Saturday, April 20, 2024
Novel

ഹൃദയസഖി : ഭാഗം 22

Spread the love

എഴുത്തുകാരി: ടീന കൊട്ടാരക്കര

Thank you for reading this post, don't forget to subscribe!

” നീ ഉറങ്ങിയില്ലായിരുന്നോ ”
അകത്തേക്ക് കയറി കൊണ്ട് അഭിമന്യു ചോദിച്ചു.

” ഉറക്കം വന്നില്ല..”

” അതെന്താ”

” അഭിയേട്ടൻ വരാൻ ഇത്രയും വൈകിയപ്പോൾ ഞാൻ….. ”

” എന്തേ പേടിച്ചു പോയോ.” അവൻ ഡൈനിംഗ് ടേബിളിൽ അടുത്തേക്ക് എത്തി ചോദിച്ചു. ചെയർ നീക്കി അവൻ ഇരുന്നു.

” പേടിച്ചിട്ടൊന്നുമില്ല ” അവൾ അവനു ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് പറഞ്ഞു. സത്യത്തിൽ വരാൻ വൈകിയപ്പോൾ ഉള്ളിൽ നല്ല ഭയം ആയിരുന്നു കൃഷ്ണയ്ക്ക്.

എന്തെങ്കിലും കുഴപ്പം ഉണ്ടായികാണുമോ എന്നൊക്കെ ഭയപ്പെട്ടു.

എത്രയും വേഗം തിരികെ എത്തിയെങ്കിൽ എന്ന് മാത്രമായിരുന്നു ചിന്ത. അവനോട് തുറന്ന് പറഞ്ഞില്ലെന്നേ ഉള്ളു.

അഭിമന്യു സാവധാനം കഴിക്കാൻ ആരംഭിച്ചു. കൃഷ്ണ അവനു അരികിലായി ഒരു കസേരയിൽ ഇരുന്നു.

” നീ കഴിച്ചായിരുന്നോ.” അവൻ കഴിക്കുന്നതിനിടയിൽ ചോദിച്ചു

“ഉം ”

” ചിലപ്പോൾ ഞാൻ പുറത്തു പോയി വരാൻ അല്പം വൈകും..കൂട്ടുകാർ ആരെങ്കിലുമൊക്കെ ഓരോ ആവിശ്യങ്ങൾക്കു വന്നു വിളിക്കും.അര്ജന്റ് കാര്യം ആയതുകൊണ്ടാണ് വൈകുന്നത്..

ഇന്ന് തന്നെ ഒരു ഹോസ്പിറ്റലിൽ കേസ്. അതാ ഇത്രയും വൈകിയത് ” കൃഷ്ണ എല്ലാം കേട്ടുകൊണ്ട് അവനു അരികിൽ ഇരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ കഴുകി അടുക്കി വെയ്ക്കാൻ കൃഷ്ണയോടൊപ്പം അഭിയും കൂടി.

“അഭിയേട്ടൻ പോയി കിടന്നോ.. ഞാനിതൊക്കെ ചെയ്തോളാം ” അവൾ അഭിയെ മുറിയിലേക്ക് പറഞ്ഞു വിടാൻ തുടങ്ങി.

“സാരമില്ല.. ഞാനും കൂടാം..ഇവിടെ ഇതൊക്കെ സ്ഥിരം ഞങ്ങളാണ് ചെയ്തുകൊണ്ടിരുന്നത് ” അഭി പറഞ്ഞു

“എന്തൊക്കെ”

“ഞങ്ങൾ മൂന്നു ആൺമക്കൾ അല്ലെ.. അത്കൊണ്ട് പണ്ടുമുതലേ അടുക്കളജോലിയ്‌ക്കൊക്കെ അമ്മയെ സഹായിക്കാൻ ഒപ്പം കൂടുമായിരുന്നു.

അച്ഛന് നിർബന്ധം ആയിരുന്നു വീട്ടുജോലികൾ ചെയ്യുന്നതിൽ ആൺപെൺ വ്യത്യാസം ഉണ്ടാകരുതെന്ന്.

അത്കൊണ്ട്തന്നെ അത്യാവശ്യം എല്ലാ വീട്ടുജോലികളും പാചകവും ചെയ്യാറുണ്ട് ” പാത്രങ്ങൾ ഓരോന്നായി അടുക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു

ചെമ്പകശ്ശേരിയിൽ ഇങ്ങനെയൊരു കാര്യം ഉണ്ടായിട്ടേ ഇല്ലല്ലോ എന്ന് കൃഷ്ണ പെട്ടന്ന് ഓർത്തു. ആണുങ്ങൾക്ക് നിഷേധിക്കപ്പെട്ട ഇടമായിരുന്നു അടുക്കള.

മിക്കപ്പോഴും അടുക്കളയിൽ വരുന്നതിനു തന്നെ ഹരിയേട്ടൻ മറ്റുള്ളവരുടെ വഴക്ക് എത്രയോ തവണ കേട്ടിരിക്കുന്നു.

