Friday, July 19, 2024
Novel

ജീവരാധ: ഭാഗം 8

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

Thank you for reading this post, don't forget to subscribe!

ഫോണിൽ ജീവനായിരുന്നു.

” ഗുഡ് മോണിങ്‌ അനു.. ”

” ഈ നട്ട പാതിരക്കോ ”

” സമയം നോക്കു മോളെ.. 12:01 ആയി. ”

” ഓഹ് ആണൊ… ഈ സമയത്തെന്താ ഇച്ചേട്ടാ.. ”

” ഇന്ന് നീ എന്തായാലും ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് കരുതി. ”

” എന്നാലും എന്നോടൊന്ന് പറയാമായിരുന്നു .. ”

” അപ്പോഴെനിക്ക് നിന്റെയീ വാക്കുകളിലെ നാണം കാണാനാകുമായിരുന്നോ.. ”
അവൻ പൊട്ടിച്ചിരിച്ചു.

” അങ്ങനെ ഈ ജീവൻ അനുവെന്ന പെൺകിടാവിനെ താലികെട്ടാൻ പോവുകയാണ്… ശോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി.. ”

അവൾ നാണം പൂത്തു തുടങ്ങി. വാക്കുകൾക്കായി അവൾ തപ്പിത്തടഞ്ഞു.

” നിന്റെ കണ്ണുകൾ ഇപ്പോൾ നാണംകൊണ്ട് കൂമ്പിയടയുന്നതും കവിളുകൾ ചുവക്കുന്നതും എനിക്ക് കാണാൻ കഴിയും ട്ടോ അനു.. നീ ഇതുവരെ എന്നോടൊരു മറുപടി പറഞ്ഞില്ല അനു… ഞാൻ നിന്നിൽ നിന്നുതന്നെ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ….

നിന്റെ കണ്ണുകൾ പലവട്ടം എന്നോട് പറഞ്ഞ വാക്കുകൾ… ഇനിയെങ്കിലും എന്നോടൊന്നു പറയ്യ് അനു… എന്തോ എനിക്കത് നിന്നിൽ നിന്നു തന്നെ കേൾക്കാൻ വല്ലാതെ ആഗ്രഹം തോന്നുന്നു. ” ജീവന്റെ ശബ്‌ദം ആർദ്രമായി.

അനു ഒരു നിമിഷം നിശബ്ദയായി.അവൾക്ക് മറുപടി കിട്ടിയില്ല. എങ്കിലും അവൾ പറഞ്ഞൊപ്പിച്ചു.

” പിന്നെ നാണം… !! ഞാൻ പറയുന്നില്ല.. നട്ടപ്പാതിരക്ക് വിളിച്ച് ശൃങ്ഗരിക്കാൻ വന്നിരിക്കുന്നു.. വച്ചിട്ട് പോ മനുഷ്യ എനിക്കൊന്നുറങ്ങണം.. ”

ഉള്ളിൽ പൂത്തുലഞ്ഞ നാണം കൊണ്ട് ഇത്രയും പറയാനേ അവൾക്ക് കഴിഞ്ഞുള്ളു.

” ഓഹോ… അത്രയ്ക്ക് ജാഡയാണോ.. എന്നാൽ നീ പോയി ഉറങ്ങി തുലയ്യ്.. ”

ജീവൻ ഫോൺ കട്ടാക്കി. അവളിൽ ഒരു പുഞ്ചിരി വിടർന്നു. ശെരിയാണ് ഇഷ്ടമാണ് എന്നൊരു വാക്ക് താനിതുവരെ അവനോട് പറഞ്ഞിട്ടില്ല. എന്നാൽ അവനെന്നോട് പലവട്ടം പറഞ്ഞിരിക്കുന്നു.

വാക്കുകളാൽ പുറത്തു വന്നില്ലെങ്കിലും അവനറിയാം എനിക്കവൻ വെറും ഇഷ്ടല്ല. പ്രാണനാണ്…ജീവനാണ്.. എന്റെ ശ്വാസവും ഹൃദയം തുടിക്കുന്നതും അവനു നേർക്ക് മാത്രമാണ് .

