Tuesday, January 21, 2025
Novel

നവമി : ഭാഗം 27

എഴുത്തുകാരി: വാസുകി വസു


“അഭിയേട്ടാ സംഗതി ഓക്കേ ആയല്ലേ..സമ്മതിച്ചിരിക്കുന്നു.വെട്ടുപോത്തിനെ വീഴ്ത്തിയ കഴിവിനെ” അഭിമന്യുവിന്റെ അടുത്ത് ചെന്ന് നവമി പറഞ്ഞു..

പകരം അഭിയൊന്ന് പുഞ്ചിരിച്ചു… ആ ചിരിക്ക് ഒരായിരം നക്ഷത്രശോഭയുണ്ടെന്ന് നവമിക്ക് തോന്നി….

നഷ്ടപ്പെട്ടന്ന് കരുതിയ വിലപിടിപ്പുള്ള കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ മുഖത്തെ ഭാവമായിരുന്നു അഭിക്കപ്പോൾ ഉണ്ടായിരുന്നത്….

“എന്നാലും ചേച്ചിയെ എങ്ങനെ വീഴ്ത്തി..ഒന്ന് പറയോ?” നവമിക്ക് അതറിയാനായിരുന്നു ആകാംഷ മുഴുവനും.

സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ അഭിമന്യൂവിന്റെ തിളങ്ങുന്ന മുഖം അവൾക്ക് കാണാമായിരുന്നു..

“എന്താ മോനൂസേ നിനക്ക് ജാഡയാണോ” നവമിയുടെ ചോദ്യം കേട്ടിട്ടും അനങ്ങാതെ നിന്ന അവനോട് കലിപ്പിൽ ചോദിച്ചു.

“അതേ, മോളൂസേ എനിക്ക് ജാഡയാണ്” അഭിയും അതേ ഈണത്തിൽ മറുപടി കൊടുത്തു.

“ഓ..നാക്കുണ്ടായിരുന്നു അല്ലേ..എല്ലാം സെറ്റായപ്പോൾ ഈ പാവം ഞാൻ പുറത്ത്. ഇനിയിങ്ങ് വാ..അനിയത്തിക്കുട്ടീന്ന് വിളിച്ച്..”. ഗൗരവത്തിൽ നവി പിന്തിരിഞ്ഞു നടന്നു.

” ഡീ അനിയത്തിക്കുട്ടിയേ” അഭിയുടെ വിളി കേൾക്കാനായിട്ട് കൊതിച്ചത് പോലെ നവമി വേഗം അവനടുത്തേക്ക് ഓടിയയെത്തി.

അനിയത്തിക്കുട്ടിയെന്ന് കേട്ടതും എല്ലാ പിണക്കങ്ങളും അതിലലിഞ്ഞു പോയിരുന്നു.

“പറയ് ഏട്ടോയി” നീതിയെ അപ്പോൾ തോന്നിയ ബുദ്ധിയിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും വീട്ടിൽ അമ്മയുടേയും സ്വീകരണവും വിശദീകരിച്ചു.

അവളുടെ മനസ്സ് നിറഞ്ഞു.എന്തായാലും ചേച്ചി ചെന്നു കയറുന്നിടത്ത് പോരുണ്ടാകില്ലെന്ന് ഉറപ്പായി.

പകരം സ്നേഹം പകർന്ന് നൽകാൻ വാത്സല്യത്തിന്റെ നിറകുടങ്ങളായ അച്ഛനും അമ്മയും ഉണ്ട്. നവമിക്ക് ഇതില്പരം സന്തോഷം വേറെയൊന്നും ഉണ്ടായിരുന്നില്ല.

വാത്സല്യവും സ്നേഹവും പരിഗണയും ലഭിച്ചാൽ ആരായാലും മാറിപ്പോകും.ചേച്ചി തന്നെ ഉദാഹരണം…എന്തായാലും നീതി ഭാഗ്യവതിയാണ് നവമിയോർത്തു.

