാറ്റാൻ കഴിയില്ല..അത്കൊണ്ട് നീ പറയുന്നത് കേൾക്കാൻ എനിക്ക് പറ്റില്ല..”

മീനാക്ഷി ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു.. അവൻ ഒന്നും മിണ്ടാതെ അമ്മ പോയ ദിശയിലേക്ക് നിസ്സഹായതയോടെ നോക്കി നിന്നു..

************

മിഥുനയും കുടുംബവും സിദ്ധുവിന്റെ വീട്ടിലേക്ക് എത്തിച്ചേർന്നു.ആരതിയുഴിഞ്ഞ് സന്തോഷത്തോടെ മീനാക്ഷി മിഥുനയെ അകത്തേക്ക് ക്ഷണിച്ചു.. അവൾ ഒരു താല്പര്യവുമില്ലാത്ത രീതിയിൽ മൗനമായി നിന്നു.

“അമ്മായി… സിദ്ധുവേട്ടൻ എങ്ങോട്ട് പോയി…? ”

മൃദുല ആവേശത്തോടെ ചോദിച്ചു..

“കാർഷികോത്സവമല്ലേ… അവൻ അതിന്റെ തിരക്കിലാ..കുറച്ചു കഴിഞ്ഞ് വരും.. അപ്പോഴേക്കും നിങ്ങളെല്ലാവരും ഭക്ഷണം കഴിക്ക്..”

അവൾ മീനാക്ഷിയുടെ വാക്കുകൾക്ക് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി..

കുറച്ചു കഴിഞ്ഞ് സിദ്ധു വന്നതും വീട് ഉണർന്നു..

“ഹായ് മിലുക്കുട്ടി…നീ ഇതുവരെ ഇവിടത്തെ കാർഷികോത്സവം കണ്ടിട്ടില്ലല്ലോ…നല്ല രസമാണ്… നിനക്ക് പറ്റിയ മത്സരങ്ങളൊക്കെ ഉണ്ടാകും… നീ എല്ലാത്തിലും പങ്കെടുക്കണം കേട്ടോ…”

സിദ്ധുവിന്റെ ആവേശത്തോടെയുള്ള വാക്കുകൾ കേട്ട് മൃദുല ഉത്സാഹത്തോടെ തുള്ളിച്ചാടി..

ഉച്ചയൂണിന് ശേഷം സിദ്ധു മൃദുലയേയും കൂട്ടി അമ്പലപറമ്പിലേക്ക് തിരിച്ചു.. ശോഭ അത് പുഞ്ചിരിയോടെ സമ്മതിച്ചെങ്കിലും, സിദ്ധു മിഥുനയെ കുറിച്ച് ഒന്നും ചോദിക്കാതിരുന്നത് ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.

“മിഥൂന് സുഖമാണോ മിലു..? ക്ലാസ്സൊക്കെ നന്നായി തന്നെ പോകുന്നുണ്ടല്ലോ അല്ലെ..?”

അവൻ മൃദുലമായ സ്വരത്തിൽ ചോദിച്ചു..

“അതൊക്കെ നന്നായി തന്നെ പോകുന്നുണ്ട് സിദ്ധുവേട്ടാ… ഒരു പ്രശ്നവുമില്ല…”

മൃദുലയുടെ മറുപടി അവനെ ആശ്വസിപ്പിച്ചു..

“ആഹ്… അഞ്ജുവും സുരാജേട്ടനും വന്നിട്ടുണ്ടല്ലോ..!”

ബന്ധുക്കളെ കണ്ടതും അവൾ കൂടുതൽ സന്തോഷവതിയായി..

