താദാത്മ്യം : ഭാഗം 39
എഴുത്തുകാരി: മാലിനി വാരിയർ
ജനൽ പഴുതിലൂടെ ഇരച്ചെത്തിയ സൂര്യ പ്രകാശം അവളെ ഉറങ്ങാനാവാത്ത വിധം ശല്യം ചെയ്തു കൊണ്ടിരുന്നു.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ കൺപോളകൾ മെല്ലെ തുറന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാകാതെ ചിന്തകളവളെ പിടിച്ചു കെട്ടിയിരുന്നു. സമയം പോകുന്നതിന്റെ ബോധം വന്നതും ചിന്തകളെ കാറ്റിൽ പറത്തിക്കൊണ്ട് അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴും സിദ്ധുവിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്..
അവൾ ദീർഘമായി ശ്വസിച്ചുകൊണ്ട് യാഥാർഥ്യത്തിലേക്ക് വന്നു. അൽപനേരം ബാൽഗണിയിൽ നിൽക്കാം എന്ന ചിന്തയോടെ അവൾ അങ്ങോട്ട് ചെന്നു.. ഒരുപാട് നാളുകുകൾക്ക് ശേഷമുള്ള തന്റെ വീട്ടിലെ പ്രഭാതമായിരുന്നിട്ട് കൂടി ആ പുറംകാഴ്ചകൾ അവളെ മടുപ്പിക്കുന്നത് പോലെ അവൾക്ക് തോന്നി.. ഇത് വിരഹമാണ്.. അവൾ മനസ്സിൽ പറഞ്ഞു.. പെട്ടെന്നാണ് അവളുടെ കണ്ണുകൾ റോഡിലൂടെ നടന്നു വരുന്ന മനുഷ്യനിലേക്ക് പതിഞ്ഞത്.. “സിദ്ധുവേട്ടൻ…” അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. മനസ്സിലെ സന്തോഷം ചുണ്ടുകളിൽ വിടർന്നെങ്കിലും അത് പെട്ടെന്ന് അപ്രത്യക്ഷ്യമായി.. “ഇതെന്റെ വെറും തോന്നലാവും… അല്ലെങ്കിൽ തന്നെ പാലക്കാടുള്ള സിദ്ധുവേട്ടൻ..
ഇവിടെ എങ്ങനെ വരാനാ..” അവൾ അത് തന്റെ തോന്നലാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ ഏറെ നേരമായിട്ടും ആ മനുഷ്യൻ സിദ്ധുവേട്ടനായി തന്നെ തോന്നുന്നു.. അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.. “സ്വപ്നമല്ല… സിദ്ധുവേട്ടൻ തന്നെ…” ഉള്ളിലെ സന്തോഷം പിടിച്ചു നിർത്താൻ കഴിയാതെ അവൾ വേഗത്തിൽ താഴേക്ക് ഓടി.. വാതിൽ തുറന്നതും സിദ്ധു മുന്നിൽ.. “സിദ്ധുവേട്ടാ…” അവൾ കിതച്ചുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ സിദ്ധുവിന്റെ ഹൃദയം പതിവിലും വേഗത്തിൽ തുടിച്ചു.
സമയം ഒട്ടും പാഴാക്കാതെ അവൻ അവളെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.. സത്യത്തിൽ മിഥു ഒന്ന് ഞെട്ടാതിരുന്നില്ല, ഒരു വശത്ത് സന്തോഷത്തിൽ മതിമറന്നു നിന്നെങ്കിലും മറുവശത്ത് അവനൊരു സ്വപ്നമായി മറഞ്ഞു പോകുമോ എന്ന ഭയമായിരുന്നു. അവളുടെ മനസ്സ് വായിച്ചറിഞ്ഞത് പോലെ, അവൻ തന്റെ കരവലയത്തിൽ നിന്നും അവളെ സ്വാതന്ത്രയാക്കി. അവളുടെ മുഖം അവൻ കൈകുമ്പിളിൽ ഒതുക്കി. മിഥു അവന്റെ മുഖത്തേക്ക് തന്നെ ആശ്ചര്യത്തോടെ നോക്കി നിന്നു.. “ഇത് ഞാൻ തന്നെയാണ് മിഥു.. നിന്റെ കള്ള കണ്ണൻ, നിനക്ക് മാത്രം അർഹതപ്പെട്ടവൻ.
