താദാത്മ്യം : ഭാഗം 27
എഴുത്തുകാരി: മാലിനി വാരിയർ
ഇരുൾ നിറഞ്ഞ വാനിൽ, ഒരു വെള്ളിക്കിണ്ണം തൂക്കിയിട്ടത് പോലെ പ്രഭ ചൊരിഞ്ഞുകൊണ്ടിരുന്ന സുന്ദരമായ പൂർണ്ണ ചന്ദ്രൻ. മൃദുലമായ തണുത്ത കാറ്റ് ജനലിലൂടെ ആ മുറിയിലേക്ക് അരിച്ചു കയറി. അത്താഴം കഴിഞ്ഞ് മിഥുന മുറിയിലേക്ക് കയറിയതും അതവളെ തലോടിക്കൊണ്ട് കടന്നു പോയി. അവന്റെ മുറി, ഇനി അവൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്നോർത്തപ്പോൾ അവളുടെ മനസ്സ് സംതൃപ്തിയടഞ്ഞു.
തന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന തന്നെ ഡ്രസ്സുകൾ ആ മുറിയിലെ അലമാരയിൽ അടുക്കി വയ്ക്കുകയാണ് അവൾ. അലമാര തുറന്നതും അവൾ വീണ്ടും സന്തോഷവതിയായി.
സിദ്ധു അവന്റെ ഡ്രസ്സുകൾ ഒരുഭാഗത്തേക്ക് ഒതുക്കി വെച്ചുകൊണ്ട് അവളുടെ ഡ്രസ്സുകൾ വയ്ക്കാൻ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് അവളെ കൂടുതൽ സന്തോഷിപ്പിച്ചു.
അവൾ ഡ്രെസ്സുകൾ അടുക്കി വയ്ക്കുന്ന സമയത്ത് സിദ്ധു മുറിയിലേക്ക് കടന്നു.
“മിഥു… ഡ്രസ്സ് അടുക്കി കഴിഞ്ഞാൽ നീ കിടന്നോ.. ഞാനും ഉറങ്ങാൻ പോകുവാ. ശുഭരാത്രി.. ”
എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടക്കാൻ ശ്രമിച്ചു.
“സിദ്ധുവേട്ടാ.. ഒരു നിമിഷം.. ! ഇപ്പൊ എങ്ങോട്ടേക്ക് പോകുവാ.. ഏട്ടന് ഈ മുറിയിൽ തന്നെ കിടക്കാലോ.. എന്തിനാ ടെറസ്സിൽ പോയി കിടക്കുന്നത്. നല്ല മഞ്ഞുണ്ട്.. വെറുതെ അസുഖം വരുത്തി വെക്കണ്ട.. ”
എങ്ങനെയൊക്കെയോ അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ പറഞ്ഞോപ്പിച്ചു.
“ടെറസിൽ കിടന്നുറങ്ങുന്നത് എനിക്ക് പുതിയകാര്യമൊന്നുമല്ല മിഥു… എല്ലാം ശീലമായി, അതുകൊണ്ടു എനിക്ക് ഒന്നും സംഭവിക്കില്ല… അതൊന്നും ആലോചിക്കാതെ നീ സുഖമായി കിടന്നുറങ്ങ്.”
എന്ന് പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
മിഥുനയെ അത് വിഷമിപ്പിച്ചു..
“എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ..!”
അവളുടെ മനസ്സ് ചോദ്യമെറിഞ്ഞു. എങ്കിലും അത് മാറ്റിയെടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ബാക്കിയുള്ള തുണികളും അലമാരയിൽ അടുക്കി വെച്ചു.
പിറ്റേന്ന്,
അതിരാവിലെ തന്നെ സിദ്ധു പാടത്തേക്ക് പോയിരുന്നു.
മിഥുന ഉണർന്നതും മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു.
“അമ്മായി..”
പുഞ്ചിരിയോടെ അവളുടെ വിളി കേട്ട് മീനാക്ഷിയും സ്നേഹത്തോടെ തിരിഞ്ഞു നോക്കി..
