Novel

ജീവരാധ: ഭാഗം 1

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

Thank you for reading this post, don't forget to subscribe!

തന്റെ കണ്ണുകളിൽ നോക്കി പകച്ചു നിൽക്കുന്ന അനുവിനെ ജീവൻ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു….!!

ഒരു ചെറുപുഞ്ചിരിയോടെ ഇരുകൈകൾ കൊണ്ടും അവളെ തന്നോട് ചേർത്ത് പിടിച്ച് അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു…അവളുടെ കണ്ണുകലാളിൽ ഒരു മഹാസാഗരം അലയടിക്കുന്നതായി അവന് തോന്നി…

പുറകിലായി പതഞ്ഞു നുരഞ്ഞു ആഴങ്ങളിലേക്ക് വീഴുന്ന ആ വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ദൃശ്യം അവൻ അവളുടെ കണ്ണുകളിൽ കണ്ടു….അതിന്റെ അലയടികൾ അവളുടെ ഹൃദയത്തിൽ അവൻ ശ്രവിച്ചു അതിന്റെ കുളിര് അവളുടെ നെഞ്ചിൽ അവൻ അറിഞ്ഞു….!!!

” കട്ട്……..!!!!”

“വണ്ടെർഫുൾ ജീവൻ ആൻഡ് അനുരാധ….കലക്കി…
ഇനി കിസ്സിങ് സീൻ ഡ്യൂപ്പ്ന്റെ അല്ലെ അതുച്ച കഴിഞ്ഞ് എടുക്കാം…”

എന്നാൽ ഫിലിം ഡയറക്ടർ രതീഷ് പറഞ്ഞതൊന്നും അവരുടെ ചെവികളിൽ എത്തിയില്ല .അവർ അവരുടേതായ ഏതോ മാസ്മരിക ലോകത്തായിരുന്നു…. ജീവന്റെ കാപ്പി കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി സ്വയം മറന്നു നിൽക്കുകയായിരുന്നു അനു….

അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെ അവളുടെ കണ്ണുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു ജീവന്റെ കണ്ണുകളും മനസ്സും ….കുന്നിൽ മുകളിലെ വെള്ളച്ചാട്ടത്തിന് മുന്നിൽ അവർ സ്വയം മറന്നു നിന്നു…ജീവന്റെ മുഖം അനുവിന്റെ നേരെ താഴ്ന്നു വന്നു..അവർ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു..

അവളുടെ കണ്ണുകളിലേക്ക് നോക്കി തന്നെ അവന്റെ ചുണ്ടുകൾ അവളോട് ചേരനായി വെമ്പി…അനു ജീവന്റെ കഴുത്തിലൂടെ കൈയിട്ട് കാലുകൾ ഒന്ന് പൊക്കി..ജീവന്റെ താടിക്കും കട്ടിയുള്ള മീശക്കും ഇടയിൽ അവന്റെ ചുണ്ടിലേക്ക് അവളുടെ ചായം പുരട്ടിയ ചുണ്ടുകൾ ചേർന്നു…!!

ആ നിമിഷം അവർ പരിസരം അറിഞ്ഞില്ല…. ചുറ്റുമുള്ള സഹപ്രവർത്തകരയോ… സിനിമയിൽ ഇന്ന് ഷൂട്ടിംഗ് കിസ്സിങ് സീൻ ആണെന്ന് അറിഞ്ഞുതന്നെയെത്തിയ, അങ്ങ് വേലിക്ക് അപ്പുറം തടിച്ചുകൂടി നിൽക്കുന്ന വൃദ്ധർ മുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ അടങ്ങിയ ആയിരക്കണക്കിന് ജനങ്ങളെയൊ കണ്ടില്ല…

ഒരുനിമിഷം സംവിധായകനും ക്യാമറാമാനും ഒന്നമ്പരന്നു….. പിന്നെ പെട്ടെന്ന് തന്നെ സംവിധായകൻ എഴുന്നേറ്റ് പോലെതന്നെ കസേരയിൽ ചാടിയിരുന്നു…

“ശശി…. !!!!
ക്യാമറ കട്ട് ചെയ്യല്ലേ… കം ഓൺ ഫോക്കസ് ക്യാമറ… ”