“നാളെ കോളേജിൽ വരുമ്പോൾ കാണാം.നിനക്ക് ഇഷ്ടമുള്ളത് വാങ്ങിത്തരാം..പോരേ”

“എനിക്കൊന്നും വേണ്ടാ ഏട്ടാ..പകരം എന്റെ ചേച്ചിയുടെ കണ്ണ് നിറയാതെ നോക്കിയാൽ മതി.അത്രക്കും സങ്കടപ്പെട്ടിട്ടുണ്ട് പാവം” നവി മെല്ലെയൊന്ന് തേങ്ങിപ്പോയി..

“എന്തുവാടീ കാന്താരി.. സില്ലി ഗേളാകുന്നത്..നീതിയെ എനിക്ക് ഇഷ്ടമാണ്.. എന്നെക്കാളും സ്നേഹമുണ്ട് എന്റെ അച്ഛനും അമ്മക്കും.

ഒരിക്കലും അവളെ ഞങ്ങളായി കരയിക്കില്ല”. നവിക്ക് അഭിമന്യു വാക്ക് നൽകി.അവൾക്ക് അത്രയും കേട്ടാൽ മതിയായിരുന്നു.

” ശരി ഞാനിറങ്ങുവാണേ”

“ശരി ഏട്ടാ..നാളെ കാണാം” അഭി യാത്ര ചോദിച്ചു. പോകാനായി ബുളളറ്റ് സ്റ്റാർട്ടാക്കി.നവി കൈവീശി കാണിച്ചു. അകന്ന് പോകുന്ന ബുളളറ്റിനെ നോക്കി നിന്നിട്ട് അവൾ വീട്ടിലേക്ക് കയറി.

“ആരാ മോളേ വന്നത്..?” അച്ഛന്റെ ചോദ്യത്തിന് അഭിമന്യു ആണ് വന്നതെന്ന് ഉത്തരം നൽകിയട്ട് അവൾ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. നവമി ചെല്ലുമ്പോൾ നീതി മറ്റൊരു ലോകത്തിൽ ആയിരുന്നു.

തനിക്ക് ചുറ്റും സംഭവിച്ചതൊന്നും എത്ര ചിന്തിച്ചിട്ടും നീതിക്ക് മനസ്സിലായില്ല.ഇനിയൊരാളെ പ്രണയിക്കാൻ കഴിയില്ലെന്നും വിവാഹം കഴിക്കുന്നില്ലെന്നും തീരുമാനിച്ചതാണ്.

എത്ര പെട്ടന്നാണ് ചിന്താഗതികൾ മാറി മറിഞ്ഞത്.

അഭിയുടെ അമ്മയുടെ സ്നേഹം, അച്ഛന്റെ വാത്സല്യം അവരിലൂടെ അഭിമന്യുവിനെ താൻ മനസ്സിലാക്കി.

നന്മയുളള ആളാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ സ്വാഭാവികമായും പ്രണയം ഉണ്ടായി. അത് മാത്രമല്ല അഭി തന്റെ ഹൃദയത്തിൽ താൻ പോലുമറിയാതെ സ്ഥാനം പിടിച്ചിരുന്നു.തുറന്ന് സമ്മതിക്കാൻ തനിക്ക് കഴിയുന്നില്ല..

മുറിയിൽ പ്രവേശിച്ച നവിക്ക് മനസ്സിലായി ചേച്ചിയുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ..മനസ്സ് മറ്റെവിടെയോ ആണെന്ന്.

നീതിയെ ശല്യപ്പെടുത്താതെ പിന്തിരിഞ്ഞെങ്കിലും നീതി അവളെ കണ്ടിരുന്നു.

നീതിയുടെ മുഖമാകെ ചുവന്നിരിക്കുന്നത് നവമി ശ്രദ്ധിച്ചു.ആള് ഹാപ്പിയാണ്. തനിക്ക് അതുമാത്രം മതി.

