താദാത്മ്യം : ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“മണി എട്ട് കഴിഞ്ഞു.മതി ഉറങ്ങിയത്.. നീ എഴുന്നേൽക്കുന്നുണ്ടോ..”

ശോഭ വാശിയോടെ ഫാനിന്റെ സ്വിച്ച് ഓഫാക്കി.

“അമ്മേ പ്ലീസ്.. ഫാൻ ഓണക്കിയെ..”

മിഥുന കിണുങ്ങിക്കൊണ്ട് കട്ടിലിന്മേൽ എഴുന്നേറ്റു ഇരുന്നു.. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ മെല്ലെ ചെവിക്ക് പിന്നിലേക്ക് വകഞ്ഞു മാറ്റി.

“ദിസ്‌ ഈസ്‌ നോട്ട് ഫെയർ മ്മാ…”

അവൾ ചുണ്ടുകൾ വിടർത്തികൊണ്ട് കൊഞ്ചി.

“ഇപ്പൊ നീ എഴുന്നേറ്റ് വരുന്നുണ്ടോ?
വേഗം പോയി പല്ല് തേച്ചു വന്നാൽ കാപ്പി തരാം..അല്ലേൽ എന്റെ മോളിന്ന് പച്ചവെള്ളം കുടിക്കില്ല..”

ശോഭയുടെ ഉറച്ച ശബ്ദം കേട്ട്, അവൾ അല്പം അലസതയോടെ എഴുന്നേറ്റ്, ബാത്റൂമിലേക്ക് നടന്നു..

“ശോഭേ… ഇന്നവധിയല്ലേ… അവൾ കുറച്ചു നേരം കൂടി കിടന്നോട്ടെ…”

ഉമ്മറത്തു ചായകുടിച്ചിക്കൊണ്ടിരുന്ന മഹേന്ദ്രൻ പറഞ്ഞു.

“നിങ്ങളാണ് അവളെ കൊഞ്ചിച്ചു വഷളാക്കുന്നത്, നാളെ വേറൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണാ.. അവിടെ ഇത്രേം നേരം കിടന്ന് ഉറങ്ങിയാൽ നിങ്ങളെ ആരും ഒന്നും പറയില്ല… അമ്മയുടെ വളർത്തു ദോഷമാണെന്നേ പറയൂ…”

ശോഭ അല്പം ഗൗരവത്തോടെ പറഞ്ഞു.

“ശരി… ശരി.. മൃദുല എവിടെ? ”

മഹേന്ദ്രൻ മെല്ലെ വിഷയം മാറ്റി..

“അവൾ അമ്പലത്തിൽ പോയി.. കണ്ട് പഠിക്കട്ടെ ഇവള്.. ഇവളെക്കാൾ ചെറുതല്ലെ അവള്.. എന്നിട്ടും വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകും.. നല്ല പെൺകുട്ടികൾ അങ്ങനാ… ഇവൾക്കാകെ പോത്തുപോലെ കിടന്നുറങ്ങണം.. ഇതൊക്കെ ഇവളിനി എന്ന് പഠിക്കുമോ എന്തോ..?”

ശോഭ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

“ഓഹ്.. ശരി നീ ഇനി അതിൽ കടിച്ചു തൂങ്ങണ്ട… ഒരുത്തി നിന്നെപ്പോലെ, മറ്റൊരുത്തി എന്നെ പോലെ.. പോരെ..”

മഹേന്ദ്രൻ ചെറു ചിരിയോടെ പത്രത്തിലേക്ക് കണ്ണെറിഞ്ഞു..

“ആ… മൂത്ത മോളെ എന്തേലും പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമാവില്ലല്ലോ..”

പുലമ്പികൊണ്ട് ശോഭ അടുക്കളയിലേക്ക് നടന്നു.. ചൂട് കാപ്പിയുമായി ഉമ്മറത്തേക്ക് വന്നപ്പോഴേക്കും മിഥുന ഹാജരായി..

അമ്മ കൊടുത്ത ചൂട് കാപ്പി അവൾ ആസ്വദിച്ചുകൊണ്ട് കുടിച്ചു..

“അമ്മേ… അമ്മേടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാട്ടോ… നമുക്കൊരു വലിയ ഹോട്ടൽ തുടങ്ങിയാലോ.. അമ്മയാണ് മെയിൻ ഷെഫ്..”