ക്യാമറാമാൻ ശശി ഉടനെതന്നെ ക്യാമറ തിരിച്ചു… ഫോക്കസ് ചെയ്ത് ആ ചുണ്ടുകളുടെ സംഗമം അതിമനോഹരമായി ഒപ്പിയെടുത്തു…

” അനു… ഇനി ചുണ്ടുകൾ പെട്ടെന്ന് അകത്തി അവനെ കെട്ടിപിടിച്ച് ആ നെഞ്ചിൽ തല ചായക്കു… ”

രതീഷ്ന്റെ ഓർഡർ വരുന്നതിനുമുന്നേ തന്നെ അവൾ തന്റെ ചുണ്ടുകൾ അടർത്തിമാറ്റി ഇരു തോളുകൾക്ക് ഇടയിലൂടെ കൈയ്യിട്ട് അവനെ കെട്ടിപിടി
ച്ച് ആ നെഞ്ചിൽ തലചായ്ച്ചു കഴിഞ്ഞിരുന്നു….

ജീവൻ ഒരു നിമിഷം സ്തബ്ധനായി പോയി…ഒന്ന് പകച്ചുനിന്ന ശേഷം അവനും ഇരുകൈകൾ കൊണ്ടും അവളെ വാരി പുണർന്നു… അവളുടെ കണ്ണുനീരിനാൽ നനഞ്ഞ അവന്റെ ഷർട്ടിൽ നിന്നും ആ നനവ് അവന്റെ നെഞ്ചിലേക്കും പടരുന്നത് അവൻ അറിഞ്ഞു…

” സബാഷ്…. !!! വെൽഡൺ അനു… പൊളിച്ചു… കൺഗ്രാറ്റ്സ്.. ഡയറക്ടർ രതീഷ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു … ചുറ്റുമുള്ള എല്ലാവരും കയ്യടിച്ചു…

ഈ അട്ടഹാസം കേട്ടാണ് അനു ഞെട്ടിയുണർന്നത്… അവൾ ഒരു ഞെട്ടലോടെ തന്നെ അവനിൽ നിന്നും അടർന്നുമാറി… അവനെ ഒന്ന് നോക്കി.. ആ കണ്ണുകൾ ആദ്യമായി ഒന്ന് ഉടക്കി,.. അവന്റെ കണ്ണുകളിലും അമ്പരപ്പ് പ്രകടമായിരുന്നു…

അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞോടി… ജീവനാവട്ടെ ഒന്നും മനസ്സിലാകാതെ ഏതൊ ഒരു അനുഭൂതിയിൽ അവിടെ നിൽക്കുകയായിരുന്നു… അനുവിന് പെട്ടെനിതെന്തു പറ്റി അവനൊന്നും മനസ്സിലായില്ല….

ക്യാമറക്ക് മുന്നിൽ ഓർഡർ വരുന്നതിനനുസരിച്ച് അവർ ആടിയ ആട്ടമായിരുന്നില്ല നിമിഷങ്ങൾക്ക് മുൻപിവിടെ നടന്നതെന്ന് അവന് മാത്രമേ മനസ്സിലായുള്ളൂ.. ഇന്നലെവരെ തന്നെ ഏറ്റവും വെറുപ്പോടെ ശത്രുതയോടെ നോക്കിയ അനുവിനിതെന്തുപറ്റി എന്നോർത്തവൻ വ്യാകുലപ്പെട്ടു..

അവിടെ സംവിധായകനും മറ്റുള്ളവരും ചേർന്ന് അനുവിനെ പ്രശംസിച്ച് കൊല്ലുകയായിരുന്നു..

” എടി മോളെ… നീ പൊളിച്ചടുക്കിയല്ലോ.. ഒരു പുതുമുഖ നടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അത്യപൂർവ്വമാണ് കേട്ടോ…. എന്തൊരു കെമിസ്ട്രിയായിരുന്നു നിങ്ങൾ തമ്മിൽ… ശരിക്കും റിയലിസ്റ്റിക് ആയി തന്നെ ചെയ്തു… നിനക്ക് സിനിമാലോകത്ത് നല്ലൊരു ഭാവിയുണ്ട്…”

ഈ അവസാന വാചകം കേട്ട് അവളൊന്നു ഞെട്ടി… തിരിച്ചൊന്നും പറയാതെ എല്ലാവർക്കും നേരെ ഒന്ന് പുഞ്ചിരിച്ച് കണ്ണുകൾ തുടച്ചവൾ നടന്നു.

