Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 32

എഴുത്തുകാരി: മാലിനി വാരിയർ

“വീണ്ടും ഇതെവിടെ പോയി… സിദ്ധുവേട്ടാ…” അവളുടെ കണ്ണുകൾ ആ മുറിമുഴുവൻ അവനെ തേടി നടന്നു.. “മിഥു… ആരെയാ അന്വേഷിക്കുന്നെ.. ” അവളുടെ ചെവിയുടെ വളരെ അടുത്ത് അവന്റെ ശബ്ദം കേട്ടതും, ഒരു ഞെട്ടലോടെ അവൾ അവനെ തിരിഞ്ഞു നോക്കി. അവൻ ഒരു കള്ള ചിരിയോടെ അവളുടെ പിന്നിൽ നിൽക്കുകയായിരുന്നു. “ഞാൻ ആരെയും അന്വേഷിച്ചില്ലല്ലോ.. ” മിഥു ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് തലയാട്ടികൊണ്ട്, തന്റെ മുഖത്തെ നാണം അവൻ കാണാതിരിക്കാൻ അവിടെ നിന്നും മെല്ലെ നടന്നകലാൻ ശ്രമിച്ചു.രണ്ട് ചുവടുകൾ എടുത്തു വെച്ചതും അവന്റെ കൈകൾ അവളുടെ കയ്യിൽ പിടിമുറുക്കിയിരുന്നു.

അവൾ തിരിഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. “പാട്ട് നന്നായിരുന്നു..നിന്റെ ശബ്ദം അതിനേക്കാൾ മനോഹരമായിരുന്നു..” അവൻ അവളെ അഭിനന്ദിക്കേ, അവളുടെ മനസ്സ് സന്തോഷത്തോടെ തുള്ളിച്ചാടി. “പാട്ട് നന്നായിരുന്നു.. എന്റെ വോയിസ്‌ നന്നായിരുന്നു എന്നൊക്കെ പറയുന്നു.. പക്ഷെ സിദ്ധുവേട്ടാ.. ആ പാട്ട് ഞാൻ ഏട്ടന് വേണ്ടി മാത്രമാണ് പാടിയതെന്ന് എപ്പഴാ മനസിലാക്കുക… എനിക്ക് മനസ്സിലാകാത്ത കവിതയ്ക്കെല്ലാം അർത്ഥം പറഞ്ഞു തരുന്ന ആളല്ലേ..ഇപ്പൊ ഏട്ടന് വേണ്ടി പാടിയ ഈ പാട്ടിന്റെ അർത്ഥം ഏട്ടന് എപ്പഴാ ഒന്ന് മനസിലാവുക..? ദൈവത്തിന് മാത്രം അറിയാം..” തന്നെ അഭിനന്ദിച്ച തന്റെ ഭർത്താവിന്റെ മുഖത്തേക്ക് പ്രണയാസക്തിയോടെ അവൾ നോക്കി.

“നീ ഇപ്പൊ മനസ്സിൽ ചിന്തിക്കുന്നതെന്താണെന്ന് എനിക്കറിയാം മിഥു..! ഒട്ടും വൈകാതെ തന്നെ നീ ആഗ്രഹിച്ചത് പോലെ നടക്കും..അതിന് ശേഷം മറ്റുള്ളവർക്ക് വേണ്ടി കെട്ടിയ ഈ വേഷം അഴിച്ചു വെച്ച്, ഒരു പുതിയ ജീവിതം നമ്മൾ തുടങ്ങും.ആ ലോകത്ത് നീയും ഞാനും മാത്രമേ ഉണ്ടാകൂ.. ആർക്ക് വേണ്ടിയും അല്ലാതെ നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ പോകുവാ…ആ സമയം ഒട്ടും ദൂരെയല്ല..” അവന്റെ മനസ്സിൽ തോന്നിയ ചിന്തയുടെ പ്രതിഫലനമെന്നോണം മീശ രോമങ്ങളാൽ മറഞ്ഞു നിന്ന അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നതും അവൾ അതിൽ ലയിച്ചു നിന്നു പോയി. അവന്റെ ആ ഒരു പുഞ്ചിരി മതി, അവളുടെ മനസ്സിലുണ്ടായിരുന്ന എല്ലാ വിഷമങ്ങളും ദേഷ്യവും പോയ്‌ മറയാൻ. അവന്റെ മുഖത്തിൽ നിന്നും കണ്ണെടുക്കാൻ മനസ്സനുവദിക്കാതെ അവന്റെ പുഞ്ചിരിയും ആസ്വദിച്ചുകൊണ്ട് നിശ്ചലയായി നിന്ന അവളെ മീരയുടെ ശബ്ദമാണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

