Wednesday, September 18, 2024
Novel

തുലാമഴ : ഭാഗം 18

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടന്നശേഷം ഗായത്രിയെ ഡിസ്ചാർജ് ചെയ്തു… പ്രത്യേകിച്ച് പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല.. അമ്മയെ നോക്കാനായി
ദീപ്തി ഹോസ്പിറ്റലിൽ
നിന്നും ലോങ്ങ് ലീവ് എടുത്തു…

സോമനാഥൻ നായർ ഗായത്രിയുടെ അരികിൽ തന്നെ ഇരുന്നു.. ഇടയ്ക്ക് അമ്മുവിന്റെ വീട്ടിൽ നിന്നും മുത്തശ്ശൻ
വന്നു.. ഗായത്രിയെ കാണാൻ..
മുത്തശ്ശി ഇപ്പോൾ വെളിയിലേക്ക് ഒന്നും ഇറങ്ങാറില്ല…

അമ്മമ്മയും അമ്മച്ഛനും തിരികെ
പോയി.. ആരും ഇപ്പോൾ ഇങ്ങോട്ട്
വരാറില്ല.. ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്ന കൂട്ടത്തിലാണ് വയനാട്
ഉള്ള ഒരു ആയുർവേദ ആശുപത്രി യെക്കുറിച്ച് മുത്തശൻ പറഞ്ഞത്…

തിരുമ്മലും ഉഴിച്ചിലും ഒക്കെ ഉണ്ട്… പറ്റുന്നതാണെങ്കിൽ മാത്രമേ അവിടെ
എടുക്കുകയുള്ളൂ…. കൊണ്ടുപോയെങ്കിൽ അറിയാമായിരുന്നു..

എനിക്ക് പരിചയമുള്ള ഒന്ന് രണ്ടു
പേർക്ക് അനുഭവമുള്ളതാണ്…

കേട്ടപ്പോൾ സൂരജിന്റെ അച്ഛനും
താല്പര്യം തോന്നി.. സതീഷിന്റെ മുഖത്തേക്ക് നോക്കി.. അവനും എതിരഭിപ്രായം ഇല്ലായിരുന്നു.. വൈകിട്ട് സൂരജ് വന്നു കണ്ടിട്ടാണ് മുത്തശ്ശൻ ഇറങ്ങിയത്..

എല്ലാ ആഴ്ചയും രണ്ടുദിവസം സൂരജ് അവരോടൊപ്പം ചെന്നു നിൽക്കാറുണ്ട്.. എല്ലാംമറന്ന്ഉറങ്ങാനായിഅമ്മുവിന്റെ മുറിയിൽ കയറും..പക്ഷേ സ്ലീപിംഗ് പിൽസ് വേണ്ടിവരും…. ഒന്നുകണ്ണടയ്ക്കാൻ..
അമ്മുവിന്റെ ചൂട് നെഞ്ചിൽ നിന്നും മാറിയതിനുശേഷം എന്നും ഇങ്ങനെയാണ്…

മുത്തശ്ശൻ അന്ന് വൈകിട്ട് തന്നെ വൈദ്യരുടെ നമ്പർ സംഘടിപ്പിച്ച് തന്നു. പിറ്റേന്ന് രാവിലെ തന്നെ വൈദ്യരെ
വിളിച്ചു.. ആളെ കണ്ടു എങ്കിലേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന്
പറഞ്ഞു.. നാളെ തന്നെ എത്തി കൊള്ളാൻ പറഞ്ഞു..

ഗായത്രിയെ കൊണ്ടുപോകാൻ ആംബുലൻസ് അറേഞ്ച് ചെയ്തു..
സൂരജും അച്ഛനും ആംബുലൻസിലും സതീഷും ദീപ്തിയും പിറകെ കാറിലും
ആണ് പോയത്.. രാത്രി 12 മണിയോടുകൂടി ആണ് അവർ ചെന്നത്… ചെല്ലുമെന്ന് പറഞ്ഞതുകൊണ്ട് അവർക്കായി ആ ഗേറ്റ് തുറന്നു കിടന്നിരുന്നു…

രണ്ടു റൂം അവിടെ ഒരുക്കിയിരുന്നു… ഒന്നിലേക്ക് ഗായത്രിയെ കിടത്തി.. അവിടെത്തന്നെ സൂരജും അച്ഛനും കിടന്നു.. സതീഷുംദീപ്തിയുംതൊട്ടപ്പുറത്തെ
മുറിയിലേക്ക് പോയി…

അവിടെ എത്തിയപ്പോൾ മുതൽ
മനസിന് ഒരു കുളിർമ വന്നതുപോലെ..
ഒരു ശാന്തത വന്നതുപോലെ..

