Wednesday, December 25, 2024
Novel

ജീവരാധ: ഭാഗം 11 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

കാറിൽ മുൻസീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അനു ഞെട്ടി. ” ആഷ്ന… !! അതെ ആഷ്ന.. അവളുടെ കയ്യിൽ മാസങ്ങൾ മാത്രം പ്രായമായൊരു കുഞ്ഞും. കുഞ്ഞിന് ജീവന്റെ അതേ കാപ്പി കണ്ണുകൾ.. അതെ പാറിപ്പറക്കുന്ന മുടി. മുന്നോട്ടു നടന്നു തുടങ്ങിയ അനു അവിടെ തറഞ്ഞു നിന്നു പോയി.

ആഷ്നക്ക് പുറകെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മറ്റൊരു ചെറുപ്പക്കാരൻ കൂടി ഇറങ്ങി. ആ മുഖം എവിടെയോ കണ്ടു മറന്നത് പോലെ…

അല്പം നടന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് കൂടെ ആരുമില്ലെന്ന് പ്രിയ കണ്ടത്. അവൾ തിരികെ നടന്ന് അമ്പരന്ന് നിൽക്കുന്ന അനുവിനരികിൽ ചെന്നു.

” എന്തു പറ്റി അനു..”

അനുവിന് അരികിലേക്ക് കയ്യിൽ ഒരു കൊച്ചുമായി നടന്നു വരുന്ന പെണ്കുട്ടിയെയും അവളുടെ കൂടെയുള്ള ചെറുപ്പക്കാരനെയും പ്രിയ അമ്പരപ്പോടെ നോക്കി.

അനുവിനെ കണ്ടപ്പോൾ ആഷ്നയുടെ കണ്ണിലും അത്ഭുതം വിടർന്നു.

” അനുചേച്ചി !!!” അവൾ അത്ഭുതത്തോടെ വിളിച്ചു.
“എടി ചേച്ചി… നീ എവിടെയായിരുന്നു എന്തൊരു പോക്കായിരുന്നു ചേച്ചി നിന്നെ… നിന്നെ ഞങ്ങൾ എവിടെയെല്ലാം അന്വേഷിച്ചുവെന്നോ.. ”

അനുവിന് തിരിച്ചൊന്നും പറയാനായില്ല അവൾ പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അവളുടെ കയ്യിൽ ഇരിക്കുന്ന കൊച്ചിനെ തന്നെ നോക്കി.

” നിന്റെ മോളാണോ ”

” അതെ ചേച്ചി 6 മാസായി… ”

” ജീവന്റെ തന്നെ കണ്ണുകൾ” അനു അറിയാതെ പറഞ്ഞു പോയി.

” ജീവന്റെ അനിയത്തിയുടെ മോൾക്ക് പിന്നെ അവന്റെ ചായ ഇല്ലാതെ ഇരിക്കുവോ…. അല്ലെടി ഭാര്യേ.. ”
ആഷ്നയുടെ കൂടെയുള്ള ചെറുപ്പക്കാരൻ പറഞ്ഞതുകേട്ട് അനുവും
പ്രിയയും ഒരുപോലെ സ്തബ്ദരായി പോയി.

” ജീവന്റെ… !!””

” ജീവന്റെ അനിയത്തിയുടെ മകൾ ”

” അപ്പോൾ നിങ്ങൾ.. !! ”

” ഞാനും ജീവൻ തന്നെ… ഇവളുടെ കെട്ടിയോൻ ജീവൻ.. ഈ കുഞ്ഞിന്റെ പേറ്റന്റ് അവകാശം ഉള്ള ജീവൻ.. ”

അനുവിനാകെ തല കറങ്ങുന്നത് പോലെ തോന്നി. മുന്നേ കഴിഞ്ഞ ഓരോ രംഗങ്ങളും അവരുടെ മനസ്സിൽ ഒരു ഫ്രെയിമിൽ എന്നപോലെ കടന്നുവന്നു.