അന്ന് അവളുടെ സ്വപ്നങ്ങൾക്ക് പല വർണമായിരുന്നു. പല രൂപവും ഭാവവും ആയിരുന്നു.

ചുറ്റും മഞ്ഞ്… വിരിഞ്ഞു കിടക്കുന്ന മഞ്ഞു മെത്തക്കിടയിൽ പൂക്കളാൽ തീർത്തൊരു കുഞ്ഞു മണ്ഡപം..

അതിൽ പൂക്കളാൽ അലങ്കരിച്ച വസ്ത്രവും ആഭരണങ്ങളുമണിഞ്ഞ് മുടിയിലും ശരീരത്തിലും നിറയെ പൂക്കൾ ചൂടി മുഖത്തോട് മുഖം നോക്കി ഞങ്ങൾ നിൽകുന്നു…

ഞാനും ജീവനും… !! അടുത്തെങ്ങും ഒരു കുഞ്ഞു ജീവി പോലുമില്ല.. ഞങ്ങൾ മാത്രം… അവരുടേതായ ലോകത്ത്…

ജീവൻ സ്വർണനിറമുള്ള സൂര്യകാന്തി പൂക്കളാൽ തീർത്തൊരു മാല അവളെ അണിയിക്കാൻ ഒരുങ്ങുന്നു.. പെട്ടെന്ന് ആകാശത്തൊരു മിന്നൽപ്പിണർ…!! ജീവന്റെ കയ്യിലെ പൂമാല അഗ്നിയായി മാറുന്നു…!! അതിൽ തീ കത്തിപ്പടരുന്നു.

ജീവന്റെ കയ്യിൽ നിന്നും അടർന്നു താഴെ വീഴുന്നു..

അനു ഞെട്ടിയെഴുന്നേറ്റു. ഈ തണുത്ത കാലാവസ്ഥയിലും അവൾ വിയർത്തു കുളിച്ചിരുന്നു. അവൾ കണ്ട സ്വപ്നം അവളെ അത്രമേൽ ഞെട്ടിച്ചു. സമയം നോക്കിയപ്പോൾ രണ്ടു മണി ഇപ്പോൾ ഉറങ്ങിയതേയുള്ളു. അപ്പോഴേക്കും..

പിന്നെ അവൾക്ക് ഉറക്കം വന്നില്ല. ഒരുവിധം നേരം വെളുപ്പിച്ചു രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി. തനിക്ക് എന്ത് ടെൻഷൻ വന്നാലും കണ്ണനെ ഒന്ന്കണ്ട് പരിഭവം പറഞ്ഞാൽ ഒരു ആശ്വാസമാണ്.

അമ്പലത്തിൽ ഒന്നു പ്രാർത്ഥിച്ച് കോളേജിൽ പോകാം. അവൾ അമ്മയോട് പറഞ്ഞ് ബേഗും എടുത്ത് ഇറങ്ങി.

തുളസി കതിർ മാലയും ചൂടി നിൽക്കുന്ന കണ്ണന്റെ മുന്നിൽ അവൾ കൈകൂപ്പി ഉള്ളുരുകി പ്രാർത്ഥിച്ചു. എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു.

ശേഷം അമ്പലത്തിൽ നിന്നിറങ്ങി കോളേജിലേക്ക് നടന്നു. ഈയിടെയായി പലപ്പോഴും അവൾ ജീവന്റെ ബൈക്കിനായിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്.

അവന് നേരത്തെ പ്രാക്ടീസ് ഉള്ളപ്പോഴോ കടയിൽ എന്തെങ്കിലും ആവശ്യമുള്ളപ്പോഴോ മാത്രമേ അവനെ കാണാതിരുന്നിട്ടുള്ളൂ. ഇന്ന് രാവിലെ അമ്പലത്തിൽ പോകുമെന്ന് അവന് മെസ്സേജ് ഇട്ടിരുന്നു.

ഓരോ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോഴും അവൾ തിരിഞ്ഞു നോക്കി. ജീവനല്ലായിരുന്നു. അന്നവൾ ബസ്സിൽ തന്നെ കോളേജിൽ പോയി.