“ഇനി ആ ഡ്യൂപ്പിനെ വിളിച്ച് വരണ്ടെന്ന് പറഞ്ഞേക്കു.. എന്തായാലും രാത്രി വരെ നീണ്ട ഷൂട്ടിംഗ് ആയിരുന്നു… ഇത്ര പെട്ടെന്ന് തീർന്ന സ്ഥിതിക്ക് ഇന്ന് ഉച്ചക്ക് ശേഷം എല്ലാവർക്കും ഫ്രീ… പോയി അടിച്ചു പൊളിക്കു… ”

രതീഷ്ന്റെ അടുത്ത ഓർഡർ കേട്ട് എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു കൂകി വിളിച്ചു..

” താങ്ക്സ് അനുമോളെ… നീ കാരണമാ ഞങ്ങൾക്ക് ഈ കൊടൈകനാൽ വരെ വന്നിട്ട് ആദ്യമായി ഇവിടെ നിന്നൊന്ന് പുറത്തുപോകാൻ പറ്റിയത് ..അല്ലേൽ ഈ ടൈറ്റ് ഷെഡ്യൂളും കഴിഞ്ഞ്…ആഴച്ചകൾ കുള്ളിൽ പെട്ടിയും എടുത്ത് പോവേണ്ടി വന്നേനെ”

എല്ലാവരും അനുവിനെ അഭിനന്ദിക്കാനും മറന്നില്ല.. എന്നാൽ അനു ഇതൊന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് നടക്കുകയായിരുന്നു. പെട്ടന്ന് അവളെ ഒരു കൈ പുറകിൽ നിന്നും വലിച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

” ഓ… പ്രിയ നീ ഇങ്ങനെ പേടിപ്പിക്കാതെ..”

ജീവിതത്തിലും ഇപ്പോൾ അവളുടെ ആദ്യ സിനിമയിലും അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് പ്രിയ…കേരളത്തിന്റെ മനോഹാരിത മുഴുവൻ നിറഞ്ഞൊഴുകുന്ന കോടയ്ക്കാനാലിൽ തന്റെ ആദ്യ ഫിലിം ന്റെ ഷൂട്ടിങ്ന് വന്നതാണ് അനുരാധയും മറ്റുള്ളവരും..

ഇന്ന് ആ മലമുകളിലെ വെള്ളച്ചാട്ടത്തിന് മുന്നിൽ മലയാളത്തിലെ ഫേമസ് ഡയറക്ടർ രതീഷിന്റെ ‘ജീവരാധ’ എന്ന ഡ്രീം പ്രോജക്റ്റിന്റെ ആദ്യ ഷൂട്ടിങ് ആയിരുന്നു നടന്നത്.ആ സംഘo ഷൂട്ടിങിനായി അവിടെ വന്നിട്ട് ഇത് മൂന്നാമത്തെ ദിവസമാണ്.

“ഓ പിന്നെ… വലിയൊരു ഞെട്ടൽക്കാരി… എന്തായിരുന്നു ഇന്നത്തെ പ്രകടനം… ഞാൻ അങ്ങ് കോരിത്തരിച്ചു പോയെടി.. ശോ.. എന്റെ പൊങ്ങിയ രോമങ്ങൾ.. ദേ…. നോക്കിയേ… ഇനിയും താഴ്ന്നില്ല..”

” ഒന്ന് പോടീ…” അനു കെറുവിച്ചു.

” സത്യം പറയടി പോത്തേ..”

” എന്ത് സത്യം…!! ”

” ആക്ച്വലി നിനക്കെന്താ പറ്റിയെ… സിനിമയിൽ വരുന്നത് പോലും വെറുപ്പായിരുന്ന നീ തൊട്ടുള്ള പരുപാടിക്കെല്ലാം ഡ്യൂപ്പ് വേണമെന്ന് വാശി പിടിച്ച നീ…ഈ സിനിമയിലെ ടേണിങ് പോയിന്റ് ആയ കിസ്സിങ് സീൻ തന്നെ ഡ്യൂപ്പ് വരുന്നതിന് മുന്നേ അങ്ങ് തകർത്തഭിനയിച്ച് തീർത്തുകളഞ്ഞല്ലോ… ”

