Friday, April 26, 2024
Novel

ജീവരാധ: ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

Thank you for reading this post, don't forget to subscribe!

മെസേജ് തുറന്നതും സ്‌ക്രീനിൽ കണ്ട ഫോട്ടോകൾ കണ്ടവൾ ഞെട്ടി… !!
ജീവൻ ആൻഡ് ആഷ്ന.. !!! ഒരു മാരിയേജ് സർട്ടിഫിക്കറ്റിന്റെ ഫോട്ടോയും കൂടെ മറ്റൊരു ഗ്രുപ്പ് ഫോട്ടോയും.

ജീവനെയും ആഷ്‌നയെയും കൂടാതെ രാഹുലേട്ടനും അവരുടെ തന്നെ ഫ്രണ്ട് ആയ മറ്റൊരാളും കൂടെ വേറെയൊരു പയ്യനും ഉണ്ടായിരുന്നു ആ ഫോട്ടോയിൽ. എല്ലാരും സാധാ വേഷത്തിൽ ആഷ്നയുടെ സീമന്ത രേഖയിൽ സിന്ദൂരചുവപ്പുണ്ട് എന്ന് മാത്രം.

ഒന്ന് ബോധ മണ്ഡലത്തിലേക്ക് വരാൻ അനു കുറച്ചു സമയമെടുത്തു. അവൾ തകർന്നു പോയിരുന്നു. ഹൃദയം പറിച്ചെടുത്ത വേദന.

അവളുടെ കയ്യിൽ നിന്നും ഫോൺ ഊർന്നു താഴെ വീണു. റൂമിൽ അമ്മ വന്നതോ അവളെ കുലുക്കി വിളിച്ചതൊ ഒന്നും അവളറിഞ്ഞില്ല.

കണ്ണുകൾ പതുക്കെ അടഞ്ഞു പോകുമ്പോൾ കണ്ണുനീർ ഉതിർന്നു വീഴുന്ന അമ്മയെയും കൂടെ തന്റെ ആകെയുള്ള ആ അമ്മാവനെയും മാത്രമവൾ കണ്ടു.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

” അനൂ…. !!! ”

അനു പറഞ്ഞ കഥയിൽ തരിച്ചിരിക്കുകയായിരുന്നു പ്രിയ.

” 2 വർഷത്തിനിടയിൽ നിന്റെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചു കഴിഞ്ഞോ മോളെ.. ”

” ഒക്കെ ഞാൻ മറക്കാൻ ശ്രമിക്കുന്നു പ്രിയ. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാനാണ് എനിക്കിഷ്ടം..

എന്നാൽ വീണ്ടും ജീവനുമായി ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.

അതെന്നെ വീണ്ടും തകർത്ത് കളഞ്ഞെടി. മറ്റൊരാളുടെ താലിക്ക് അവകാശിയാണവൻ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ”

” അപ്പോൾ ആ സംഭവത്തിനു ശേഷം നീ ജീവനെ ഇതുവരെ കണ്ടിട്ടില്ലെ ”

” ഇല്ല.. അന്ന് ഞാൻ ആകെ തകർന്നു പോയിരുന്നു. ഒരു പെണ്ണിന് അനുഭവിക്കാൻ ബാക്കിയുള്ള എല്ലാ വേദനയും ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു.

എല്ലാം അറിഞ്ഞ അമ്മാവനാണ് അവിടുത്തെ വീടും സ്ഥലവും ഒക്കെ വിറ്റ് ഞങ്ങളെയും കൂട്ടി ബാംഗ്ലൂർക്ക് പോയത്.

പോകുമ്പോൾ സേതുരാമൻ, അദ്ദേഹത്തോട് എങ്കിലും പറയണമെന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടതാണ്.

പക്ഷേ നിർഭാഗ്യവശാൽ ആരോടും ഒന്നും പറയാൻ സാധിച്ചില്ല. ഒരു തരത്തിൽ ഒളിച്ചോട്ടം തന്നെയായിരുന്നു.