“വാ മോളെ..ദാ കാപ്പി കുടിക്ക്..”
കയ്യിലുണ്ടായിരുന്ന കപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തു.
“സിദ്ധുവേട്ടൻ എവിടെ… അമ്മായി..”
അത് കുടിച്ചുകൊണ്ട് അവൾ ചോദിച്ചു.
“അവൻ വെളുപ്പിന് തന്നെ പാടത്തേക്ക് പോകും മോളെ…”
മീനാക്ഷി പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
“അപ്പൊ ബ്രേക്ക് ഫാസ്റ്റ് എങ്ങനെ കഴിക്കും..”
അവൾ കണ്ണുകൾ വിടർത്തികൊണ്ട് ചോദിച്ചു.
“അവൻ ഇങ്ങോട്ട് വരും മോളെ… മോള് പോയി കുളിച്ചിട്ട് വാ.. അപ്പോഴേക്കും അവനും എത്തും. രണ്ട് പേർക്കും ഒരുമിച്ചിരുന്ന് കഴിക്കാം..”
മീനാക്ഷി സ്നേഹത്തോടെ മൊഴിഞ്ഞതും, അവൾ ഉത്സാഹത്തോടെ മുറിയിലേക്കോടി.
മീനാക്ഷിയുടെ മനസ്സും മിഥുനയുടെ മാറ്റത്തിൽ സന്തോഷിച്ചു..മിഥുന കുളി കഴിഞ്ഞ് താഴേക്ക് വന്നപ്പോൾ, മീനാക്ഷി തീൻമേശയിൽ ഭക്ഷണം എടുത്ത് വയ്ക്കുകയായിരുന്നു..
“അമ്മായി ഞാനും സഹായിക്കാം..”
മിഥുന അവരുടെ കയ്യിൽ നിന്ന് പാത്രങ്ങൾ വാങ്ങി, രണ്ട് പേരും ഒരുമിച്ചു തന്നെ എല്ലാം എടുത്ത് വെച്ചുകൊണ്ട് സിദ്ധുവിന് വേണ്ടി കാത്തിരുന്നു.
കുറച്ചു കഴിഞ്ഞതും സിദ്ധുവും വിജയും വന്നു. മീനാക്ഷി മൂന്ന് പേർക്കും സ്നേഹത്തോടെ ഭക്ഷണം വിളമ്പി.
“മിഥു.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..”
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സിദ്ധു അവളോട് പറഞ്ഞതും അവളും അതെന്താണെന്നറിയാനുള്ള ആവേശത്തോടെ അവനെ നോക്കി..
“നിന്റെ ഡിസൈനിങ്ങിനെ കുറിച്ചാണ് മിഥു..
അടുത്ത വർഷത്തെ കോമ്പറ്റിഷനിൽ പങ്കെടുക്കണമെങ്കിൽ ഇപ്പൊ തന്നെ പരിശീലിച്ചു തുടങ്ങണം..ഇവിടെ വന്നത് കൊണ്ട് നീ പഠിച്ചത് പാഴായി പോകരുത്..”
അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതും,
“അതിന്… എന്നെ വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ പോകുവാണോ സിദ്ധുവേട്ട..”
അവൾ മനസ്സിൽ ചോദിച്ചു.
“നിനക്ക് ഓൺലൈൻ ഷോപ്പ് പോലെ എന്തെങ്കിലും ചെയ്തൂടെ..? ഇപ്പൊ അതല്ലേ ട്രെൻഡ്..നീ നിന്റെ ജോലിക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞാൽ അത് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം.അതുപോലെ അത് ഇവിടെ നിന്ന് കയറ്റി അയക്കുന്ന കാര്യവും ഞാൻ തന്നെ ചെയ്തോളാം..
നീ നിന്റെ ബെസ്റ്റ് തന്നെ എല്ലാവർക്കും കൊടുക്കണം.അതിന് വേണ്ടി എന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം ഞാൻ ചെയ്യാം..”
അവൻ ഉറപ്പോടെ പറഞ്ഞപ്പോൾ, അവൾക്ക് അവനോടുള്ള ബഹുമാനം വീണ്ടും വർധിക്കുകയാണ് ഉണ്ടായത്.