സമയം ഒരുമണിയോടടുത്തിരുന്നു. ഡൈനിങ്ങ് ടേബിൾ ക്ലീൻ ചെയ്ത് അടുക്കള ജോലിയും തീർത്തു അഭിയോടൊപ്പം അവൾ മുറിയിലേക്ക് എത്തി.

ലൈറ്റ് അണച്ചു കട്ടിലിലേക്ക് കിടന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ കൃഷ്ണ കണ്ണുകൾ അടച്ചു.

“കൃഷ്ണേ ” അഭി മെല്ലെ വിളിച്ചു

“എന്താ അഭിയേട്ടാ ”

“ഞാൻ വരാൻ വൈകിയപ്പോൾ നിനക്ക് അല്പം പോലും പേടി തോന്നിയില്ലേ ” അവനാ ചോദ്യം ആവർത്തിച്ചു.

കൃഷ്ണ അവനു അഭിമുഖമായി തിരിഞ്ഞു കിടന്നു. “കുറച്ചു പേടി തോന്നി.ഒന്നും പറയാതെ ഇറങ്ങി പോയതല്ലേ..

എന്നിട്ട് ഇത്രയും വൈകുക കൂടി ചെയ്തപ്പോൾ.. ” അവൾ പൂർത്തിയാക്കാതെ അവനോടു ചേർന്ന് കിടന്നു.

അഭിയുടെ ചുണ്ടിലൊരു ചിരി വിടർന്നു.

തിരികെ വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടതും കൃഷ്ണയുടെ മുഖത്തു തെളിഞ്ഞ ആശ്വാസം അവൻ ശ്രദ്ധിച്ചിരുന്നു.

എന്നിട്ടും ചോദിച്ചപ്പോൾ അവൾ പെട്ടന്ന് അക്കാര്യം നിഷേധിച്ചത്കൊണ്ട് തന്നെയാണ് വീണ്ടും ആ ചോദ്യം അവർത്തിച്ചതും.

“എന്തിനാ ചിരിക്കുന്നത് ” അവൾ നിഷ്കളങ്കമായി ചോദിച്ചു.

” ഞാൻ ചിരിച്ചില്ലല്ലോ ” അവൻ പെട്ടന്ന് ഗൗരവത്തിലായി.

“ഞാൻ കണ്ടല്ലോ ചിരിക്കുന്നത് ”

“ഈ ഇരുട്ടത്തോ ” അവൻ തർക്കിച്ചു.

കൃഷ്ണ കൈ നീട്ടി അഭിയുടെ ചുണ്ടിൽ തൊട്ടു നോക്കി. അവൻ അവളുടെ കൈവിരലുകൾ പിടിച്ചു മൃദുവായി ചുംബിച്ചു. ഉടനടി തന്നെ കൈകൾ പിൻവലിച്ചു അവൾ മൗനമായി.

” ഞാൻ വന്നപ്പോൾ നിന്റെ മുഖത്തു തെളിഞ്ഞ ആശ്വാസം കണ്ടതും എനിക്ക് മനസിലായി കുറെ പേടിച്ചു കാണുമെന്നു..എന്നിട്ടത് സമ്മതിക്കാതെ ഇരുന്നത് കൊണ്ടാണ് വീണ്ടും ചോദിച്ചത്..അതാണ് ചിരി വന്നത് ”

” ഒന്നും പറയാതെ പോയതുകൊണ്ടാണ്.. അല്ലെങ്കിൽ പേടി തോന്നില്ല ”

” ഇനി പറഞ്ഞിട്ടേ പോകുള്ളൂ എവിടെയും ” അഭിയുടെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.
യാതൊരു എതിർപ്പുമില്ലാതെ അവൾ ആ കരവലയത്തിനുള്ളിൽ ഒതുങ്ങികിടന്നു.

അഭിമന്യുവിന്റെ ചുടുനിശ്വാസം കൃഷ്ണയുടെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. കുസൃതിയോടെ അവന്റെ താടിതുമ്പിൽ അവൾ കടിച്ചു.

മെല്ലെ അവളെ ചുറ്റിപിടിച്ചിരുന്ന അവന്റെ കൈകൾ മുറുകി. ഇത്രയും നാൾ കരുതിവെച്ചിരുന്ന സ്നേഹമൊക്കെ ചുംബനങ്ങളായി പെയ്തിറങ്ങി.

രാത്രിയുടെ ഏതോ യാമത്തിൽ കൃഷ്ണ പൂർണമായും അഭിമന്യുവിന്റെ സ്വന്തം ആയിമാറി.

അവന്റെ ശരീരത്തിൽ വിയർത്തൊട്ടി കിടന്നുകൊണ്ട് ഹൃദയതാളം കാതോർത്തു കേട്ടു.

ഓരോ നിമിഷവും തനിക്ക് വേണ്ടി മാത്രം തുടിക്കുന്ന ആ ഹൃദയത്തിനുടമ എന്നും കൂടെ ഉണ്ടായിരിക്കണേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു.

