Wednesday, January 22, 2025
Novel

ഹൃദയസഖി : ഭാഗം 27

എഴുത്തുകാരി: ടീന കൊട്ടാരക്കര


കൃഷ്ണ തിരികെ എത്തിയപ്പോഴും ഹരി അഭിമന്യു മായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു അവളെ കണ്ടതും ഇരുവരും പെട്ടെന്ന് സംസാരം നിർത്തി

കൃഷ്ണ കപ്പുകളിലേക്ക് ചായ പകർന്നു ഇരുവർക്കും നൽകി. പതിയെ ചായ കുടിച്ചു കൊണ്ട് ഹരി കൃഷ്ണയെ നോക്കി.

അവൾ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഇരുപ്പാണ്. അവൻ ചെറിയൊരു ചിരിയോടെ അഭിയെ നോക്കി. അവന്റെ മുഖത്തും ചിരി വിടർന്നു.

അവൾ തല ഉയർത്തി നോക്കുമ്പോഴേക്കും അതി വിദഗ്ദ്ധമായി ഇരുവരും ചിരി ഒളിപ്പിച്ചു.

“എങ്കിൽ ഞാൻ ഇറങ്ങട്ടെ.. ഡ്യൂട്ടി ഉണ്ട്. ” ഹരി ചായ കുടിച്ചതിനു ശേഷം കപ്പ്‌ മേശമേൽ വെച്ചു.

” ശെരി.. കാണാം ” അഭിമന്യു എഴുന്നേറ്റു വന്നു. പരസ്പരം ഷേക്ക്‌ ഹാൻഡ് നൽകി, കൃഷ്ണയോടും യാത്ര പറഞ്ഞു അവർ പിരിഞ്ഞു.

അഭി വീണ്ടും ബെഡിൽ വന്നിരുന്നു ചായ കുടിക്കാൻ തുടങ്ങി.

” അഭിയേട്ടാ… ”

“എന്താ ”

“അഭിയേട്ടൻ ആണോ..അയാളെ… ”

” ആരെ.. ” ഒന്നും അറിയാത്തത് പോലെയവൻ ചോദിച്ചു.

” ശ്രീജിത്ത്‌…. അയാളെ കൊന്നത് ”

” നീയും പത്രം വായിച്ചതല്ലേ… ഫുഡ്‌ പോയ്സൺ ആണ് കാരണം ” അവൻ നിസ്സാരമായി മറുപടി നൽകിക്കൊണ്ട് വീണ്ടും ചായ കുടിക്കാൻ തുടങ്ങി. കൃഷ്ണ അവന്റെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി മാറ്റിവെച്ചു കൊണ്ട് അടുത്തേക്കിരുന്നു

” അല്ല… അഭിയേട്ടൻ ഇന്നലെ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.. എനിക്കറിയാം ഇന്നലെ രാത്രിയിൽ അഭിയേട്ടൻ അവിടെ ചെന്നിരുന്നു.. ” അവളുടെ കണ്ണുകളിൽ സംശയത്തിന്റെ തിരയിളക്കം അഭി ശ്രദ്ധിച്ചു.

” മം.. ചെന്നിരുന്നു ” അവൻ പതിയെ ബെഡിൽ നിന്ന് ഇറങ്ങി.
ജനലിനു അരികിലേക്ക് നടന്നു.

” അവനെ ഇല്ലാതാക്കാൻ തന്നെയായിരുന്നു ഉദ്ദേശം..പക്ഷെ ഞാൻ ചെല്ലുമ്പോഴേക്കും ശ്രീജിത്ത്‌ മരിച്ചിരുന്നു.. വിരുദ്ധാഹാരം എന്തോ കഴിച്ചിരുന്നിരിക്കണം തലേന്ന്…ഫുഡ്‌ പോയ്സൺ ആണെന്ന് ഡോക്ടർ സെർറ്റിഫൈ ചെയ്തു ”

” അപ്പൊ അഭിയേട്ടൻ പോയിരുന്നു അല്ലെ അവിടെ ” അവൾ സ്വയം പറഞ്ഞു.

