രുദ്രഭാവം : ഭാഗം 26
നോവൽ
എഴുത്തുകാരി: തമസാ
ഹാളിലേക്ക് ചെന്നു നിന്ന് സംശയത്തോടെ നെറ്റി ചുളിച്ചവൾ രുദ്രനെ നോക്കി…… അച്ഛനോട് മിണ്ടാൻ ഇപ്പോഴും എന്തോ പേടിയാ…. അന്ന് കുറ്റിമുല്ലക്കമ്പ് കൊണ്ട് പൊതിരെ തല്ല് കൊണ്ടപ്പോഴും തോന്നാതിരുന്ന ഭയം ഇപ്പോൾ ഉള്ളിലാകെ വ്യാപിക്കുന്നു എന്നവളറിഞ്ഞു…
പതിയെ നടന്നു ചെന്ന് അച്ഛന്റെ കസേരയ്ക്ക് സമീപം മുട്ട് കുത്തി ഇരുന്നു….
ഇപ്പഴും ദേഷ്യാണോ? എന്നോട് മിണ്ടാതിരിക്കല്ലേ… മാപ്പ് തന്നുടെ എനിക്ക്…..
പറയുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞു…
ഭാവയേ വലത് കൈകൊണ്ട് ഉയർത്തി അദ്ദേഹമവളെ തനിക്കരുകിൽ ഇരുത്തി…
എന്റെ മോളോട് അച്ഛനും തെറ്റ് ചെയ്തു… ക്ഷമിക്കാമായിരുന്നു എനിക്ക്.. പക്ഷേ എന്റെ വാശി… ആരുമില്ലാത്തവളെ പോലെ എന്റെ കുഞ്ഞിനെ പറഞ്ഞയച്ചു ഞാൻ…
എന്റെ മോള് നീറിയതൊന്നും അച്ഛൻ കണ്ടില്ല… പക്ഷേ ഇവൻ…. നിനക്ക് വേണ്ടി എന്നോട് ക്ഷമ ചോദിച്ചു… എന്റെ കുട്ടി നെഞ്ച് കലങ്ങിയാ ജീവിക്കുന്നതെന്ന് പറഞ്ഞു…
പിന്നെ എല്ലാവരും ആഗ്രഹിക്കുന്നത് തന്റെ മോളേ പൊന്നു പോലെ നോക്കുന്ന ഒരുത്തനെ അല്ലേ…. അപ്പോൾ പിന്നെന്തിനാ ഈ അച്ഛൻ വഴക്ക് വെച്ചോണ്ടിരിക്കുന്നത്…
എനിക്കറിയാം അവിടെ എല്ലാവർക്കും എൻറെ കുഞ്ഞിനെ ജീവനാണെന്ന്…. അത് മതി…. അബദ്ധം കാട്ടിയതാണെങ്കിലും ആണൊരുത്തനെ തന്നെ അല്ലേ മോള് സ്നേഹിച്ചത്…..
അല്ലാതെ നട്ടെല്ലില്ലാത്ത, ചതിച്ചു കടന്ന് കളയുന്ന വേങ്ങാനേ ഒന്നും അല്ലല്ലോ… അച്ഛനും ഒത്തിരി ഇഷ്ടായി എന്റെ മരുമോനെ..
അതും പറഞ്ഞെണീറ്റ് അച്ഛനെന്നെ രുദ്രന്റെ അടുത്ത് കൊണ്ട് പോയി ഇരുത്തി….
എന്റെ മോളുടെ ഭാഗ്യമാ മോനേ നീ..
അച്ഛൻ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ആണ് അത് പറഞ്ഞതെന്നെനിക്ക് മനസിലായി….
എന്റെ കുഞ്ഞിനൊന്നും നേരാംവണ്ണം തരാൻ പറ്റിയില്ലല്ലോ എന്നാ മോനേ എന്റെ വിഷമം…..