****************************
രാവിലെ എഴുന്നേൽക്കാൻ നന്നേ വൈകി. ക്ലോക്കിലേക്ക് നോക്കിയപ്പോൾ 8 മണി.അഭിയെ വിളിച്ചിട്ട് നല്ല ഉറക്കം. പെട്ടന്ന് തന്നെ കൃഷ്ണ എഴുന്നേറ്റു കുളിച്ചതിനു ശേഷം താഴേക്ക് ചെന്നു.

അവൾ ചെല്ലുമ്പോഴേക്ക് ഏട്ടത്തിമാരും അമ്മയും കൂടി പ്രാതലിനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തിരുന്നു.

“ഇന്നലെ അഭി എപ്പോഴാ മോളെ വന്നത്. ”

അവളെ കണ്ടതും ജാനകി ചോദിച്ചു.
” 12 മണി കഴിഞ്ഞു അമ്മേ.. ഭക്ഷണം കഴിച്ചു കിടന്നപ്പോൾ ഒരു മണി ആകാറായി.”

“അത്രയും വൈകിയാണോ വന്നത്”. അവർ തനിയെ പറഞ്ഞു.

” അതുകൊണ്ടാ എഴുന്നേൽക്കാൻ വൈകിയത്. ” അവൾ ക്ഷമാപണം പോലെ പറഞ്ഞു.
“അതു സാരമില്ല. മോൾ അവനെ ഉണർത്തി ചായ കൊടുക്കു ”

അവർ രണ്ടു ചായ കപ്പ് കൃഷ്ണ നേരെ നീട്ടി. അവൾ അതും വാങ്ങി മുകളിലേക്ക് പോകാൻ തുടങ്ങിയതും അഭി താഴേക്ക് ഇറങ്ങി വന്നു.

“ഇന്നെന്താ നേരത്തെ ആണല്ലോ. “അവനെ കണ്ടതും അർജുൻ കളിയാക്കി ചോദിച്ചു.

“രാത്രി വരാൻ വൈകി. “അവൻ പത്രം എടുത്തു വായിച്ചു കൊണ്ട് കസേരയിലേക്ക് ഇരുന്നു.

” അത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ. ” അനിരുദ്ധും ഏറ്റുപിടിച്ചു

“രണ്ടുപേർക്കും ഇന്ന് പോകേണ്ടേ .” അഭി പെട്ടന്ന് ചോദിച്ചു.

“ഞാൻ പോകാൻ ഇറങ്ങുവാടാ. അനി ഇന്ന് ലീവാ. അവനു വേറെ എവിടെയോ പോകേണ്ട കാര്യം ഉണ്ട്. “ധൃതിയിൽ ചായ കുടിച്ചു തീർത്തു അർജുൻ പുറത്തേക്കിറങ്ങി.

കൃഷ്ണ ചായയുമായി അഭിയുടെ അടുത്തേക്ക് എത്തി. പ്രതാപനും ജാനകിയും അപ്പോഴേക്കും അവന്റെ അടുത്ത് വന്നിരുന്നു.

” ഇതു കുറച്ച് കൂടുന്നുണ്ട് അഭി. ”

” എന്ത് “അവൻ പുരികമുയർത്തി.

” നിന്റെ രാത്രിയിൽ ഉള്ള ഈ കറക്കം. ആരെങ്കിലും വിളിച്ചാൽ ഉടനെ ഇറങ്ങി പോവും.. വരുന്നതോ എന്ത് താമസിച്ചാ.

മുൻപത്തെ പോലെ അല്ല നിന്നെ കാത്ത് ഒരു പെൺകുട്ടിയിവിടെ ഇരിപ്പുണ്ട് എന്നുള്ള ബോധ്യം വേണം.” പ്രതാപൻ പറഞ്ഞു.

” നീ വരുന്നതുവരെ ഉറങ്ങിയിട്ടില്ല. നാളെ പരീക്ഷ ഉള്ളതല്ലേ അവൾക്ക്. നീ കാരണം ഉറക്കം നഷ്ടപ്പെട്ടാൽ എങ്ങനെ നന്നായി പരീക്ഷ എഴുതാൻ പറ്റും ”
ജാനകിയും ചോദിച്ചു
അഭി കൃഷ്ണയെ ഒന്ന് നോക്കി. അവൾ ചെറുചിരിയോടെ എല്ലാം കേട്ട് നിൽകുകയാണ്.

” ഇനി ഇനിമുതൽ വൈകില്ല അമ്മേ. നേരത്തെ വന്നേക്കാം.”

ചായ മുഴുവനും കുടിച്ചു ഗ്ലാസ് കൃഷ്ണയുടെ കയ്യിലേക്ക് തന്നെ കൊടുത്തു കൊണ്ട് അഭി പറഞ്ഞു.
അല്പനേരം കൂടി പത്രം വായിച്ചതിനുശേഷം.

അവൻ പുറത്തേക്കു പോയി.
കൃഷ്ണ ഏട്ടത്തിമാരോടൊപ്പം നിന്ന് അടുക്കള ജോലികളിൽ ഒക്കെ കുറെ സഹായിച്ചു.