നിന്റെ കണ്മുന്നിൽ തന്നെയാണ് നിൽക്കുന്നത്.. ഇത് സ്വപ്നമല്ല..” സിദ്ധു അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി പറഞ്ഞു. അവൾ സന്തോഷത്തിൽ വാക്കുകൾ കിട്ടാതെ പതറി.. അവളുടെ മനസ്സിലെ വാക്കുകൾ അവൻ കണ്ണുകളിലൂടെ മനസ്സിലാക്കി.. “വാ… അകത്ത് പോയി സംസാരിക്കാം..” അവൻ അവളുടെ തോളത്ത് കയ്യിട്ടുകൊണ്ട് അകത്തേക്ക് കയറി. അവളും അവന്റെ തോളിൽ തലച്ചായ്ച്ച് അവനോടൊപ്പം നടന്നു. പെട്ടെന്ന് മിഥുനയുടെ മനസ്സിൽ പഴയ ചിന്തകൾ വന്നതും അവൾ അവനിൽ നിന്നും അകന്ന് മാറി. “ഇപ്പോഴും എന്റെ മനസ്സ് വേദനിക്കരുതെന്ന് കരുതിയാണ് സിദ്ധുവേട്ടൻ വന്നിരിക്കുന്നത്..” എന്നോർത്ത് അവൾ മനസ്സുലച്ചു.. “എന്ത് പറ്റി മിഥു…” അവൻ സംശയത്തോടെ അവളെ നോക്കി.
“സിദ്ധുവേട്ടാ..! ഇന്നലെ പറഞ്ഞത് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.. എന്റെ സന്തോഷത്തിന് വേണ്ടി ഇനി സിദ്ധുവേട്ടൻ കഷ്ടപ്പെടണമെന്നില്ല.. ഏട്ടന് സന്തോഷമാകാൻ വേണ്ടിയാണ് ഞാനിതൊക്കെ ചെയ്തത്. പ്ലീസ് സിദ്ധുവേട്ടാ…! ഏട്ടൻ സന്തോഷത്തോടെ നാട്ടിൽ കഴിഞ്ഞോളൂ.. ഞാൻ ഏട്ടനെ ശല്യം ചെയ്യാൻ ഇനി അവിടെ ഉണ്ടാവില്ല..” അവൾ കണ്ണീരോടെ പറഞ്ഞു തീർത്തതും സിദ്ധു അവളുടെ അടുത്ത് വന്നിരുന്നു. “സിദ്ധുവേട്ടാ… ഇപ്പൊ കുറച്ചു ദിവസം ഞാനിവിടെ നിന്നോളാം.. അമ്മായി വന്നു കഴിഞ്ഞാൽ ഞാൻ അമ്മായിയോട് സംസാരിക്കാം.. പിന്നെ സിദ്ധുവേട്ടന്റെ ജീവിതത്തിൽ ഒരു ബാധ്യതയായി ഞാൻ വരാനെ പോകുന്നില്ല.
ശേഷം ഇഷ്ടപ്പെട്ട ജീവിതം സിദ്ധുവേട്ടന് തിരഞ്ഞെടുക്കാം…” അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “പറഞ്ഞു കഴിഞ്ഞോ..? ” അവന്റെ കണ്ണിൽ കോപം നിറഞ്ഞിരുന്നു.അവൻ അത്രയും ദേഷ്യത്തോടെ ആദ്യമായാണ് അവളെ നോക്കുന്നത്.. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി.. “നിന്റെ മനസ്സിൽ നീ എന്താ വിചാരിച്ചിരുന്നത്..? ഒന്നും മനസിലാക്കാതെ, ഓരോന്ന് ആലോചിച്ചു കൂട്ടി നിന്റെ ഇഷ്ടത്തിന് സംസാരിക്കാമെന്നോ..? ഇതൊക്കെ പറയുന്നതിന് മുൻപ് ഒരിക്കലെങ്കിലും നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ..? ” സിദ്ധു ദേഷ്യം ഒട്ടും കുറയ്ക്കാതെ പറഞ്ഞതും അവൾ എന്ത് മറുപടി പറയണം എന്നറിയാതെ വിളറിയ മുഖത്തോടെ അവനെ നോക്കി നിന്നു.. “നിന്റെ കൂടെ ജീവിക്കാൻ എനിക്ക് ഇഷ്ടമല്ലന്നാണോ നീ കരുതിയിരിക്കുന്നത്..?