ജീവന്റെ നെഞ്ചത്ത് ചേർന്ന് ആഷ്നയുടെ ചേട്ടാ എന്നുള്ള വിളി… ജീവൻ അവളെ മോളെ എന്ന് വിളിച്ച് തന്നോട് ചേർത്തു പിടിച്ചത്… ദൈവമേ കളങ്കമില്ലാത്ത ഈ സഹോദര സ്നേഹത്തെയാണോ ഞാൻ ഇത്രയും നാൾ തെറ്റിദ്ധരിച്ചത്…

യാതൊരു തെറ്റും ചെയ്യാത്ത രണ്ടുപേരെ ആണല്ലോ രണ്ടുപേരെ കുറിച്ചാണല്ലോ താൻ ഇത്രയും നാൾ… അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. ഈ ജീവനെയും താൻ എവിടെയോ കണ്ടിരിക്കുന്നു… അതെവിടെയാണ്…

അതെ അന്ന് മെസ്സേജ് വന്ന ഫോട്ടോയിൽ ആഷ്നയുടെ ഇടത്തായി നിന്നിരുന്ന പയ്യൻ… അവളുടെ നെഞ്ചകം വെന്തു നീറി…

” ആഷ്നേ എന്താ മോളെ ഇതൊക്കെ… ”

” ചേച്ചി വാ… ഞാൻ എല്ലാം പറയാം. ഇനിയെങ്കിലും ചേച്ചിയുടെ തെറ്റിദ്ധാരണ മാറ്റിയില്ലെങ്കിൽ… ”

ആഷ്ന കുഞ്ഞിനെ അവളുടെ ഭർത്താവിനെ കയ്യിൽ കൊടുത്ത് അനുവിനെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.

” ചേച്ചി.. ഞാൻ ജീവേട്ടന്റെ അനിയത്തി തന്നെയാണ്. എന്നാൽ ഒരു ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല പുറത്ത് വന്നത് എന്നത് മാത്രം.

ഏട്ടന്റെ അമ്മ ലക്ഷ്മി, എന്റെ അമ്മയല്ല.. എന്നാൽ സേതുരാമൻ എന്റെ അച്ഛൻ തന്നെയാണ് ഒരുപക്ഷേ ഏറ്റവും ക്രൂരനായ അച്ഛൻ…

അല്ലെങ്കിൽ ഏറ്റവും ക്രൂരനായ ഒരു മനുഷ്യൻ തന്നെ എന്ന് പറയാം.. അയാളുടെ ഒരു മുഖമേ നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകു.. ചെകുത്താനാണയാൽ… ആട്ടിൻ തോലണിഞ്ഞ ചെകുത്താൻ.. !!”

” ആഷ്ന… !! ”

” എനിക്കറിയാം ചേച്ചിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും…പക്ഷെ സത്യമിതാണ്… ജീവേട്ടൻ പോലും വളരെ വൈകി മനസ്സിലാക്കിയ സത്യം. എല്ലാവരും കരുതുന്നതുപോലെ ജീവട്ടന്റെ അമ്മയല്ല..ഇയാളാണ് ദുഷ്ടൻ…ആ അമ്മ ഒരു പഞ്ചപാവം ആയിരുന്നു.

അയാൾ ജീവേട്ടന്റെ അമ്മയെ വിവാഹം കഴിച്ചത് തന്നെ സ്വത്ത്‌ മാത്രം കണ്ടിട്ടാണ്.കോടീശ്വരന്റെ മകൾ ആയിരുന്നില്ലേ… ഈ കാണുന്നതൊക്കെ അയാൾ നേടിയെടുത്തത് അവരിൽനിന്നല്ലേ…

പണത്തിനു വേണ്ടി എന്തും ചെയ്യുന്ന, ആളെ കൊല്ലാനോ പെണ്ണുങ്ങളുടെ മാനത്തിന് പോലും വില പറയാനോ മടിയില്ലാത്ത അയാളുടെ ചെയ്തികൾക്ക് എല്ലാം മൂകസാക്ഷി ആയിരുന്നു ആ അമ്മ… !!

അയാളുടെ ഒരു കമ്പനിയിൽ ജോലിക്ക് വന്നതായിരുന്നു എന്റെ അമ്മ.. അമ്മയുടെ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി പണത്തിന് നെട്ടോട്ടമോടുന്ന സമയമായിരുന്നു.

അമ്മ അതിസുന്ദരിയായിരുന്നു.. അതുകൊണ്ട് തന്നെ ഇന്റർവ്യൂ പോലും ചെയ്യാതെ അമ്മയുടെ കഥ കേട്ട് അയാൾ അമ്മയെ അവിടെ ജോലിക്കെടുത്തു. അയാളുടെ ആ നല്ല മനസ്സിനു മുന്നിൽ കൃതാർത്ഥനായി എന്റെ അമ്മ..