ഏകദേശം എല്ലാം ഒതുങ്ങിയതിനുശേഷം അവൾ മുകളിലെ മുറിയിലേക്ക് ചെന്നു.

നാളെ പരീക്ഷ ഉള്ളതാണ്. അതിന് അടുത്തടുത്ത ദിവസങ്ങളിലായി രണ്ടെണ്ണം കൂടി ഉണ്ട്.

അതും കൂടി കഴിഞ്ഞാൽ ഈ സെമസ്റ്റർ എക്സാം എല്ലാം തീർന്നു. അവൾ തിടുക്കത്തിൽ പുസ്തകം തുറന്ന് പഠിക്കാൻ ആരംഭിച്ചു.

ഉച്ചയോടടുത്ത നേരത്താണ് അഭി തിരികെ എത്തിയത്.

അവൻ വന്ന് നോക്കുമ്പോൾ അലമാരയിലേക്ക് തുണികൾ മടക്കി വെക്കുകയാണ് കൃഷ്ണ.

വാതിൽ പതിയെ ചാരിയതിനുശേഷം അവൻ ശബ്ദമുണ്ടാക്കാതെ പിന്നാലെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അത് വേഗം ചിരിയിലേക്ക് വഴിമാറി.

അവൾ തിരിഞ്ഞ് അവനു അഭിമുഖമായി നിന്നു.

അഭി കണ്ണിമയ്ക്കാതെ കൃഷ്ണയെ നോക്കി. അവളുടെ കണ്ണിൽ ഒരു തിളക്കം അവൻ ശ്രദ്ധിച്ചു.
നാണം കലർന്ന പുഞ്ചിരിയോടെ കൃഷ്ണ തല കുമ്പിട്ടു.

” അച്ഛനോടും അമ്മയോടും കംപ്ലയിന്റ് ചെയ്തത് ആണോ ” അവൻ മെല്ലെ ചോദിച്ചു

“ഏയ്‌ അല്ല.. അമ്മ ചോദിച്ചു ഇന്നലെ എപ്പോഴാ വന്നതെന്ന്.. ഞാൻ പറഞ്ഞു അല്പം വൈകിയ കാര്യം. അതുകൊണ്ടാ അച്ഛനും അമ്മയും അങ്ങനെ പറഞ്ഞത്.. ”
മറുപടിയായി അവൻ ഒന്ന് മൂളി.

“ഞാനോർത്തു ഭാര്യയുടെ അധികാരം വെച്ച് എന്നെ തളച്ചിടാൻ നോക്കിയതാണെന്ന്.” കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു.
അഭി അവളെ തന്നോട് ചേർത്തു പിടിച്ചു.

” നാളെ എക്സാം ആയിട്ട് എന്തെങ്കിലും പഠിച്ചോ ”

“ഇത്ര നേരം പഠിക്കുകയായിരുന്നു. ഏകദേശം തീരാറായിട്ടുണ്ട് ” അവൾ പറഞ്ഞു

” വേറൊരു കാര്യമുണ്ട്. ചെമ്പകശ്ശേരിയിൽ നിന്ന് വിളിച്ചിട്ട് ഉണ്ടായിരുന്നു.. ”

” എന്താ കാര്യം” അവൾ ആകാംക്ഷയോടെ ചോദിച്ചു

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. നമ്മൾ രണ്ടുപേരും ഇതുവരെ അങ്ങോട്ടൊന്ന് ചെന്നില്ലല്ലോ. സമയം കിട്ടുമ്പോൾ രണ്ടുപേരും അങ്ങോട്ടേക്ക് ഇറങ്ങാൻ പറഞ്ഞു. ”

” അച്ഛനാണോ വിളിച്ചത്”

” അല്ല നാരായണിയമ്മ. ”

” അച്ഛമ്മയോ..എന്നിട്ട് എന്തൊക്കെ പറഞ്ഞു ” കൃഷ്ണയ്ക്ക് തുടക്കമായി.

” ഞാൻ പറഞ്ഞു നിനക്ക് എക്സാം ഒക്കെ നടക്കുകയാണ്. എല്ലാം കഴിഞ്ഞിട്ട് ഒരു ദിവസം ഇറങ്ങാമെന്നു ”

” മറ്റെന്തൊക്കെ പറഞ്ഞു.” അവൾ അഭിയുടെ മുഖത്തേക്ക് നോക്കി.

” വേറെ ഒന്നും പറഞ്ഞില്ല. എന്തേ വീട്ടിലേക്ക് പോകാൻ തുടക്കം ആയോ..”

” എല്ലാവരെയും കാണാൻ തോന്നുന്നു..” കൃഷ്ണയുടെ മുഖം മങ്ങി

“എക്സാം കഴിഞ്ഞിട്ട് നമുക്ക് പോകാമെന്നേ ” അവളുടെ മൂക്കിൻ തുമ്പിൽ നുള്ളിക്കൊണ്ട് അഭി പറഞ്ഞു

” ഉറക്ക ക്ഷീണം ഉണ്ടല്ലോ മുഖത്ത്.. “അഭി അവളുടെ കൺതടങ്ങളിൽ വിരലുകളാൽ തടവി . കള്ളച്ചിരിയോടെ കൃഷ്ണയെ തന്നിലേയ്ക്ക് വലിച്ചടുപ്പിച്ചു.