അച്ഛൻ തന്റെ സങ്കടം വ്യക്തമാക്കി……
എനിക്കും എന്റെ വീട്ടുകാർക്കും ഭാവയേ കെട്ടി എന്നൊരു കാരണം കൊണ്ട് ഒന്നും തരേണ്ട അച്ഛൻ … ഭാവയേ കൊണ്ട് തരാൻ പറ്റുന്നതിന്റെ മാക്സിമം അവൾ എന്റെ കുടുംബത്തിന് അവൾ കൊടുക്കുന്നുണ്ട്…. സ്നേഹിച്ചു സ്നേഹിച്ച്….
ഒരു പൊട്ടിത്തെറി ആയിരുന്നു ഞാൻ ഇവളെ അവിടെ ഇട്ടിട്ടു പോന്നപ്പോൾ പ്രതീക്ഷിച്ചത്… പക്ഷേ ഇവളുണ്ടല്ലോ… അച്ഛന്റെ ഈ മോള്… എന്റെ അമ്മയ്ക്കും അച്ഛനും ഒരു മകളുടെ സ്നേഹം മൊത്തം നൽകി…..
സ്വരൂപിന് ചേച്ചി ആയി… ഇവളെ രണ്ട് ദിവസം വിട്ട് നിൽക്കേണ്ടി വന്നാൽ ചിലപ്പോൾ എന്റെ അച്ഛനും അമ്മയും പിടഞ്ഞു വീഴും… അത്ര ഇഷ്ടാ ഇവളെ..
അല്ലെങ്കിൽ അവര് കൊടുത്ത അതേ അളവിൽ അവളാ സ്നേഹം തിരിച്ചു നൽകി… അത്രയുമൊക്കെയേ ഞാനും ആഗ്രഹിച്ചുള്ളു…
ചിരിച്ചു കൊണ്ട് അച്ഛൻ രുദ്രൻ പറയുന്നത് എല്ലാം കേട്ട് കൊണ്ടിരുന്നു.. എന്നിട്ട് എന്റെയും രുദ്രന്റെയും കൈകൾ ചേർത്ത് വെച്ചു.. ചിലപ്പോൾ അന്ന് വിവാഹദിനത്തിൽ പോലും ഇത്രയും സംതൃപ്തിയോടെ അച്ഛൻ എന്റെ കൈ പിടിച്ചു കൊടുത്തിട്ടുണ്ടാവില്ല രുദ്രന്…
രുദ്രൻ എന്റെ പാണികളെ ഒന്നുകൂടി മുറുകെ പിടിച്ചു… അതുകണ്ടു സന്തോഷത്തോടെ അച്ഛൻ മുറിയിലേക്ക് കയറിപ്പോയി… ഒരു കൈകൊണ്ടു കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട്…..
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
അച്ഛനോട് വേറൊരു കാര്യം പറയാനുണ്ടായിരുന്നു… ശ്ശേ………….
രുദ്രന്റെ നിരാശയോടെ ഉള്ള പറച്ചിൽ കേട്ടിട്ട് എന്താണെന്ന് മുഖം കൊണ്ട് ഭാവ ചോദിച്ചു…. l
നിനക്ക് തരാൻ പറ്റാത്തതിന്റെ വിഷമം എന്റെ ആദ്യത്തെ മോൾക്ക് തന്ന് തീർത്തോ എന്ന് അച്ഛനോട് പറയായിരുന്നു….
ഇളിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു…
അതെന്താ കൊച്ചിന്റെ അപ്പന്റേത് ഓട്ടക്കീശ ആണോ…. തന്നെ മേടിച്ചങ്ങോട്ട് ഇട്ടാൽ മതി… അല്ലാതെ എന്റെ അച്ഛന്റെ കയ്യിൽ നിന്നൊന്നും മേടിച്ച് ഇടീക്കാം എന്നാരും ദിവാസ്വപ്നം കാണണ്ട…..
അതും പറഞ്ഞു തിരിഞ്ഞപ്പോളേക്കും രുദ്രൻ കയ്യിൽ വലിച്ചു പിടിച്ചു അവന്റെ തോളൊപ്പം എന്നെ നിർത്തി….
ഈ പറഞ്ഞതിന്റെ അർത്ഥം, എന്റെ മോളെ ഈ മണ്ണിലേക്ക് കൊണ്ട് വരാൻ നിനക്ക് സമ്മതം ആണെന്ന് അല്ലേ…..
