Saturday, April 27, 2024
Novel

താദാത്മ്യം : ഭാഗം 26

Spread the love

എഴുത്തുകാരി: മാലിനി വാരിയർ

Thank you for reading this post, don't forget to subscribe!

“ഹലോ… മിഥു…. മിലുവിനോട് നീ സംസാരിച്ചോ.. ഇപ്പൊ അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ… ” അർജുൻ വാക്കുകളിൽ കള്ള സ്നേഹം നിറച്ചു. “ഇപ്പൊ അവൾക്ക് കുഴപ്പമില്ല അച്ചു… പിന്നെ ഒരു പാട് നന്ദിയുണ്ട് നിന്നോട്.. നീ ഈ കാര്യം കൃത്യസമയത്ത് തന്നെ എന്നോട് പറഞ്ഞു.. അല്ലെങ്കിൽ ഞാൻ ഒന്നും അറിയില്ലായിരുന്നു…. ” മിഥു അവനോട്‌ കൃതജ്ഞതയോടെ പറഞ്ഞതും അവൻ ഉള്ളിൽ ഗൂഢമായി ചിരിച്ചു. “അവളുടെ സന്തോഷമാണ് എനിക്ക് പ്രധാനം.. അതിന് നന്ദി പറയേണ്ട ആവശ്യമില്ല.. മിഥു.. ” “സാരമില്ലടാ… ” “ഓക്കേ.. ഇനി എന്താ അവളുടെ പ്ലാൻ..” “അവൾക്ക് ജോലി കിട്ടിയിട്ടുണ്ട്.. അതിന് അവൾ ഡൽഹിയിലേക്ക് പോകാൻ പോകുവാ..” ഒട്ടും പ്രതീക്ഷിക്കാതെയുള്ള മിഥുനയുടെ വാക്കുകൾ അവനെ ഒന്ന് ഞെട്ടിച്ചു..

“ഡൽഹിയിലോ…? അവളെ എന്തിനാ അങ്ങോട്ടൊക്കെ ഒറ്റയ്ക്ക് വിടുന്നെ..? അവിടെ എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ ആരോടു പോയി പറയും..? ” അവൻ ഉത്കണ്ഠയോടെ പറഞ്ഞു. “ഒരു പ്രശ്നവും ഇല്ല അർജുൻ.. അവൾ ഇവിടെ നിന്നാലാണ് ഒരുപാട് വിഷമിക്കുക.. എല്ലാം മറന്ന് പഴയത് പോലെ ആവാൻ അവൾക്ക് ഈ മാറ്റം അത്യാവശ്യമാണ്…” മിഥുന യഥാർത്ഥമായി മറുപടി പറഞ്ഞു. “ശരി മിഥു… അവളോട് ശ്രദ്ധയോടെ ഇരിക്കാൻ പറ..” അവൻ പല്ലുകൾ കടിച്ചുകൊണ്ട് ദേഷ്യം നിയന്ത്രിച്ചു.. “ശരി ടാ… വേറെന്താ…? ” “ഇനി എന്താ നിന്റെ പരുപാടി.. നീയും ഡൽഹിയിൽ പോണോന്ന് പറഞ്ഞതല്ലേ അത് എപ്പഴാ…? “