” എനിക്ക് പഠിക്കാനുണ്ട്.. “അവൾ അവന്റെ കൈകളിൽ നിന്നും കുതറി മാറി ചിരിയോടെ ടേബിളിനു അടുത്തേക്ക് ചെന്നു.

“എങ്കിൽ പഠിച്ചോ “ചിരിയോടെ തന്നെ അവനും മുറിവിട്ടു പുറത്തേക്ക് പോയി.

തുടർന്നുള്ള ദിവസങ്ങളിൽ എക്സാമിന്റെ തിരക്കിലായിരുന്നു കൃഷ്ണ.

സമയം വളരെ പരിമിതമായിരുന്നത് കൊണ്ടും തുടർച്ചയായുള്ള ദിവസങ്ങളിൽ എക്സാം ഉള്ളതുകൊണ്ടും അവൾ പൂർണ്ണമായും പഠന തിരക്കുകളിലേക്ക് ഊളിയിട്ടു .

അഭി തന്നെയാണ് കൃഷ്ണയെ എക്സാമിന് കൊണ്ടുപോയതും കൊണ്ടുവന്നിരുന്നതും.

ഒരാഴ്ചയ്ക്കു ശേഷം പരീക്ഷകൾ എല്ലാം അവസാനിച്ചു. അതോടൊപ്പം തന്നെ അഭിമന്യുവിന്റെ ലീവും തീർന്നു. അവൻ വീണ്ടും തിരികെ ജോലിയിൽ പ്രവേശിച്ചു.

പരീക്ഷ തീർന്നതുകൊണ്ട് തന്നെ കൃഷ്ണയ്ക്ക് ധാരാളം ഒഴിവ് സമയം കിട്ടിയിരുന്നു.

അഭി ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ പിന്നെ അവൾ മറ്റു പല കാര്യങ്ങളുമായി തിരക്കിലേർപ്പെട്ടു .

മിക്ക സമയങ്ങളിലും അവന്റെ പ്രൈവറ്റ് റൂമിൽ പുസ്തകങ്ങളോട് ഒപ്പം അവൾ ചെലവഴിച്ചു.

കൂടുതൽ സമയവും വായനയുടെ ലോകത്ത് അവൾ മുഴുകിയിരുന്നു.

ഒരുതരം ആർത്തിയോടെ ആണ് അവൾ ഓരോ പുസ്തകങ്ങളും വായിച്ചു തീർത്തത്.

അവളുടെ വായനയോടുള്ള ഭ്രമം മനസ്സിലാക്കി അഭിമന്യു അവൾക്കായി വീണ്ടും വീണ്ടും പുസ്തകങ്ങളും നോവലുകളും പലയിടങ്ങളിൽ നിന്നും വരുത്തിച്ചു കൊടുത്തു.

രാവിലെയുള്ള നിശ്ചിത സമയം പഠനത്തിനായി അവൾ നീക്കിവെച്ചു.

ബാക്കിയുള്ള നേരങ്ങളിൽ അവൾ ഏട്ടത്തിമാരോടും അച്ഛനോടും അമ്മയോടുമൊപ്പം വീട്ടിലെ പണികളിൽ ഏർപ്പെടുകയും, വായനയും കാര്യങ്ങളുമൊക്കെയായി ദിവസങ്ങൾ തള്ളി നീക്കുകയും ചെയ്തു.

പ്രതാപനും ജാനകിയും ചേർന്ന് അടുക്കളപുറത്തു ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരുന്നു.

പാവലും വെണ്ടയും വെള്ളരിയുമൊക്കെയായി ഒരു വീട്ടിലേക്കു വേണ്ട അത്യാവശ്യം പച്ചക്കറികളൊക്കെ അവിടുന്ന് തന്നെ കിട്ടും.

അതിനു അടുത്തായി ചെറിയൊരു കുളവും അതിൽ വളർത്തു മീനുകളും ഉണ്ട്.

വേഗത്തിൽ തന്നെ കൃഷ്ണയുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായി അവിടം മാറി.

അഭിമന്യുവിന് അല്പം തിരക്കായതിനാൽ അവർ മുൻതീരുമാനിച്ചതു പോലെ ചെമ്പകശ്ശേരിയിലേക്ക് ചെല്ലാൻ സാധിച്ചില്ല.

ദിവസങ്ങൾ ഏറെ കടന്നു പോയിട്ടും അവിടേയ്ക്ക് ചെല്ലാൻ സാധിക്കാത്തതിൽ കൃഷ്ണയ്ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

അഭിമന്യുവിന്റെ കൂട്ടുകാരാണ് അടുത്തടുത്ത വീടുകളിൽ താമസിക്കുന്നത്.

