Sunday, November 24, 2024
Novel

സൂര്യതേജസ്സ് : ഭാഗം 20

നോവൽ
******
എഴുത്തുകാരി: ബിജി

കല്യാണി അവന്റെ നെഞ്ചോടു ചേർന്നുറങ്ങുമ്പോൾ അവൻ നീറീപ്പിടയുകയായിരുന്നു.
അവളെ ചേർത്തുപിടിച്ചിട്ടും അവൾ അകന്നു പോകുമോ എന്ന ഭയത്തിൽ ഒന്നു കൂടി ചേർത്തുപിടിച്ചു.

കാലത്ത് അച്ഛനോടും അമ്മയോടും കല്യാണിയോടും യാത്ര പറഞ്ഞ് പോയ സൂര്യൻ രാത്രിയിൽ തിരികെ എത്തിയില്ല. അവനെ ആരും കണ്ടതുമില്ല
നേരം പുലർന്നിട്ടും സൂര്യനെ കുറിച്ചൊരു വിവരവും ലഭിച്ചില്ല.

നീണ്ട ഇടനാഴിയുടെ കൈവരികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിർവികാരയായി കല്യാണി നിന്നു.
റോഡിന് അരികിലുള്ള വാക മരത്തിൽ നിന്നു ഉതിർന്നു വീഴുന്ന പൂവുകൾക്ക് ഇളം കാറ്റിനോട് പരിഭവം പറയാനുള്ള പോലെ

വേറിട്ടു പിടയുന്ന ഓരോ പൂവിതളുകളിലും ഈറൻ ജലകണങ്ങൾ കണ്ണുനീർ പോലെ പറ്റിച്ചേർന്നിരിക്കുന്നു.

കല്യാണി ശ്വാസം ഒന്നു വലിച്ചു വിട്ടു.
രണ്ടു മാസക്കാലം പിന്നിട്ടിരിക്കുന്നു. കല്യാണി കഴിഞ്ഞു പോയ ആ ദിനരാത്രങ്ങളുടെ ഓർമ്മകളിലേക്ക് അലഞ്ഞു

സൂര്യനെന്തു സംഭവിച്ചു എന്നറിയാതെ പിടഞ്ഞ ഓരോ നിമിഷങ്ങളും സ്വന്തം നിഴലിനെ പോലും പേടിച്ചു വിറച്ച ദിനരാത്രങ്ങൾ
പർണ്ണശാലയിലെ ഓരോ അണുവിലും സൂര്യന്റെ സാന്നിധ്യം വിളിച്ചോതുന്നു.

ഒളിഞ്ഞു നിന്ന് തന്നെ ചട്ടമ്പി എന്ന് കുസൃതിയോടെ വിളിച്ചിട്ട് ഓടിപ്പോകുന്നു ആ തോന്നലുകളൊക്കെ തന്നെ ഭ്രാന്തിയാക്കുന്നു.

സൂര്യന്റെ ഗന്ധമുള്ള അവന്റെ വസ്ത്രങ്ങളൊക്കെ ഭ്രാന്തമായ ആവേശത്തോടെ മാറോടണച്ച് അലമുറയിട്ടു കരഞ്ഞു

എവിടെയെക്കൊയോ അവനെ തേടി അലഞ്ഞു
പിടയുകയായിരുന്നു നെഞ്ചകം ആർത്തലച്ച് അവന്റെ ഓർമ്മകളിൽ കേഴുമ്പോൾ തിരിച്ചു വരുമെന്നുള്ള വിശ്വാസംമാത്രമായിരുന്നു തന്നിലെ ശ്വാസത്തെ അണയാതെ കാത്തത്

അവനെങ്ങനെ തന്നെ തനിച്ചാക്കി അകന്നു പോകാനാകും
സൂര്യനും കല്യാണിയും ഒന്നു ചേർന്നെങ്കിലല്ലേ സൂര്യന് തേജസ്സുണ്ടാകൂ
നീ പകർന്നു നല്കിയ ശ്വാസത്താൽ മാത്രമേ കല്യാണിക്ക് ശ്വസിക്കാനാകൂ സൂര്യാ

താലിയിൽ മുറുകിപ്പിടിച്ച് ഒരിറ്റു വെള്ളമിറക്കാതെ തളരുന്ന കൺപോളകളെ വാശിയോടെ തുറന്നു പിടിച്ച് നിന്റെ വരവും കാത്ത് എത്ര രാവും പകലും തള്ളിനീക്കി….

