Saturday, July 27, 2024
Novel

ജീവരാധ: ഭാഗം 6

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

Thank you for reading this post, don't forget to subscribe!

ജീവന്റെ ബൈക്കിൽ നിന്നും ഇറങ്ങുമ്പോൾ കോളേജിലെ കുട്ടികളെല്ലാം അത്ഭുതത്തോടെയും അസൂയയോടെമാണ് അവരെ നോക്കിയത്.. വരാന്തയിൽ തന്നെ വായും പൊളിച്ചിരിക്കുന്ന രേഷ്മയെ കണ്ടപ്പോൾ അവൾക്ക് ചിരി പൊട്ടി..

എല്ലാവരുടെയും മുന്നിലൂടെ കോളേജിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു നാണം അവളെ വന്നു പൊതിഞ്ഞിരുന്നു..

അനു അടുത്തു വന്ന് മുഖത്ത് തട്ടിയിട്ടും രേഷ്മ വായും പൊളിച്ച് ഇരിക്കുകയായിരുന്നു.

” ടി രേഷ്മെ ”

” അനൂ.. ”

” ങേ ”

” നീ എന്നെ ഒന്ന് നുള്ളിക്കെ ”

” എന്താടി ”

” ഞാനി കണ്ടത് സ്വപ്നം അല്ലെന്ന് എന്റെ തലച്ചോറിനെ ഒന്ന് ബോധിപ്പിക്കാനാ.. ”

“ഏഹ് നീ എന്തൊക്കെയാ ഈ പറയുന്നേ ”

” എടി.. നിന്റെ പേര് റെഡ് ഡാറ്റാ ബുക്കിൽ വരും കേട്ടോ… ”

” ങേ… !! അതിന് എനിക്കെപ്പോഴാ വംശനാശം സംഭവിച്ചേ… ”

” ഓ… പണ്ടാരം അതുശെരിയാണല്ലോ…

അതല്ലെടി വേറൊരു ബുക്കില്ലെടി…

ഈ കുളിക്കത്തൊരെ നഖം മുറിക്കത്തോരേ പേരൊക്കെ എഴുതി വയ്കുന്നെ.. ”

” ഗിന്നസ് ബുക്ക് ആണൊ.. !! ”

” ഓഹ്… യാ.. ആ ബുക്ക് തന്നെ.. ”

” അതിന് ഞാൻ കുളിക്കാറുണ്ടല്ലോ… ”

” അതല്ലെടീ… ആദ്യമായ് ജീവന്റെ ബൈക്കിൽ കയറിയ പെണ്കുട്ടി അല്ലേ നീ..”

” ങേ ഞാനോ.. ”

” ഹാ എല്ലാരോടും ഫ്രണ്ട്‌ലി ആണെകിലും പുള്ളി ഒരു സ്ത്രീവിരോധി ആണെന്നും..

ബൈക്കിൽ ഇതുവരെ പെൺകുട്ടികളെയൊന്നും കേറ്റിയിട്ടില്ലെന്നും..

വേണ്ടാത്ത ഉദ്ദേശത്തോടെ ഇങ്ങോട്ട് ലിഫ്റ്റ് ചോദിച്ചുവന്ന പെൺ പിള്ളേരെ പോലും ഓടിച്ചു വിട്ടിട്ടുണ്ട് എന്നാ ഞാൻ കേട്ടത്.. ”

എന്തോ ഇതൊക്കെ കേട്ടപ്പോൾ നെഞ്ചിൽ ഒരു കുളിർ മഴ പെയ്യുന്ന പോലെ അനുവിന് തോന്നി…

ജീവന്റെ ബൈക്കിൽ ആദ്യമായി കയറിയ പെൺകുട്ടി താനാണ്.. !!!

ആ സത്യം അവളെ പുളകം കൊള്ളിച്ചു.

അല്ലെങ്കിൽ മുൻപൊന്നും കോളേജിൽ അവൾ ജീവനെ കാണാറുണ്ടായിരുന്നതേയില്ല..

ഫസ്റ്റ് ഇയർ ആയിട്ടും ആദ്യമായി കണ്ടത് തന്നെ അന്ന് ഓഫീസിൽ വച്ചാണ്..