ഇത്രയും നാൾ ഓരോ കാര്യവും നോക്കി നോക്കി ചെയ്തത് എനിക്ക് നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാണോ നീ വിചാരിക്കുന്നത്.. ഒരിക്കലെങ്കിലും എനിക്ക് നിന്നോടുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് നിനക്ക് തോന്നിയിട്ടില്ലേ… പറ…” അവൻ അവളുടെ തോളുകളിൽ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു. “സ്നേഹം! സിദ്ധുവേട്ടൻ ഒരു പാവമാണെന്നു എനിക്കറിയാം… എല്ലാരോടും സ്നേഹത്തോടെ പെരുമാറാനെ ഏട്ടനറിയൂ.. ഏട്ടൻ എന്നോട് കാണിക്കുന്നതും അതുപോലുള്ള സ്നേഹമാണ്… പക്ഷെ ഒരിക്കൽ പോലും എന്നെ ഒരു ഭാര്യയായി അംഗീകരിച്ചിട്ടുണ്ടോ..? ”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. സിദ്ധുവിന് അപ്പോഴാണ് അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പം മനസ്സിലായത്. “മിഥു… ഒരു മിനിറ്റ് എന്റെ കണ്ണിലേക്കു നോക്ക്..” അവൻ അവളുടെ മുഖം ഉയർത്തിക്കൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി.., “മറ്റുള്ളവരോട് ഞാൻ കാണിക്കുന്ന സ്നേഹത്തിനും നിന്നോട് കാണിക്കുന്ന സ്നേഹത്തിനും ഒരു വ്യത്യാസവും ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്..” വിഷമത്തോടെ പറഞ്ഞു. “ശരി സിദ്ധുവേട്ടാ.. ഞാൻ സിദ്ധുവേട്ടന്റെ വഴിക്ക് തന്നെ വരാം. എനിക്ക് വേണ്ടി, പിറന്നാളിന് എന്തിനാ അത്രയ്ക്ക് കഷ്ടപ്പെട്ട് അതൊക്കെ ചെയതത്..അച്ഛനേം അമ്മയേം മിലുനേം അന്ന് വിളിച്ചു വരുത്തിയത് എന്തിനാ..?
എനിക്ക് ഇഷ്ടപ്പെട്ട ഗിഫ്റ്റ് തന്നത് എന്തിനാ..? പറ സിദ്ധുവേട്ടാ എനിക്ക് വേണ്ടി ഇതൊക്കെ ചെയ്തത് എന്തിനാ…? ഞാൻ കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യം തന്നെയാണ്.. അപ്പൊ സിദ്ധുവേട്ടൻ പറഞ്ഞ മറുപടി എന്താണെന്ന് ഓർമ്മയുണ്ടോ..? ” അവൾ ചോദിച്ചതും, “അതെ മിഥു..അത് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.. ഇപ്പോ നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം.. നിന്നെ സന്തോഷപ്പെടുത്താൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യും. നിന്നെ ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇനി ഒരിക്കലും അങ്ങനൊന്നും ഉണ്ടാവില്ല. ഓരോ ദിവസവും നിനക്ക് ഇഷ്ടപ്പെട്ടത് പോലെ സന്തോഷത്തോടെ വേണം നീ കഴിയാൻ.