ഇതിനിടയിൽ ഞാനറിഞ്ഞു സൂര്യാ നിന്റെ തുടിപ്പ് എന്റെ ഉദരത്തിൽ
നീ ആഗ്രഹിച്ച പോലെ നിന്റെ അംശം …..

ചിന്തകൾക്കിടയിലും കല്യാണിയുടെ കണ്ണൊന്നു നിറഞ്ഞു.
നെഞ്ചിലെ മുറിപ്പാടുകളിൽ നിന്ന് രക്തം ഇറ്റിറ്റു വീഴുന്നു.

നിന്നിൽ നിന്റെ ജീവന്റെ തുടിപ്പുകൾ
എന്റെ ഉദരത്തിൽ പേറുമ്പോൾ നിന്റെ കാതിലല്ലേ ആദ്യമായി നാണത്തോടെ ഞാൻ മൊഴിയേണ്ടത് നീയൊരു അച്ഛനാകുന്നുവെന്ന്

അതുകേൾക്കുമ്പോൾ നിന്റെ കണ്ണിലെ നീർ തിളക്കം കാണുവാൻ നിന്റെ പ്രണയത്താൽ പൊതിഞ്ഞ ചുംബനം ഏല്ക്കുവാൻ കൊതിയോടെ കാത്തിരിന്നിട്ടും
നീ……. എന്തേ അകന്ന് അകന്ന് പോയി

“കല്യാണി……”
അനീഷിന്റെ ശബ്ദമാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലെ ഓർമ്മകൂട്ടിൽ നിന്ന് അവൾക്ക്പതിയെ പടിയിറങ്ങാൻ കഴിഞ്ഞത്…….

അവളുടെ ചുവന്നു വിങ്ങിയ മുഖം കണ്ടതും അവൻ ചോദിച്ചു
ഇനിയെന്തിനാ നീ ഇങ്ങനെ “ജീവനോടെ അവനെ നമ്മുക്ക് തിരിച്ചു കിട്ടിയില്ലേ..”
അവനുണരും നിനക്കായി
നിന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനായി

നിന്റെ സൂര്യന് ഇങ്ങനെ അടങ്ങി കിടക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ???

ഇപ്പോഴവന് ഒന്നും തിരിച്ചറിയാൻ സാധിക്കാതെ ജീവശ്ചവം ആയി കിടക്കുന്നുണ്ടെങ്കിലും
അവന്റെ അന്തരാത്മാവ് അവനോട് പറഞ്ഞു കൊണ്ടിരിക്കും അവനെ
ആശ്രയികുന്നവർ അവനായി കണ്ണീരോടെ കാത്തിരിക്കുന്നുവെന്ന്.

അവനപ്പോൾ എഴുന്നേറ്റു വരാതിരിക്കാനാവുമോ

അവനെ ആശ്രയിക്കുന്നവർക്കായി ഒരു ആവരണമായി അവന്റെ സംരക്ഷണ വലയം ഉണ്ടായിരിക്കും

അവളൊന്നും മിണ്ടാതാതെ ആശുപത്രി വരാന്തയിലൂടെ സൂര്യൻ കിടക്കുന്ന റൂമിലേക്ക് നടന്നു.

അനീഷ് അവളെ നോക്കും തോറും അവനിൽ ദുഖം നിഴലിച്ചു.