എന്നാലന്ന് ഇന്റർവെലിലും ലഞ്ച് ബ്രേക്ക്‌ലും പലപ്പോഴായി പലസ്ഥലങ്ങളിലായി ജീവൻ അവൾക്ക് മുന്നിൽ തന്നെ ഉണ്ടായിരുന്നു…

പരസ്പരം കാണുമ്പോഴുള്ള അവന്റെ മനോഹരമായ ഓരോ പുഞ്ചിരിയും അവളുടെ മനസ്സിൽ മഞ്ഞു പെയ്യിക്കുന്നുണ്ടായിരുന്നു.

കണ്ണുകൾ തമ്മിൽ അറിയാതെ കഥ പറയുന്നത് അവളറിഞ്ഞു.

അന്ന് മുഴുവൻ അവളേതോ മായലോകത്ത് അകപ്പെട്ടു കിടക്കുകയായിരുന്നു.

പകൽ ദിവസത്തെ മായാലോകത്ത് നിന്നും ഇറങ്ങി രാത്രി ഉറക്കത്തിൽ അവൾ വീണ്ടും ചിന്തയിലാണ്ടു..

ജീവൻ ഇതുവരെ തന്നോട് വേണ്ടാത്ത രീതിയിൽ പെരുമാറിയിട്ടില്ല…

വേണ്ടാത്ത രീതിയിൽ സംസാരിച്ചിട്ടില്ല…

എങ്കിലും അവന്റെ കണ്ണുകൾ തന്നോടെന്തോ പറയാൻ ശ്രമിക്കുന്നത് പോലെ..

ആ കുസൃതിച്ചിരിയിൽ തനിക്കായ് മാത്രമെന്തോ ഒളിപ്പിച്ചത് പോലെ..എന്തോ അവനുവേണ്ടി തന്റെ ഹൃദയം തുടിക്കുന്നത് പോലെ…

ഈശ്വരാ.. തനിക്ക് എന്താണ് സംഭവിക്കുന്നത്.. !!

തന്റെ മനസ്സ് തന്റെ ഇഷ്ടത്തിനനുസരിച്ച് ചലിക്കാത്തതെന്തേ… !!

തന്റെയുള്ളിൽ താൻ പോലുമറിയാതെ ഒരു വസന്തകാലം ഉടലെടുക്കുന്നുവോ… !!

ഹൃദയത്തിൽ മഞ്ഞുപെയ്യുന്ന ഈ അനുഭൂതി, അതെന്താണ്… !!

ഹോ.. എന്റെ കൃഷ്ണാ… എനിക്കൊന്നും മനസ്സിലാവുന്നില്ല…!!

എന്റെ വഴി തെറ്റുകയാണോ ആണോ…!!

വയ്യ… !! ന്റെ അമ്മ ….!! ഞാൻ ഇതൊന്നും ഓർക്കാത്തതെന്തേ… മനസ്സിനെ നിയന്ത്രിച്ചേ പറ്റു…

ഇനി വയ്യ ഒന്നും.. !!
നാളെ ജീവനെ കാണുമ്പോൾ ഇനി തന്റെ പുറകെ ഇങ്ങനെ നടക്കരുത് എന്നുപറയണം…

ഇനി അവനെ കാണുമ്പോൾ തന്റെ ശ്വാസഗതി കൂടരുത്..

അവനെ അകറ്റി നിർത്തിയെ പറ്റു.. ഈ അനുരാധയുടെ ജീവിതത്തിൽ ഇനി ഒരു ജീവൻ കൂടി വേണ്ട…

നാളെ അവനെ പറഞ്ഞു മനസിലാക്കണം..

മനസ്സിൽ ശക്തമായ തീരുമാനങ്ങൾ എടുത്താണ് അവൾ പിറ്റേന്ന് കോളേജിൽ പോയത്..

എന്നാൽ അന്നവൾ എവിടെയും ജീവനെ കണ്ടില്ല. പിറ്റേന്നും അവൻ കോളേജിൽ ഉണ്ടായിരുന്നില്ല..

മൂന്നാം ദിവസം അവന്റെ ക്ലാസിലും ഓഡിറ്റോറിയത്തിലും ഒക്കെ അവൾ ചെന്നു നോക്കി..