അതാണ് എന്റെ ആഗ്രഹം.. അതുകൊണ്ട് ഞാൻ അതിനെപ്പോഴും സന്നദ്ധനായിരിക്കും..” അവൻ പറഞ്ഞു തീർന്നതും അവളുടെ മുഖത്ത് വീണ്ടും നിരാശ പടർന്നു. “അത്രയേ ഉള്ളോ..? ” അവളുടെ ശബ്ദത്തിൽ നിരാശ പടർന്നു.. “അതിനേക്കാൾ വലുതായി ഒന്ന് കൂടിയുണ്ട് മിഥു..” അവൻ പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് നോക്കി. “ഞാനിതൊക്കെ ചെയ്യുന്നത് ഒരു പ്രായശ്ചിത്തമോ, നീ വിചാരിക്കുന്നത് പോലെ നീ ഒരു ബാധ്യതയായത് കൊണ്ടോ അല്ല.. ഞാൻ ഇതൊക്കെ ചെയ്തത് എന്തിനാണെന്നാൽ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. നിന്റെ ഒരു ചിരിയിൽ എന്റെ മനസ്സ് നിറയുന്നത് ഞാൻ അറിയുന്നുണ്ട്..നിന്റെ സന്തോഷത്തിൽ ഞാൻ എന്റെ സന്തോഷവും കാണുന്നുണ്ട്..
ഇതിന്റെയൊക്കെ അർത്ഥം ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു.. പക്ഷെ കാലക്രമേണ നീ തന്നെയാണ് അതെനിക്ക് ബോധ്യപ്പെടുത്തി തന്നത്. ഇത്രയൊക്കെ ഞാൻ ചെയ്തിട്ടും, ഞാനെന്റെ പ്രണയം പറയുന്നതിന് മുൻപേ നീ എന്നെ തനിച്ചാക്കി പോന്നതെന്തിനാണ് മിഥു..” ഇത്തവണ അവൻ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞതും മിഥു വാക്കുകൾ കിട്ടാതെ മിഴിച്ചു നിന്നു. “ഇപ്പൊ സിദ്ധുവേട്ടൻ എന്താ പറഞ്ഞത് എന്നെ…. എന്നെ പ്രണയിക്കുവാണെന്നോ..? ” അവന്റെ വാക്കുകൾ വിശ്വസിക്കാനാകാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് മനസ്സിൽ ചിന്തിച്ചു..
“സേതു… ഋഷി കണ്ണ് തുറന്നു.. ഇനി നിങ്ങൾക്ക് അയാളെ കാണാം…” സന്തോഷത്തോടെ ഡോക്ടർ പറഞ്ഞതും.. സേതു അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചുകൊണ്ട് നന്ദി പറഞ്ഞു.ശേഷം തന്റെ സ്നേഹിതനെ കാണാനുള്ള ആഗ്രഹത്തോടെ മുറിയിലേക്ക് കയറി. തലയിലും കയ്യിലും കാലുകളിലും ബാൻഡേജുകളും, മുഖത്ത് ഓക്സിജൻ മാസ്ക്കും മറ്റ് കുഴലുകൾക്കും ഇടയിൽ ഋഷിയെ കണ്ടതും സേതുവിന്റെ ഹൃദയം വേദനയാൽ പിടഞ്ഞു.. “ഋഷി..” നിറകണ്ണുകളോടെ അവൻ ഋഷിയുടെ അരികിലേക്ക് ചെന്നു. “ഡാ.. ഇപ്പൊ എങ്ങനുണ്ട്…” സേതു അവന്റെ ഉള്ളം കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു.. “മൃദുലയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ… സുഖമല്ലേ അവൾക്ക്..” ഋഷിയുടെ ചോദ്യം സേതുവിനെ ആശ്ചര്യപ്പെടുത്തി..
“അതിന് ആ പെണ്ണിനെ പിരിഞ്ഞ് വന്നില്ലേ… പിന്നെന്താ…? ” സേതു വിശ്വസിക്കാനാവാതെ അവനെ നോക്കി മറുപടി പറഞ്ഞു.. “ടാ… അതിനെപ്പറ്റിയൊന്നും പറയാൻ ഇപ്പൊ എനിക്ക് പറ്റില്ല..മൃദുല…, അവൾക്ക് സുഖമല്ലേ…” ഋഷി വീണ്ടും ചോദ്യം ആവർത്തിച്ചു.. “അവൾക്ക് ഒരു കുഴപ്പവുമില്ല.. ഡൽഹിയിൽ ഒരു വലിയ കമ്പനിയിൽ സന്തോഷത്തോടെ ജോലി ചെയ്യുന്നു..” സേതുവിന്റെ മറുപടിയിൽ ഋഷി ആശ്വസിച്ചു.. “അങ്ങനെ നോക്കല്ലേ മിഥു.. ഞാൻ പറഞ്ഞ ഓരോ വാക്കുകളും സത്യമാണ്. നിനക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്.. അത് വെറുമൊരു സ്നേഹമല്ല.. അതിനേക്കാളേറെ ഞാൻ നിന്നെ പ്രണയിക്കുന്നു.. എന്റെ ജീവനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു.