സൂര്യനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു അവനും പർണ്ണശാലയിൽ നിന്ന് പോയ സൂര്യനെ പിന്നെ കണ്ടെത്തുന്നത് അഗാധമായ കൊക്കയിൽ നിന്നാണ് വനപാലകരാണ് കണ്ടെത്തുന്നത് പാറകളെയും കല്ലുകളും തട്ടി മുൾപ്പടർപ്പുകളിൽ കുരുങ്ങി കിടന്നിരുന്നു.

തലയ്ക്കേറ്റ ശക്തമായ മുറിവാലും ദേഹത്താകമാനമുള്ള ക്ഷതങ്ങളാലും ഒരാഴ്ചയോളം ആ കിടപ്പ് കിടന്നതിനാൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടും ജീവൻ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ

അവനിപ്പോൾ ജീവനില്ലാത്ത ജഡം കണക്കെ കിടക്കുന്നതു കാണുമ്പോൾ സഹിക്കണില്ല.

എങ്ങനെ അവൻ അവിടെ എത്തപ്പെട്ടു ഒന്നും അറിയില്ല. അതെല്ലാം അറിയണമെങ്കിൽ അവൻ സംസാരിക്കണം ഓർമ്മകൾ തിരിച്ചെത്തണം

ഈ സമയം അഗ്നി ഹോസ്പിറ്റൽ ബില്ലടച്ചിട്ട് അനീഷിനടുത്തേക്ക് എത്തി
ഈ രണ്ടു മാസക്കാലവും ഊണും ഉറക്കവും ഇല്ലാതെ അനീഷും അഗ്നിയുമാണ് ഓടി നടന്നത്

അനീഷും അഗ്നിയും സൂര്യൻ കിടക്കുന്ന റൂമിലേക്ക് ചെല്ലുമ്പോൾ
കല്യാണി സൂര്യന്റെ മുഖത്ത് തഴുകി കൊണ്ടിരിക്കുന്നതാണ് കാണുന്നത്

സൂര്യൻ കണ്ണും തുറന്ന് കിടപ്പുണ്ട് ഒരു ചലനവും ഇല്ലാതെ

ആ കണ്ണുകളിലെ തിളക്കമൊക്കെ നഷ്ടപ്പെട്ട് ആ മുഖത്തെ കുസൃതികൾ എങ്ങോ പോയി മറഞ്ഞു

കുറുമ്പോടെയുള്ള നോട്ടം അണഞ്ഞിരിക്കുന്നു.

സേതുനാഥിന്റെ പണവും സ്വാധിനവും കൊണ്ട് ലോകോത്തര ചീകിത്സ തന്നെ സൂര്യന് നല്കാൻ കഴിഞ്ഞു അതിനാൽ ജീവനെങ്കിലും തിരിച്ചു പിടിക്കാനായി
ആധുനിക മെഡിസിൻ കൊണ്ട് ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി വീട്ടിൽ പരിചരിക്കാനാണ് ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്

സൂര്യനെ ഡിസ്ചാർജ്ജ് ചെയ്ത് അവനേറെ ഇഷ്ടമുള്ള പർണ്ണശാലയിലേക്കാണ്‌ കൊണ്ടുപോയത്

ചിരിച്ചോണ്ട് പർണ്ണശാലയിൽ നിന്ന് ഇറങ്ങിപ്പോയവൻ ഒന്നനങ്ങാൻ പോലും ആവാതെ തിരികെ എത്തിയപ്പോൾ പ്രകൃതി പോലും തേങ്ങി.
അവന്റെ വരവിൽ സങ്കടമെന്നോണം മഴത്തുള്ളികൾ ചിന്നി ചിതറി
അവനെ കാത്തെന്നോണം പൂമുഖത്ത് സേതുനാഥും നീലാംബരിയും പിന്നെ സുമംഗലയും കാത്തുവും.

അവിടെയുള്ളവർക്കൊക്കെ സമ്മിശ്ര വികാരമായിരുന്നു.
അവന്റെ ഈ കിടപ്പിൽ സങ്കടം ഉണ്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ എന്നുള്ള ആശ്വാസം
അവരുടെ മുഖത്ത് തെളിഞ്ഞു.