എന്നാൽ ജീവൻ ഇല്ലായിരുന്നു..ആരോടെങ്കിലും ചോദിക്കാൻ അവൾക്ക് മടിയായിരുന്നു…

എന്നാൽ ജീവന്റെ അഭാവം അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു…

അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നി.

പ്രിയപ്പെട്ട ആരോ.. എന്തോ കൈവിട്ടു പോയ വേദന…

എന്തിനാണവന്റെ അഭാവം തന്റെ മനസ്സിനെ ഇങ്ങനെ വലയ്ക്കുന്നത്…. !!

അവൾക്ക് രാത്രിയിൽ ഉറക്കമില്ലായിരുന്നു…

ക്ലാസിൽ പോലും ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല…

അമ്മയുടെ ചോദ്യങ്ങൾക്ക് പോലും അലസമായ മുക്കലും മൂളലിലും മറുപടിയൊതുക്കി….

എന്തുപറ്റിയെന്ന ഫ്രണ്ട്സിന്റെയും അമ്മയുടെയും ചോദ്യത്തിനവൾക്ക് ഉത്തരമുണ്ടായിരുന്നില്ല..

ഓരോ ദിവസവും ജീവനെ മാത്രം പ്രതീക്ഷിച്ചാണവൾ കോളേജിലേക്ക് പോയത്…

എന്നാൽ നാലാംദിവസവും കാരണം അറിയാതെയുള്ള അവന്റെ അഭാവം അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…

രാത്രിയിൽ അവൾ എഴുന്നേറ്റ് കാൽമുട്ടുകളിൽ മുഖം താഴ്ത്തി ഏങ്ങിയേങ്ങി കരഞ്ഞു..

ഓരോ ദിവസവും അവന്റെ ആദ്യ ഗിഫ്റ്റായ ഗോൾഡൻ കളർ പെൻ തുറന്നുനോക്കിയും വീണ്ടും പെട്ടിയിൽ വച്ചും അവൾ നേരം കൂട്ടി…

അവനിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോൾ അവന്റെ ചെറിയൊരു അകൽച്ച പോലും തന്നെ വല്ലാതെ വേദനിപ്പിക്കുക ആണല്ലോ…

കോളേജിൽ വന്ന് ഇത്രയും നാളായിട്ടും ആദ്യദിവസങ്ങളിൽ അവനെ കോളജിൽ എവിടെ വച്ചും ഒന്ന് കണ്ടത് പോലുമില്ല…

എന്നാൽ ആദ്യ കാഴ്ച്ചയ്ക്ക് ശേഷം പിന്നെ എപ്പോഴും തന്റെ കണ്ണെത്തുന്നിടത്തെല്ലാം അവനുണ്ടായിരുന്നു…

അവനുമായുള്ള കൂടിക്കാഴ്ച എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും അവന്റെ ഓരോ ചലനവും ഓരോ നോട്ടവും തന്നിൽ അനേകം വസന്തങ്ങൾ തീർത്തിരുന്നു…

അവന്റെയാ കാപ്പി കണ്ണുകളിലെ നോട്ടം തന്റെ മനസ്സിൽ മഞ്ഞു പെയ്യിച്ചിരുന്നു…

അവന്റെ ഓരോ സംസാരവും തന്റെ ഇടനെഞ്ചിലെവിടെയോ ഒരു മനോഹരമായ ശൂന്യത തീർത്തിരുന്നു.

ദൈവമേ… തനിക്കിതെന്തുപറ്റി..

അവനിലെ ഏത് ജീവാംശമാണ്… ഏത് പ്രത്യക്ഷ ഘടകമാണ് തന്നെ അവനോട് ഇത്രയും അടുപ്പിക്കുന്നത്…

മറ്റൊരാളോടും ഇതുവരെ തോന്നാത്തതെന്തോ… പറയാനും അറിയാനും മനസ്സിലാക്കാനും കഴിയാത്തോരു വികാരം… !!! അതെന്താണ്…

തന്റെ ആരുമല്ലാതിരുന്നിട്ടും ഇത്രമേൽ തന്റെ ജീവിതത്തിൽ അവന് സ്വാധീനം ചെലുത്താൻ കഴിയുന്നതെന്തുകൊണ്ടാണ്… !!