“അത് പിന്നെ…. ഡ്യൂപ്പിനെ വച്ചാൽ സിനിമയുടെ ഒറിജിനാലിറ്റി പോകും സാമ്പത്തിക നഷ്ടം ആണെന്ന് ഓക്കെ കുറെ പറഞ്ഞപ്പോൾ… അയാളുടെയും നമ്മളുടെയും ഒക്കെ ആദ്യത്തെ സിനിമയല്ലേ…അപ്പോ… ഞാൻ പറഞ്ഞു ഡ്യൂപ്പിനെ വേണ്ടെന്ന്…. ”

” പ്ഫാ… വീണിടത്ത് കിടന്ന് ഉരുളുന്നോ എന്റെ അനുമോളെ… നീ കൊള്ളാലോ നിഷ്കളങ്കതയും സത്യസന്ധതയും സർവോപരി എന്റെ അമ്മയുടെ മാതൃക പെൺകുട്ടിയും ആയ നീ കള്ളം പറയാനും പഠിച്ചോ… നല്ല പുരോഗതിയുണ്ടല്ലോ..”

“ഒലക്ക… കള്ളം അല്ലെടി സത്യമാ…. അല്ലാതെ ഞാൻ കേറി ഉമ്മ ഓക്കെ വക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ… ”

” തോന്നൽ ഇല്ലായിരുന്നു.. എന്നാൽ ഇപ്പോൾ ശരിക്കും തോന്നുന്നുണ്ട്..”

” ഓ… എന്നാൽ നീ വിശ്വസിക്കണ്ട…”

” എന്നാൽ ശരി… അങ്ങനെയാണെങ്കിൽ രതീഷ് സാർ എന്തിനാ ഡ്യൂപ്പിനെ വിളിച്ച് വീണ്ടും വരണ്ട എന്ന് പറയാൻ പറഞ്ഞത്.. ”

” അതുപിന്നെ ആദ്യമേ വരണ്ട എന്ന് പറഞ്ഞത് അങ്ങേര് ഓർത്തുകാണില്ല… ”

” കള്ളി പെണ്ണെ… നീ നല്ലോണം ഉരുളുന്നുണ്ടല്ലോ…”

” നീയൊന്നു പോയെ.. എനിക്ക് നല്ല ക്ഷീണം ഉണ്ട്.. ഞാൻ ഒന്നു കുളിച്ചിട്ട് വരാട്ടെ .. എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാൻ പോവാ.. ”

“ഹാ… എങ്ങിനെ ക്ഷീണം ഇല്ലാതിരിക്കും…അമ്മാതിരി പ്രകടനം അല്ലായിരുന്നോ..!! ശരി… ശരി.. നീ പറയണ്ട… ഒരുത്തൻ അവിടെ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നുണ്ട്… ബാക്കി കാര്യം ഞാൻ അവനോട് ചൊറിഞ്ഞു വരാം..”

” ഇവളെ കൊണ്ട് വല്ല്യ ശല്യമായല്ലോ..നീ വേണ്ടാത്തത് ഒന്നും ആരോടും പോയി ചോദിചെക്കല്ലേ… ”

“ഹും… ഒരു കിസ്സിങ് ഓക്കെ കഴിഞ്ഞപ്പോൾ നമ്മളൊക്കെ ശല്യം ആയല്ലേ… ഗുഡ് ബെയ്… അണ്ണാനെ ചൊറിയാനുണ്ട്… ”

പ്രിയ റൂമിലേക്ക് പോവുകയായിരുന്നു ജീവനെ തേടിപ്പിടിച്ചു. പുറകിലൂടെ ചെന്ന് അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു.

” ആഹ്… ”

“ഹായ് ഡ്യൂഡ്… ”
പ്രിയ അവന്റെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ചു.

” ഓ നീയായിരുന്നോ… ഞാൻ വിചാരിച്ചു….”

“വിചാരിച്ചു… !! ”

“വേറെ ആരോ ആണെന്ന്… ”

” ങ്ങാ.. കുറച്ചുമുന്നേ ചൂടോടെ ഉമ്മ തന്നിട്ട് പോയവൾ തിരിച്ചുവന്നതാണെന്ന് അല്ലെ… ”

“ശെയ്… ഒന്ന് പോയെ കൊച്ചേ… ”

വേദനയോ സന്തോഷമോ എന്തോ അവന്റെ കണ്ണിൽ തിരയടിക്കുന്നത് അവൾ കണ്ടു..