“തീർച്ചയായും സിദ്ധുവേട്ടാ..ഞാനെന്റെ ബെസ്റ്റ് തന്നെ കൊടുക്കും..”
അവൾ വിടർന്ന മുഖത്തോടെ മറുപടി പറഞ്ഞു.
“ശരി മിഥു.. അതിനുള്ള തയ്യാറെടുപ്പുകൾ ഇന്ന് തന്നെ തുടങ്ങിക്കോ.. പരസ്യം ചെയ്യണം പിന്നെ മറ്റ് പല കാര്യങ്ങളും ഉണ്ടാവും..അതൊക്കെ ഇപ്പൊ തന്നെ പഠിച്ചു തുടങ്ങിക്കോ.. ഓർഡർ വന്നാൽ അതിലായിരിക്കണം മുഴുവൻ ശ്രദ്ധ.
പിന്നെ.. നിനക്ക് ആവശ്യമായ തയ്യൽ മെഷിൻ എത്രയും പെട്ടെന്ന് തന്നെ എത്തിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കാം..”
അവൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു. അവൾ കണ്ണിൽ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് തലയാട്ടി..
“ശരി മിഥു..ഞാൻ ഇറങ്ങുവാ.. നിന്റെ ഫ്രണ്ട്സിനോട് എന്തെങ്കിലും സജ്ജഷൻ ചോദിക്കാനുണ്ടെങ്കിൽ ചോദിക്ക്..”
എന്ന് പറഞ്ഞുകൊണ്ട് അവൻ പാടത്തേക്ക് നടന്നു.
മിഥുനയുടെ മനസ്സ് സന്തോഷത്തിന്റെ അതിർവരമ്പുകൾ കടന്നിരുന്നു. തന്റെ സിദ്ധുവേട്ടൻ, തന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ സന്തോഷത്തോടെ കൂടെ നിൽക്കുന്നു എന്നത് അവളെ ഉത്സാഹഭരിതയാക്കി.
അവൾ അവളുടെ കൂട്ടുകാരി മീരയെ വിളിച്ച് അവൻ പറഞ്ഞ കാര്യം അവളോട് പറഞ്ഞു. അത് കേട്ട് മീരയും ആവേശഭരിതയായി.
“നല്ല ഐഡിയയാണ് മിഥു.. ഉറപ്പായും ഇത് വിജയിക്കും… നീ ധൈര്യമായി പൂർണ്ണമനസ്സോടെ അത് ചെയ്യ്..”
മീരയും അവളെ പ്രോത്സാഹിപ്പിച്ചു.
മിഥു കുറച്ചു തീരുമാങ്ങൾ എടുത്ത് താഴേക്ക് വന്നതും മീനാക്ഷി ഒരു തൂക്കു പാത്രവുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു..
“അമ്മായി… ഈ സമയത്ത് ഇതെവിടെ പോകുവാ..”
അവൾ ആകാംഷയോടെ ചോദിച്ചു.
“സിദ്ധുവിന് ഉച്ചക്കത്തേക്കുള്ള ചോറ് കൊണ്ട് പോകുവാ മോളെ.. മോള് കഴിച്ചോ.. ഞാൻ ഇത് കൊടുത്തിട്ട് വരാം..”
മീനാക്ഷി പുഞ്ചിരിയോടെ പറഞ്ഞു.
“അമ്മായി ഇവിടെ നിക്ക്.. ഈ വെയിലത്ത് അമ്മായി വെറുതെ കഷ്ടപ്പെടേണ്ട..ഇങ്ങ് താ.. ഞാൻ കൊണ്ട് പോയി കൊടുത്തോളാം..”
മിഥു അവരുടെ കയ്യിൽ നിന്ന് പാത്രം വാങ്ങിച്ചു.
“വേണ്ട മോളെ… ഞാൻ…”
“അമ്മായി ഒന്നും പറയണ്ട.. അമ്മായി കുറച്ചു നേരം പോയി കിടക്ക്.. ഇത് ഞാൻ ചെയ്തോളാം..”