അവളുടെ ഒരു ചോദ്യത്തിനും ഉത്തരമില്ലായിരുന്നു…

യാതൊരു പ്രതീക്ഷയും ഇല്ലാതെ മൂകമായ മനസ്സോടെയാണ് പിറ്റേന്നവൾ കോളേജിൽ പോയത്.. രാവിലെ ആയിരുന്നു. എല്ലാവരും വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ..

ശരീരത്തിനൊപ്പം നീങ്ങാത്ത മനസ്സോടെ സെക്കൻഡ് ഫ്ലോറിലെ ഒഴിഞ്ഞ വരാന്തയിലൂടെ കോളേജ് മുറ്റത്ത് പടർന്നു പന്തലിച്ച് കട്ടിച്ചുവപ്പിൽ നിൽക്കുന്ന ഗുല്മോഹർ നോക്കി നടക്കുമ്പോഴാണ് ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ നിന്നും ആരോ അവളെ കയ്യിൽ പിടിച്ച് പുറകിലോട്ട് വലിച്ചത്…

അവളെ ചുവരിൽ ചേർത്ത് നിർത്തി ഇടതുകൈ അവളുടെ ഷോൾഡറിനടുത്തായി ചുമരിൽ അമർത്തി വച്ച്…

അവളുടെ നേരെ മുന്നിൽ ഒരു കുസൃതിച്ചിരിയോടെ അവളുടെ കണ്ണുകളിൽ നോക്കി ജീവൻ… !!!

” ജീവൻ…!!! ”

അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ശാന്തമായ പുഞ്ചിരിയോടെ നിൽക്കുകയാണ്.. തൊട്ടടുത്തുള്ള ജനലിലൂടെ വരുന്ന സൂര്യപ്രകാശം അവന്റെ കണ്പീലികളെയും സ്വർണ്ണനിറമാക്കുന്നുണ്ടായിരുന്നു…

” ജീവൻ…!! എവിടെയായിരുന്നു ഇത്രയും നാൾ.. ഞാൻ…

ഞാൻ എത്ര തിരക്കിയെന്നോ… എവിടെയെല്ലാം അന്വേഷിച്ചുവെന്നോ… ”

നിറഞ്ഞു തൂവുന്ന കണ്ണുകളോടെ മിടിക്കുന്ന ഹൃദയത്തോടെ അവന്റെ ഇരു കോളറിലും ശക്തമായി പിടിച്ചുകൊണ്ടവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി… !!

ശേഷം അവളുടെ നെറ്റി അവന്റെ ഞെഞ്ചിലമർത്തിയവൾ വീണ്ടും കണ്ണീർ വാർത്തു…

അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിലൂടെ ,അവന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി.

അവനെ ബലമായി പിടിച്ച് ആ നെഞ്ചിൽ നെറ്റി അമർത്തി വച്ച് ഒരു നിമിഷം അവർ അങ്ങനെ നിന്നു.

ഒരു നിമിഷം കഴിഞ്ഞാണ് താൻ എന്താ ചെയ്തത് എന്നതിനെക്കുറിച്ചവൾക്ക് ബോധം വന്നത്.. അവൾ ഉരുകി ഇല്ലാതായി പോകുന്നതുപോലെ തോന്നി…

പതിയെ കൈകൾ ഷോൾഡറിൽ നിന്നും അയഞ്ഞു..അവന്റെ നേരെ നോക്കാതെ താഴോട്ട് നോക്കികൊണ്ട് അവനിൽ നിന്നും അടർന്നുമാറി..

” സൊ… സോറി… !! ”
ഇത്രയും പറഞ്ഞു കൊണ്ടവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു.

അവൾ വാതിൽക്കൽ എത്തും മുന്നേ ജീവനവളുടെ കയ്യിൽ പിടിച്ചു അവൻറെ മുന്നിലായി നിർത്തി.

ഇരുകയ്യും കെട്ടി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുന്നിൽ നിന്നു.

” അനൂ.. ”

അവൾ കണ്ണുകൾ താഴ്ത്തി തന്നെ നിന്നു.