“സിദ്ധുവേട്ടാ… മിഥു…. നിങ്ങളെ രണ്ട് പേരെയും ആന്റി(പ്രിയയുടെ അമ്മ) വിളിക്കുന്നു.വേഗം വായോ..” മീര പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നതും, “താങ്സ്…” സിദ്ധുവിനെ നോക്കി പറഞ്ഞുകൊണ്ട് അവൻ മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ അവിടെ നിന്നും നടന്നു. അവളുടെ ചെയ്തികൾ എല്ലാം അവന് ആസ്വാദ്യകരമായി തോന്നി.. പുഞ്ചിരിയോടെ അവനും അവളെ പിന്തുടർന്നു. പ്രിയയുടെ അമ്മ അവരെ പുഞ്ചിരിയോടെ അടുത്തേക്ക് ക്ഷണിച്ചു. “ദാ… ഈ സമ്മാനം നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ വാങ്ങണം… ” അവർ ഒരു സമ്മാനപ്പൊതി നീട്ടികൊണ്ട് പറഞ്ഞു. “എന്തിനാമ്മേ ഇതൊക്കെ… ” മിഥു ഒരു മടിയോടെ പറഞ്ഞു. “നീയും എന്റെ മോള് തന്നെയല്ലേ.. അതുകൊണ്ട് ഒന്നും പറയാതെ രണ്ടുപേരും ഒരുമിച്ചു നിന്നുകൊണ്ട് ഇത് വാങ്ങിയേ… ” എന്ന് പറഞ്ഞുകൊണ്ട് അവരുടെ കയ്യിലേക്ക് കൊടുത്തു.

അവരും മറിച്ചൊന്നും പറയാതെ അത് സ്വീകരിച്ചു. രാത്രി വളരെ വൈകിയാണ് ഉറങ്ങാൻ ചെന്നത്. സിദ്ധു ആ മുറിയിലുള്ള സോഫയിലേക്ക് ചാഞ്ഞു. ഒന്ന് ഫ്രഷ് ആയി വന്ന മിഥു കാണുന്നത് ആ ചെറിയ സോഫയിൽ ചുരുണ്ടു കൂടി കിടക്കുന്ന സിദ്ധുവിനെയാണ്. അതവളെ വല്ലാതെ വേദനിപ്പിച്ചു. “സിദ്ധുവേട്ടാ…” അവൾ വിളിച്ചതും അവൻ കണ്ണ് തുറന്നു. “എന്താ മിഥു… നീ കിടന്നില്ലേ..” അവൻ ചോദിച്ചു. “ഏട്ടൻ കട്ടിലിൽ കിടന്നോ.. ഇവിടെ ഞാൻ കിടന്നോളാം…” അവൾ മുഖത്ത് ശോകം നിറച്ചുകൊണ്ട് പറഞ്ഞു. “സാരമില്ല മിഥു… ഞാൻ അജ്ജസ്റ്റ് ചെയ്തോളാം… നീ കട്ടിലിൽ കിടന്നോ…” അവൻ മറുപടി പറഞ്ഞു. “ഇല്ല സിദ്ധുവേട്ടാ… ഏട്ടന് ഇതിൽ കിടക്കാൻ പറ്റില്ല..എനിക്ക് ഉയരം കുറവല്ലേ..