നാളുകളായി അനുഭവിച്ചിരുന്ന
മാനസിക സംഘർഷം ഒന്നു കുറഞ്ഞതുപോലെ… സൂരജ് ഒന്ന് ദീർഘശ്വാസം വിട്ടു. ബെഡ്ഡിൽ കിടക്കുന്ന അമ്മയെ നോക്കി…

കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരുപാട് പ്രായം വന്നപോലെ…
സംസാരിക്കുമ്പോൾ കുഴച്ചിലാണ്..
അവൻ ഷീറ്റ് എടുത്തു അമ്മയെ
പുതപ്പിച്ചു… അച്ഛന് അരികിലായി വന്നു കിടന്നു…

രാവിലെ വാതിലിൽ മുട്ട് കേട്ടാണ് സൂരജ് ഉണർന്നത്… വാതിൽ തുറന്നപ്പോൾ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് അവനെ
നോക്കി നിൽക്കുന്നു… വൈദ്യർ 7
മണിക്ക് മുൻപേ വരും നോക്കാൻ..

അതുപറയാൻ വന്നതാ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… പിന്നെ
വാതിലിൽ നിന്നും അകത്തേക്ക് എത്തിനോക്കി…

സൂരജ് പെട്ടെന്ന് മാറി കൊടുത്തു… അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു… പിന്നെ
തിരികെ ഓടിപ്പോയി… ഇതെന്തു സാധനം… അവൻ മനസ്സിൽ ഓർത്തു..

7 മണിക്ക് മുൻപേ വൈദ്യർ എത്തി.. ഗായത്രിയെ നോക്കി…പിന്നെ പ്രസന്നമായ മുഖത്തോടെ വെളിയിലേക്ക് വന്നു…

ഇന്നേക്ക് തൊണ്ണൂറാംദിവസം ഇവിടെ നിന്ന് നടത്തിക്കൊണ്ടു പോകാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.. താൻ പാതി ദൈവം പാതി എന്നല്ലേ ഭഗവാനോടുകൂടി അപേക്ഷിക്കുക…

അത് കേട്ടപ്പോൾ സൂരജിന്റെ മുഖത്ത് പുച്ഛഭാവം വിരിഞ്ഞു.. അതുകണ്ട് വൈദ്യരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. പിന്നെ സൂരജിന് അരികെ ചെന്നു…

ഭഗവാന് ഇഷ്ടമുള്ളവരിൽ ആണ്
അദ്ദേഹം ഒരുപാട് പരീക്ഷണങ്ങൾ കൊടുക്കുന്നത്…. ആ പരീക്ഷണം കഴിയുമ്പോൾ സർവ്വശക്തൻ നമുക്ക് തരുന്നത് നിറയെ സന്തോഷമായിരിക്കും…

അപ്പോൾ പണ്ട് നമ്മൾ പുച്ഛിച്ചത് ഓർത്ത് വ്യസനപെടേണ്ടി വരും…. സൂരജ് അമ്പരപ്പോടെ വൈദ്യരെ നോക്കി…
അദ്ദേഹം പുഞ്ചിരിയോടെ നടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ രാവിലെ വന്ന പെൺകുട്ടി അങ്ങോട്ടേക്ക് വന്നു.. ഇവിടെ ആരെങ്കിലും ഒരാൾ നിന്നാൽ മതിയാകും.. സ്ത്രീകൾ ആരും വേണ്ട പുരുഷന്മാർ ആരെങ്കിലും മതി..

ഇവിടെയല്ല രോഗിക്ക് ചികിത്സ.. അപ്പുറത്ത് ഒരു കെട്ടിടം ഉണ്ട് അവിടെയാണ്… പിന്നെ അപ്പുറത്ത് കാണുന്നതാണ് ഓഫീസ്.. ബാക്കി വിവരങ്ങൾ ഒക്കെ അവിടുന്ന് പറയും…

അമ്മയെ അപ്പുറത്തേക്ക് ഇപ്പോൾ കൊണ്ടുപോകും… 9 മണിക്ക് മുൻപേ ചികിത്സ തുടങ്ങും എന്നാണ് വൈദ്യർ പറഞ്ഞത്… കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രിയെ അങ്ങോട്ടേക്ക് കൊണ്ടുപോയി…

സൂരജ് അവിടെ നിന്നോളാം എന്ന് പറഞ്ഞു.. സൂരജിന്റെ അച്ഛൻ പകുതി സമ്മതത്തോടെയാണ് തിരികെ പോയത്….

ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിൽ തന്നെ കാന്റീൻ ഉണ്ട്.. എല്ലാവരും ദൂരെയുള്ള ആൾക്കാർ ആണ്.. പല തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉണ്ട്.. ഒക്കെയും കായ്ച്ചു കിടക്കുന്നു..

അതിലെല്ലാം പക്ഷികളുടെ ബഹളം.. നേരെ മുൻപിൽ റോഡാണ്.. റോഡിന് അപ്പുറം ഒഴുകുന്നത് കബനി നദിയാണ്… അവൻ അവിടമാകെ
ചുറ്റിനടന്നു…

വൈകുന്നേരം ആയത് അറിഞ്ഞില്ല… പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി.. നെറ്റ്‌വർക്ക് കവറേജ് ഇല്ല…

രാത്രിയിൽ കാന്റീനിൽ പോയി…
ചൂട് കഞ്ഞിയും പയറു പുഴുങ്ങിയതും ആയിരുന്നു ഉണ്ടായിരുന്നത്..

അവൻ അത് കഴിച്ചിട്ട് റൂമിലേക്ക്
വന്നു.. അമ്മ ഉറങ്ങി കാണുമോ.. ആരോടാണ് ചോദിക്കുക..

അവിടമാകെ കണ്ണോടിച്ചു… പിന്നെ മുറിയിലേക്ക് കയറി വാതിലടച്ചു… കട്ടിലിലേക്ക് കിടന്നു.. ഒരു നോവായി പെട്ടെന്ന് അമ്മുവിന്റെ മുഖം കടന്നുവന്നു..

അവൻ ഫോൺ എടുത്തു.. അമ്മുവും ഒത്തുള്ള ഓരോ ഫോട്ടോയും നോക്കി
കിടന്നു.. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ..

നെഞ്ചിലെ വേദന അസഹനീയം എന്ന് തോന്നിയപ്പോൾ ചാടിയെഴുന്നേറ്റു… ബാഗ് തുറന്നു സ്ലീപ്പിങ് പിൽസ് എടുത്തു.. വായിലെക്കിട്ടു വെള്ളമൊഴിച്ചു… പിന്നെ കട്ടിലിലേക്ക് വീണു…

രാവിലെ വാതിലിൽ മുട്ട് കേട്ടാണ് സൂരജ് കണ്ണുതുറന്നത്..

വേഗം എഴുന്നേറ്റ് വാതിൽ തുറന്നു… വെളിച്ചം ആയിട്ടില്ല… തണുപ്പ് കൊണ്ട് അവന്റെ പല്ലുകൾകൂട്ടിയിടിച്ചു… കതക് തുറന്നപ്പോൾ വെളിയിൽ ആ പെൺകുട്ടി ആയിരുന്നു…

സാറേ അമ്മയെ രാവിലെ ഉഴിച്ചിലിന് കയറ്റും… ഇപ്പോൾ വന്നാൽ കാണാം… അവൻ വേഗം വാതിൽ ചാരി അവളുടെ ഒപ്പം ചെന്നു…

കെട്ടിടത്തിനുള്ളിൽ കയറിയപ്പോഴേ തൈലത്തിന്റെയും പച്ച മരുന്നിന്റെയും
രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറി… ഗായത്രിയുടെ അടുത്ത് ചെന്നപ്പോൾ കണ്ണടച്ചു കിടക്കുകയാണ്..

അമ്മയെ അവൻ വിളിച്ചു… അവർ കണ്ണുതുറന്ന് മകനെ നോക്കി..
നീർകണങ്ങൾ കണ്ണിൽ ഉരുണ്ടുകൂടി… അവനൊന്നും മിണ്ടാതെ കണ്ണുനീർ
തുടച്ചു കൊടുത്തു… പിന്നെ ഒന്നും
പറയാതെ വെളിയിലേക്ക് ഇറങ്ങി…

എല്ലാ റൂമുകളിലും ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.. അവൻ വെളിയിലേക്കിറങ്ങി
നല്ല തണുപ്പുണ്ട്.. റൂമിലേക്ക് നടന്നു.. അകത്തു കയറി വാതിലടച്ചപ്പോൾ
അല്പം ആശ്വാസം തോന്നി….
കിടന്നിട്ട് ഉറക്കം വരുന്നില്ല….

