Thursday, April 25, 2024
Novel

പ്രിയനുരാഗം – ഭാഗം 19

Spread the love

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്

Thank you for reading this post, don't forget to subscribe!

നിരാശ നിറഞ്ഞ മുഖത്തോടു കൂടി പുറത്തു നിന്നും അകത്തേക്ക് ഗൗതം കയറി വരുമ്പോൾ ആണ് കിച്ചു അവനെ തന്നെ നോക്കി ലിവിങ് റൂമിൽ ഇരിക്കുന്നത് കണ്ടത് . അവൻ വേഗം മുഖഭാവം മാറ്റി കിച്ചുവിന്റെ അടുത്തു വന്നിരുന്നു മൊബൈൽ ഫോൺ എടുത്ത് തുഴച്ചിൽ തുടങ്ങി .

“എന്താണ്… ആരെയോ തിരഞ്ഞു നടക്കുന്നത് പോലെ ” കിച്ചു ഒന്ന് ആക്കി ചോദിച്ചു .

“ആരെ തിരയാൻ ” അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു .

“നീ അല്ലെ ഇപ്പോൾ വീടിന്റെ അകത്തും പുറത്തും ഒക്കെ നോക്കി നടക്കുന്നത് കണ്ടത് ” കിച്ചു പുരികം പൊക്കി കൊണ്ട് ചോദിച്ചു .

“സ്വന്തം വീട്ടിൽ ഒന്ന് നടക്കാൻ പാടില്ലേ .. ” ഗൗതം ദേഷ്യത്തോടെ പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു നടന്നു .

ഗൗതം അടുക്കളയിൽ ചെന്നപ്പോൾ സാവിത്രി അവിടെ കോഫി ഉണ്ടാക്കുകയാണ് . പ്രിയ എന്താണ് പെട്ടന്നു പോയതു എന്നറിയാൻ സാവിത്രിയോട് അത് എങ്ങനെ ചോദിക്കും എന്ന ആലോചനയിൽ ആണ് ഗൗതം . അവൻ സാവിത്രിയുടെ അടുത്തു വന്നു നിന്നു .

“ആ കുളി കഴിഞ്ഞു വന്നോ നീ .. മഴ മുഴുവൻ നനഞ്ഞതല്ലേ പനി പിടിക്കാഞ്ഞാൽ മതിയായിരുന്നു . നിനക്കു അവളേം കൂടി മഴ നനച്ചു കൊണ്ട് വരണായിരുന്നോ ” സാവിത്രി ശാസനയോടെ പറഞ്ഞു .

“ഓ ഇപ്പഴും കുറ്റം എനിക്ക് . ഞാൻ ആണല്ലോ മഴ നനയിപ്പിച്ചത് . അവള് പറഞ്ഞിട്ടാണ് നിർത്താതെ വന്നത് . ഇപ്പോൾ അമ്മക്ക് അവള് മതിയല്ലോ എന്തിനും ഏതിനും . നമ്മളൊക്കെ ഔട്ട് .” ഗൗതം പരിഭവം നടിച്ചു പറഞ്ഞു .

“അമ്മക്ക് എല്ലാ മക്കളും ഒരുപോലെ തന്നെയാ കണ്ണാ . ദേവു മോള് പാവല്ലേ ” സാവിത്രി കണ്ണനെ നോക്കി പറഞ്ഞു .

“എന്നിട്ട് എവിടെ അമ്മേന്റെ ദേവു മോള് . അവളെ വിളിക്ക് ഞാൻ ചോദിക്കാം അവളോട് അവള് പറഞ്ഞിട്ട് അല്ലേന്ന് ” കിട്ടിയ അവസരം ഗൗതം മുതലാക്കി .

“മോള് വീട്ടിൽ പോയി .രാധിക വന്നിട്ടുണ്ട് . അവരുടെ കയ്യിൽ കീ ഇല്ല അത്കൊണ്ട് പുറത്തു ഇരിക്കുവാ . അതാ മോള് വേഗം പോയത് .” സാവിത്രി പറഞ്ഞു .

“ഓ .. എന്നാൽ അമ്മ കോഫി എടുക്ക് ഞാൻ അച്ഛനേം കിച്ചുനേം വിളിച്ചു വരാം ” ഗൗതം അതും പറഞ്ഞു നടന്നു .

നടന്നു പോകുന്ന ഗൗതമിനെ നോക്കിയപ്പോൾ സാവിത്രിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു . അടുക്കളയിൽ നിന്ന് ഗൗതം ഇറങ്ങി വരുമ്പോൾ അവന്റെ എതിരെ നടന്നു വരുന്ന കിച്ചു അവനെ നോക്കി ഒന്ന് ആക്കി ചുമച്ചു . ഗൗതം കാര്യമായ ചിന്തയിൽ ആയിരുന്നത് കൊണ്ട് അത് ശ്രദ്ധിച്ചില്ല .
ഗൗതം അച്ഛന്റെ അടുത്തേക്ക് പോയി .

“എന്താണ് അമ്മേ മൂത്ത സന്താനം വന്നു അറിയാൻ ഉള്ളത് ഒക്കെ അറിഞ്ഞിട്ട് പോയോ ” സാവിത്രി പ്ലേറ്റിൽ ഇട്ടുകൊണ്ടിരുന്ന ചിപ്സിൽ നിന്നും കുറച്ചു കയ്യിലെടുത്തു കൊണ്ട് കിച്ചു ചോദിച്ചു .