ഈ സോഫ എനിക്ക് കറക്റ്റ് ആയിരിക്കും..ഞാൻ ഇവിടെ കിടന്നോളാം..ഏട്ടൻ കുറച്ചു നേരം നന്നായി ഉറങ്ങ്.” അവളും ഒരു തരി വിട്ടുകൊടുക്കാതെ പറഞ്ഞു. “അപ്പൊ നിനക്ക് നല്ല ഉറക്കം വേണ്ടേ…” അവൻ ചോദിച്ചതും, “ഇങ്ങനെ സംസാരിച്ചോണ്ടിരുന്നാൽ നേരം വെളുക്കും രണ്ട് പേർക്കും ഉറങ്ങാൻ പറ്റില്ല.. വെറുതെ വാശി പിടിച്ചിട്ട് കാര്യമില്ല.. ഏട്ടൻ കട്ടിലിൽ കിടന്നോ.. ” അവൾ അതിൽ ഉറച്ചു നിന്നുകൊണ്ട് പറഞ്ഞു.. “അതും ശരിയാ..എന്തിനാ വെറുതെ വാശിയൊക്കെ.. രണ്ട് പേർക്കും നന്നായി ഉറങ്ങണം.. കട്ടില് അത്യാവശ്യം വലിപ്പമുള്ളതാണ്, നിനക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ രണ്ട് പേർക്കും ഇവിടെ തന്നെ കിടക്കാം, എന്ത് പറയുന്നു..” അവൻ ഒരു പുരികം ഉയർത്തികൊണ്ട് ചോദിച്ച വിധം അവളെ എന്തൊക്കെയോ ചെയ്യുന്നത് പോലെ തോന്നിച്ചു.

അതവളുടെ ഭർത്താവ് തന്നെയാണോ എന്നവൾ സംശയിച്ചു.. കരണം വിവാഹം കഴിഞ്ഞ് ഈ രണ്ട് വർഷത്തിനിടയിൽ ഇത്തരത്തിൽ അവൻ അവളോട്‌ സംസാരിച്ചിട്ടില്ല.. ഇന്ന് അവന്റെ ചെയ്തികളിൽ വന്ന മാറ്റം അവൾ തിരിച്ചറിഞ്ഞിരുന്നു. “ഹലോ മാഡം…! എന്തുപറ്റി..? വേറെ ലോകത്തേക്ക് പോയോ..” അവൻ അവളുടെ കണ്ണിന് മുകളിലൂടെ കയ്യോടിച്ചുകൊണ്ട് പറഞ്ഞു.. “ഏയ്.. ഞാ… ഞാൻ എന്തോ ആലോചിച്ചു പോയി..,” അവൾ പറഞ്ഞൊഴിഞ്ഞു.. “ശരി ഞാൻ പറഞ്ഞതിന് നീ ഒന്നും മറുപടി പറഞ്ഞില്ല..” അവൻ വീണ്ടും ചോദിച്ചപ്പോൾ, “എനിക്ക് ഒരു കുഴപ്പവുമില്ല…” എന്ന് പറഞ്ഞുകൊണ്ട് അവൾ കട്ടിലിന്റെ ഒരു വശത്തേക്ക് പോയി കിടന്നു.. അവൻ മറുവശത്തും കിടന്നു. ഇരുവരുടെയും മനസ്സിൽ പലവിധ ചിന്തകളും ഓടിക്കൊണ്ടിരുന്നു…എന്താണെന്ന് അറിയാത്ത ഒരു തരം പുതിയ അനൂഭൂതി മിഥുനയുടെ മനസ്സിൽ പടർന്ന് കയറി.

കുറച്ചു മുൻപ് വരെ അവന്റെ വാക്കുകളാൽ വേദനിച്ചിരുന്ന മനസ്സ് ഇന്ന് പേരറിയാത്തൊരു അനുഭൂതിയിൽ മുഴുകുന്നതായി അവൾ തിരിച്ചറിഞ്ഞു. അവന്റെ ഒരു ചെറിയ ചലനം പോലും അവളെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു… അവനെ കാണണം എന്ന് മനസ്സ് പറഞ്ഞതും അവൾ തിരിഞ്ഞു കിടന്നു. അവന്റെ ഉള്ളിലും അതെ ചിന്തകൾ തന്നെയാണ് ഓടി കൊണ്ടിരുന്നത്.. അവനും തിരിഞ്ഞു കിടന്നു. രണ്ട് പേരുടെയും കണ്ണുകൾ ഉടക്കി.പ്രണയഭാവത്തോടെ ഇരുവരും കണ്ണുകൾ കൊണ്ട് കവിതകലെഴുതി. കണ്ണുകൾ ഇമചിമ്മാതെ ഒരുപാട് നേരം അങ്ങനെ നോക്കി കിടക്കാൻ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു..ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുന്ന അവന്റെ നോട്ടത്തിൽ അവൾ മതിമറന്നു നിന്നു.

