പ്രണയവീചികൾ : ഭാഗം 10
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
രാത്രി കിടക്കാനായി പോകുമ്പോഴും ഋതു വീഡിയോ കാൾ നിർത്തിയിട്ടില്ലായിരുന്നു. അവളുടെ ചിരി റൂമിൽ നിറഞ്ഞുനിന്നിരുന്നു.
പകുതി അടഞ്ഞുകിടന്ന വാതിലിന് വിടവിലൂടെ വലിയൊരു ടെഡിയെയും കെട്ടിപ്പിടിച്ചു കൊണ്ട് വീഡിയോ കാൾ ചെയ്യുന്ന ഋതുവിനെ ഒരു മിന്നായം പോലെ ഋഷി കണ്ടു.
പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ എല്ലാവരുമുണ്ടായിരുന്നു.
വൈകുന്നേരം ഞാൻ നേരത്തെ വരാം. മാനേജർ ശങ്കർ ദാസിനെ ഒരാഴ്ചത്തേക്ക് കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. ഋഷി നീ ഫർണിഷിങ്ങിലെ കാര്യങ്ങൾ ഏൽപ്പിച്ചല്ലോ അല്ലേ.. നന്ദൻ ചോദിച്ചു.
ഉവ്വ് അച്ഛാ… അവൻ പറഞ്ഞു.
നമുക്കൊരുമിച്ച് എല്ലാവർക്കുമുള്ള ഡ്രസ്സ് എടുത്തിട്ട് പോകാം. പോകുന്ന വഴി എടുത്താൽ മതിയല്ലോ… അതേ ഗൗരവത്തിൽ അയാൾ ചോദിച്ചു.
മതി.. പോകുന്ന വഴി നമ്മുടെ ടെക്സ്റ്റയിൽസിൽ നിന്നും വാങ്ങാമല്ലോ.. ശ്രീദേവി തന്റെ അഭിപ്രായം പറഞ്ഞു.
എല്ലാവരുടെയും നോട്ടം മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുന്ന ഋതുവിൽ ചെന്നുനിന്നു.
അത് മനസ്സിലായെന്നവണ്ണം അവൾ അവരുടെ മുഖത്തേക്ക് നോക്കി.
കഴിച്ച പ്ളേറ്റുമെടുത്തവൾ എഴുന്നേറ്റു.
എനിക്കാവശ്യമുള്ള സാധനങ്ങൾ ഞാൻ കുറച്ച് കഴിഞ്ഞ് പുറത്തുപോയി വാങ്ങും.
വൈകുന്നേരം ഞാൻ കാറിൽ ഇരിക്കും.
ആവശ്യക്കാർ പോയി വാങ്ങണം അവർക്കാവശ്യമുള്ളവ… അവളുടെ സ്വരം ഉറച്ചതായിരുന്നു.
അതെങ്ങനെ ശരിയാകും.. നീയില്ലാതെ എങ്ങനെയാ… ഋഷി പെട്ടെന്ന് ചോദിച്ചു.
ഹ്മ്മ്… പുച്ഛം കലർന്നൊരു ചിരി അവളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞു.
കഴിഞ്ഞ ആറ് വർഷമായി ഞാൻ ഉണ്ടായിരുന്നു. അന്ന് എല്ലാവരാലും സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു. അന്ന് എല്ലാത്തിൽനിന്നും എന്നെ മാറ്റിനിർത്തി.
ചേർത്തുപിടിക്കേണ്ട കരങ്ങൾ തന്നെ അവഗണനയുടെ വെറുപ്പിന്റെ നോട്ടമെറിയുമ്പോൾ ഞാനനുഭവിച്ച വേദന ആരും അറിഞ്ഞില്ല.. കണ്ടില്ലെന്ന് നടിച്ചു.
മകളോടൊന്ന് മിണ്ടാൻ എന്റെ അച്ഛൻ നന്ദൻ മേനോന് കുറച്ചിലായിരുന്നു.
പെങ്ങളെന്ന് പറഞ്ഞ് ചേർത്തുനിർത്താൻ സഹോദരന് നാണക്കേടായിരുന്നു.
പതിനഞ്ച് വയസ്സുള്ള ഞാൻ ചെയ്ത തെറ്റെന്തായിരുന്നു. പനി പിടിച്ച് വിറച്ചു കിടന്നപ്പോൾ ആർത്തിപിടിച്ച ഏതോ ചെന്നായ കടിച്ചു കുടഞ്ഞു.
എല്ലാവരും തെറ്റുകാരിയെന്ന് മുദ്ര കുത്തുമ്പോഴും വിരൽ ചൂണ്ടുമ്പോഴും എന്റെ ഏട്ടൻ എന്നെ മനസ്സിലാക്കുമെന്ന് കരുതി.
ഒന്നുമില്ല അച്ഛന്റെ മോൾക്കെന്ന് പറഞ്ഞ് അച്ഛനെന്നെ ചേർത്തു പിടിക്കുമെന്ന് കരുതി.
എന്നാൽ കുടുംബത്തിന്റെ ഗൗരവവും അഭിമാനവും മാത്രമായിരുന്നു നിങ്ങൾ മുറുകെ പിടിച്ചത്.