“നേരെ ചോദിക്കില്ലല്ലോ വളഞ്ഞ ചോദ്യം ആണ് ” സാവിത്രി ചിരിച്ചു കൊണ്ട് പറഞ്ഞു .

“കണ്ണനെ ഒന്ന് കയ്യോടെ പൂട്ടണമല്ലോ സാവിത്രികുട്ടി ” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“നമ്മടെ കയ്യിൽ കിട്ടും കിച്ചൂട്ടാ ” സാവിത്രിയും കൂടെ ചിരിച്ചു .

അന്ന് രാത്രി പ്രിയയെയും ഗൗതമിനെയും നിദ്ര ദേവി തിരിഞ്ഞു നോക്കിയില്ല . അവർ ഇന്നത്തെ മഴയുടെ കുളിരിൽ ലയിച്ചു പോയി .

രണ്ടുപേരും മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറഞ്ഞാലോ എന്ന ചിന്തയിൽ ആയിരുന്നു . രണ്ടു മനസിലും വേണോ വേണ്ടയോ എന്ന വാക്ക്പോര് നടന്നു .

ഒരുപാട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ തിരഞ്ഞും അവർ നേരം വെളുപ്പിച്ചു .

ഗൗതം രാവിലെ കോളേജിൽ എത്തി ഡിപ്പാർട്മെന്റ് വരാന്തയിൽ കിരണിനോടും അജാസിനോടും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് പ്രിയ അവിടേക്ക് നടന്നു വരുന്നത് കണ്ടത് .

ഗൗതമിന്റെ കണ്ണുകൾ വിടർന്നു . പ്രിയ നേരെ അവരുടെ അടുത്തേക്ക് ആണ് വന്നത് .

“ആരിത് ഉണ്ണിയാർച്ചയോ ” കിരൺ പ്രിയയെ നോക്കി പറഞ്ഞു .

“ആ അതെ ..” പ്രിയ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു .

“എന്താണ് ഇങ്ങോട്ട് ഒക്കെ . ഇവിടെ പ്രിയക്ക് കുറെ ഫാൻസ്‌ ഒക്കെ ഉള്ളതാ ” അജാസ് പ്രിയയോട് ചോദിച്ചു കൊണ്ട് ഗൗതമിനെ ഇടം കണ്ണിട്ടു നോക്കി .

“എനിക്ക് അറിയാം അതുകൊണ്ട് ഞാൻ എന്റെ ഫാൻസിനെ ഒക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ .. ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഓഹോഹോ ” അജാസ് പറഞ്ഞു .

കിരണും അജാസും പ്രിയയോട് ഒരുപാട് സംസാരിച്ചു പക്ഷെ ഗൗതം മാത്രം ഒന്നും മിണ്ടിയില്ല . അവൻ പ്രിയയെ നോക്കി നിൽക്കുക മാത്രം ചെയിതു .

പ്രിയ ഗൗതമിന്റെ മുഖത്തു നോക്കുമ്പോൾ അവൻ ശ്രദ്ധ മാറ്റും അല്ലാത്തപ്പോൾ ഒക്കെ അവൻ അവളെ തന്നെ നോക്കി നിൽക്കും .

പ്രിയ അവിടെ നിന്നും അവളുടെ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് . ഗൗതം പ്രിയയെ വിളിച്ചു പിറകെ വന്നത് .

പ്രിയ തിരഞ്ഞു നോക്കി എന്താ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു പക്ഷെ ഗൗതം ഒന്നും സംസാരിച്ചില്ല . കുറച്ചു നേരം രണ്ടുംപേരുടെ ഇടയിലും നിശബ്ദത ആയിരുന്നു .

“ഒന്നൂല്യ പൊക്കോ ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു .

“ങേ ” പ്രിയ അവനെ കൂർപ്പിച്ചു നോക്കി .
ഗൗതം ഒന്ന് ചിരിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി . പ്രിയ ഇങ്ങേർക്ക് വട്ടാണോ എന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ഗൗതം തിരിഞ്ഞു അവളെ നോക്കി

“താങ്ക്സ് ദേവു. ” എന്നും പറഞ്ഞു വീണ്ടും കള്ള ചിരി ചിരിച്ചു നടന്നു പോയത് .

പ്രിയക്ക് ഒന്നും മനസിലായില്ല . എന്താപ്പോ നടന്നത് എന്ന ചിന്തയിൽ ആയിരുന്നു അവൾ . പക്ഷെ ഗൗതമിന്റെ നോട്ടവും ആ ചിരിയും അവളിൽ ഒരു വസന്തം വിരിയിക്കുന്നത് അവളറിഞ്ഞിരുന്നു .

ക്ലാസ്സിൽ ചെന്ന് ശിവയുടെ സംസാരത്തിനു മൂളി കൊടുക്കുമ്പോഴും പ്രിയ ആ വരാന്തയിൽ ഗൗതമിനൊപ്പം നിൽക്കുകയായിരുന്നു .

ലഞ്ച് ബ്രേക്കിനു ശിവാനിയും പ്രിയയും ക്യാന്റീനിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആണ് ഗൗതവും കാർത്തിക്കും അങ്ങോട്ട് വന്നത് . പക്ഷേ ശിവയോടുള്ള കത്തിവെക്കലിൽ പ്രിയ ഗൗതമിനെ കണ്ടില്ല .

ഗൗതമിന്റെ ബാക്കി ഫ്രണ്ട്‌സ് എല്ലാം അവിടെ വേറെ ഒരു ടേബിളിന്റെ അടുത്തു ഉണ്ടായിരുന്നു . ഗൗതവും കാർത്തിക്കും അങ്ങോട്ട് നടന്നു .