കോളേജിൽ എത്തിയപ്പോഴും ഇന്റർവെൽ ടൈമിലും ഒന്നും ജീവനെ കണ്ടില്ല.

അല്ലെങ്കിൽ ഈ സമയത്തിടയ്ക്ക് ഒരു അഞ്ചാറ് പ്രാവശ്യം കാണേണ്ടതാണ്. രണ്ടുദിവസം കഴിഞ്ഞാൽ കലോത്സവമാണ്.

അതിന്റെ കഠിനമായ പ്രാക്ടീസിൽ ആയിരുന്നു എല്ലാവരും. ചിലപ്പോൾ അതിന്റെ തിരക്കായിരിക്കുമെന്ന് അനു വിചാരിച്ചു.

അവനെ കാണാതെ അവളുടെ മനസ് വിങ്ങി തുടങ്ങിയപ്പോൾ ഉച്ചയ്ക് രേഷ്മയും ഏയ്ഞ്ചൽനെയും കൂട്ടിയവൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു.

അവിടെ ഇന്ന് നല്ല തിരക്കുണ്ടായിരുന്നു. കുട്ടികളെ കൂടാതെ ചില ടീച്ചേഴ്സും ഉണ്ടായിരുന്നു അവിടെ.

” ദേ ജീവൻ. ”

രേഷ്മ ചൂണ്ടിക്കാണിച്ചിടത്തേക്ക് ജനലിലൂടെ നോക്കിയപ്പോൾ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് വട്ടം കറക്കുകയാണ് ജീവൻ.

” അനു… അതു നമ്മുടെ ജൂനിയർ ഡിഗ്രി ക്ലാസിലെ ആഷ്ന അല്ലേ.. ”

” മ്മ്.. അവളാണ് ഡ്രാമയിലെ നായിക ”

” ഓ സുന്ദരി കൊച്ചാണല്ലോ എന്താ ഒരു മുടി.. ”

” പിന്നെ ചകിരി നാരുപോലെയുണ്ട്… ചെമ്പിച്ച കളറും. ”

” ഹി ഹി… പെണ്ണ് പിള്ളേരുടെ സ്ഥിരം അസൂയ.. എടി എന്നാൽ നിനക്ക് ഡ്രാമയിലെ നായികയായികൂടായിരുന്നോ..

അപ്പോൾ നിനക്ക് ജീവന്റെ കൂടെ അഭിനയിക്കുകയും ചെയ്യാലോ.. ഒരു പ്രശ്നവുമില്ല.”

” അതിനവൾക്ക് ഏറ്റവും ഇഷ്ടം ഇല്ലാത്ത ഒരു കാര്യം അല്ലെടി അഭിനയം..” ഏയ്ഞ്ചലാണ്.

” ങേ… അതെന്താ ”

” പിന്നെയ്… എനിക്കൊരിക്കലും എന്റെ സ്വരൂപം കളഞ്ഞ് മറ്റൊരാളായി സ്ക്രീനിൽ മാറാനൊന്നും കഴിയില്ല. ഉള്ളിലും പുറത്തും ഞാൻ ഒന്നേയുള്ളൂ. ഒരു ക്യാമറകണ്ണിന് അനുസരിച്ച് മാറാൻ എന്നെ കിട്ടില്ല.”

” അത് കൊള്ളാലോ.. അപ്പോ നിനക്ക് ബൈ ചാൻസ് വല്ല സിനിമയിലും അവസരം കിട്ടിയാലോ.. ”

“. എന്റെ പട്ടി പോകും.. ”

” ഹോ വല്ലാത്തൊരു ഐറ്റം തന്നെ ”

ജീവന് ആഷ്നയും കൂടി അങ്ങനെ തൊട്ടും പിടിച്ച് അടുത്ത് പെരുമാറുന്നത് ഒരു അഭിനയത്തിൽ ആയാൽ കൂടി ഒത്തിരിനേരം കണ്ടു നില്ക്കാനവൾക്ക് കഴിഞ്ഞില്ല.