അതിനിടയിൽ ശരീരവും മനസ്സും വേദനിച്ച് വിങ്ങിയ പതിനഞ്ച് വയസ്സുകാരിയെ നിങ്ങളുടെ തന്നെ രക്തത്തെ നിങ്ങൾ മറന്നു കളഞ്ഞു മനപ്പൂർവം.
അച്ഛന്റെ വാക്കുകൾ ധിക്കരിക്കാതെ അച്ഛൻ പറയുന്നത് മാത്രം അനുസരിച്ചു ശീലിച്ച എന്റെ അമ്മയ്ക്കും മനസ്സിലായില്ലേ അമ്മേ എന്റെ വേദന.
ആരുമില്ലാതെ ഒറ്റയ്ക്കാകുന്നവളുടെ നൊമ്പരം. കുഞ്ഞല്ലായിരുന്നോ അമ്മേ ഞാൻ.
ഞാൻ അങ്ങനൊരു തെറ്റ് ചെയ്യില്ലെന്ന് അറിയാമായിരുന്നിട്ടും സുഭദ്ര അപ്പച്ചി അപവാദം പറഞ്ഞപ്പോൾ പോലും അമ്മ എതിർത്തൊരു വാക്ക് പറയാത്തതെന്താ അമ്മേ.
എന്റെ മകളുടെ ജീവിതം നശിച്ചെന്ന് പറഞ്ഞ് കരഞ്ഞാൽ മാത്രം മതിയായിരുന്നോ.?
നിങ്ങൾ വളർത്തിയ മകളല്ലേ ഞാൻ.. ആരൊക്കെ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും ഞാൻ തെറ്റ് ചെയ്യുമെന്ന് നിങ്ങൾ വിശ്വസിച്ചല്ലോ.
തകർന്നിരിക്കുന്ന സമയത്ത് ആശ്വാസകരമായ ഒരു വാക്ക്, സ്നേഹപൂർവ്വമുള്ള ഒരു നോട്ടം.. തലോടൽ ഇത്രയൊക്കെയേ ഞാനും ആഗ്രഹിച്ചിട്ടുള്ളൂ.
ആഗ്രഹിച്ച സമയത്ത് കിട്ടാത്തതൊന്നും ഇപ്പോഴെനിക്ക് വേണ്ട.
ആറുവർഷമായി ഋതിക ഒറ്റയ്ക്കായിരുന്നു..
വാശിയായിരുന്നു എന്നെ അംഗീകരിക്കാത്തവരോട്.. പരിഗണിക്കാത്തവരോട്… മനസ്സിലാക്കാത്തവരോട്.
പുറമേ അഹങ്കാരിയെന്ന ചട്ടക്കൂടണിഞ്ഞ് സ്വയം ഒളിപ്പിച്ചു നിർത്തിയിട്ടും അത് കണ്ടുപിടിക്കാൻ ചിലർ വേണ്ടിവന്നു.
ആരാണെന്ന് പോലും അറിയാത്തവർ. അവളുടെ മനസ്സിൽ എന്തുകൊണ്ടോ അപ്പോൾ സാരംഗിന്റെ മുഖം തെളിഞ്ഞു വന്നു.
അവൾ അടുക്കളയിലേക്ക് നടന്നു.
അവളുടെ വാക്കുകൾ കാരിരുമ്പിനേക്കാൾ മൂർച്ചയിൽ അവരുടെ ഹൃദയങ്ങളിൽ തറച്ചു കയറി.അതിൽനിന്നും രക്തം പൊടിഞ്ഞുകൊണ്ടിരുന്നു.
അവൾ തൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരമോ.. അവളുടെ വേദനയ്ക്കുള്ള വേദനസംഹാരിയോ അവരുടെ പക്കൽ ഇല്ലായിരുന്നു.
ഋതു ഷോപ്പിംഗ് കഴിഞ്ഞെത്തിയപ്പോൾ ഏകദേശം ഉച്ചയായി. തനിക്കാവശ്യമായ വസ്ത്രങ്ങൾ മാത്രമേ അവൾ വാങ്ങിയിരുന്നുള്ളൂ.
മോളേ.. അമ്മ പോസ്റ്റ് ഓഫീസ് വരെ പോയിവരാം.
കൊറിയർ വന്ന് കിടപ്പുണ്ട്. അതെടുക്കണം. നീ ഇറങ്ങി നിൽക്ക്. അവർ വന്നയുടൻ ഇറങ്ങാം… അവളോട് പറഞ്ഞശേഷം ശ്രീദേവി പോയി.
കുളി കഴിഞ്ഞ് ദാവണിയാണവൾ ധരിച്ചത്.
ഈറൻ മുടി തുവർത്തിക്കൊണ്ട് നിന്നപ്പോഴാണ് പിന്നിലൊരു ചുടുനിശ്വാസം പതിച്ചത്.
ശരീരത്തിലാകമാനം മിന്നല്പിണരുകൾ പാഞ്ഞു പോയതുപോലെ അവൾ ഞെട്ടിത്തിരിഞ്ഞു.