അവരുടെ കൂടെ ഇരിക്കുമ്പോഴും ഗൗതമിന്റെ ശ്രദ്ധ പ്രിയയിൽ ആയിരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയയുടെ അടുത്തു ഒരുത്തൻ വന്നിരുന്നു പ്രിയയോട് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി . ഒരു മസിൽ മാൻ ചുള്ളൻ ചെക്കൻ .

പ്രിയയും തിരിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ആദ്യം സൗമ്യമായി സംസാരിച്ച പ്രിയ പിന്നീട് ഗൗരവത്തോടെ സംസാരിക്കുന്നത് കണ്ടതും ഗൗതമിനു എന്തോ പന്തികേട് തോന്നി .

ഗൗതമിന്റെ മുഖഭാവം മാറുന്നത് കണ്ടാണ് കിരൺ അങ്ങോട്ട് ശ്രദ്ധിച്ചത് .

“അവിടെ എന്തോ സ്സീൻ ഉണ്ടല്ലോ . പെങ്ങളെ കയ്യിൽ നിന്നും അവൻ തല്ലു വാങ്ങുവോ . വാടാ പോയി നോക്കാം .” കിരൺ ഗൗതമിനോട് പറഞ്ഞു .

“എന്തിനു വല്യ കാര്യം ഉള്ളത് ഒന്നും ആയിരിക്കില്ല . അത് അവള് നോക്കിക്കോളും . നിങ്ങൾ ഇവിടെ ഇരിക്ക് എനിക്ക് ഒരു ഫോൺ ചെയ്യാനുണ്ട് ഇപ്പോൾ വരാം . ” അതും പറഞ്ഞു ഗൗതം ക്യാന്റീനിനു പുറത്തേക്ക് ഇറങ്ങി .

ഗൗതം പോയതും ഗൗതമിന്റെ ഫ്രണ്ട്‌സ് എല്ലാരും കൂടെ പ്രിയയുടെ അടുത്തേക്ക് നടന്നു . അവരെ കണ്ടതും പ്രിയയുടെ കണ്ണുകൾ തിരഞ്ഞത് ഗൗതമിനെ ആയിരുന്നു .അവര് വരുന്നതിനു മുൻപ് തന്നെ ആ മസിൽ മാനും പോയിരുന്നു .

“എന്താ പെങ്ങളെ എന്തേലും സീൻ ഉണ്ടോ .? അവൻ ആരാ ?” എഴുന്നേറ്റു പോയ ആ ചെക്കനെ നോക്കി കാർത്തിക്ക് ചോദിച്ചു .

“സീൻ ഒന്നൂല്യ . പ്രപോസൽ ആയിട്ട് വന്നതാ . ഞാൻ ഇന്ട്രെസ്റ്റ് ഇല്ലെന്ന് പറഞ്ഞു . അവൻ പിന്നേം പിന്നേം അത് തന്നെ പറഞ്ഞോണ്ടിരിക്കുവാ . അതാ ദേഷ്യം വന്നേ .” പ്രിയ പറഞ്ഞു .

“ഞാൻ വിചാരിച്ചു നീ അവനെയും ഇപ്പൊ തല്ലുമെന്ന് ” കിരൺ ചിരിച്ചുകൊണ്ട് പറഞ്ഞു .

“കിരണേട്ടാ വേണ്ട വല്ലാണ്ട് ഇളക്കല്ലേ . ഞാൻ അങ്ങനെ വെറുതെ കേറി തല്ലാറില്ല .” പ്രിയ പറഞ്ഞു .

“ഇങ്ങനെ ഫാൻസിനെ മുഴുവൻ നോ പറഞ്ഞു ഓടിക്കണോ .ആരോടേലും ഒന്ന് എസ് പറഞ്ഞു നോക്ക് ” അജാസ് ചോദിച്ചു .

“നമ്മളില്ലേ ” പ്രിയ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു .

“ഗൗതം ചേട്ടൻ എവിടെ ” ശിവ ചോദിച്ചു .

“അവനു ആരെയോ വിളിക്കാൻ ഉണ്ടെന്നും പറഞ്ഞു പോയതാ ഇപ്പൊ വരുമായിരിക്കും ” റഹീം പറഞ്ഞു .

“ദാ വന്നല്ലോ നായകൻ ” ജോൺ അങ്ങോട്ടേക്ക് നടന്നു വരുന്ന ഗൗതമിനെ നോക്കി പറഞ്ഞു .

പ്രിയ ഗൗതമിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് രാവിലെ കണ്ട ചിരിയില്ല ഗൗരവം ആണ് .

‘ഈ മുരടനു ഓരോ നേരത്തു ഓരോ സ്വഭാവം ആണല്ലോ . രാവിലെ എന്തായിരുന്നു ചിരി . ഇപ്പോൾ മുഖത്തേക്ക് പോലും നോക്കുന്നില്ല .’ പ്രിയ മനസ്സിൽ പറഞ്ഞു .

“നിന്റെ ഫോൺ ചെയ്യൽ കഴിഞ്ഞോ ” കിരൺ ചോദിച്ചു .

“അതൊക്കെ പെട്ടന്ന് കഴിഞ്ഞു . !” ഗൗതം പറഞ്ഞു . ഗൗതം പ്രിയയെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല .

പെട്ടന്നാണ് നേരത്തെ പോയ മസ്സിൽ മാൻ അങ്ങോട്ട് ഓടി വന്നത് .