പ്രത്യേകിച്ച് ഡോക്ടറുടെ നിർദ്ധേശം ഉണ്ടായിരുന്നു സൂര്യന്റെ മുന്നിൽ നിന്ന് കരയുകയോ ആത്മവിശ്വാസം കെടുത്തുന്ന മാതിരിയുള്ള സംഭാഷണം അരുതെന്ന്
സന്തോഷകരമായ ഓർമ്മകളെ അവനിൽ നിറയ്ക്കണം.

വിത്തിൽ നിന്ന് പുതുനാമ്പ് പൊട്ടിമുളയ്ക്കുന്ന പോലെ അവനിൽ ഓർമ്മകൾ പൊട്ടി മുളയ്ക്കണം ഒരു ഉറക്കത്തിലെന്നപോലെ അവനുണരണം പഴയ സൂര്യനായി….

കല്യാണി സൂര്യന്റെ അരികിൽ നിന്ന് മാറാതെ അവനെ പരിചരിച്ചു കൊണ്ടിരുന്നു.

അവൾ വാതോരാതെ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും

റോഡിൽ കിടന്ന് അടി വാങ്ങിച്ചപ്പോൾ ആദ്യമായി അവൻ തന്റെ ആരൊക്കെയോ ആണെന്ന് തോന്നിയത്…….

അവന്റെ ആദ്യ ചുംബനം ഏല്ക്കുമ്പോൾ മനസ്സുകൊണ്ട് താനും ഒരു നിമിഷം അതാഗ്രഹിച്ചിരുന്നു. അർഹതയില്ലെന്നുള്ള ചിന്തയിൽ ഒഴിഞ്ഞു മാറി. എപ്പോഴോ ഞാനറിഞ്ഞിരുന്നു സൂര്യാ നീയില്ലാതെ കല്യാണിക്ക് നിലനിൽപ്പില്ലെന്ന്…….”

കല്യാണി അവന്റെ നെഞ്ചോരം ചേർന്നു കിടന്നു
തല്ലുകൊള്ളി നിന്റെ സർവ്വ കുരുത്തക്കേടും തികഞ്ഞൊരെണ്ണം വരാറായി കേട്ടോ
അവന്റെ മൂക്കിൻ തുമ്പിൽ മൃദുവായി ഉമ്മ വെച്ചു കൊണ്ടവൾ പറഞ്ഞു……

അവന്റെ കീഴ് ചുണ്ടിൽ മൃദുവായി പിടിച്ചിട്ട്……തേജസ്വിനി …
സൂര്യതേജസ്സിന്റെ സകല തല്ലു കൊള്ളിത്തരവും ഉള്ള മകൾ

സൂര്യന്റെ ജീവസ്സറ്റ കയ്യെടുത്ത് അവൾ തന്റെ ഉദരത്തിൽ ചേർത്തു വച്ചു……

എത്ര നിയന്ത്രിച്ചിട്ടും കല്യാണിയുടെ കണ്ണൊന്നു നിറഞ്ഞു മുഖമൊന്ന് അമർത്തി തുടച്ച് സൂര്യനെ നോക്കി ആ കണ്ണുകൾക്കൊരു തിളക്കം വന്നതുപോലെ ഇനി തനിക്കു തോന്നിയതാണോ

സൂര്യാ …. അവൾ ഉറക്കെ വിളിച്ചു.
അവൾ ആ നെറ്റിയിൽ ചുംബിച്ചു. എനിക്കറിയാം നീ തിരികെ വരും
നമ്മുടെ മോൾ ജനിക്കുമ്പോൾ ആശുപത്രി വരാന്തയിൽ വേപൂഥോടെ നടക്കുന്നുണ്ടാകും….