“അത് അടുത്ത വർഷമാണ് അർജുൻ.. ഞാൻ നാളെ മിലുനെ യാത്രയാക്കി, സിദ്ധുവേട്ടന്റെ കൂടെ നാട്ടിലേക്ക് പോകുവാ..” അവന്റെ ചോദ്യത്തിന് അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞു. അതവനെ വീണ്ടും അതിശയിപ്പിച്ചു. “നാട്ടിലേക്ക് പോകുവാണെന്നോ..?” അവൻ അതിശയത്തോടെ ചോദിച്ചു.. “അതേടാ… പഠിപ്പ് കഴിഞ്ഞില്ലേ.. ഇനി ഞാൻ എന്റെ വീട്ടിൽ അല്ലെ താമസിക്കേണ്ടത്..” അവൾ മനസ്സിൽ ഉള്ളത് പറഞ്ഞു. “മിഥു ഞാൻ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്.. നീ ഡൽഹിയിൽ നടക്കാൻ പോകുന്ന ഫാഷൻ കോൺടെസ്റ്റിൽ പങ്കെടുക്കണം എന്ന് സ്വപ്നം കണ്ട് നടന്നതല്ലേ.. എന്നിട്ടിപ്പോ ആ ഗ്രാമത്തിൽ പോകുവാണെന്നോ.. ഈ ഒരു വർഷം നീ നല്ലൊരു ഡിസൈനർ ആണെന്ന് തെളിയിച്ചെങ്കിൽ മാത്രമേ അടുത്ത വർഷം നിനക്ക് ആ കോൺടെസ്റ്റിൽ പങ്കെടുക്കാൻ പറ്റൂ..

ആ പട്ടിക്കാട്ടിൽ പോയിട്ട് നീ എന്ത് കാണിക്കാന..” പുച്ഛത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ടതും മിഥുവിന് ദേഷ്യമാണ് വന്നത്. “നീ ഒരിക്കലും നന്നാവില്ലേ അർജുൻ.. എന്റെ ലക്ഷ്യത്തിൽ എത്താൻ ആ നാട് ഒരിക്കലും ഒരു തടസമല്ല.. എവിടെ ആണെങ്കിലും എന്റെ ലക്ഷ്യം എങ്ങനെ നേടണമെന്ന് എനിക്ക് നന്നായി അറിയാം.. അത്കൊണ്ട് നീ അതോർത്ത് വെറുതെ തല പുണ്ണാക്കണ്ട..” ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു. “ഇവൻ ഒരിക്കലും മാറാൻ പോകുന്നില്ല..” മനസ്സിൽ അവനെ വഴക്ക് പറഞ്ഞുകൊണ്ട് മിഥു മൃദുലയുടെ മുറിയിലേക്ക് നടന്നു.. തനിക്ക് കൊണ്ടുപോകാനുള്ളതെല്ലാം പെട്ടിയിൽ അടുക്കി വയ്ക്കുകയായിയുന്നു മൃദുല.. “മിലു…ഒന്നും മറന്നിട്ടില്ലല്ലോ…? ” “എല്ലാം എടുത്തിട്ടുണ്ട് ചേച്ചി..” മൃദുല പുഞ്ചിരിച്ചു. “സൂക്ഷിക്കണം കേട്ടോ..

ലീവ് കിട്ടിയാൽ ഇങ്ങോട്ട് വരണം.. എല്ലാരും നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യും മിലു…” മിഥുന കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു. “ചേച്ചി… ആരോ ഒരാൾക്ക് വേണ്ടി.. ഞാൻ നിങ്ങളെയെല്ലാം ഒരുപാട് വിഷമിപ്പിക്കുന്നുണ്ടല്ലേ..” മൃദുലയുടെ കണ്ണുകളും നിറഞ്ഞു.. “ഇല്ലടാ.. നീ ആരോ ഓൾക്ക് വേണ്ടിയാണ് വീട് വിട്ട് പോകുന്നതെന്ന് ചിന്തിക്കുന്നതെന്തിനാ….ഈ യാത്ര നിന്റെ ജീവിതത്തിൽ ഉയരാൻ വേണ്ടിയുള്ളതാണ്.. അത് ഒരിക്കലും മറക്കരുത്..” മിഥു അവളുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “അതെ ചേച്ചി..” മൃദുലയുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരി വിടർന്നു.. “ചേച്ചി..എനിക്ക് ഒരേ ഒരു ആഗ്രഹം മാത്രേ ഉള്ളൂ.. ചേച്ചിയും ഏട്ടനും എപ്പോഴും സന്തോഷത്തോടെ കഴിയണം. ഇപ്പൊ എന്റെ മനസ്സിൽ അത് മാത്രമേ ഉള്ളൂ..നിങ്ങൾ രണ്ടും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കേൾക്കാനാണ് ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നത്..

