Wednesday, January 22, 2025
Novel

പ്രണയവീചികൾ : ഭാഗം 18

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ആദ്യം വീട്ടിലേക്ക് പോയാൽ മതി. അത് കഴിഞ്ഞ് തീരുമാനിക്കാം എൻഗേജ്മെന്റും നിശ്ചയവുമൊക്കെ… രോഷത്തോടെ കാറിൽ കയറിയ ഉടൻ അവൾ ശബ്ദമുയർത്തി.

എല്ലാം തീരുമാനിച്ചതാണല്ലോ. ഇനി അതിനൊരു മാറ്റവുമില്ല.. എല്ലാവരും ടെക്സ്റ്റയിൽസിൽ കാത്ത് നിൽക്കുന്നുണ്ടാകും. ഇപ്പോഴേ താമസിച്ചു.
പറഞ്ഞുകൊണ്ട് നന്ദൻ ഡ്രൈവ് ചെയ്തു.

അവർ മൂന്നുപേരുമാണ് കാറിലുണ്ടായിരുന്നത്.

അച്ഛാ.. പ്ലീസ്. ട്രൈ ടു അണ്ടർസ്റ്റാൻഡ് മീ… അവളുടെ സ്വരത്തിൽ യാചന നിറഞ്ഞുനിന്നു.

നന്ദൻ അത് കാര്യമാക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.

വേദ് കോ ഡ്രൈവർ സീറ്റിലിരുന്ന് അവളെ തിരിഞ്ഞു നോക്കി. അവന്റെ മുഖത്തെ വിജയഭാവം അവളെ കൂടുതൽ രോഷാകുലയാക്കി.

എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നായതോടെ അവൾ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.
അവളുടെ മനസ്സിൽ അപ്പോഴും സാരംഗിന്റെ നിറമിഴികൾ വേദന സൃഷ്ടിച്ച് വിങ്ങിക്കൊണ്ടിരുന്നു.

അവളുടെ
ചെന്നിയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി.

വലിയൊരു ടെക്സ്റ്റയിൽസിന്റെ മുൻപിലാണ് കാർ നിന്നത്.

എല്ലാവരും ഇറങ്ങിയിട്ടും അവൾ മാത്രം ഇറങ്ങാൻ കൂട്ടാക്കിയില്ല.

ഋതൂ… എന്നെ ദേഷ്യം പിടിപ്പിക്കരുത്. പൊതുസ്ഥലമാണ്. ഇറങ്ങൂ. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. തുറന്നു പിടിച്ച ഡോറിലൂടെ നന്ദൻ ശബ്ദം താഴ്ത്തി പറഞ്ഞു.

ഞാൻ വരില്ല. എനിക്കീ വിവാഹം ഇഷ്ടമല്ല. വേദിനെ വിവാഹം ചെയ്യാൻ എനിക്കാവില്ല… അവളുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.

അല്ലെങ്കിലും നിനക്ക് പണ്ടുമുതൽക്കേ എന്നെ നാണംകെടുത്തിയാണല്ലോ ശീലം. ഞാനായി ഇനി അത് തടയുന്നില്ല. അകത്തെല്ലാവരും നിനക്കുവേണ്ടി കാത്തിരിക്കുകയാണ്.

അവർക്ക് മുൻപിൽ തല കുനിയേണ്ടി വന്നാൽ പിന്നെ ഈ നന്ദൻ മേനോൻ ജീവിച്ചിരിക്കില്ല… അവസാനത്തെ ആശ്രയമെന്നോണം അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

അവളുടെ മിഴികൾ നിറഞ്ഞു.

എവിടെയെങ്കിലും ഒരിടത്ത് എനിക്ക് ജയിക്കാനാകുന്നില്ലല്ലോ അച്ഛാ. എന്നും എപ്പോഴും നിങ്ങൾക്കൊക്കെ വേണ്ടി തോൽക്കാനാണ് എന്റെ വിധി…. മിഴികൾ അമർത്തിതുടച്ചുകൊണ്ട് അവളിറങ്ങി. ദേഷ്യം തീർക്കാനെന്നപോലെ അവൾ ഡോർ ആഞ്ഞടച്ചു.

അവർ സാരി സെക്‌ഷനിലേക്ക് എത്തിയപ്പോൾ ശ്രീദേവിയും ഗൗരിയും ഋഷിയും സാരി സെലക്ട്‌ ചെയ്യുകയായിരുന്നു.