മോളെ കൈയ്യിൽ തരുമ്പോൾ കണ്ണൂ നിറഞ്ഞ് കൊണ്ട് ആ പൂവിതൾ നെറ്റിയിൽ ചുണ്ടുകൾ അമർത്തുമ്പോൾ അച്ഛനായതിന്റെ നിർവൃതിയിൽ പുഞ്ചിരിക്കണം…..

സൂര്യന് ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൊടുത്തിട്ട് മുറിക്ക് പുറത്തിറങ്ങി ചുവരിൽ മുഖം ചേർത്ത് കരഞ്ഞു.
മോളേ….. നീലാംബരി അവളെ ചേർത്തുപിടിച്ചു….

സങ്കടപ്പെടല്ലേ മോളേ ….. വയറ്റിലൊരു ജീവനുണ്ടെന്ന് മറക്കരുത്….
നീ വാ വന്നിത്തിരി എന്തെങ്കിലും കഴിക്ക്
നീലാംബരി നിർബന്ധിച്ച് കല്യാണിയെക്കൊണ്ട് ഭക്ഷണം കഴിച്ചു…..

കാത്തുവും സങ്കടത്തിലായിരുന്നു.
ലൂസിഫറിന്റെ ഈ കിടപ്പ് അസഹനീയമായിരുന്നു.
തന്നെ ഒരു കുഞ്ഞുമോളേപ്പോലെ കൊണ്ടു നടക്കുന്ന ചോദിക്കാതെ തന്റെ കാര്യങ്ങളെല്ലാം നിറവേറ്റി തരുന്ന തന്നെ പാട്ടു പാടി സന്തോഷിപ്പിക്കുന്ന ലൂസിഫറിൽ നിന്ന് ബഹുദൂരം അകലെ ആയിരിക്കുന്നു അവളുടെ ലൂസിഫർ

ദിവസവും വേണുചേട്ടനും കൂട്ടുകാരും എത്തും പാട്ടും തമാശയുമായി സൂര്യനൊപ്പം ചില വഴിക്കും.

ആരും പ്രതിക്ഷിക്കാത്ത അതിഥി സൂര്യനെ കാണാൻ വന്നു.
നാണപ്പന്റെ സ്വന്തം ചിന്നു
വേണു ചേട്ടനാണ് കൂട്ടീട്ടു വന്നത്

കല്യാണി മുത്തശ്ശീന്നു വിളിച്ചോണ്ട് ഓടി ചെന്നു.
“ഓടാണ്ട് പതിയനെ വാ കൂട്ടിയേ
ന്റെ നാണപ്പന്റെ മുത്ത് വയറ്റിലുണ്ട് മുത്തശ്ശി ചിരിച്ചോണ്ട് അവളെ ഓർമ്മിപ്പിച്ചു…..”

“എന്റെ നാണപ്പനെ ആശുപത്രിയിൽ വന്ന് കാണാൻ വയ്യ കുട്ടിയേ
നെഞ്ചു കലങ്ങിപ്പോകും…..”
ആ വ്യദ്ധനനയങ്ങൾ നിറഞ്ഞു.
“എന്നെ കാണാൻ വന്നിരുന്നു കൂട്ടിയേ…”
കല്യാണി ഞെട്ടലോടെ ചോദിച്ചു
എപ്പോഴാ മുത്തശ്ശി ??

“കാണാണ്ടാവുന്നതിന് തലേദിവസം എന്റെ മടിയിൽ കിടന്ന് ഒരുപാട് കരഞ്ഞു. ജീവിക്കാൻ കൊതി തോന്നുവാ എന്നു പറഞ്ഞു…”

“ഒന്നും എന്നോടു പറയില്ല മുത്തശ്ശി മനസ്സിലിട്ട് നീറ്റി നീറ്റീ ജീവിക്കുകയല്ലാരുന്നോ..”
“അവനെല്ലാം അറിയാമായിരുന്നു കുട്ടിയേ
നമ്മളാരും അറിയാത്ത പലതും അവനറിയാം
നീലാംബരിയേ ഒന്നു നോക്കി മുത്തശ്ശി നിശബ്ദയായി….”