അല്ലെങ്കിൽ തന്നെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി… ഫോണെടുത്തു
വെറുതെ നോക്കി…

ഫോണിൽ
ജോബിയുടെയും വരുണിന്റെയും
പേരുകൾ കണ്ടപ്പോൾ വീണ്ടും
വേദനയുള്ള ഓർമ്മകൾ വന്നു കൂടി…

ഇപ്പോൾ ആരെയും വിളിക്കാറില്ല…
അവരോട് സംസാരിക്കുമ്പോൾ
പഴയതെല്ലാം തികട്ടി വരും…

അവരെ ഒഴിവാക്കിയിട്ട് തനിക്ക് സ്വസ്ഥതയുണ്ടോ… പിന്നെന്തിനാണ് അവരെ ഒഴിവാക്കിയത്.. അറിയില്ല… ഏട്ടനെ വിളിച്ച് വിവരം തിരക്കാറുണ്ടെന്ന് ഒരിക്കൽ ഏട്ടൻ
പറയുന്ന കേട്ടു… തിരിച്ചൊന്നും ചോദിച്ചില്ല… അറിയണമെന്ന് തോന്നിയില്ല…

9:00 ആയപ്പോൾ സൂരജ് എഴുന്നേറ്റ് ഫ്രഷായി.. കാന്റീനിലേക്ക് പോയി… ഇഡ്ഡലിയും സാമ്പാറും ആയിരുന്നു
രാവിലെ…. കഴിച്ചതിനുശേഷം വെളിയിലേക്കിറങ്ങി.. അമ്മ വല്ലതും
കഴിച്ചു കാണുമോ.. എല്ലാം അവർ
തന്നെ കൊടുക്കും എന്നാണ് പറഞ്ഞത്…

ആ പെൺകുട്ടിയെ കണ്ടെങ്കിൽ ചോദിക്കാമായിരുന്നു… അവൻ അവിടെയെല്ലാം അവളെ തിരഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോൾ കണ്ടു
ഓഫീസിൽ നിന്നും ഇറങ്ങി വരുന്നത്..
ഇവൾ എല്ലായിടവും ഉണ്ടല്ലോ.

ഇവിടുത്തെ ആരാണാവോ.
അവൻ അവളെ തന്നെ നോക്കി നിന്നു…

സാറേ.. അവന്റെ മുഖത്തിനരികിലേക്ക് അവൾ വിരൽ ഞൊടിച്ചു… അവൻ ഞെട്ടലോടെ പിറകോട്ട് മാറി… അമ്മ
വല്ലതും കഴിച്ചായിരുന്നോ…ഉവ്വ് കഴിച്ചു… രോഗികൾക്ക് ഇവിടെ ഉണ്ടാക്കുന്ന ഔഷധകഞ്ഞി ആണ് രാവിലെ
കൊടുക്കുന്നത്…

തിരുമ്മും ഉഴിച്ചിലും കഴിഞ്ഞ് കുളിയും കഴിഞ്ഞു… പിന്നെ പ്രാർത്ഥനയുടെ സമയമാണ്.. അതിനുശേഷമാണ് പ്രഭാതഭക്ഷണം…

ഇവിടെ ഒരുപാട് രോഗികൾ ഉണ്ടോ?

അവൾ അവനെ നോക്കി ഒന്നു
പുഞ്ചിരിച്ചു… ദാ ആ കാണുന്ന ബിൽഡിങ്ങിൽ മൊത്തം 210 മുറികൾ ആണുള്ളത്… രണ്ടുമൂന്ന് മുറിയിൽ
ഒഴികെ ബാക്കി എല്ലാത്തിലും
രോഗികളാണ്…

വൈദ്യർക്ക് അപ്പോൾ നല്ല വരുമാനം ഉണ്ടല്ലേ… അവൻ അങ്ങോട്ടേക്ക് നോക്കിക്കൊണ്ട് മനസ്സിലോർത്തു…

അത് മനസ്സിലായെന്നപോലെ അവൾ പറഞ്ഞു.. പണം വാങ്ങിയുള്ള ചികിത്സ മാത്രമല്ല ഇവിടെ ഉള്ളത്.. അനാഥരും എല്ലാവരും ഉണ്ടായിട്ടും ആർക്കും വേണ്ടാത്തവർ ആയവരും ഇവിടെയുണ്ട്… അവരെ ചികിത്സിക്കുന്നതും വൈദ്യരാണ്..

