Friday, April 12, 2024
Novel

വേളി: ഭാഗം 3

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

രാവിലെ തന്നെ ദേവനും മീരയും കൂടി പട്ടാമ്പിക്ക് പോകാൻ റെഡി ആയി… ഒരു കാർ രാമനുണ്ണിയേ കൊണ്ട് തലേ ദിവസം ഏർപ്പാടാക്കിയിട്ടുണ്ട്… അഞ്ചര മണി അയപ്പോൾ തുടങ്ങിയ ഒരുക്കം ആണ് മീര… എത്ര കണ്ടു കണ്ണാടിക്ക് മുന്നിൽ നിന്നു നോക്കിയിട്ടും അങ്ങട് ശരിയാവുന്നില്ല….അരുന്ധതി സുന്ദരിയായിട്ടാണല്ലോ വന്നത്.. മീരയും ഒട്ടും കുറച്ചില്ല…ഹൈ ഹീൽഡ് ചെരുപ്പിട്ട് ഉമ്മറത്തേക്ക് ഇറങ്ങിയ മീര മുറ്റത്തേക്ക് മറിഞ്ഞത് പെട്ടന്നായിരുന്നു… അയ്യോ ന്റെ നടു ഒടിഞ്ഞേ……

ദേവേട്ടാ ഓടി വായോ… …. അവൾ വിളിച്ചു കൂവി.. പ്രിയ ആണ് ആദ്യം ഓടി വന്നത്… നിലത്തുനിന്നും എഴുനേൽക്കാൻ പറ്റാതെ കൊണ്ട് വിഷമിക്കുന്ന ചെറിയമ്മയെ കണ്ടതും അവൾ അവരുടെ അടുത്തേക്ക് ചെന്നു. എടി നാശംപിടിച്ചവളെ… നിന്റെ കാര്യത്തിന് ഒന്നു പോകാം എന്ന് കരുതിയ എനിക്ക് ദൈവം തന്ന ശിക്ഷ ആടി ഇത്…. അതെങ്ങനെയാണ്, പണ്ടാരത്തിന്റെ മോന്ത കണ്ടതേ, തന്തേം തള്ളേo പരലോകത്തേക്ക് പോയി.. അവിടെ കിടന്ന് കൊണ്ട് മീര ഉറക്കെ പ്രാകി.. പോട്ടെ മീര… സാരല്യന്നു…

നമ്മൾക്ക് പിന്നെ പോകാം… അവരോടു വിളിച്ചു പറഞ്ഞാൽ പോരേ… ദേവൻ അവരെ മയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതൊന്നും വേണ്ട ഏട്ടാ… അവരോട് വിളിച്ചു പറഞ്ഞത് അല്ലേ ചെല്ലം എന്നുള്ളത്…രാമാനുണ്ണി എത്താറായി കാണും.. ഏട്ടൻ പോയിട്ട് വാ…. അങ്ങനെ മീരയുടെ പോക്ക് ക്യാൻസൽ ആയി… അവസാനം രാമനുണ്ണിയും ദേവനും കൂടി യാത്ര ആയത് … ഇന്ന് ചെറിയച്ഛൻ പോയി വരുമ്പോൾ അറിയാം എന്താകും കാര്യങ്ങൾ എന്നു..ഈശ്വരാ എനിക്ക് വിധിച്ചത് ആണെങ്കിൽമാത്രം ഈ വിവാഹo നടത്താവൊള്ളെ….

പ്രിയ മനസ്സിൽ ഓർത്തു… നൃത്തം പഠിപ്പിക്കാൻ അന്ന് അവൾ പോയില്ല… മീര വയ്യാണ്ട് കിടക്കുവരുന്നു.. കുളത്തിലോട്ട് തുണിയും വാരികൊണ്ട് പോയപ്പോൾ വേലിക്കപ്പുറത്തു വെച്ച് നാണ്യമ്മുമ്മയെ കണ്ടു…. “വിശേഷം ഒക്കെ രാമൻ പറഞ്ഞിട്ടോ… എന്റെ ചുന്ദരികുട്ടി ദൂരെ ഉള്ള കരയിലോട്ട് പോവാ അല്ലെ.. “അവർ വാത്സല്യത്തോടെ അവളുടെ കരം ഗ്രഹിച്ചു… ഒന്നും പറയാറായിട്ടില്ല അമ്മുമ്മേ…. ചെറിയച്ഛൻ പോയിട്ട് വരട്ടെ….

