Friday, November 22, 2024
Novel

Mr. കടുവ : ഭാഗം 30

എഴുത്തുകാരി: കീർത്തി


നല്ല തണുത്ത സുഖമുള്ള കാറ്റ് മുഖത്തേക്ക് വീശുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്. നോക്കിയപ്പോൾ നേരെ മുകളിൽ ഭംഗിയുള്ളൊരു ഫാൻ കറങ്ങുന്നു.

ആരാണാവോ എന്നെ ഈ ഫാനിന്റെ ചുവട്ടിൽ കൊണ്ടുകിടത്തിയത്? ഇതേതാ സ്ഥലം. ഞാൻ ചത്തോ? പരലോകത്താണോ? ഫാനൊക്കെ ഉണ്ടല്ലോ. പരലോകവും ഇപ്പൊ ഹൈടെക് ആയോ? ഞാൻ ചുറ്റും കണ്ണോടിച്ചു. ഹോസ്പിറ്റലാണെന്ന് തോന്നുന്നു.

തൊട്ടടുത്ത് കസേരയിൽ എന്തോ പോയ അണ്ണനെ പോലെ രേവു താടിക്ക് കൈയും കൊടുത്ത് ഇരിക്കുന്നുണ്ട്.

വേറെ ആരെയും കാണുന്നുമില്ല. ഇനി ഇവളും ചത്തോ? ഹാവു കൂട്ടിന് ആളായി. എന്തായാലും ചോദിച്ചു നോക്കാം.

“രേവു… ”

ഞാൻ പതുക്കെ വിളിച്ചു.
വിളി കേട്ട് അവള് വേഗം കസേരയിൽ നിന്നും ബെഡിൽ അടുത്ത് വന്നിരുന്നു.

“ഇപ്പൊ എങ്ങനെയുണ്ടടി. ”

“നമ്മളിത് എവിടെയാ? ”

“ഹോസ്പിറ്റലിൽ. ”

“ഭൂമിയിലെയോ? ”

“അല്ല ചൊവ്വയിലെ…. തലയിടിച്ച് വീണാലെങ്കിലും നിന്റെ ബോധം തെളിയുമെന്നാ കരുതീത്. ഇതിപ്പോ ഉള്ള ബോധം കൂടി പോവാണോ ഉണ്ടായത്. ”

“അപ്പൊ ഞാൻ ചത്തില്ലേ? ”

“എന്താ ചാവണോ? ”

“വേണ്ട. അവരൊക്ക എവിടെ?”

“എല്ലാവരും ഇവിടെ തന്നെ ഉണ്ടായിരുന്നു. അമ്മമാര് ദേ ഇപ്പൊ പുറത്തേക്ക് പോയി. ചന്ദ്രുവേട്ടനും അച്ഛനും അപ്പയും കൂടി ക്യാഷുവാലിറ്റിയിലേക്ക് പോയിട്ടുണ്ട്. ”

“ചന്ദ്രുവേട്ടന്…? ”
ആധിയോടെ ഞാൻ ചോദിച്ചു.

“ഒന്നുല്ല. കൈയിലൊരു കോറൽ പിന്നെ നെറ്റിയിലും. ”

“നീ എന്തിനാടി അതിന്റെ ഇടയിലേക്ക് കയറിപോയത്? ”

“ആ കൊശവൻ എന്റെ ചന്ദ്രുവേട്ടനെ വടിയെടുത്ത് അടിക്കാൻ പോണത് കണ്ടപ്പോൾ ഞാൻ… ”

“തല ചെന്നിടിച്ചത് ഒരു കരിങ്കല്ലിലാണ്. നെറ്റിയിൽ രണ്ട്മൂന്നു സ്റ്റിച്ചുണ്ട്. കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. സ്കാനിംഗ് റിസൾട്ട്‌ വന്നാൽ കാണിച്ചിട്ട് പോവാം. നിന്റെ ബോധം പോയത് ഏതായാലും നന്നായി. ഇല്ലെങ്കിൽ നിന്റെ കടുവ ജയിലിലായേനെ.”

“എന്തിന്? ”

“അമ്പലത്തിൽ വെച്ച് തല്ലുണ്ടാക്കിയവരെ പിന്നെ ശ്രീകോവിലിലിരുത്തി പൂജിക്കണോ? ”

“അപ്പൊ സൂരജേട്ടനോ? ”

“അങ്ങേര് ICU ലുണ്ട്. ”

“ICU ലോ? ”

“പിന്നല്ലാതെ? ഒരാളെ മനുഷ്യനാണെന്ന് പോലും നോക്കാതെ ഇങ്ങനെ തല്ലിചതച്ചാൽ അയ്യാൾ പിന്നെ എവിടെപ്പോയി കിടക്കാനാ?”

“അത്രയ്ക്ക് കാര്യായോ? ”

“കാര്യായോന്ന് ! നിന്റെ അങ്ങേര് അടിക്കണ അടി കണ്ടപ്പോൾ സൂരജേട്ടൻ മോർച്ചറിയിലാവുംന്നാണ് ഞാൻ വിചാരിച്ചത്. സൂരജേട്ടന് ഭാഗ്യമുണ്ട്. അതുകൊണ്ടല്ലേ ICU ല് അവസാനിച്ചത്. കുറച്ചു കാലത്തേക്ക് എന്തായാലും സൂരജേട്ടന്റെ ശല്യം ഉണ്ടാവില്ല. എഴുന്നേറ്റുനടക്കാൻ എങ്ങനെയും ഒരു മൂന്നാല് മാസവുംന്നാണ് കേട്ടത്. ”

“ദൈവമേ… എടി അപ്പൊ പോലീസ് കേസാവില്ലേ ? ”
നെഞ്ചത്ത് കൈവെച്ചു ഞാൻ ചോദിച്ചു.

“ആവാനൊന്നുമില്ല. ആൾറെഡി ആയി. പക്ഷെ നീയാ ഞങ്ങളെ രക്ഷിച്ചത്.”

“ഞാനോ? എങ്ങനെ? ”

“ആ നേരത്ത് തലയിടിച്ചു വീണപ്പോൾ നിന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണെന്ന് പറഞ്ഞു. പിന്നെ അമ്പലത്തിൽ വന്നവർ കണ്ടതാണല്ലോ സൂരജേട്ടനല്ലേ പ്രശ്നം ഉണ്ടാക്കിയത്. അങ്ങനെ കേസിൽന്ന് ഒഴിവായി. ”

ഓരോന്ന് പറഞ്ഞ് ഇരിക്കുമ്പോഴാണ് ചന്ദ്രുവേട്ടൻ അങ്ങോട്ട്‌ വന്നത്. ചന്ദ്രുവേട്ടനെ കണ്ടപ്പോൾ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല ന്നും പറഞ്ഞ് രേവു പുറത്തേക്ക് പോയി.

ചന്ദ്രുവേട്ടനെ കണ്ട് ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചപ്പോൾ ചന്ദ്രുവേട്ടൻ അടുത്ത് വന്ന് താങ്ങി എണീപ്പിച്ചു.