അവർ തിരിഞ്ഞു നടന്നു. ആഷ്‌നയെ ജീവന്റെ കൂടെ പലപ്പോഴായി അവൾ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ പുറത്തു വരുന്ന ഈ പോസ്സസീവ്നെസ് തല്ലി കിടക്കുകയായിരുന്നു.

ആഷ്ന സുന്ദരിയാണ്. ഒരു പാവം കുട്ടിയാണ്.. ജീവനെ തനിക്ക് പൂർണ്ണ വിശ്വാസവുമാണ് പിന്നെന്താ…!!

അന്ന് വൈകീട്ട് കുറച്ച് എഴുതാൻ ഉണ്ടായിരുന്നതുകൊണ്ട് ജീവന്റെ കൂടെ പോകാം എന്നവൾ തീരുമാനിച്ചു. ശരിക്കും അത് മാത്രമായിരുന്നില്ല.

ആദ്യമായാണ് ഈ ഒരു ദിവസം മുഴുവൻ അവർ പരസ്പരം കാണാതെയും സംസാരിക്കാതെയും ഇരിക്കുന്നത്. ജീവൻ എന്തായാലും എല്ലാം കഴിഞ്ഞ് കോളേജിൽ നിന്നിറങ്ങാൻ കുറച്ച് ലേറ്റ് ആകും.

ക്ലാസ്സ് വിട്ട് ഒരു അഞ്ചു മണി ആയപ്പോൾ അവൾ ഓഡിറ്റോറിയത്തിലേക്ക് പോയി.

അവിടെ ജീവന്റെ കുറച്ച് ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്നാൽ ജീവൻ എവിടെയും കണ്ടില്ല.

” അതേയ് രാഹുലേട്ട…ജീവേട്ടൻ എവിടെ ”
അവൾ ജീവന്റെ ഫ്രണ്ട് ആയ രാഹുലിനോട് ചോദിച്ചു.

” അവൻ കുറച്ചു നേരത്തെ പോയല്ലോ ”

” പോയോ… ഇന്നെന്താ നേരത്തെ.. അല്ലെങ്കിൽ പോകാൻ ആറുമണിയൊക്കെ ആവുമല്ലോ..”

” അത്… ഇന്നവൻ ആഷ്‌നയെയും കൊണ്ട് അവളെ വീട്ടിലാക്കാൻ പോയതാ.. അവൾക്കെന്തോ വീട്ടിൽനിന്ന് ഒരു കോൾ വന്നിരുന്നു..

പിന്നെ സമയം വൈകിയത് കൊണ്ട് അവൻ വീട് വരെ ഒന്ന് കൊണ്ടാക്കാൻ..അല്ല നീയെന്താ ഇന്ന് ലേറ്റ് ആയെ… വീട്ടിൽ പോകുന്നില്ലേ…”

” ഞാൻ.. എനിക്ക് കുറച്ച് വർക്ക്സ് ഉണ്ടായിരുന്നു എന്നാൽ ശരി ഞാൻ പോട്ടെ..”

എന്തോ കേട്ട വാക്കുകൾ അവളുടെ നെഞ്ചിലായിരുന്നു തറഞ്ഞു കയറിയത്.. കണ്ണുകൾ നിറഞ്ഞു തൂവി… വീട്ടിലെത്തിയിട്ടും അവളുടെ വിഷമം മാറിയില്ല.

” ശെ… ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. ഞാൻ കാത്തു നിൽക്കുന്ന വിവരം ജീവന് അറിയില്ലായിരുന്നല്ലോ..

അവൾ ഒരു പെൺകുട്ടിയല്ലേ… അത്യാവശ്യം വന്നപ്പോൾ… ലേറ്റായപ്പോൾ ഒന്ന് വീടുവരെ കൊണ്ടാക്കി അതിനിപ്പോ എന്താ കുഴപ്പം..!! ”

ജീവന്റെ ക്ലാസ് കഴിയാറായി.. എൻഗേജ്മെന്റും നിശ്ചയിച്ചു.. അതിന്റെ ഡേറ്റും അടുത്തുവരുന്നു.. ഈ അവസരത്തിൽ വെറുതെ ഇങ്ങനെ വിഷമിക്കുന്നത് എന്തിനാ…

ജീവനെ ഒന്ന് വിളിച്ചു നോക്കിയാലോ..വേണ്ട.. ഇന്നലെ അവനല്ലേ ദേഷ്യം പിടിച്ചു കോൾ വച്ചത്.. അവന് ഇങ്ങോട്ടും വിളിക്കാലോ..