അന്ന് കല്യാണത്തിന് വന്ന എല്ലാവരെയും പരിചയപ്പെട്ടതാണ്. പിന്നീടുള്ള ദിവസങ്ങളിലും അവരെല്ലാം സ്ഥിരമായി വീട്ടിൽ വരുന്നുണ്ടായിരുന്നു.

മിക്ക സമയങ്ങളിലും അവരിൽ ആരെങ്കിലും ഒക്കെ ഇവിടെ കാണും. പ്രതാപനെയും ജാനകിയേയും അച്ഛനെന്നും അമ്മയെന്നുമാണ് വിളിക്കുന്നത്.

സ്വന്തം മക്കളെ പോലെയാണ് അവരെ അച്ഛനും അമ്മയും കാണുന്നതും. അത്രയ്ക്ക് വലിയ സൗഹൃദം ആണോ അഭിയും അവരും തമ്മിൽ എന്ന് കൃഷ്ണ ഇടയ്ക്ക് ചിന്തിക്കും.

ഒരിക്കൽ അടുക്കളത്തോട്ടത്തിന്റെ പരിപാലനത്തിന് ഇടയിൽ പ്രതാപൻ അതിന്റെ പിന്നിലെ കാരണം കൃഷ്ണയോട് വെളിപ്പെടുത്തി

” ഈ സൗഹൃദം ആദ്യം ആരംഭിച്ചത് ഇവരുടെയെല്ലാം അച്ഛന്മാരിലൂടെ ആയിരുന്നു പണ്ട് കാലം മുതലേ ഞങ്ങൾ 8 പേര് ആയിരുന്നു ഏറ്റവും നല്ല സുഹൃത്തുക്കൾ.

ഒരു ഗാങ് എന്നൊക്കെ വേണമെങ്കിൽ പറയാം. കളിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ഒരുമിച്ചു ആയിരുന്നു.

ഒരേ മാനസിക നിലവാരമുള്ള 8 സുഹൃത്തുക്കൾ..

ജീവിതത്തിൽ ഒരിക്കലും അകന്ന് പോകരുതെന്ന് കരുതിയ കൂട്ടുകെട്ട്..

അത്കൊണ്ടാണ് എല്ലാവരും സ്വന്തമായി ഒരു ജോലിയൊക്കെ വാങ്ങിയതിന് ശേഷം തൊട്ടടുത്തായി തന്നെ വീട് വെച്ചതും.

ഈ മുറ്റത്തേക്ക് ഇറങ്ങി നിന്നാൽ എനിക്കെന്റെ സുഹൃത്തുക്കളെ കാണാം ” പ്രതാപൻ പറഞ്ഞു.

” അതെന്റെ മാത്രമല്ല ഞങ്ങൾ ഓരോരുത്തരുടെയും തീരുമാനം ആയിരുന്നു.. ഞങ്ങളുടെ സുഹൃത്‌ബന്ധം അതേപടി അടുത്ത തലമുറയിലേക്കും ചേക്കേറി.

ഇവിടെ എല്ലാവരുടെയും മക്കൾ ഒരുമിച്ചാണ് വളർന്നത്. എന്റെതു നിന്റേതു എന്നൊന്നുമില്ല…

ഇവരെല്ലാം ഞങ്ങളുടെ മക്കൾ ആണ്..അഭിയും അതുലും കീർത്തിയും ശരണ്യയുമൊക്കെ ഒരേ പ്രായക്കാരാ.

ഞങ്ങൾ അച്ഛന്മാരെ പോലെ ഒരുമിച്ചു കളിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചു വളർന്നവർ..

ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആത്മബന്ധവും കൂട്ടായ്മയും അവർക്കിടയിലും ഉണ്ട്. അതൊക്കെ കാണുമ്പോഴും വല്ലാത്ത സന്തോഷമാണ്..

ഞങ്ങളെപ്പോലെ സ്നേഹിച്ചു ഒത്തൊരുമയോടെ ജീവിക്കാൻ അവർക്കും സാധിക്കുന്നല്ലോ ” അടുക്കളതോട്ടത്തിൽ നിന്നു ഇറങ്ങി അയാൾ പറഞ്ഞു.

പിന്നാലെ തോട്ടത്തിൽ നിന്നു എടുത്ത പച്ചക്കറികളുമായി കൃഷ്ണയും.

സുഹൃത്ത്ബന്ധങ്ങളെ ഇത്രയും പവിത്രതയോടെ കാത്തു സൂക്ഷിക്കുന്നതിൽ അവൾക്ക് വളരെ സന്തോഷം തോന്നി. എന്നും കൂടെ കാണുമല്ലോ ഈ കൂട്ടുകാരെല്ലാം.

കണ്ണെത്തും ദൂരത്തു തന്നെ.. പെട്ടന്ന് ഹരിയെ അവൾക്ക് ഓർമ വന്നു. കാവും കുളവും പായൽ മൂടിയ കല്പടവുകളും ഓർമയിൽ മിന്നിമാഞ്ഞു.