” അനു… എനിക്ക് പെട്ടന്നൊരാവശ്യം വന്നതുകൊണ്ട് കുറച്ചു ദൂരെ ഒരു സ്ഥലം വരെ പോകേണ്ടി വന്നു… അത് പറയാൻ നേരം കിട്ടിയില്ല…

അല്ലെങ്കിൽ കരുതിക്കൂട്ടി പറഞ്ഞില്ല, എന്ന് വേണേൽ പറയാം… അതിന് കാരണം എന്തെന്ന് ചോദിച്ചാൽ…

അതിന്റെ ഉത്തരമാണ് ഇന്നിപ്പോൾ എനിക്ക് കിട്ടിയത്…

കുറച്ചു കാര്യങ്ങൾ പറയാനെല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഞാനിപ്പോൾ വന്നത്…

അതിന്റെ ഉത്തരം എനിക്ക് കിട്ടി കഴിഞ്ഞു… എന്നാലും…..

അനു നിന്നെ കണ്ടത് കുറച്ചു നാളുകൾ മുന്നേ ആണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിന്നെ ഒരുപാട് തവണ കണ്ടിരുന്നു..

കുറച്ചുവർഷങ്ങളായി നീ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്…

സ്നേഹിക്കാൻ മാത്രമറിയുന്ന ദേവിയമ്മയിൽ നിന്നാണ് നിന്നെക്കുറിച്ച് ഞാൻ ആദ്യമായി കേട്ടത്…

അമ്മയെമാത്രം മനസ്സിൽ വിചാരിച്ച്..

അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന…

ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചിട്ടും അവയൊക്കെ തരണം ചെയ്ത് ഒട്ടേറെ വിജയങ്ങൾ നേടിയെടുത്ത സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കൊച്ചുകുട്ടി.

പണത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി മാത്രം ജീവിക്കുന്ന ഈ ആധുനിക ലോകത്തിടയിൽ കള്ളവും ചതിയും അറിയാത്തൊരു പെണ്കുട്ടി…

അന്നുമുതലേ ഒരു അത്ഭുതമായിരുന്നു… അമ്പരപ്പായിരുന്നു നീ എന്ന വ്യക്തിയോട്..

ഒന്ന് നേരിൽ കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്… ദേവിയമ്മ നിന്നെപ്പറ്റി പറയാത്ത ദിവസങ്ങളിലായിരുന്നു..

അവരുടെ ഓരോ വാക്കിലും നിറഞ്ഞുനിന്നിരുന്നു നിന്നോടുള്ള അകമഴിഞ്ഞ സ്നേഹം മാത്രമായിരുന്നു.. എന്തെന്നറിയില്ല ഒരുപാട് ഇഷ്ടപ്പെട്ടുപോയി പെണ്ണെ…

ഇന്നും എനിക്കു മുന്നിൽ ഒരത്ഭുതമാണ് നീ..ഒരിക്കലും കണ്ണു നിറയാതെ കൂടെക്കൂട്ടി കൊള്ളാം ഞാൻ…

നീ എന്റെ ആണെന്ന് ഞാൻ വിശ്വസിച്ചു കൊള്ളട്ടെ.. എനിക്കറിയാം നിന്നെ പോലൊരു പെൺകുട്ടിക്ക് ഇപ്പോൾ എന്തൊക്കെ ചിന്തിക്കാൻ ഉണ്ടാവുമെന്നും എന്തൊക്കെ മനസ്സിനെ അലട്ടുവെന്നും…

ദേവിയമ്മ എനിക്ക് അമ്മയെ പോലെയല്ല എന്റെ അമ്മ തന്നെയായിരുന്നു…

അമ്മയോട് ഞാനിക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്… മോളുടെ ഇഷ്ടം എന്ന് മാത്രമാണ് പറഞ്ഞത്…

പിന്നെ എന്റെ അച്ഛന് എന്റെ ഇഷ്ടത്തിനപ്പുറം മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല… ഇനി നിന്റെ ഇഷ്ടം മാത്രമറിഞ്ഞാൽ മതി…

ഞാൻ കാത്തിരിക്കാം.. ”
ഇത്രയും പറഞ്ഞു ജീവൻ പുറത്തേക്ക് പോയി.

മുന്നിൽ പൊഴിഞ്ഞു വീഴുന്ന ഓരോ വാക്കിനും തറഞ്ഞു നിൽക്കാനെ അനുവിന് കഴിഞ്ഞുള്ളൂ…

ഒരു നിമിഷം അവരുടെ ശരീരം നിശ്ചലമായതുപോലെ..