സീമേച്ചിക്ക് പോലും ഞങ്ങൾ പോകുന്നു എന്നല്ലാതെ എവിടേക്കാണ് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. ”

” നീ ഇത്രയൊക്കെ സഹിച്ചിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു അനു. നിന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നും അറിയില്ല.

എന്നാലും ഇത്രയും കാലമായില്ലേ.. എല്ലാം മറന്നു കളയൂ..ഇവിടെ ജീവൻ നിന്റെ സഹപ്രവർത്തകൻ മാത്രമാണ് അങ്ങനെ കണ്ടാൽ മതി. ”

” ഹാ നീ അതൊക്കെ വിട്…കഥ പറഞ്ഞ് നേരം പോയതറിഞ്ഞില്ല. സമയം ഒത്തിരി ആയില്ലേ…നാളെ ഷൂട്ടിംഗ് ഉള്ളതല്ലേ ഉറക്കം കളയണ്ട വാ നമുക്ക് കിടക്കാം. ”

ഉള്ളിലൊരു അഗ്നിപർവ്വതം പുകയുമ്പോഴും ശാന്തമായി ഉറങ്ങുന്ന അനുവിനെ പ്രിയ വേദനയോടെ നോക്കി.

പിറ്റേന്ന് ഉച്ചമുതൽ ആയിരുന്നു ഷൂട്ടിംഗ്. ഇന്നത്തെ സീനിൽ നായികയുടെ ഫാമിലി ആയിരുന്നു…അതിനാൽ ജീവനും പ്രിയക്കും റോൾ ഉണ്ടായിരുന്നില്ല.

റൂമിൽ നിന്ന് പുറത്തിറങ്ങി വരുമ്പോഴാണ് റിസോർട്ടിന് മുന്നിലെ മുറ്റത്ത് ആയുള്ള മരത്തിന് കീഴെയുള്ള ഇരിപ്പിടത്തിൽ കയ്യിൽ ഫോണും പിടിച്ച് ജീവൻ ഇരിക്കുന്നത് പ്രിയ കണ്ടത്.

അനുവിന്റെ കഥ കേട്ടപ്പോൾ തന്നെ ജീവനോട് അവൾക്കുണ്ടായിരുന്നു സ്നേഹവുo റെസ്‌പെക്ടുമൊക്കെ പോയിരുന്നു.

എങ്കിലും മുഖത്ത് യാതൊരു ഭാവവ്യത്യാസവും കാണിക്കാതെ അവൾ താഴേക്ക് ഇറങ്ങി ജീവന്റെ അടുത്തേക്ക് ചെന്നു.

” ഹായ് ജീവൻ.. എന്താ പ്രകൃതിഭംഗി ആസ്വദിക്കുകയാണോ.. ”

” ആദ്യമായിട്ടല്ലേ ഒരു ദിവസം ഫ്രീ കിട്ടിയത് അപ്പോൾ ഒന്ന് കാറ്റുകൊള്ളാം എന്ന് കരുതി.”

” എന്തൊരു ക്ലൈമറ്റ് ആണല്ലേ ആസ്വദിച്ച് പ്രണയിക്കാൻ പറ്റിയ സ്ഥലം.”

” ഉം തീർച്ചയായും ”

” ഇനി ബ്രേക്ക്അപ് ആയാൽ പോയി ചാടാൻ നല്ലൊരു കൊക്കയും അടുത്ത് തന്നെയുണ്ട്.”

” എന്റെ പ്രിയ മോളെ… പ്രണയം എന്ന വാക്ക് പറഞ്ഞു തീർന്നില്ല… അതിനുമുന്നേ വന്നല്ലോ ബ്രേക്ക്അപും .”