നീതി അനിയത്തിക്ക് അരികിലെത്തി ചുണ്ടുകൾ കവിളോട് ചേർത്തു പിടിച്ചു ഒരുമ്മ നൽകി.പിന്നെയവളെ ചേർത്തു പിടിച്ചു താങ്ക്സ് പറഞ്ഞു.

“അച്ഛനോട് പറഞ്ഞു സെറ്റാക്കട്ടെ അഭിയേട്ടനെ” ഒന്നുകൂടി ഉറപ്പിനായി നവമി ചോദിച്ചു. ചേച്ചിയിൽ വെപ്രാളമേറിയത് അവൾക്ക് മനസ്സിലായി.ഇപ്പോഴേയൊന്നും വേണ്ടെന്ന് നീതി ആംഗ്യം കാണിച്ചു.

“ഉം ..എന്തേ…”

“പ്രൊപ്പോസ് ചെയ്തയാൾ അച്ഛനേയും അമ്മയേയും കൂട്ടി വരട്ടെന്നേ” അത്രയും പറഞ്ഞിട്ടവൾ നാണത്താൽ മുഖം പൊത്തി..

അങ്ങനെ ചേച്ചിക്കൊരു നല്ല ജീവിതം ലഭിക്കാൻ പോകുന്നതോർത്ത് നവിയുടെ മനസ്സ് നിറഞ്ഞു…

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“എന്റെ മോളെവിടെ?.കുഴപ്പമൊന്നും ഇല്ലാതെ കൊണ്ടുചെന്ന് വിട്ടോടാ?” വീട്ടിലത്തിയ പാടെ അഭിമന്യുവിന്റെ പിറകേ അമ്മ തുളസി അടുത്ത് കൂടി.

തുളസിക്ക് അങ്ങനെയാണ് ഒരാളെ ഇഷ്ടമായാൽ പിന്നെ അവരെ കുറിച്ച് സംസാരിക്കാനേ സമയമുള്ളൂ.

“അമ്മയുടെ പൊന്നുമോളേ ഭദ്രമായി വീട്ടിൽ കൊണ്ടുചെന്ന് വിട്ടിട്ടുണ്ട്.എന്താ അത്രയും പോരേ” അത്രയും പറഞ്ഞു ചിരിയോടെ അഭി അമ്മയെ തൊഴുത് കാണിച്ചു.

“എടാ ഇനി നീ നീതിയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ട് വരുന്നതുവരെ ഇവൾ സമാധാനം തരില്ല.നേരത്തെ മുതലേ നിന്റെ അമ്മ ഇങ്ങനെയാണ്.

ഇഷ്ടപ്പെട്ടത് കിട്ടുന്നവരെ നെഞ്ചിനകത്ത് ആധികയറ്റും” സിദ്ധാർത്ഥൻ അഭിമന്യുവിനെ നോക്കി.അച്ഛൻ പറഞ്ഞത് ശരിയാണെന്ന് അവൻ സമ്മതിച്ചു.

“ഓ…ആയിക്കോട്ടെ” അവർ മുഖം വീർപ്പിച്ചിരുന്നു.അതിന് ഏതാനും ആയുസ്സുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ…അധികനേരം പിണങ്ങിയിരിക്കാൻ അവർക്കറിയില്ല.അത്രതന്നെ…

രാത്രിയിൽ തണുത്ത വെളളത്തിൽ കുളിയും കഴിഞ്ഞു അഭി ഫ്രഷായി വന്നപ്പോഴേക്കും തുളസി ഭക്ഷണം എടുത്തു വെച്ചിരുന്നു.

ആഹാരം കഴിക്കുമ്പോഴും അവർക്ക് നീതിയെ കുറിച്ചു മാത്രമേ പറയാനുളളായിരുന്നു.

ഭക്ഷണശേഷം അഭിമന്യു തന്റെ മുറിയിലേക്ക് പോയി.കിടന്നിട്ട് അവന് ഉറക്കം വന്നില്ല.മനസ്സ് മുഴുവനും നീതിയാണ്.

