Friday, May 3, 2024
Novel

നീരവം : ഭാഗം 21

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

അടുത്തേക്ക് വന്ന നീഹാരികയിലേക്ക് നീരവ് മിഴികൾ ഉറപ്പിച്ചു. അവളുടെ പഴയ സൗന്ദര്യവും ഊർജ്ജ്വസ്വലതയുമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു.നീരവിന്റെയുള്ളിൽ മിഴിനീരുറവ പൊട്ടിയൊഴുകി.

നീഹാരികയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല‌.അവളും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു. നീരവിന്റെ പഴയ പ്രസരിപ്പൊക്കേ പാടേ മാറിയിരിക്കുന്നു. ഇനിയൊരിക്കലും ഒരു കണ്ടുമുട്ടില്ലെന്ന് കരുതിയതാണ്.പക്ഷേ വിധി വീണ്ടും തോൽപ്പിച്ചിരിക്കുന്നു.അവൾക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി.അത്രയും വേദന നെഞ്ചിൽ ചുമക്കുന്നുണ്ട്.

കാണുമ്പോൾ ഒരുപാട് സംസാരിക്കണമെന്ന് കരുതിയതാണ് പക്ഷേ വാക്കുകൾ കിട്ടുന്നില്ല.തൂലികയിലെ മഷിനീര് പെട്ടെന്ന് വറ്റിയത് പോലെ മനസാകെ ശൂന്യമാണ്.

എന്തിനാണ് തള്ളിപ്പറഞ്ഞ് വേദനയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ട് പോയതെന്ന് അറിയണമെന്നുണ്ടായിരുന്നു.ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നീഹാരികയുടെ നെഞ്ചിന്റെ ചൂടേറ്റ് വാങ്ങി അവളുടെ തോളിൽ ഉറങ്ങുന്നു.ഉത്തരം കിട്ടിയില്ലെങ്കിലും ഇടയിൽ അവ്യക്തമായ നിഴലുകൾ ചലിക്കുന്നുണ്ട്.അതുകൂടി തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ പൊള്ളുന്ന മനസ്സിനൊരു വർഷമേഘമായി മാറിയേനെ..

“നീരവേട്ടാ മാപ്പ്..എല്ലാത്തിനും മാപ്പ്”

ഒടുവിൽ നീഹാരികയിൽ നിന്ന് സ്പഷ്ടമായി വാക്കുകൾ പുറത്തേക്ക് പ്രവഹിച്ചു. നീരവാകെ ആടിയുലഞ്ഞു. പ്രക്ഷുബ്ദമായ കടലുപോലെയായി അവന്റെ മനസ്സ്.എന്ത് പറയണമെന്ന് അറിയാതെ നിയന്ത്രണം നഷ്ടമായ നാവികനെ പോലെ ഉഴറി നിന്നു.

ഒരിക്കൽ എല്ലാമെല്ലാം ആയിരുന്നവൻ.ഇരുശരീരവും ഒരുമനസ്സുമായി ജീവിച്ചിരുന്ന ഇണപ്രാവുകൾ. കാലം പ്രതീക്ഷകൾക്ക് വിരുദ്ധമായി ചില മാറ്റങ്ങൾ നടത്തി.അതിൽ നഷ്ടപ്പെട്ടത് രണ്ടു ജീവിതങ്ങളായിരുന്നു.ഒന്നായി തീരാൻ വെമ്പൽ കൊണ്ട രണ്ടു യുവമിഥുനങ്ങളുടെ.

“നീഹാരിക ഞാൻ ജാനകീ വർമ്മ സബ് ഇൻസ്പെക്ടർ ആണ്”

ജാനകി വർമ്മ തന്നെ നീഹാരികക്ക് പരിചയപ്പെടുത്തി. നീരജ എഴുന്നേറ്റു ചെന്ന് നീഹാരിയുടെ തോളിൽ കൈവെച്ചു.അടക്കിപ്പിടിച്ച സങ്കടം കൂട്ടുകാരികളുടെ കണ്ണുകളിൽ നിന്ന് പെയ്തു തുടങ്ങി. നീരജ അവളിൽ നിന്ന് കുഞ്ഞിനെ വാങ്ങി.നിദ്രയുടെ സുഖലാലസ്യത്തിന് ഭംഗമേറ്റതോടെ കുഞ്ഞാദ്യമൊന്ന് ഞെട്ടിയെങ്കിലും കരഞ്ഞില്ല.മിഴികൾ തുറന്ന് പിടിച്ചു തന്നെ എടുത്തിരിക്കുന്ന ആളിൽ കുഞ്ഞുകണ്ണുകൾ ഉറപ്പിച്ചു. പതിയെ കുഞ്ഞൊന്ന് മന്ദഹാസം പൊഴിച്ചു.

