Saturday, October 5, 2024
Novel

നിന്നെയും കാത്ത്: ഭാഗം 30

രചന: മിത്ര വിന്ദ

“വന്നിരുന്നു കഴിക്കെടി ” മഹി ഉച്ചത്തിൽ പറഞ്ഞു. “നിങ്ങളുടെ വിരട്ടൽ ഒന്നും എന്റടുത്തു ഇറക്കേണ്ട…. ഒപ്പം ഇരിക്കാനും പോകുന്നില്ല… ഇതു ആളു വേറെയാ ” അവൾ ആണെങ്കിൽ മഹി അവൾക്കായി എടുത്തു വെച്ച ചപ്പാത്തി യും കറി യും എടുത്തു അടുക്കളയിലേക്ക് പോയി.. അവിടെ കിടന്നിരുന്ന കസേരയിൽ ഇരുന്ന് അവൾ ആഹാരം കഴിച്ചു തീർത്തു. മഹി പിന്നീട് അവളെ വിളിക്കാനും വന്നില്ല. അവനറിയാം… ഗൗരി ടെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല എന്ന്.. മഹി ഭക്ഷണം കഴിഞ്ഞു അമ്മയെ ഫോണിൽ വിളിച്ചു… ഗൗരി ടെ കൈയിൽ കൊടുക്കാൻ പറഞ്ഞപ്പോൾ അവൻ ഗൗരിയെ വിളിച്ചു ഫോൺ കൈ മാറി..

അമ്മ അവിടേക്ക് പോയ്കൊണ്ട് ഇരിക്കുക ആണെന്നും പകുതി വഴി കഴിഞ്ഞു എന്നും അറിയിച്ചു. ഗൗരിക്ക് ആണെങ്കിൽ കുട്ടികളുടെ പരീക്ഷ പേപ്പർ ഒക്കെ നോക്കാൻ ഉണ്ടായിരുന്നു.. അവൾ അതെല്ലാം നോക്കി വെച്ചിട്ട് കിടക്കാനായി വന്നപ്പോൾ മഹി ഇരുന്നു ഡ്രിങ്ക്സ് കഴിക്കുന്നത് ആണ് കണ്ടത്. കൂർപ്പിച്ചു ഒരു നോട്ടം നോക്കിയിട്ട് ഗൗരി വന്നു ബെഡിൽ കയറികിടന്നു. “എന്താടി ഉണ്ടക്കണ്ണി… നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ” അവൾ നോക്കുന്നത് കണ്ടു മഹി ചോദിച്ചു.. “എനിക്ക് എന്തോന്ന് പറയാനാണ് എന്റെ സാറെ.. നിങ്ങള് അല്ലേ കുറച്ചു മുന്നേ പറഞ്ഞത് എന്നെ കെട്ടിയത് നിങ്ങടെ സമയദോഷം ആണെന്നോ, നിങ്ങള് ഒരു വിഡ്ഢി ആണെന്നോ,

നിങ്ങടെ വിധി ആണെന്നോ അങ്ങനെ എന്തൊക്കെയോ…..” ചെ…. അങ്ങനെ പറയേണ്ടയിരുന്നു…പെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോകുകയും ചെയ്തു. ഗൗരി ആണെങ്കിലോ അതിനൊരു മറുപടി പോലും പറഞ്ഞുമില്ല.. മഹിയ്ക്ക് വിഷമo തോന്നി… “നിനക്ക് സങ്കടം ആയോ…..” മഹി വന്നു ലൈറ്റ് ഓഫ്‌ ചെയ്തിട്ട് അവളുടെ അരികത്തായി കിടന്നു. “എനിക്കോ… സങ്കടമോ… നല്ല കഥ……ആറാമത്തെ വയസ് മുതൽ അനാഥ ആയി വളരുന്ന എനിക്ക് ആണോ സങ്കടം…. കൊള്ളാം…… എന്റെ ചെറിയമ്മ പറഞ്ഞത് ഒക്കെ വെച്ചു നോക്കുമ്പോൾ ഇതു ചെറുത്…” ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലും അവളുടെ മുഖം കാൺകേ മഹിക്ക് വല്ലാത്ത വേദന തോന്നി….