സിദ്ധുവേട്ടൻ വളരെ നല്ലവനാണ് മിഥുവേച്ചി… ഏട്ടനെ ഒരിക്കലും വേദനിപ്പിക്കരുത്.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എങ്കിൽ മാത്രമേ എനിക്കും സന്തോഷിക്കാൻ കഴിയൂ.. ചേച്ചി അതെപ്പോഴും ഓർമ്മയിൽ വെക്കണം..” മൃദുലയുടെ വാക്കുകൾ മിഥുനയുടെ ചുണ്ടുകളെയും വിടർത്തി. ആ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ശോഭയാണ്.തന്റെ രണ്ട് മക്കളും ഒന്നിച്ച് വീട് വിട്ട് പോവുകയാണ് എന്നറിഞ്ഞപ്പോൾ ആ അമ്മയുടെ മനം വേദനയാൽ പിടയുകയാണ്.മഹേന്ദ്രൻ അവർക്ക് ധൈര്യം പകർന്നു കൂടെ നിന്നു.. കാളിങ് ബെൽ ശബ്ദം കേട്ടതും മിഥുന ഓടി ചെന്ന് വാതിൽ തുറന്നു..പുഞ്ചിരിയോടെ നിന്നിരുന്ന സിദ്ധുവിനെ അവൾ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.

സിദ്ധു എല്ലാവരോടും സുഖ വിവരങ്ങൾ തിരിക്കിയതിന് ശേഷം മൃദുലയെ കാണാൻ അവളുടെ മുറിയിലേക്ക് ചെന്നു.. “മിലുക്കുട്ടി… അഭിനന്ദനങ്ങൾ… സന്തോഷമായെടാ.. നമ്മുടെ വീട്ടിൽ നിന്ന് ഒരു പെൺകുട്ടി.. ഇത്രയും വലിയ ഒരു കമ്പനിയിൽ ജോലി ചെയ്യാൻ പോകുന്നു എന്ന് കേൾക്കുമ്പോ അഭിമാനം തോന്നുന്നു..എന്റെ മിലുക്കുട്ടി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം എന്നാണ് ഈ ഏട്ടന്റെ ആഗ്രഹം..” അവന്റെ സന്തോഷം അവന്റെ വാക്കുകളിലും നിറഞ്ഞിരുന്നു. “താങ്ക്സ് ഏട്ടാ..” അവൾ മുഖത്ത് പുഞ്ചിരി വരുത്തി.. “എന്ത് പറ്റിയെടാ… മുഖം വല്ലാതെ ഇരിക്കുന്നെ.. കരഞ്ഞോ നീ… നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..? ” അവൻ സംശയത്തോടെ ചോദിച്ചു. “ഞാൻ ഓക്കേ ആണ് സിദ്ധുവേട്ടാ.. എല്ലാരേം വിട്ട് പോകുവാണല്ലോ എന്നോർക്കുമ്പോ.. ഒരു വിഷമം..”

അവൾ വിഷമത്തോടെ പറഞ്ഞു. “നീ നിന്റെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാക്കാൻ വേണ്ടി പോകുന്നതല്ലേ.. അതോർത്തു ഒരിക്കലും വിഷമിക്കരുത്.. എന്തിനും ഏതിനും എപ്പോഴും ഞങ്ങൾ എല്ലാരും നിന്റെ കൂടെ ഉണ്ട്..അതുകൊണ്ട് ഒരിക്കലും അതേക്കുറിച്ചോർത്ത് വിഷമിക്കരുത്..” അവൻ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിച്ചു. ശോഭ ഉണ്ടാക്കിയ ഭക്ഷണം എല്ലാവരും രുചിയോടെ ആസ്വദിച്ചു കഴിച്ചു.ശേഷം, രാത്രി മൃദുലയെ യാത്രയാക്കാൻ അവർ എല്ലാവരും റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ശോഭയുടെയും മിഥുയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. മൃദുലയും വലിയൊരു മനോദുഃഖത്തോട് കൂടിയാണ് അവിടെ നിന്നും ട്രെയിനിലേക്ക് കയറിയത്.