അവര് വന്നു കണ്ടു പോയതേ ഒള്ളു.. രാമനുണ്ണി പറഞ്ഞത് അവർക്ക് ആണെങ്കിൽ ന്റെ മോളേ വല്ലാണ്ട് ബോധിച്ചെന്നാ ട്ടോ…അല്ലെങ്കിലും ആർക്കാണ് പ്രിയമോളെ ഇഷ്ടം അല്ലാത്തത്…സുന്ദരി കുട്ടിയല്ലേ നീയ് …എന്തായാലും ന്റെ കുട്ടിക്ക് നല്ലതേ വരൂ… നാണിയമ്മുമ്മ അവളോട് പറഞ്ഞു… ഞാൻ പോവാ അമ്മുമ്മേ… താമസിച്ചാൽ ചെറിയമ്മ വഴക്കുപറയും ജോലി ഒന്നും കഴിഞ്ഞിട്ടില്ല… ഇതും പറഞ്ഞു അവരുടെ മറുപടി പോലും കാക്കാതെ കൊണ്ട് അവൾ നടന്നകന്നു…

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആര്യയും ഭർത്താവും കൂടി വന്നിട്ടുണ്ട്… അമ്മയെ കാണാൻ എത്തിയതാണ് അവർ ഇരുവരും… കാലത്തെ ആരൊക്കെയാണ് പട്ടാമ്പിയിലേക്ക് പോയതെന്നറിയുവാനായി ആര്യ വിളിച്ചിരുന്നു, അപ്പോഴാണ് അമ്മ വീണ വിവരം അവൾ അറിഞ്ഞത്. അതിന് ഓടി വന്നതാണ്. നീ ഇത് എവിടരുന്നു ഇത്രയും നേരം…രണ്ടു മണിക്കൂർ ആയല്ലോ നീ ഇവിടുന്ന് ഇറങ്ങിയിട്ട്…. ആരോട് കിന്നാരം പറയുകയായിരുന്നുടി ഒരുമ്പേട്ടോളെ . മീര അവളോട് കയർത്തു…

ഒന്നും പറയാതെ, മുഖം കുനിച്ചുകൊണ്ട് പ്രിയ അവിടെ നിന്നും ഇറങ്ങി പോരുകയാണ് ചെയ്തത് കുടിക്കാൻ എടുക്കുമോ പ്രിയേ… വല്ലാത്ത ദാഹവും പരവേശവും..ആര്യയുടെ ഭർത്താവ് കിരൺ വന്നു ചോദിച്ചപ്പോൾ പ്രിയ വേഗം സംഭാരം പകർന്നു അവർക്ക് കൊടുക്കാനായി വന്നു.. കിരണിനു ഗ്ലാസ് കൊടുക്കവേ അയാളുടെ കൈകൾ അവളുടെ കൈവിരലുകൾ ഒന്ന് തഴുകി… അവൾ വേഗം കൈ പിൻവലിച്ചു… ഇത് രണ്ടാമത്തെ തവണ ആണ് ഇയാൾ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾ ഓർത്തു..

പ്രിയ കൂർപ്പിച്ച് ഒരു നോട്ടം നോക്കിയപ്പോൾ അവൻ ഒരു വഷളൻ ചിരിയാണ് ചിരിച്ചത്.. ഊണ് കഴിക്കാൻ നിക്കാതെ കൊണ്ട് ആര്യ വേഗം തന്നെ സംഭരം കുടിച്ച ശേഷം യാത്രപറഞ്ഞ് പോയി… അവൾക്ക് മക്കളുടെ സ്കൂളിൽ പോകണമരുന്നു… ഈ സമയത്തു ദേവനും രാമനുണ്ണിയും പട്ടാമ്പിയിൽ എത്തിയിരുന്നു…. അവരെ സ്വീകരിക്കാൻ കൃഷ്ണപ്രസാദ്‌ എത്തിയിരുന്നു… ഒരു പടുകൂറ്റൻ ഗേറ്റ് ന്റെ മുൻപിൽ വന്നു കാർ നിന്ന്…. നിവേദ്യം എന്നാണ് വീടിന്റെ പേര് കെട്ടോ ദേവാ.. രാമനുണ്ണി പറഞ്ഞു…

ഒരാൾ വന്നു ഗേറ്റ് തുറന്നു കൊടുത്തപ്പോൾ കാർ അകത്തേക്ക് പ്രവേശിച്ചു… ദേവനും രാമനുണ്ണിയും ഒരുപോലെ ഞെട്ടി ആ വീട് കണ്ടപ്പോൾ… ഒരു നാലുകെട്ട് തറവാടിന്റെ പുരാതന ആവിഷ്കാരം ആയിരുന്നു… ആ വീടിന്റെ തലയെടുപ്പ് കണ്ടോ ദേവാ… രാമനുണ്ണി പറഞ്ഞപ്പോൾ ദേവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു…അത്രയും വലിയൊരു വീട് ആദ്യമായി കാണുകയായിരുന്നു ദേവൻ… അരുന്ധതി ഇറങ്ങി വന്നു അവരെ അകത്തേക്ക് സ്വീകരിച്ചു…

ഇത്തിരി കൂടി നല്ല വേഷം ധരിക്കേണ്ടതാരുന്നു താനെന്നു അയാൾ ഓർത്തു… കുടിക്കാൻ ഓറഞ്ച് ജ്യൂസും ആയിട്ട് ഒരു സ്ത്രീ വന്നു… അരുന്ധതി വീട്ടിലുള്ള എല്ലാവരെയും വിളിച്ചു.. അതിൽ കൃഷ്ണപ്രസാദിനെയും ഭാര്യയേം മാത്രം അവർക്ക് പരിചയം ആയിരുന്നത്… അവരെ കൂടാതെ വേറെയും കുറച്ചു പേർ ഉണ്ടാരുന്നു അവിടെ…അരുന്ധതിയുടെ ഭർത്താവിന്റെ പെങ്ങളും കുടുംബവും കൂടി അവിടെയാണ് താമസം എന്നു ദേവൻ മനസിലാക്കി… അപ്പോളേക്കും മുറ്റത്തൊരു ബെൻസ് കാർ വന്നു നിന്ന്…