മീനാക്ഷി പറഞ്ഞു തീരും മുൻപേ മിഥു മറുപടി പറഞ്ഞുകൊണ്ട് നടന്നു തുടങ്ങിയിരുന്നു..
“എന്താടാ… നിന്റെ ഭാര്യ നിനക്ക് ചോറുമായി വരികയാണെന്ന് തോന്നുന്നല്ലോ..? ”
വിജയ് അല്പം ഹാസ്യത്തോടെ പറഞ്ഞു. അപ്പോഴയാണ് മിഥുന നടന്ന് വരുന്നത് സിദ്ധു ശ്രദ്ധിച്ചത്.
“മിഥു.. നീ എന്തിനാ ഈ ജോലിയൊക്കെ ചെയ്യുന്നത്.. സമയമാകുമ്പോ ഞങ്ങൾ അങ്ങ് വരില്ലേ…”
അവളുടെ കയ്യിൽ നിന്നും സിദ്ധു പാത്രം വാങ്ങിച്ചു.
“അത് സിദ്ധുവേട്ടാ…അമ്മായി വരാൻ ഇരുന്നതാ.. ഈ വെയിലത്ത് പോകേണ്ടെന്ന് ഞാനാ പറഞ്ഞേ… ഇതിൽ എനിക്ക് ഒരു കഷ്ടപ്പാടും തോന്നുന്നില്ല.. ഇപ്പൊ പോയി കൈ കഴുകി വാ..കഴിക്കാം..”
അവൾ സൗമ്യമായി പറഞ്ഞുകൊണ്ട് അടുത്തിരുന്ന ഒരു മരത്തടിയിൽ ഇരുന്നു കൊണ്ട് ഭക്ഷണം വിളമ്പി വെച്ചു.. അവളുടെ ചെയ്തികൾ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്ന സിദ്ധുവിന്റെ അടുത്തേക്ക്, മെല്ലെ വിജയ് നടന്നു വന്നു.
“വാടാ.. കഴിക്കാം…”
അവന്റെ വാക്കുകൾ സിദ്ധുവിന്റെ കാതുകളിൽ എത്തിയത് പോലുമില്ല.
“ടാ… നിന്നോടാണ്..”
വിജയ് അവന്റെ തോളത്ത് തട്ടിക്കൊണ്ട് കുറച്ചുകൂടി ഉറക്കെ പറഞ്ഞു..
“വരുന്നു…. വരുന്നു.. നീ ഇരിക്ക്..”
എന്ന് പറഞ്ഞുകൊണ്ട് കയ്യും കാലും മുഖവും കഴുകാനായി ചാലി നടുത്തേക്ക് നടന്നു..
“എന്താ പെങ്ങളെ..സിദ്ധു എന്താ പറയണേ…? ”
വിജയ് ഭക്ഷണം കഴിക്കാൻ തയ്യാറെടുത്തുകൊണ്ട് ഇരുന്നു..
“അദ്ദേഹം എന്ത് പറയാനാ വിജയേട്ടാ.. എപോഴത്തേയും പോലെ എന്റെ നല്ലതിന് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു..”
അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
“നീയും ഇത്ര പെട്ടെന്ന് മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. എനിക്കിപ്പോ ഒരുപാട് സന്തോഷമായി.. ഇത്ര പെട്ടെന്ന് എങ്ങനാ ഇങ്ങനെ ഒരു മാറ്റം വന്നേ..? ”
അവൻ മനസ്സിലുണ്ടായിരുന്ന സംശയം ചോദിച്ചു..
“അ.. അത്… എനിക്ക് അദ്ദേഹത്തെ ആദ്യം മുതലേ ഇഷ്ടമായിരുന്നു..പിന്നെ ചെറിയ ചെറിയ ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇപ്പൊ അതുമില്ല..”
അവൾ ചിരിച്ചു.
“എന്ത് ആദ്യം മുതലേ ഇഷ്ടമാണെന്നോ..? ”
അവന്റെ കണ്ണുകൾ വിടർന്നു..