എന്നാൽ ഓവർ ടൈം ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം രാത്രി അയാൾ അമ്മയുടെ ശരീരത്തെ വലിച്ചുകീറിയപ്പോഴാണ് അയാളിലെ ചെകുത്താനെ എന്റെ അമ്മ കണ്ടത്. എന്റെ അമ്മയുടെ ആത്മാവ് അന്നേ മരിച്ചിരുന്നു.. എങ്കിലും അമ്മ തളർന്നില്ല.. അമ്മ ജീവിച്ചു.. അമ്മയുടെ അച്ഛനുവേണ്ടി..ആ ചെകുത്താന്റെ വിത്ത് അമ്മയുടെ വയറ്റിൽ മുളപൊട്ടിയതറിഞ്ഞപ്പോഴും അമ്മ തകർന്നില്ല… അയാളുടെ കണ്ണിൽ പോലും പെടാതെ എന്നെ എല്ലാം സഹിച്ച് എന്നെ വളർത്തിവലുതാക്കി അമ്മ…

എന്നാൽ വർഷങ്ങൾ കഴിഞ്ഞ് വളർന്നു യുവതിയായി മാറിയ എന്നെ…. അയാളുടെ സ്വന്തം മകളായ എന്നെ… കമ്പനി മീറ്റിങ്ങിൽ ഒരു കാഴ്ചവസ്തുവായി വയ്ക്കാൻ വേണ്ടി വീട്ടിൽ വന്നു വിലപേശിയപ്പോൾ എന്റെയമ്മ തകർന്നു പോയി….

അമ്മക്ക് ഒറ്റക്കൊരിക്കലും അയാളെ എതിർക്കാനാവുമായിരുന്നില്ല. അയാൾക്ക് സമൂഹത്തിൽ അത്രക്ക് വിലയായിരുന്നു.

ചേച്ചിക്ക് ഓർമ്മയുണ്ടോ അന്ന് വീട്ടിൽ നിന്നും കോൾ വന്നപ്പോൾ ജീവേട്ടൻ എന്നെ വീട്ടിൽ കൊണ്ട്ചെന്നാക്കാൻ എന്റെ കൂടെ വീട്ടിലേക്ക് വന്നത്…

അന്ന് എന്നെയും കൂട്ടി വീട്ടിലെത്തിയ ഏട്ടൻ കാണുന്നത് എന്നെ വിട്ടു കിട്ടാൻ വേണ്ടി എന്റെ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്ന സേതുരാമനെയാണ്.

അന്നാണ് ഏട്ടനും തരിച്ചു പോയത്… സത്യം മനസ്സിലാക്കിയത്.. ജീവൻ എന്റെ ചേട്ടൻ ആണെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഒരു അനിയത്തിയുടെ അടുപ്പം ഏട്ടനോട് കാണിച്ചത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളതല്ലെ ഏട്ടൻ..

എന്നാൽ ഇതൊക്കെ ചേച്ചി ഇങ്ങനെ തെറ്റിദ്ധരിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല…അന്ന് വിവാഹത്തലേന്ന് നിങ്ങൾ ഒക്കെ വീട് വിട്ടു പോയത് കുറച്ച് വൈകിയാണ് ഏട്ടൻ അറിഞ്ഞത്..

അപ്പോഴേക്കും ഏട്ടനാകെ തളർന്നു പോയിരുന്നു ദൈവമായി കരുതിയ അച്ഛന്റെ ശെരിയായ മുഖം… അച്ഛന്റെ ക്രൂരതയിൽ നിസ്സഹായയായി പോയ അമ്മയേ അറിയാതെ പോയത്..

എല്ലാം ഏട്ടനെ തളർത്തിയിരുന്നു.. എല്ലാത്തിൽനിന്നും ഉയർത്തെഴുന്നേൽക്കാൻ വീണ്ടും ജീവിതത്തിലേക്ക് വരാൻ അല്പം സമയം വേണമായിരുന്നു ഏട്ടന്…

എല്ലാം ചേച്ചിയോട് പറയാൻ ഇരിക്കുകയായിരുന്നു..അപ്പോഴേക്കും…. !! ”

” ഞാൻ….. ഞാനൊന്നും അറിഞ്ഞില്ല മോളെ…ഇതൊക്കെ ഇങ്ങനെയൊക്കെ…. !!
” ശരിയാണ്… ഞാൻ ഓർക്കുന്നു…

അന്ന് നിന്റെ വീട്ടിൽ വന്ന ശേഷമാണ് ജീവൻ ആകെ മാറിയത്… അവന്റെ കണ്ണിലെ കുസൃതിച്ചിരി അപ്രത്യക്ഷമായത്.. പക്ഷേ ഞാൻ കരുതിയത്…

ഹോ ഞാനെന്ത്‌ പാപിയാണ് ന്റെ കൃഷ്ണ.. എന്നെ അങ്ങ് ദഹിപ്പിച്ചു കളഞ്ഞേക്കു…”

