Tuesday, December 24, 2024
Novel

Mr. കടുവ : ഭാഗം 15

എഴുത്തുകാരി: കീർത്തി


ഇലച്ചീന്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ട് കടുവ സൗമ്യമായി ചോദിച്ചു.

“ഞാൻ നിന്റെ ആരാ? ”

ആ ചോദ്യം കേട്ട് സംശയത്തോടെ ഞാൻ കടുവയെ നോക്കി. മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് ശബ്ദം കടുപ്പിച്ച് വീണ്ടും ചോദിച്ചു.

“ചോദിച്ചത് കേട്ടില്ലേ ഞാൻ നിന്റെ ആരാണെന്ന്? ”

“അത്…… ”

കടുവ എന്താ ഉദ്ദേശിക്കുന്നതെന്നും അറിയില്ല. എന്ത് ഉത്തരം പറയണമെന്നും അറിയില്ല. ഞാൻ തപ്പിത്തടഞ്ഞു നിന്നു. അതുകണ്ട് കടുവത്തന്നെ പറഞ്ഞുതുടങ്ങി.

“നീയ്യല്ലേ നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞേര്ന്നത് ഫ്രണ്ട്സാണ് ചക്കേണ് മാങ്ങേണ് ന്നൊക്കെ. എന്നിട്ടെന്താ ഉത്തരം പറയാനൊരു മടി. ഇനി അതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ? ”

ഒരുമാതിരി പോലീസ്ക്കാർ ചോദ്യം ചെയ്യുന്ന പോലെ കടുവ ചോദിച്ചു. ഞാൻ വീണ്ടും മറുപടിയില്ലാതെ തലതാഴ്ത്തി നിന്നു.

“അച്ഛനും അമ്മയ്ക്കും ഒക്കെ തൊട്ടുകൊടുത്തു. എങ്കിൽപ്പിന്നെ ഈ ഫ്രണ്ടിനും കൂടി തൊട്ടുതന്നൂടെ? ”

കേട്ടത് വിശ്വസിക്കാനാകാതെ തലയുയർത്തി നോക്കിയ ഞാൻ കണ്ടത് ഒരു കള്ളച്ചിരിയോടെ എന്നെത്തന്നെ നോക്കിനിൽക്കുന്ന കടുവയെയാണ്. ആ നോട്ടത്തിൽ ലയിച്ച് ഞാനങ്ങനെ തന്നെ നിന്നുപോയി.

എന്റെ ഭാഗത്തുനിന്നും അനക്കമില്ലെന്ന് മനസിലാക്കിയ കടുവ എന്റെ വലതുകൈ പിടിച്ചുയർത്തി മോതിരവിരലുകൊണ്ട് അൽപ്പം ചന്ദനം എടുത്ത് സ്വയം നെറ്റിയിൽ തൊടീച്ചു.

കുന്തം വിഴുങ്ങിയതുപോലെ ഞാനാ കണ്ണിലേക്കു നോക്കിനിന്നു.

“എന്തുപറ്റി ടീച്ചറെ കിസ്സിന്റെ സ്റ്റോക്ക് തീർന്നോ ?”

പെട്ടന്ന് കുസൃതി മാഞ്ഞ് ആ മുഖത്ത് പുച്ഛം നിറഞ്ഞു. അപ്പൊ അതിനുള്ള മറുമരുന്നായിരുന്നല്ലേ ഇപ്പൊ കണ്ട പ്രകടനം.? ഇതിനുള്ളത് തനിക്ക് ഞാൻ വേറെ താരാടോ ന്നുള്ള അർത്ഥത്തിൽ ഞാൻ കടുവയെ കടുപ്പിച്ചൊന്ന് നോക്കി.

“വല്ലാണ്ട് ഉരുട്ടല്ലേ ആ ഉണ്ടക്കണ്ണിപ്പൊ താഴെ വീഴും. ”

കടുവ അതുംപറഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു. അതിനുള്ള മറുപടി കൊടുക്കും മുന്നേ അച്ഛൻ അങ്ങോട്ട്‌ വന്നതുകൊണ്ട് പറയാൻവന്നതിന് തൊണ്ടയിൽ തന്നെ അന്ത്യോപചാരമർപ്പിച്ചു. ഞാനും അമ്മയും കൂടിയാണ് ഭക്ഷണം വിളമ്പിയത്. ഒരുമിച്ചിരുന്നു കഴിച്ചു.