ഇത്രയും പെട്ടെന്ന് അവൾ തന്റെ പ്രണയം അംഗീകരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

മിഴികൾ മെല്ലെയടച്ച് നിദ്രയെ പുൽകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിറഞ്ഞങ്ങനെ നിൽക്കുകയാണ് നീതി.

കുറച്ചു നേരം കിടന്നിട്ട് അവൻ എഴുന്നേറ്റു. മൊബൈലിൽ സമയം നോക്കുമ്പോൾ പന്ത്രണ്ട് മണിക്ക് പത്ത് മിനിറ്റ് ബാക്കി.അത്രയും നിമിഷം കഴിഞ്ഞാൽ അടുത്ത ദിവസമാണ്.

നീതിയുടെ സ്വരമൊന്ന് കേൾക്കാൻ അടക്കാൻ കഴിയാത്തൊരു മോഹം അഭിക്ക് തോന്നിത്തുടങ്ങി.

അതങ്ങനെയാണ് പ്രണയിക്കുന്ന പെണ്ണിനോടൊന്ന് സ്വസ്ഥമായി സംസാരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.

തന്റെ കയ്യിൽ നീതിയുടെ നമ്പരില്ല.ആകെപ്പാടെ നവിയുടെ ഫോൺ നമ്പർ മാത്രമേയുള്ളു..

അവളുടെ ഫോണിൽ വിളിച്ചാലോ..ഛെ വേണ്ടാ ..നവമിയെന്ത് കരുതും.അല്ലെങ്കിൽ വിളിച്ചേക്കാം..അയ്യേ വേണ്ട..താനിത്രയും ലോലനായ കാമുകൻ ആണെന്ന് അനിയത്തിക്കുട്ടി കരുതിയാൽ നാണക്കേടാണ്..

ഓരോന്നും ആലോചിച്ചു ഫോൺ എടുത്തു നവമിക്ക് കോൾ ചെയ്യും.കണക്റ്റാകും മുമ്പേ കട്ടാക്കും.ഇത് തന്നെ അവസ്ഥ.

അഭിയുടെ മനസ്സിൽ ശക്തമായ വടം വലി നടന്നു.വരുന്നത് വരട്ടെ.രണ്ടും കൽപ്പിച്ചു അഭിമന്യു നവിക്ക് ഫോൺ ചെയ്തു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

ഊണും കഴിഞ്ഞു നേരത്തെ നീതി കിടന്നു.കുറച്ചു കഴിഞ്ഞാണ് നവമി എത്തിയത്.

“ആഹാ കിടന്നോ” നവി ചോദിച്ചു.

“നല്ല ക്ഷീണം.. ഉറക്കം വരുന്നു”

“ഉവ്വ്..ഞാൻ ഇപ്പോൾ ഉറക്കാമേ” ചേച്ചിയുടെ അടുത്തേക്കിരുന്നുകൊണ്ട് നവമി പറഞ്ഞു.

അവൾക്ക് അഭിയുടെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ തിടുക്കമായിരുന്നു.പതിവുപോലെ ചേച്ചിയെ കൈകളാൽ ചുറ്റി വരിഞ്ഞു.

“ഡീ ചേച്ചി..ഡീ ചേച്ചി” നവമി ഉറക്കെ വിളിച്ചു.

“മ്മ്..മ്മ്… നീതി ഉറക്കത്തിലെന്ന പോലെ മൂളിക്കൊണ്ടിരുന്നു.

” അവിടത്തെ വിശേഷങ്ങൾ പറയാതെ ഞാൻ ഉറക്കില്ല” ചേച്ചിയെ പിടിച്ചു അവൾ ഉലച്ചു കൊണ്ടിരുന്നു. സത്യത്തിൽ നീതിക്ക് ഉറക്കമൊന്നും വരുന്നില്ല.അനിയത്തി ഉറങ്ങട്ടെയെന്നും കരുതിയിരുക്കുവാരുന്നു.