” എല്ലാ പ്രണയങ്ങളും വിവാഹത്തിൽ തന്നെ കലാശിക്കണമെന്നുണ്ടോ ജീവൻ ”

” നീ ഈ പറഞ്ഞ സെന്റൻസ് തന്നെ തെറ്റാണ് പ്രിയ… ‘ എല്ലാ പ്രണയവും’ അതെങ്ങനെ ശെരിയാവും. ഒരാൾക്ക് എങ്ങനെ ഒന്നിൽ കൂടുതൽ പ്രണയം ഉണ്ടാകും.

ഇത്തിരി സാഹിത്യമാണെങ്കിലും ഭൂമിക്ക് സൂര്യനെ എന്ന പോലെ… രാത്രിക്ക് പകലെന്നപോലെ.. കടലിന് കരയുമെന്ന പോലെ പ്രണയവും ഒരിക്കലും ബഹുവചനമാകില്ല.

ഒരു ബിന്ദുവിൽ നിന്നു തുടങ്ങി അതെ ബിന്ദുബിൽ തന്നെ ഒഴുകിയെത്തുന്നു ഒരുവന്റെ പ്രണയം. ”

ജീവന്റെ വാക്കുകൾ കേട്ട് പ്രിയ അമ്പരന്നുപോയി. ഇതൊക്കെ പറയുന്നത് ജീവൻ തന്നെയോ… ഓരോന്ന് പറഞ്ഞ് തീരുമ്പോഴും അവന്റെ ദീർഘനിശ്വാസം അവൾ അറിഞ്ഞിരുന്നു.

” എങ്കിലും എത്രയോ പ്രണയിതാക്കളുടെ മധുരസ്വപ്നങ്ങൾ നുകർന്നിട്ടും കടലിനിന്നും കണ്ണീരിന്റെ ഉപ്പുരസം തന്നെയല്ലേ ജീവൻ… അതൊക്കെ എന്താ ഫേക്ക്ലവ് ആണെന്നാണോ ”

” ഫേക്ക് ലവ്… !!! ആ വാചകമേ തെറ്റാണ് പ്രിയ… ഫേക്ക് ലവ് അങ്ങനെയൊരു വാക്കില്ല.

രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഒരിക്കലും ചേരാത്ത വാക്കുകളാണ് അവ.ലവ്ന് ഒരിക്കലും ഒരു അഡ്ജെക്റ്റീവ് ആയി ഫേക്ക് എന്ന വേർഡ് വരില്ല.

പൂത്തു വിടർന്നു നിൽക്കുന്ന വാകപ്പൂക്കളെയല്ലേ നീ കണ്ടിട്ടുള്ളൂ…

എന്നാൽ ഭ്രൂണമാവും മുമ്പേ കൊഴിഞ്ഞു പോകാൻ വിധിക്കപ്പെട്ട വാകപൂക്കളെ നീ കണ്ടിട്ടുണ്ടോ അവയ്ക്കും പറയാനുണ്ടാകും വിരഹത്തിന്റെ ചില കൊഴിഞ്ഞ കഥകൾ. ”

പ്രിയ ആകെ അമ്പരന്നു നില്ക്കുകയായിരുന്നു. ഇത് ജീവൻ തന്നെയാണോ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് ജീവന്റെ ഫോൺ ബെൽ അടിച്ചത്.

അവൻ എടുത്തു കുറച്ചു സംസാരിച്ചു, ശേഷം പിന്നെ വിളിക്കാമെന്നു പറഞ്ഞു കോൾ കട്ട് ചെയ്തു.

” ആരാ ഭാര്യയാണോ ”

” ഭാര്യ .. !! ”

” ഹാ ആഷ്ന അവളാണോ എന്നാ ചോദിച്ചത്. ”

” ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.”

” അനു… അവൾ എല്ലാം പറഞ്ഞു ”

” സർ ”
അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഷൂട്ടിംഗ് സൈറ്റിൽ നിന്നും അവരെ വിളിക്കാൻ ഒരു പയ്യൻ വന്നത്.