“മഹിയേട്ടന്റെ പോലും ഈ പെരുമാറ്റത്തിന് പിന്നിൽ നാരായണി അമ്മൂമ്മ എന്നെ കുറിച് പറഞ്ഞ കാര്യങ്ങൾ അല്ലേ….” “എന്ത് ” മഹി അവളെ നോക്കി… “എന്റെ ചരിത്രങ്ങൾ മുഴുവനും പോയി അവരോട് ചോദിച്ചു അറിഞ്ഞു ല്ലേ… ഒക്കെ എന്നോട് ലെച്ചു വിളിച്ചു പറഞ്ഞു….” “ഓഹ്… അങ്ങനെ ” “ഹമ്… അങ്ങനെ തന്നെ…..ഞാനും ഒരുപാട് ആലോചിച്ചു എന്താണ് ഈ ചെറിയ മാറ്റത്തിന് പിന്നിൽ എന്ന് ” “എന്ത് മാറ്റം… അതൊക്കെ നിന്റെ തോന്നൽ ആണ്.. എനിക് ഒരു മാറ്റവും ഇല്ലല്ലോ ” “ചിലപ്പോൾ ആയിരിക്കാം…എന്റെ തോന്നൽ ആവും…എന്നാലും ഞാൻ അങ്ങട് പറഞ്ഞുന്നേ ഒള്ളു ”

“ഗൗരി….” അവന്റ ശബ്ദം ആർദ്രമായി. “വേണ്ട വേണ്ട….. ഒന്നും ഇങ്ങട് പറയേണ്ട… നല്ല കുട്ടി ആയി വേഗം കിടന്ന് ഉറങ്ങിക്കോ മോനേ ” അവനെ നോക്കി ഗൗരി കണ്ണിറുക്കി. “ഗൗരി… ഞാന്….” പെട്ടന്ന് അവൾ അവന്റെ ചുണ്ടിന്മേൽ തന്റെ ചൂണ്ടു വിരൽ അമർത്തി. “ഒന്നും പറയേണ്ട…. എനിക്ക് ആരുടെയും സഹതാപം വേണ്ട…. എനിക്ക് അത് ഇഷ്ടവുമല്ല..ടീച്ചറമ്മയോട് പോലും ഞാൻ ഇതൊന്നും പറഞ്ഞിട്ടില്ല….പക്ഷെ അറിയാം എന്ന് തോന്നുന്നു…പിന്നെ എന്നേ കാണുമ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി,,,, പാവം… അവൾക്കീ ഗതി വന്നല്ലോ….എന്തൊരു വിധി ആയി പോയി… കഷ്ടം…ഇതൊന്നും ആരുടെ യും മനസിൽ പോലും വരേണ്ട…. എനിക്ക് അതിൽ നിന്നും സിമ്പത്തി നിറഞ്ഞ ഒരു സ്നേഹവോ,, ഒരു നോട്ടം പോലും വേണ്ട…

.ഒരിക്കലും ഗൗരി അത് ആഗ്രഹിക്കുക കൂടി ഇല്ല ” . ഇടാറാതെ… പതറാതെ…. പറയുക ആണ് ഗൗരി.. മഹി അതെല്ലാം കേട്ട് കൊണ്ട് കിടന്നു.. “പിന്നെ മഹിയേട്ടനോട് ഒരു കാര്യം കൂടി പറഞ്ഞേക്കാം…. ഇങ്ങനെ എല്ലാ ദിവസവും കുടിക്കുന്നത് കൊണ്ട് നിങ്ങളുടെ ആരോഗ്യം ആണ് നശിച്ചു പോകുന്നത്… ആയുസ് എത്താതെ ജീവൻ നഷ്ടം ആകുന്നത് നിങ്ങൾക്ക് മാത്രം ആണ്…. ജീവിക്കണം എന്നൊരു തോന്നൽ വരുമ്പോളേയ്ക്കും എല്ലാം കൈ വിട്ട് പോകാതെ ഇരിക്കാൻ നോക്കിയാൽ കൊള്ളാം . എന്നേ സംബന്ധിച്ച് എനിക്ക് എന്റെ ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ല…. പക്ഷെ മഹിയേട്ടന് അങ്ങനെ അല്ല….