താങ്ങാൻ കഴിയാത്ത മാനവിഷമത്തോടെ പൊട്ടിക്കരഞ്ഞ ശോഭയെ മഹേന്ദ്രൻ ആശ്വസിപ്പിക്കാൻ എന്നോണം മാറോടണച്ചു. അനിയത്തിയുടെ മനോവിഷമം നന്നായി മനസ്സിലാക്കിയ മിഥുന അതിനെ പറ്റി ആരോടും പറയാൻ കഴിയാതെ അവളെ യാത്രയാക്കികൊണ്ട് സ്വയം ഉള്ളിൽ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. അവർ വീട്ടിലേക്ക് മടങ്ങിയെത്തി..മൃദുല ഇല്ലാത്ത വീട് ഒരു കുട്ടികളില്ലാത്ത ക്ലാസ്സ്‌ മുറി പോലെ തോന്നിച്ചു.ശോഭ ഒന്നും മിണ്ടാതെ മുറിയിൽ പോയി വാതിൽ അടച്ചു. മിഥുനയാകട്ടെ, അവളുടെ മുറിയിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് കരയുകയായിരുന്നു. തന്റെ സഹോദരി എല്ലാം ഒറ്റയ്ക്ക് സഹിച്ചുകൊള്ളാം എന്ന് തീരുമാനിച്ചുകൊണ്ട് ഡൽഹിയിലേക്ക് പോയി,

തനിക്ക് അവൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവളുടെ മനം വീണ്ടും വീണ്ടും വേദനിച്ചുകൊണ്ടിരുന്നു.. “മിഥു…” സിദ്ധുവിന്റെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു. “വാ… സിദ്ധുവേട്ടാ..” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. “എന്ത് പറ്റി മോളെ.. എന്തിനാ കരയണേ..” അവൻ സ്നേഹത്തോടെ ചോദിച്ചു.അത് കേട്ടതും അവൾക്ക് വീണ്ടും കരച്ചിൽ വന്നു.. അവൾ തന്റെ കൈപ്പത്തികൾക്കുള്ളിൽ മുഖം ആഴ്ത്തിക്കൊണ്ട് പൊട്ടിക്കരഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് വന്നു.. ഒരു കൈ കൊണ്ട് അവളെ തന്റെ മാറോട് ചേർത്തു.. മറ്റേ കൈകൊണ്ട് അവളുടെ മുടിയിൽ മൃദുലമായി തലോടി. “എന്തിനാ വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കുന്നെ…

നടന്നതെല്ലാം നല്ലതിന് വേണ്ടിയാണ്.. ഇനി നടക്കാൻ പോകുന്നതും നല്ലതിന് തന്നെ.. വെറുതെ കരയല്ലേ.. ” അവന്റെ വാക്കുകളും സ്നേഹവും അപ്പോൾ അവൾക്ക് വളരെ അത്യാവശ്യമുള്ളതായി അവൾക്ക് തോന്നി. “മിലുവിനെ ഓർക്കുമ്പോ… എനിക്ക് പേടിയാവുന്നു സിദ്ധുവേട്ട.ഇവിടെ ഞങ്ങൾ എല്ലാരും ഉണ്ടായിട്ടും ദൂരെ അറിയാത്ത നാട്ടിൽ പോയി കഷ്ട്ടപെടുമല്ലോ എന്നോർക്കുമ്പോ.. അവൾ ഇത് വരെ ഞങ്ങളെ പിരിഞ്ഞ് ഇരുന്നിട്ടില്ല.. ഇപ്പോൾ ഒറ്റയ്ക്ക് അവൾ എങ്ങനെ മാനേജ് ചെയ്യുമെന്ന് ഓർക്കുമ്പോ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല സിദ്ധുവേട്ടാ…” അവൾ അവന്റെ മാറത്ത് കിടന്നുകൊണ്ട് ഏങ്ങി കരഞ്ഞു.. “ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ധൈര്യത്തോടെ ജീവിച്ചു പഠിക്കണം മിഥു.