ബെഡിൽ തലയിണയിലേക്ക് ചാരിയിരുത്തുമെന്ന് വിചാരിച്ച എന്റെ ചിന്തകൾക്ക് വിപരീതമായി ചന്ദ്രുവേട്ടൻ ബെഡിൽ കയറിഇരുന്ന് ആ നെഞ്ചിലേക്കാണ് എന്നെ ചാരി ഇരുത്തിയത്. എന്നിട്ട് രണ്ടുകൈകൊണ്ടും എന്റെ കൈകൾക്കു മുകളിലൂടെ ചേർത്ത്പിടിച്ചു.

ചന്ദ്രുവേട്ടന്റെ ഇടതുകൈയിൽ ഒരു കെട്ടും നെറ്റിയിൽ ബാൻഡ്എയ്‌ഡും ഉണ്ടായിരുന്നു.

“ഇതൊന്നും കാണാനുള്ള ശക്തിയില്ലാത്തോണ്ടാ ഞാനെന്റെ ഇഷ്ടം പറയാതിരുന്നത്. ”
ചന്ദ്രുവേട്ടന്റെ കൈയിലെ കെട്ടിൽ തലോടികൊണ്ട് ഞാൻ പറഞ്ഞു.

“അത് പ്രയാഗ് എന്റർപ്രൈസസിന്റെ CEO സൂരജ് അല്ലെ? ”

“മ്മ്മ്. ”

“അയാളെന്തിനാ നിന്നെ…? നീയും അവനും തമ്മിലെന്താ പ്രശ്നം? ”

“പറയാം. എല്ലാം പറയാം. ഇവിടുന്ന് നേരെ തറവാട്ടിലേക്ക് പോവാം. ചന്ദ്രുവേട്ടന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ പറ്റിയത് അവിടെയാണ്. ”

ചന്ദ്രുവേട്ടൻ പിന്നീട് ഒന്നും ചോദിച്ചില്ല. അധികം താമസിയാതെ സ്കാനിംഗിന്റെ റിസൾട്ട്‌ കിട്ടി. കുഴപ്പമൊന്നും ഇല്ലെന്ന് കണ്ട് ഡോക്ടർ എന്നെ ഡിസ്ചാർജ് ചെയ്തു.

നമ്മുടെ വരിക്കാശ്ശേരി മന പോലൊരു തറവാട്. മൂർത്തി അങ്കിളും കുടുംബവും ഒരു കാറിലും അതിന്റെ പിറകിലെ കാറിൽ അച്ഛന്റെയും അമ്മയുടെയും ചന്ദ്രുവേട്ടന്റെയും കൂടെയായിരുന്നു ഞാൻ.

മുറ്റത്തു വണ്ടികൾ വന്നത്കണ്ട് ഉമ്മറത്തുനിന്നും പ്രായമായ, മുണ്ടും ഷർട്ടും ധരിച്ചു തോളിലൊരു തോർത്തുമുണ്ടും ഇട്ട് ഒരാൾ ഇറങ്ങി വന്നു.

അതാണ് കുഞ്ഞുണ്ണി ഏട്ടൻ. മുത്തശ്ശന്റെ മരണശേഷം ഞാനും അമ്മയും അച്ഛന്റെ കൂടെ എറണാകുളത്തേക്ക് മാറിയപ്പോൾ തറവാട് നോക്കാൻ ഏൽപ്പിച്ചതാണ്. കുഞ്ഞുണ്ണി ഏട്ടനും ഭാര്യയുമാണ് ഇവിടെ ഉള്ളത്. ഇവർക്ക് മക്കളില്ല.

ഇടയ്ക്ക് മൂർത്തി അങ്കിൾ വന്ന് അന്വേഷിക്കുകയും ചെയ്യും. ചന്ദ്രുവേട്ടനെയും അച്ഛനെയും കണ്ട് അദ്ദേഹം സംശയിച്ചു നിന്നു.

അവരാകട്ടെ അവിടമാകെ വീക്ഷിക്കുകയായിരുന്നു. മൂർത്തി അങ്കിൾ കുഞ്ഞുണ്ണി ഏട്ടന് അവരെ പരിചയപ്പെടുത്തി കൊടുത്തു. തിരിച്ച് അവർക്കും.

“മോൾക്ക് ഇത് എന്താ പറ്റിയെ?”

“അതൊക്കെ പറയാം. ഞങ്ങള് ഹോസ്പിറ്റലിൽന്ന് വരുന്ന വഴിയാണ്. ലീല എവിടെ? ”

“അവള് അടുക്കളയിലുണ്ട്. ഞാനെന്തൊരാളാ നിങ്ങളെയൊക്കെ ഇവിടെതന്നെ നിർത്തിയിട്ടു. മുറ്റത്ത് തന്നെ നിക്കാതെ എല്ലാരും അകത്തേക്ക് കയറിയാട്ടെ. ”

“അതിന് മുൻപ് അച്ഛനെയും അമ്മയെയും കാണട്ടെ ”

ഞാൻ പറഞ്ഞു. എന്നിട്ട് ചന്ദ്രുവേട്ടനെയും കൂട്ടി അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയുടെ അടുത്തേക്ക് പോയി.

വിളക്ക് വെക്കുന്നതിനുള്ള സാധനസാമഗ്രികളെല്ലാം അടുത്ത്തന്നെ ഉണ്ടായിരുന്നു. ചന്ദ്രവേട്ടനും ഞാനും കൂടി അസ്ഥിത്തറയിൽ വിളക്കുകൾ തെളിയിച്ചു. രണ്ടുപേർക്കും ചന്ദ്രുവേട്ടനെ പരിചയപ്പെടുത്തി കൊടുത്തു.

ശേഷം കണ്ണുകളടച്ച് കൈകൂപ്പി പ്രാർത്ഥിച്ചു നിന്ന സമയത്ത് സുഖമുള്ളൊരു ഇളംകാറ്റ് ഞങ്ങളെ തഴുകി അതിലെ കടന്നുപോയി. ആ കാറ്റിന് എന്റെ അച്ഛന്റെയും അമ്മയുടെയും ഗന്ധമാണെന്ന് തോന്നി. ഞങ്ങളെന്നും മോളോടൊപ്പമുണ്ടെന്ന് പറയുന്നത് പോലെ.

ശേഷം എല്ലാവരും വീട്ടിലേക്ക് നടന്നു. ഏറ്റവും പിറകിലായി പ്ലാസ്റ്ററിട്ട ഇടതുകൈയും താങ്ങി മുന്നോട്ട് നടക്കാനാഞ്ഞ എന്നെ ചന്ദ്രുവേട്ടൻ കൈയിൽ പിടിച്ചു നിർത്തി.

“എന്താ? ”

“ഞാൻ വിചാരിച്ച പോലല്ല. നീ വല്ല്യ പുള്ളിയാണല്ലേ? ”
വീടും പരിസരവും നോക്കികൊണ്ട് ചന്ദ്രുവേട്ടൻ ചോദിച്ചു.

“ഞാനല്ല. എന്റെ മുത്തശ്ശനും അച്ഛനുമാണ് വല്ല്യ പുള്ളികൾ. ”
മൈ ബോസിലെ ദിലീപേട്ടൻ സ്റ്റൈലിൽ പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു. കൂടെ ചന്ദ്രുവേട്ടനെ കാണാതെ തിരിഞ്ഞു നോക്കിയപ്പോൾ ആള് കാർ പോർച്ചിലേക്ക് നോക്കി സ്റ്റക്കായി നിൽക്കുന്നു. ആ നോട്ടം പിന്തുടർന്ന ഞാൻ കണ്ടു പോർച്ചിന്റെ ഗ്രില്ലിനിടയിലൂടെ അതിനകത്ത് കിടക്കുന്ന റോയൽ ബ്ലൂ കളർ Rolls-Royce wraith. ഓഹ്…. കടുവേടെ കണ്ണ് കാർക്കൂട്ടിലാണല്ലേ?