കഴിക്കുന്നതിനിടയിൽ എന്റെ കാലിലെന്തോ അരിക്കുന്നതുപോലെ തോന്നി. സംശയിക്കേണ്ട ആള് എന്റെ നേരെ ഓപ്പോസിറ്റ് ഇരുന്ന് ഭയങ്കര ഫുഡിങിലാണ്. ഈ ലോകത്തേയല്ല.

പക്ഷെ വിശ്വസിക്കാൻ പറ്റാത്ത മുതലാണ് അകത്തു കത്തി പുറത്ത് പത്തി ന്ന് പറയുംപോലാണ് സ്വഭാവം.

കുറച്ചു കൂടി വെയിറ്റ് ചെയ്യാം. എന്താ ഉദ്ദേശംന്ന് അറിയാലോ.

അരിച്ചരിച്ച് പതുക്കെ എന്റെ കാലിലെ തള്ളവിരൽ ലോക്കാവുന്നത് ഞാനറിഞ്ഞു. കടുവയെ നോക്കിയപ്പോൾ ഭാവവ്യത്യാസമൊന്നുമില്ലാതെ കഴിപ്പുതന്നെ.

പെട്ടന്ന് ആ മുഖത്തു എന്തോ ചതച്ചരക്കുന്നത് പോലുള്ള ഭാവം കണ്ടു. കൂടെ എന്റെ വിരൽ വേദനിക്കാനും തുടങ്ങി. ആ മാക്രികടുവ എന്റെ കാൽവിരൽ ചതക്കാണ്. ദുഷ്ടൻ.

അച്ഛനും അമ്മയും ഇതൊന്നും അറിയുന്നതേയില്ല. അവരെന്തൊക്കെയോ സംസാരിച്ചുക്കൊണ്ട് കഴിക്കാണ്. അവര് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട ഞാൻ കസേരയിൽ നിന്നും കുറച്ചു മുന്നോട്ട് ആഞ്ഞ് ഇരുന്നു.

“എന്റെ ഒരു കാലല്ലേ പിടിച്ചുവെച്ചിട്ടുള്ളൂ. എനിക്കെയ് രണ്ടു കാലുണ്ടടോ കള്ളക്കടുവേ ” എന്ന് മനസ്സിൽ വിചാരിച്ച് മറ്റേ കാലുകൊണ്ട് കടുവേടെ കാലിനിട്ട് നല്ല ശക്തിയായൊരു ചവിട്ടുകൊടുത്തു.

“ആഹ്……. ”

പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ കടുവ നിലവിളിച്ചു. അച്ഛനും അമ്മയും എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

എന്നിട്ട് എന്നെ നോക്കിപേടിപ്പിച്ചു. ഞാൻ ഭംഗിയായി ഇളിച്ചുകൊടുത്തു. നമ്മളെക്കൊണ്ട് ഇത്രെയൊക്കെ പറ്റുള്ളേ….

അല്ല പിന്നെ. ഈ വേദന വേദന ന്ന് പറയുന്നതെയ് എല്ലാർക്കും ഒരുപോലെയാണ്.

ഭക്ഷണം കഴിച്ചുകഴിഞ്ഞതും കടുവ ബുള്ളറ്റെടുത്ത് എങ്ങോട്ടോ പോയി. ഞായറാഴ്ച ആയതുകൊണ്ട് അച്ഛൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.

ഇന്നത്തെ ദിവസം മുഴുവനും രാധുവിന്റെ വീട്ടിലാണ്. അതുകൊണ്ട് ഔട്ട് ഹൗസിലേക്ക് കയറിയതേയില്ല. അമ്മയുടെ കൂടെ അടുക്കളയിൽ സഹായിച്ച് അവിടെത്തന്നെ നിന്നു.