പെട്ടെന്ന് ചിന്തകളിൽ അവന്റെ ഓർമ്മകളെത്തി ഒരു നിമിഷം കണ്ണുകൾ അവനിൽ നിന്നകന്നെങ്കിലും ഒട്ടും സമയം പാഴാക്കാതെ അവൾ വീണ്ടും നോട്ടം അവനിലേക്കെറിഞ്ഞു. അവന്റെ മുഖത്തേക്ക് ഉയർന്ന അവളുടെ കണ്ണുകളിൽ നിരാശ പടർന്നു… അവന്റെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. “അപ്പൊ ഇത്ര നേരം നടന്നത് സ്വപ്നമാണോ..? ശെരിക്കും നടന്നത് പോലെ തോന്നിയല്ലോ..? ” അവൾ സംശയത്തോടെ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നാസികയിൽ നിന്നും ഉയർന്നു വന്ന നിശ്വാസത്തിൽ അവൻ സുഖമായി ഉറങ്ങുകയാണെന്ന് അവൾ കരുതി.. “ഇത് സ്വപ്നം തന്നെയാണ്…” ചുണ്ടുകൾ നാണത്താൽ വിടർത്തികൊണ്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. കുറച്ചു സമയം കഴിഞ്ഞതും സിദ്ധു കണ്ണുകൾ തുറന്നു. അവൾ നല്ല ഉറക്കത്തിലായിരുന്നു.

അവന്റെ ചുണ്ടുകൾ വിടർന്നു. ആ രാത്രി മുഴുവൻ അവളുടെ ആ സുന്ദരമായ മുഖം നോക്കി ഇരിക്കാൻ ഹൃദയം വെമ്പൽ കൊണ്ടു. ഉറക്കത്തിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ തോന്നിക്കുന്ന അവളുടെ മുഖം എത്ര നേരം നോക്കി നിന്നാലും മടുക്കില്ല. അവൻ അവളെ തന്റെ കരവലയത്തിൽ ഒതുക്കികൊണ്ട് സമാധാനപൂർവ്വം കണ്ണുകൾ അടച്ചു. ദിവാകരവെളിച്ചം മുഖത്തേക്ക് പതിഞ്ഞതും സിദ്ധു മെല്ലെ കണ്ണുകൾ തുറന്നു.. അവളുടെ മുഖത്തേക്കാണ് അന്നവൻ ആദ്യം നോക്കിയത്. അവനോട്‌ ചേർന്ന് അവന്റെ കൈകൾ ചേർത്ത് പിടിച്ച് ശാന്തമായി ഉറങ്ങുന്ന മിഥുന കൂടുതൽ സുന്ദരിയായി തോന്നിച്ചു. നാളുകൾക്ക് ശേഷം സമധാനത്തോടെ ഉറങ്ങിയതോർത്ത് അവന്റെ ചുണ്ടുകൾ വിടർന്നു. അല്പം നേരം അവനങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു..