“അതെ.. പിന്നെ അത് സിദ്ധുവേട്ടനോട് പറയണ്ട…”
അവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു.
“ശരി.. ഏട്ടൻ വരുന്നുണ്ട്.. ബാക്കി ചോദ്യമൊക്കെ മറ്റൊരു ദിവസം ചോദിക്കാം…”
അവൾ സിദ്ധു വരുന്നത് കണ്ട് അവന്റെ പാത്രത്തിലേക്ക് കറി വിളമ്പി കൊടുത്തു.
അവനും മറ്റൊന്നും പറയാതെ കഴിച്ചു തുടങ്ങിയതും സിദ്ധുവും അവനോടൊപ്പം പങ്ക് ചേർന്നു.
രണ്ട് പേരും കഴിച്ചു കഴിഞ്ഞതും മിഥുന വീട്ടിലേക്കു മടങ്ങി.
വീട്ടിൽ എത്തിയതും അവളുടെ ഫോണിലേക്ക് മൃദുലയുടെ ഫോൺ വന്നു..
മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.
“ഹലോ മിലു… സുഖാണോ..”
അവൾ ഉത്സാഹത്തോടെ ചോദിച്ചു..
“സുഖമായിരിക്കുന്നു ചേച്ചി..ചേച്ചിക്കോ…? സിദ്ധുവേട്ടനും അമ്മായിയും എന്ത് പറയുന്നു.? ”
അവൾ മറുചോദ്യം ചോദിച്ചു.
“എല്ലാരും സുഖമായിരിക്കുന്നു മിലു.. നിന്നെയാണ് ഒരുപാട് മിസ്സ് ചെയ്യുന്നത്..”
മിഥുന മറുപടി പറഞ്ഞു.
“അതോർത്ത് വിഷമിക്കണ്ട..
പിന്നെ സിദ്ധുവേട്ടനോട് ഇപ്പോഴും വഴക്ക് കൂടാറുണ്ടോ..?
“ഇല്ലില്ല.. ഞങ്ങൾ തമ്മിൽ ഒരു പിണക്കവുമില്ല.. പിന്നെ സിദ്ധുവേട്ടൻ എന്റെ ഡിസൈനിങ് ഓൺലൈൻ ഷോപ്പിംഗ് പോലെ ചെയ്യാൻ പാടില്ലേ എന്ന് ചോദിച്ചു.. ആലോചിച്ചപ്പോ എനിക്കും നല്ലതാണെന്നു തോന്നി. ഞാൻ സമ്മതിച്ചു.. ഞാനിപ്പോ ഒരുപാട് സന്തോഷത്തിലാണ് മിലു..”
സന്തോഷത്തോടെയുള്ള മിഥുനയുടെ വാക്കുകൾ മൃദുലയിലും സന്തോഷം നിറച്ചു.
“എനിക്കും സന്തോഷമായി ചേച്ചി.. ഓൾ ദി ബെസ്റ്റ്.. ചേച്ചിക്ക് എപ്പോഴും നല്ലതേ വരൂ..”
“ശരി.. പിന്നെ നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു. ഇഷ്ടമാകുന്നുണ്ടോ അതൊക്കെ..”
മിഥുന അവളുടെ ജോലിയെ കുറിച്ച് തിരക്കി.
“കൊള്ളാം.. നല്ലൊരു പ്രൊജക്റ്റ് വന്നു.. എല്ലാവരും നന്നായി ഇടപഴകുന്നുണ്ട്.. പിന്നെ കുറെ ഫ്രണ്ട്സിനേയും കിട്ടി.. അതുകൊണ്ട് താമസത്തിനും കുഴപ്പമില്ല..”
മൃദുലയുടെ വാക്കുകൾ മിഥുനയ്ക്ക് ആശ്വാസമേകി..
“നിന്നെ കുറിച്ച് ഓർക്കുമ്പോഴാ മിലു ഞങ്ങൾക്ക് വിഷമം.. ഇപ്പൊ നീ പറഞ്ഞപ്പോൾ കുറച്ചു ആശ്വാസമായി..അമ്മയെ വിളിച്ചോ..”