കുശലാന്വേഷണത്തിനിടയിൽ ഇന്നലെ ഞാൻ ഏൽപ്പിച്ച ഡ്രെസ്സിനെക്കുറിച്ച് ചോദിച്ചു.

അച്ഛനും അമ്മയ്ക്കും എന്റെ സെലെക്ഷൻ ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞു. കടുവ എതിരൊന്നും പറയാതെ വാങ്ങിവെച്ചു എന്നാണ് അമ്മ പറഞ്ഞത്.

എനിക്കും അത്ഭുതം തോന്നി. ഒന്നും പറഞ്ഞില്ല !!!ഇനി എന്നോടുള്ള ദേഷ്യം ഇടയ്ക്കിടയ്ക്ക് തീർക്കാൻവേണ്ടി വാങ്ങിച്ചുവെച്ചതാണെങ്കിലോ??? ഒന്നും പറയാൻ പറ്റില്ല. അതാ സാധനം.

അങ്ങനെ അവിടുത്തെ കത്തിയടിയൊക്കെ കഴിഞ്ഞ് വൈകീട്ടത്തെ സർപ്രൈസ് പാർട്ടിക്ക് വരണമെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ച് ഞാൻ രാധുന്റെ വീട്ടിലേക്ക് പോന്നു.

രാധുന്റെ വീട്ടിൽ സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഞങ്ങൾ എല്ലാരും കൂടി ഒത്തുപിടിച്ച് എല്ലാം ഒരുക്കി. വിഭവങ്ങൾ വിളക്കത്ത് വിളമ്പി എല്ലാ ചടങ്ങുകളോടുംകൂടി പിറന്നാൾ സദ്യ കേമമാക്കി.

എക്സാം അടുത്തതുകൊണ്ട് ഇപ്പോൾ ഞായറാഴ്ചയും രാധുവിന് ട്യൂഷൻ സെന്ററിൽ പോകണം. വൈകീട്ട് അവൾ ട്യൂഷൻ എടുക്കാൻ പോകുന്ന സമയം നോക്കിയാണ് ഞാൻ സർപ്രൈസ് പ്ലാൻ ചെയ്തിരിക്കുന്നത്.

രാമേട്ടനോടും അമ്മയോടും മുൻകൂട്ടി പറഞ്ഞിട്ടില്ല. അവര് ചിലപ്പോൾ രാധുവിനോട് പറയുകയോ മറ്റോ ചെയ്യും.

രാഗിക്കും രഘുവിനും അറിയാം. അവന്റെ അറിവിലൊരു സ്ഥലത്താണ് ഭക്ഷണം ഏൽപ്പിച്ചിരിക്കുന്നത്.

കേക്കും അതുപോലെ തന്നെ. അങ്ങനെ രാധു ട്യൂഷന് പോവുന്നതും കാത്ത് ഞങ്ങൾ മൂന്നും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു.

വൈകുന്നേരം സമയമായി അവൾ പോയതും ഞങ്ങൾ സ്വർഗം കിട്ടിയതുപോലെ വെപ്രാളപ്പെട്ട് ഓടാൻതുടങ്ങി.

ഞങ്ങളുടെ പരക്കംപാച്ചിൽ കണ്ട് അന്തംവിട്ടു നിന്ന രാമേട്ടനോടും അമ്മയോടും രഘു കാര്യങ്ങളൊക്കെ പറഞ്ഞു. എല്ലാം കേട്ട് അവരുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു.

പിന്നീട് മകൾക്ക് സർപ്രൈസ് കൊടുക്കാൻ അവരും ഞങ്ങളുടെ കൂടെനിന്നു.

ഉമ്മറത്തും ഹാളിലും ചെറുതായിട്ട് വര്ണക്കടലാസുകൾ ഉപയോഗിച്ച് അലങ്കരിച്ചു.

അലങ്കോലപ്പണികൾ നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് വിനോദ് സാറും അമ്മയും വന്നത്.

അതിനുശേഷം അമ്മമാരും രാമേട്ടനും നട്ടുവർത്തമാനങ്ങൾ പറഞ്ഞിരുന്നു. വിനോദ് സാർ ഞങ്ങൾക്കൊപ്പം കൂടി.

കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തൊരു കാർ വന്നുനിന്നു. ലക്ഷ്മിയമ്മയും അച്ഛനുമായിരുന്നു. രാമേട്ടൻ മുറ്റത്തേക്കിറങ്ങി ചെന്ന് അവരെ അകത്തോട്ടു ക്ഷണിച്ചു.

അവരോടൊപ്പം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ട് ഞാനടക്കം എല്ലാവരും അത്ഭുതപ്പെട്ടു. അയ്യാളുടെ രൂപം കണ്ട് അത്ഭുതത്തോടൊപ്പം തുള്ളിച്ചാടാനാണ് എനിക്ക് തോന്നിയത്.

കാരണം ഇന്നലെ ഞാൻ വാങ്ങിച്ച് ഏൽപ്പിച്ച ഷർട്ടും മുണ്ടുമായിരുന്നു ചന്ദ്രുവേട്ടന്റെ വേഷം.

സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറിവന്ന കടുവയുടെ കണ്ണുകൾ എന്റെ അടുത്ത് നിൽക്കുന്ന വിനോദ് സാറിൽ എത്തിയതും ആ ചുണ്ടിലെ പുഞ്ചിരി മാഞ്ഞ് വേറെന്തൊക്കെയോ ആ ചുണ്ടിൽ സ്ഥാനം പിടിക്കുന്നത് കണ്ടു.

ഒരു പരിപാടിക്ക് പോയാൽ അവിടെ ഒറ്റപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ അവനവന്റെ പ്രായത്തിനും പക്വതക്കും പറ്റിയ ഒരാളെ കിട്ടുമ്പോൾ നമുക്കുണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ. അതായിരുന്നു ചന്ദ്രുവേട്ടനെ കണ്ട വിനോദ് സാറിന്റെ മുഖത്ത്.

കാരണം എന്റെ സ്റ്റാൻഡേർഡ് പിന്നെ പറയണ്ടല്ലോ. വേറെയുള്ളത് രണ്ടു പീക്കിരികൾ.

ഞങ്ങളിൽ നിന്നൊരു മോചനം അതായിരുന്നു വിനോദ് സാറിന് ചന്ദ്രുവേട്ടൻ.

വിനോദ് സാർ അങ്ങോട്ട്‌ പോയി പരിചയപ്പെടാനും സംസാരിക്കാനുമൊക്കെ തുടങ്ങി.

എന്നാൽ വല്ല്യ താല്പര്യമില്ലാതെ മറുപടി പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ ആ നോട്ടം എന്നിലേക്ക്‌ പാളിവീഴുന്നതും ഞാനറിഞ്ഞു.

ഏകദേശം രാധു വരാനുള്ള സമയമായപ്പോൾ ഞാനും രഘുവും കൂടി ഭക്ഷണവും കേക്കും കൊണ്ടുവരാന്ന് പറഞ്ഞ് ഇറങ്ങി.

അതുകണ്ട് ” നിങ്ങൾ രണ്ടാളും തനിച്ചാണോ പോകുന്നത് ” എന്ന അച്ഛന്റെ ചോദ്യത്തിന് മറുപടി പറയും മുന്നേ “അല്ല.

ഞാനും പോകുന്നുണ്ട് ” ന്നും പറഞ്ഞ് കടുവ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇതെന്താ കഥ ന്നുള്ള അർത്ഥത്തിൽ ഞാനും രഘുവും പരസ്പരം നോക്കി.

പിന്നെ ചോദ്യോത്തര പംക്തിക്കൊന്നും ഇടതരാതെ കടുവ വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഒന്നും പറയാതെ ഞങ്ങളും കൂടെ കയറി.

ഫുഡൊക്കെ വാങ്ങിവന്ന് എല്ലാം ഒതുക്കിനിൽക്കുമ്പോഴാണ് രാധു വന്നത്.

പാടി കടന്നതും മുറ്റത്തു നിൽക്കുന്ന വണ്ടിയൊക്കെ കണ്ട് അവൾ കിളി പോയപോലെയാണ് അകത്തേക്ക് കയറിയത്.