“ഓയ്… അകത്തേക്ക് വരുന്നില്ലേ? ”

എന്റെ ചോദ്യം കേട്ട് ചന്ദ്രുവേട്ടൻ ആ വണ്ടിയെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി കൂടെ വന്നു. ഞങ്ങൾ ഒരുമിച്ചാണ് വീട്ടിലേക്ക് കയറിയത്.

ഞാനും കടുവയും തമ്മിൽ സെറ്റായതിന് ശേഷം എപ്പോ അടുത്ത് കിട്ടിയാലും പുള്ളി ഒരു കൈകൊണ്ട് എന്നെ തന്നിലേക്ക് ചേർത്തുപിടിച്ചിട്ടുണ്ടാവും.

എന്തോ എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാൻ വരുന്നുണ്ടോ ആവോ? ആര് കണ്ടാലും ചന്ദ്രുവേട്ടന് അതൊരു പ്രശ്‌നമേയല്ല.

അച്ഛനും അങ്കിളും ഭയങ്കര കത്തിയാണ്. രേവു എന്തോ ടി. വി. യിലെ ഇന്റർവ്യൂ കാണുന്ന പോലെ രണ്ടുപേരുടെയും വായിലേക്ക് നോക്കിയിരിപ്പുണ്ട്.

പെട്ടന്ന് എന്തോ പിടികിട്ടിയത് പോലെ കൈയിലെ ഫോണെടുത്ത് അതിൽ തോണ്ടാൻ തുടങ്ങി. പാവം. ഇപ്പഴാ അങ്ങനെയൊരു സാധനത്തെപ്പറ്റി ഓർമ വന്നതെന്ന് തോന്നണു.

അമ്മമാര് ലീലച്ചേച്ചിയുടെ കൂടെ അടുക്കളയിലാണെന്ന് പറഞ്ഞു. അവിടെ സോഫയിൽ ഇരിക്കാൻ പോയ എന്നെ അങ്കിൾ തടഞ്ഞു.

“ഇവിടിരിക്കാൻ പോവാണോ? മോള് കുറച്ചു നേരം റൂമിൽ പോയി കിടന്നോ. ക്ഷീണമുണ്ട്. രേവു മോൾടെ കൂടെ ചെല്ല്. ”

അങ്കിൾ പറഞ്ഞത് കേട്ട് ചാടിത്തുള്ളി കൈയിലെ ഫോണും ഓഫാക്കി എന്റെ കൂടെ വരാനിരുന്ന അവള് പെട്ടന്ന് എന്തോ കണ്ടു പേടിച്ചപോലെ ആയി. നോക്കിയപ്പോൾ കടുവ അവളെ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്.

“അത്…. അപ്പാ…. റൂം അവൾക്ക് അറിയാവുന്നതല്ലേ. പിന്നെ ഞാൻ തന്നെ പോണോ. ചന്ദ്രുവേട്ടനും കൈക്ക് വയ്യല്ലോ. അപ്പൊ ചന്ദ്രുവേട്ടൻ കൂടെ പോയാൽ പോരെ? ”

എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു. ഏതായാലും അങ്കിൾനും അച്ഛനും കാര്യം മനസിലായി.

“അത് വേണോ മോളേ? ”
അച്ഛനായിരുന്നു.

കടുവ അച്ഛനെയും ഒന്ന് ഉഴിഞ്ഞു നോക്കി എന്നെയും പിടിച്ചുവലിച്ച് അകത്തേക്ക് നടന്നു. പോക്ക് കണ്ടിട്ട് അങ്ങേർക്ക് ഈ വീടിന്റെ മുക്കും മൂലയും അറിയാവുന്ന പോലാണ്.

ഏത് വരെ പോകുമെന്നറിയാൻ വേണ്ടി ഒന്നും പറയാതെ ഞാനും കൂടെ നടന്നു.

നടന്ന് നടന്ന് റൂമുകൾ അവസാനിച്ചപ്പോൾ ആള് നിന്നു. എന്നിട്ട് ചുറ്റും നോക്കിയശേഷം എന്നോട് ചോദിച്ചു.

“നിന്റെ റൂം ഏതാ? ”

“അപ്പൊ ചന്ദ്രുവേട്ടന് എന്റെ റൂം അറിയില്ലേ? വിളിച്ചോണ്ട് വാരണത് കണ്ടപ്പോൾ ഞാൻ കരുതി എല്ലാം അറിയുംന്ന്. ”

“കളിയാക്കാതെ കാര്യം പറയടി. അധികനേരം ഇങ്ങനെ നിൽക്കണ്ട. ”
ചന്ദ്രുവേട്ടൻ കടുവയായി.
അതായത് ഉത്തമാ ഗർജ്ജനം.

“എന്റെ റൂം മുകളിലാണ്. പക്ഷെ എനിക്കിപ്പോ അച്ഛന്റെയും അമ്മയുടെയും റൂമിൽ കിടന്നാൽ മതി. ”

“അതെവിടെയാ? ”

“അതിന്റെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. ”

പറയുന്നതോടൊപ്പം ഞങ്ങൾ നിൽക്കുന്നതിന്റെ ഇടതുവശത്തെ റൂം കണ്ണുകൊണ്ട് കാണിച്ചുകൊടുത്തു. ചന്ദ്രുവേട്ടൻ എന്നെയും കൂട്ടി റൂമിലേക്ക് കടന്നു. കിടക്കാൻ തോന്നിയില്ല. അതുകൊണ്ട് ബെഡിന്റെ ബാക്ക് ബോർഡിൽ പിറകിലേക്ക് ചാരിയിരുന്നു. ചന്ദ്രുവേട്ടൻ അടുത്ത് വന്ന് എനിക്ക് അഭിമുഖമായി എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ പോന്നു കടുവേ ഇങ്ങനെ നോക്കല്ലേ. എന്നെ വഴി തെറ്റിക്കരുത്. പ്ലീസ്. അ നോട്ടം ഒന്ന് മാറ്റ്.

“നിന്നെ ഒരു സൈഡിലേക്ക് മാറ്റി നിർത്തിയതല്ലേ. പിന്നെന്തിനാടി അതിന്റെ ഇടയിലേക്ക് കയറിവന്നത്? ”
നെറ്റിയിൽ പതുക്കെ തലോടികൊണ്ട് ചന്ദ്രുവേട്ടൻ ചോദിച്ചു.

“ആ തടിമാടൻ ചന്ദ്രുവേട്ടനെ അടിക്കാൻ വരുന്നത് കണ്ടപ്പോൾ….. എനിക്ക് പെട്ടന്ന് അങ്ങനെയാ തോന്നിയത്. അയ്യാള് എന്നെപിടിച്ചു ഉന്തുംന്ന് ഞാനറിഞ്ഞോ? അല്ലെങ്കിൽ ചന്ദ്രുവേട്ടൻ വന്ന് രക്ഷിക്കുംന്നല്ലേ ഞാൻ വിചാരിച്ചത്. ”
കുസൃതിയോടെ ഞാൻ പറഞ്ഞു.

