Friday, April 26, 2024
Novel

താദാത്മ്യം : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

Thank you for reading this post, don't forget to subscribe!

MV


അന്നത്തെ ദിവസം മൃദുലയ്ക്ക് വളരെ സുഖമമായി കടന്നുപോയി, മനോഹരമായ നാടകം മതിയാവോളം കണ്ടു രസിച്ചു. മിഥുനയ്ക്ക് അത്ര രസിച്ചില്ലെങ്കിലും മൃദുലയ്ക്ക് വേണ്ടി മുഴുവനും ഇരുന്നു കണ്ടു.

നാടകം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു..

“നാടകം ഇഷ്ടമായോ.. മോളെ.. ”

മീനാക്ഷിയമ്മ മൃദുലയോട് ചോദിച്ചു…

“നന്നായിട്ടുണ്ടായിരുന്നു., സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകത്തെ കുറിച്ച് എനിക്ക് പഠിക്കാനുണ്ടായിരുന്നു..പക്ഷേ ഞാൻ ആദ്യമായിട്ടാ നാടകം കാണണേ.. എനിക്ക് ഇഷ്ടമായി.. ”

മൃദുല സന്തോഷത്തോടെ പറഞ്ഞു..

“നിനക്കോ… മിഥു.. ”

അവർ പുഞ്ചിരിയോടെ ചോദിച്ചു..

“എനിക്ക് അത്ര ദഹിച്ചില്ല… നല്ല ബോറായിരുന്നു.”

അവൾ നിരാശയോടെ അറിയിച്ചു.

“അതെന്ത് പറ്റി…”

മീനാക്ഷി വീണ്ടും ചോദിച്ചു..

“ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യ ക്ഷമിക്കണം..എന്നിട്ടും അവൻ ഭാര്യയെ അടിമയെ പോലെയാണ് കാണുന്നത്…ആ കോൺസെപ്റ്റ് എനിക്ക് അത്ര ഇഷ്ടമായില്ല…”

മിഥുന അല്പം ഗൗരവത്തോടെ പറഞ്ഞു..

“അമ്മായി…. ചേച്ചി കോവാലനെയും കണ്ണകിയെയും കുറിച്ചാണ് പറയുന്നത്..
‘ ചിലപ്പതികാരം’ പകുതിയേ ഇന്ന് കഴിഞ്ഞിട്ടുള്ളൂ.. മുഴുവൻ കാണാതെയാ ചേച്ചി ഈ പറയുന്നേ… ”

മൃദുല വാസ്തവം ബോധിപ്പിച്ചു.

“ആണോ മോളെ… അങ്ങനെ ആണെങ്കിൽ കണ്ണകിയുടെ മുഴുവൻ കഥയും നാളെ ഞാൻ നിനക്ക് പറഞ്ഞു തരാം…എന്നിട്ട് ഒരു അഭിപ്രായം പറ..”

മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ശരിയമ്മായി…”

അവൾ സമ്മതിച്ചു..

അടുത്ത ദിവസം പ്രഭാത ഭക്ഷണം കഴിച്ചുകഴിഞ്ഞ് മിഥുന മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു..

“അമ്മായി…”

“വാ മോളെ… എന്താ ഇന്ന് നല്ല ഉത്സാഹത്തിലാണല്ലോ…”

അവർ സ്നേഹത്തോടെ ചോദിച്ചു..

“അമ്മായിയല്ലേ കഥ പറഞ്ഞു തരാം എന്ന് പറഞ്ഞത്..”

“ശരി… ഞാൻ പറയാം…”

മീനാക്ഷി കണ്ണകിയുടെയും കോവാലന്റെയും മുഴുവൻ കഥയും മിഥുനയ്ക്ക് പറഞ്ഞുകൊടുത്തു.. അവളും അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി എല്ലാം കേട്ടു നിന്നു.

“കല്യാണം എന്ന് പറയുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണ്, അതുപോലെ തന്നെ ഒരു പെണ്ണ് വിചാരിച്ചാൽ എന്ത് വേണമെങ്കിലും സാധിക്കാം..