” ചേച്ചി കരയരുത്.. എല്ലാം ആ കൃഷ്ണന്റെ തന്നെ കുസൃതിയായി കണ്ടാൽ മതി..ജീവേട്ടൻ ഒരു പഞ്ചപാവമാണ് എന്റെ ഭർത്താവിനെ..എന്നിലേക്ക് ചേർത്തതും ഏട്ടനാണ്.. ”

” അവൻ ”

” അതെ… എന്റെ ഭർത്താവ് ജീവൻ.. അവൻ എന്റെ വീടിനടുത്തുള്ളതായിരുന്നു.. എന്താവശ്യത്തിനും ഓടിയെത്തുന്ന…

ഒടുവിൽ സേതുരാമൻ വീട്ടിൽവന്ന് പ്രശ്നമുണ്ടാകുമ്പോഴും ഞങ്ങളുടെ രക്ഷയ്ക്ക് അവനെ ഉണ്ടായിരുന്നുള്ളൂ…എന്റെ ജീവൻ… അവനെന്നെ ഒരുപാട് ഇഷ്ടമായിരുന്നു..

സത്യങ്ങളെല്ലാം അവന് അറിയാമെന്നതുകാരണം സേതുരാമൻ പലപ്പോഴായി അവനെ ഭീഷണിപ്പെടുത്തിയിരുന്നു…

അവനെ കൊല്ലാൻ പോലും ശ്രമിച്ചിരുന്നു അയാൾ… എല്ലാം സഹിച്ച് ഒടുവിൽ എന്റെ അമ്മയും വേദനയില്ലാത്ത ലോകത്തേക്ക് യാത്ര ആയപ്പോൾ ജീവേട്ടൻ തന്നെയാണ് സേതുരാമന്റെ ഭീഷണി വകവെയ്ക്കത്തെ ഞങ്ങളുടെ വിവാഹവും നടത്തി തന്നത്…”

” അപ്പോൾ ജീവേട്ടന്റെ ഫ്രണ്ട്സ് രാഹുലെട്ടൻ ഒക്കെ… ”

” എല്ലാ സത്യങ്ങളും അറിയാവുന്ന മറ്റൊരാൾ ആയിരുന്നു…രാഹുൽ… !!! ചേച്ചിയോട് എല്ലാം പറയാൻ ജീവേട്ടൻ തന്നെ അവനെ ഏൽപ്പിച്ചതുമാണ്…

പക്ഷേ അവന് ചേച്ചിയോടുള്ള അമിതമായ സ്നേഹം കാരണം എല്ലാം അവൻ പല രീതിയിലേക്ക് വളച്ചെടുത്തു…”

” രാഹുലേട്ടൻ.. !!”

” അതെ അവന് ചേച്ചിയോട് പ്രണയമായിരുന്നു… ഭ്രാന്തമായ പ്രണയം അവനെല്ലാം ചേച്ചിയോട് തുറന്നു പറഞ്ഞിട്ടുണ്ടാകും എന്നാണ് ജീവൻ വിചാരിച്ചിരുന്നത്…

എന്നാൽ എരിതീയിൽ എണ്ണ കോരി ഒഴുകുകയായിരുന്നു അവനെന്ന് ജീവേട്ടൻ ഒരിക്കൽ അവന്റെ ഫോൺ നോക്കിയഴാണ് മനസ്സിലാക്കിയത്.”

” അപ്പോൾ ആ മെസേജ്… ”

” അതെ അന്ന് ചേച്ചിക്ക് വന്ന മാരേജ് സർട്ടിഫിക്കറ്റ് ന്റെ ഫോട്ടോ അവൻ അയച്ചതാണ്… എന്റെയും ജീവേട്ടന്റെയും കല്യാണമാണ് കഴിഞ്ഞതെന്ന് ചേച്ചിയെ തെറ്റിദ്ധരിപ്പിക്കാൻ..

ആ ഗ്യാപ്പിൽ കയറി അവന് നിന്നെ പ്രണയിക്കാൻ.. അവൻ മാത്രമല്ല എല്ലാത്തിനും കൂട്ടുനിന്നത് സേതുരാമനും… !!

മകന്റെ കല്യാണം എന്നെ അയാൾ എന്നെ അയാളുടെ ബിസിനസ് ഫ്രണ്ടിനെ മകളുമായി ഉറപ്പിച്ചിരുന്നു.. അതിനിടയിൽ ചേച്ചി ഒരു ശല്യമായാൽ അയാൾ സഹിക്കുമോ…

അന്ന് ആ ഫോണിലെ മെസ്സേജ് കണ്ടില്ലായിരുന്നുവെങ്കിൽ അപ്പോഴും എന്താ യഥാർത്ഥ പ്രശ്നമെന്ന് ജീവേട്ടൻ മനസ്സിലാക്കില്ലായിരുന്നു…

അന്നാണ് ചേച്ചി പോയതിന് കാരണം ഏട്ടനും മനസ്സിലായത്… ഈ സിനിമയിലേക്കുള്ള വരവ് ഒക്കെ ചേച്ചിയെ തേടി മാത്രമായിരുന്നു…”

” എന്റെ ദേവീ…. ഞാനെന്ത് പാപിയാണ്.. എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ദൈവമേ..”

