താദാത്മ്യം : ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


ഡിപ്ലോമ കഴിഞ്ഞ് മിഥുനയും പ്ലസ് ടു കഴിഞ്ഞ് മൃദുലയും ഒന്നിച്ചാണ് കോളേജിൽ ചേർന്നത്. മൃദുല ഗവണ്മെന്റ് കോളേജിൽ അവൾക്ക് ഇഷ്ടപ്പെട്ട കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുത്തു.

മിഥുന അവൾക്ക് ഇഷ്ടപ്പെട്ട ഫാഷൻ ഡിസൈൻ തിരഞ്ഞെടുത്ത് മറ്റൊരു പ്രമുഖ കോളേജിൽ ചേർന്നു.. ഇരുവരും പല സ്വപ്നങ്ങളും നെയ്‌തുകൊണ്ട് കോളേജിലേക്ക് പോയി തുടങ്ങി.

കോളേജിൽ പോയി തുടങ്ങി ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ, ഡിസൈനിങ് കുറേകൂടി മെച്ചപ്പെടുത്താൻ വേറെ കോഴ്സുകളിലും മിഥുന ചേർന്നു.

ആ അറിവുകൾ വെച്ചുകൊണ്ട് തന്നെ അവൾ മൃദുലയ്ക്ക് വേണ്ടി കുറച്ചു ഡ്രെസ്സുകൾ ഡിസൈൻ ചെയ്തു. അവൾ ചെയ്ത ജോലിയിൽ എല്ലാവരും സംതൃപ്തരായിരുന്നു.. വളരെ ചുരുങ്ങിയ അളവിൽ ഇത്തരത്തിൽ വസ്ത്രങ്ങൾ മെനയാൻ അവളെങ്ങനെ പഠിച്ചു എന്നോർത്ത് എല്ലാവരും അതിശയിച്ചു.. കാരണം അത്രയ്ക്ക് മനോഹരമായിരുന്നു അവളുടെ നിർമ്മിതി.

ആദ്യമൊക്കെ മിഥുന ഫാഷൻ ഡിസൈൻ തിരഞ്ഞെടുത്തതിൽ ശോഭയ്ക്ക് നല്ല മനോ വിഷമമുണ്ടായിരുന്നു, നാളുകൾക്കു ശേഷം ആ വിഭാഗത്തോടു മിഥുനയ്ക്ക് ഉള്ള ആവേശം അവരുടെ മനസ്സ് മാറ്റി.

കലാലയ ജീവിതവും തന്റെ പഠനവും അവൾ ഒരുപോലെ ആസ്വദിച്ചുകൊണ്ട് പൊന്നു..വളരെ സന്തോഷകരമായ ദിവസങ്ങൾ.

അന്ന് വൈകിട്ട് വളരെ ക്ഷീണിതയായാണ് മിഥുന വീട്ടിലേക്ക് വന്നത്..

“എന്ത് പറ്റി മിഥൂ… മുഖമൊക്കെ വാടിയല്ലോ..”

അവളെ കണ്ടതും ശോഭ ചോദിച്ചു.

“ഒന്നൂല്ലമ്മേ… ഇന്ന് നിൽക്കാൻ സമയം കിട്ടിയിട്ടില്ല.. ഒരേ ഓട്ടമായിരുന്നു..പിന്നെ ബസ്സും കിട്ടിയില്ല…”

ക്ഷീണത്തോടെ സോഫയിലേക്ക് വീണുകൊണ്ട് അവൾ പറഞ്ഞു.

“നീ എന്തിനാ ഇപ്പോഴേ ഇങ്ങനെ കഷ്ടപ്പെടുന്നെ.. ഇത് ഫസ്റ്റ് ഇയർ അല്ലെ ആയിട്ടുള്ളു… സമാധാനത്തോടെ പഠിച്ചാൽ പോരെ..”

അവളുടെ മുടിയിൽ തലോടിക്കൊണ്ട് ശോഭ പറഞ്ഞു.

“ശരിയമ്മേ… ഇപ്പൊ എനിക്കൊരു കപ്പ്‌ കാപ്പി താ.. തല വേദനിക്കുന്നു..”