കണ്ണകിയും അതുപോലെ ആയിരുന്നു.. തെറ്റിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്ന തന്റെ ഭർത്താവിനെ സ്നേഹം കൊണ്ട് തിരുത്തിയവളാണ് കണ്ണകി..

ക്ഷമയുണ്ടെങ്കിൽ അവൾക്ക് എന്തും സാധ്യമാണ്.. പക്ഷെ അവൾ മനസ്സറിഞ്ഞൊന്ന് ശപിച്ചാൽ ആ നാട് തന്നെ മുടിയും..അതാണ് പെണ്ണിന്റെ ശക്തി… അല്ലാതെ നീ കരുതും പോലെ സ്ത്രീകൾ ആർക്കും അടിമയല്ല.. അവരുടെ ആത്‌മവിശ്വാസവും കഴിവും ഉണർത്താൻ വേണ്ടിയാണ് ഇത്‌പോലുള്ള കാവ്യങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്..”

മീനാക്ഷിയമ്മ സാവധാനം പറഞ്ഞു നിർത്തി.

“കഥ നന്നായിട്ടുണ്ട് അമ്മായി… അമ്മായി പറഞ്ഞത് വളരെ ശാരിയാണ്..”

മിഥുന മീനാക്ഷിയുടെ വാക്കുകൾ ശരിവെച്ചു.

“മൃദുല പറയാറുണ്ട്… മലയാള കവിതകളും കഥകളും സാഹിത്യവുമൊക്കെ.. പക്ഷെ എനിക്ക് അതൊന്നും വായിക്കാൻ തോന്നാറില്ല.. പിന്നെ അവിടെ മലയാളം മീഡിയം വളരെ കുറവാണ്.. പക്ഷെ മൃദുല അന്വേഷിച്ച് കണ്ടെത്തി ഒരിടത്ത് ചേർന്നു..”

ഒരു നീണ്ട നിശ്ശ്വാസത്തോടെ പറഞ്ഞു.

**********

“ചേച്ചി…ഇന്ന് ചിറ്റയും വല്ല്യമ്മായിയൊക്കെ വരും..”

മൃദുലയുടെ ആവേശത്തോടെയുള്ള വാക്കുകൾ മിഥുനയിലും ഉത്സാഹം നിറച്ചു.

ഉച്ചകഴിഞ്ഞതും എല്ലാവരും വന്നു..

“ചേച്ചി…”

മാളു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു..
മാളു എന്ന മാളവിക അവരുടെ ചിറ്റയുടെ മകളാണ്.എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അവളാണ് ആ വീട്ടിലെ ഏറ്റവും ഇളയക്കുട്ടി.
മൃദുലയും മിഥുനയുമാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ.

“മിലു… മിഥു…നിങ്ങൾ നേരത്തെ എത്തി അല്ലെ..”

സുരാജ് ചോദിച്ചു.. മാളവികയുടെ ഏട്ടനാണ് സുരാജ്..

“പിന്നെ.. എത്ര നാളുകൾക്ക് ശേഷമാ നിങ്ങളെയൊക്കെ ഒന്ന് കാണുന്നെ.. അതിരിക്കട്ടെ.. അച്ചു എന്തെ…”

മിഥുന ചോദിച്ചു..

“അച്ചു ചേട്ടന്. ജോലിയുണ്ട്… നാളെ രാവിലെ എത്താം എന്ന് പറഞ്ഞിട്ടുണ്ട്..”

അർജുൻ എന്ന അച്ചുവിന്റെ അനിയത്തി അഞ്ചു പറഞ്ഞു.

“ശരി ശരി… നിങ്ങളെങ്കിലും എത്തിയല്ലോ.. ഞാനാകെ ബോറടിച്ചോരിക്കുവായിരുന്നു…”

മിഥുന ചിരിച്ചുകൊണ്ട് അവരോടൊപ്പം അകത്തേക്ക് നടന്നു.