മൂക്കിൻ മേലെ തട്ടിക്കൊണ്ടു രുദ്രൻ എന്നെ ചേർത്ത് പിടിച്ചു…
അയ്യടാ… ഓരോരുത്തരുടെ പൂതിയേ…. എന്നിട്ട് എനിക്ക് പഠിക്കാനുള്ളതൊക്കെ അപ്പനും മക്കളും ചേർന്നങ്ങു പഠിപ്പിക്കുമായിരിക്കും…..അതോ…. ഒന്നും രണ്ടും അല്ല… അര ഡസൻ ആണ്… അതിനുള്ള കെൽപ്പ് എനിക്കില്ലെന്റെ അപ്പനേ……….
അവന്റെ കൈ തോളൂർത്തിക്കൊണ്ട് എടുത്തു മാറ്റി അവൾ അമ്മയുടെ അടുത്തേക്ക് പോയി…
ഡീ കെൽപ്പുണ്ടോ എന്ന് പരീക്ഷിച്ചു നോക്കിയാലല്ലേ അറിയാൻ പറ്റുള്ളൂ……. അതിനൊരവസരം താടീ……………..
രുദ്രൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു….
എന്ത് പരീക്ഷിക്കാനാ മോനേ.. വല്ലതും ഉണ്ടാക്കാൻ ആണോ……?
അമ്മ ഇറങ്ങി വന്നു ചോദിച്ചു….
ആ….. അതൊന്നുമില്ല…. ഇത് വേറെ ലെവൽ പരീക്ഷണമാ അമ്മേ…. പിന്നെ ശരിയാക്കിക്കോളാം…. (രുദ്രൻ )
അകത്തു നിന്ന് ഭാവയുടെ ചിരി പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നു…..
കൊഞ്ഞനം കുത്തിക്കൊണ്ട് രുദ്രൻ സോഫയിലേക്കിരുന്നു….
☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️
വൈകിട്ട് ആയപ്പോഴാണ് അവർ തിരിച്ചു പോയത്…. ഓരോ യാത്രയും മനോഹരമാണ്…. അതിലൊഴുകുന്ന ഓരോ കാറ്റിനും വെവ്വേറെ മണമാണ്.. ഫ്ലാറ്റിലെത്തിയപ്പോൾ എല്ലാവരും പോകാൻ അവരെ രണ്ട് പേരെയും കാത്തിരിക്കുകയായിരിന്നു…
വിശേഷങ്ങൾ പറഞ്ഞു മതിയാകുന്നുണ്ടായിരുന്നില്ല ഭാവയ്ക്ക്… എല്ലാവരും അവളെ നോക്കിക്കാണുകയായിരുന്നു…
സത്യത്തിൽ വീട്ടുകാരെ പിരിഞ്ഞു നില്കുന്നതിൽ അവൾക്ക് ഒത്തിരി വിഷമം ഉണ്ടായിരുന്നു എന്ന് തിരിച്ചെത്തിയപ്പോൾ ഉണ്ടായ സ്നേഹപ്രകടനത്തിൽ നിന്നാണ് അവർക്ക് ബോധ്യമായത്….
അച്ഛനും അമ്മയും രുദ്രനും അവളും അനിയനും അന്ന് ഒന്നിച്ചായിരുന്നു ഉച്ച ഭക്ഷണം ഉണ്ടാക്കിയത്… കളിചിരികൾ ആ വീട്ടിലേക്ക് മടങ്ങി ചെന്നത് തന്നെ അവളുടെ വരവിലൂടെ ആണെന്ന് തന്നെ പറയണം…..
ഒന്നിച്ചിരുന്നു സംസാരിച്ചു കൊണ്ട് ഇരുന്ന് രാത്രി ആയത് ആരും തന്നേ അറിഞ്ഞില്ല….ഒരു മൂവി കാണാൻ പോയി വന്നിട്ട് എല്ലാവരും അവരവരുടെ കിടക്കകളിലേക്ക് മറിഞ്ഞു….