അവൾ കൊഞ്ചലോടെ ചോദിച്ചു.

ശോഭ അവൾക്കുള്ള കാപ്പി കൊടുത്തിട്ട്, ഡ്രസ്സ്‌ മാറി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.ചൂട് കാപ്പി മിഥുന ആസ്വദിച്ചു കുടിച്ചു. പിന്നെ ടി.വി യിൽ മ്യൂസിക് ചാനൽ മാറ്റിക്കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞതും മൃദുലയും വന്നു.. അവളും ചേച്ചിയുടെ കൂടെ ടി.വി യിൽ മുഴുകി.. സന്ധ്യ ആയപ്പോഴേക്കും മഹേന്ദ്രനും ഓഫീസിൽ നിന്നും വന്നു.അന്നത്തെ ദിവസം എല്ലാവരും സന്തോഷത്തോടെ ചിലവഴിച്ചു.

അടുത്ത ദിവസം.

അന്നൊരു ഞായറാഴ്ചയായിരുന്നു.

“മിലു.. നീ എന്തെടുക്കുവാ..”

പുഞ്ചിരിയോടെ മുറിയിലേക്ക് കയറിക്കൊണ്ട് മിഥുന ചോദിച്ചു..

“വരക്കുവാ..നോക്കിയേ എങ്ങനെ ഉണ്ട്..? ”

താൻ വരച്ച ചിത്രം ചേച്ചിയെ കാണിച്ചുകൊണ്ട് മൃദുല പറഞ്ഞു.

“നന്നായിട്ടുണ്ട് മിലു.. നീ ശെരിക്കും ഒരു ആർട്ടിസ്റ്റ് തന്നെയാണ്..”

അവളുടെ കവിളിൽ ഒരു മുത്തം നൽകികൊണ്ട് പറഞ്ഞു.

“അമ്മേ… ഇത് നോക്കിയേ മിലു വരച്ചതാ..നന്നായിട്ടുണ്ടല്ലേ…”

അവൾ മൃദുല വരച്ച ചിത്രവുമായി അമ്മയുടെ അടുത്തേക്ക് ഓടി.

മഹേന്ദ്രനും ശോഭയും അവരുടെ മകളുടെ കഴിവിനെ അഭിനന്ദിച്ചു.. ആ സന്തോഷത്തിൽ മുഴുകിയിരിക്കുന്ന സമയത്തതാണ് മഹേന്ദ്രന്റെ ഫോൺ ശബ്‌ദിച്ചത്.അപ്പോഴേക്കും മിഥുന തന്റെ മുറിയിലേക്ക് പോയിരുന്നു..

“അതേയ്.. നിങ്ങളുടെ ഫോൺ ബെല്ലടിക്കുന്നു..”

ശോഭ പറഞ്ഞു നിർത്തിയതും മഹേന്ദ്രൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.

“മീനാക്ഷി….”

മഹേന്ദ്രന്റെ ശബ്ദത്തിൽ സന്തോഷം നിറഞ്ഞു. മീനാക്ഷി എന്ന പേര് കേട്ടതും ശോഭയുടെ മുഖവും വിടർന്നു.

“ആഹാ… ഈ വർഷം എന്താ പ്രേത്യേകിച്ചു…

ആഹ്…ശരി ഡി..

ഞങ്ങൾ എന്തായാലും വരും…

സിദ്ധു ഇല്ലേ അവിടെ… എങ്ങോട്ട് പോയി…

വന്നാൽ അന്വേഷിച്ചതായി പറ…

ചേച്ചി ഇവിടെ ഉണ്ട്… ദാ ഞാൻ കൊടുക്കാം…”

മഹേന്ദ്രൻ ശോഭയുടെ കയ്യിലേക്ക് ഫോൺ കൊടുത്തു..

ശോഭ സന്തോഷത്തോടെ ഫോൺ വാങ്ങി ചെവിയിലേക്ക് ചേർത്ത് വെച്ചു..