ആ ക്ഷേത്ര മൈതാനം ഒരു ഉത്സവ പ്രതീതിയോടെ തലയുയർത്തി നിന്നു..ആ വലിയ പറമ്പിന്റെ ഓരോ ഭാഗങ്ങളിലും കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഓരോരോ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

“ശരി… നിങ്ങൾ പോയി മത്സരങ്ങളിൽ പങ്കെടുക്ക്.. എനിക്ക് കുറച്ച് ജോലിയുണ്ട്… ഞാൻ അത് തീർത്തിട്ട് വരാം.. നന്നായി കളിക്കണം കേട്ടോ.”

സിദ്ധു അവരെ അവിടെ ആക്കിയതിന് ശേഷം മറ്റെവിടേക്കോ നടന്നകന്നു..

മൃദുല അവരോടൊപ്പം ചേർന്ന് ഓരോ മത്സരങ്ങളിലായി പങ്കെടുത്തു..ചിലതിൽ അവളും അഞ്ജുവും വിജയികളാവുകയും ചെയ്തു.

“അടുത്തതായി…. സ്ത്രീ ജനങ്ങൾക്ക് വേണ്ടിയുള്ള രംഗോലി മത്സരമാണ്.. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് കൊടുക്കേണ്ടതാണ്..”

ആ അറിയിപ്പ് കേട്ടതും അവർ കൂടുതൽ ആവേശഭരിതരായി..

“മിലു… ഈ മത്സരത്തിലും നീ തന്നെ ജയിക്കും..”

സുരാജ് അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു..

“അതെ ഏട്ടാ.. തീർച്ചയായും നമ്മൾ ജയിക്കും.”

അവൾ തള്ളവിരൽ ഉയർത്തികൊണ്ട് പറഞ്ഞു..

ചിത്രരചനയിൽ താല്പര്യമുള്ളത് കൊണ്ടും എന്നും വീട്ടുമുറ്റത്ത് കോലം ഇടാറുള്ളത് കൊണ്ടും അവൾക്ക് രംഗോലി മത്സരം വളരെ സുഖമമായി തോന്നി.. വളരെ പെട്ടെന്ന് തന്നെ തനിക്കു ഇഷ്ടപ്പെട്ട മനോഹരമായ ഒരു രംഗോലി കളം അവൾ വരച്ചു തീർത്തു..മറ്റുള്ളവുരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ അവൾ കൂടുതൽ ആവേശത്തോടെ കളത്തിൽ നിറങ്ങൾ വിതറി.. ചുരുങ്ങിയ സമയം കൊണ്ട് ഒരു മനോഹമായ രംഗോലി തന്നെ അവൾ ചെയ്തുതീർത്തു.. മാത്രമല്ല മറ്റു മത്സരാർത്ഥികളിൽ നിന്ന് അത് വേറിട്ടു നിന്നു..

“ഉറപ്പായും..ഫസ്റ്റ് പ്രൈസ് നിനക്ക് തന്നെയാണ്…”

അഞ്ജു അവളുടെ രംഗോലിയിൽ നോക്കി ആസ്വദിച്ചുകൊണ്ട് പറഞ്ഞതും മൃദുല അവരെ പുഞ്ചിരിയോടെ നോക്കി..

“മൃദുലേ…”

ആരോ അവളെ വിളിച്ചു..

“എവിടെയോ കേട്ട ശബ്ദം..”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടലോടെ സ്തംഭിച്ചു നിന്നു..

“ഇവൻ ഇവിടെ എന്ത് ചെയ്യുവാ..”

അവളുടെ ഹൃദയം തുടിപ്പ് പുറത്തേക്ക് കേട്ട് തുടങ്ങി.

“ഹേയ്… മറന്നോ…? എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നേ..? ”

“നിന്നെ എങ്ങനെ മറക്കും..”

അവന്റെ ചോദ്യത്തിന് അവൾ മനസ്സിൽ മറുപടി പറഞ്ഞു..

“ആരാ മിലു ഇത്…”

സുരാജ് ഇടക്ക് കയറി ചോദിച്ചു..

“എന്റെ ഫ്രണ്ടാണ് ഏട്ടാ…പെട്ടെന്ന് കണ്ടപ്പോ ഷോക്ക് ആയി പോയി..”

അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

“ശരി.. നീ സംസാരിച്ചിട്ട് വാ.. ഞങ്ങൾ ബാക്കിയുള്ള രംഗോലി കൂടി നോക്കിയിട്ട് വരാം..”

എന്ന് പറഞ്ഞ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം സുരാജ് നടന്നു പിന്നാലെ അഞ്ജുവും.. അവർ പോയപ്പോഴാണ് മൃദുലയുടെ ശ്വാസം നേരെ വീണത്..

“ഓർമ്മയുണ്ട്… ഞാൻ പോട്ടെ..”

അവൾ അവിടെ നിന്നും നടക്കാൻ തുടങ്ങിയതും..

“മൃദുല… ഒരു നിമിഷം..”

അവൻ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞതും അവൾ എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി..

“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ.. നീ എന്നെ ഇങ്ങനെ അവൈഡ് ചെയ്യുന്നേ..”

അവൻ സൗമ്യമായി ചോദിച്ചു..

“ഇവിടെ നോക്ക് ഋഷി.. ഞാൻ എന്തിന് നിങ്ങളെ അവൈഡ് ചെയ്യണം..എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഒന്നുമില്ല..അതുകൊണ്ടാണ് ഞാൻ പോകുന്നത്..”

അവൾ മെല്ലെ അവിടെ നിന്നും നടന്നകന്നു.എങ്കിലും അവൻ എങ്ങനെ ഇവിടെ വന്നു എന്ന ചിന്ത അവളുടെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു..

ഋഷിയെ അവൾക്ക് ഇഷ്ടമാണ്.. ഒരിക്ക അബദ്ധത്തിൽ അതവൾ മിഥുനയോട് പറയുകയും ചെയ്തു.

“ഈ പ്രായത്തിൽ എല്ലാവർക്കും വരുന്ന ഒരു വികാരം തന്നെയാണ് പ്രണയം.. എന്ന് കരുതി അത് മാത്രം ചിന്തിച്ചു നടന്ന് നീ നിന്റെ പഠിപ്പ് മുടക്കരുത്.. പഠിപ്പൊക്കെ കഴിഞ്ഞ് നിനക്ക് കല്യാണപ്രായമൊക്കെ ആവുമ്പോഴും ഈ ഇഷ്ടം നിന്റെ മനസ്സിലുണ്ടെങ്കിൽ, ഞാൻ തന്നെ അച്ഛനോടും അമ്മയോടും പറഞ്ഞ് നിന്റെ കല്യാണം നടത്തി തരാം..”

മിഥുന പറഞ്ഞ വാക്കുകളെ അക്ഷരം പ്രതിഅനുസരിച്ചു കൊണ്ട് അവൾ അവനോടുള്ള സംസാരം നിർത്തിയതാണ്.. പിന്നെ പെട്ടെന്നുള്ള ചേച്ചിയുടെ വിവാഹവും അവളെ അവനിൽ നിന്നും അകലാൻ പ്രേരിപ്പിച്ചു.

തന്റെ ചേച്ചി അവൾക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹം ചെയ്യാൻ കാരണം താൻ തന്നെയാണ് എന്ന കുറ്റബോധം അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ തന്റെ പ്രണയത്തെയും അവൾ തന്റെ മനസ്സിൽ നിന്നും അകറ്റി നിർത്തി.

ഋഷി, അന്ന് രാവിലെയാണ് തന്റെ സ്നേഹിതന്റെ കൂടെ അവന്റെ നാട്ടിൽ എത്തിയത്.

“നിന്റെ നാട് എനിക്ക് ഒരുപാട് ഇഷ്ടമായി..”

കൂട്ടുകാരന്റെ തോളിൽ കയ്യിട്ടുകൊണ്ട് ക്ഷേത്രമൈതാനത്തെ മത്സരങ്ങൾ ആസ്വദിച്ചുകൊണ്ട് ഋഷി പറഞ്ഞു..
പെട്ടെന്നാണ് അവന്റെ കണ്ണുകൾ മൃദലയിൽ ഉടക്കി നിന്നത്..