പ്രിയയും ജീവനും അവിടെയെത്തുമ്പോൾ അനു കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

” എന്തുപറ്റി അനു ”

” എടീ ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നിരുന്നു. അവിടെ അമ്മയ്ക്ക് എന്തോ പ്രഷർ വേരിയേഷൻ വന്ന് ഒന്നു തലചുറ്റി വീണുന്ന് പറഞ്ഞു.എനിക്കൊന്ന് അമ്മയെ കാണണം പ്രിയ.. ”

“ഇത്രയേ ഉള്ളോ.. അതിനാണോ നീ കരഞ്ഞു നിലവിളിക്കുന്നെ നീ വാ എന്റെ വണ്ടിയിൽ പോകാം. ”
എല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു ജീവൻ.

” വേണ്ട പ്രിയ… ഇപ്പോൾ തന്നെ വൈകുന്നേരം ആയില്ലേ.. തിരിച്ചു വരാൻ എത്ര ലേറ്റ് ആകും എന്നറിയില്ലല്ലോ അനുവിനെ ഞാൻ കൊണ്ടുപോകാം.നിനക്ക് ബാക്കി ഷൂട്ടിംങും ഉള്ളതല്ലേ. രതീഷ് നിന്നെ വിളിക്കുന്ന കണ്ടു. ”

ജീവൻ പറഞ്ഞത് കേട്ട് പ്രിയ അനുവിന്റെ മുഖത്തേക്ക് നോക്കി.

” പ്രിയ ”
അനു നിസ്സഹായതയോടെ പ്രിയയെ നോക്കി.

” നീ വരൂ അനു എന്റെ കാറിൽ പോകാം ”

” അത്.. അത് വേണ്ട ജീവൻ ”

” നീ നിന്ന് വാശി കളിക്കാതെ വന്നുകയറിയേ അനു… തിരിച്ചു വരാൻ ഏത് ടൈം ആകുമെന്ന് വച്ചിട്ട… ഈ വൈകിയ സമയത്ത് എന്തായാലും നിന്നെ തനിച്ചു വിടാൻ എനിക്ക് പറ്റില്ല… നിനക്കെന്റെ കൂടെ വരാൻ പേടിയൊന്നും ഉണ്ടാവില്ലല്ലോ. ”

അനു പിന്നെ ഒന്നും പറഞ്ഞില്ല.

നിറഞ്ഞ കണ്ണുകളോടെ അവൾ ജീവന്റെ പുറകെ പോയി. ബാക് ഡോർ ലോക്ക് ആയിരുന്നതിനാൽ മുൻസീറ്റിൽ തന്നെയാണ് അവൾ കയറിയത്.

ഡ്രൈവിംങ്ങിലുടനീളം അവളുടെ മനസ്സ് വിങ്ങുകയായിരുന്നു…

ദേവി എനിക്കാകെയുള്ളതാണ് എന്റെ അമ്മ. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല. തൊട്ടടുത്തിരിക്കുന്ന ജീവനോ…

വിൻഡോയിലൂടെ വരുന്ന തണുത്ത കാറ്റൊ.. ഒന്നും അവളെ ബാധിച്ചില്ല. ജീവനും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

.പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ല. ഹോസ്പിറ്റൽ ഉടനെ അവൾ ഇറങ്ങിയോടി.

റൂമിൽ അമ്മയെ കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത്. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

” ഞാൻ പറഞ്ഞതാ. നിന്നെ വിളിക്കേണ്ട.. എന്റെ കുട്ടി എന്തായാലും പേടിക്കുംന്ന് ”

” അമ്മേ ”

” എനിക്കൊന്നുല്ലാ മോളെ. നീ ഇങ്ങനെ കരയാതെ…”

ഈ സമയം അകത്ത് ഡോക്ടറോട് സംസാരിക്കുകയായിരുന്നു ജീവൻ.

” ജീവൻ ഇപ്പോൾ കുഴപ്പമൊന്നുമില്ല. പ്രഷർ ഒന്ന് ലോ ആയതാണ്. എന്നാലും ഇനി വച്ചു നീട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. എത്രയും പെട്ടെന്ന് സർജറി നടത്തുന്നതാണ് നല്ലത്.”

