Saturday, February 8, 2025
Novel

നിന്നെയും കാത്ത്: ഭാഗം 1

രചന: മിത്ര വിന്ദ

“ഈ കുടിയന്റെ ഭാര്യ ആയിട്ട് ഇങ്ങോട്ട് കെട്ടി കേറി വരാൻ സരസ്വതി ടീച്ചർ നിനക്ക് എത്ര രൂപ പ്രതിഫലം തന്നെടി …. “

ആടി ആടി തന്റെ അടുത്തേക്ക് വരുന്ന  മഹേശ്വർ നെ കാണുമ്പോൾ ശ്രീഗൗരിക്ക് ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടേ ഇരുന്നു..

എവിടെയും വീണു പോവാതെ ഇരിക്കാനായി അവൾ മേശമേൽ അമർത്തി പിടിച്ചിരിക്കുക ആണ്..

അവൻ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞു….

“പാലക്കലെ ദേവ്മഹേശ്വർ എന്ന തികഞ്ഞ മദ്യപാനി ആയ എന്റെ ഭാര്യ ആയി നീ ഇവിടേക്ക് കയറി കൂടിയിട്ടുണ്ട് എങ്കിൽ അത് നല്ല ഉദ്ദേശത്തോടെ അല്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.. അതുകൊണ്ട് എന്റെ മോള് വേഗം പറഞ്ഞൊ എത്ര രൂപയ്ക്ക് ആണ് ലേലം ഉറപ്പിച്ചത് എന്ന് “

അവൻ അവളെ അടിമുടി ഒന്ന് നോക്കി..

 

“പറയെടി….. എന്നിട്ട് അതിന്റെ പകുതി ക്യാഷ് എനിക്ക് താ… നമ്മൾക്ക് ഷെയർ ചെയ്യണം “

മഹി അവളുടെ അരികിലായി വന്നു നിന്നു.

“എടി… നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ “

അവനു ദേഷ്യം വന്നു തുടങ്ങി

ഗൗരി പക്ഷെ ഒന്നും മറുപടി പറഞ്ഞില്ല.

“ഹമ്…. ഇതാണല്ലേ ഞാൻ കെട്ടിയ താലി… ശരിക്കും ഒന്ന് കണ്ടു പോലുമില്ല… കൃഷ്ണനമ്മാവൻ എടുത്തു തന്നത് ചെറിയ ഒരു ഓർമ ഉണ്ട്…..”

അവളുടെ മാറിൽ പറ്റി ചേർന്നു കിടന്ന താലിമാല വലിച്ചെടുത്തു  അവൻ നോക്കി..

“ഒന്ന് ഊരി തന്നേടി.. നോക്കട്ടെ എത്ര പവൻ ഉണ്ടന്ന് “

കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു..

പെട്ടന്ന് അവൾ ഒന്നും പറയാതെ അവന്റ കൈയിൽ നിന്നും മാല
തിരിച്ചെടുത്തു…

“ങ്ങേ… നീ കൊള്ളാലോ ടി…. പറയുന്നത് അനുസരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലേ… എന്നാൽ ഒന്ന് കാണണമല്ലോ..”വീണ്ടും അവൻ കൈ നീട്ടിയതും അവൾ തടഞ്ഞു

“ഈ മാല ഇന്ന് കഴുത്തിൽ നിന്നും ഊരി മാറ്റരുത് എന്ന് ടീച്ചറമ്മ പറഞ്ഞു..”

അവൾ പതുക്കെ പറഞ്ഞു.

“ഓഹോ.. അപ്പോൾ കൊച്ചമ്മയ്ക് സംസാരിക്കാൻ ഒക്കെ അറിയാം അല്ലെ….”

മഹി നോക്കിയതും അവൾ മുഖം കുനിച്ചു..

“ടി… ഇവിടെ.. എന്റെ മുഖത്തേക്ക് നോക്കെടി… “

അവൻ അവളുടെ താടി പിടിച്ചു ഉയർത്താൻ തുടങ്ങിയതും ശ്രീ അവന്റ കൈ തട്ടി മാറ്റി

“എന്താടി….. ഞാൻ നിന്റെ ദേഹത്തു തൊട്ടാൽ നിനക്ക് പൊള്ളുമോ… എങ്കിൽ ഒന്ന് കാണട്ടെ “

ഈ തവണ അല്പം ബലത്തിൽ തന്നെ അവൻ അവളുടെ താടി പിടിച്ചു മേൽപ്പോട്ട് ഉയർത്തി..

ഗൗരി അപ്പോളും ഒന്നും മിണ്ടാതെ നിൽക്കുക മാത്രം ചെയ്തുള്ളൂ

“ആഹ്.. പൊള്ളിയൊന്നും ഇല്ലാലോ അല്ലെ…അപ്പോൾ കുഴപ്പമില്ലല്ലോ “

ഗൗരി ആണെങ്കിൽ ദേഷ്യത്തിൽ മുഖം വെട്ടി തിരിച്ചു.

“മ്മ്…. മര്യാദ ആണെങ്കിൽ മര്യാദ തന്നെ… അല്ലെങ്കിൽ…”

തന്റെ ഷർട്ട്‌ ഊരി മാറ്റി കസേരയിലേക്ക് ഇട്ടിട്ട് അവൻ ബെഡിലേക്ക് കയറി കിടന്നു.

“ആട്ടെ.. ചോദിക്കാൻ മറന്നു എന്താണ് മോൾടെ പേര്.. “…

“ഞാൻ ആരുടെയും മോളൊന്നും
അല്ല….”