ഉള്ളിൽ ചെറിയൊരു വിഷാദം കലർന്നു.

**************************

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ അഭിയുടെ വീടുമായും അയൽക്കാരുമായി ഒക്കെ നന്നായി ഇണങ്ങി. നല്ലൊരു മരുമകൾ ആയി അവൾ പതിയെ രൂപാന്തരം പ്രാപിച്ചു.

എന്നാൽ മരുമകൾ എന്നതിനേക്കാൾ മകൾ ആയി അവളെ കാണാനായിരുന്നു പ്രതാപനും ജാനകിക്കും ഇഷ്ടം.

എല്ലാ ദിവസവും വൈകിട്ട് ഏട്ടത്തിമാരുടെ വക ഡ്രൈവിങ് പരിശീലനവും ഉണ്ടായിരുന്നു.

ടു വീലറും ഫോർ വീലറും ലൈസൻസ് എടുക്കണം എന്നത് അഭിയുടെ നിർബന്ധം ആയിരുന്നു.

അവൻ അക്കാര്യം പറഞ്ഞതും ഏട്ടത്തിമാർ സന്തോഷത്തോടെ അതേറ്റെടുത്തു.

വീടിനു അടുത്തുള്ള ഗ്രൗണ്ടിൽ എന്നും വൈകിട്ട് മൂവരും കൂടി വണ്ടിയുമായി പോകും. അധികം തിരക്കില്ലാത്ത നേരം നോക്കിയാണ് പോകാറ്.

സ്കൂൾ കുട്ടികളൊക്കെ കളിക്കാൻ വരുന്നതിനു മുൻപായി തിരികെ എത്തുകയും ചെയ്യും.

മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിൽ കൃഷ്ണ അത്യാവശ്യം നന്നായി വാഹനം ഓടിക്കാൻ പഠിച്ചു. ലൈസൻസും കിട്ടി.

എങ്കിലും ഡ്രൈവിംഗ് നന്നായി വഴങ്ങി വരാനായി പുറത്തേക്കുള്ള യാത്രയിലെല്ലാം അഭി അവളെക്കൊണ്ട് ഡ്രൈവ് ചെയ്യിച്ചു.

കഴിഞ്ഞ മാസങ്ങൾ കൊണ്ട് കൃഷ്ണ അഭിമന്യുവുമായി വളരെയധികം അടുത്തു. ആദ്യമുണ്ടായിരുന്ന ആശങ്കയും സംശയങ്ങളുമെല്ലാം അകന്നു.

അവന്റെ രീതികളും സ്വഭാവവും എല്ലാം അവൾ മനസിലാക്കിയെടുത്തു.

എല്ലാ കാര്യങ്ങളും നോക്കി കണ്ടറിഞ്ഞു ചെയ്തു കൊടുത്തു. അവന്റെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കിയെടുക്കാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നു.

അഭിയ്‌ക്കും അങ്ങനെ തന്നെ ആയിരുന്നു. ചില സമയങ്ങളിൽ മൗനത്തിലൂടെ പോലും ഇരുവരും സംസാരിച്ചു.

പല സാഹചര്യങ്ങളിലും താൻ എങ്ങനെ പ്രതികരിക്കുമെന്ന് പോലും കൃഷ്ണ മുൻകൂട്ടി മനസിലാക്കുന്നത് അഭിയ്ക്കൊരു അത്ഭുതം ആയിരുന്നു.

അത്രമേൽ ആഴത്തിൽ അവൾ അഭിയിലേക്ക് അലിഞ്ഞുചേർന്നിരുന്നു.
പരസ്പരം സ്നേഹിക്കുന്ന കാര്യത്തിൽ തമ്മിൽ തമ്മിലൊരു മത്സരം ഉണ്ടോയെന്നു പോലും ഇടയ്ക്ക് അഭി സംശയിച്ചു.
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം മുൻപോട്ട് നീങ്ങിക്കൊണ്ടിരുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു സന്ധ്യാനേരം. അഭിമന്യു ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ കാണുന്നത് കൃഷ്ണ ജാനകിയുടെ മടിയിൽ തല വെച്ച് കിടക്കുന്നതാണ്.

അവർ വാത്സല്യത്തോടെ അവളുടെ മുടിയിഴകളെ തലോടുന്നുണ്ട്.

തൊട്ടടുത്തായി പ്രതാപനും ഇരിക്കുന്നു.
അവനാ കാഴ്ച കണ്ടു അൽപനേരം നിന്നു.

” എന്താടാ നോക്കുന്നത് ” അഭിയെ കണ്ടതും ജാനകി ചോദിച്ചു. കൃഷ്ണ പെട്ടന്ന് എഴുന്നേറ്റിരുന്നു

” അമ്മയും മോളും തമ്മിലുള്ള സ്നേഹപ്രകടനം കണ്ടുനിന്നതാ ” അവൻ ചിരിയോടെ പറഞ്ഞു.
അവരും പരസ്പരം പുഞ്ചിരിച്ചു.