അഹ് ഇവർ എത്തിയിരുന്നല്ലേ… ഞാൻ അല്പം വൈകി… എന്നും പറഞ്ഞു ഒരാൾ അകത്തേക്ക് വന്നു… സുമുഖനായ ഒരു മധ്യവയസ്‌കൻ ആയിരുന്നു അത്… ഇതാണ് നിരഞ്ജന്റെ അച്ഛൻ… കൃഷ്ണപ്രസാദ്‌ പരിചയപ്പെടുത്തി… ഇയാളുടെ ഛായ ആണ് മകനെങ്കിൽ അയാൾ അതീവസുന്ദരൻ ആയിരിക്കുമല്ലോന്ന് ദേവൻ ഓർത്തു… ദേവൻ എഴുനേറ്റ് കൈകൂപ്പി… ഇരിക്കുക.. എന്തിനാ എഴുനേൽക്കുന്നത്…എന്റെ പേര് വേണുഗോപാൽ… ഞാൻ ഗുരുവായൂർ പോയതാരുന്നു… ഉണ്ണിക്കണ്ണനെ തൊഴാൻ..

. ഇന്ന് ഏകാദശി ആയതോണ്ട് നല്ല തിരക്കായിരുന്നു… അയാൾ പറഞ്ഞു…. ഇവരൊക്കെ നല്ല മനുഷ്യർ ആണല്ലോ എന്ന് ദേവൻ ഓർത്തു… സച്ചു മോനു സുന്ദരിയായ ഒരു പെണ്ണ് വേണം എന്ന് ഇവിടെ എല്ലാർക്കും നിര്ബന്ധമാ കെട്ടോ.. അങ്ങനെ കണ്ടെത്തിയത് ആണ് അരുന്ധതി പ്രിയമോളെ… പണ്ട് അപ്പൂപ്പന്റെ കാലത്തു നേർന്ന ഒരു വഴിപാട് ഉണ്ടായിരുന്നു ആ ക്ഷേത്രത്തിൽ…ഈയിടെ ഒരു പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞതാണേ…. അത് നടത്താൻ വന്നപ്പോൾ കണ്ടെത്തിയത് ആണ് മോളേ…

അയാൾ പറഞ്ഞു നിറുത്തി… ഇവിടെ നടക്കുന്ന ആദ്യത്തെ വിവാഹം ആണ് സച്ചു മോന്റെ… കൃഷ്ണപ്രസാദ്‌ പറഞ്ഞു… നിരഞ്ജന്റെ ഫോട്ടോ വല്ലതും ഉണ്ടോ ഒന്നുകാണാൻ…. ദേവൻ മടിച്ചു മടിച്ചു ചോദിച്ചു… ദേവൂട്ടി… അരുന്ധതി അകത്തേക്ക് നോക്കി വിളിച്ചപ്പോൾ പട്ടു പാവാടയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി വന്നു… മോളേ…. സച്ചുമോന്റെ ഫോട്ടോ വല്ലതും ഉണ്ടോ… ഒന്ന് കാണിക്കുവാൻ ഈ ഏട്ടനെ… ആ പെൺകുട്ടി പതിയെ ഉള്ളിലേക്ക് പോയി .. മൊബൈൽ ഫോണും ആയിട്ട് തിരിച്ചു വന്നു.. അരുന്ധതി ഫോൺ മേടിച്ചു….

ഇതൊക്കെ ആണ് മോന്റെ ഫോട്ടോസ്… ഇവർ ടൂർ പോയപ്പോൾ എടുത്തത് എന്നും പറഞ്ഞു ഫോൺ ദേവനു കൈമാറി… ഒരു ചെറുപ്പക്കാരൻ ഏതോ മലനിരകളിലേക്ക് നോക്കി ഇരിക്കുന്ന ഫോട്ടോ ആണ്.. പിന്തിരിഞ്ഞു ഇരിക്കുന്ന കാരണം മുഖം വ്യക്തമല്ല…. “മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ല” എന്നും പറഞ്ഞു ദേവൻ ഫോൺ അരുന്ധതിക്ക് കൈമാറി… അരുന്ധതിയുടെ മുഖം ഒന്ന് മങ്ങി.

“ഉടനെ തന്നെ നമ്മൾക്ക് നേരിട്ട് കാണാം.. മോനെ വരുത്താം ഇങ്ങോട്ടേക്ക്” എന്ന് വേണുഗോപാൽ മറുപടിയും കൊടുത്തു… “അപ്പോൾ ഇത് നമ്മൾക്ക് ഉറപ്പിക്കാം അല്ലെ ദേവാ ” എന്ന കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല… കാരണം അയാൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടാരുന്നു….…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…