” ഇങ്ങനെയൊക്കെ സംഭവിക്കണം എന്നത് ദൈവനിശ്ചയം ആയിരിക്കും ചേച്ചി… നിങ്ങൾക്ക് മുന്നിൽ ഇനിയും എത്രയോ കാലങ്ങൾ ഇരിക്കുന്നു.

പലിശയടക്കം കൊടുത്തു സ്നേഹിക്കു.. ഇപ്പോഴെങ്കിലും എല്ലാം കലങ്ങി തെളിഞ്ഞില്ലേ.. തെറ്റ് ചെയ്തവരൊക്കെ അതിനുള്ള ശിക്ഷയും അനുഭവിക്കുന്നു… സേതുരാമന് ആകെ സ്നേഹമുള്ളത് അയാളുടെ മകനോട് മാത്രമായിരുന്നു…

മകനും കൂടി തള്ളിപ്പറഞ്ഞപ്പോൾ അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഒടുവിൽ ബിസിനസ് പ്രശ്നവും എല്ലാംകൂടി ആയപ്പോൾ ഒരു ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ അയാളെ മുഴുവനായി തളർത്തി കളഞ്ഞില്ലേ…

കുറ്റബോധം വല്ലാതെ അലട്ടിതുടങ്ങിയപ്പോൾ നാട് വിട്ടതാണ് രാഹുൽ. ഇപ്പോൾ ഒരു വിവരവും ഇല്ല.. ”

” മോളെ ആഷ്ന… എനിക്ക്… എനിക്ക് ജീവനെ ഒന്ന് കാണണം. ആ കാലിൽ വീണെനിക്ക് മാപ്പ് ചോദിക്കണം.. ”

” ചേച്ചി വരൂ ഏട്ടൻ അകത്തുണ്ടാകും… പിന്നെ അയാളെയും കൂടി ഒന്ന് കാണണ്ടേ ചേച്ചിക്ക്.. ”

” ഹാ നിങ്ങളുടെ കരച്ചിലും പിഴിച്ചലും ഒക്കെ കഴിഞ്ഞോ.. ” ആഷ്‌നയുടെ ഭർത്താവ് പുഞ്ചിരിയോടെ ചോദിച്ചു. ആഷ്ന പുഞ്ചിച്ചിരിച്ചു.

അകത്ത് കട്ടിലിൽ തന്റെ പാപങ്ങളുടെ എല്ലാം ശിക്ഷ സ്വയം ഏറ്റുവാങ്ങി നിശ്ചലമായി കിടക്കുകയായിരുന്നു സേതുരാമൻ.

കണ്ണിലെ കൃഷ്ണമണി മാത്രം നീങ്ങുന്നു….അനുവിനെ കണ്ടപ്പോൾ അയാളുടെ മുഖത്ത് പല വിധ ഭാവങ്ങൾ മിന്നി മറഞ്ഞു.. ആ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകി.. അയാൾ സ്വന്തം പാപങ്ങളിൽ വെന്തുരുകുക ആയിരുന്നു.

അനുവിന് അധികനേരം അവിടെ നിൽക്കാനായില്ല… ഒരുകാലത്ത് താൻ ആരാധിച്ചിരുന്ന വ്യക്തിയാണ്… ഇപ്പോഴത്തെ തന്റെ അവസ്ഥയ്ക്ക് കാരണക്കാരൻ…
കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങുമ്പോൾ വാതിൽക്കൽ നിന്ന ആരോ ആയി കൂട്ടിയിടിച്ച് അവളൊന്നു വീഴാറായി.

എന്നാൽ അപ്പോഴേക്കും അവളെ രണ്ട് കൈകൾ സുരക്ഷിതമായി താങ്ങി നിർത്തിയിരുന്നു. കണ്ണുതുറന്നു നോക്കിയപ്പോൾ ജീവൻ….!!!