” കൃഷ്ണ…ഒരു കാര്യമുണ്ട്… നിന്റെ അച്ഛന്റെ പെങ്ങൾ ഇല്ലേ.. ശ്രീജിത്തിന്റെ അമ്മ.. അവർ മരിച്ചു.”

” എപ്പോൾ.”കൃഷ്ണ പെട്ടെന്ന് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

” ഇന്ന് ഉച്ചകഴിഞ്ഞ് നേരത്തു ആണെന്ന് തോന്നുന്നു.. അവർക്ക് എന്തോ അസുഖം ഒക്കെ ഉള്ളതു ആയിരുന്നില്ലേ..”

“മം… അതെ.” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

“നീ എങ്ങനെയാ അഭി അറിഞ്ഞത്.” പ്രതാപൻ ചോദിച്ചു.

” ഡ്യൂട്ടി സമയത്ത് അറിഞ്ഞതാണ്. നാളെത്തന്നെ സംസ്കാരം കാണും. അധികം ബന്ധുക്കളൊന്നും വരാനില്ലല്ലോ. “അവൻ പറഞ്ഞു.

കൃഷ്ണയ്ക്ക് മനസ്സിൽ ഒരു ഭാരം അനുഭവപ്പെട്ടു. തന്റെ കല്യാണത്തലേന്ന് അപ്പച്ചി വന്ന് കണ്ടതും സ്വയം തെറ്റുകൾ ഒക്കെ പറഞ്ഞു മാപ്പ് ചോദിച്ചതും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

“അഭിയേട്ടാ.. എനിക്കൊന്ന് അവിടം വരെ പോകണം.. ഒന്നു കാണണമെന്നുണ്ട് അവസാനമായി.”

” നാളെ പോകാം.” ഒന്ന് ആലോചിച്ചതിനു ശേഷം അവൻ പറഞ്ഞു.

പിറ്റേദിവസം അഭിമന്യുവിനോടൊപ്പം അവൾ അവിടെയെത്തി. അപ്പച്ചിയെ നിലത്തു കിടത്തി ഇരിക്കുകയായിരുന്നു.

ചില ബന്ധുക്കളും മറ്റും അരികിൽ ഇരിപ്പുണ്ട്. കൃഷ്ണയും അവരോടൊപ്പം ചെന്ന് ഇരുന്നു.

രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു. അഭിമന്യു അകത്തേക്ക് കയറാതെ പുറത്തു തന്നെ നൽകുകയായിരുന്നു.

” കർമ്മങ്ങൾ ഒക്കെ ആരാ ചെയ്യുക ഒരു മോൻ ഉള്ളത് ജയിലിൽ അല്ലേ. “കൂടി നിന്നിരുന്ന സ്ത്രീകൾ പറയുന്നുണ്ടായിരുന്നു.

” കർമ്മങ്ങൾ ഒക്കെ ചെയ്യാനായി ശ്രീജിത്തിനെ ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്.” കൃഷ്ണയുടെ ഏതോ ഒരു ബന്ധു അവളോട് പറഞ്ഞു.

അൽപ നേരം കൂടി അവിടെ ഇരുന്നതിനുശേഷം അവൾ പതിയെ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു നിന്നു. കുറച്ച് സമയത്തിന് ശേഷം ഒരു പോലീസ് വാഹനം മുറ്റത്തു വന്നുനിന്നു.

പോലീസുകാരോടോപ്പം കയ്യിൽ വിലങ്ങു അണിഞ്ഞ നിലയിൽ ശ്രീജിത്ത് പുറത്തിറങ്ങി . കൃഷ്ണ പതിയെ ആൾക്കൂട്ടത്തിനിടയിൽ കയറി നിന്നു.

അഭിമന്യു വന്ന പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിലെ വിലങ്ങു അഴിച്ചുമാറ്റി കർമ്മങ്ങൾ ഒക്കെ ചെയ്യാൻ അനുവദിച്ചു.

എല്ലാം കഴിഞ്ഞ് തിരികെ പോകുന്നതിനു മുൻപായി അവന്റെ കണ്ണുകൾ കൃഷ്ണയെ കണ്ടെത്തി.

ക്രൂരമായ ഭാവത്തോടെ അവൻ അടിമുടി അവളെ വീക്ഷിച്ചു.

ശ്രീജിത്തിന്റെ കണ്ണുകളിൽ പക എരിയുന്നുണ്ടായിരുന്നു.

അവന്റെ നോട്ടം കണ്ടെത്തും കൃഷ്ണയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. അവളുടെ കണ്ണുകൾ അഭിമന്യുവിനെ അന്വേഷിച്ചു.

അതോടൊപ്പം കൈകൾ താലിയെ മുറുകെ പിടിച്ചു.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15

ഹൃദയസഖി : ഭാഗം 16

ഹൃദയസഖി : ഭാഗം 17

ഹൃദയസഖി : ഭാഗം 18

ഹൃദയസഖി : ഭാഗം 19

ഹൃദയസഖി : ഭാഗം 20

ഹൃദയസഖി : ഭാഗം 21