തന്നെ ഇവൾ കിടത്തില്ലെന്ന് മനസിലായതോടെ അനിയത്തിക്ക് മുമ്പിൽ ചേച്ചി മനസ്സ് തുറന്നു.

ബുളളറ്റിൽ കയറിയത് മുതൽ അഭിയുടെ വീട്ടിൽ ചിലവഴിച്ച ഓരോ നിമിഷങ്ങളും തിരികെ ഇവിടെയെത്തിയത് വരെ നീതി പറഞ്ഞു.

അപ്പോൾ മുതൽ നവമിയിലുമൊരു ആഗ്രഹം ഉടലെടുത്തു. ആ അമ്മയേയും അച്ഛനേയും കാണണമെന്ന്. അതവൾ ചേച്ചിയോട് തുറന്നു പറഞ്ഞു.

“നിന്റെ ഏട്ടനോട് പറയ് കൊണ്ട് പോകാൻ”

“എന്റെ ഏട്ടൻ കൊണ്ടു പൊയ്ക്കോളും ദുഷ്ടേ” ചിണുങ്ങിക്കൊണ്ട് നവി തിരിഞ്ഞു കിടന്നു.

“ഞാൻ വെറുതെ പറഞ്ഞതല്ലേ.. അപ്പോഴേക്കും പിണങ്ങിയോ” നീതിയവളെ തനിക്ക് അഭിമുഖമായി ചേർത്തണച്ചു.ചേച്ചിയുടെ സുരക്ഷിതമായ കരവലയത്തിൽ നീതി മെല്ലെ കണ്ണുകളടച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അനിയത്തിയുടെ ദീർഘനിശ്വാസം മാത്രമേ നീതി കേട്ടുള്ളൂ.

അവൾ ഉറങ്ങി കഴിഞ്ഞെന്ന് മനസിലായതും പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.എന്നിട്ട് നെറ്റിയിൽ ചുണ്ടുകൾ അമർത്തി.

“എത്ര ശാന്തമായിട്ടാണവൾ ഉറങ്ങുന്നത്…പാവം… നീതി ഓർത്തു.അവളുടെ ഓർമ്മയിൽ അഭിയുടെ മുഖം കടന്നു വന്നു.

ഹൃദ്യയമൊന്ന് തുടിച്ചു.മനസ്സൊന്ന് വെമ്പൽ കൊണ്ടു..ആ സ്വരമൊന്ന് കേൾക്കാൻ അവളുടെയുള്ളും ആഗ്രഹിച്ചു..

തന്റെ കൈവശം അഭിയുടെ നമ്പർ ഇല്ല.ഉണ്ടായിരുന്നെങ്കിൽ ഒന്ന് വിളിക്കാമായിരുന്നു.പെട്ടന്നാണ് ഓർത്തത് നവമിയുടെ ഫോണിൽ ചിലപ്പോൾ അഭിയുടെ നമ്പർ കാണുമെന്ന്…

നവിയുടെ ഫോൺ കയ്യിലെടുത്തു അഭിയുടെ നമ്പർ അവൾ തിരിഞ്ഞു.

ഏട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അവളുറപ്പിച്ചു അത് അഭിയേട്ടൻ തന്നെയെന്ന്…

വിളിക്കണമോ വേണ്ടയോന്ന് ആലോചിച്ചു മനസ്സിൽ യുദ്ധം നടന്നു.വിളിച്ചില്ലെങ്കിൽ ഇപ്പോൾ ഹൃദയം പൊട്ടുമെന്ന അവസ്ഥയിൽ ആയി.

അതോടെ അഭിയുടെ പേരിൽ ടച്ച് ചെയ്യാൻ ഒരുങ്ങി.അതേസമയം തന്നെ ഒരുകോളെത്തി..

” അഭിയേട്ടൻ… നീതിയുടെ കണ്ണുകൾ വിടർന്നു.ചുണ്ടിലൊരു മന്ദഹാസം കളിയാടി.ഹൃദയം പൂത്തുലഞ്ഞു.