” സത്യം പറയെടാ ചെറുക്കാ… ഇന്ന് ആ വെള്ളച്ചാട്ടത്തിന് മുമ്പിൽ എന്താ നടന്നത്..”

“ഷൂട്ടിംഗ് … !! ”

“ഓഹോ.. അതായത് കിസ്സിങ് സീൻ അല്ലെ… ”

” ഹാ… അതും സിനിമയിൽ ഉള്ളതാണല്ലോ..”

” അതെനിക്കും അറിയാം…എന്നാൽ കിസ്സിങ് സീൻ പോയിട്ട് ടച്ചിങ് സീൻ പോലും ചെയ്യാത്തവൾ…. എന്റെ ബെസ്റ്റ് ഫ്രണ്ട്… ഇന്ന് അതേ സീൻ.. അതുo മറ്റുള്ളവരെ കോരിത്തരിപ്പിക്കുന്ന രീതിയിൽ.. അതും വർഗ്ഗ ശത്രുവായ നിന്നോട് ചെയ്യാൻ കാരണം എന്താ..”

” അത് നീ നേരത്തെ പറഞ്ഞ നിന്റെ ബെസ്റ്റ് ഫ്രണ്ട്നോട് ചോദിക്കണം..അല്ലാതെ ഞാൻ എങ്ങനെ അറിയാന… ”

” അയ്യോ… എല്ലാവരും എന്നെ കൈ ഒഴിയുകയാണല്ലോ ഭഗവാനെ… ഇനി ഞാൻ ഇതിന്റെ പിന്നാമ്പുറം എവിടുന്ന് കണ്ടെത്തും… നോക്കിക്കോ ഒരിക്കൽ ഇതിനെയൊക്കെ സീക്രട്ട് ഞാനും കണ്ടെത്തും..”

ജീവൻ അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.

ഈ സമയം ഷവറിനു കീഴിൽ തന്റെ എല്ലാ ദുഃഖങ്ങളും വെള്ളത്തിനൊപ്പം ഒഴുകി കളയുകയായിരുന്നു അനു. ജീവന്റെ ആ കുസൃതി നിറഞ്ഞ കാപ്പി കണ്ണുകളിലേക്ക് വർഷങ്ങൾക്കുശേഷം ഇത്തിരിനേരം നോക്കിനിന്നപ്പോൾ തനിക്ക് തന്നെ തന്നെ നഷ്ടപ്പെട്ടത് എന്താണ്….!!!

പാടില്ല…!! ഒരിക്കൽ എല്ലാം അവസാനിപ്പിച്ചതാണ്… ഇനി അവനെന്ന വെളിച്ചവും ഇരുട്ടും തന്റെ ജീവിതത്തിൽ വേണ്ട.. അത് തന്നെ കൂടുതൽ വേദനിപ്പിക്കുകയെ ഉള്ളൂ… അവളുടെ പുകയുന്ന മനസ്സിനും ചിന്തകൾക്ക് മുകളിലൂടെ ഷവറിൽ നിന്നും വെള്ളം ശക്തിയായി ഒഴുകി..

റെഡിയായി പുറത്തുവന്നപ്പോൾ പ്രിയ അവളെ കാത്ത് അക്ഷമയോടെ നിൽക്കുന്നുണ്ടായിരുന്നു..

” എത്ര നേരമായി.. നീ എന്തെടുക്കുകയായിരുന്നു എന്റെ രാധേ… ഒന്ന് പെട്ടെന്ന് വന്നേ..മനുഷ്യനിവിടെ വിശന്നു കുടലുകരിയുമ്പോഴാ അവളുടെ ഒരു നട്ടുച്ച നീരാട്ട്.. ”

“തീറ്റപ്പണ്ടാരം.. നിക്ക് ദ വരുന്നു… ” റെഡി ആയി
അനു അവളുടെ കൂടെ മെസ്സ് ഹാളിലേക്ക് നടന്നു.

പ്രിയ അങ്ങനെയാണ്.. ദേഷ്യവും സ്നേഹവും കുസൃതിയും മാറിമാറി വരുമ്പോൾ അവളെ അനു എന്നും രാധാ എന്നും മാറ്റി മാറ്റി വിളിക്കും.. അവിടെ വച്ച് ജീവനെ ഇനി എങ്ങനെ അഭിമുഖികരിക്കും എന്ന വിഷമത്തിൽ ആയിരുന്നു അനു….

❣️ തുടരും ❣️

Comments are closed.