പെട്ടെന്ന് പുറത്ത്‌ സിദ്ധുവിന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവനെ കാണാനായി എല്ലാരും പറരത്തേക്ക് ഓടി..

“എടി ദുഷ്ടത്തികളെ… നിങ്ങളെ കാണാനുള്ള ആഗ്രഹത്തിലാണ് ഞാൻ വന്നത്… നിങ്ങളോ നിങ്ങളുടെ ചേട്ടന്റെ വണ്ടി ശബ്ദം കേട്ടതും അങ്ങോട്ട്‌ ഒടുന്നോ..”

മിഥുന അസൂയയോടെ മനസിൽ പറഞ്ഞു..

വീട്ടിലേക്ക് കയറിയ സിദ്ധു എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്തു..

“മോനെ സിദ്ധു… നീ അവരെ അമ്പലത്തിലൊക്കെ ഒന്ന് കൊണ്ട് പോ..”

മീനാക്ഷിയുടെ വാക്കുകൾ കേട്ട് അവൻ അവരെയും കൊണ്ട് അമ്പലത്തിലേക്ക് പോയി..

***********

“ഇന്ന് അമ്പലത്തിൽ എന്താണ് സിദ്ധുവേട്ടാ വിശേഷിച്ച്..”

മൃദുല ചോദിച്ചു..

“ഇന്ന് മുതലാണ് പൂജ തുടങ്ങുന്നത്… പതിനാറു ദിവസത്തെ പൂജയുണ്ട്…”

സിദ്ധു മറുപടി പറഞ്ഞു..

എല്ലാവരും ക്ഷേത്രത്തിന്റെ ഒരുവശത്ത് കൂട്ടം കൂടി നിന്നു..

“സിദ്ധുവേട്ടാ… ചേച്ചി വരുന്നുണ്ട്…”

മാളു ചെറു നാണത്തോടെ പറഞ്ഞു..

“എന്ത് ചേച്ചിയോ…? ”

മൃദുലയും മിഥുനയും സംശയത്തോടെ നോക്കി..

സിദ്ധുവിന്റെ മുഖം വിളറി..

“മാളു…”

വിളറിയ മുഖത്തോടെ ഒന്നും പറയരുതെന്ന അർത്ഥത്തിൽ തലയനക്കി.

“സിദ്ധുവേട്ടാ… എന്താ… എന്താ കാര്യം..”

മൃദുല പുരികം ഉയർത്തികൊണ്ട് ചോദിച്ചു..

“ഒന്നുമില്ലടാ മിലുക്കുട്ടി..അവളെന്തോ തമാശ പറഞ്ഞതാ..”

സിദ്ധു വാക്കുകളിൽ പരുങ്ങി..

“തമാശയൊന്നുമല്ല… ഇങ്ങേര് എന്തോ ഒളിക്കുന്നുണ്ട്…”

അത്രയും നേരം മിണ്ടാതെ നിന്ന മിഥുന വാ തുറന്നു..

“ചേച്ചി പറഞ്ഞത് ശരിയാ…

സിദ്ധുവേട്ടൻ പറയുന്നുണ്ടോ ഇല്ലയോ..”

മൃദുല അവനെ നോക്കി കണ്ണുരുട്ടി…

സിദ്ധു തല ചൊറിഞ്ഞുകൊണ്ട് നിന്ന് പരുങ്ങി..

“ഏട്ടനോട് എന്തിനാ ചോദിക്കണേ… ഞാൻ പറയാലോ..”

നിശ മുന്നിലേക്ക് വന്നു..

“എന്റെ ദേവി..”

സിദ്ധു നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു…

“ഏട്ടാ… എന്തിനാ മറച്ചു വെക്കണേ… എന്നായാലും എല്ലാരും അറിയാനുള്ളതല്ലേ…”

അത്രയ്ക്ക് വലിയ രഹസ്യം എന്താ എന്നുള്ള ഭാവമായിരുന്നു മൃദുലയുടെയും മിഥുനയുടെയും മുഖത്ത്..