” ശെരി ഡോക്ടർ… ഞാൻ അവളോടും കൂടിയൊന്ന് പറഞ്ഞിട്ടു വരാം ”

അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ രാത്രി ആയിരുന്നു.

ജീവൻ എന്തോ അവളുടെ അമ്മയെ അഭിമുഖീകരിക്കാൻ മടി കാരണം ആ റൂമിൽ കയറിയില്ല.

അനുവും ആഗ്രഹിച്ചിരുന്നു ഈ അവസ്ഥയിൽ അവൻ അമ്മയെ കാണാതിരിക്കുന്നത് തന്നെയാണ് നല്ലത്.

തിരിച്ചുള്ള യാത്രയിലും മൗനം മാത്രമായിരുന്നു അവർക്കിടയിൽ.

അനുവിന്റെ കണ്ണുകൾ നിറയുന്നത് ജീവൻ കണ്ടിരുന്നു. തന്റെ കൈകൾ കൊണ്ടത് തുടച്ചു കളയാൻ അവന്റെ ഉള്ളം വെമ്പുന്നുണ്ടായിരുന്നു.

എന്നാൽ അവൻ പണിപ്പെട്ട് നിയന്ത്രിച്ചു ഡ്രൈവിങ്ങിൽ മാത്രമാക്കി ശ്രദ്ധ.

ഈയൊരു അവസ്ഥയിൽ മൗനം തന്നെയാണ് നല്ലത് എന്ന് അവന് തോന്നി.

” സർജറി എത്രയും പെട്ടെന്ന് ചെയ്താൽ നല്ലതാണെന്ന് ഡോക്ടർ പറഞ്ഞത്. പെട്ടെന്ന് നോക്കിക്കോളാൻ ഞാനും പറഞ്ഞിട്ടുണ്ട്.”

” ഉം ”
അനു ഒന്ന് മൂളുക മാത്രം ചെയ്തു. ജീവൻ പിന്നെ ഒന്നും സംസാരിച്ചില്ല.

റൂമിൽ എത്തുമ്പോൾ പ്രിയ അവളെ കാത്ത് അക്ഷമയോടെ നിൽക്കുന്നുണ്ടായിരുന്നു വിവരം അറിഞ്ഞപ്പോഴാണ് അവൾക്കും സമാധാനമായത്.

അന്നത്തെ രാത്രിയിലും അനുവിന് ഉറക്കമില്ലായിരുന്നു. അമ്മയുടെ ഈ അവസ്ഥയും ജീവന്റെ പെരുമാറ്റവും എല്ലാംകൂടി അവളെ വല്ലാത്തൊരു അവസ്ഥയിലാക്കിയിരുന്നു.

രണ്ട് ദിവസങ്ങൾ കൂടി കടന്നുപോയി ഹോസ്പിറ്റലിൽ പണമടച്ച് എല്ലാം റെഡിയാക്കിയിരുന്നു.

ഒന്നും പേടിക്കാനില്ല എന്ന് ഡോക്ടർ പറഞ്ഞെങ്കിലും പ്രാർത്ഥന മാത്രമായിരുന്നു അവളുടെ മനസ്സിൽ.

എങ്കിലും എല്ലാ കാര്യങ്ങൾക്കും ജീവൻ തന്റെ പുറകെ വന്ന് സഹായിക്കുന്നത് അവളെ വലച്ചിരുന്നു. അമ്മയില്ലാതെ ഒരു നിമിഷം പോലും ഈ ഭൂമിയിൽ തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.

വർഷങ്ങൾക്കു മുന്നേ ജീവന്റെ ചതിയിൽ വെന്ത് നീറിയപ്പോഴും പിടിച്ചു നിൽക്കാനായത് ഒരു സ്നേഹം കൊണ്ട് മാത്രമാണ്.