കല്യാണിയുടെ കൈ പിടിച്ച് മുത്തശ്ശി പുമുഖത്തേക്ക് കയറി.
ചിന്നുവിന്റെ മുഖം വേദനയിൽ ചുളിയുന്നതു കണ്ടതും
കല്യാണി പറഞ്ഞു വേണ്ടാട്ടോ
നാണപ്പന് സങ്കടമാകും …..”

പല്ലില്ലാത്ത മോണ കാട്ടി ഉഷാറിലൊരു ചിരി പാസ്സാക്ക് നാണപ്പൻ സന്തോഷിക്കട്ടെ
കണ്ണുനിറച്ചു കൊണ്ടാണ് കല്യാണി അത് പറഞ്ഞത്…..”

“നാണപ്പോ മക്കളേ ചിന്നു എത്തി ട്ടോ…..”
വയസ്സാം കാലത്ത് എന്നെ ഇവിടെ വരെ വരുത്തിക്കാൻ എന്തിന്റെ ഏനക്കേടാ നിനക്ക്
ഇനി ചിന്നു ഇങ്ങട് വരില്ല പറഞ്ഞേക്കാം
വെക്കം എഴുന്നേറ്റ് അങ്ങട് എത്തിക്കോണം”

“ശുഷ്കമായ കൈവിരൽ കൊണ്ട് അവന്റെ മുഖം തഴുകി

“എന്നതാടാ മോനേ
ഒന്നുല്ല കേട്ടോ
മറന്നിട്ടില്ലല്ലോ ചിന്നുന്റെയടുത്ത് പറഞ്ഞിട്ട് പോയത്
നാണപ്പന്റെ മുത്തിനെ ഈ കൈയ്യിലോട്ടു തരുമെന്ന്
ചിന്നു കുടിലിൽ കാത്തിരിക്കും നാണപ്പൻ മുത്തുമായി വരുന്നതും കാത്ത്…”
അവസാനം പറഞ്ഞപ്പോഴേക്കും തൊണ്ടയിടറി

കല്യാണി അവരെ ചേർത്തുപിടിച്ചു. നാണപ്പൻ വരും ചിന്നുവിനെ അത്രയ്ക്കു ജീവനാ
അതല്ലേ എന്തു സന്തോഷമാണേലോ സങ്കടമാണേലോ ചിന്നുന്റെയടുത്ത് പറയുന്നത്…..”

കല്യാണിയോട് മറുപടി പറയാതെ ചിന്നു സൂര്യന്റെ അടുത്തേക്ക് നീങ്ങി നിന്നു.
നാണപ്പാ ഇനി കഴിഞ്ഞതെല്ലാം മറന്നേക്കണം.
ചതികൾ നടന്നിരിക്കാം ഇനി ആരെയും പ്രതിക്കൂട്ടിൽ കയറ്റണ്ട എല്ലാം കഴിഞ്ഞില്ലേ….”

ഇനി നീ നിന്റെ പെണ്ണിനും നിങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനും വേണ്ടി ജീവിക്കുക.
കല്യാണി മുത്തശ്ശി പറയുന്നത് ആശ്ചര്യത്തോടു കൂടി കേട്ടിരിക്കുകയാണ് ….”

മുത്തശ്ശിക്കും സൂര്യനും മാത്രം അറിയുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന് മനസ്സിലായി.

“സൂര്യന്റെ ചുണ്ടുകൾ ഒന്നു വിറച്ചു. കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികളായി ഒലിച്ചിറങ്ങി…..”

ഇതുവരെ നിശ്ചലാവസ്ഥയിൽ കിടന്ന അവന്റെ മാറ്റം കല്യാണി അത്ഭ്യത ത്തോടെ കണ്ണീരോടെ സ്തംഭിച്ചു നോക്കിനിന്നു പോയി

സൂര്യാ…… ഉറക്കെ നിലവിളിച്ചു കൊണ്ട് അവന്റെ നെറ്റിയിലും ചുണ്ടത്തും കവിളത്തും മാറി മാറി ഭ്രാന്തിയേപ്പോലെ ഉമ്മ വെച്ചു.