അച്ഛനെ നോക്കി കണ്ണിറുക്കികൊണ്ട് അവൾ ശോഭയോടായി പറഞ്ഞു..

“അതേയ്.. ഈ സോപ്പൊക്കെ നിന്റെ അച്ഛനോട് മതി… വളച്ചു കെട്ടാതെ എന്താ വേണ്ടതെന്നു പറ..”

ശോഭ അവളെ സംശയത്തോടെ നോക്കി.

“അയ്യോ അമ്മേ സോപ്പൊന്നുമല്ല.. ഞാൻ കാര്യായിട്ട് പറഞ്ഞതാ..”

“ശരി..ശരി.. പോയി കുളിച്ചിട്ട് വാ..കഴിക്കാൻ എടുത്ത് വെയ്ക്കാം.”അതും പറഞ്ഞ് ശോഭ അടുക്കളയിലേക്ക് പോയി.

“അച്ഛാ.. ഫ്രണ്ട്സുമായി പുറത്തേക്ക് പോകാന്ന് ഞാൻ വാക്ക് കൊടുത്തു… അച്ഛൻ അമ്മയോട് പറഞ്ഞ്.. ഒന്ന് സമ്മതിപ്പിക്ക്… പ്ലീസ്..”

അവൾ അച്ഛനോട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

“ശോഭേ…മിഥൂന് പുറത്തേക്ക് പോകണോന്ന് പറയുന്നു.. പോയിട്ട് വരട്ടെ അല്ലെ… ആ വഴി തന്നെ ആ കമ്പ്യൂട്ടർ കോഴ്സിന്റെ കാര്യവും അന്വേഷിച്ചു വരാലോ..”

മഹേന്ദ്രൻ വാക്കുകളിൽ യാതൊരുവിധ ആഡംബരങ്ങളുമില്ലാതെ പതുക്കെ ഒന്ന് എറിഞ്ഞു നോക്കി.. അമ്മയുടെ മറുപടി കേൾക്കാൻ മിഥുന കാത്തിരുന്നു.

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം,

“ആ ശരി.. ആ കോഴ്സിന് വേഗം ചേര്.. അവധി കഴിഞ്ഞ് കോളേജിൽ ചേരുമ്പോ കഴിയുന്ന വിധത്തിൽ എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ നോക്ക്..”

അമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു..

“താങ്ക്യൂ സോ മച്ച് മ്മാ..ഉമ്മാ…”

അവൾ ശോഭയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു..

“ആഹാ.. സമ്മതം വാങ്ങി തന്ന എനിക്ക് ഒന്നുമില്ലേ..”

മുഖത്ത് അല്പം അസൂയയോടെ മഹേന്ദ്രൻ ചോദിച്ചു..

“എന്റെ അച്ഛന് തരാതെ വേറെ ആർക്ക് കൊടുക്കാനാ..”

അച്ഛന്റെ കവിളിലും ഉമ്മ കൊടുത്ത് കൊണ്ട് അവൾ മുറിയിലേക്ക് നടന്നു. മഹേന്ദ്രന്റെയും ശോഭയുടെയും മുഖത്ത് സ്നേഹത്തോടെയുള്ള പുഞ്ചിരി വിടർന്നു..

“അമ്മേ..”

സുന്ദരമായ പുഞ്ചിരിയോട് കൂടി മൃദുല വീട്ടിലേക്ക് കയറി…

“മിലു,നന്നായി തൊഴാൻ പറ്റിയോ, അർച്ചനയോക്കെ ചെയ്തോ..”

ശോഭ അവളുടെ കയ്യിലെ പ്രസാദം വാങ്ങിക്കൊണ്ട് ചോദിച്ചു.

“ഇന്ന് നന്നായി തൊഴാൻ പറ്റി അമ്മേ.. അമ്മ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്, പിന്നെ ഉഷേച്ചിയും രമേച്ചിയും വന്നിരുന്നു.. അമ്മയെന്താ വരാത്തെ എന്ന് ചോദിച്ചു.. അമ്മയ്ക്ക് സുഖമില്ല അതാ വരാത്തെ എന്ന് പറഞ്ഞു..”

ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“ശരി മോളെ..ചേച്ചി കുളി കഴിഞ്ഞു വരട്ടെ നമുക്ക് കഴിക്കാം..”