രക്തം രക്തത്തെ തിരിച്ചറിയുന്ന അസുലഭമായ നിമിഷങ്ങൾ. നീരജയുടെ കയ്യിൽ കിടന്ന് കുഞ്ഞ് കൈകാലിട്ട് അടിച്ചു കളിക്കാൻ തുടങ്ങിയത് പ്രകൃതിയുടെ മറ്റൊരു പ്രതിഭാസമാണ്. മാധവ് എഴുന്നേറ്റു ചെന്ന് കുഞ്ഞിനെ വാങ്ങി കൊഞ്ചിച്ചു കൊണ്ടിരുന്നു.

“നീഹാരി നാളെ ഞങ്ങൾ വരും നിന്നെയും കൂട്ടിക്കൊണ്ട് പോകാനായി..നീയും കുഞ്ഞും വളരേണ്ടത് ഇവിടെയല്ല നീരവത്തിലാണ്”

ജാനകിയുടെ വാക്കുകൾ കേട്ടതും നീഹാരിക ഭയന്ന് ഒരു ചുവട് പിന്മാറി.

“ഇല്ല അവിടേക്ക് ഞാൻ വരില്ല..എന്നെ ജീവനോടെ അടക്കം ചെയ്തു മൂടിയ സ്ഥലമാണ്”

കൈകൾ മുഖത്ത് അമർത്തിയവൾ പൊട്ടിക്കരഞ്ഞു.. എല്ലാവരും ഒരുനിമിഷം സ്തബ്ദരായി.എന്താണ് സംഭവിച്ചതെന്നതിന്റെ ഏകദേശം രൂപം നീഹാരിക പറയാതെ തന്നെ അവർക്കെല്ലാം മനസ്സിലായി.

മഴപെയ്യുന്നൊരു സായ്ഹാനത്തിലാണ് ഒരുവർഷങ്ങൾക്ക് മുമ്പ്‌ നീഹാരിക നീരവിനെ തേടി നീരവത്തിൽ എത്തിയത് (നീരവം വീട്ടുപേരാണ്).നീരവിന്റെ മൊബൈലിൽ തുടർച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് എന്നായിരുന്നു മറുപടി. അച്ഛനു സുഖമില്ലാതെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു. വില കൂടിയ മരുന്ന് പുറത്ത് നിന്ന് വാങ്ങണമെന്ന് ഡോക്ടർ കുറിച്ച് നൽകിയപ്പോൾ പണം തികയാതെ വന്നപ്പോൾ നീരവിനെ തേടി മഴയും നനഞ്ഞ് നീരവത്തിലെത്തി.അവിടെ അപ്പോൾ നീരജ് മാത്രമേ ഉണ്ടായിരുന്നുള്ളു. മാധവും മീനമ്മയും നീരജയും കൂടി ഏറ്റവും അടുത്ത ഒരു ബന്ധു മരണം അടഞ്ഞതിനാൽ അവിടേക്ക് പോയിരുന്നു. നീരവാണെങ്കിൽ ടൂറിലും ആയിരുന്നു.

അടഞ്ഞ് കിടന്ന വാതിലിനെ നോക്കി നിന്നിട്ട് നീഹാരിക കോളിങ് ബെല്ലിൽ വിരലമർത്തി.സമയം കളയാനായി അധികമില്ല.മഴപെയ്ത് നനഞ്ഞതിനാൽ ഒഴുകിയ കണ്ണുനീർ അതിൽ ലയിച്ചു ചേർന്നു.