“ആരാച്ഛ… അമ്മായിയാണോ…”

മൃദുല സംശയത്തോടെ ചോദിച്ചു..

“അതേടാ..”

“എന്താ പ്രേത്യേകിച്ചു.. വല്ല വിശേഷവും ഉണ്ടോ…”

“ഉം…നാട്ടിലെ അമ്പലത്തിൽ ഉത്സവമാണെന്ന്.. അതോടൊപ്പം തന്നെ പുനഃപ്രതിഷ്ടയും നടത്തുന്നുണ്ട്… സിദ്ധു ക്ഷണിക്കാനായി വരുന്നുണ്ട്… ഇന്ന് രാത്രിയിലത്തെ ട്രെയിനിൽ..”

മഹേന്ദ്രൻ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ സന്തോഷവും വാക്കുകളിൽ നിറഞ്ഞിരുന്നു..

“ഹായ്… അടിപൊളി…അപ്പൊ ഇത്തവണ എല്ലാരും നാട്ടിലേക്ക് പോകും അല്ലെ…”

മൃദുല സന്തോഷത്തോടെ തുള്ളിച്ചാടി..

“എന്താടി.. നീ കിടന്ന് തുള്ളുന്നത്..”

ഇതൊന്നുമറിയാതെ മിഥുന അവളുടെ അടുത്തേക്ക് വന്നു..

“നമ്മൾ നാട്ടിലേക്ക് പോകാൻ പോവാ…”

“നാട്ടിലേക്കോ..? ”

മിഥുനയുടെ കണ്ണുകൾ വിടർന്നു..

“അതെ… നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം നമ്മൾ നാട്ടിലേക്ക് പോകാൻ പോകുന്നു… എല്ലാരും വരുന്നുണ്ടെന്ന്… അടിച്ചു പൊളിക്കാം..”

മൃദുല ആവേശത്തോടെ പറഞ്ഞു..

“ശരിയാ..സുരാജേട്ടൻ, ബാലു, അഭി, മാളു,
അച്ചു, നിശ അവരെയൊക്കെ കണ്ടിട്ട് കുറെ ആയി..എനിക്കും എല്ലാരേം കാണാൻ തോന്നുന്നു..”

മിഥുനയും ആഗ്രഹത്തോടെ പറഞ്ഞു.

“ഓരോ വർഷവും പരീക്ഷയാണ് എന്നൊക്കെ പറഞ്ഞിട്ട് പോകാറേ ഇല്ലേ..
ഇനിയിപ്പോ അതൊന്നും നോക്കണ്ടല്ലോ നമുക്ക് പോയി അടിച്ചു പൊളിക്കാം..”

മൃദുലയുടെ വാക്കുകൾ മിഥുനയും ശരിവെച്ചു…

“സിദ്ധുവേട്ടനെ കണ്ടിട്ടും കുറെ ആയല്ലോ..”

മൃദുലയുടെ വാക്കുകൾ കേട്ടതും മിഥുനയുടെ മുഖം മാറി.

“മിലൂ .. ദേ അമ്മായിക്ക് നിന്നോട് സംസാരിക്കണമെന്ന്..”

ശോഭ വിളിച്ചതും അവൾ അമ്മയുടെ അടുത്തേക്ക് നടന്നു..

“ശ്ശേ… എനിക്ക് അവിടെ പോകാൻ ഇഷ്ടമില്ലാത്തതിന്റെ ഒരേ കാരണം ആ ക്യാരക്ടർ ആണ്.. കാട്ടിൽ ജീവിക്കേണ്ട ജന്മം.. ആ വീട്ടിൽ വളരുന്നു.. ”

മിഥുന നെറ്റിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..

മിഥുനയും സിദ്ധാർത്ഥനും ചെറുപ്പം മുതൽ തന്നെ കീരിയും പാമ്പുമാണ്,കാഴ്ചപ്പാടുകൾ, ഇഷ്ടങ്ങൾ, സ്വഭാവം ഇതിലെല്ലാം രണ്ട് പേരും രണ്ട് ധ്രുവങ്ങൾ പോലെയാണ്.