“ശരിയമ്മേ..”

ശോഭ പറഞ്ഞത് കേട്ടുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു.

“വന്നോ ചേച്ചീടെ മിലുക്കുട്ടി..? ഇന്ന് ഞാൻ ഫ്രണ്ട്സുമായി സിനിമയ്ക്ക് പോകുന്നുണ്ട്, നമ്മുടെ ലാലേട്ടന്റെ സിനിമയ.. നീയും വാ..”

മിഥുന ഉത്സാഹത്തോടെ പറഞ്ഞു.

“അമ്മ സമ്മതിച്ചാൽ വരാം..”

മിലു ചിരിച്ചു.

“അതൊക്കെ ഞാൻ നോക്കിക്കോളാം, നീ റെഡിയായി ഇരുന്നോ..”

എന്ന് പറഞ്ഞ് പുറത്തേക്ക് വന്നു.

“അമ്മേ.. ഞാൻ മിലൂനേം കൊണ്ട് പൊയ്ക്കോട്ടേ.. അവൾക്കും കമ്പ്യൂട്ടർ ക്ലാസ്സിൽ ചേരാലോ..”

“ശരി… സൂക്ഷിച്ചു പോയിട്ട് വാ..”

അമ്മ സമ്മതിച്ചു.

രാവിലത്തെ ഭക്ഷണവും കഴിഞ്ഞ് അവർ ഇറങ്ങി.

“നമുക്ക് കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിട്ട് പോകാം അല്ലെ..”

മിലു പറഞ്ഞു..

“ശ്ശോ… നീയും അമ്മയെ പോലെ തന്നാനല്ലോടി..”

മിഥുന കണ്ണുകൾ ഉരുട്ടികൊണ്ട് പറഞ്ഞു..

“നിനക്ക് അറിയാവുന്നതല്ലേ എനിക്ക് കമ്പ്യൂട്ടറിൽ ഒന്നും താല്പര്യമില്ലെന്ന്. എന്റെ സ്വപ്നം നമ്പർ വൺ ഫാഷൻ ഡിസൈനർ ആവണം എന്നാണ്.. അതിന് എന്തിനാ ഈ കമ്പ്യൂട്ടർ കോഴ്സ്.”

“കമ്പ്യൂട്ടർ എല്ലാ ഫീൽഡിലും കോമൺ അല്ലെ.. ചേച്ചി,ചേച്ചിക്ക് ഇഷ്ടമുള്ള ഡിസൈൻ കോഴ്സ് എടുത്ത് പഠിച്ചാൽ പോരെ..”

മിലു പറഞ്ഞതും..

“ശരി.. നീ പറഞ്ഞത് കൊണ്ട് നമുക്കൊന്ന് ശ്രമിച്ചു നോക്കാം..”

ഇരുവരും ആ മനോഹരമായ ദിവസം കഴിഞ്ഞ് വൈകുന്നേരം ആയപ്പോഴേക്കും വീട്ടിലെത്തി.അമ്മ ചൂടോടെ പൊരിച്ചു വെച്ച പഴംപൊരി അവർ ഒരു പിടി പിടിച്ചു.

“കോഴ്സിന് ചേർന്നോ..”

ശോഭയുടെ ചോദ്യം കേട്ട് മിഥുന അല്പമൊന്ന് പതറി..

“അതൊക്കെ ചേർന്നമ്മേ.. നാളെ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ പറഞ്ഞു..”

മൃദുലയുടെ മറുപടി കേട്ട് മിഥുന അവളെ അത്ഭുതത്തോടെ നോക്കി..

“പേടിക്കണ്ട ചേച്ചി.. എന്റെ ഫ്രണ്ടിനെക്കൊണ്ട് ഞാൻ എല്ലാം സെറ്റ് ആക്കി..”

മിഥുനയെ നോക്കി കണ്ണിറുക്കിക്കൊണ്ട് മൃദുല പറഞ്ഞു..

“എന്റെ ചക്കരക്കുട്ടി..”

മിഥുന സന്തോഷത്തോടെ അവളുടെ കവിളിൽ നുള്ളി.