“മിഥു… ദാ ആ ചുവന്ന ദാവണി ഇട്ട് നിൽക്കുന്ന പെണ്ണില്ലേ… അതാണ് ശ്രീലക്ഷ്മി… ഏട്ടൻ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്..”

നിശ പറഞ്ഞു തീർന്നതും മൃദുലയും മിഥുനയും അവനെ ആശ്ചര്യത്തോടെ നോക്കി..

അവൻ എന്ത് പറയണം എന്നറിയാതെ തലകുനിച്ചു നിന്നു..

“സിദ്ധുവേട്ടാ… സത്യായിട്ടും..”

“ഉം..”

മൃദുലയുടെ ചോദ്യത്തിന് അവൻ നാണത്തോടെ തലയാട്ടി.

“എന്നിട്ട് ഇപ്പഴാണോ എന്നോട് പറയുന്നേ…ഞാൻ മിണ്ടില്ല…”

അവൾ പരിഭവത്തോടെ തിരിഞ്ഞു നിന്നു..

“അതല്ല മിലുക്കുട്ടി… ഇതുവരെ ഈ കാര്യം ആ കുട്ടീടെ വീട്ടിൽ അവതരിപ്പിച്ചിട്ടില്ല.. അവരോട് സംസാരിച്ചിട്ട്.. നിങ്ങളോട് പറയാമെന്ന് കരുതി..”

സിദ്ധു അവളെ സമാധാനിപ്പിക്കാമെന്നോണം പറഞ്ഞു…

“അപ്പൊ… ലവ്വാണല്ലേ ”

അതിന് മറുപടിയായി അവനൊന്നു പുഞ്ചിരിച്ചു..അവളെ അവൻ പ്രണയിക്കുന്നു എന്നതിന് അത് തന്നെ ധാരാളമായിരുന്നു..

“കൊള്ളാലോ.. നല്ല സുന്ദരി ചേച്ചി… പേരെന്താന്നാ പറഞ്ഞേ..ആഹ്…ശ്രീലക്ഷ്മി..
ലക്ഷ്മി ദേവിയെ പോലെ തന്നെ നല്ല ഐശ്വര്യമുള്ള മുഖം..”

മൃദുലയുടെ വാക്കുകൾ അവന്റെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടർത്തി..

“എന്ത്… ഈ ജന്തുവിനും ലവ്വോ ”

മിഥുന മനസിൽ പറഞ്ഞു..

“പാവം… കുട്ടി..”

മിഥുന ശ്രീലക്ഷ്മിയിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പറഞ്ഞു..

മൃദുല പറഞ്ഞത് പോലെ തന്നെ ഒരു ചൈതന്യനുള്ള ദേവി വിഗ്രഹം പോലെ നിൽക്കുകയാണ് ശ്രീലക്ഷ്മി..സ്വർണകരയുള്ള ധാവണിയും..ചുവന്ന പാവാടയും അവൾക്ക് വേണ്ടി നെയ്തത് പോലെ തോന്നി പോകും… വെളുത്ത് തെളിച്ചമുള്ള മുഖം, മീൻ പോലുള്ള സുന്ദരമായ കണ്ണുകളിൽ നീട്ടിയെഴുതിയ കണ്മഷി അവളെ കൂടുതൽ സുന്ദരിയാക്കി..നീണ്ട് മിനുസമുള്ള മുടിയിൽ കുളിപ്പിന്നലിട്ട് തുളസിക്കതിർ ചൂടിയിരിക്കുന്നു.. സുന്ദരമായ വിഗ്രഹം പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശ്രീലക്ഷ്മിയെ മിഥുന മിഴിചിമ്മാതെ നോക്കി നിന്നു..

“സിദ്ധുവേട്ടാ എനിക്ക് ഇഷ്ട്ടായി… വേഗം അമ്മായിയോട് പറഞ്ഞ്.. കല്ല്യാണം കഴിച്ചോ..”

മൃദുലയുടെ വാക്കുകൾ കേട്ടാണ് മിഥുന സ്വബോധത്തിലേക്ക് വന്നത്..