“അയ്യാള് അങ്ങനെ ചെയ്തതുകൊണ്ട് ഒരു കാര്യം എനിക്ക് മനസിലായി. ”

“എന്ത്? ”

“ആ സൂരജും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്. നിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴുന്നത് എന്നെപ്പോലെ അവനും സഹിക്കില്ലെന്ന്. ”

ഒന്നും മനസിലാവാതെ ഞാൻ ചന്ദ്രുവേട്ടനെ നോക്കി.

“നിന്നെ തള്ളിയിട്ടതിന് അവൻ ആ പാവത്തിനെ കണക്കിന് തല്ലി. അവന് എന്റെ കൈയിൽന്ന് കിട്ടിയത് പോലെ അയ്യാൾക്ക് അവന്റെ കൈയിൽന്ന് കിട്ടി. പോരാത്തതിന് എന്റെ വകയും കുറച്ചു കൊടുത്തു. അയാൾടെ കാര്യത്തിൽ ഒരു തീരുമാനമായതിന് ശേഷമാണ് പിന്നെ ഞങ്ങൾ തമ്മിലുള്ള തല്ല് കണ്ടിന്യൂ ചെയ്തത്. അയ്യാളെ ഇനി എന്തിനെങ്കിലും വെയ്ക്കുമൊന്ന് ദൈവത്തിന് മാത്രമേ അറിയൂ. ”

“അല്ലേലും സൂരജേട്ടനെ എനിക്കും ഇഷ്ടമാണ്. ”
കടുവ എന്നെയൊന്ന് തറപ്പിച്ചു നോക്കി.

“എന്റെ ഏട്ടനെപ്പോലെ ആയിരുന്നു. തിരിച്ച് എന്നെയും. നല്ല കെയറിങ്ങും. പക്ഷെ പിന്നീട് എപ്പോഴോ ആ സ്നേഹം വേറൊരർത്ഥത്തിലേക്ക് മാറി. ”

“ഇനി അതൊന്നും ഓർക്കണ്ട.തല്ക്കാലം എന്റെ പ്രിയതമ എന്നെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. ”
കുസൃതിയോടെ കണ്ണിറുക്കി ചന്ദ്രുവേട്ടൻ പറഞ്ഞു.

“ഉത്തരവ് പ്രാണനാഥാ. ”
അതെ രീതിയിൽ കൈ കൂപ്പി ഞാനത് പറഞ്ഞപ്പോൾ ചന്ദ്രുവേട്ടൻ ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

“ആഹ്… ”

വേദനകൊണ്ട് ഞാൻ ഒച്ചവെച്ചു. ഒപ്പം എന്റെ കണ്ണും നിറഞ്ഞിരുന്നു. അതുകണ്ടു ചന്ദ്രുവേട്ടനും സങ്കടമായി. സോറി പറഞ്ഞ് നെറ്റിയിലെ മുറിപ്പാടിൽ ചുണ്ടുകൾ ചേർത്തു.

എന്നിട്ട് ആ നെഞ്ചിലേക്ക് എന്നെ ചേർത്തുകിടത്തി, കൂടെ കൈകൾ കൊണ്ട് പൊതിഞ്ഞു പിടിക്കാനും മറന്നില്ല. പ്ലാസ്റ്ററിടാത്ത കൈകൊണ്ട് ഞാനും ചന്ദ്രുവേട്ടനെ കെട്ടിപിടിച്ചു. കുറെ നേരം ഞങ്ങൾ അങ്ങനെ ഇരുന്നു.

“ചന്ദ്രുവേട്ടന് എന്റെ അച്ഛനെയും അമ്മയെയും കാണണ്ടേ? ”
ആ നെഞ്ചിൽ ചാഞ്ഞുകിടന്ന് ഞാൻ ചോദിച്ചു.

“മ്മ്മ്. ”

ഉടനെ ചന്ദ്രുവേട്ടനിൽ നിന്നും അടർന്നുമാറി, ബെഡിന് നേരെ മുന്നിലെ ടേബിളിൽ ഇരിക്കുന്ന ഫ്രെയിം ചെയ്ത വലിയ ഫോട്ടോ ചൂണ്ടി കാണിച്ചു.

“ദേ അതാണ് എന്റെ അച്ഛനും അമ്മയും. ”

ചന്ദ്രുവേട്ടൻ പിറകിലേക്ക് തിരിഞ്ഞു ഞാൻ ചൂണ്ടിയ വശത്തേക്ക് നോക്കി. ശേഷം ബെഡിൽ നിന്നെഴുന്നേറ്റ് ആ ടേബിളിന് അടുത്ത് ചെന്നു, ആ ഫോട്ടോ കൈയിലെടുത്ത് വീണ്ടും എന്റെ അടുത്തേക്ക് വന്നിരുന്നു.

“ഇത് ആരാന്നാ പറഞ്ഞേ? ”

“അച്ഛനും അമ്മയും. ”

“പ്രയാഗ് എന്റർപ്രൈസസിന്റെ… ”

അത്ഭുതത്തോടെ ചന്ദ്രുവേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അതെയെന്ന് തലയാട്ടി ഇടതുവശത്തെ ചുമരിൽ തൂക്കിയിരിക്കുന്ന ഞങ്ങളുടെ കുടുംബം ഫോട്ടോ കാണിച്ചു കൊടുത്തു. കുറച്ചു സമയത്തേക്ക് ഞങ്ങൾക്കിടയിൽ വാക്കുകൾക്ക് സ്ഥാനമില്ലാതായി.

ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി ഇരിക്കുന്ന ചന്ദ്രുവേട്ടന്റെ ഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി, ഒപ്പം വേദനയും.

“ച… ചന്ദ്രുവേട്ടാ ”

മടിച്ചു മടിച്ചാണ് ഞാൻ വിളിച്ചത്. എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ ‘എന്താ ‘ ന്നുള്ള അർത്ഥത്തിൽ മൂളുക മാത്രമേ ചെയ്തുള്ളു.

“ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ ചന്ദ്രുവേട്ടാ… എന്തെങ്കിലും ചോദിക്ക്… എന്നോട് ഇങ്ങനെ പിണങ്ങി ഇരിക്കല്ലേ. പ്ലീസ് എനിക്ക് വേറെ ആരും ഇല്ല. ചന്ദ്രുവേട്ടാ ഒന്ന് പറയ്… പേടിച്ചിട്ടാ ഞാനൊന്നും പറയാതിരുന്നത്… ”

“ആരെ? ”
ശബ്ദം ശാന്തമായിരുന്നെങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണത എന്നെ ഭയപ്പെടുത്തി.