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
അടുത്ത ദിവസം രാവിലെ തന്നേ അച്ഛനും അമ്മയും ഭാവയും ട്രെയിനിൽ വീട്ടിലേക്ക് മടങ്ങി… സ്വരൂപ് ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് വരും.. അടുത്ത ആഴ്ച വരുമ്പോൾ കാറുമായിട്ട് വരാം എന്ന് തീരുമാനിച്ചു….
പക്ഷേ രുദ്രൻ മടങ്ങി വരുന്നില്ലെന്നത് എല്ലാവർക്കും ചെറിയ വിഷമം ഉണ്ടാക്കി.. ഇനിയും അവർ അടുത്തില്ലയോ എന്ന് തിരുമേനി ശങ്കിച്ചു….
പക്ഷേ ആ സംശയം രുദ്രൻ തന്നെ തീർത്തുകൊടുത്തു….
ആത്മാവിനാൽ ഒന്നായവർക്ക് ഏത് ദൂരവും ഒരകലമല്ലെന്ന് അവൻ പറഞ്ഞു…. കണ്ണിന് മുന്നിൽ കണ്ടില്ലേലും കൺപീലി അടഞ്ഞാലും അവൾ മാത്രമാണുള്ളിലെന്നവൻ പറയാതെ പറഞ്ഞു….
വിശേഷ ദിവസങ്ങളിലല്ലാതെ വീട്ടിലേക്ക് വരുന്നില്ലെന്നവൻ തീരുമാനിച്ചു….. ഭാവയുടെ പഠിത്തം തന്നെ ആണ് പ്രാധാന്യം കല്പിക്കപ്പെട്ടത്…. ഇതുവരെ എടുത്ത ലോണുകൾ തന്നേ ആയിരുന്നു അതിന്റെ കാരണം…..
ജപ്തി വരെ നീളാൻ പാകത്തിന് ലോണുകൾ ഭാവയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അച്ഛൻ എടുത്തിട്ടുണ്ട്…
ട്യൂഷൻ എടുത്തു കിട്ടുന്ന ക്യാഷ് ൽ നിന്നു മിച്ചം വെച്ച് ബാങ്കിൽ ആദ്യമൊക്കെ ഇട്ടിരുന്നു…. പിന്നെ കല്യാണത്തോടെ അതും നിർത്തി….
ഈ കടമൊക്കെ ഒതുങ്ങിയാൽ മാത്രമേ എല്ലാവർക്കും ആശ്വാസം ആവുകയുള്ളൂ… അവളുടെ കരിയർ കെട്ടിപ്പടുക്കണം എന്ന അവളുടെ ആഗ്രഹം….
അതിപ്പോൾ എല്ലാ പെൺകുട്ടികൾക്കും ഉള്ളതാണ്… അവളും അത് ആഗ്രഹിക്കുന്നു… അതുകൊണ്ട് കുടുംബ ജീവിതവും കുട്ടികളും അത് കഴിഞ്ഞു മതിയെന്ന് രുദ്രനും തോന്നി….
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
രുദ്രന്റെ അടുത്ത് പോയി തിരിച്ചു വന്നു കുറച്ചു നാൾ കഴിഞ്ഞതേ എല്ലാവരും ചോദിച്ചു തുടങ്ങിയിരുന്നു, വിശേഷം വല്ലതും ആയോ… അയ്യോ ആയില്ലേ…. അതെന്താ ആവാത്തത് എന്നൊക്കെ….
കേട്ട് കേട്ട് പതിയെ അവൾക്ക് വട്ട് പിടിച്ചു തുടങ്ങിയിരുന്നു… ഇതൊരുമാതിരി ഗൾഫിലുള്ള കെട്ടിയവനെ കാണാൻ പോയി വന്ന ഭാര്യമാരുടെ അവസ്ഥ ആയല്ലോ എന്റെ ദേവനേ…….
അവളുടെ സങ്കടം വീട്ടിലെല്ലാവരും ഇരുന്നപ്പോൾ ഒരിക്കലവൾ പറഞ്ഞു… അടുത്ത തവണ രുദ്രൻ വന്നപ്പോൾ അവൻ തന്നേ ചോദിച്ചവരോടൊക്കെ ഒരു സംശയ നിവാരണം അങ്ങ് നടത്തി…..