എല്ലാവരും ഒറ്റയ്ക്ക് ഈ സമൂഹത്തെ നേരിടാൻ ധൈര്യം സമ്പാദിക്കണം. അതിന് ഇതുപോലൊരു സന്ദർഭം ആവശ്യമാണ്. നമ്മുടെ മിലു നല്ലൊരു ജീവിതം തുടങ്ങാൻ വേണ്ടി പോയിരിക്കുവാണ്. അതിന് അവളെ പ്രശംസിക്കുകയാണ് വേണ്ടത്. അവൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്ക്; ഇപ്പൊ നീ ഇങ്ങനെ കരഞ്ഞാൽ അവൾക്കാണ് ദോഷം. നിങ്ങൾ എല്ലാവരുടെയും ധൈര്യവും പ്രതീക്ഷയുമാണ് അവളുടെ ഊർജം. ആ ഊർജം ഉണ്ടെങ്കിൽ മാത്രമേ അവൾക്ക് അവിടെ ജോലിയിൽ നന്നായി ശ്രദ്ധിക്കാൻ കഴിയൂ..അത് എപ്പോഴും മനസ്സിൽ ഉണ്ടാവണം..” അവൻ അവളെ സ്വാന്തനിപ്പിച്ചു. അവളും കണ്ണുകൾ തുടച്ചുകൊണ്ട് ശരി എന്ന അർത്ഥത്തിൽ തലയാട്ടി. “ശരി… ഇപ്പൊ പോയി സമാധാനത്തോടെ കിടന്നുറങ്ങ്..

ബാക്കി രാവിലെ സംസാരിക്കാം..” അവൻ പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.. അവന്റെ വാക്കുകൾ കേട്ടതിന് ശേഷം, കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്ന അവളുടെ മനസ്സിലേക്ക് തിരിച്ചറിവിന്റെ സൂര്യപ്രകാശം പരക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.. രണ്ട് ദിവസം കൂടി സിദ്ധുവും മിഥുനയും അവിടെ താമസിച്ചുകൊണ്ട് ശോഭയ്ക്ക് ആശ്വാസമേകി.മൂന്നാം നാൾ അവർ നാട്ടിലേക്കു മടങ്ങി.. ശോഭയും മഹേന്ദ്രനും ഇരുവരെയും സന്തോഷത്തോട് കൂടി തന്നെ യാത്രയയച്ചു. ************** മകനും മരുമകളും വീട്ടിലേക്ക് വരുന്ന ആ നിമിഷം സുന്ദരമാക്കുവാൻ മീനാക്ഷി എല്ലാ ഏർപ്പാടുകളും തകൃതിയിൽ തന്നെ ചെയ്തിരുന്നു.വലിയ സദ്യയൊരുക്കി, വീടുമുഴുവൻ പൂമാലകളാൽ അലങ്കരിച്ച് മീനാക്ഷി അവർക്ക് വേണ്ടി കാത്തിരുന്നു.