എന്റെ ജീവിതം തന്നെ നീയാണ് മിഥു.നീയാണ് എന്റെ ലോകം.. എന്റെ സന്തോഷം, എന്റെ ജീവൻ.. എനിക്കെല്ലാം നീയാണ് മിഥു… ഇനിയും എനിക്ക് നിന്നെ പിരിഞ്ഞ് ഇരിക്കാൻ കഴിയില്ല.. ഞാൻ എന്തെങ്കിലും തെറ്റ് നിന്നോട് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്ക് മിഥു.. എന്നെ വിട്ട് ഇനി എങ്ങും പോകല്ലേ മിഥു…” കണ്ണുകൾ നിറച്ചുകൊണ്ട് മനസ്സിൽ അത്ര നാൾ മൂടിവെച്ചതെല്ലാം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു തീർത്തു. മിഥു സന്തോഷത്തിൽ എന്ത് പറയണമെന്നറിയാതെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടതും അവളുടെ കണ്ണിൽ ആനന്ദാശ്രു പൊഴിഞ്ഞു.. “ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ. പിന്നെ നിന്റെ ഇഷ്ടം.” അവൻ പുറത്തേക്ക് നടന്നു.
അവൻ മുന്നോട്ട് നടക്കുന്നതിന് മുന്നേ അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവനെ തടഞ്ഞതും അവൻ മെല്ലെ തിരിഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.. “സോറി സിദ്ധുവേട്ടാ… ഞാൻ ഏട്ടനെ ഒരുപാട് വിഷമിപ്പിച്ചു. എന്നോട് ക്ഷമിക്ക്..” എന്ന് പറഞ്ഞ് അവൾ മിഴി നിറച്ചു. “ഇനി നീ ഒരിക്കലും കരയരുത് മിഥു.. ഇനി നമ്മുടെ ജീവിതത്തിൽ സന്തോഷമാത്രമേ ഉണ്ടാവൂ..” എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ മാറോട് ചേർത്തു.അവളും സന്തോഷത്തിൽ അവളെ കെട്ടിപ്പിടിച്ചു.. “ഐ ലവ് യൂ സിദ്ധുവേട്ടാ. ഇനി ഒരിക്കലും ഞാൻ സിദ്ധുവേട്ടനെ വിട്ട് പോകില്ല..” അവന്റെ ഹൃദയ തുടിപ്പുകൾ കേട്ടുകൊണ്ട് തന്നെ അവൾ തന്റെ പ്രണയം പറഞ്ഞതും അവന്റെ കരങ്ങൾ വീണ്ടും ശക്തിയോടെ അവളെ ചേർത്ത് പിടിച്ചു.
അവളുടെ കണ്ണുനീർകൊണ്ട് അവന്റെ ഷർട്ട് നനഞ്ഞതും അവൻ അവളുടെ മുഖം കയ്യിലേന്തി അവളെ നോക്കി. അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവളുടെ നെറ്റിയിൽ മൃദുലമായി ചുംബിച്ചു.. മിഥുനയുടെ മുഖം മന്ദഹാസത്താൽ വിടർന്നു. “ഇനി നമ്മുടെ ലോകത്ത് നീയും ഞാനും മാത്രമേ കാണൂ… മനസ്സിലായോ..? ” അവൻ പറഞ്ഞതും അവളുടെ മുഖമേന്തി നിൽക്കുന്ന അവന്റെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ തലയാട്ടി. അവൻ വീണ്ടും അവളെ തന്നിലേക്ക് ചേർത്ത് അവളുടെ നെറുകിൽ ചുണ്ടുകൾ ആഴ്ത്തി നിന്നു.. ഇരുവരും അവരുടെ ലോകത്ത് പരിസരം മറന്ന് പ്രണയത്തിൽ മുഴുകിയിരിക്കുന്ന ആ വേളയിൽ വാതിൽ തുറയുന്ന ശബ്ദം പോലും അവർ ശ്രദ്ധിച്ചില്ല..