അത് പണം വാങ്ങിച്ചിട്ടില്ല… അവൻ ചെറിയ ചമ്മലോടെ മുഖം തിരിച്ചു.. അതുകണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി
മിന്നിമാഞ്ഞു…. അവൾ രോഗികളെ ചികിത്സിക്കുന്നിടത്തേക്ക് പോയി…

അവൻ ഓഫീസിന്റെ ഫ്രണ്ടിൽ കുറെ
നേരം ചിലവഴിച്ചു..

കുറേ ഔഷധച്ചെടികൾ നട്ടിരിക്കുന്നത് കണ്ട് അങ്ങോട്ടേക്ക്
ചെന്നു.. തോട്ടത്തിൽ ഒരാൾ അതിനെല്ലാം വെള്ളം ഒഴിക്കുന്നു.. അവിടെനിന്നും
ഓഫീസ് നിൽക്കുന്ന ബിൽഡിങ്ങിന് പുറകിൽ നോക്കിയപ്പോൾ നിറയെ വിളഞ്ഞുകിടക്കുന്ന പച്ചക്കറികൾ…

അവന് അത്ഭുതം തോന്നി…
അവന്റെ നോട്ടം കണ്ടിട്ടാവണം..
അയാൾ അടുത്തേക്ക് വന്നു..

ഇതെല്ലാം ഇവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്.. കഴിയുന്നതും പുറത്തു നിന്നും ഒന്നും വാങ്ങാറില്ല…
അവൻ അയാളെ നോക്കി പുഞ്ചിരിച്ചു..

പുതിയ അഡ്മിഷൻ ആണല്ലേ… ഇന്ന് രാവിലെ ചികിത്സ തുടങ്ങിയെന്ന് മൈഥിലി മോൾപറഞ്ഞു… അവൻ ചോദ്യഭാവത്തിൽ അയാളെ നോക്കി… ആരാ മൈഥിലി… ആഹാ.. കുഞ്ഞിനെ അറിയില്ലേ…

കുറച്ചു മുൻപ്സാറിനോട് കാര്യം
പറഞ്ഞില്ലേ അതാണ് മൈഥിലി മോൾ.. വൈദ്യരുടെ മകളാണ്..
വൈദ്യരുടെ ഭാര്യ…

അയ്യോ സാറേ..
വൈദ്യര് വിവാഹം കഴിച്ചിട്ടില്ല…

മൈഥിലി കുഞ്ഞ് വളർത്തുമകൾ ആണ്… ഈ ഗേറ്റിനു മുൻപിൽ പ്രസവിച്ചയുടനെ ആരോ ഉപേക്ഷിച്ചതാ കുഞ്ഞിനെ… അന്നുമുതൽ ഇവിടെയാ…

ഇവിടെ വരുന്നവരെയൊക്കെ നല്ല സ്നേഹത്തോടെയാ നോക്കുന്നത്… വൈദ്യർക്ക് ജീവനാ കുഞ്ഞിനെ… വൈദ്യരുടെ കൈപ്പുണ്യം കുറെയൊക്കെ മോൾക്കും കിട്ടിയിട്ടുണ്ട്… അല്ല ഇവിടെ റൂമിൽ എങ്ങും ആരുമില്ലേ… എല്ലാം അടഞ്ഞു കിടക്കുകയാണല്ലോ…

എല്ലാവരും എത്രയെന്നു കരുതിയ
മുറിയിൽ ഇരിക്കുന്നത്… ദേ ആ
കെട്ടിടത്തിന് പുറത്ത് എല്ലാവർക്കും ഇരിക്കാനുള്ള സൗകര്യമുണ്ട്…

അവിടെയാണ് കിഴിയും ഉഴിച്ചിലും ഒക്കെ കഴിഞ്ഞ് രോഗികളെ ഇളം വെയിൽ കൊള്ളാൻ ഇരുത്തുന്നത്…

അത്രയും നേരം അവരുടെ കൂടെ ഇരിക്കാമല്ലോ എന്ന് കരുതി കൂടെയുള്ളവരും അവിടേക്ക് പോകും….സാർ ഇവിടെ
ഇന്നലെ വന്നതല്ലേ ഉള്ളൂ…

അവൻ വേഗം അങ്ങോട്ടേക്ക് നടന്നു.. അമ്മയെ ഒന്ന് കാണാൻ പറ്റുമെങ്കിലോ… രോഗികളുടെ ബിൽഡിങ്ങിന് സൈഡിലൂടെ അപ്പുറത്തേക്ക് പോകാൻ കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്നു…

ധാരാളം പൂത്തുനിൽക്കുന്ന ചെടികൾ…. നടക്കുന്തോറും അവന് അതിശയം
തോന്നി…. നിറയെ പൂത്തുലഞ്ഞു
നിൽക്കുന്ന ചെടികൾക്ക് ഒപ്പം തന്നെ
കുറെ ഫലവൃക്ഷങ്ങളും….