. “അപ്പോൾ പിന്നെ എങ്ങനാ നീയ്… ആകാശത്തു നിന്നും പൊട്ടി തെറിച്ചു വന്നതാണോ… അല്ല കണ്ടിട്ടും എനിക്ക് അങ്ങനെ തോന്നി കേട്ടോ “
.
അവന്റെ പറിച്ചിൽ കേട്ടതും ഗൗരി പല്ല് ഞെരിച്ചു..

“ആ പാലെടുത്തു കുടിച്ചിട്ട് ആ നിലത്തെങ്ങാനും പോയി കിടന്ന് ഉറങ്ങേടി..”

ഫോൺ എടുത്തു അവൻ പാട്ട് വെച്ചു.

പ്രണയമണി തൂവൽ പൊഴിയും പവിഴം മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണമഴ
തോരാത്ത മോഹം ഈ മഴ
…….

…..

ഗൗരി മെല്ലെ നോക്കിയപ്പോൾ
മഹി ആണെങ്കിൽ പാട്ട് ഒക്കെ ആസ്വദിച്ചു കൊണ്ട് കിടക്കുക ആണ്.

അവൾക്ക് ദേഷ്യം വരുന്നുണ്ട്.. പക്ഷെ അതിനേക്കാളെറേ അവൾ ഒരുപാട് തളർന്നു ആണ് നിൽക്കുന്നത്…

 

കുറച്ചു കഴിഞ്ഞു മഹി നോക്കിയതും കണ്ടു നിന്നിടത്തു തന്നെ
ശിലപോലെ നിൽക്കുന്നവളെ…

“ലൈറ്റ് ഓഫ്‌ ചെയ്തിട്ട് പോയി കിടന്നു ഉറങ്ങടി.. വെറുതെ മനുഷ്യനെ ബുദ്ധിമുട്ട് ഉണ്ടാകാനായിട്ട് “

അവൻ അല്പം ഉച്ചത്തിൽ ആണ് പറഞ്ഞത്.

ഗൗരി ലൈറ്റ് ഓഫ്‌ ചെയ്തു.

എന്നിട്ട് അവൻ കിടന്ന ബെഡിന്റെ അങ്ങേ തലയ്ക്കൽ വന്നു കിടന്നു.

“നിന്നോട് ഞാൻ എന്താടി പറഞ്ഞെ…അപ്പുറത്ത് എങ്ങാനും പോയി കിടക്കു “

“എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ…”

പിറു പിറുത്തു കൊണ്ട് അവൾ അവന്റ അടുത്ത് നിന്നും നീങ്ങി കിടന്നു കഴിഞ്ഞു…

ഓരോരോ വയ്യാവേലി… വന്നു കൂടിയ സമയം എന്തായാലും കൊള്ളാം..

മഹി പിന്നെയും വായിൽ വന്നത് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് കിടന്നു.

ക്ഷീണം കാരണം അവള് പെട്ടന്ന് തന്നെ ഉറങ്ങി പോയിരിന്നു.

***

കാലത്തെ ഗൗരി ഉണർന്നപ്പോൾ അരികിൽ മഹി ഇല്ലായിരുന്നു.

സമയം നോക്കിയപ്പോൾ 5.30

അവൾ കിടക്ക വിട്ട് എഴുനേറ്റ്.

സെറ്റിയിൽ കിടന്നു ഉറങ്ങുന്നവനെ അപ്പോൾ ആണ് അവൾ കണ്ടത്.

ശബ്ദം ഉണ്ടാക്കാതെ അവൾ ബാത്‌റൂമിലേക്ക് പോയി.

ഒന്ന് ഫ്രഷ് ആയിട്ട് അവൾ അടുക്കളയിലേക്ക് ചെന്നു.

സരസ്വതി ടീച്ചർ ഉണർന്നിട്ടുണ്ട്..

“ടീച്ചറമ്മേ “

“ഗൗരി മോള് ഉണർന്നോ…”

അവർ സ്നേഹത്തോടെ അവളുടെ കൈയിൽ പിടിച്ചു..

“ടീച്ചർ നേരത്തെ എഴുന്നേറ്റോ…”

“ഹമ്…5മണിക്ക്….. പണ്ട് മുതലേ അങ്ങനെ ആണ് മോളെ… മഹിടെ അച്ഛനു നിർബന്ധം ആയിരുന്നു… കൃത്യം 5മണിക്ക് ഒരു കോഫി….അങ്ങനെ അങ്ങനെ എനിക്ക് ശീലം ആയി.. ഏട്ടൻ പോയെങ്കിലും ആ സമയം എന്റെ കണ്ണുകൾ താനെ തുറക്കും “

അവർ പഴയ ഓർമകളിലേക്ക് ഒരു നിമിഷം ഊളിയിട്ടു.

“ടീച്ചറമ്മേ… ഞാൻ… ഞാൻ വിഷമിപ്പിച്ചു ല്ലേ “

അല്പം കഴിഞ്ഞതും അവൾ ചോദിച്ചു.

“ഹേയ് ഇല്ല മോളെ…..”

അവർ വേഗം അവൾക്കു കുടിക്കാനായി ഒരു കപ്പ് കാപ്പി കൊടുത്തു.

“ഇന്നലെയും അവൻ കുടിച്ചിട്ടാണ് വന്നേ അല്ലെ മോളെ “

നിസഹായ ആയി ചോദിക്കുന്ന അവരുടെ മിഴികളിലെ നനവ് കണ്ടതും അവൾക്ക് വല്ലാത്ത വേദന തോന്നി.

“ഹേയ്… അങ്ങനെ അധികം ഒന്നും ഇല്ലായിരുന്നു… “

അതും കേട്ട് കൊണ്ട് ആണ് മഹി അടുക്കളയിലേക്ക് വന്നത്.

 

തുടരും