മിഥുനയെക്കാൾ ഒരു വയസിനു ഇളയവളാണ് മൃദുല.. അതുകൊണ്ട് തന്നെ മിഥുനയ്ക്ക് മൃദുലയോട് അല്പം വാത്സല്യം കൂടുതലാണ്.അമ്മയ്ക്ക് തുല്യമായ സ്നേഹത്തോടെയാണ് അവളെ നോക്കുന്നത്.. മൃദുലയ്ക്കും ചേച്ചി എന്നതിനേക്കാൾ ഒരു രണ്ടാനമ്മയെ പോലെയാണ് മിഥുനയെ കാണുന്നത്.

ഇരുവരുടെയും സ്നേഹം കാണുന്നവർ അസൂയപ്പെടും വിധം അപൂർവ്വ സഹോദരിമാരായിരുന്നു അവർ.

എങ്കിലും രണ്ട് പേരുടെയും സ്വഭാവങ്ങൾ രണ്ട് ധ്രുവങ്ങൾ പോലെയായിരുന്നു.

മൃദുല, പെരുപ്പോലെ തന്നെ മൃദുലയായവൾ.
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ലോല ഹൃദയമുള്ള ഒരു സുന്ദരിക്കുട്ടി.

മിഥുനായ്ക്കട്ടെ ദീർഘ വീക്ഷണമുള്ളതും, പുരുഷോചിതമായ കാഴ്ചപ്പാടുകളും, ധൈര്യവുമുള്ള, വജ്രത്തിൽ കടഞ്ഞെടുത്തതു പോലുള്ള ഒരു പെൺ ശില.

മൃദുലയ്ക്ക് സംസ്ക്കാരവും, ദൈവ ഭക്തിയും, പാചകവുമൊക്കെയാണ് ഇഷ്ട വിനോദം. എന്നാൽ മിഥുനയ്‌ക്കോ അതെല്ലാം വെറും നേരമ്പോക്കായാണ് തോന്നിയിട്ടുള്ളത്.അവളെ അപേക്ഷിച്ച് ലോകം മാറിക്കൊണ്ടിരിക്കുകയാണ്, അതിനനുസരിച്ചു നമ്മളും മാറണം എന്ന് ചിന്തിക്കുന്ന സ്വഭാവക്കാരിയാണ് അവൾ.

അത്ക്കൊണ്ട് തന്നെ വരും കാലത്ത് മുൻതൂക്കമുള്ള പ്രെഫൊഷൻ തന്നെ തിരഞ്ഞെടുക്കാൻ അവൾ തീരുമാനിച്ചത്.
നവയുഗ വസ്ത്ര ശേഖരങ്ങൾക്ക് രൂപകൽപ്പന ചെയ്യുന്ന ഒരു ഫാഷൻ ഡിസൈനർ ആവണമെന്നാണ് അവളുടെ ആഗ്രഹം.തന്റെ നിർമിതികൾ എല്ലാവരും വാങ്ങി അഭിനന്ദനങ്ങൾ നൽകണം, ഏറ്റവും വലിയ ഡിസൈനറായി ലോകത്തിന്റെ നെറുകയിൽ തൊടണം എന്നതാണ് അവളുടെ സ്വപ്നം.

മൃദുല അവരുടെ അമ്മയെ പോലെ പാരമ്പര്യമനോഭാവത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.ഓരോ പാരമ്പര്യ വിശ്വാസങ്ങളും അവൾ അമ്മയിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്.മിഥുനയോ അത്തരം കാര്യങ്ങളിൽ ഒരിക്കൽ പോലും ശ്രദ്ധ കൊടുത്തിട്ടില്ല.

രണ്ട് പേരും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രണ്ടുപേരുടെയും സ്നേഹത്തിന് കുറവൊന്നും വരാറില്ല.. മൃദുലയെ മിഥുനയും, മിഥുനയെ മൃദുലയും ഒരിക്കലും വിട്ടിക്കൊടുക്കാറുമില്ല.

സ്നേഹത്തോടും കരുതലോടും പരിപാലിക്കുന്ന അമ്മ, വാത്സല്യത്തോടെ വളർത്തുന്ന അച്ഛൻ, മകളെ പോലെ സ്നേഹിക്കുന്ന അനിയത്തി.. ഇതാണ് മിഥുനയുടെ കുടുംബം.

ദൈവകൃപയാൽ ജീവിതത്തിലെ എല്ലാ വരങ്ങളും ഒരുമിച്ചു കിട്ടിയവളാണ് മിഥുന..