ഒരിക്കൽ പോലും താൻ കാരണം ഇനി അവൾക്ക് ഒന്നും നഷ്ടപ്പെടരുത്…. അഭിമാനം കൊണ്ട് മാത്രേ തന്റെ പേരവൾ പറയാൻ പാടുള്ളു…….
മുൻകൂട്ടി എല്ലാവരോടും അവൻ പറഞ്ഞു, അവളും കുഞ്ഞാണ്… എന്ന് സ്വന്തം കാലിൽ അവൾ നില്ക്കുന്നോ അന്നേ ഉള്ളു അവൾക്ക് ഞാനായിട്ടൊരു പ്രാരാബ്ദം കൊടുക്കുന്നത്….
കുടുംബവും കുട്ടികളും ഒക്കെ ഇപ്പോൾ അവളുടെ സ്വപ്നങ്ങളെ കുറച്ച് നാളത്തേക്ക് എങ്കിലും തടഞ്ഞു നിർത്തും….ഒരു കുഞ്ഞെന്ന മോഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല… കുട്ടികൾ മാത്രമല്ല ജീവിതം…
അതിനപ്പുറം തന്റെ ആൾക്ക് തന്റേതായൊരിടം ഉറപ്പിച്ചു കൊടുക്കുന്നത് കൂടെയല്ലേ ജീവിതം… അതുവരെ കുഞ്ഞുങ്ങൾ വേണ്ട…..
രുദ്രന്റെ ഉത്തരത്തോടെ ആ ചോദ്യം അപ്രസക്തമായി … പിന്നെയാരും ചോദിച്ചിട്ടില്ല അങ്ങനെ ഒരു കാര്യം ആ ഇല്ലത്തെ ആരോടും….
നാൾക്ക് നാൾ, രുദ്രന്റെയോരോ പ്രവൃത്തിയും അവളിൽ ബഹുമാനവും പ്രണയവും വർധിപ്പിച്ചുകൊണ്ടിരുന്നു….
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
മാസങ്ങൾക്കു ശേഷം രുദ്രൻ പിന്നെ നാട്ടിലേക്ക് വന്നത് അടുത്ത ശിവരാത്രിയുടെ അവധിക്ക് ആയിരുന്നു ….
സ്വരൂപിനും ഭാവയ്ക്കും കൂടെ അവധി ആയിരുന്നത് കൊണ്ട് ആഘോഷം ആയിരുന്നു ഇല്ലത്ത്……
നാളുകൾ കൂടി ലീവ് എടുക്കുന്നത് കൊണ്ട് രുദ്രന് ഒരാഴ്ച അവധി ഉണ്ടായിരുന്നു…. തലേ ദിവസം തന്നെ എല്ലാവരും എത്തി…
പിന്നെ ശിവരാത്രി ദിവസത്തെ പ്രഭാത പൂജ രുദ്രനാണ് ചെയ്യുന്നത്… രാവിലെ അഞ്ചു മണിക്ക് പോവുകയും വേണം… രാത്രി അച്ഛൻ തിരുമേനി ആണ് പൂജ……
വീണ്ടും രുദ്രൻ പൂജയ്ക്ക് കേറുന്നു എന്നത് ഭാവയ്ക്ക് ഒത്തിരി സന്തോഷത്തിന് ഇടയാക്കി… ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലോ തന്റെ കള്ള ദേവൻ പൂജ ചെയ്യുന്നത്….
നേരിട്ട് തന്റെ രണ്ട് ദേവന്മാരെയും ഒരുമിച്ചു കാണാമല്ലോ എന്നോർത്തപ്പോൾ അവൾക്ക് ഉള്ളിൽ സന്തോഷം തിരതല്ലി……
വൈകിട്ടു ഭക്ഷണം എടുത്തു കൊടുക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം അവൾ സ്വപ്നലോകത്തായിരുന്നു… താനും തന്റെ ദേവനും മാത്രമുള്ള ഒരു കൊച്ചു ലോകത്തിൽ…..
റൂമിലെത്തുമ്പോൾ ഭാവ കിടന്നിരുന്നു….