പിന്നിൽ ചിരിയോടെ വേദ് നിൽക്കുന്നു.
അടിമുടി വിറച്ചുപോയി ഋതു. കടന്നലുകൾ കൂട്ടത്തോടെ ഇളകിയതുപോലെ തലയ്ക്കകമാകെ മൂളിപ്പറക്കുന്നു.
നിങ്ങളെന്തിനാ ഇവിടെ വന്നത്. പുറത്തു പോ. എന്റെ മുറിയിൽ നിന്നും പുറത്തു പോകാൻ..
പുറത്തേക്ക് വിരൽചൂണ്ടി അവൾ അലറി.
എന്റെ ഋതുക്കുട്ടീ… ഒരു വർഷം കഴിഞ്ഞാൽ നമ്മുടെ വിവാഹമാണ്. നീയിതൊന്നും അറിഞ്ഞില്ലേ. നിന്റെ പഠിത്തം കഴിഞ്ഞാലുടൻ വിവാഹം.
ആ എനിക്ക് നിന്റെ മുറിയിൽ കടന്നുവരാനോ നിന്നോടൊപ്പം ചിലവഴിക്കാനോ ആരുടെയും അനുവാദം വേണ്ട . വേദ് ചിരിയോടെ പറഞ്ഞു.
വിവാഹമോ.. അതും നിങ്ങളെ. ഈ ജന്മം നടക്കില്ല. ഋതികയ്ക്കൊരു വിവാഹമില്ല.. അവൾ ഉറപ്പോടെ പറഞ്ഞു.
എല്ലാം അറിഞ്ഞുകൊണ്ട് നിന്നെ വിവാഹം ചെയ്യാൻ ആര് വരാനാ മോളേ. നിന്റെ വേദിനാകുമ്പോൾ എല്ലാം അറിയാമല്ലോ.. വേദ് ചിരിയോടെ പറഞ്ഞു.
എന്തായാലും നീ ദാവണി ഉടുത്തപ്പോൾ എന്ത് ഭംഗിയാടീ. പണ്ട് പട്ടുപാവാടയിൽ നടന്നതല്ലേ. കണ്ണടച്ചാൽ തെളിഞ്ഞുവരുന്നത് ആ രൂപമാണ്.
പട്ടുപാവാടയിലും കുപ്പിവളകളിലും തുള്ളി തുളുമ്പി നിന്ന പ്രായം. നിന്റെ മനസ്സ് മയക്കുന്ന ചിരി.
ഇപ്പോഴോ ആരുമൊന്ന് കൊതിക്കും. അഴകൊത്ത വടിവൊത്ത ശരീരമല്ലേ… അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലാകമാനം ഓടിനടന്നു.
അടക്കിപ്പിടിച്ചു വച്ചിരുന്നവയെല്ലാം കുത്തിയൊഴുകി.
യു.. അവളവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു.
മതിയായില്ല അല്ലേടാ നിനക്ക്.. എന്നെ ഇത്രയും ദ്രോഹിച്ച് നിനക്ക് മതിയായില്ല അല്ലേ.
എന്റെ ഋഷിയേട്ടനെപ്പോലെ അല്ലേ നിന്നെയും ഞാൻ കണ്ടത് സ്നേഹിച്ചത്.
എന്നാൽ നീയോ.
ആരുമില്ലാതെ പനിച്ചു വിറച്ചു കിടന്ന എന്നെ… എന്നെ നശിപ്പിച്ചില്ലേ നീ. അരുതെന്ന് കൈകൾ കൂപ്പി കെഞ്ചിയിട്ടും തകർത്തെറിഞ്ഞില്ലേ എന്റെ ജീവിതം നീ. എല്ലാവരുടെയും മുൻപിൽ എന്നെ തെറ്റുകാരിയാക്കി എല്ലാം കണ്ടുകൊണ്ട് ആസ്വദിച്ചില്ലേ നീ.
എല്ലാവരുടെയും മുൻപിൽ നല്ല അഭിനയം കാഴ്ച വച്ചവൻ.
ബന്ധുക്കളെയും സ്വന്തം സഹോദരനായും സുഹൃത്തായും കണ്ട ഋഷിയേട്ടനെപ്പോലും പറഞ്ഞ് വിശ്വസിപ്പിച്ച് കബളിപ്പിച്ചവൻ.
പതിനഞ്ച് വയസ്സിൽ ഋതികയെന്ന എന്നെ കടിച്ചു കുടഞ്ഞ ചെന്നായ… ആട്ടിൻ തോലണിഞ്ഞ ചെന്നായ.. മറ്റാരുമല്ല നീ.. നീയാണത് ശ്രീവേദ് എന്ന വേദ്..
കുടുംബം തകരുമെന്ന ചിന്തയിൽ പ്രിയപ്പെട്ടവരെ വേദനിപ്പിക്കാതിരിക്കാൻ.. എന്റെ ഏട്ടനെ ഒരു കൊലപാതകിയായി കാണാതിരിക്കാൻ..
ഋതിക കഴിഞ്ഞ ആറ് വർഷമായി ഉള്ളിലൊതുക്കിയ രഹസ്യം..
(തുടരും )