അച്ഛൻ സ്ഥാപിച്ച ഈ ബിസിനസ്‌ നിങ്ങൾ നല്ല രീതിയിൽ നടത്തി വരിക ആണ്… ഏട്ടന്മാർ ഒക്കെ അവരുടെ കാര്യം നോക്കി ജീവിക്കുന്നു… ഇനി മഹിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ അതോടെ തകരും എല്ലാം…. ആരും ഇതൊന്നും നോക്കി നടത്താനും ഇങ്ങട് വരില്ല… പിന്നെ അമ്മയുടെ കാര്യം… അത് മക്കൾ ആരെങ്കിലും കൊണ്ട് പോകും…. അതുകൊണ്ട് എല്ലാ ദിവസവും ഇങ്ങനെ ഇരുന്ന് കുടിക്കുമ്പോൾ ഇടയ്ക്ക് ഒക്കെ ഒന്ന് ആലോചിച്ചു നോക്കിയാൽ നന്ന്…..” അതും പറഞ്ഞു കൊണ്ട് ഗൗരി മഹിയെ ഒന്ന് പാളി നോക്കി.. എന്തോ ആലോചിച്ചു കൊണ്ട് അങ്ങനെ കിടക്കുക ആണ് ആള്.

“മഹിയേട്ടാ….ജീവിക്കാൻ ആഗ്രഹം തോന്നി തുടങ്ങുമ്പോൾ ഈ ലോകത്തു നിന്നു പോകാൻ ഇട ഉണ്ടാവരുത്…..” അതും പറഞ്ഞു കൊണ്ട് പുതപ്പ് എടുത്തു തല വഴി മൂടി അവൾ കണ്ണുകൾ അടച്ചു… **** രാവിലെ മഹി ഉണർന്നു താഴേക്ക് ചെന്നപ്പോൾ ഗൗരി അടുക്കളയിൽ ആയിരുന്നു. “ഹമ്… നീ കാലത്തെ ഉണർന്നു ല്ലേ….” “ആഹ്.. ഇന്ന് നേരത്തെ എഴുന്നേറ്റോ… ” അവൾ വേഗം ഒരു കപ്പെടുത്തുകൊണ്ട് വന്നു ഫ്ലാസ്കിൽ നിന്നും കോഫി പകർന്നു.. “അമ്മ പറഞ്ഞത് പോലെ ആ ജാനുവേടത്തിയെ കിട്ടുമോ എന്ന് നോക്കാം ” അവൾ കൊടുത്ത കാപ്പി മേടിച്ചു കുടിച്ചു കൊണ്ട് മഹി പറഞ്ഞു.

ഹേയ്… നമ്മൾ രണ്ടാളു അല്ലേ ഒള്ളു…കുറച്ചു ഫുഡ്‌ ഉണ്ടാക്കിയാൽ പോരേ…ഇനി അതിനായിട്ട് ആരെയും വിളിക്കണ്ട….” “നീ ആലോചിച്ചു പറഞ്ഞോളു.. എന്താണ് എന്ന് വെച്ചാൽ അത് പോലെ ചെയ്യാം…” “ഹമ്.. കുഴപ്പമില്ലന്നെ….. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ പറയാം ഏട്ടാ ” അവൾ പാചകത്തിലേക്ക് കടന്നു. മഹി ആണെങ്കിൽ കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ഇടിയപ്പവും ചിക്കൻ കറി യിം എടുത്തു ഗൗരി വെച്ചിട്ടുണ്ട്. “നീ കഴിച്ചോ ” “മ്മ്… ഞാൻ കഴിച്ചു ഏട്ടാ… എന്നാൽ ഞാൻ പോയി റെഡി ആയി വരാം ” അവൾ മുകളിലെ മുറിയിലേക്ക് പോയി.