“ജയദേവൻ അങ്കിളിനെയും സൂരജേട്ടനേയും.
അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയത് പോലെ അവര് എന്നെയും കൊല്ലും. ആരും ഇല്ലാതെ ഒറ്റക്ക് ഞാനെങ്ങനെ അവരുടെ മുന്നിൽ പിടിച്ചു നിൽക്കും. അതുകൊണ്ടാ… ഞാൻ… ”

“അപ്പൊ പിന്നെ ഞാൻ നിന്റെ ആരാടി? അവര് നിങ്ങളുടെ റിലേറ്റീവ്സാണോ? ”

“അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല. എനിക്ക് ഓർമ വെച്ച നാൾ മുതൽ അവരെ ഞാൻ കാണുന്നതാണ്. മുത്തശ്ശന്റെ അകന്ന ബന്ധത്തിലുള്ളതാണെന്ന് മാത്രമേ അറിയൂ.
സ്കൂൾ അധ്യാപകനായിരുന്ന അച്ഛന്റെ മനസ്സിൽ എപ്പോഴോ കടന്നുകൂടിയ ആഗ്രഹമായിരുന്നു ബിസിനസ്. മുത്തശ്ശനും അച്ഛന്റെ ആഗ്രഹത്തിന് കൂടെനിന്നു. മുത്തശ്ശനും വലം എന്തിനും ഏതിനും കൂടെ നിൽക്കാൻ മൂർത്തി അങ്കിൾനെ പോലൊരു കൂട്ടുകാരനും അച്ഛന്റെ സ്വപ്നം യാഥാർഥ്യമായി. മേലേടത്ത് കൺസ്ട്രക്ഷൻസ്. മുത്തശ്ശൻ എപ്പോഴും പറയും ഏട്ടനാണ് അച്ഛന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമെന്ന്. ഏട്ടൻ ജനിച്ചതിന് ശേഷമാണ് അച്ഛന്റെ ബിസിനസ് ഇത്രയും വളർന്നത്. അതുകൊണ്ട് തന്നെ പിന്നീടങ്ങോട്ട് തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഏട്ടന്റെ പേരാണ്. കൺസ്ട്രക്ഷൻ കമ്പനിടെ പേരും മാറ്റി. അതിന്റെ ബ്രാഞ്ച് ഒന്ന് ബാംഗ്ലൂരും മുംബൈലും തുടങ്ങി. അന്നൊക്കെ കൂട്ടിന് ഈ ജയദേവൻ അങ്കിളും ഉണ്ടാവുമായിരുന്നു.

ഞങ്ങൾ ഇവിടെ മുത്തശ്ശന്റെ കൂടെയായിരുന്നു. ബിസിനസ് സൗകര്യത്തിന് വേണ്ടിയാണ് എറണാകുളത്ത് വീട് വെച്ചത്.

അവിടെയാണ് ജയദേവൻ അങ്കിളും ഫാമിലിയും. പഠിപ്പ് കഴിഞ്ഞപ്പോൾ ഏട്ടൻ ബിസിനസ് ഏറ്റെടുത്തു. ആയിടക്കാണ് മുംബൈലെ ഓഫിസിൽ എന്തോ ആവശ്യമുണ്ടെന്നും പറഞ്ഞ് ഏട്ടന് അങ്ങോട്ട് പോകേണ്ടി വന്നത്. പിന്നെ ഏട്ടനെക്കുറിച്ച് ഒരു വിവരവും ഇല്ല.

ഒരുപാട് അന്വേഷിച്ചു. ഫലമുണ്ടായില്ല. ആ ഷോക്കിൽ മുത്തശ്ശൻ മരിച്ചത്. അതിനുശേഷം എന്നെയും അമ്മയെയും അച്ഛൻ എറണാകുളത്തേക്ക് കൊണ്ടുപോയി. അവിടെ ഏട്ടനെ കാണാതായ വിഷമം മറന്നത് സൂരജേട്ടൻ കാരണമാണ്.

ഏട്ടനെപോലെ സ്നേഹിച്ചു എന്തിനും കൂടെ നിൽക്കുകയും കെയറിംഗും ആയിരുന്നു. മാനസികമായി തകർന്നു പോയ അച്ഛനും അമ്മയും പതിയെ പഴയത് പോലെ ഉഷാറായി.

അങ്ങനെ ഇരിക്കുമ്പോൾ എന്റെ പിറന്നാളിന് ഒരു മാസം മുൻപ് അച്ഛനും അമ്മയും കൂടി ബാംഗ്ലൂർക്ക് പോയത്.

ഒരു നല്ലകാര്യത്തിന് പോവാണെന്നും ഒത്തിരി സന്തോഷമുള്ള ഒരു വാർത്തയുമായിട്ടാണ് തിരിച്ചു വരികയെന്നും പിന്നെ ഇത്തവണത്തെ പിറന്നാളിന് ഒരു സ്പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

അതും പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് അവര് പിന്നെ വന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ ജീവനില്ലാത്ത രണ്ടു ശരീരങ്ങളായിട്ടാണ്.

എല്ലാംകൊണ്ടും ഒറ്റക്കായി. സ്വന്തംന്ന് പറയാൻ ആരുമില്ലാതെ. ആകെയൊരു ആശ്വാസം മാലിനി ആന്റിയും സാന്ദ്രയുമായിരുന്നു. ആ വീട്ടിൽ എന്റെ മുറിയിൽ നിന്നു പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. മരിച്ചാലോന്ന് വരെ തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയും ഏട്ടനും ആരും ഇല്ലാതെ. ഏട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ……

സൂരജേട്ടനും അങ്കിളും ആണ് ബിസിനസ് എല്ലാം നോക്കിയത്. ഇന്നും. പണ്ട് മുതലേ അതിൽ താല്പര്യമില്ലാത്തതു കൊണ്ട് ആ കാര്യങ്ങളൊന്നും എനിക്കറിയില്ല. പതുക്കെ
ആ സാഹചര്യവുമായി ഞാനും പൊരുത്തപ്പെട്ടു.

ഏട്ടൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയും. അപ്പോഴാണ് ജയദേവൻ അങ്കിൾ പറയുന്നത് സൂരജേട്ടനുമായി എന്റെ വിവാഹം ഉറപ്പിക്കാൻ പോവാണെന്നു. അച്ഛന്റെ വല്ല്യ ആഗ്രഹമായിരുന്നു അതെന്ന്…. ”

“അച്ഛന്റെ ആഗ്രഹമായിരുന്നുന്ന് കേട്ടപ്പോൾ നീയങ്ങ് സമ്മതിച്ചു ലെ? ”

അത്രയും നേരം ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്ന ചന്ദ്രുവേട്ടൻ പെട്ടന്ന് എന്റെ നേർക്ക് ദേഷ്യപ്പെട്ടു.

“അത്… പിന്നെ… അന്നത്തെ അവസ്ഥയിൽ….. എനിക്ക് വേണ്ടി തീരുമാനങ്ങളെടുക്കാൻ ആരുമില്ലല്ലോ. പിന്നെ സൂരജേട്ടനെ ചെറുപ്പം മുതൽ അറിയുന്നതുമാണ്. അപ്പൊ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെന്ന്…..ഞാനും…. ”

“എന്നിട്ട് ഇപ്പൊ അവര് നിനക്ക് ശത്രുക്കളായി. ”

“സത്യം അറിഞ്ഞപ്പോൾ… അച്ഛനെയും അമ്മയെയും അവരാണ് കൊന്നതെന്ന് അറിഞ്ഞപ്പോൾ…. ”

“എന്ന് നീ എങ്ങനെ അറിഞ്ഞു? ”

“അവര് അച്ഛനും മകനും സംസാരിക്കുന്നത് ഞാൻ കേട്ടു. എന്തോ വില്പത്രത്തിന്റെ കാര്യവും. ആ ഒരു കാരണം കൊണ്ടാണ് എന്നെ വെറുതെ വിട്ടിരിക്കുന്നതെന്നും… ഒരുപക്ഷെ ഇതൊന്നും അറിഞ്ഞില്ലായിരുന്നു എങ്കിൽ…. ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ സൂരജേട്ടന്റെ….. ”

അവസാന വാചകം കേട്ട് ചന്ദ്രുവേട്ടൻ മുഷ്ടി ചുരുട്ടി പിടിക്കുന്നത് കണ്ടു. ഉള്ളിലെ ദേഷ്യം കൈയിലും മുഖത്തും വ്യക്തമായി കാണുന്നുണ്ട്. കൂടെ പല്ല് ഞെരിക്കുന്ന ശബ്ദവും.