വാതിൽ തുറന്നുകൊണ്ട് മിലു അകത്തേക്ക് കയറിയതും ഇരുവരുടെയും മതിമറന്നുള്ള ആ നിൽപ്പ് കണ്ട് അവളിൽ സന്തോഷം പെയ്തിറങ്ങി. അവൾ അവരുടെ അരികിലേക്ക് ചെന്ന്, “ഇപ്പോഴാണ് എനിക്ക് സന്തോഷമായത് സിദ്ധുവേട്ടാ…” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. “എനിക്കും….” എന്ന് പറഞ്ഞുകൊണ്ട് സിദ്ധു മിഥുനയെ തന്നിലേക്ക് കൂടുതലായി അടുപ്പിച്ചു. “ഇന്ന് മുഴുവനും ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം.. കുറച്ചു കഴിഞ്ഞാൽ കടയിൽ പോയ അച്ഛനും അമ്മയും ഇങ്ങ് തിരിച്ചു വരും..അപ്പോഴും രണ്ട് പേരും ഇതേ പൊസിഷനിൽ നിന്നാൽ അത്ര ഭംഗിയായിരിക്കില്ല കേട്ടോ..” ഇത്തവണ മൃദുല ഒരല്പം ശബ്ദമുയർത്തിയാണ് പറഞ്ഞത്.. അപ്പോഴാണ് അവർ പരിസരബോധം വീണ്ടെടുത്തത്.. മൃദുലയെ കണ്ടതും മിഥു നാണത്താൽ മുഖം മറച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി.
എങ്ങോട്ടേക്ക് പോകണമെന്നറിയാതെ പകച്ചു ഒരു കള്ളനെ പോലെ നിന്ന സിദ്ധുവിനെ മിലു സൂക്ഷിച്ചു നോക്കി. “നിങ്ങള് ആള് കൊള്ളാലോ സിദ്ധുവേട്ടാ… എല്ലാരുടെയും മുന്നിൽ ശത്രുക്കളെ പോലെ വഴക്കിട്ടിട്ട്..ആരുമില്ലാത്തപ്പോ ഇതാണല്ലേ പരിപാടി.. ഇതൊരു ജന്റിൽമാന് ചേരുന്നതാണോ..? ” അവൾ അവനെ കളിയാക്കികൊണ്ട് പറഞ്ഞു. “മിലു…! വന്നു വന്നു നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട്..” അവൻ കള്ള ചിരിയോടെ തന്നെ അവളെ ശകാരിച്ചു.. “അതെയതെ… ഏട്ടൻ ചെയ്യുന്നതൊക്കെ ശരി.. ഞാൻ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് കുറുമ്പ് അല്ലേ… എന്റെ വിനായക.. നീ ഇതൊക്കെ കാണുന്നില്ലേ…” കണ്ണുകൾ ഉരുട്ടികൊണ്ട് അവൾ പറഞ്ഞതും അവന് വീണ്ടും ചിരിക്കാനാണ് തോന്നിയത്.
“ഇത് പഴയ സിദ്ധുവേട്ടനായിരുന്നെങ്കിൽ ഇപ്പൊ എന്റെ കാത് പൊന്നായേനേ.. ഇന്നെന്താ ഒരു ചിരിയൊക്കെ..” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞതും അവനും അവളോടൊപ്പം പൊട്ടിച്ചിരിച്ചു.. “ഒറ്റദിവസംകൊണ്ട് തന്നെ എന്റെ ചേച്ചി ഏട്ടനെ മാറ്റിയെടുത്തല്ലോ.. എന്റെ ദൈവമേ…” മിലുവിന്റെ ചിരി ആ വീടാകെ പ്രതിധ്വനിച്ചു.. ആ സമയം ശോഭയും വീട്ടിലേക്ക് എത്തിചേർന്നു.
തുടരും…