ശ്രീധരമേനോന്റെ സഹോദരന്റെ മകളും കൂടെയുണ്ട്.
വേദിക എന്ന് പറഞ്ഞവൾ പരിചയപ്പെടുത്തി.

വാ മോളേ ഞങ്ങൾ കുറേ നേരമായി നോക്കുന്നു. മോൾക്ക് ഏത് നിറവും ചേരും എങ്കിലും മോൾക്ക് ഏതാ ഇഷ്ടമായതെന്ന് നോക്ക്… ഗൗരി സ്നേഹത്തോടെ പറഞ്ഞു.

ഒന്നും തീരുമാനിക്കുന്നത് ഞാനല്ലല്ലോ. എല്ലാവരുടെയും ഇഷ്ടത്തിന് എല്ലാം തീരുമാനിക്കുകയല്ലേ. ഇതും എല്ലാവരും കൂടി തീരുമാനിച്ചാൽ മതി…. അടക്കിപ്പിടിച്ച് പറഞ്ഞശേഷം അവൾ വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു.

ഗൗരിയുടെ മുഖം വിളറിവെളുത്തു.
ശ്രീദേവിയും അവളും പരസ്പരം നോക്കി.

വേദികയ്ക്ക് ആ പെരുമാറ്റം തീരെ ഇഷ്ടമായില്ല. അവൾ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു.
ഋഷി മൗനം പാലിച്ചതേയുള്ളൂ.

വെയ്റ്റിംഗ് ഏരിയയിൽ നെറ്റിയിൽ കൈകൾ വച്ച് കണ്ണുകൾ അടച്ചിരിക്കുകയാണ് ഋതു. അവൾക്കരികിലേക്ക് വേദ് വന്നിരുന്നു.

ഇപ്പോൾ എന്തായി.. ഞാൻ ആഗ്രഹിച്ചത് നേടാൻ ഏത് വഴിയും ഞാൻ തിരഞ്ഞെടുക്കും. മാർഗ്ഗമല്ല ലക്ഷ്യമാണ് എനിക്ക് പ്രധാനം. എന്റെ ലക്ഷ്യം അത് നീയാണ്.
നിനക്ക് തന്നെ അത് വ്യക്തമായി അറിയാവുന്നതല്ലേ ഋതു.

ഒരിക്കൽ ആവോളം അറിഞ്ഞതാ ഞാൻ നിന്നെ. പക്ഷേ അതുകൊണ്ടൊന്നും എന്റെ മോഹം തീരുന്നില്ല. എന്നായാലും ഒരു വിവാഹം വേണം. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നിന്നെ വിവാഹo ചെയ്തുകൂടാ.

എന്റെ വീട്ടിൽ എന്റെ കിടപ്പറ മനോഹരമാക്കാൻ എന്റെ ആഗ്രഹങ്ങൾക്കൊത്ത് ചലിക്കുന്ന ഒരു പാവയായി നീ വേണം എന്റെ താലിയുടെ അവകാശിയായി. കടങ്ങൾ ഒരുപാടുണ്ടല്ലോ.. അവൻ തലയിലെ മുറിപ്പാടിൽ ഒന്ന് തലോടി.

വേദനിപ്പിച്ചും സ്നേഹിച്ചും രസിക്കണം എനിക്ക് നിന്നെ. ഒരു ടോം ആൻഡ് ജെറി ഗെയിം. പക അത് വീട്ടാനുള്ളതല്ലേ ഋതുക്കുട്ടീ.

ഇനി അധികനാളില്ല അതിനായി. കവിളത്തടിച്ചതും തല അടിച്ചു പൊട്ടിച്ചതും വാക്കുകൾ കൊണ്ട് അപമാനിച്ചതുമടക്കം എത്രയോ കണക്കുകൾ തീർക്കേണ്ടതുണ്ട് നമ്മൾ തമ്മിൽ.

എനിക്ക് നിന്നോടുള്ള സ്നേഹം അത് പകയിലേക്ക് നയിക്കാൻ കാരണക്കാരി നീ തന്നെയാണ് നിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളും….. ക്രൂരമായൊരു ചിരിയോടെ വേദ് പറഞ്ഞു.