ഹാളിലെ അലങ്കാരങ്ങളൊക്കെ കണ്ടപ്പോഴേ അവൾക്ക് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

പെണ്ണ് വീണ്ടും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അറിയാതെ എന്റെ കണ്ണും നിറഞ്ഞുപോയി. കൂടിനിന്നവരുടെയും.

“അയ്യേ…. മോശം പിറന്നാളായിട്ട് കരയേ? എല്ലാരും നിനക്ക് വേണ്ടി കാത്തുനിക്കാണ് ചെന്ന് കേക്ക് മുറിക്ക്. ”
ഞാൻ പറഞ്ഞു.

“എന്തിനാ പ്രിയ ഇതൊക്കെ? ”

“ഞാൻ അന്നേ പറഞ്ഞില്ലേ. എന്റെ കൂടെയുള്ള ആദ്യത്തെ പിറന്നാൾ ആഘോഷിക്കണം ന്ന്. നീ സമ്മതിക്കാത്ത കാരണാണ് ഇത്രേം ചെറുതാക്കിയത്. ”

“പ്രിയ… ”

“ഒന്നും പറയണ്ട. കണ്ണൊക്കെ തുടച്ച്, വൃത്തിയായിട്ട് ചെന്ന് കേക്ക് മുറിക്കടി. ”
ഞാൻ ദേഷ്യം ഭാവിച്ചു.

രാധു ചെന്ന് കേക്ക് മുറിച്ചു. ആദ്യത്തെ പീസ് എനിക്ക് നീട്ടിയപ്പോൾ അത് ഞാൻ അവളെക്കൊണ്ട് രാമേട്ടനും അമ്മയ്ക്കും കൊടുപ്പിച്ചു.

നിറഞ്ഞുവന്ന കണ്ണീരോടെ രണ്ടാളും രാധുവിനെ കെട്ടിപിടിച്ചു നിറുകയിൽ ചുംബിച്ചു. ശേഷം രഘുവിനും രാഗിക്കും കേക്ക് കൊടുത്തു .

പിന്നെ ബാക്കി എല്ലാവർക്കും കൊടുത്തു. ഇതിനിടയിൽ ലക്ഷ്മിയമ്മ ഒരു പീസെടുത്ത് എന്റെ വായിൽ വെച്ചുതന്നു. നെറുകിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.

“മോളൊരു നല്ല കാര്യാ ചെയ്തത്… എന്റെ കുട്ടിക്ക് എന്നും നല്ലതേ വരൂ… ”

കുറച്ചു നേരം അമ്മയുടെ തോളിൽ തലചായ്ച്ചു കെട്ടിപിടിച്ചു നിന്നു. പിന്നെ കുറെനേരം എല്ലാവരും സംസാരിച്ചിരുന്ന് , ഭക്ഷണമൊക്കെ കഴിച്ച് വിനോദ് സാറും അമ്മയും പോയി . ഞങ്ങൾ ഇറങ്ങാൻ നേരത്തും രാധു എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു.

“ഇനിയും കെട്ടിപിടിച്ചു കരയാൻ നിക്കാതെ പോയി കിടന്നുറങ്ങ് പെണ്ണേ. നാളെ പരീക്ഷ തുടങ്ങാണ്. ടീച്ചർ ആണത്രേ ടീച്ചർ !!!”.

അതുകേട്ടു അവളെന്റെ തലക്കിട്ടൊരു കിഴുക്ക് വെച്ചുതന്നു.
രാത്രി യാത്രയില്ലെന്ന് പറഞ്ഞു ഞങ്ങളും വീട്ടിലേക്ക് പോന്നു

പിന്നീടങ്ങോട്ട് കുറച്ചു ദിവസം പരീക്ഷതിരക്കായിരുന്നു. ഇന്നത്തോടെ പരീക്ഷ അവസാനിക്കുകയാണ്. നാളെ മുതൽ ഓണാവധി തുടങ്ങും.