നീരവിനെ പ്രതീക്ഷിച്ചു നിന്ന അവൾക്ക് മുമ്പിൽ തീരെ പ്രതീക്ഷിക്കാതെയാണ് നീരജ് ഇറങ്ങി വന്നത്. നനഞ്ഞൊട്ടിയ തുണികൾ നീഹാരികയുടെ അംഗലാവണ്യം മുഴുവനും പ്രകടമാക്കി.ആർത്തി പിടിച്ച കണ്ണുകളാൽ നീരജ് അവളെ കൊത്തിപ്പറിച്ചു.അവന്റെ നോട്ടം കണ്ടെങ്കിലും മറ്റൊന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല നീഹാരി.

“നീരവേട്ടൻ എവിടെ? വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.”

സങ്കടത്തിരമാലകൾ ഉള്ളിലൊതുക്കി അവൾ പറഞ്ഞു. നീരവിനെ കാണാൻ കഴിയാത്തതും അച്ഛന്റെ അവസ്ഥയും ഓർത്ത് വല്ലാത്ത മാനസികാവസ്ഥയിലാണ്..

“ഏട്ടൻ പനിച്ചു കിടക്കയാണ് ഏട്ടത്തി..മുകളിലെ മുറിയിലുണ്ട്”

കൗശലത നിറഞ്ഞ കണ്ണുകളോട് അതിലുപരി സ്നേഹത്തോടെ അവൻ പറഞ്ഞു. നീരവിന് പനിയാണെന്ന് കേട്ടതും മറ്റൊന്നും അവൾ ചിന്തിച്ചില്ല.നീരജ് ചൂണ്ടിക്കാട്ടിയ റൂമിലേക്ക് നീഹാരി നിലവിളിയോടെ ഓടിക്കയറി. തന്റെ ബുദ്ധി വിജയിച്ച സന്തോഷത്തോടെ കതക് ലോക്ക് ചെയ്തു നീഹാരി കയറിയ മുറിയിലേക്ക് അവനും കയറി. റൂമിൽ നീരവിനെ കാണാതായപ്പോഴാണ് അവന്റെ ചതി മനസ്സിലായത്.രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“നീരജ് എന്നെ വിടൂ..പ്ലീസ് ഉപദ്രവിക്കരുത്..എന്റെ അച്ഛൻ ഹോസ്പിറ്റൽ ആണ്.എന്നെ വിടൂ”

നീരാളിയെ പോലെ വരിഞ്ഞ് മുറുക്കിയ നീരജിന്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെടാനായി നീഹാരിക കുതറിയെങ്കിലും കഴിഞ്ഞില്ല.ബലിഷ്ടമായ അവന്റെ കരങ്ങൾ കൂടുതൽ അമർന്നു.

“ഇതുപോലെയൊരു അവസരത്തിനാണ് ഞാൻ കാത്തിരുന്നത്.. നീരവ് ആഗ്രഹിച്ചതെല്ലാം ഇന്നുവരെ ഞാൻ നേടിയെടുത്തിട്ടേയുള്ളൂ..നിന്നെയും വിട്ടു കൊടുക്കില്ല”

നീഹാരികയുടെ എതിർപ്പുകൾ കരുത്തനായ അവനു മുമ്പിൽ ദുർബലമായി.അവസാനത്തെ ഉടയാടയും അഴിഞ്ഞ് വീഴുമ്പോഴും അവൾ പ്രതിരോധിച്ചു കൊണ്ടിരുന്നു..അപ്പോൾ പുറത്ത് മഴ കൂടുതൽ ശക്തിയാർജ്ജിച്ച് പെയ്യുവാൻ തുടങ്ങി.

സമയം ഇഴഞ്ഞ് നീങ്ങി.. പുറത്തെ മഴയും ശമിച്ചു തുടങ്ങി. വലിച്ചെറിഞ്ഞ തുണികളെടുത്ത് ധരിക്കുമ്പോൾ ശരീരത്തോടൊപ്പം മനസ്സും ചുട്ടുപൊള്ളി.പുറത്തേക്ക് നടക്കുമ്പോൾ അവൾ വേച്ചു പോയി.