ഹൃദയം മിടിക്കാൻ മറന്നതുപോലെ… ശ്വസിക്കാനും മറന്നതുപോലെ..

എന്തോ ഈ വാക്കുകൾ താൻ എപ്പോഴെങ്കിലും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നോ…!!

മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നൊരാൾ തന്നെ മുന്നിൽ വന്ന് ഇങ്ങയൊക്കെ പറയുമ്പോൾ ഏത് പെണ്ണിന്റെ ഉള്ളമാണ് തളിരിടാത്തത്…

” അനൂ ”

ചിന്താഭാരത്തോടെ ഒരു സ്വപ്നലോകത്ത് എന്നപോലെതന്നെ റൂമിലേക്ക് നടന്നു പോകുന്ന അവൾ അമ്മ വിളിച്ചത് കേട്ടില്ല..

” ഇന്നെന്താ ക്ലാസില്ലേ അനു.. ”

” അത്… ഇല്ലമ്മേ.. കലോത്സവത്തിന് പ്രാക്ടീസ് ആയതുകൊണ്ട് ഇന്ന് നേരത്തെ വിട്ടു..”

ക്ലാസിൽ പോയിരുന്നെങ്കിലും യാതൊന്നിലും മനസ്സുറക്കാതെ ആരുടെയും ചോദ്യത്തിനു മറുപടി പറയാൻ പോലും പറ്റാതെ വന്നപ്പോഴാണ് അവൾ ബാഗുമെടുത്ത് വീട്ടിലേക്ക് നടന്നത്.

” മോളെ ജീവൻ വല്ലതും പറഞ്ഞിരുന്നോ ”

അവൾ തല ഉയർത്തി അമ്മയെ നോക്കി.

” അവൻ നല്ല പയ്യനാണ് മോളെ.. പോരാതെ നിനക്ക് വിവാഹപ്രായമെത്തി നിൽക്കുന്നു.. ഞാനല്ലേ ഉള്ളൂ എല്ലാം നോക്കി ചെയ്യാൻ ..

അവരാണെങ്കിൽ നല്ല പരിചയമുള്ള കുടുംബവും. സേതുരാമനും നല്ലൊരു മനുഷ്യനാ പിന്നെ അവരുടെ അമ്മ ഇത്തിരി കുഴപ്പക്കാരി ആണെന്നേ ഉള്ളൂ.. അച്ഛനെയും മകനെയും പോലെ ശാന്ത സ്വഭാവക്കാരി അല്ല… ഒരു തന്നിഷ്ടക്കാരി..

എങ്കിലും ജീവന്റെ കൂടെ എന്റെ മോൾക്ക് യാതൊരു കുറവും വേദനയും സഹിക്കേണ്ടിവരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്…

അവനെ എനിക്ക് നന്നായി അറിയാം ഒരമ്മയുടെ സ്നേഹം മുഴുവൻ ഞാൻ അവന് കൊടുത്തിട്ടുണ്ട് ബുദ്ധി ഉറച്ച പ്രായം മുതൽ ന്റെ സാരിത്തുമ്പിൽ തൂങ്ങി നടന്നു വളർന്ന കുട്ടിയ..

എന്തായാലും എന്റെ കാലം കഴിയും മുന്നേ നിന്നെ സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിക്കണം.. മോളോന്ന് ആലോചിച്ചു പറയൂ..

എന്തായാലും എനിക്കിതിൽപരം വേറെയൊരു തീരുമാനമില്ല. ന്റെ മോൾക്ക് അവനെക്കാൾ നല്ലൊരു പയ്യനെ കിട്ടില്ല.. ”

അവൾ ഒന്നും മറുപടി പറയാതെ റൂമിലേക്ക് നടന്നു.

മകൾക്ക് വേണ്ടിയുള്ള ഒരമ്മയുടെ സ്വാർത്ഥതയാവാം ഇത്.. !!

എന്നാൽ അമ്മയുടെ ഓരോ വാക്കുകളും അവളിൽ ആനന്ദം തിരതല്ലിച്ചത് അമ്മ അറിഞ്ഞില്ല. ഇതൊക്കെ തന്നെയാണ് താൻ ആഗ്രഹിച്ചതെന്ന് അവളുടെ ഹൃദയമിടിപ്പ് പറയുന്നുണ്ടായിരുന്നു.

 

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5