പിറ്റേന്ന് കോളേജിൽ ചെന്ന ഉടനെ അവൾ പോയത് ജീവനെ കാണാനായിരുന്നു. എന്നാൽ അവന്റെ ഫ്രണ്ട് പറഞ്ഞു അവന് എത്തിയിട്ടില്ല എന്ന്.

അവൾ അപ്പോൾ തന്നെ അവനെ വിളിച്ചു നോക്കി എന്നാൽ ഫോൺ എടുത്തില്ല. അനുവിന് തന്റെ നെഞ്ച് തകരുന്നതുപോലെ തോന്നി…

ഇതിപ്പോൾ രണ്ടു ദിവസമായി ഒന്ന് കണ്ടിട്ടും മിണ്ടിയിട്ടും… ഇപ്പോൾ അതിനിടയ്ക്ക് ആണെങ്കിൽ ആഷ്നയും..

ഇനിയിപ്പോൾ ഞാനന്ന് ഫോണിൽ പറഞ്ഞത് അവനെ ശരിക്കും വേദനിപ്പിച്ചു കാണുമോ… അവനറിയില്ലേ.. എനിക്ക് അവനെ എത്രമാത്രം ഇഷ്ടമാണെന്ന്…

അതിപ്പോൾ ഒരു വാക്കുകൊണ്ട് പറഞ്ഞില്ലേൽ ഇല്ലെന്നാകുമോ..

അവള്ക്ക് അന്ന് കോളേജിൽ ഇരിക്കാനെ തോന്നിയില്ല. എന്തോ ഭാഗ്യത്തിന് അന്ന് ഉച്ചക്ക് വിട്ടു.

പിറ്റേ ദിവസം വളരെ ആകാംക്ഷയോടെയാണ് അവൾ കോളേജിൽ പോയത്. പക്ഷേ അന്നും അവൾ ജീവനെ കോളേജിൽ കണ്ടില്ല.

അവൾ നേരെ അവന്റെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവന്റെ ഫ്രണ്ട് രാഹുൽ.

അവൾ ആരെയും നോക്കാതെ നേരെ അവന്റെ അടുത്തേക്ക് നടന്നു.

” രാഹുലേട്ട ജീവൻ ഇന്നും വന്നില്ലേ ”

” അത്…. ഇല്ലല്ലോ.. ”

” ജീവേട്ടന് എന്താ പറ്റിയെ.. ഞാൻ വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല.. ഞങ്ങൾ ഒന്ന് സംസാരിച്ചിട്ട് എത്ര ദിവസമായെന്നോ.. ”

” അവന് എല്ലാത്തിന്റെയും തിരക്കായിരിക്കും അനു. ”

” ഞാൻ ഒന്ന് ചോദിക്കട്ടെ… നിങ്ങൾ എല്ലാം കൂടി എന്നിൽ നിന്നെന്തോ മറക്കുന്നുണ്ടോ.. ”

” ഏയ് ഇല്ല…എന്ത് മറക്കാൻ… അവന് തിരക്കാവും.. നാളെ വരുമായിരിക്കും.. ”

” സത്യം പറ രാഹുലേട്ടാ.. ഇല്ലെങ്കിൽ എന്റെ വിഷമം കൂടുകയേയുള്ളൂ..”

” അത് അനു… എന്താ കാര്യം എന്നൊന്നും എനിക്കറിയില്ല പക്ഷേ അന്ന് ആഷ്‌നയുടെ വീട്ടിൽ പോയി വന്നതുമുതൽ അവനാകെ ഡിപ്രെസെഡ്‌ ആയിരുന്നു..