“സ്വത്തിന് വേണ്ടിയാണെങ്കിൽ എത്രയും വേഗം വിവാഹം നടത്താനല്ലേ നോക്കുക. എന്തേ ഇത്രയും വൈകാൻ…? ”

“എന്റെ ജാതകത്തിൽ മംഗല്യയോഗം 25മത്തെ വയസിലാണ്. അതിനു മുൻപ് നടന്നാൽ ദോഷമാണ്. ”

കുറച്ചു നേരം ചന്ദ്രുവേട്ടൻ എന്തോ ആലോചിച്ച് ഇരിക്കുന്നത് കണ്ടു. ഞാൻ ഒന്നും ചോദിക്കാനും നിന്നില്ല. പെട്ടന്ന് കൈയിലെ ഫോട്ടോ ടേബിളിൽ കൊണ്ടുവെച്ച് പുറത്തേക്ക് പോകാനൊരുങ്ങി.

“നിനക്ക് ഇപ്പൊ എത്ര വയസായി? ”
ഒന്ന് നിന്ന് ചന്ദ്രുവേട്ടൻ ചോദിച്ചു.

“അടുത്ത മാസം 25 ആവും. ”
എന്നെ കനപ്പിച്ചൊന്നു നോക്കിയിട്ട് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

“ചന്ദ്രുവേട്ടാ… ”

“മ്മ്മ്? ”

“എന്നോട് ദേഷ്യമാണോ? ഒന്നും പറയാതിരുന്നതിൽ….? ”

പുറത്തേക്ക് പോകാൻ നിന്ന ആള് അതുകേട്ട് എന്റെ അടുത്തേക്ക് വന്നു. നേരത്തെ ഇരുന്നപോലെ അടുത്തിരുന്നു. എന്റെ വലതു കൈയെടുത്ത് ചന്ദ്രുവേട്ടന്റെ രണ്ടു കൈകളിലായി പൊതിഞ്ഞു പിടിച്ചു. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.

“ദേഷ്യമുണ്ട്. ഇത് മുന്നേ പറയാത്തത് കൊണ്ടാണ്…. അത് എന്തുകൊണ്ടാണെന്ന് അറിയുവോ?

ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോൾ ചന്ദ്രുവേട്ടൻ കുറച്ചു കൂടി അടുത്തേക്ക് നീങ്ങിയിരുന്ന് ഒപ്പം മുഖവും എന്നിലേക്ക് അടുപ്പിച്ചു.

“ഇതൊക്കെയ്… മുന്നേ പറഞ്ഞിരുന്നെങ്കിലേയ്…. ആ സൂരജിനെയ്….. രണ്ടെണ്ണം കൂടുതൽ പൊട്ടിക്കായിരുന്നു. ”

ഒരു പ്രത്യേക ഈണത്തിൽ ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ ചന്ദ്രുവേട്ടന്റെ ഓരോ ‘യ് ‘ ക്കും ഞാൻ മൂളിക്കൊണ്ടിരുന്നു. അവസാനം പറഞ്ഞത് കേട്ട് അന്തം വിട്ട് ആളെ നോക്കി.

ഇനിയും തല്ലിയിരുന്നെങ്കിൽ ചിലപ്പോൾ രേവു പറഞ്ഞത് പോലെ സൂരജേട്ടൻ മോർച്ചറിയിൽ ആയേനെ. മുന്നേ പറയാഞ്ഞത് നന്നായി. ഞാനോർത്തു.

പെട്ടന്ന് എന്റെ കണ്ണിലേക്കു നോക്കി കുസൃതിചിരിയോടെ ചന്ദ്രുവേട്ടൻ പൊതിഞ്ഞു പിടിച്ചിരുന്ന എന്റെ കൈയിൽ ചുണ്ട് ചേർത്തു.

കണ്ണുകൾ പരസ്പരം കോർത്തപ്പോൾ ചന്ദ്രുവേട്ടൻ വീണ്ടും മുഖം എന്നിലേക്കടുപ്പിച്ചു. ഒരുവേള ആ കണ്ണുകളിൽ കണ്ട പ്രണയാഴിയിൽ ഞാൻ ലയിച്ചുപ്പോയി. ഞങ്ങളുടെ അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു.

“സ്വർഗത്തിലേക്ക് ഒരു കട്ടുറുമ്പ് വരുന്നുണ്ടേ.”

റൂമിന് പുറത്ത് രേവു വിളിച്ചു ചോദിച്ചു.
റൂമിന് പുറത്ത് നിന്നും രേവു വിളിച്ചു ചോദിച്ചു.

മോഹഭംഗത്താലുള്ള നിരാശയും ആ കട്ടുറുമ്പിനോടുള്ള ദേഷ്യവും കലർന്ന ചന്ദ്രുവേട്ടന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പെട്ടന്ന് ചുണ്ടിൽ തരാനിരുന്നത് കവിളിൽ കിട്ടി.

ചിരിയുടെ ഇടയിൽ സംഭവിച്ചത് എന്താണെന്ന് മനസിലായപ്പോഴേക്കും ചന്ദ്രുവേട്ടൻ വാതിലിനടുത്തേക്ക് എത്തിയിരുന്നു.

അകത്തേക്ക് കയറി വന്ന രേവുവിനെ തറപ്പിച്ചൊന്ന് നോക്കിയിട്ട് ആള് ഇറങ്ങി പോയി. എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി വന്നതായിരുന്നു അവള്.

“അങ്ങേരെന്താടി എന്നെ ഇങ്ങനെ നോക്കി പോയത്? ”

ചന്ദ്രുവേട്ടൻ പോയ വഴിയെ നോക്കി അവൾ ചോദിച്ചു.

“അത് പിന്നെ കറക്റ്റ് ടൈമിംഗിൽ കയറിവന്നാൽ ആരായാലും അങ്ങനല്ലേ നോക്കുള്ളു. ”

“അയ്യടി… അപ്പൊ രണ്ടുംകൂടി ഇവിടെ എന്തോ കുരുത്തക്കേട് ഒപ്പിക്കായിരുന്നു ലെ? ”

നാണത്തിൽ പൊതിഞ്ഞ ചിരിയായിരുന്നു ആ ചോദ്യത്തിന് അവൾക്കുള്ള എന്റെ മറുപടി.