” തനിയ്ക്ക് പേടിയുണ്ടോ നാളെ അമ്പലത്തിൽ വരാൻ? ”
ചെരിഞ്ഞു കിടന്നു താലിമാലയിൽ പിടിച്ചു വട്ടം കറക്കി ആലോചിച്ചു കൊണ്ടിരുന്ന ഭാവയേ കണ്ട് രുദ്രൻ ചോദിച്ചു….
മ്മ് …… പേടിയൊന്നുമല്ല രുദ്രാ…. എന്തോ….. ഒരു…… അറിയില്ല… മനസ്സിൽ ഇരുന്നൊരു ആശങ്ക…. പോകണോ വേണ്ടയോ എന്നൊക്കെ…… അജയനൊക്കെ ഉണ്ടാവില്ലേ …. അവർ എന്തെങ്കിലും പറയുമോ…
ഭാവയാമി തന്റെ ശങ്ക തുറന്നു പറഞ്ഞു…..
അവളുടെ അടുത്ത് വന്നിരുന്നു രുദ്രൻ അവളുടെ കയ്യെടുത്തു പിടിച്ചു….
” താനെന്തിനാടോ ഭയക്കുന്നത്…. വീരശൂര പരാക്രമിയായൊരു പതിമഹേശ്വരൻ ഇല്ലേ തനിക്ക്…. പിന്നെന്തിനാ ഒരു ഭയം…. ധൈര്യമായി പോരേ…..
അന്ന് ആ കത്തിൽ എഴുതിയപോലെ എന്റെ കൈകോർത്തു പിടിച്ചു നീ ആ തിരുനടയിൽ ചെല്ലണം… ഞാനാ രുദ്രനെ പൂജിയ്ക്കുമ്പോൾ പുറത്തു നിന്ന് എന്റെ ഭാവ ആ ദേവനേ ആരാധിക്കണം…
എന്നെ പ്രണയിക്കണം….. എന്തേ വേണ്ടേ മോളേ നിനക്ക് അതൊന്നും ഇപ്പോൾ? ”
കടിച്ചു പിടിച്ചൊരു ചിരിയോടെ രുദ്രൻ അത് പറഞ്ഞപ്പോഴേക്കും ഭാവ കട്ടിലിൽ നിന്ന് പിടഞ്ഞെണീറ്റു…..
കത്തോ…. അത്… അത് രുദ്രൻ വായിച്ചോ?…. എപ്പോ……..?
ഒറ്റശ്വാസത്തിൽ അവളതെല്ലാം ചോദിച്ചു നിർത്തി…..
” സ്വരൂപ് അന്ന് അവന്റെ ജോലിയുടെ ഇന്റർവ്യൂന് പോവാൻ വേണ്ടി എന്റെ കൂടെ നില്കാൻ വന്നില്ലേ എറണാകുളത്തിന്…
അന്ന് അവന്റെ കയ്യിൽ ഞാൻ പറഞ്ഞിട്ട് നീ എന്റെ ഡ്രെസ്സുകൾ കുറച്ചൊക്കെ തന്നു വിട്ടില്ലായിരുന്നോ…
അതിന്റെ ഇടയിലിരുന്നു കിട്ടി…. എന്റെ മോളേ… മരുഭൂമിയിൽ മഴപെയ്ത പോലെ ഒരു അനുഭൂതി ആയിരുന്നു അന്ന്….
എന്നെ വെറുപ്പാണെന്ന് പറയാതെ പറഞ്ഞവളുടെ ഉള്ളിൽ ഞാനിങ്ങനെ നിറഞ്ഞു നിൽക്കുകയാണെന്നറിഞ്ഞപ്പോൾ പേരിടാൻ പറ്റാത്ത ഒരു ഋതു എന്റെ ഉള്ളിൽ പെയ്തു…. ”
രുദ്രൻ അത് പറഞ്ഞു തീർന്നപ്പോഴേക്കും രണ്ടു കൈകളാൽ ഭാവ മുഖം മറച്ചു…..
“അയ്യോടാ… എന്റെ കുട്ടിക്ക് നാണമാണോ…. ”
രുദ്രൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ഭാവയേ…..
അവിടെ അവരെ കാത്തിരിക്കുന്നതെന്താണെന്നറിയാതെ…
(തുടരും )