ഞങ്ങളോടും ഒന്നും സംസാരിക്കുന്നില്ല.. ഞങ്ങളും കുറെ വട്ടം വിളിച്ചു.. ഫോൺ എടുക്കുന്നില്ല… അവനെന്തോ വിഷമം ഉണ്ടെന്ന് തോന്നുന്നു.. ”

” ഇന്നലെ ജീവേട്ടൻ കോളേജിൽ വന്നിരുന്നോ..”

” ഉച്ചയ്ക്കുശേഷം വന്നിരുന്നു. പക്ഷേ ഒന്നും സംസാരിച്ചില്ല.. എന്തോ കാര്യങ്ങൾ തീർക്കാൻ ഉണ്ടായിരുന്നു.. അതാണ് വന്നത് പെട്ടെന്ന് തന്നെ തിരിച്ചു പോവുകയും ചെയ്തു”

” കടയിലെയോ വീട്ടിലെയോ വല്ല പ്രശ്നങ്ങൾ ആയിരിക്കും ”

” മ്മ് ”

അവൾ ചിന്തഭാരത്തോടെയാണ് അന്ന് വീട്ടിലേക്ക് പോയത്.. കടയിലെ പ്രശ്നങ്ങളൊന്നും ജീവനെ ഒരിക്കലും ഇങ്ങനെ ബാധിക്കില്ല.. വീട്ടിലാണെങ്കിൽ അവന്റെ അമ്മയെ ഓർത്ത് അവന്റെ വിഷമം ഉള്ളതായി പറഞ്ഞിട്ടുണ്ട്.

അവന്റെ അമ്മയെ താൻ ഇതുവരെ കണ്ടിട്ടില്ല.. എങ്കിലും അവൻ പറഞ്ഞു കേട്ട് അറിയാം അധികം ഒന്നും സംസാരിക്കാത്ത ആരോടും സ്നേഹമില്ലാത്ത എപ്പോഴും ദേഷ്യപെടുന്ന ഒരു സ്ത്രീയായിരുന്നു.

അവർ ജീവനോട് പോലും അധികം സംസാരിക്കാറില്ലത്രെ..

അവന്റെ ഏറ്റവും വലിയ വിഷമം അതു മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ അവന് ശീലമായി കഴിഞ്ഞിരിക്കുന്നു.. പെട്ടെന്നവനെ വിഷമിപ്പിക്കാൻ മാത്രം എന്താണ്….!!

അവൾക്ക് യാതൊരു എത്തും പിടിയും കിട്ടിയില്ല.

വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു.

” മോളെ സേതുരാമൻ സാർ വിളിച്ചിരുന്നു.. ഇനി നാല് ദിവസം കൂടിയല്ലെ ഉള്ളു. നാളെ ഡ്രസ്സ് എടുക്കാൻ പോകമെന്ന് പറഞ്ഞു.. നാളെ ശനിയാഴ്ച അല്ലേ കോളേജ് ഇല്ലല്ലോ..”

” ജീവൻ വിളിച്ചിരുന്നൊ അമ്മേ…”

” ഇല്ലല്ലോ.. അവനുംകൂടി തീരുമാനിച്ചതാവില്ലേ.. ഇനിയിപ്പോ നാളെ കാണാലോ ”

നാളെ കാണുമ്പോൾ എന്തായാലും സംസാരിക്കാമെന്നോർത്തപ്പോൾ അവൾക്ക് മനഃസമാധാനമായി.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷമാണ് അവൾ കടയിലേക്ക് പുറപ്പെട്ടത്.

ജീവന്റെ കടയിൽ നിന്ന് തന്നെ ആയിരുന്നു ഡ്രസ്സ് എടുക്കുന്നത്. അമ്മയെ ഒത്തിരി നിർബന്ധിച്ചെപ്പോഴാണ് കൂടെ വരാൻ സമ്മതിച്ചത്.

സേതുരാമൻ കടയിൽ അവരെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ അവരുടെ ഏതാനും ചില ബന്ധുക്കളും ഉണ്ടായിരുന്നു.