ചന്ദ്രു ഹാളിലേക്ക് മൂർത്തി കാര്യങ്ങളെല്ലാം മേനോനോട്‌ പറയുകയായിരുന്നു. ചന്ദ്രുവിനെ കണ്ടതും മേനോൻ അവനോട് പറഞ്ഞു.

“മോനെ പ്രിയ മാധവൻ നമ്പ്യാർ ടെ മകളാണ്. ”

“അറിഞ്ഞു. അവള് എല്ലാം പറഞ്ഞു. ”

“എത്രയും പെട്ടന്ന് നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തണം. ഇല്ലെങ്കിൽ അവര് വീണ്ടും എന്തെങ്കിലും… ”

“അങ്കിൾ പേടിക്കണ്ട. ഒന്നും സംഭവിക്കില്ല. ”
അവന്റെ വാക്കുകൾ വളരെ ദൃഢമായിരുന്നു.

“അല്ലെങ്കിലും പ്രിയ മോളെ അവര് ഒരിക്കലും കൊല്ലില്ല. അതെനിക്ക് ഉറപ്പാണ്. മോള്ടെ ജീവൻ സുരക്ഷിതമാക്കാനുള്ള കാര്യങ്ങൾ ചെയ്തുവെച്ചിട്ടാണ് എന്റെ മാധവൻ പോയത്. ജയദേവനെയും മകനെയും കുറിച്ച് മാധവന് എന്തൊക്കെയോ സംശയമുണ്ടായിരുന്നു എന്ന് തോന്നുന്നു. മാത്രവുമല്ല എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ തോന്നുന്നുണ്ടെന്ന് മരിക്കുന്നതിന് ഒരാഴ്ച മുൻപ് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടോക്കെ ആയിരിക്കും ഇത്ര പെട്ടന്ന് ഒരു വിൽപത്രം എഴുതി വെച്ചതും മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് അത് കൊണ്ടുപോയി രജിസ്റ്റർ ചെയ്തതും. മാധവനും അഡ്വക്കേറ്റിനും എനിക്കും മാത്രമേ ഇതിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. പക്ഷെ അവരും ഇത് എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. അതാണ് സൂരജുമായി വിവാഹം തീരുമാനിക്കാൻ കാരണം. ”

“എന്തായിരുന്നു അതിൽ? ”
ചന്ദ്രു ചോദിച്ചു.

“പ്രയാഗ് എന്റർപ്രൈസർസ് അടക്കം മാധവന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും പ്രിയ മോള്ടെയും അവൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെയും പേരിലാണ് അവൻ എഴുതി വെച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ പ്രിയ മോൾടെ ജീവന് അപകടം പറ്റിയാൽ എല്ലാം ആലപ്പുഴയിലുള്ള സ്‌നേഹവീട് എന്ന ഓർഫനേജിന് ചെന്നുചേരും. ”

“ഈ സ്‌നേഹവീട് ന്ന് പറയുമ്പോൾ…? ”
ചന്ദ്രു ചോദിച്ചു.

“അവിടെയായിരുന്നു പ്രിയമോൾടെ അമ്മ പ്രമീള വളർന്നത്. പിന്നെ മോൾടെ വിവാഹം കഴിയുന്നത് വരെ ബിസിനസ് നോക്കി നടത്താനുള്ള അവകാശം ജയദേവനും മകൻ സൂരജിനുമാണ്. അതിനുശേഷം എല്ലാം പ്രിയയുടെ ഭർത്താവിനാണ്. മാത്രവുമല്ല വിൽപത്രത്തിൽ എന്തെങ്കിലും ക്രയവിക്രയം നടത്താനുള്ള അവകാശവും രണ്ടുപേർക്കും തുല്യമാണ്. പക്ഷെ അത് പ്രയാഗ് മോൻ തിരിച്ചു വന്നാൽ മാത്രം. അല്ലെങ്കിൽ എല്ലാം മാധവൻ എഴുതി വെച്ചപോലെ തന്നെ ഇരിക്കും. അതുകൊണ്ടാണ് പ്രിയയെ സൂരജിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നോക്കുന്നത്. ”

“ഒരുപക്ഷെ പ്രിയ സത്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെങ്കിൽ..”

മേനോന്റെ ആ സംശയത്തിന് ചെറുപുഞ്ചിരിയോടെയാണ് മൂർത്തി മറുപടി പറഞ്ഞു തുടങ്ങിയത്.

“ഇങ്ങനെയെ വരൂ. കാരണം എന്റെ മോള്ക്ക് വേണ്ടി ദൈവം പറഞ്ഞുവിട്ടത് സൂരജിനെയല്ലല്ലോ. ദേ ഇവനെയല്ലേ. ”

ചന്ദ്രുവിനെ ചൂണ്ടി അദ്ദേഹം പറഞ്ഞപ്പോൾ കേട്ടുനിന്നവരുടെ എല്ലാം ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.
പിന്നീട് ചന്ദ്രുവിന്റെയും പ്രിയയുടെയും വിവാഹമായിരുന്നു അവരുടെ ചർച്ചാവിഷയം. അന്നത്തെ ദിവസം എല്ലാവരും അവിടെ കൂടി.

രാത്രിയിൽ രേവു എന്റെ കൂടെയാണ് കിടന്നത്. കിടക്കാൻ നേരത്ത് വിനോദ് സാർ വിളിച്ചിരുന്നു. സംഭവങ്ങളെല്ലാം പറഞ്ഞു. വീട്ടിലാണെന്നും കൂടെ രേവതി ഉണ്ടെന്നും പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഒന്ന് കേൾക്കണമെന്ന് സാർ പറഞ്ഞു. അതുകൊണ്ട് ഫോൺ കട്ട്‌ ചെയ്യാതെ രേവുനെക്കൊണ്ട് ഓരോന്ന് പറയിപ്പിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവള് വാഷ് റൂമിൽ പോയ തക്കത്തിന് ഫോണെടുത്തു നോക്കി. സാർ അപ്പോഴും ലൈനിൽ ഉണ്ടായിരുന്നു.

“സാർ… ഹലോ.. ”

“പ്രിയ ഗുഡ് നൈറ്റ്‌. ”

അത്രമാത്രം പറഞ്ഞ് സാർ ഫോൺ കട്ട്‌ ചെയ്തു. അത് പറയുമ്പോൾ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ചന്ദ്രുവേട്ടനെ സോപ്പിട്ട് ഇവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അടുത്ത പൊറിഞ്ചുവും മറിയവും ആവാൻ ഞാനിവരെ സമ്മതിക്കില്ല. വേണ്ടി വന്നാൽ മൂർത്തി അങ്കിൾനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് ഞാനീ കല്യാണം നടത്തും. അല്ല പിന്നെ.

രാവിലെ എഴുന്നേറ്റ് ഫ്രഷ് ആവാനും ഡ്രസ്സ്‌ ഇടാനുമൊക്ക രേവു സഹായിച്ചു. ദാവണി മതിയെന്ന് പറഞ്ഞപ്പോൾ അവളുണ്ട് ഏതോ അന്യഗ്രഹജീവിയെ കണ്ടതുപോലെ എന്നെ നോക്കുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. കണ്ണിന് നേരെ കണ്ടൂടാത്ത സാധനമായിരുന്നു ദാവണി. രാധുവാണ് എന്നെ ദാവണിയുടുക്കാൻ പ്രേരിപ്പിച്ചത്. പോരാത്തതിന് ചന്ദ്രുവേട്ടനും ഈ വേഷത്തിൽ കാണാനാണ് ഇഷ്ടമെന്ന് മനസിലായപ്പോൾ……..