നീ കൂടുതൽ സന്തോഷിക്കേണ്ട. എന്റെ രോമത്തിൽ പോലും തൊടാൻ നിനക്കാകില്ല ഋതുവാണ് പറയുന്നത്. നിന്റെ താലി അതെനിക്ക് കൊലക്കയറാണ്. ആ കൊലക്കയർ നീ അണിഞ്ഞു തരുന്നതിലും നല്ലത് ഞാൻ ആത്മഹത്യ ചെയ്യുന്നതാണ്.

പക്ഷേ അതിന്റെയാവശ്യമില്ല. ഇപ്പോൾ നീ സന്തോഷിക്ക്.. നിന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സില്ല വേദ്… അവളുടെ മൂർച്ചയേറിയ ഉറച്ചുള്ള സ്വരം അവനിൽ ചെറുതായി ആശങ്ക പടർത്തി.

റോയൽ ബ്ലൂവിൽ റാണി പിങ്ക് ബോർഡർ വരുന്ന ഒറിജിനൽ കാഞ്ചീപുരം സാരിയാണ് അവർ അവൾക്കായി എടുത്തത്..

ജൂവലറിയിൽ പോയി ഒരു പാലയ്ക്ക മാലയും പിച്ചിമൊട്ട് മാലയും എടുത്തു. അഷ്ടലക്ഷ്മീ വളകളും പാലയ്ക്ക വളകളുമാണ് പിന്നീട് എടുത്തത്.
വേദിന് അഞ്ച് പവനോളം തൂക്കം വരുന്ന മാല വാങ്ങി നൽകി നന്ദൻ.

വേദുo ഗൗരിയും വേദികയും അതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
പോകുമ്പോഴും ഋതുവിന്റെ മുഖത്തെ ധാർഷ്ട്യഭാവം അവളിൽ ദേഷ്യം പടർത്തി.

വീട്ടിലെത്തിയതും ഋതു പൊട്ടിത്തെറിച്ചു.

എനിക്കീ വിവാഹം വേണ്ടെന്ന് എത്ര പ്രാവശ്യം പറഞ്ഞതാണ്. എന്നിട്ടും എന്റെ തീരുമാനത്തിന് ഒരു വിലയുമില്ലേ. കച്ചവടത്തിന് വച്ചിരിക്കുന്ന വസ്തുവാണോ ഞാൻ വില പറഞ്ഞ് ഉറപ്പിക്കാൻ. എന്റെ ജീവിതമാണ് അത് എനിക്കിഷ്ടമുള്ള ആളിനൊപ്പമാണ് ജീവിക്കേണ്ടത്. അത് വേദ് അല്ല… അവൾ കോപത്തോടെ പറഞ്ഞു.

ഹ്മ്മ്… എല്ലാമറിഞ്ഞ് ആര് വരാനാ നിന്നെ സ്വീകരിക്കാൻ. ഇതാകുമ്പോൾ അവന് എല്ലാമറിയാം. എന്നിട്ടും വേദ് മോൻ നിന്നെ മതിയെന്ന് വാശി പിടിക്കുന്നില്ലേ. അത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്.. നന്ദനും ശബ്ദമുയർത്തി.

വേദ് മോൻ.. അവനെപ്പറ്റി മിണ്ടരുത്. ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് ഒരു ആണിനെയാണ് അല്ലാതെ അവനെപ്പോലൊരു ചതിയനെയല്ല.. അവളും വിട്ടു കൊടുത്തില്ല.

അവൻ എന്ത് ചതിയാണ് ചെയ്തത്… അതോ ഇനി നീ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ.. നന്ദൻ സംശയത്തോടെ അവളെ നോക്കി.

അവളുടെ മനസ്സിൽ സാരംഗിന്റെ മുഖം തെളിഞ്ഞു വന്നു.

അതെ… എനിക്ക് ഒരാളെ ഇഷ്ടമാണ്. അയാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ… പിന്നൊന്നും പറയാൻ നില്കാതെ അവൾ മുകളിലേക്ക് കയറിപ്പോയി.

അങ്ങനൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൾ പറഞ്ഞത് സത്യമാണോ അതോ വിവാഹo മുടക്കാനായി പറയുന്നതോ നന്ദൻ മേനോന്റെ മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘം പടർന്നു. ഋഷി അപ്പോഴും aആലോചനയിലായിരുന്നു.