” പോകാതെ പിന്നെ… അന്ന് നിന്റെ മേൽ കൈ വെച്ചപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ ഇക്കാര്യം..തീർത്തുകളയണമെന്നു..പക്ഷേ എന്റെ കൈ കൊണ്ട് മരിക്കാൻ അല്ല അവനു വിധി.. ” അഭി പുറത്തേക്ക് നോക്കി നിന്നു.

” എന്തായാലും അയാളെക്കൊണ്ടുള്ള ശല്യം തീർന്നല്ലോ… ” അവൻ പറഞ്ഞു

“മം.. അവളൊന്നു മൂളി. കുറച്ചു നേരം നിശബ്ദമായി നിന്നു.

” എന്ത് പറ്റി.. ” കൃഷ്ണയുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചുകൊണ്ട് അവൻ ചോദിച്ചു.

” ഒന്നുല്ല.. ” പെട്ടന്നവൾ അഭിയെ കെട്ടിപ്പിടിച്ചു. അപ്രതീക്ഷിതമായിരുന്നതിനാൽ ഒന്ന് ഞെട്ടിയെങ്കിലും ഉടനടി അവന്റെ മുഖത്തു പുഞ്ചിരി നിറഞ്ഞു. അവന്റെ കൈകൾ കൃഷ്ണയുടെ മുടികളെ മാടിയൊതുക്കികൊണ്ടിരുന്നു.

” വേദനിക്കുന്നുണ്ട് കേട്ടോ ” കൈകളുടെ മുറുക്കം കൂടിയതും അഭി പറഞ്ഞു. അപ്പോഴാണവൾ ഓർത്തത് തന്റെ കൈ അഭിയുടെ മുറിവിൽ മേലാണ് എന്നത്.. പെട്ടെന്ന് തന്നെ കൈകൾ മാറ്റി അവൾ പിന്നിലേക്ക് മാറി. അഭിയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.

വീണ്ടും അവളെ മാറോടു ചേർത്തു പിടിച്ച് അവൻ അങ്ങനെതന്നെ നിന്നു.

“അഭിയേട്ടാ ”

“മം ”

” അഭിയേട്ടന് അയാളുടെ മരണത്തെക്കുറിച്ച് എന്തൊക്കെയോ അറിയാം അല്ലേ… ” അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു കൊണ്ട് അവൾ ചോദിച്ചു.

അവൻ ഒരു നിമിഷം നിശബ്ദനായി..

“എന്താ അങ്ങനെ ചോദിച്ചത്. ”
അവൾ അഭിയുടെ മാറിൽ നിന്നു അടർന്നു മാറി.

“എനിക്ക് അറിയാൻ പറ്റും” അവന്റെ നെഞ്ചിലേക്ക് തന്റെ കൈകൾ എടുത്തു വെച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു.
“പക്ഷേ അത് എന്താണെന്ന് എനിക്കറിയേണ്ട…അഭിയേട്ടന്റെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ… “അവൾ ചിരിച്ചു

” അഭിയേട്ടൻ നേരത്തെ പറഞ്ഞതുപോലെ ആ അധ്യായം അവസാനിച്ചു.. എന്നെന്നേക്കുമായി..ഇനി കൂടുതൽ ഒന്നും അറിയാനും എനിക്ക് ആഗ്രഹമില്ല.. “അവൾ കൂട്ടിച്ചേർത്തു..
എന്ത് പറയണം എന്നറിയാതെ അഭി അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

” ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം ” അവൾ മെല്ലെ തന്നെ പിടിച്ചിരുന്ന അവന്റെ കൈകളെ എടുത്തു മാറ്റി.

കൃഷ്ണയുടെ കവിളിൽ ഒന്ന് തട്ടി അവൻ ജനലിലൂടെ പുറത്തേക്ക് തന്നെ നോക്കി നിന്നു.. അവളും ഒരു ചെറുപുഞ്ചിരിയോടെ കൂടി അഭിയ്ക്ക് വേണ്ടി ഭക്ഷണം എടുത്തു വെക്കാൻ തുടങ്ങി.