“പെങ്ങളെ ..” മസിൽ മാൻ വിളിച്ചു .പ്രിയയും അവിടെ കൂടി നിന്ന എല്ലാവരും ‘എന്ത് ‘ എന്ന അർത്ഥത്തിൽ അവനെ നോക്കി . ഒരാളോഴിച്ചു .!ഇപ്പോൾ വന്നു പ്രൊപ്പോസ് ചെയ്ത് പോയവൻ ഓടി വന്നു പെങ്ങളെ എന്ന് വിളിച്ചാൽ ആരായാലും ഞെട്ടും .

“പെങ്ങളോ ” ശിവാനി ആ ഞെട്ടലിലും ചോദിച്ചു .

“ആ പ്രിയ പെങ്ങളെ … ഞാൻ പെങ്ങളെ പെങ്ങളായിട്ടാണ് കാണുന്നത് . ഞാൻ നേരത്തെ പെങ്ങളോട് പറഞ്ഞതൊക്കെ വെറുതെ പറഞ്ഞതാ . ഞാൻ എന്റെ പെങ്ങളോട് അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു . പെങ്ങളെന്നോട് ക്ഷമിക്കണം .

ഞാൻ ഇനി അങ്ങനെ ഒരു കാര്യവും പറഞ്ഞു പെങ്ങളെ പിന്നാലെ നടക്കില്ല . പെങ്ങള് ക്ഷമിക്കില്ലേ പെങ്ങളെ . ” മസിൽ മാൻ ആണെങ്കിൽ അറഞ്ചം പുറഞ്ചം പെങ്ങള് വിളിയോട് വിളി .

പക്ഷെ അവന്റെ കിളിയാണോ അതോ കേട്ട് നിൽക്കുന്നവരുടെ കിളിയാണോ പറന്നു പോയത് എന്ന അവസ്ഥയിൽ ആയിരുന്നു ബാക്കി എല്ലാവരും . ഗൗതമിനു ചിരി വരുന്നുണ്ടായിരുന്നു .

“പെങ്ങളെ … പൊന്നു പെങ്ങളെ ക്ഷമിച്ചെന്നു പറ പെങ്ങളെ ” മസിൽ മാൻ ദയനീയ മായ മുഖത്തോടെ ചോദിച്ചു .

അവന്റെ ആ രൂപവും അതിനൊട്ടും ചേരാത്ത ദയനീയ ഭാവവും കണ്ടു എല്ലാവരുടെയും കിളി പോയി . ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു പ്രിയ .

“ഇട്സ് ഓക്കേ വിവേക് . ” ഒരു വിധം എങ്ങനെയോ പ്രിയ അവനോട് പറഞ്ഞു .വിവേകിന്റെ മുഖം തെളിഞ്ഞു .

“എന്നാ ഞാൻ പോട്ടെ പെങ്ങളെ . ” അതും പറഞ്ഞു വിവേക് തിരിഞ്ഞു നടക്കാൻ തുടങ്ങി . എല്ലാവര്ക്കും പുറകിൽ ആയാണ് ഗൗതം നിന്നിരുന്നത് .

ഗൗതമിന്റെ അടുത്ത് എത്തിയപ്പോൾ വലത്തെ കവിളിൽ കൈ വെച്ച് കൊണ്ട് അവൻ ദയനീയമായി ഗൗതമിനെ ഒന്ന് നോക്കി .

എല്ലാവരും കിളി പോയ അവസ്ഥയിൽ ആയിരുന്നത് കൊണ്ട് ആരും അത് അത്ര ശ്രദ്ധിച്ചില്ല .

അവൻ പോയി കുറച്ചു കഴിഞ്ഞതും അവിടെ ഒരു കൂട്ട ചിരി മുഴങ്ങി . പക്ഷേ ഗൗതം മാത്രം ചിരിച്ചില്ല .വിവേകിനു പെട്ടന്ന് എന്താ പറ്റിയത് എന്ന ചർച്ച ആയിരുന്നു എല്ലാവരും .

എല്ലാവരും ചർച്ചയിൽ മുഴുകിയപ്പോൾ ഗൗതം പ്രിയയെ തന്നെ നോക്കി നിന്നു . പ്രിയ നോക്കുമ്പോൾ ഗൗതം നോട്ടം മാറ്റും .

പിന്നീടുള്ള ദിവസങ്ങളിൽ ഈ കലാപരിപാടി തുടർന്നു പോന്നു .ഗൗതം ഫൈനൽ ഇയർ പ്രോജക്ടിന്റെ കാര്യങ്ങൾക്കായി തിരക്കായതിനാൽ എന്നും ലേറ്റ് ആയാണ് വീട്ടിൽ പോയിരുന്നത് .

അത് കൊണ്ട് തന്നെ കോളേജിൽ വെച്ച് മാത്രമായിരുന്നു പ്രിയയെ കണ്ടിരുന്നത് .പ്രിയയോട് സംസാരിക്കാൻ ഗൗതമിനു പറ്റാറില്ലെങ്കിലും ഗൗതം പറ്റുമ്പോൾ എല്ലാം പ്രിയയെ കാണാൻ ശ്രമിച്ചു .പ്രിയ ശ്രദ്ധിക്കുമ്പോൾ ഗൗതം അവളെ കാണാത്ത ഭാവം നടിക്കും .