സിദ്ധുവും മിഥുനയും വീട്ടിൽ വന്നു ചേർന്നതും ആരതി ഉഴിഞ്ഞ് അവരെ വരവേറ്റു. മരുമകളുടെ മുഖത്ത് സ്നേഹത്തോടെ തലോടിക്കൊണ്ട് അവളുടെ കവിളിൽ സ്നേഹ ചുംബനം നൽകി. “അകത്തേക്ക് കയറി വാ മോളെ.. ” അവർ സ്നേഹത്തോടെ അവളെ അകത്തേക്ക് ആനയിച്ചു. “അമ്മായി… സുഖമാണോ… ” അവളും സ്നേഹത്തോടെ ചോദിച്ചു.. “സുഖമായിരുന്നെടാ.. നിനക്ക് സുഖമല്ലേ.. ” മീനാക്ഷിയുടെ മറു ചോദ്യത്തിന് അവളും അതെ എന്ന് ചിരിച്ചുകൊണ്ട് തലയാട്ടി. ഇരുവരും കുറച്ചു നേരം അവളുടെ വീട്ടിലെ വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ട് സംസാരിച്ചു… മൃദുലയെ പറ്റി ചോദിച്ചപ്പോൾ, അവൾക്ക് ജോലികിട്ടിയ വിവരം പറഞ്ഞുകൊണ്ട് അവൾ സന്തോഷിച്ചു. ആ സമയത്ത് വിജയും അവിടെ എത്തി ചേർന്നു.

അവനും അവരുടെ സന്തോഷത്തിൽ പങ്കാളിയായി.. കുറച്ചു കഴിഞ്ഞതും മീനാക്ഷി മൂന്ന് പേർക്കും ഭക്ഷണം വിളമ്പി കൊടുത്തു. മീനാക്ഷി തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ മൂവരും ആസ്വദിച്ചു തന്നെ കഴിച്ചു.. “ഏട്ടാ സുഖമല്ലേ…? ” മിഥുന പുഞ്ചിരിയോടെ വിജയോട് ചോദിച്ചു. “സുഖമായിരിക്കുന്നു പെങ്ങളെ… പിന്നെ എന്റെ അളിയൻ എന്നാ പറയുന്നു…? ” അവൻ ഹാസ്യരൂപേണ സംസാരം ആരംഭിച്ചു. ആ രണ്ട് വർഷത്തിനിടയിൽ അവൾക്ക് വിജയുമായും നല്ലൊരു സൗഹൃദത്തിൽ ആകാൻ കഴിഞ്ഞിരുന്നു. ആ സമയത്ത് സിദ്ധുവിന്റെ ഫോൺ ശബ്‌ദിച്ചു, ഫോണിലെ പേര് കണ്ടതും അവൻ ആരും കാണാതിരിക്കാൻ അല്പം മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. “പറ… ശ്രീ ലക്ഷ്മി… അവിടെ എല്ലാർക്കും സുഖമാണല്ലോ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…? ” അവൻ അല്പം ആശങ്കയോടെ ചോദിച്ചു..

“ഇവിടെ കുഴപ്പം ഒന്നുമില്ല സിദ്ധുവേട്ടാ…ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു.. ഇന്ന് മിഥുനയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നില്ലേ… അതാണ് അവൾ എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചതാ.. സുഖമായിരിക്കുന്നോ അവൾ..” അവൾ അലിവോടെ ചോദിച്ചു. “സുഖമായിരിക്കുന്നു ശ്രീലക്ഷ്മി.. ഇവിടെയും എല്ലാവരും സുഖമായി തന്നെ ഇരിക്കുന്നു.. നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു..? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒരു മടിയും വിചാരിക്കാതെ എന്നോട് പറയണം..” അവൻ കനിവോടെ പറഞ്ഞതും ശരിയെന്നു പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു. വിജയോടും മീനാക്ഷിയോടെ തമാശകൾ പറഞ്ഞു ചിരിക്കുകയാണ് മിഥുന.അവളുടെ സന്തോഷത്തോടെയുള്ള മുഖം കണ്ടപ്പോൾ സിദ്ധുവിന്റെ മനസ്സ് നിറഞ്ഞു.ആ സന്തോഷവും ഉള്ളിൽ പേറി അവൻ തന്റെ മുറിയിലേക്ക് നടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25