ശേഷം സമയം പോകുന്നത് തിരിച്ചറിഞ്ഞ് മെല്ലെ അവളെ തന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു, ശേഷം ഒരു തലയണ അവളുടെ കയ്യിലേക്ക് വെച്ചുകൊണ്ട് മെല്ലെ ബാത്‌റൂമിലേക്ക് നടന്നു. അവൾ എഴുന്നേറ്റപ്പോഴേക്കും അവൻ കുളിച്ചു റെഡിയായി കഴിഞ്ഞിരുന്നു. ഫോണിൽ സമയം നോക്കിയതും അവൾ ചാടി എഴുന്നേറ്റു.. “ദൈവമേ… സമയം ഇപ്പൊ തന്നെ വൈകിയല്ലോ…” എന്ന് പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ തയ്യാറായി.. സിദ്ധു വാങ്ങി കൊടുത്ത സാരിയാണ് അന്നവൾ അണിഞ്ഞത്.മിതമായ അലങ്കാരത്തോടെ മുല്ല പൂ ചൂടികൊണ്ട് അവൾ പുറത്തേക്ക് വന്നു.അവളെ കണ്ടതും സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു.അവൻ വാങ്ങികൊടുത്ത സാരിയാണ് അവൾ ഉടുത്തിരുന്നത് എന്നറിഞ്ഞപ്പോൾ അവന്റെ ഹൃദയം നിറഞ്ഞു. ആ സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു.

മിഥു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു.. “സോറി സിദ്ധുവേട്ടാ.. കുറച്ചധികനേരം ഉറങ്ങിപ്പോയി.. ഇനി താമസിക്കണ്ട നമുക്കിറങ്ങാം..” അവൾ പുഞ്ചിരിയോടെ പറഞ്ഞതും അവൻ തലയാട്ടികൊണ്ട് അവളെയും കൊണ്ടു പുറത്തേക്ക് ഇറങ്ങി. വളരെ വൈകാതെ തന്നെ ഇരുവരും മണ്ഡപത്തിൽ എത്തി. പ്രിയയുടെ വിവാഹം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു. “രണ്ട് പേരെയും കാണാൻ നല്ല ചേർച്ചയുണ്ട്.. പരസ്പരം ഒന്നിക്കാൻ ജനിച്ചത് പോലെ തന്നെ. .. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം കേട്ടോ..” മിഥുവിനെയും സിദ്ധുവിനെയും കണ്ടതും പ്രിയയുടെ അമ്മ അവരെ സ്നേഹത്തോടെ നോക്കികൊണ്ട് പറഞ്ഞു.. അത് കേട്ട് ഇരുവരും പുഞ്ചിരിച്ചു. എല്ലാം നന്നായി പോയികൊണ്ടിരിക്കുന്ന സമയത്താണ് സിദ്ധുവിന്റെ ഫോൺ ശബ്‌ദിച്ചത്. “ഹലോ… പറ ശ്രീലക്ഷ്മി…” സിദ്ധു ഫോൺ എടുത്തുകൊണ്ടു പറഞ്ഞു. “സിദ്ധുവേട്ടാ… അച്ഛന് നല്ല സുഖമില്ല..

ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും ഇവിടെ ആരുമില്ല..” അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു. “നീ പേടിക്കാതെ ഇരിക്ക്.. ഞാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ..” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തുകൊണ്ട് വിജയുടെ നമ്പറിലേക്ക് വിളിച്ചു.. “ടാ.. വിജി.. ശ്രീലക്ഷ്മിയുടെ അച്ഛന് സുഖമില്ലെന്ന്… നീ ഒന്ന് അവിടെ വരെ പോയി നോക്ക്.. പാവം അവള് ഒറ്റയ്ക്ക് എന്ത് ചെയ്യാനാ..” സിദ്ധു അല്പം ശോകത്തൊടെ പറഞ്ഞു. “നിന്നോട് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ.. അവർക്കെന്ത് വന്നാലും നിനക്കെന്താ…നീ ഇപ്പൊ ഭാര്യയുടെ കൂടെ പുറത്ത് പോയേക്കുവല്ലേ.ആ നീ എന്തിനാ ഇപ്പൊ അതൊക്കെ ചിന്തിച്ചു തലപുണ്ണാക്കുന്നെ..? അയാൾക്ക് ഒന്നും സംഭവിക്കാനൊന്നും പോണില്ല.” വിജയ് താല്പര്യമില്ലാത്ത പോലെ മറുപടി പറഞ്ഞു. “ടാ അങ്ങനൊന്നും പറയെല്ലെടാ..