“ദാ പൈസ… നിന്റെ ജോലിക്കുളള പ്രതിഫലമായി കൂട്ടിക്കോളൂ”

പരിഹാസത്തോടെ നീരജ് മുഖത്തേക്ക് വലിച്ചെറിഞ്ഞ നോട്ടുകൾ നീഹാരി പെറുക്കിയെടുത്തു.അച്ഛന്റെ ജീവനായിരുന്നു മനസ്സിൽ.അവൾ പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ വീണ്ടും മഴ തകർത്തു പെയ്തു തുടങ്ങി. മഴയെ അവഗണിച്ച് തളർച്ചയോടെ അവൾ നടന്നു.

ഹോസ്പിറ്റൽ മരുന്ന് വാങ്ങി നൽകിയ ശേഷം നീഹാരിക വീട്ടിലെത്തി.. കഴിക്കുവാനും കുളിക്കുവാനും തോന്നിയില്ല അതേ കിടപ്പ് തുടർന്നു.രണ്ടു ദിവസം അവൾ എങ്ങനെയോ തള്ളി നീക്കി.മനസ്സിൽ ഉറച്ച തീരുമാനവും എടുത്തു..

“പരിശുദ്ധിയില്ലാതെ നീരവേട്ടന്റെ ജീവിതത്തിൽ കടന്നു ചെല്ലാനാകില്ല..ഒരിക്കലും കളങ്കമില്ലാത്ത മനുഷ്യനെ ചതിക്കാൻ കഴിയില്ല”

തന്നെ നശിപ്പിച്ച് തന്റെ ജീവിതം തകർത്ത നീരജിനോടവൾക്ക് ഒടുങ്ങാത്ത പക തോന്നി .പ്രതികാരം ചെയ്യാനും തീരുമാനിച്ചു. പക്ഷേ അവളുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു പിന്നീട് നടന്നത്.

മകനിൽ നിന്ന് വിവരം അറിഞ്ഞ മീനമ്മ നീരജിനെ വഴക്ക് പറഞ്ഞു. എങ്കിലും മകന്റെ ജീവിതം സേഫാകണം.അവർ കരുതി.

നീഹാരിയുടെ അച്ഛനെ നിർബന്ധപൂർവ്വം ഹോസ്പിറ്റൽ നിന്ന് മീനമ്മ ഡിസ്ചാർജ് ചെയ്യിപ്പിച്ചു.അവരുടെ വീടും സ്ഥലവും തങ്ങളുടെ പേരിലാക്കി നൽകുവാനും ഭീഷണി മുഴക്കി.ഇല്ലെങ്കിൽ മകളുടെ വീഡിയോ ഇന്റർ നെറ്റിലൂടെ ലോകം മുഴുവനും കാണുമെന്നും പറഞ്ഞു.

ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്ന തിരിച്ചറിവ് നീഹാരികയെ തകർച്ചയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു.മകൾക്ക് സംഭവിച്ച ദുർവിധി പുറം ലോകം അറിയതിരിക്കാനുളള വ്യവസ്ഥ അവളുടെ മാതാപിതാക്കൾക്ക് സമ്മതിക്കേണ്ടി വന്നു. ഒടുവിൽ നാട് വിടുവാനും.

നീരവിനെ കണ്ട് ഇനിയൊരിക്കലും തന്നെ തിരയരുതെന്ന് മുന്നറിയിപ്പ് നൽകി അവൾ അവനിൽ നിന്ന് പോയി മറഞ്ഞു.മകളുടെ അവസ്ഥയിൽ മനം നൊന്ത് അച്ഛൻ ഹൃദയം തകർന്നു മരിച്ചു. (അവൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ)

നീഹാരിക പ്രഗ്നന്റായി എട്ടാം മാസം അമ്മയും അവളെ വിട്ടു പോയി.പക്ഷേ വിധി മീനമ്മയുടെ രൂപത്തിൽ അവളോടൊരു കരുണ കാണിച്ചു.. നാട്ടിൽ നിന്ന് ഓടിച്ചു വിട്ടെങ്കിലും നീഹാരികയെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ അറിയാൻ അവർ ആളെ ഏർപ്പാട് ചെയ്തിരുന്നു. അനാഥയായ അവളെ ഒടുവിൽ അനാഥാലയത്തിൽ ആക്കുകയും ചെയ്തു…

ജാനകി വർമ്മയുടെ നിർബന്ധത്താൽ കണ്ണീരോടെ തനിക്ക് സംഭവിച്ചതൊക്കെ ചുരുക്കി പറയുമ്പോൾ പലപ്പോഴും നീഹാരിയുടെ ശബ്ദം ഇടറിപ്പോയിരുന്നു.എല്ലാവരും സ്തംഭിച്ചു നിൽക്കുകയാണ് അവളുടെ കഥ കേട്ടിട്ട്..