രാവിലത്തെ പരീക്ഷ കഴിഞ്ഞ് പേപ്പേഴ്‌സൊക്കെ ഓഫീസിൽ കൊണ്ടുവെച്ച് സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോഴാണ് രാധു ബാഗൊക്കെ തൂക്കി പോകാൻ നിൽക്കുന്നത് കണ്ടത്.

ചോദിച്ചപ്പോൾ ലോൺ എടുത്തതിന്റെ അടവ് അടയ്ക്കാനാണെന്നും രാമേട്ടൻ പുറത്തു കാത്തുനിൽക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ യാത്ര പറഞ്ഞു അവൾ പോയി.

പിന്നെ വിനോദ് സാറിനോട് കത്തി വെച്ച് ഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് വീണ്ടും എക്സാം ഹാളിലേക്ക് വിട്ടു.

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കുട്ടികളോടൊക്കെ കുറച്ചു നേരം സംസാരിച്ചു അവർക്ക് ആശംസകളൊക്കെ നേർന്നു.

തിരിച്ച് എല്ലാം കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോൾ എല്ലാരും പോയിട്ടുണ്ടായിരുന്നു.

എന്നാ പിന്നെ ഹെഡ് മാഷോടും ഒരു വിഷസ് പറയട്ടെ ന്ന് കരുതി സാറിന്റെ റൂമിലേക്ക് പോകുമ്പോളാണ് വിനോദ് സാറിനെ കണ്ടത്.

കുറച്ചു നേരം അവിടെയും സ്റ്റക്കായി. ഹെഡ് മാഷിനെയൊക്ക കണ്ട് ബാഗെടുക്കാൻ വരുമ്പോളാണ് LP ക്ലാസ്സിന്റെ വരാന്തയിൽ ഞാനത് കണ്ടത്.

**********************

ചന്ദ്രമൗലി ഇപ്പോൾ മേനോന്റെ കൂടെ ഓഫീസിൽ പോയിത്തുടങ്ങിയിട്ടുണ്ട്. മംഗലം ഗ്രൂപ്പിന്റെ സിഇഒ പദവി ഏറ്റെടുക്കുകയും ചെയ്തു.

അങ്ങനെ ഓഫീസിൽ നിന്നും പതിവ് പോലെ ചന്ദ്രു വീട്ടിലേക്ക് വന്നതും ആധിയോടെ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയെയാണ് കാണുന്നത്. അതുകണ്ട് ചന്ദ്രുവിന്റെ മുഖവും പെട്ടന്ന് മാറി.

“എന്താ അമ്മേ? അമ്മ എന്തിനാ കരായണേ? ”

“മോനെ പ്രിയ മോള് ഇതുവരെ എത്തീട്ടില്ല. ”

“അവള് രാധികടെ കൂടെ രാമേട്ടന്റെ വീട്ടിലുണ്ടാവും. ”

“ഇല്ലടാ. നേരം വൈകണത് കണ്ടപ്പോ ഞാൻ പ്രിയമോൾടെ ഫോണിലിക്ക് വിളിച്ചുനോക്കി. എടുക്കാണില്ലാരുന്നു. അതുകൊണ്ട് രാധികമോളെ വിളിച്ചു. അവള് വീട്ടിലുണ്ട്. ഉച്ചയ്ക്ക് ശേഷം ലീവാർന്നു ന്ന് പറഞ്ഞു. ”

“ബസ് കിട്ടിക്കാണില്ല. ”
അമ്മയെ ആശ്വസിപ്പിക്കാൻ വേണ്ടി ചന്ദ്രു പറഞ്ഞു.

“പരീക്ഷയായതുകൊണ്ട് ഇപ്പൊ നാലര ആവുമ്പോഴേക്കും എത്താറുള്ളതാണ്. ഇതിപ്പോ അഞ്ചുമണി കഴിഞ്ഞു. ചന്ദ്രു അമ്മയ്ക്ക് പേടിയവണു. ന്റെ കുട്ടിക്ക് എന്തെങ്കിലും….. ”

“അമ്മേ…….. ”

ചന്ദ്രുവിന്റെ ആ വിളിയിൽ ഭയവും സംശയവും നിറഞ്ഞിരുന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14