മസിൽ മാന്റെ അന്നത്തെ ആ സംഭവത്തിന് ശേഷം പ്രിയയെ പ്രൊപ്പോസ് ചെയിത പലരും ഇതേ പ്രകടനം കാഴ്ച്ച വെക്കാൻ തുടങ്ങിയതും പ്രിയക്ക് ഇതിനു പിന്നിൽ ആരോ ഉണ്ടെന്നുള്ള സംശയം കൂടി കൂടി വന്നു . പ്രിയ അവരോടൊക്കെ ചോദിച്ചെങ്കിലും .

അവന്മാരുടെ വായിൽ നിന്ന് പെങ്ങളെ പെങ്ങളെ വിളിയല്ലാതെ വേറൊന്നും മറുപടി ആയി കിട്ടിയില്ല . പ്രിയയും ശിവാനിയും അത് കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു .

ഒരു ദിവസം പാർക്കിംഗ് ഏരിയയിൽ പ്രിയ ഒറ്റക്ക് നിൽക്കുന്നത് കണ്ടു പ്രിയയോട് സംസാരിക്കാൻ ഒരു അവസരം ഒത്തു വന്ന സന്തോഷത്തിൽ അവളുടെ അടുത്തേക്ക് നടന്നു വരികയായിരുന്നു ഗൗതം .

പ്രിയ ദൂരെ നിന്നും വരുന്ന ഗൗതമിനെ കണ്ടില്ല .പ്രിയ ബൈക്ക് സ്റ്റാർട്ട് ചെയ്തതും ജെനി പ്രിയയോട് എന്തോ വന്നു സംസാരിക്കുന്നതും അവളുടെ ബൈക്കിൽ കയറുന്നതും കണ്ടു കൊണ്ടാണ് ഗൗതം അങ്ങോട്ട് വന്നത് .

“ഇവൾ എന്തിനാ ജെനിയെയും കൂട്ടി പോയത് ” ഗൗതം സ്വയം ചോദിച്ചു . അവനു അതിൽ എന്തോ പന്തികേട് തോന്നിയതിനാൽ അവനും ബൈക്ക് എടുത്ത് അവരുടെ പിറകെ പോയി .

കുറച്ചു ദൂരം മെയിൻ റോഡിലൂടെ പോയ ബൈക്ക് കുറച്ചു കഴിഞ്ഞു ചെറിയ റോഡുകളിലൂടെ പോകാൻ തുടങ്ങി . അവരുടെ കുറച്ചു പിറകിലായി ഗൗതവും ഉണ്ടായിരുന്നു .

ആളൊഴിഞ്ഞ ഒരു റോഡിലൂടെ പോയി കൊണ്ടിരിക്കുമ്പോൾ ആണ് ഗൗതമിന്റെ ബൈക്കിന്റെ മുന്നിലൂടെ ഒരു വാൻ ക്രോസ്സ് ചെയ്ത് പോയത് .

അത് പോയി കഴിഞ്ഞു നോക്കിയപ്പോൾ പ്രിയയുടെ ബൈക്ക് മുന്നിൽ ഗൗതമിനു കാണാൻ കഴിഞ്ഞില്ല .

അവന്റെ ഉള്ളിൽ വല്ലാത്തൊരു ടെൻഷൻ നിറഞ്ഞു . ഗൗതം അവിടെ മൊത്തം പ്രിയയുടെ ബൈക്ക് അന്വേഷിച്ചു കൊണ്ടിരുന്നു .

കുറച്ചു മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ ഒരു സ്ഥലത്തു പ്രിയയുടെ ബൈക്ക് വീണു കിടക്കുന്നത് കണ്ടു ഗൗതം ബൈക്ക് നിർത്തി അങ്ങോട്ട് ചെന്നു .

അതിന്റെ അടുത്തു പൊട്ടി പൊളിഞ്ഞ വീടുണ്ടായിരുന്നു . ഗൗതം ഓടി ഉള്ളിലേക്ക് ചെന്നപ്പോൾ നാല് പേർ ചേർന്ന് പ്രിയയെ അവിടെ പിടിച്ചു വെക്കാൻ ഉള്ള ശ്രമം ആയിരുന്നു .

ജെനി അവിടെ ഒന്നും ഉണ്ടായിരുന്നില്ല . പ്രിയ അവന്മാരെ തിരിച്ചു അടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു പേർ അവളുടെ കൈ പിടിച്ചു വെച്ചിരുന്നു .

ഗൗതമിനെ കണ്ടതും അവന്മാർ അവളുടെ മേലുള്ള പിടി വിട്ടു .

ഗൗതം നിന്ന് വിറകുകയായിരുന്നു . അവന്റെ കണ്ണിലെ ചുവപ്പ് കണ്ടു പ്രിയക്ക് പോലും ഭയം തോന്നി . ഗൗതം പ്രിയയുടെ കൈ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി .

സിനിമ സ്റ്റൈൽ അടി അല്ലെങ്കിലും ഗൗതം നമ്മുടെ നാട്ടിലെ നാടൻ തല്ലു അവന്മാർക്ക് നാല് പേർക്കും അവന്റെ കലി തീരുവോളം കൊടുത്തു .

പ്രിയ അത് കണ്ടു നിന്നതേ ഉള്ളു . അവന്മാര് മരിച്ചു പോകുമോ എന്ന് വരെ പ്രിയക്ക് തോന്നി .

ഇനിയും തല്ലിയാൽ അവര് തീരും എന്ന അവസ്ഥ വന്നപ്പോൾ ആണ് ഗൗതം തല്ലു നിർത്തിയത് .