***********

“മോനെ സിദ്ധു… ”

മീനാക്ഷിയമ്മയുടെ വിളിക്കേട്ടതും വാഴത്തോപ്പിൽ താൻ ചെയ്തയ്കൊണ്ടിരുന്ന ജോലി നിർത്തി വെച്ചുകൊണ്ട് സിദ്ധു അവരുടെ അടുത്തേക്ക് നടന്നു.

സിദ്ധു… സിദ്ധാർത്ഥൻ… പേരുപോലെ തന്നെ രൂപത്തിലും അതെ ഗാംഭീര്യമുള്ളവൻ, സുന്ദരമായ ചിരിയിൽ എല്ലാവരെയും മയക്കാൻ കഴിവുള്ള ഒരു ചഞ്ചല ഹൃദയൻ.

“അമ്മേ… വീട്ടിലെ ജോലിക്കാരോടാരോടെങ്കിലും കൊടുത്ത് വിട്ടാൽ പോരായിരുന്നോ… വെറുതെ ഈ വരമ്പോക്കെ കേറിയിറങ്ങി കഷ്ടപ്പെടുന്നതെന്തിനാ…”

“നീ കഴിച്ചോ ഇല്ലയോ എന്ന് അവിടെ ഇരുന്നു മനസ്സ് വേദനിപ്പിക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാ..”

കയ്യിലുണ്ടായിരുന്ന ഭക്ഷണപാത്രം തോപ്പിന്റെ ഒരു ഓരത്ത് വെച്ചുകൊണ്ട് അല്പം പ്രയാസപ്പെട്ട് നിലത്തിരുന്നു.

“എന്നെങ്കിലും ഞാൻ പറയുന്നത് അമ്മ കേട്ടിട്ടുണ്ടോ..ശരി വിശക്കുന്നു.. അമ്മ ഭക്ഷണം വിളമ്പ്..”

വാഴത്തോപ്പിലേക്ക് ഒഴുകുന്ന ചെറിയ തോട്ടിൽ നിന്നും കൈകഴുകി അവൻ അമ്മയുടെ അടുത്തിരുന്നു.പാത്രം തുറന്നതും ചൂട് ഇഡലിയുടെ ഗന്ധം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി..അമ്മയുണ്ടാക്കിയ തന്റെ ഇഷ്ടഭക്ഷണം രുചിയോടെ ചവച്ചിറക്കി..

സിദ്ധാർത്ഥൻ, മീനാക്ഷിയമ്മയുടെ ഒരേ ഒരു മകൻ. അവന് ഒരു വയസ്സുള്ളപ്പോൾ അവന് അച്ഛനെ നഷ്ടമായി, അമ്മ മീനാക്ഷിയാണ് അവനെ വളർത്തി ആളാക്കിയത്.

കോളേജിലെ ബെസ്റ്റ് സ്റ്റുണ്ടന്റായിരുന്നു സിദ്ധാർത്ഥൻ, തന്റെ ഇഷ്ടവിഷയമായ കൃഷി (agriculture )തിരഞ്ഞെടുത്ത് പഠിച്ചു.
പഠിപ്പ് കഴിഞ്ഞ് സ്വന്തം നാട്ടിൽ കൃഷി ചെയ്ത് ജീവിക്കാനാണ് അവനിഷ്ടം.. അവൻ അതുപോലെ തന്നെയാണ് ഇപ്പോൾ ജീവിക്കുന്നതും.

എന്തൊക്കെ പുതിയ പുതിയ മാറ്റങ്ങൾ വന്നാലും കാലാകാലങ്ങളായി പകർന്നു കിട്ടിയ പാരമ്പര്യവും സംസ്കാരവും മാറ്റാൻ പാടില്ല എന്ന ചിന്താഗതിക്കാരനാണ് സിദ്ധു.
മലയാളഭാഷ, സാഹിത്യം, കലകൾ എന്നിങ്ങനെ പലതിലും കഴിവ് തെളിയിച്ചവനാണ് സിദ്ധു.

എല്ലാറ്റിനും പുറമെ തന്റെ അമ്മയെ സ്നേഹിക്കുന്ന അരുമ മകൻ.

-അമ്മയെക്കാൾ വലിയ ക്ഷേത്രം ഉണ്ടോ-

തുടരും…

-

-

-

-

-