വേറൊന്നും വേണ്ട ദൈവമേ എന്റെ അമ്മയെ മാത്രമെങ്കിലും എനിക്കു തിരിച്ചു തന്നേക്കണെ… അവൾ ഓരോ അമ്പലങ്ങളിലും ചെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.

ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ ഉച്ചയായിരുന്നു. അനു അവിടെ എവിടെയും ആരെയും കണ്ടില്ല റൂമിൽ ചെന്നപ്പോൾ പ്രിയ മാത്രമുണ്ട്.

” ആ വന്നോ.. അനു ഞാൻ നിന്നെ നോക്കി നിൽക്കുകയായിരുന്നു.”

” എന്താടി.. ഇവിടത്തെ മനുഷ്യന്മാർ ഒക്കെ എവിടെ പോയി.. ”

” എടീ ഞാൻ പറയാം.. നീ പെട്ടെന്ന് റെഡിയാക്. നമുക്ക് ജീവന്റെ വീട് വരെ ഒന്ന് പോകണം.”

” ജീവന്റെ വീട്ടിലോ.. നീ എന്തൊക്കെയാ ഈ പറയുന്നേ.”

” അനു ജീവന്റെ അച്ഛന്, ഒരു മൈനർ അറ്റാക്ക്… ശരീരം തളർന്നു പോയി എന്നാ കേട്ടെ. എല്ലാവരും അവിടേക്ക് പോയിരിക്കുവാ. നമുക്കും ഒന്ന് പോണ്ടേ..”

അനു ഞെട്ടിപ്പോയി. സേതുരാമൻ..!! തനിക്കിപ്പോൾ ആ കുടുംബത്തിൽ ആരോടെങ്കിലും സ്നേഹവും കടപ്പാടും ഉണ്ടെങ്കിൽ അത് അദ്ദേഹത്തോട് മാത്രമാണ്.

ഇത്ര നല്ല മനുഷ്യനെയാണോ ദൈവമേ നീ ഇങ്ങനെ ശിക്ഷിക്കുന്നത്.

അദ്ദേഹം എത്ര പാവം മനുഷ്യനായിരുന്നു. വലിയ ബിസിനസുകാരനായിട്ടും പണത്തിന്റെയോ സമ്പത്തിന്റെയോ അഹങ്കാരം പോലും ആരോടും കാണിക്കാതെ…

എല്ലാവരെയും സ്നേഹിച്ച് സഹായിച്ച് കഴിഞ്ഞ അദ്ദേഹത്തെ ഇത്രയും നാളുകൾക്കുശേഷം ഈ അവസ്ഥയിൽ ആണൊ കാണേണ്ടത്.

” അനു എനിക്കറിയാം നിനക്കാവീട്ടിൽ പോകാൻ പ്രയാസം ഉണ്ടാകും. എന്നാൽ ഈയൊരു അവസ്ഥയിൽ മോശമല്ലേഡി..”

” ഇല്ല പ്രിയ എനിക്ക് അദ്ദേഹത്തെ കാണണം… അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് തീർത്താൽ തീരാത്തതാണ്.”

അവർ ഇരുവരും ആ വലിയ രണ്ടുനില വീടിന്റെ മുന്നിൽ എത്തുമ്പോൾ ഒന്ന് രണ്ട് പേർ വരാന്തയിലും മുറ്റത്തും ഒക്കെ ഉണ്ടായിരുന്നു.

പ്രിയ സ്കൂട്ടി വഴിയിൽ നിർത്തി ഇരുവശത്തും പൂക്കൾ നട്ടുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റത്തു കൂടി വീട്ടിലേക്ക് നടക്കുമ്പോഴാണ് അവർക്ക് തൊട്ടുമുന്നിലായി ഒരു കറുത്ത കാർ വന്ന് നിർത്തിയത്.

അതിന്റെ മുൻസീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞെട്ടി.

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5

ജീവരാധ: ഭാഗം 6

ജീവരാധ: ഭാഗം 7

ജീവരാധ: ഭാഗം 8

ജീവരാധ: ഭാഗം 9