“ആര് പറഞ്ഞിട്ടാടാ &@$&@$@@$$@@$&@$ ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നത് . ” ഗൗതം ഒരുത്തനെ ഭിത്തിയോട് ചേർത്ത് ചോദിച്ചു .

പ്രിയയെ ഉപദ്രവിക്കാനും അവളുടെ കുറച്ചു ഫോട്ടോസ് എടുത്ത് കൊടുക്കാനും വേണ്ടി ജെനി തന്ന കോട്ടെഷൻ ആണെന്നു അവന്മാർ പറഞ്ഞു .

ഗൗതം അവർ പറഞ്ഞതൊക്കെ അവന്റെ ഫോണിൽ ഷൂട്ട് ചെയ്ത് റെക്കോർഡ് ചെയിതു .

അവന്മാരെ അവിടെ ഇട്ടു ഗൗതം പുറത്തേക്ക് ഇറങ്ങി കൂടെ പ്രിയയും . പുറത്തു ഇറങ്ങിയതും പ്രിയ ഗൗതമിന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു അവള് ശെരിക്ക് പേടിച്ചു പോയിരുന്നു .

പക്ഷേ ഗൗതം പ്രിയയെ നേരെ നിർത്തി അവളെ നോക്കി അവന്റെ കണ്ണിൽ അപ്പോഴും കനൽ എരിയുന്നുണ്ടായിരുന്നു . അവൻ കൈ നീട്ടി പ്രിയയുടെ കരണത്ത് ഒന്ന് പൊട്ടിച്ചു .

ആ വേദനയിലും പ്രിയയുടെ കണ്ണുകൾ നിറഞ്ഞില്ല . പ്രിയ തല കുമ്പിട്ടു നിന്നു .

“നിന്റെ വിചാരം എന്താ .. നീ എന്തിനാടി ജെനിയുടെ കൂടെ ഇങ്ങോട്ട് വന്നത് ?” ഗൗതം നിന്ന് വിറച്ചുകൊണ്ട് ചോദിച്ചു .
പ്രിയ പക്ഷേ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു .

“പ്രിയ …” അതൊരു ഗർജ്ജനം ആയിരുന്നു . ആ ദേഷ്യത്തിൽ പ്രിയയുടെ കണ്ണുകൾ നിറയാൻ തുടങ്ങി .

“ജെനി കുറച്ചു ദിവസമായി ഇടക്കൊക്കെ എന്നോട് വന്നു സംസാരിക്കാറുണ്ട് . അന്ന് ചെയ്തതിനൊക്കെ പല തവണ സോറി പറഞ്ഞു .

ഇന്ന് ഞാൻ കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ എന്നോട് ഒന്ന് റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചു . അവൾ ഇത് ഷോർട് കട്ട് ആണെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ വഴി വന്നത് ” പ്രിയ തല കുമ്പിട്ടു തന്നെ പറഞ്ഞു .

“എന്നിട്ട് അവൾ എവിടെ ” ഗൗതം ഗൗരവം വിടാതെ ചോദിച്ചു .

“ഇവര് എന്റെ ബൈക്ക് തടഞ്ഞു നിർത്തിയപ്പോൾ അവള് ഇറങ്ങി അവര് വന്ന കാറിൽ കയറി പോയി ” പ്രിയ പറഞ്ഞു .

“അവളെ വിശ്വസിച്ചു കൂടെ പോന്ന നിന്നെ പറഞ്ഞാൽ മതി . ഞാൻ നീ അവളെ കൂട്ടി പോകുന്നത് കണ്ടില്ലായിരുന്നെങ്കിലോ .

എന്തായേനെ ഇപ്പോൾ . എടുത്ത് ചാടി ഓരോന്ന് ചെയ്‌തോളും . നിനക്കു അഹങ്കാരം ആണ് എല്ലാം ഒറ്റക്ക് ചെയ്‌യാൻ പറ്റും എന്ന അഹങ്കാരം . ” ഗൗതം ദേഷ്യം സഹിക്കാൻ കഴിയാതെ എന്തൊക്കെയോ പ്രിയയെ ചീത്ത പറഞ്ഞു .

പക്ഷേ പ്രിയ മൗനമായി കരഞ്ഞു .
പ്രിയയുടെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലെന്നു കണ്ടപ്പോൾ ആണ് ഗൗതം അവളുടെ മുഖം പിടിച്ചു ഉയർത്തിയത് . അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ വിഷമം തോന്നി എങ്കിലും ഗൗതം അത് മുഖത്ത് കാണിച്ചില്ല .

ഗൗതം ഒന്നും മിണ്ടാതെ പ്രിയയുടെ ബൈക്ക് എടുത്തു സൈഡിലേക്ക് മാറ്റി ലോക്ക് ചെയിതു .

ബൈക്കിനു ചെറിയ പരിക്ക് പറ്റിയിരുന്നു . അവൻ ഫോൺ എടുത്ത് വർക്ക് ഷോപ്പിൽ വിളിച്ചു ബൈക്ക് എടുത്തു കൊണ്ട് പോകാൻ സ്ഥലം പറഞ്ഞു കൊടുത്തു .

അതിനു ശേഷം അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയിതു . പ്രിയ വന്നു കയറുന്നില്ല എന്ന് കണ്ടതും അവൻ ബൈക്ക് ഒന്ന് റെയ്‌സ് ചെയിതു .

പ്രിയ വേഗം വന്നു ബൈക്കിൽ കയറി . വീടെത്തുന്നത് വരെയും രണ്ടു പേരും ഒന്നും സംസാരിച്ചില്ല .

സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു സാവിത്രി. ഗൗതം ബൈക്ക് നിർത്തിയതും പ്രിയ ഇറങ്ങി . പ്രിയയുടെ കവിളിൽ തിണർത്തു കിടന്ന പാടും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടു സാവിത്രി പ്രിയയുടെ അടുത്തേക്ക് വെപ്രാളപ്പെട്ടു വന്നു .

“എന്താ മോളെ എന്താ പറ്റിയത് . എന്താ എന്റെ കുട്ടി ഇങ്ങനെ .” ചോദിക്കുന്നതിനോടൊപ്പം തന്നെ സാവിത്രിയുടെ കണ്ണ് നിറയാൻ തുടങ്ങി .

“ഒന്നും പറ്റിയില്ല . അമ്മ അവളെ അകത്തേക്ക് കൊണ്ട് പൊക്കോളൂ അവള് പറഞ്ഞു തരും . ഞാൻ പോവാണ് എനിക്ക് കുറച്ചു പണിയുണ്ട് ” അതും പറഞ്ഞു പ്രിയയെ ഒന്ന് നോക്കി ഗൗതം ബൈക്ക് സ്റ്റാർട്ട് ചെയിതു പോയി .

സാവിത്രി പ്രിയയെ കൂട്ടി അകത്തേക്ക് പോയി .

ഗൗതം നേരെ പോയത് കാർത്തിക്കും കിരണും റഹീമും താമസിക്കുന്ന റൂമിലേക്ക് ആയിരുന്നു .
ഗൗതം അങ്ങോട്ട് വന്നതും അവന്റെ മുഖത്തെ ദേഷ്യം കണ്ടു അവർ കാര്യം തിരക്കി.

അപ്പോൾ ഗൗതം നടന്നതെല്ലാം അവരോട് പറഞ്ഞു . അത് കേട്ടപ്പോൾ എല്ലാവരുടെയും മുഖം ഒരു പോലെ ചുവന്നു .

ജെനി എവിടെ ഉണ്ടെന്നു അറിയാൻ വേണ്ടി കിരൺ അവരുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിയെ കൊണ്ട് ജെനിയെ വിളിപ്പിച്ചു .

ജെനി അവളുടെ വീട്ടിൽ ആണെന്ന് അറിഞ്ഞതും ആ പെണ്കുട്ടി വഴി അവളുടെ അഡ്രസ്സ് കണ്ടുപിടിച്ചു നാലുപേരും കൂടി അങ്ങോട്ട് പോയി . അത്യാവശ്യം വലിയ ഒരു വീടായിരുന്നു അവരുടേത് .

ജെനിയുടെ പപ്പയാണ് അവരെ അകത്തു കയറ്റി ഇരുത്തിയത് . വളരെ മാന്യമായ പെരുമാറ്റം ആയിരുന്നു അയാളുടേത് . ജെനിയുടെ മമ്മയും ഉണ്ടായിരുന്നു അവിടെ .

ജെനിയുടെ കോളേജിൽ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോൾ രണ്ടുപേരും അവരോട് നല്ല രീതിയിൽ ഇടപഴുകി .

ഫ്രണ്ട്സ് വന്നിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞത് അനുസരിച്ചു ലിവിങ് റൂമിലേക്ക് വന്ന ജെനി ഗൗതമിനെയും ഫ്രണ്ട്സിനെയും കണ്ടതും നിന്ന് വിറയ്ക്കാൻ തുടങ്ങി .

ഗൗതം ദേഷ്യം നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു .

ഗൗതം സംസാരിക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല എന്ന് മനസിലായ കാർത്തിക്ക് ആണ് കാര്യങ്ങൾ ഒക്കെ ജെനിയുടെ കുടുംബത്തോട് പറഞ്ഞത് .

ജെനി അതെല്ലാം എതിർത്തപ്പോൾ ഗൗതമിന്റെ ഫോണിൽ നേരത്തെ റെക്കോർഡ് ചെയ്ത വിഡിയോയും ജെനി അന്ന് പ്രിയയെ സ്റ്റേജിൽ വീഴ്ത്താൻ നോക്കിയ വിഡിയോയും കിരൺ അവരെ കാണിച്ചു .

“അങ്കിൾ ഞങ്ങൾക്ക് ഇത് ലീഗലി മൂവ് ചെയ്‌യാൻ അറിയാഞ്ഞിട്ടല്ല . പിന്നെ അവളൊരു പെൺകുട്ടി ആയത് കൊണ്ടാണ് ഞങ്ങൾ നേരിട്ട് ഇങ്ങോട്ട് വന്നത് . ” റഹീം പറഞ്ഞു . ഗൗതം അപ്പോഴും ദേഷ്യം അടക്കി പിടിച്ചു ഇരിക്കുക ആയിരുന്നു .

“പറയെടി നീ ആണോ ഇത് ചെയ്തത് ” ജെനിയുടെ മമ്മ അവളെ പിടിച്ചു കുലുക്കി ചോദിച്ചു .
ജെനി തല കുമ്പിട്ടു നിൽക്കുന്നത് കണ്ടതും അവർ അവളെ തലങ്ങും വിലങ്ങും ഒരുപാട് തല്ലി .

അവര് അവസാനം കരഞ്ഞു കൊണ്ട് അവിടെ നിലത്തു ഇരുന്നു .

“അവളും ഒരു പെൺകുട്ടി അല്ലേ നീ എന്തിനാ അവളോട് ഇങ്ങനെ ചെയ്‌യാൻ പോയത് . പറയടി എന്തിനാ ..” ജെനിയുടെ പപ്പ അലറി .

അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും അയാൾ അടിക്കാനായി കൈ ഓങ്ങി . അത് കണ്ടു പേടിച്ചു ജെനി അയാളുടെ കാലിലേക്ക് വീണു .

“എനിക്ക് ഗൗതമിനെ ഇഷ്ട്ടമാണ് . ഗൗതമിനു പ്രിയയെ ഇഷ്ടമാണെന്നു തോന്നിയപ്പോൾ അവളെ ഒഴിവാക്കാൻ ചെയ്തതാണ് . പപ്പ സോറി പപ്പ .. എന്നോട് ക്ഷമിക്കണം .” ജെനി അയാളുടെ കാൽ കീഴിൽ കിടന്നു കരഞ്ഞു പറഞ്ഞു .

അത് കേട്ടതും ഗൗതം ചാടി എഴുന്നേറ്റു . ഇതുവരെ അടക്കി പിടിച്ച ദേഷ്യം മുഴുവൻ ഗൗതമിന്റെ മുഖത്തു വ്യക്തമായിരുന്നു .

“ജെനി … ” അതൊരു അലർച്ചയായിരുന്നു . ജെനി പേടിച്ചു നിലത്തു നിന്നും എഴുന്നേറ്റു . ഗൗതമിന്റെ കണ്ണിലെ അഗ്നിക്ക് അവളെ ഭസ്മമാക്കാനുള്ള ശകതിയുണ്ടായിരുന്നു .

“നീ ഒരു പെണ്ണല്ലേടി എന്നിട്ടാണോ നീ അവളോട് ഇങ്ങനെ ചെയ്തത് . ഞാൻ അപ്പോൾ അങ്ങോട്ട് ചെന്നില്ലായിരുന്നെങ്കിലോ .

അന്ന് അവളെ വീഴ്ത്താൻ പറഞ്ഞത് വിഷ്ണു ആണെന്ന് കള്ളം പറഞ്ഞു നീ അന്ന് രക്ഷപെട്ടു .

ഇന്ന് നീ എന്താ ചെയ്‌യാൻ ശ്രമിച്ചത് പ്രിയയെ … ” ഗൗതമിനു വാക്കുകൾ കിട്ടിയില്ല അവൻ എന്തൊക്കെയോ അവളെ ചീത്ത വിളിച്ചു പറഞ്ഞു .

ജെനിയുടെ പപ്പയുടെയും മമ്മയുടെയും തല കുമ്പിട്ടു നിൽക്കുന്നത് കണ്ടിട്ട് കാർത്തിക്ക് അവനോട് വന്നു നിർത്താൻ പറഞ്ഞു . പക്ഷെ ഗൗതമിന്റെ ദേഷ്യം അടങ്ങിയില്ല .

“ഛെ നിനക്കൊക്കെ എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു . പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല പ്രണയം .

അച്ഛനും അമ്മയും ബന്ധുക്കളും ആരും കൂട്ടിനില്ലാതെ ഒറ്റക്ക് ജീവിക്കുന്നവളാ പ്രിയ .എനിക്ക് അവളോട് ഇഷ്ടമാണെന്നു തോന്നിയത് കൊണ്ടല്ലേ നീ ഇതൊക്കെ ചെയിതു കൂട്ടിയത് .

എന്നാൽ നീ അറിഞ്ഞോ തോന്നൽ അല്ല ഗൗതം ആദ്യമായും അവസാനമായും പ്രണയിക്കുന്ന പെണ്ണ് പ്രിയ ആണ് . പ്രിയദർശിനി രാമചന്ദ്രൻ . ഇനി അവളുടെ നിഴൽ വെട്ടത്ത് പോലും നിന്നെ കണ്ടു പോവരുത് . കേട്ടോടി .

ഇനി എന്തെങ്കിലും ഉണ്ടായാൽ ഇതായിരിക്കില്ല ഗൗതമിന്റെ പ്രതികരണം . ” ഗൗതം പറഞ്ഞു നിർത്തി പക്ഷെ അവൻ അപ്പോഴും വിറച്ചു കൊണ്ടിരുന്നു .

“മോൻ ഞങ്ങളോട് ക്ഷമിക്കണം .

ഇനി ഇവളെ കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല . ഒറ്റ മോളല്ലേ എന്ന് വിചാരിച്ചു ഒരുപാട് കൊഞ്ചിച്ചു പക്ഷെ അത് ഇത്രത്തോളം കൊണ്ട് എത്തിക്കും എന്ന് പ്രതീക്ഷിച്ചില്ല . ഇവൾ ഇനി ആ കോളേജിൽ പഠിക്കില്ല .

ഇനി നിങ്ങളുടെ കൺമുന്നിൽ പോലും വരില്ല . കേസും പ്രശ്നങ്ങളും ഒന്നും ആക്കരുത് .

മോളായി പോയില്ലേ . ഞങ്ങൾക്ക് തള്ളി കളയാൻ പറ്റില്ലല്ലോ .” ജെനിയുടെ പപ്പ ദയനീയമായി പറഞ്ഞു .

ജെനിയുടെ പപ്പയുടെയും മമ്മയുടെയും അപേക്ഷയിലും ഇനിയൊരു പ്രശ്നമുണ്ടാവില്ല എന്ന ഉറപ്പിലും അവർ അവിടെ നിന്നും പോന്നു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16

പ്രിയനുരാഗം – ഭാഗം 17

പ്രിയനുരാഗം – ഭാഗം 18