കുട്ടിയേ എന്തായീ കാട്ടണത് ഈ സമയത്ത് ഇങ്ങനെ സങ്കടപ്പെടരുത് കേട്ടോ വയറ്റിലുള്ളതിന്‌ കേടാ
മുത്തശ്ശി…. എന്റെ സൂര്യൻ കരഞ്ഞ് വല്ലാതെ വിക്കി അവൾ
ചിന്നുന്റെ നാണപ്പന് ഓർമ്മ വന്നു
അതും പറഞ്ഞവൾ ചിന്നുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു…..”

എല്ലാവർക്കും സന്തോഷകരമായ വാർത്തയായിരുന്നു അത്.

ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും സൂര്യന് സംസാരിക്കാനോ ദേഹമനങ്ങാനോ സാധിച്ചില്ലെങ്കിലും എല്ലാവരേയും തിരിച്ചറിയാനും മറ്റുള്ളവർ പറയുന്ന തൊക്കെ മനസ്സിലാക്കാനും സാധിച്ചിരുന്നു
ഡോക്ടേഴ്സിനു പോലും അത്ഭുതമായിരുന്നു അവനിലുള്ള മാറ്റങ്ങൾ
കല്യാണിയും നിലാംബരിയും അവനെ പരിചരിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ തള്ളിനീക്കി കൊണ്ടിരുന്നു.

സേതുനാഥ് സൂര്യന്റെ ആക്സിഡന്റിനുശേഷം തികച്ചും മൗനിയായി മാറി.
റൂമിനു പുറത്തിറങ്ങതെ കഴിച്ചു കൂട്ടി….

അഗ്‌നിയാണ് ആയുർവേദ ആചാര്യനായ ഋഷികേശിനെ കുറിച്ച് കല്യാണിയോട് പറഞ്ഞത്
പാരമ്പര്യമായി കിട്ടിയ വരദാനം കൊണ്ട് ദീർഘ വർഷം കിടപ്പിലായ രോഗികളെവരെയും എഴുന്നേൽപ്പിച്ച് നടത്തിയിട്ടുണ്ട്

കല്യാണിക്കും നീലാംബരിക്കും അതു കേട്ടപ്പോൾ പുത്തൻ ഉണർവു ആയി

ആലങ്ങോട് വൈദ്യമഠത്തിലേക്ക് സൂര്യനുമായി യാത്ര തിരിച്ചു.

കല്യാണിക്കൊപ്പം അനീഷും അഗ്നിയും ഉണ്ടായിരുന്നു.

നാലൂ മണിക്കൂറത്തെ യാത്രയ്കുശേഷം ഔഷധകൂട്ടുകളുടെ ഗന്ധമുള്ള മഠത്തിൽ എത്തിച്ചേർന്നു.
എരുക്ക് ,അത്തി ,ഇത്തി, അരായാൽ, പേരാൽ ,
വേപ്പ്, അശോകം, കൂവളം, താന്നി, ആടലോടകം, കരിനൊച്ചി, മൈലാഞ്ചി, പതിമുഖം തിപ്പലി, പച്ചോളി. കച്ചോളം, ചെത്തിക്കൊടുവേലി, അടപതിയന്‍, ശതാവരി, ശവംനാറി, നീലയമരി, ഇരുവേലി, ചുണ്ട കറ്റാര്‍വാഴ, പനിക്കൂര്‍ക്ക വയമ്പ് ബ്രഹ്‌മി അങ്ങനെകല്യാണിക്ക് അറിയാത്ത നിരവധി ഔഷധസസ്യങ്ങൾ തിങ്ങിനിറങ്ങ് ഏക്കറു കണക്കിന് കിടക്കുന്നു.