അവൾ സന്തോഷം കൊണ്ട് മതിമറന്നു. ഇരുകൈകൾകൊണ്ടും അവനെ ചേർത്തു പിടിക്കാൻ പോയപ്പോഴേക്കും അവൻ അവളെ വിട്ടു മുന്നോട്ടു നടന്നിരുന്നു…

ജീവൻ അവളെ ഒന്ന് നോക്കിയത് പോലുമില്ല. അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

തരിച്ചു നില്കുന്നതിടയിലാണ് …. അവൾക്ക് നേരെ ഒരു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു സ്ത്രീ നടന്നു വന്നത്…. അത് ജീവന്റെ അമ്മ ആയിരുന്നു.
” അനു മോള് അല്ലെ ”

” അതെ ”

” എന്നെ മനസ്സിലായോ മോൾക് ”

” ജീവന്റെ അമ്മയാണോ.. ”

” അതെ.. അവന്റെ പെരുമാറ്റം കണ്ട് മോള് പേടിക്കൊന്നും വേണ്ട ട്ടോ … ഇത്രയും നാൾ അവൻ സഹിച്ച വെദനയുടെയ… ഒരു വാശി അത്രയേ ഉള്ളു… ”

” അമ്മേ…ഞാൻ വൈകി പോയമ്മേ എല്ലാരെയും മനസിലാക്കുവാൻ ”

” എനിക്ക് മനസ്സിലാകും മോളെ.. ഞാൻ എല്ലാം എത്ര സഹിച്ച്താണ്… മനുഷ്യന് മനുഷ്യനെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കാലമല്ലേ..”

“അമ്മേ ഞാനും അമ്മയെ മനസ്സിലാക്കിയില്ല… ഞാനും കരുതിയത്…. എന്നോട് ക്ഷമിക്കമ്മേ.. .”

” അതൊക്കെ ഞാൻ മറന്നു മോളെ… ഇന്നത്തെ ജീവിതത്തിൽ ഞാൻ സന്തോഷവധിയാണ്. ”
അവൾ അമ്മയെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു.

അന്ന് മുഴുവൻ അവരാ വീട്ടിൽ തന്നെ ആയിരുന്നു ചെലവഴിച്ചിരുന്നത്. പലപ്പോഴും ജീവനെ കണ്ടെങ്കിലും അവൾക്ക് നേരെ ഒരു നോട്ടം പോലും ഉണ്ടായില്ല.

എല്ലാവരും കൂടി തിരിച്ചു പോകാൻ വേണ്ടി വണ്ടിയിൽ കയറിയപ്പോഴാണ് തന്റെ ഫോൺ എടുത്തില്ല എന്നോർത്ത് അവൾ വീട്ടിലേക്ക് തിരിച്ചു കയറിയത്..

സത്യത്തിൽ ജീവനെ ഒറ്റയ്ക്ക് ഒന്ന് അടുത്തു കാണുവാൻ വേണ്ടി അവൾ അത് മനപ്പൂർവം മറന്നിട്ടതായിരുന്നു. വീട്ടിലെ ഓരോ മുറിയിലും അവൾ ജീവൻ അന്വേഷിച്ചു.

ഒടുവിൽ ഒരു മുറിയിൽ ഒറ്റയ്ക്ക് കട്ടിലിൽ ഇരുന്ന് എന്തോ എഴുതുന്ന ജീവനെ അവൾ കണ്ടു.

” ഇച്ചേട്ടാ… ”
അവൾകരഞ്ഞുകൊണ്ട് ഓടിച്ചെന്ന് ജീവനെ കെട്ടിപ്പിടിച്ചു.

” എന്നോടൊന്ന് ക്ഷമിക്കൂ ഇച്ചേട്ടാ ഞാൻ… ഞാനറിയാതെ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്… സോറി.. സോറി ജീവാ…. ഇനി എങ്കിലും എന്നോടൊന്ന് ക്ഷമിച്ചുടെ… ”

അവന്റെ നെഞ്ചിൽ ചേർന്നിരുന്ന് കരയുകയായിരുന്നു അനു. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചത്തുടെ ഒലിച്ചിറങ്ങി.

അവൻ അവളെയൊന്ന് ചേർത്തുപിടിച്ചത് പോലുമില്ല. അനുവിന്റെ നെഞ്ചകം ചുട്ടു പൊള്ളുകയായിരുന്നു.

അവൾ കരഞ്ഞു കരഞ്ഞ് അവന്റെ ദേഹത്തൂടെ താഴേക്ക് ഊർന്നിറങ്ങി.അവന്റെ കലാപാദങ്ങളിൽ മുഖമമർത്തി കരഞ്ഞു.

ഇനിയും കണ്ടു നിൽക്കുവാൻ ജീവനാകുമായിരുന്നില്ല. അവനവളെ ഇരുകൈകൾകൊണ്ടും പിടിച്ചുയർത്തി. കുനിഞ്ഞു പോയ അവരുടെ മുഖം കൈ കൊണ്ട് തന്നെ നേരെ ഉയർത്തി.