മിഥുന സിദ്ധാർത്ഥനേക്കാൾ ഏഴ്‌ വയസ് ഇളയവളാണ്.അവൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തമാശയ്ക്ക് അവളെ ഒന്ന് തോണ്ടിയതിന്, ദേഷ്യം വന്ന അവൾ കല്ലിനെറിഞ്ഞ് അവന്റെ തല പൊട്ടിച്ചിട്ടുണ്ട്.

സത്യത്തിൽ അന്ന് എല്ലാരും പേടിച്ചുപോയി, ഒരു വാക്ക് കൊണ്ട് പോലും തന്നെ നോവിക്കാത്ത അച്ഛൻ അന്നവളെ തല്ലിയത് അവളിന്നും മറന്നിട്ടില്ല.

അന്നാണ് അവൾ അവനെ അവസാനമായി കണ്ടത്.. അതിന് ശേഷം അവൾ നാട്ടിലേക്ക് പോകാൻ മടിച്ചു..ഇപ്പോ ബാക്കി കസിൻസിനെയെല്ലാം കാണാമല്ലോ എന്നോർത്താണ് സമ്മതിച്ചത്.

***********

“സിദ്ധു…”

മീനാക്ഷി വിളിച്ചു…

“എന്താമ്മേ..”

അവൻ സ്നേഹത്തോടെ വിളിക്കേട്ടു..

“നിന്റെ അമ്മാവനെ വിളിച്ച് ഇപ്പൊ വെച്ചതെ ഉള്ളു.. ഉത്സവത്തിന്റെ കാര്യം അവരോടു പറഞ്ഞിട്ടുണ്ട്.. എല്ലാരും വരാണ് പറഞ്ഞിട്ടുണ്ട്.. എന്റെ മരുമക്കളെ കണ്ടിട്ട് എത്ര നാളായി… എല്ലാവർഷവും മഹിയേട്ടനും ശോഭേച്ചിയും വരുമെന്നല്ലാതെ കുട്ടികളെ കൊണ്ടുവരാറില്ലല്ലോ..”

മീനാക്ഷിയുടെ മുഖത്ത് ശോകം നിറഞ്ഞു…

“അമ്മേ അവർ പഠിക്കുവായിരുന്നില്ലേ..പിന്നെ ഇത്തവണ അവർ രണ്ട് പേരും വരുമല്ലോ.. അതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്. മിലൂ കുട്ടിയും വരുന്നുണ്ടല്ലോ.. എനിക്ക് അവളെ കാണാനാണ് തിടുക്കം..”

സിദ്ധു പുഞ്ചിരിയോടെ പറഞ്ഞു.

“ഇന്ന് രാത്രി നീ പോകുവല്ലേ.. ഇപ്പൊ കുറച്ചു നേരം പോയി കിടക്ക്..സമയമാകുമ്പോൾ ഞാൻ വിളിക്കാം.. ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ളതല്ലേ..”

മകന്റെ നെറുകിൽ മുത്തികൊണ്ട് പറഞ്ഞു.

തന്റെ ബന്ധുക്കൾ എല്ലാം അടുത്തുണ്ടെങ്കിലും തന്റെ മൂത്ത ജേഷ്ടനായ മഹേന്ദ്രനോട് പ്രേത്യേക ഇഷ്ടമാണ് മീനാക്ഷിക്ക്, മഹേന്ദ്രനും അതുപോലെ തന്നെയാണ്.
അനിയത്തി ആണെങ്കിലും തന്റെ അമ്മയെ പോലെയാണ് മഹേന്ദ്രൻ മീനാക്ഷിയെ സ്നേഹിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ വിധവയാവേണ്ടി വന്ന അനിയത്തിക്ക് വേണ്ടി വിവാഹം പോലും വേണ്ടാന്ന് വെച്ചതാണ് മഹേന്ദ്രൻ.

ഒടുവിൽ മീനാക്ഷിയുടെ നിർബന്ധത്തിനു വഴങ്ങി ശോഭയെ വിവാഹം ചെയ്തു.. നാത്തൂന്മാരായിരുന്നെങ്കിലും സഹോദരിമാരെ പോലെയായിരുന്നു മീനാക്ഷിയും ശോഭയും.