മടിച്ചില്ല…പെട്ടെന്ന് തോന്നിയ ആവേശത്തിൽ കോളെടുത്തിട്ട് ചെവിയോട് ചേർത്തു വെച്ചു മിണ്ടാതിരുന്നു.

ഹലോ..ഹലോന്ന് അഭിയുടെ ശബ്ദം കേട്ടു. അവൾ അനങ്ങിയില്ല.കോൾ കട്ടാക്കി.വീണ്ടും അതേ നമ്പരിൽ നിന്ന് കോൾ.എടുക്കും കട്ടാക്കും.

കുറെ പ്രാവശ്യം ഇതുപോലെ തുടർന്നു. ഒടുവിൽ നിരാശനായി അഭിമന്യു ഫോൺ വെച്ചു..

കുറച്ചു നേരം കൂടി നീതി വീണ്ടും കോൾ പ്രതീക്ഷിച്ചെങ്കിലും വന്നില്ല.അതോടെ അവൾ അങ്ങോട്ട് വിളിച്ചു. അഭി പെട്ടെന്ന് ഫോൺ എടുത്തു.

“സോറി അനിയത്തിക്കുട്ടി..വിളിച്ചു ശല്യം ചെയ്തതിന്”

നവമിയാണെന്ന് കരുതിയാണ് അഭിയങ്ങനെ പറഞ്ഞതെന്ന് നീതിക്ക് മനസ്സിലായി..പെട്ടെന്ന് അവൾക്കൊരു കുസൃതി തോന്നി..

“അനിയത്തിക്കുട്ടിയല്ല ചേച്ചിയാണ്..”

മറുവശം പൊടുന്നനെ നിശബ്ദമായി.അഭിയൊന്നും മിണ്ടിയില്ല.നവമി തന്നെ പറ്റിക്കുകയാണ്.അവളുടെ അതേസ്വരം..

“എന്തിനാണ് അനിയത്തിക്കുട്ടി നീയെന്നെ പറ്റിക്കുന്നത്..നിന്റെ സ്വരം കേട്ടാൽ എനിക്ക് അറിഞ്ഞുകൂടേ”

തന്റെ ശബ്ദം കേട്ടു അഭി തെറ്റിദ്ധരിച്ചെന്ന് അവൾക്ക് മനസ്സിലായതും സത്യം തുറന്നു പറഞ്ഞു..

“അയ്യോ നവമിയല്ല..ഞാനാണെന്ന് നീതി..ഞങ്ങളുടെ രണ്ടിന്റെയും സൗണ്ട് ഒരുപോലെ ആണ്” നീതിയുടെ സംസാരം ഫോണിലൂടെ അഭിമന്യു ആദ്യമായി കേൾക്കുകയായിരുന്നു.

അതാണ് അവനു തെറ്റിയതും.അവൻ ചമ്മിക്കൊണ്ട് ക്ഷമ പറഞ്ഞു..

പതിയെ അഭിയുമായുളള സംസാരത്തിൽ നീതിയുടെ അവശേഷിച്ചിരുന്ന പേടിയും ചമ്മലും മാറിക്കിട്ടി.ശേഷം അവൾ പോലുമറിയാതെ സ്വയം മാറുകയായിരുന്നു..

അഭിയുമായി ഒരുപാട് സംസാരിച്ചു.അവർ ഹൃദയങ്ങൾ പരസ്പരം തുറന്നു.രാവ് വെളുക്കുവോളം…

പുലർച്ചെയാണ് ഇരുവരും ഉറങ്ങിയത്..നവമി നല്ല ഉറക്കമായതിനാൽ ഇതൊന്നും അറിഞ്ഞില്ല..

പിറ്റേന്ന് കാലത്തെ അഭിമന്യു താമസിച്ചാണ് ഉറക്കം ഉണർന്നത്.അപ്പോൾ ഞെട്ടിക്കുന്നൊരു വാർത്ത അവനെ കാത്തിരുന്നതു പോലെ ഒരുകോൾ മൊബൈലിൽ എത്തി….

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26