“ഉം…അമ്മയെ വിളിച്ചിട്ടാ ഞാൻ ചേച്ചിയെ വിളിച്ചേ..”
“ശരി.. ഞാൻ അമ്മായിക്ക് കൊടുക്കാം..”
എന്ന് പറഞ്ഞ് അവൾ മീനാക്ഷിയുടെ അടുത്തേക്ക് നടന്നു.
“അമ്മായി… മിലുവാണ്..”
എന്ന് പറഞ്ഞ് ഫോൺ മീനാക്ഷിയുടെ കയ്യിൽ കൊടുത്തു.മീനാക്ഷിയും മൃദുലയോട് കുറെ നേരം സംസാരിച്ചു..
രാത്രി,
സിദ്ധു തന്റെ മുറിയിൽ പോയി വസ്ത്രം മാറ്റിയ ശേഷം മിഥുനയെ അന്വേഷിച്ചു നടന്നു. ഒടുവിൽ ടെറസിലേക്ക് നടന്നു..
“മിഥു..”
അവന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞുകൊണ്ട്,
“സിദ്ധുവേട്ട..”
അവൾ പുഞ്ചിരിയോടെ വിളികേട്ടു..
“ഞാൻ പറഞ്ഞ കാര്യത്തെ പറ്റി ആലോചിച്ചോ…? ”
“ആലോചിക്കാൻ ഒന്നുമില്ല സിദ്ധുവേട്ടാ.. ഏട്ടൻ പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്.അത് തന്നെ തുടങ്ങാമെന്ന് ഉറപ്പിച്ചു..ഉറപ്പായും അത് നന്നായി തന്നെ മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ”
അവൾ മനസ്സിലുള്ളത് പറഞ്ഞു.
“എനിക്ക് സന്തോഷമായി മിഥു.. പിന്നെ വിസിറ്റിംഗ് കാർഡ് ഡിസൈൻ കിട്ടിയാൽ ഞാനത് പ്രിന്റ് ചെയ്യാൻ കൊടുക്കാം..പിന്നെ തയ്യൽ മെഷീൻ, നൂല്.. പോലുള്ള സാധനങ്ങൾ.. ഞാൻ ഒരു സ്ഥലത്ത് നോക്കി വെച്ചിട്ടുണ്ട്.. ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി അവർ വീട്ടിലെത്തിക്കും..നിനക്ക് വേറെ എന്തെങ്കിലും വേണോ..? വേണമെങ്കിൽ നാളെ ടൗണിൽ പോയി വാങ്ങിക്കാം.. എന്താ..? ”
അവൻ ചോദിച്ചതും അവൾ ഇമവെട്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“മിഥു…. മിഥു..”
അവൻ രണ്ട് വട്ടം വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്..
“എന്ത് പറ്റിടാ..”
അവൻ പുഞ്ചിരിയോടെ ചോദിച്ചു..
“ഒരുപാട് നന്ദി.. സിദ്ധുവേട്ടാ..”
“നന്ദിയോ..? അതിന്റെ ഒന്നും ആവശ്യമില്ല.. അടുത്ത വർഷം നടക്കാൻ പോകുന്ന കോമ്പറ്റിഷനിൽ നീ ജയിക്കണം.. അതാണ് ഇപ്പൊ ഉള്ള എന്റെ ഒരേ ഒരു ആഗ്രഹം..”
അവൻ പറഞ്ഞതും അവളുടെ മനസ് സന്തോഷത്താൽ നിറഞ്ഞു.
“ഞാൻ ഉറപ്പായും നേടും സിദ്ധുവേട്ടാ..”
അവൾ ഉറപ്പിച്ചു പറഞ്ഞതും അവൻ പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്നും നടന്നു..
“ശെരിക്കും ഞാൻ ഭാഗ്യം ചെയ്തവളാണ് സിദ്ധുവേട്ട… ഏട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ്..”
അവൻ പോയ ദിശയിലേക്ക് നോക്കികൊണ്ട് അവൾ മനസ്സിൽ പറഞ്ഞു..
തുടരും…