നല്ല രുചി ഉള്ള ചിക്കൻ കറി.. അവൻ അല്പം ഇടിയപ്പം മുറിച്ചെടുത്തു, കുറുക്കിയ ചാറിൽ മുക്കി വായിലേക്ക് വെച്ചു. ഇവൾക്ക് നല്ല പോലെ പാചകം ഒക്കെ അറിയാല്ലോ.. അവൻ ആസ്വദിച്ചു ഇരുന്നു കഴിച്ചെഴുനേറ്റു. ഗൗരി അന്ന് ഒരു ചുരിദാർ ആണ് ഇട്ടത്. ഒലിവ് ഗ്രീൻ നിറം ആയിരുന്ന് അതിനു.. ഓരോ സ്റ്റെപ്പും ഇറങ്ങി ഗൗരി വേഗത്തിൽ താഴേക്ക് വന്നു. മഹി ഒരു വേള അവളെ നോക്കി. “ഹമ്… എന്താ… ” ഗൗരി ചോദിച്ചതും അവൻ തന്റെ ദൃഷ്ടി മാറ്റി. “അല്ല… ഞാൻ ഓർക്കുക ആയിരുന്നു ഗൗരി….” അവൻ ടവൽ എടുത്തു കൈ തുടച്ചു കൊണ്ട് ഗൗരിയെ ഒന്നൂടെ നോക്കി. എന്താണ് എന്ന അർത്ഥത്തിൽ അവൾ തിരിച്ചും. “നിനക്ക്…. വാചകം മാത്രം അല്ല പാചകവും വശം ഉണ്ട് അല്ലേ…..”

“ഓഹ്.. അതാണോ വലിയ കാര്യം ഞാൻ കരുതി എന്താണ് ഇത്ര പറയാൻ വന്നത് എന്ന് ” “ചിക്കൻ കറി കൊള്ളാം… സൂപ്പർ ആയിട്ടുണ്ട് “. “ഹമ്… വരവ് വെച്ചിരിക്കുന്നു…..” അവൾ അടുക്കളയിലേക്ക് പോയി. ചോറ്റ്പാത്രം എടുത്തു കൊണ്ട് വന്നു.. കുറച്ചു ചോറും, ബീൻസ് മെഴുക്കുവരട്ടിയും, മാങ്ങാ ചമ്മന്തിയും, പിന്നെ ഒരു ചെറിയ പാത്രത്തിൽ തലേ ദിവസത്തെ കിളി മീൻ പൊരിച്ചതും, കുറച്ചു പുളിശ്ശേരി കൂടി പകർന്നു. എല്ലാം എടുത്തു പൊതിഞ്ഞു അവൾ ബാഗിൽ വെച്ചു. മഹി അപ്പോളേക്കും കാറിൽ കയറിയിരുന്നു. പോകും വഴി അവൾ അമ്മയെ വിളിച്ചു. അവരോട് കുറച്ചു സമയം സംസാരിച്ചു. ഫോൺ വെച്ച ശേഷം അവൾ മഹിയെ നോക്കി. ഭയങ്കര ആലോചനയിൽ ആണ്..

സ്കൂളിന്റെ ഗേറ്റിങ്കൽ കൊണ്ട് പോയി കാർ നിറുത്തി. “വൈകുന്നേരം… ചിലപ്പോൾ ഞാൻ കാണില്ല… ഡ്രൈവറെ വിടാം…. വീട്ടിൽ ചെന്നിട്ട് വിളിക്കണം…” അവൾ തല കുലുക്കി. “മഹിയേട്ടൻ എപ്പോൾ വരും.. ലേറ്റ് ആകുമോ ” ഡോർ തുറന്ന് ഇറങ്ങി യിട്ട് അവൾ മഹിയോട് ചോദിച്ചു. “മ്മ്… നോക്കട്ടെ .. ചിലപ്പോൾ കുറച്ചു ലേറ്റ് ആകും.. എന്നാലും 8മണിക്ക് മുന്നേ വരാം . അത് വരെയും നീ ഒറ്റയ്ക്ക് ഇരിക്കില്ലേ ” “മ്മ്… ഇരുന്നോളാം ” അവൾ ബാഗ് തോളത്തേക്ക് ഇട്ടു കൊണ്ട് പറഞ്ഞു. മഹി തന്റെ നമ്പർ അവൾക്ക് പറഞ്ഞു കൊടുത്തു. താമസിയാതെ അവൻ വണ്ടി എടുത്തു കൊണ്ട് പോയി. ***