അമ്മമാരും ലീലച്ചേച്ചിയും അടുക്കളയിൽ പണിത്തിരക്കിലാണ്. രേവു അവരോടൊപ്പം കൂടി. കൈയിനും തലക്കും കേട്ടും കൊണ്ട് ഇവിടെ കിടന്ന് കറങ്ങണ്ടാ ന്നും പറഞ്ഞ് എല്ലാവരും എന്നെ അവിടുന്ന് ഓടിച്ചു. അച്ഛനും അങ്കിളും കുഞ്ഞുണ്ണി ഏട്ടന്റെ കൂടെ പറമ്പിലേക്ക് ഇറങ്ങിയെന്ന് അമ്മ പറഞ്ഞു. എന്നാൽ പിന്നെ ഞാനെന്റെ കടുവയെ കാണട്ടെന്ന് കരുതി വീടിനകത്ത് മുഴുവൻ നോക്കി. കണ്ടില്ല. അവസാനം ഒരു ഊഹാപോഹം വെച്ച് കാർ പോർച്ചിലേക്ക് ചെന്നു.

കണ്ടോ എത്ര ശെരിയാ. ദേ നിൽക്കിന്നു മൈന. അല്ല കടുവ. ഒരു കാവിമുണ്ടും ഷർട്ടുമാണ് വേഷം. കണ്ടു കണ്ട് തലയിൽ തോർത്തു മുണ്ട് കൊണ്ട് കെട്ടില്ലാതെ കാണാൻ ഒരു രസവുമില്ല. എന്നാലും സാരല്ല്യ. എന്റെ കടുവയല്ലേ.

ഞാൻ വന്നത് അറിഞ്ഞിട്ടില്ല. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണ്. ഗ്രില്ലിന്റെ വിടവിലൂടെ ആ കാറിനെ തന്നെ അടിമുടി നോക്കുകയാണ്. കാറിന്റെ കീ ഏട്ടന്റെ റൂമിലാവും.

ഇടയ്ക്ക് വൃത്തിയാക്കിയിടാൻ അങ്കിൾനോട്‌ പറയാറുണ്ട്. ഞാൻ പമ്മി പമ്മി ചന്ദ്രുവേട്ടന്റെ അടുത്ത് ചെന്നു.

“നാഥാ അങ്ങേന്താണ് നോക്കുന്നത്? ”
പതിഞ്ഞ ശബ്ദത്തിൽ ഞാൻ ചോദിച്ചപ്പോൾ പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്റെ തോളിലൂടെ കൈയിട്ട് ചേർത്തുനിർത്തി.

“വണ്ടി ഇഷ്ടായോ? ”
ഞാൻ ചോദിച്ചു.

“മ്മ്മ്. പ്രിയെ നമുക്ക് ഇതിലൊന്ന് നായാട്ടിന് പോയാലോ? ”

“എന്റെ പൊന്നുമോൻ ആ പൂതി ഒരു വെള്ളക്കടലാസിലെഴുതി എട്ടായി മടക്കി പോക്കലിട്ടോ. ഇതേയ് ഏട്ടന്റെയാ.

ഞാനന്ന് പറഞ്ഞില്ലേ എന്റെ ഏട്ടന് MBA ക്ക് റാങ്ക് ഉണ്ടായിരുന്നു ന്ന്. അതിന് അച്ഛൻ വാങ്ങിച്ചു കൊടുത്ത സമ്മാനാണ്. ഏട്ടന്റെ പ്രിയപ്പെട്ട മയിൽവാഹനം. എന്നെ ഇതിന്റെ ഏഴയലത്തു പോലും അടുപ്പിക്കില്ല്യ. ”

“നിന്റെ കയ്യിലിരുപ്പ് അത്രയ്ക്കുണ്ട് അതുകൊണ്ടാ. ”

“അതൊന്നുമല്ല. എന്നെ ഭയങ്കര പേടിയാ. ഞാൻ ഇതിൽ എന്തെങ്കിലും കുത്തിക്കൊറിവെക്കുമത്രെ.”

“അത് തന്നെയാ ഞാനും പറഞ്ഞത്. ”

“ഹും.. പിന്നെ ഇഷ്ടായെങ്കിൽ ഏട്ടൻ വരുമ്പോൾ സോപ്പിട്ട് നോക്ക്. ചിലപ്പോൾ തരും. ”

“എനിക്കറിയാം നിന്റെ ഏട്ടനെ. ലണ്ടനിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു. ”

“എന്നിട്ടെന്താ മുന്നേ പറയാഞ്ഞേ? ”

“അതിന് നീ പറഞ്ഞിരുന്നോ പ്രയാഗ് നമ്പ്യാർ ആണ് നിന്റെ ഏട്ടനെന്ന്. നമുക്ക് ഒന്നൂടെ കംപ്ലയിന്റ് കൊടുത്താലോ? ”

“എനിക്ക് ഇപ്പൊ ഏട്ടന്റെ മിസ്സിങ്ങിലും സൂരജേട്ടനെയാ സംശയം. ”

“വിഷമിക്കാതിരിക്ക് നമുക്ക് നോക്കാന്നേ. പിന്നെ നീ മാത്രം എന്താടി ഇങ്ങനെ തല തിരിഞ്ഞു പോയത്? ”

“തല തിരിഞ്ഞോ? അത് ചിലപ്പോൾ ഇന്നലത്തെ വീഴ്ചയിൽ പറ്റിയതാവും. സ്റ്റിച്ച് വെട്ടുമ്പോൾ ശെരിയായിക്കൊള്ളും. ”

എന്റെ തലയിൽ തൊട്ടുനോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“ഹോ… നിന്നെ കൊണ്ട് ഞാൻ തോറ്റു.”
അപ്പോൾ ഞാൻ നല്ല ഭംഗിയായി ഒന്ന് ഇളിച്ചുകൊടുത്തു.

“എന്റെ ഭഗവാനെ… ഈ നാട്ടിൽ എത്ര പെൺകുട്ടികൾ ഉണ്ടായിരുന്നു. ബുദ്ധിയും വിവരവും ഒക്കെ ഉള്ളത്. അതൊന്നും പറ്റാതെ പേരിന് പോലും കുറച്ചു സ്വബോധമില്ലാത്ത ഇതിനെയാണല്ലോ നീ എനിക്ക് വേണ്ടി കരുതിവെച്ചത്. അതാണെങ്കിൽ പറിച്ച് കളയാൻ പറ്റാത്ത തരത്തിൽ ഹൃദയത്തിൽ ഒട്ടിപിടിക്കേം ചെയ്തു. ”

ഇടതു കൈ എന്റെ തോളിൽ വെച്ച് വലതു കൈകൊണ്ട് നെഞ്ചിൽതൊട്ട് മുകളിലേക്ക് നോക്കികൊണ്ട് ചന്ദ്രുവേട്ടൻ പറഞ്ഞു.

“എന്നാ നിങ്ങള് പോയി നിങ്ങടെ അച്ചൂട്ടിയെ കെട്ടിക്കോ. ഹും… ”

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29