അവളുടെ അച്ഛൻ നിന്നോട് എന്ത് തെറ്റ് ചെയ്തു… പാവം മനുഷ്യനാടാ.. നീ ഒന്ന് പോയി നോക്ക്…” സിദ്ധു അവനോട് അപേക്ഷയെന്നോണം പറഞ്ഞു. “ശരി… അങ്ങേരുടെ മുഖം ഓർത്ത് ഞാനിപ്പോ പോകാം.. നീ പേടിക്കണ്ട.. ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം… നീ സമാധാനത്തോടെ ഇരിക്ക്…” എന്ന് പറഞ്ഞുകൊണ്ട് വിജയ് ഫോൺ കട്ട് ചെയ്തു.. അപ്പോഴാണ് സിദ്ധുവിനും ആശ്വാസമായത്.. “സിദ്ധുവേട്ടാ…” മിഥുനയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. “എന്തുപറ്റി സിദ്ധുവേട്ടാ…എന്താ മുഖം വല്ലതിരിക്കുന്നെ…” അവൾ മുഖം വാട്ടികൊണ്ട് ചോദിച്ചു.. “ഒന്നുമില്ല മിഥു… എന്റെ ഒരു പരിചയക്കാരന് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ വന്നു.. അതാ..” അവൻ വിഷമത്തോടെ പറഞ്ഞു. “അയ്യോ… എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് സിദ്ധുവേട്ടാ…” അവൾ പരിഭ്രമത്തോടെ ചോദിച്ചു.. “വിജയ് പോയിട്ടുണ്ട്.. അവൻ നോക്കിക്കോളും..” സിദ്ധു മറുപടി പറഞ്ഞു. “ഏട്ടൻ വിഷമിക്കണ്ട.. ഒന്നും വരില്ല.. ഏട്ടൻ ഇപ്പൊ അകത്തേക്ക് വാ..” അവൾ അവനെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയെങ്കിലും, സിദ്ധുവിന് ശ്രീലക്ഷ്മിയുടെ അച്ഛനെ കുറിച്ചുള്ള ആവലാതിയായിരുന്നു.

വൈകിട്ട് വിജയ് വിളിച്ച് അവളുടെ അച്ഛന് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് സിദ്ധുവിന് ശ്വാസം നേരെ വീണത്. അവൻ സമാധാനത്തോടെ മുറിയിലേക്ക് നടന്നു, അവിടെ മീരയും മിഥുവും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “ഇന്ന് രാത്രി നീയും ഡാൻസ് ചെയ്യില്ലേ..” മീര ആവേശത്തോടെ ചോദിച്ചു.. “എനിക്കും ആഗ്രഹമുണ്ട് പക്ഷെ ഏട്ടനും എന്റൊപ്പം ഡാൻസ് ചെയ്യണ്ടേ..അതിന് സിദ്ധുവേട്ടൻ സമ്മതിക്കുമോ ഇല്ലയോ എന്നറിയില്ലല്ലോ…ഞാൻ ഇഷ്ടത്തോടെ വാങ്ങി കൊടുത്ത ഡ്രസ്സ്‌ പോലും ഇത് വരെ ഇട്ടിട്ടില്ല.. പിന്നെ എങ്ങാന ഡാൻസ് കളിക്കുന്നെ…” അവൾ വിഷമത്തോടെ പറഞ്ഞു.. “അതൊക്കെ സമ്മതിക്കും… അതിന് ആദ്യം നീ അത് ചോദിക്കണം… അല്ലാതെ വെറുതെ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടരുത്.. ഇന്ന് രാത്രി നടക്കുന്ന പാർട്ടിയിൽ നീയും ഏട്ടനും ഡാൻസ് കളിക്കണം..