ഇതിനെല്ലാം ഒത്ത നടുവിലായി വൈദ്യമഠം നിരവധി ആളുകൾ ചികിത്സയ്ക്കായി അവിടെ എത്താറുണ്ട്. എന്നാലും ശാന്തമായ അന്തരീക്ഷം

ചികിത്സകഴിഞ്ഞ് ചികിത്‌സ ഫലിച്ചാൽ ദക്ഷിണ നല്കും അല്ലാതെ ഫീസ് വാങ്ങാറില്ല.

പക്ഷേ അവിടെ ചികിത്സിച്ചവരൊക്കെ രോഗം ഭേദമായി പോകാറാണ് പതിവ്
അചാര്യന്റെ ഗൃഹത്തിലേക്ക് പ്രവേശിച്ചപ്പോൾ അകത്തു നിന്നും ശ്ലോകങ്ങൾ മുഴങ്ങി കേട്ടിരുന്നു.

ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയ
മൃത്യോർ മാ
അമൃതം ഗമയ

മഹാമൃത്യൂഞ്ജയമന്ത്രങ്ങളും ഉള്ളിൽ നിന്ന് വെളിയിലേക്ക് ബഹിർഗമിച്ചു.

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാല്‍ മൃത്യോര്‍മ്മുക്ഷീയമാമൃതാത്.

ആചാര്യൻ ഋഷികേശിന് അടുത്തേക്ക് സൂര്യനെ എത്തിച്ചു.

വയസ്സായ ആളെ പ്രതീക്ഷിച്ച മൂവരും ഏകദേശം ഇരുപത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന യുവാവിനെ കണ്ട് അതിശയിച്ചു.

നീണ്ടു വളർന്ന മുടി പിന്നിൽ ചുരുട്ടി കെട്ടിവച്ചിട്ടുണ്ട്
നെറ്റിയിൽ ഭസ്മക്കുറി
കഴുത്തിൽ ചുവന്ന ചരടിൽ ഏലസ്സ് കെട്ടിയിരിക്കുന്നു.

അതീവ തേജസ്വിയായ യുവാവ്
വെള്ള മുണ്ട് ഉടുത്ത് നേര്യത് തോളിൽ ഇട്ടിരിക്കുന്നു.

“സൂര്യനെ നോക്കിയതും പറഞ്ഞു

മുറിച്ചിട്ടാലും മുറികൂടുന്ന ഇനമാ
ആർക്കും ഇയാളോട് ജയിക്കാനാവില്ല

പുലി പോലും ഇയാളുടെ മുന്നിൽ പൂച്ചയാകും
യുദ്ധകാണ്ഡം അവസാനിച്ചു
ഇനി പട്ടാഭിഷേകം അല്ലേ…..”

“ഒന്നും മനസ്സിലാകാതെ അനീഷും അഗ്നിയും കല്യാണിയും നോക്കി നിന്നു
എന്നാൽ സൂര്യന്റെ മുഖത്ത് ചെറുചിരി വിരിഞ്ഞു

നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും ഞാൻ പറഞ്ഞത്

ദാ ഇയാൾക്ക് മനസ്സിലായിട്ടുണ്ട്
സൂര്യനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു……”

“ഇന്നേക്ക് കൃത്യം ആറാം മാസം നിങ്ങൾക്ക് നിങ്ങളുടെ പഴയ സൂര്യതേജസ്സിനെ തിരിച്ചു തന്നിരിക്കും….”
തുടരും
ബിജി
സൂര്യൻ തിരിച്ചെത്തി എന്താണ് നടന്നതെന്ന് സൂര്യൻ പറഞ്ഞു തരും
അഭിപ്രായങ്ങളിലൂടെയാണ് ഈ കഥ ഇഷ്ടമാണോ അല്ലയോ എന്ന് ഞാനറിയുന്നത് Pls വാരിവലിച്ച് അഭിപ്രായം പറഞ്ഞോളൂ

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18

സൂര്യതേജസ്സ് : ഭാഗം 19