“മൃദുലയല്ലേ അത്…!”

അവന്റെ കണ്ണുകൾ വിടർന്നു.

അവന്റെ കൂട്ടുകാരി മൃദുലയെ പരിചയപ്പെടുത്തിയ അന്ന് തന്നെ അവൻ അവളിലേക്ക് ആകൃഷ്ടനായിരുന്നു..
ബാംഗ്ലൂരിലെ ഒരു ഒറ്റപ്പെട്ട വീട്ടിൽ അച്ഛനും അമ്മയും ആരുമില്ലാതെ ഒറ്റയ്ക്ക് വളർന്ന അവന്, അവളുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റവും സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും അവളെ പ്രണയിക്കാൻ പ്രേരിപ്പിച്ചു.

ചില സമയങ്ങളിലെ അവളുടെ പെരുമാറ്റത്തിൽ നിന്ന് അവൾക്കും തന്നെ ഇഷ്ടമാണെന്ന് അവന് തോന്നിയിട്ടുണ്ട്. അവളുടെ പഠനം കഴിഞ്ഞതും തന്റെ ഇഷ്ടം അവളോട് പറയാം എന്ന് കരുതിയിരുന്നതാണ് ഋഷി..ഓരോ ദിവസവും അവളിൽ നിന്നും വരുന്ന ഫോൺ സന്ദേശത്തിനായി അവൻ കാത്തിരിക്കും.

അവന്റെ ഓരോ പ്രഭാതവും തന്റെ ഫോണിലെ അവളുടെ മുഖം കണ്ട് തുടങ്ങുകയും രാത്രിയിൽ അവളിൽ നിന്നും വരുന്ന good night മെസ്സേജ് കണ്ട് അവസാനിക്കുകയും ചെയ്യും.ആ മെസ്സേജുകളിലൂടെ അവൾ തന്നെ എന്നും ഓർക്കാറുണ്ടെന്നുള്ളതായി അവന് തോന്നി.

അവന്റെ രാപകലുകൾ അവളെകുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന ആ സമയത്താണ് അവൾ പെട്ടെന്ന് എല്ലാം നിർത്തി അകന്ന് തുടങ്ങിയത്..
അവളുടെ പെട്ടെന്നുള്ള മാറ്റം അവന് താങ്ങാൻ കഴിഞ്ഞില്ലെങ്കിലും പഠിപ്പ് കഴിയുന്നത് വരെ അവളെ ശല്യം ചെയ്യരുതെന്ന് അവൻ തീരുമാനിച്ചിരുന്നു..

ഇന്ന് അവന്റെ കൂട്ടുകാരന്റെ നാട്ടിൽ അവളെ യാദൃശ്ചികമായി കണ്ടപ്പോൾ അവന്റെ ഹൃദയം സന്തോഷത്തോടെ തുള്ളിച്ചാടി. അവളുടെ ചെയ്തികളിൽ മതിമറക്കുകയും മത്സരങ്ങളിൽ അവൾ വിജയിക്കുമ്പോൾ സന്തോഷിക്കുകയും ചെയ്തു.എന്നാൽ അവൾ അവനെ കണ്ടിട്ടും അറിയാത്തത് പോലെ നടന്നകന്നത് അവന് താങ്ങാൻ കഴിഞ്ഞില്ല..

“നിനക്ക് ഇതെന്ത് പറ്റി മിലു..? നിനക്ക് എന്നോടുള്ള പ്രണയം എനിക്ക് നിന്റെ കണ്ണുകളിൽ കാണാം.. അതെന്തിനാണ് നീ മറയ്ക്കുന്നത്..”

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ നടന്നകലുന്ന ദിശയിലേക്ക് നോക്കി നിന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

-

-

-

-