നീരവിന്റെ നെഞ്ചിൽ വലിയൊരു ഭാരം ഇരിക്കുന്നത് പോലെ അനുഭവപ്പെട്ടു.

“അറിഞ്ഞിരുന്നില്ല ഒന്നും…മനസ്സിലാക്കാൻ കഴിഞ്ഞില്ല..ശപിക്കരുത്.നീയും കുഞ്ഞും ഇനി ജീവിക്കേണ്ടത് നീരവത്തിലാണ്”

“ഇല്ല നീരവേട്ടാ…അവിടേക്ക് ഞാനില്ല.ജീവനോടെ കുഴിച്ച് മൂടിയ സ്ഥലത്തിനേക്കാൾ നല്ലത് ഇവിടമാണ്.സമാധാനവും സ്നേഹവും ഇവിടെ ധാരാളം ഉണ്ട്”

നീരവിന്റെ ചോദ്യത്തിന് ഉത്തരമായി അവൾ മറുപടി കൊടുത്തു..

“നിനക്ക് വേണ്ടിയല്ല..പക്ഷേ ഈ കുഞ്ഞിനു വേണ്ടി മോൾ വരണം..ഇതൊരു പെൺകുഞ്ഞാണു അവൾക്ക് എല്ലാവരും വേണം.. എന്റെ പേരക്കുട്ടി അനാഥയായല്ല വളരേണ്ടത്”

പേരക്കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ചു മാധവ് കുഞ്ഞിന്റെ കവിളിൽ ചുണ്ടുകൾ അമർത്തി..

“അതേ നീഹാരിക.. നീ നീരവത്തിൽ ഉള്ളപ്പോൾ നീരജിനു സമാധാനം ലഭിക്കില്ല.അതിനേക്കാൾ വലിയൊരു പ്രതികാരം അവനു കൊടുക്കാനുമില്ല”

ജാനകിയുടെ ഉറപ്പുളള ശബ്ദമായിരുന്നു.എല്ലാവരും മദറും നിർബന്ധിപ്പിച്ചപ്പോൾ മകളുടെ ഭാവിയെ കരുതി നീരവത്തിലേക്ക് വരാമെന്ന് നീഹാരിക സമ്മതിച്ചു..

പെട്ടന്നാണ് ജാനകിയുടെ മൊബൈൽ ശബ്ദിച്ചത്..ഉടനെ അവർ കോൾ അറ്റൻഡ് ചെയ്തു…

“ങേ.. മീരയെ കാണാനില്ലന്നോ?.സംശയം ഉളളവരെയും അയൽക്കാരെയും ചോദ്യം ചെയ്യണം.ഞങ്ങൾ പെട്ടെന്ന് എത്താം”

അവർ ഫോൺ കട്ട് ചെയ്തു കൂടെയുള്ളവരോടായി പറഞ്ഞു..

“നമുക്ക് വേഗം മീരയുടെ വീട്ടിലെത്തണം…വീട്ടിൽ ചെന്നത് കണ്ടവരുണ്ട്..പക്ഷേ പോലീസ് ചെന്നപ്പോൾ അവൾ വീട്ടിൽ ഇല്ലെന്ന്”

ജാനകിയുടെ സംസാരം കേട്ട് നീരവ് ഒരായിരം കക്ഷണങ്ങളായി പൊട്ടിച്ചിതറി…

“എവിടെ എന്റെ മീര…”

ഇനിയൊരു തകർച്ച താങ്ങുവാനുളള കരുത്ത് നീരവിന് ഉണ്ടായിരുന്നില്ല…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16

നീരവം : ഭാഗം 17

നീരവം : ഭാഗം 18

നീരവം : ഭാഗം 19

നീരവം : ഭാഗം 20