” ഹോ മരുമോള് സുന്ദരിയാണല്ലോ.. സേതുവേട്ട.. ” ഏതോ ഒരു അമ്മായിയാണ്

” ശെരിയാ.. പണവും കുടുംബമഹിമയുമില്ലെങ്കിലെന്താ സൗന്ദര്യവും നല്ല വിദ്യാഭ്യാസവും ഉണ്ടല്ലോ.. ഇന്നത്തെ പെണ്ണ് കുട്ടികൾക്ക് അത് മതി.. ” മറ്റൊരു സ്ത്രീയാണ്.

അവൾ അമ്മയെ നോക്കി. അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. എന്നാൽ ആ സമയം ഇതൊന്നും അവളെ വിഷമിപ്പിച്ചില്ല.

അവളുടെ കണ്ണുകൾ ജീവനു വേണ്ടി മാത്രം തിരയുകയായിരുന്നു.

” ജീവന്റെ അമ്മ വന്നില്ലേ ”
അമ്മ സേതുരാമനോട് ചോദിച്ചു.

” ഹേയ്.. അവളെ ഇങ്ങനെ പബ്ലിക് ആയ സ്ഥലത്തൊന്നും കൊണ്ടുപോകാൻ പറ്റില്ല.. അറിയാലോ..”

” അച്ഛാ ജീവൻ വന്നില്ലേ.. ”

” ഓ അത് പറയാൻ മറന്നു.. അവനു കോളേജിൽ എന്തൊ ആവശ്യം ഉണ്ടെന്നു പറഞ്ഞു പോയതാ.. കുറച്ചുകഴിഞ്ഞ് എത്തിക്കോളാം എന്നു പറഞ്ഞു..”

” അച്ഛാ എനിക്കും കോളേജിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു.. ലൈബ്രറിയിൽ നിന്നെടുത്ത രണ്ട് ബുക്സ് കൊടുക്കാനുണ്ട്..

അങ്ങനെയാണെങ്കിൽ ഞാനും പെട്ടെന്ന് പോയി കൊടുത്തിട്ട് വരാം.. ജീവേട്ടന്റെ കൂടെ വരാലോ ”

” അത് പിന്നെ കൊടുത്താൽ പോരെ മോളെ ഇപ്പോൾ തന്നെ പോണോ..”

” ഇവിടുന്ന് ഓട്ടോ പിടിച്ച പോകേണ്ട ദൂരമല്ലേ ഉള്ളൂ… ഞാൻ പെട്ടെന്ന് ജീവേട്ടനെയും കൂട്ടി വരാം..നിങ്ങൾ ഡ്രെസ് ഒക്കെ നോകുമ്പോഴേക്ക് വരാം ”

എത്രയും പെട്ടെന്ന് കോളേജിൽ എത്താനും ജീവനെ കാണാനും അവളുടെ ഉള്ളം തുടിക്കുകയായിരുന്നു..

ശനിയാഴ്ച ആയതുകൊണ്ട് കോളേജിൽ ആരുമുണ്ടായിരുന്നില്ല.

ആകെ ഒന്നോ രണ്ടോ കുട്ടികൾ മാത്രം. ജീവന്റെ ബൈക്ക് പുറത്തു കണ്ടു. എന്നാൽ അവന്റെ ഫ്രണ്ട്സിനെ ആരെയും കണ്ടില്ല.

അവൻ ഓഡിറ്റോറിയത്തിൽ ഉണ്ടാകുമെന്ന് വിശ്വാസത്തിൽ അവൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു.

ഓഡിറ്റോറിയത്തിലും ഡോറും ജനലുകളും എല്ലാം അടച്ചിരുന്നു.

എന്നാൽ ഒരു ജനലിന് അടുത്തെത്തിയപ്പോൾ അകത്തുനിന്ന് എന്തോ ശബ്ദം കേട്ടു.

പാതി തുറന്ന ജനൽ അതിനുള്ളിലൂടെ അവൾ അകത്തേക്ക് നോക്കി. ഉള്ളിലെ കാഴ്ച കണ്ട് അവൾ ഞെട്ടിവിറച്ചു…!!!

❣️ തുടരും ❣️

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5

ജീവരാധ: ഭാഗം 6

ജീവരാധ: ഭാഗം 7