ഓഫീസിൽ എത്തിയതും മഹി ഓരോരോ തിരക്കുകളിൽ ആയിരുന്നു. അപ്പോളാണ് മഹിയ്ക്ക് ഒരു കാൾ വന്നത്. അവന്റ ഫ്രണ്ട് ദർശൻ ആയിരുന്നു. ദർശന്റെ വിവാഹം ആണ് അടുത്ത ആഴ്ച . ക്ഷണിക്കാൻ ആയിരുന്നു. രണ്ടാളും പ്രേത്യേകം വരണം എന്ന് പറഞ്ഞു കൊണ്ട് ആണ് അവൻ ഫോൺ വെച്ചത്. ഗൗരിയെ കൂട്ടി പോകാൻ അവൻ അപ്പോൾ തന്നെ തീരുമാനിച്ചു. *** വൈകുന്നേരം മഹി പറഞ്ഞത് പോലെ ഗൗരി യെ കൂട്ടാൻ അവൻ ഡ്രൈവറെ പറഞ്ഞു അയച്ചിരുന്നു. വീട്ടിൽ എത്തിയിട്ട് അപ്പോൾ തന്നെ അവൾ മഹിയെ വിളിക്കുകയും ചെയ്തു.. ഡോർ ഒക്കെ ലോക്ക് ചെയ്തിട്ട് ഇരുന്നോണം… ഞാൻ പരമാവധി നേരത്തെ വന്നോളാം,, ആ സെക്യൂരിറ്റി വന്നോളും…..

എന്ന് പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു ഗൗരി തന്റെ ജോലികളിലേക്ക് കടന്നു മുറ്റം എല്ലാം വൈകിട്ട് അടിച്ചു വാരി ഇട്ടു.. കാലത്തെ മുൻവശം മാത്രം വൃത്തിയാക്കിയാൽ മതിയല്ലോ എന്നോർത്ത് ആയിരുന്നു. ചുറ്റും വലിയ മതിൽ കെട്ടു ആയതു കൊണ്ട് പുറമെ ഉള്ളത് ഒന്നും കാണില്ല..തൊട്ടടുത്തായി അധികം വീടുകളും ഇല്ല.. കുറച്ചു മാറി ഒരു രണ്ട് നില വീട് ഉണ്ട്… അവിടെ ബാൽക്കണി യിൽ ഒരു പെൺകുട്ടി ഇരുന്നു എന്തോ ചെയ്യുന്നത് അവൾക്ക് കാണാം.. സന്ധ്യ ആയപ്പോൾ അവൾ കുളിച്ചു കയറി വന്നു പൂജാ മുറിയിൽ വിളക്ക് കൊളുത്തി. നാമം ഒക്കെ ചൊല്ലിയ ശേഷം അമ്മയെ ഫോണിൽ വിളിച്ചു. ഹിമയോടും സംസാരിച്ചു . ശേഷം ലെച്ചുനെ വിളിച്ചു. എല്ലാവരോടും സംസാരിച്ചു ഒക്കെ കഴിഞ്ഞു അല്പം ടി വി ഒക്കെ കണ്ടു കൊണ്ട് ഇരുന്നു..

സെക്യൂരിറ്റി ഉണ്ട് ഗേറ്റ് ന്റെ ഭാഗത്തു.. രാത്രി ഒൻപതു മണി ആയിട്ടും മഹി എത്തിയില്ല… ഫോണിലേക്ക് വിളിച്ചു നോക്കിയാലോ എന്ന് ഗൗരി പല തവണ ചിന്തിച്ചു ഇനി ഡ്രൈവ് ചെയ്തു വരുവാകും എന്ന് കരുതി അവൾ പിന്നേ വേണ്ടന്ന് വെച്ചു. എങ്കിലും വല്ലാത്ത ഒരു ഉൾഭയം അവളെ വന്നു മൂടി. ഈശ്വരാ… ഒന്ന് വേഗം വന്നിരുന്നു എങ്കിൽ.. അവൾ മൂകമായി പ്രാർത്ഥിച്ചു. പെട്ടന്ന് അവന്റ കാർ വന്നു ഹോൺ മുഴക്കി… ഗൗരി ജനാല യിൽ കൂടി നോക്കിയപ്പോൾ സെക്യൂരിറ്റി ചെന്നു ഗേറ്റിന്റെ ഓടമ്പൽ എടുക്കുന്നത് ആണ് കണ്ടത്… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…