വാതിലിൽ തുടരെയുള്ള മുട്ട് കേട്ടാണ് ഋതു കണ്ണ് തുറന്നത്. സമയം അഞ്ച് കഴിഞ്ഞു. കരഞ്ഞുകരഞ്ഞ് താൻ ഉറങ്ങിപ്പോയെന്ന് അവൾക്ക് മനസ്സിലായി.

വാഷ് റൂമിൽ നിന്നും മുഖം കഴുകി ടവ്വൽ കൊണ്ട് തുടച്ചുകൊണ്ട് അവൾ ഡോർ തുറന്നു.

ഋഷിയായിരുന്നു മുൻപിൽ.
അവളുടെ അനുവാദത്തിന് കാത്തുനിൽക്കാതെ അവൻ റൂമിൽ കയറി കുറ്റിയിട്ടു. ശേഷം
ബാൽക്കണിയിലെ വാതിൽ തുറന്ന് അവിടെ സെറ്റ് ചെയ്തിരിക്കുന്ന ഊഞ്ഞാലിലേക്ക് ഇരുന്നു.

ആദ്യത്തെ പതർച്ചയ്ക്കുശേഷം അതിൽനിന്നും മോചിതയായി പിന്നാലെ
അവളും ബാൽക്കണിയിലേക്കിറങ്ങി.

നിശ്ശബ്ദത അവർക്കിടയിൽ സ്ഥാനം പിടിച്ചു.

എന്ത് കൊണ്ടാ നീ വേദിനെ വേണ്ടെന്ന് പറഞ്ഞത്.. എനിക്ക് കാരണം അറിയണം. കാരണം പലപ്പോഴും വേദിനോടുള്ള നിന്റെ പെരുമാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അവനെ കാണുമ്പോൾ നിന്റെ മുഖത്ത് വെറുപ്പാണ് നിറയുന്നത്.

അന്ന് നീ ഫ്‌ളവർ വേയ്സ് ഒരാൾക്കിട്ട് അടിച്ചു എന്ന് പറഞ്ഞപ്പോൾ ഞാനത് കാര്യമാക്കിയില്ല. എന്നാൽ പിറ്റേന്ന് അവൻ തലയിൽ മുറിവുമായാണ് വന്നത്.

ബൈക്ക് നന്നായി ഓടിക്കുന്നവനാണ് അവൻ. അവനൊരിക്കലും വീണ് മുറിവ് പറ്റില്ല. അതുമല്ല ബൈക്കിൽ നിന്നും എങ്ങനെ വീണാലും തലയിൽ ആ ഭാഗത്ത് അങ്ങനെ മുറിവുണ്ടാകില്ല.. അത് നീയാണോ ചെയ്തത്.

പറയ് എന്ത് കൊണ്ടാണ് വേദിനെ നിനക്കിഷ്ട്ടമല്ലാത്തത്. ഒരിക്കൽ വേദേട്ടനെന്ന് വിളിച്ചിരുന്ന അവനെ ഇഷ്ടമായിരുന്ന നീ എന്ത് കൊണ്ടാണ് വേദിനെ വെറുക്കുന്നത്..അന്നൊരിക്കൽ നീ പറഞ്ഞു അവന് ആത്മാർഥതയുണ്ടോയെന്ന്
അന്വേഷിക്കാൻ.

എന്താ അതിന്റെയൊക്കെ അർത്ഥം… ഋഷി ചോദിച്ചു.

പകച്ചുകൊണ്ട് അവൾ അവനെ നോക്കി.
ഒരിക്കലും തന്നെ മനസ്സിലാക്കാൻ കഴിയില്ലെന്ന് വിചാരിച്ചയാളാണ് ഇന്ന് തന്റെ ഓരോ ഭാവമാറ്റവും കൃത്യമായി പറയുന്നത്. അപ്പോൾ അത്രമേൽ ഏട്ടൻ തന്നെ ശ്രദ്ധിച്ചിരുന്നോ… അവളുടെ മിഴികൾ നീറിപ്പുകഞ്ഞു.

ഏട്ടന് അന്നുമിന്നും നിന്നോടുള്ള സ്നേഹത്തിന് ഒരു കുറവുമില്ല. അന്നത്തെ നിന്റെ മൗനം അതാണെന്നെ വേദനിപ്പിച്ചത്. മറ്റാരോട് സത്യം പറഞ്ഞില്ലെങ്കിലും എന്റെ അനിയത്തി എന്നോട് സത്യം പറയുമെന്ന് ഞാൻ വിശ്വസിച്ചു.