” നീ എന്റെ ആരായിരുന്നു എന്ന് നിനക്ക് അറിയോ അനു… ഞാനെന്നെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ നിന്നെ സ്നേഹിച്ചിരുന്നു എന്നറിയോ നിനക്ക്…

ഈ പ്രപഞ്ചത്തിൽ എന്റെ കണ്ണുകൾ എപ്പോഴും തേടിക്കൊണ്ടിരുന്നത് നിന്നെ മാത്രമാണെന്ന് അറിയോ നിനക്ക്… ആ നീയല്ലേ എന്നെ മറ്റൊരു പെണ്ണുമായി..”

” വേണ്ട… വേണ്ട ജീവാ ഇനി അങ്ങനെയൊന്നും പറയാതെ…. എന്നെ ഇനിയും ഇങ്ങനെ കുത്തി നോവിക്കാതെ. ”

” നീ പെട്ടന്നൊരുനാൾ അകന്ന് പോയപ്പോൾ… എന്റെ അവസ്ഥ എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ..ഞാൻ തകർന്നു പോയിരുന്നെടി..”

” ജീവാ.. അന്നൊക്കെ ജീവിക്കുന്ന ശവം പോലെ തന്നെ ആയിരുന്നു ഞാനും… നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ജീവ…

വെന്തു നീറുകയായിരുന്നു ഞാൻ ഓരോ നിമിഷവും… നഷ്ടപ്പെട്ടു പോയ ഓരോ നിമിഷവും എനിക്ക് തിരികെ വേണം ജീവാ..എന്നെ കൂടെ കൂടില്ലേ ഇച്ചേട്ടാ… ”

അവൾ അവന്റെ കാപ്പി കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.

” നീ ഇല്ലാതെ എനിക്ക് ഒരു ജീവിതമില്ല അനു ഇനി ഒരിക്കലും എന്നെ വിട്ടുപോകാൻ ഞാൻ അനുവദിക്കില്ല നിന്നെ. ”

ജീവൻ അവളെ ഇരുകൈകൾകൊണ്ടും ചേർത്തുപിടിച്ചു. അവൾ അവന്റെ നെഞ്ചിൽ തല അമർത്തി നിന്നു.

” അതേ നിങ്ങളുടെ പ്രേമസല്ലാപം ഒക്കെ കഴിഞ്ഞെങ്കിൽ ഒന്ന് പോകാമായിരുന്നു സമയം സന്ധ്യ ആവാറായേ ”

പ്രിയയുടെ ശബ്ദം കട്ട് അവർ പെട്ടന്ന് അകന്നു മാറി.

” അപ്പോ ഓക്കേ അല്ലേ.. ഉടനെ തന്നെ സമയവും കാലവും ഒക്കെ നോക്കി ഒരു മുഹൂർത്തം അങ്ങ് കറുപ്പിക്കാം… ന്നിട്ട് കല്യാണം ഒക്കെ അങ്ങ് നടത്താം.. ”

പ്രിയ പറഞ്ഞത് കേട്ട് ജീവൻ ഒരു കുസൃതിച്ചിരിയോടെ അനുവിനെ നോക്കി. അനു അപ്പോഴേക്കും തന്നെ കണ്ണുകൾ അടച്ചുകളഞ്ഞു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

” ദേ പെണ്ണിനെ ഒന്ന് ഇറക്കുന്നുണ്ടോ… മുഹൂർത്തം ആയിരിക്കുന്നു. ”

” നീയ് നിലവിളിക്കേണ്ട പ്രിയേ… ന്റെ മോള് ഒരുങ്ങി സുന്ദരിയായി അങ്ങ് എത്തിക്കോളും.. ”

” ഓ… ഒരുങ്ങിയില്ലേലും നിങ്ങടെ മോള് സുന്ദരി തന്നാ എന്റെ ദേവിയമ്മേ…. പിന്നെ മോളുടെ കല്യാണന്ന് വെച്ച് ഇങ്ങനെ ഓടിച്ചാടി നടക്കണ്ടാട്ടോ സർജറി കഴിഞ്ഞിട്ട് ഇത്രേം ദിവസം ആയതേ ഉള്ളൂ സൂക്ഷിക്കണം ന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.”

” ഓ എന്റെ മോൾടെ കല്യാണം കണ്ടിട്ട് ചത്താലും എനിക്കൊന്നുല്ലാ… ”

” അപ്പോ പിന്നെ അവൾക്കൊരു കുഞ്ഞുണ്ടായാൽ അവൾ തന്നെ കുളിപ്പിക്കൊക്കെ വേണ്ടി വരുമല്ലോ..”