“അതൊക്കെ.. മെല്ലെ പറയാം… ഇപ്പൊ എല്ലാരും പോയി തൊഴുതിട്ട് വന്നേ…”

സിദ്ധു എല്ലാവരേയും ഉന്തിത്തള്ളി ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറ്റി..

അന്ന് മുഴുവൻ മൃദുല ശ്രീലക്ഷ്മിയെയും സിദ്ധുവിനെയും കുറിച്ച് മാത്രമാണ് സംസാരിച്ചത്.

“എന്നാലും,,ആ കുട്ടി പാവം…ആ ജന്തുവിനെ കെട്ടി കഷ്ടപ്പെടാനാണല്ലോ വിധി..”

“ചേച്ചി എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..”

മിഥുനയുടെ വാക്കുകൾ കേട്ട് മൃദുല അവളെ നോക്കി കണ്ണുരുട്ടി..

“ഓഹ്..അല്ലെങ്കിലും നീ എപ്പോഴും നിന്റെ സിദ്ധുവേട്ടനല്ലേ സപ്പോർട്ട് നിൽക്കൂ.. നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

“അങ്ങനൊന്നും അല്ല.. സിദ്ധുവേട്ടനും ആ ചേച്ചിയും നല്ല ചേർച്ചയാവും… സിദ്ധുവേട്ടൻ ആ ചേച്ചിയെ പൊന്ന് പോലെ നോക്കും..”

“ഓഹ് ശരി… സമയം ഇപ്പൊ പതിനൊന്നു കഴിഞ്ഞു..ഈ സിദ്ധു പുരാണം ഒന്ന് നിർത്തി കിടന്ന് ഉറങ്ങാൻ നോക്ക്..”

ദേഷ്യത്തോടെ മിഥുന പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു..മൃദുല പിന്നൊന്നും പറയാതെ മൗനയായി കിടന്നു..

ശ്രീലക്ഷ്മിയുടെ മുഖം മനസിൽ തെളിഞ്ഞതും സിദ്ധുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

ആദ്യമായി കണ്ട നാൾ മുതൽക്കേ മനസ്സിൽ പ്രതിഷ്ഠിച്ചതാണ് അവളെ..താൻ ഇഷ്ടപ്പെടുന്നതെല്ലാം അവൻ അവളിലും കണ്ടിരുന്നു..

എല്ലാറ്റിനും പുറമെ അവൾ തന്റെ അമ്മയോട് കാണിക്കുന്ന സ്നേഹമാണ് അവനെ അവളിലേക്ക് കൂടുതൽ ആകൃഷ്ടനാക്കിയത്..ഒരു വിധത്തിൽ പറഞ്ഞാൽ അവളും അവന്റെ മുറപ്പെണ്ണാണ്.. അവന്റെ അമ്മയുടെ മാതൃ സഹോദര പുത്രന്റെ മകൾ.

എറണാകുളമാണ് സ്വദേശമെങ്കിലും ഇപ്പോൾ മുത്തശ്ശിയുടെ വീട്ടിൽ നിന്നുകൊണ്ട്, പാലക്കാടുള്ള ഒരു കോളേജിൽ മലയാള സാഹിത്യം പഠിച്ചുകൊണ്ടിരിക്കുകയാണ്..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഉത്സവത്തിന് വന്നപ്പോഴാണ് അവനവളെ ആദ്യമായി കാണുന്നത്..ആ നിമിഷം മുതൽ കയറിക്കൂടിയതാണ് അവൾ അവന്റെ ഹൃദയത്തിൽ.

സൗന്ദര്യവും നല്ല ഗുണവുമുള്ള ആ മലയാള തനിമയുള്ള സുന്ദരിക്കുട്ടി സിദ്ധുവിന്റെ മാത്രമല്ല അവന്റെ അമ്മയുടെ മനസ്സിലും ഇടം പിടിച്ചിരുന്നു…. എന്നാൽ അക്കാര്യം അവനറിവില്ലായിരുന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4