എന്റെ നെഞ്ചോട് ചേർന്ന് നിന്റെ സങ്കടമെല്ലാം ഒഴുക്കി കളയുമെന്ന് ഞാൻ കരുതി.
ഞാൻ അകലുമ്പോഴെങ്കിലും നീ മനസ്സ് തുറക്കുമെന്ന് ഞാൻ വെറുതെ പ്രത്യാശിച്ചു. പക്ഷേ നീയെന്നെ തോൽപ്പിച്ചു കളഞ്ഞു.

എന്നിൽനിന്നും നീ അകന്നതേയുള്ളൂ.
ഓരോ പ്രാവശ്യം ഓണത്തിനും നീയറിയാതെ അമ്മയുടെ കൈയിൽ ഓണക്കോടി കൊടുത്തു വിട്ട ഏട്ടനെ നീയറിഞ്ഞില്ല.

നിന്റെ വസ്ത്രധാരണം അത് എനിക്ക് പ്രശ്നമായിരുന്നില്ല. കാരണം എല്ലാത്തിൽനിന്നും ഓടിയൊളിക്കാൻ നീ തിരഞ്ഞെടുത്തതാണ് ആ മാർഗമെന്ന് എനിക്കറിയാമായിരുന്നു.

ഓരോ പ്രാവശ്യവും കാണുമ്പോഴും ഇനിയെങ്കിലും എന്റെ മോൾ സത്യം പറയുമെന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന ഏട്ടനെ മോൾ കണ്ടില്ല.

ഇതിനുമാത്രം എന്റെ അനിയത്തിക്കുട്ടി എന്നെ വെറുത്തല്ലേ.. ഋഷിയുടെ മിഴികൾ നിറഞ്ഞൊഴുകി സ്വരം ഇടറി.

ഏട്ടന്റെ മനസ്സറിഞ്ഞപ്പോൾ ഇതുവരെ
താൻ ചിന്തിച്ചു കൂട്ടിയ ധാരണകൾ തെറ്റാണെന്നറിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ടവന്റെ മാറോട് ചേർന്നു.

വർഷങ്ങൾക്കുശേഷം അവനവളെ തന്റെ മാറോട് ചേർത്തു പിടിച്ചു.

എന്റെ തെറ്റാണ് എല്ലാം. എന്റെ മാത്രം തെറ്റ്. എന്റെ ഏട്ടനാ. എനിക്കേറ്റവുമിഷ്ടമുള്ള എന്റെ ഏട്ടൻ. സോറി ഏട്ടാ ഞാൻ ചീത്തക്കുട്ടിയാ… ഏട്ടന്റെ മോൾ ചീത്തയാ.. അഹങ്കാരിയാ..ധിക്കാരിയാണ്.. പതംപറഞ്ഞ് അവൾ ഏങ്ങിക്കരഞ്ഞു.

അവൻ അവളുടെ തലയിൽ മെല്ലെ തഴുകി. അവളുടെ ഏങ്ങലടി കുറഞ്ഞപ്പോൾ അവനവളെ മെല്ലെ ഊഞ്ഞാലിലേക്ക് ഇരുത്തി.

എന്നിട്ട് അവളുടെ മുൻപിലായി മുട്ടുകുത്തിയിരുന്നു.

പറയ്.. ഇനിയെങ്കിലും പറയ് ഏട്ടനോട് സത്യം. എന്തിനാ എന്റെ ഋതു വേദിനെ വെറുക്കുന്നത്… അവന്റെ സ്വരം ശാന്തമായിരുന്നു.

അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

ഞാൻ പറയാം പക്ഷേ എന്റേട്ടൻ എനിക്ക് വാക്ക് തരണം എല്ലാം കേട്ടശേഷം ഞാൻ പറയുന്നത് അനുസരിക്കുമെന്ന്.

അവളുടെ നീട്ടിയ കൈകൾക്കുമേൽ കൈകൾ ചേർക്കുമ്പോൾ അകാരണമായി എന്തോ ഭയം അവനിൽ പിറവിയെടുത്തു.

വരാൻ പോകുന്നത് കൊടുങ്കാറ്റാണെന്നറിയാതെ അവനവളുടെ വാക്കുകൾക്കായി കാതോർത്തു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17