” ഒന്ന് പൊടി കൊച്ചേ… ദേ നീ അവളുടെ കൂടെ മഡപത്തിൽ കയറു… പെങ്ങള് ഇല്ലല്ലോ.. പകരം നീ വേണ്ട പോകാൻ.. ”

” അത് പിന്നെ പറഞ്ഞിട്ടുവേണോ ദേവിയമ്മേ.. ”

മന്ത്രോച്ചാരണങ്ങൾക്കിടയിൽ അഗ്നിസാക്ഷിയായി ജീവന്റെ കൈ കൊണ്ട് പവിത്രമായ താലി അനുവിനെ അണിയുമ്പോൾ ചുറ്റുമുള്ള എല്ലാവരുടെ കണ്ണുകളിലും സന്തോഷവും ആശ്വാസവും മാത്രമായിരുന്നു. അനു കൈകൾ കൂപ്പി കണ്ണുകൾ അടച്ചു നിന്നു.

അവന്റെ കൈ കൊണ്ട് അവളുടെ സീമന്ത രേഖയിൽ സിന്ദൂര ചുവപ്പുമേറ്റുവാങ്ങി. താലി കെട്ടിനു ശേഷം ജീവൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തത് എല്ലാവരിലും ചിരി പടർത്തി.

എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങിയപ്പോഴാണ് പരിചയമുള്ള ഒരു മുഖം വഴിയിൽ നിന്നും കണ്ണുനീരോടെ പശ്ചാത്താപത്തോടെ താൻ മൂലം ഇല്ലാതായ ഒരു വിവാഹം നടന്നു കണ്ടതിലുള്ള കൃതാർത്ഥതയോടെ പടിയിറങ്ങി പോകുന്നത് പ്രിയ കണ്ടത്.

അവനെ തിരിച്ചു വിളിക്കാൻ അവളോടി ചെന്നെങ്കിലും അപ്പോഴേക്കും ബൈക്കെടുത്ത് അവൻ ദൂരേക്ക് പോയിരുന്നു…

❣️ ശുഭം ❣️

അപ്പോൾ കഥ കഴിയുകയാണ്… 😛🤒😪 പെട്ടന്ന് തീർന്നപ്പോലെ ഉണ്ടെന്നറിയാം..🤕 ഫ്ലാഷ് ബാക് ഒക്കെ പറയണം എന്ന് കരുതിയിരുന്നതാണ്..😪 പക്ഷെ വേറെ വഴിയില്ല…😐 ഉത്തരാവാദിത്തങ്ങൾ ഒക്കെ വരുന്നു 🚶‍♀️എക്സാം ഡേറ്റ് വരുന്നു.. ക്ലാസ്സ്‌ വരുന്നു.. 😬😬.2 മാസം വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ എന്തേലും ഒക്കെ എഴുതണം എന്ന് കരുതി, ഒന്ന് തട്ടി കൂട്ടി നോക്കിയതാണ് കുറെ നെഗേറ്റീവ്സ് ഉണ്ടാകും എന്നാറിയാം..ഇപ്പോ ഇത്രയേ പറ്റു..😬 ന്താ ചെയ്യാ…ഇങ്ങനെ ഒരു ടോപിക് എഴുതാൻ മാത്രം വിവരം ഒന്നും സത്യത്തിൽ എനിക്കില്ലായിരുന്നു .. ഉള്ളത് കൊണ്ട് ഓണം പോലെ… എല്ലാരും ക്ഷമിക്ക 😐😐.

കൂടെ നിന്നവരോടും പ്രോത്സാഹിപ്പിച്ചവരോടും പിക് തരാൻ മത്സരിച്ച 2ചങ്ക്‌സ്നോടും (gayathri and ശ്രീ ഭദ്ര )ഒത്തിരി സ്നേഹം😘😘 കഥ തീർന്ന സ്ഥിതിക് ഇതിനെ പറ്റി ഒരു അഭിപ്രായം വേണമായിരുന്നു… നെഗറ്റിവ് ആണ് കൂടുതൽ വേണ്ടത്… എങ്കിലേ എനിക്ക് മെച്ചപെടാൻ സാധിക്കു… അതോണ്ട് സത്യസന്ധമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. (സൂപ്പർ, സ്റ്റിക്കെർ അല്ലാതെ 🙈)

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5

ജീവരാധ: ഭാഗം 6

ജീവരാധ: ഭാഗം 7

ജീവരാധ: ഭാഗം 8

ജീവരാധ: ഭാഗം 9

ജീവരാധ: ഭാഗം 10