മഹേന്ദ്രൻ ജോലി വിഷയമായി കുടുംബ സമേതം ബാംഗ്ലൂരിൽ വന്നു സെറ്റിൽ ആയെങ്കിലും, എല്ലാ വർഷവും മീനാക്ഷിയെ കാണാൻ നാട്ടിലേക്ക് പോകാറുണ്ട്.

“ഇത്തവണ പോകുമ്പോൾ, എല്ലാർക്കും പുതിയ ഡ്രസ്സ്‌ വാങ്ങിയിട്ട് പോണം. പുനഃപ്രതിഷ്ടയാണ് നടക്കാൻ പോകുന്നത്, വേറെ എന്തെങ്കിലും വേണമോ എന്ന് കൂടി ചോദിച്ചറിയണം..”

കിടക്കാൻ നേരം ശോഭ മഹേന്ദ്രനോട് പറഞ്ഞു.

“എന്ത് വേണേലും വാങ്ങാം.. കഴിഞ്ഞ തവണ പോയപ്പോൾ മീനാക്ഷി മൃദുലയെയും മിഥുനയെയും പറ്റിയാണ് ചോദിച്ചത്.അവരെ കാണാൻ ആണ് അവൾക്ക് തിടുക്കം… ”

“ശരിയാ.. എത്ര നാളായി അവരെയും കൊണ്ട് നാട്ടിലേക്ക് പോയിട്ട്.. ഏതായാലും ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ. എല്ലാർക്കും കൂടി പോകാമല്ലോ..”

ശോഭയുടെ വാക്കുകൾ മഹേന്ദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി..

************

“കയറി വാ സിദ്ധു..സുഖാണോ നിനക്ക്..”

ശോഭ സിദ്ധുവിനെ അകത്തേക്ക് ക്ഷണിച്ചു..

“സുഖമായിരിക്കുന്നു.. അമ്മായിക്ക് സുഖമല്ലേ..”

ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി.

“അതിരിക്കട്ടെ… അമ്മാവൻ ഇവിടില്ലേ..”

“നല്ല കഥ… പെങ്ങടെ മോൻ വരുമെന്ന് പറഞ്ഞ് ഇന്ന് എങ്ങോട്ടും പോയിട്ടില്ല..കുളിക്കുവാ ഇപ്പൊ വരും.. നീയും പോയി കുളിച്ചിട്ട് വാ… ഒരുപാട് ദൂരം യാത്ര ചെയ്ത് വരുവല്ലേ..”

സ്നേഹത്തോടെ ഗസ്റ്റ്‌ റൂം കാണിച്ചുകൊണ്ട് ശോഭ പറഞ്ഞു.

സിദ്ധു കുളി കഴിഞ്ഞു വന്നപ്പോഴേക്കും മഹേന്ദ്രൻ ഹാളിൽ ഉണ്ടായിരുന്നു..

“അമ്മാവാ… സുഖമല്ലേ… ”

അമ്മാവനെ കെട്ടിപ്പിടിച്ചുകൊണ്ട് സിദ്ധു പറഞ്ഞു..

“സുഖമായിട്ടിരിക്കുന്നെടാ.
മരുമകനെ… നീയോ..”

അവനെ കണ്ട സന്തോഷം അയാളുടെ മുഖം തെളിച്ചു..

“അമ്മാവൻ തന്നെ പറ.. ഇപ്പൊ എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു..”

അവൻ ഇരു പുരികങ്ങളും ഉയർത്തികൊണ്ട് ചോദിച്ചു..

“കൊരങ്ങനെ പോലുണ്ട്… ഹി…ഹി…ഹി…”

മിഥുന ഫോണിൽ സംസാരിച്ചുകൊണ്ട് ഉറക്കെ ചിരിച്ച്, വീട്ടിനകത്തേക്ക് കയറി.

തുടരും…

താദാത്മ്യം : ഭാഗം 2

-

-

-

-

-