ഹാ.. പറഞ്ഞില്ലെന്നു വേണ്ടാ…” എന്ന് പറഞ്ഞ് മീര പോയതും, സിദ്ധുവിന്റെ ചുണ്ടുകൾ വിടർന്നു.. “എന്തിനാ മിഥു നീ എന്നോട് തുറന്നു സംസാരിക്കാൻ മടി കാണിക്കുന്നത്..നിന്റെ ആഗ്രഹം ഞാൻ എപ്പോഴെങ്കിലും നിറവേറ്റാതെ ഇരുന്നിട്ടുണ്ടോ..? ഇന്ന് നീ ആഗ്രഹിച്ചത് പോലെ തന്നെ നടക്കും..” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി.. “സിദ്ധുവേട്ടാ… ആർക്കോ സുഖമില്ലെന്ന് പറഞ്ഞില്ലേ… ആൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്..? ” അവൾ ജിജ്ഞാസയോടെ ചോദിച്ചു. “ഇപ്പൊ കുഴപ്പമൊന്നുമില്ല…” സിദ്ധു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “ഇന്ന് രാത്രിയിലെ പാർട്ടിക്ക് ഞാൻ ഈ ഡ്രസ്സ്‌ ഇട്ടോട്ടെ..” ഒരു മനോഹരമായ സാരി കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.. “കൊള്ളാം.. നന്നായിട്ടുണ്ട്.. ഇത് തന്നെ ഇട്ടാൽ മതി..” അവൻ പുഞ്ചിരിയോടെ തന്നെ പറഞ്ഞു.

അവനും അവൾ കൊടുത്ത ഡ്രസ്സ്‌ ഇടണമെന്ന് പറയുമെന്ന് വിചാരിച്ചെങ്കിലും അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു. “ഇനി എപ്പോഴാ മിഥു നീ എന്നോട് മനസ്സ് തുറന്ന് സംസാരിക്കുന്നത്…” അവൻ മനസ്സിൽ ചിന്തിച്ചു.. രാത്രി, മനോഹരമായ നീല നിറത്തിലുള്ള സാരിയും അതിന് ചേർന്ന ആഭരണങ്ങളും അണിഞ്ഞുകൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു..അവളുടെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.. അവനെ അന്വേഷിച്ചുകൊണ്ട് അവൾ താഴേക്ക് നടന്നു. “മീരാ… സിദ്ധുവേട്ടനെ കണ്ടിരുന്നോ..? ” മിഥു ചോദിച്ചതും മീരാ അവളെ ആശ്ചര്യത്തോടെ നോക്കി നിന്നു. “വൗ… മിഥു സൂപ്പർ… ഇപ്പൊ നിന്നെ കാണാൻ ഒരു മാലാഖയെ പോലുണ്ട്…” എന്ന് പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു..മിഥു പുഞ്ചിരിച്ചു..

“ശരി… സിദ്ധുവേട്ടൻ എവിടെ..? ” അവൾ ആവേശത്തോടെ ചോദിച്ചു. “റിസെപ്ഷൻ നടക്കുന്നിടത്ത് കാണും..പോ… ഏട്ടന്റെ മുന്നിൽ പോയി നിൽക്ക്… ശെരിക്കും ഞെട്ടും..” മീര കണ്ണിറുക്കി കൊണ്ട് പറഞ്ഞതും. “ഒന്ന് ചുമ്മാ ഇരിക്ക് മീരാ…” എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നുള്ളികൊണ്ട് അവനെ തിരക്കി നടന്നു. അവിടെ എല്ലായിടത്തും നോക്കിയെങ്കിലും അവനെ അവൾക്ക് അവിടെ എവിടെയും കാണാൻ പറ്റിയില്ല.. “ഇത് എവിടെ പോയി കിടക്കുവാ സിദ്ധുവേട്ടാ…” എന്ന് ചിന്തിച്ചുകൊണ്ട് തിരിഞ്ഞതും അവൻ അവളുടെ കണ്ണിൽ ഉടക്കി.. “സിദ്ധുവേട്ടാ…” അവളുടെ കണ്ണുകൾ വിശ്വസിക്കാനാകാതെ അവനെ ആശ്ചര്യത്തോടെ നോക്കി നിന്നു..അവളുടെ കാഴ്ചകളെ കൂടുതൽ മനോഹരമാക്കി കൊണ്ട് വേദിയിൽ ഒരു പാട്ട് ഉയർന്നു കേട്ടു..

ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണകളും നീർത്തി..
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികിൽ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല… ഞാനറിഞ്ഞീല…

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 31