എല്ലാത്തിന്റെയും ചുവട്ടിൽ കല്ലുകെട്ടി തിരിച്ച് സിമന്റ് ബെഞ്ച്ഉണ്ടാക്കിയിട്ടിരിക്കുന്നു… ധാരാളം തണൽമരങ്ങളും ഉണ്ട്… ചുറ്റിനും
വേറിട്ട ഒരു കാഴ്ചയായിരുന്നു അത്….

രോഗികളും കൂടെ കൂട്ടിരിപ്പുകാരും ഒക്കെയുണ്ട്… അമ്മയെ അവിടെയൊക്കെ നോക്കി കാണാൻ കഴിഞ്ഞില്ല… ദൂരെ മൈഥിലി ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു… ഒപ്പം അവരുടെ നീണ്ട മുടി കോതി ഉണ്ടാക്കുന്നുമുണ്ട്… വീൽചെയറിലാണ്… വെയിലിന് അഭിമുഖമായി അങ്ങോട്ട്
തിരിഞ്ഞിരിക്കുന്നു….

അവൻ അവിടെ
കണ്ട ഒരു സിമന്റ് ബെഞ്ചിലേക്ക് ഇരുന്നു… ഇത്രയും രോഗികൾ ഉണ്ടായിട്ടും ആകെ
ഒരു ശാന്തതയാണ്…. ഒരു ഇല
അനങ്ങിയാൽ പോലും അറിയാം…

കുറെ നേരം അവിടെ ഇരുന്നു… സമയം പോയത് അറിഞ്ഞതേയില്ല…

ഉച്ചയ്ക്കുള്ള ആഹാരം കഴിക്കാൻ രോഗികളെ അവരവരുടെ റൂമിലേക്ക് കൊണ്ടുപോയി തുടങ്ങി… അവൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു…..

ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു… ഗായത്രിയെ ഇവിടെ കൊണ്ടു വന്നിട്ട് 20 ദിവസം കഴിഞ്ഞിരിക്കുന്നു….

സൂരജ്
പതിവുപോലെ സിമന്റ് ബെഞ്ചിൽ ഇരിക്കുമ്പോഴാണ് മൈഥിലി അങ്ങോട്ടേക്ക് വന്നത്…… അപ്പാവിളിക്കുന്നുണ്ട്… ചോദ്യഭാവത്തിൽ അവളെ നോക്കി….
ഒരു സന്തോഷവാർത്ത പറയാൻ ആണ്..

അവൻ വേഗം വൈദ്യരുടെ അടുത്തേക്ക് ചെന്നു… അവർ നേരെ പോയത് ഗായത്രിയുടെ മുറിയിലേക്കാണ്… സൂരജ് അമ്മയെ നോക്കി… മുഖത്തിനൊക്കെ
ഒരു തെളിച്ചം ഉണ്ട്….. വലതുകൈ അനക്കിതുടങ്ങി… ഇത്രയുംപെട്ടെന്ന് ഒരു മാറ്റം വൈദ്യരും പ്രതീക്ഷിച്ചില്ല… അവന് ആകെ സന്തോഷം തോന്നി… ഗായത്രി അവനെ നോക്കി കിടന്നു…

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ അവരുടെ കണ്ണുനീർ തുടച്ചു കൊടുത്തു.. വൈദ്യരുടെ കൂടെ വെളിയിലേക്കിറങ്ങി… ഇത് ഒരു നല്ല സൂചനയാണ്…

പെട്ടെന്ന് എല്ലാം ശരിയാവും എന്ന് എന്റെ മനസ്സ് പറയുന്നു… എല്ലാം ഭഗവാനിൽ അർപ്പിച്ചുകൊണ്ട് നമുക്ക് ചികിത്സ തുടരാം…

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14

തുലാമഴ : ഭാഗം 15

തുലാമഴ : ഭാഗം 16

തുലാമഴ : ഭാഗം 17