എന്നാൽ അവന്റെ മനസ്സിൽ കൃഷ്ണ പറഞ്ഞ വാചകങ്ങൾ ആയിരുന്നു..
താൻ ശ്രീജിത്തിനെ ഇല്ലാതാക്കുമെന്ന് കൃഷ്ണയ്ക്ക് 100% ഉറപ്പായിരുന്നു.. അതുതന്നെയാണ് തന്റെ ഉള്ളിലും ഉറപ്പിച്ചിരുന്നത്..ഒറ്റ ബുള്ളറ്റിൽ തീർക്കണമെന്ന്…

പക്ഷെ ആ ദൗത്യം പൂർത്തീകരിക്കാൻ തന്നോടൊപ്പം ഹരിയും യാദൃച്ഛികമായി ചേർന്നു.

തലേ ദിവസം നടന്ന സംഭാഷണം അവന്റെ മനസിലേക്ക് ഓടിയെത്തി.

കൃഷ്ണ വീട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപാണ് കോൺസ്റ്റബിൾ ഒരു പിസ്റ്റളുമായി തന്റെ അരികിലേക്ക് വന്നത്..

അത് കണ്ടപ്പോൾ മുതലാണ് കൃഷ്ണയ്ക്ക് ഭയം തോന്നുന്നതും.. അവൾ പോയി കഴിഞ്ഞതിനുശേഷം ഹരി തനിക്ക് അരികിലെത്തി. അവനും സംശയം ഉണ്ടായിരുന്നിരിക്കണം.

“ശ്രീജിത്തിന് വേണ്ടിയല്ലേ ” അവൻ തുറന്നു ചോദിച്ചു

” അതെ.. ”

“ഫയർ ചെയ്യേണ്ട അഭീ…അത് പിന്നീട് ഇഷ്യൂ ആകും.. ” അവൻ പറഞ്ഞു

” നോ പ്രോബ്ലം… ജയിൽ ചാടിയ പ്രതിയെ കീഴ്പ്പെടുത്തുന്നത്തിനു ഇടയിൽ ഫയർ ചെയ്തതാണെന്ന് വരുത്തി തീർക്കാം.. മേലുദ്യോഗസ്ഥരോട് എക്സ്പ്ലനേഷൻ നൽകണം എന്നേയുള്ളു.. ”

” അത് ok… പക്ഷെ… ഇക്കാര്യം അറിയുമ്പോൾ കൃഷ്ണയുടെ മാനസികാവസ്ഥ എന്താകും..അഭി അവൾക്ക് വേണ്ടി ഒരാളെ കൊന്നു എന്നത്…

കാലം എത്ര കഴിഞ്ഞാലും അവളുടെ മനസ്സിൽ നിന്ന് ഈ കാര്യം മാഞ്ഞു പോകില്ല.. ” ഹരി എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു

” പിന്നെയെന്ത്‌ ചെയ്യണം… വീണ്ടും ജയിലിലേക്കോ… ഇനി അതില്ല.. ഞങ്ങളുടെ ജീവിതത്തിലേക്ക് കരി നിഴൽ വീഴ്ത്താൻ ആരെയും ഇനി അനുവദിക്കില്ല.. ” അഭി ക്ഷോഭിച്ചു.

” നിങ്ങളുടെ ജീവിതത്തിലേക്ക് ഇനിയൊരിക്കലും വരാതെ അവനെ പറഞ്ഞു വിടാം… ആരും അറിയാതെ, ആരുടെ ഉള്ളിലും ഒരു കരട് ആകാതെ.. വളരെ നിശബ്ദമായി… ” ഹരിയുടെ വാക്കുകൾ ദൃഢമായി.

” എങ്ങനെ.. ” അഭിമന്യു പുരികം ഉയർത്തി

“ഒരു പോയ്സൺ ഉണ്ട് . വിഷങ്ങളിലെ രാജാവ് എന്ന ഓമനപ്പേരിൽ അറിയപ്പെടും. അത് ഫുഡിലോ മറ്റോ ചേർത്തു കൊടുക്കണം അവനു ”

” വിഷം കലർത്തി കൊടുത്താൽ.. അത് ഇന്റെൻഷനലി ചെയ്തതാണെന്ന് മനസിലാക്കാൻ പറ്റുമല്ലോ… പ്രത്യേകിച്ച് പോസ്റ്റ്‌ മോർട്ടം ചെയ്‌താൽ.. ” അഭി സംശയിച്ചു

” ഒരിക്കലുമില്ല.. സയനൈഡ് പോലുള്ളവയോക്കെ ശരീരത്തിൽ ചെന്നാൽ അതിന്റെ അംശം കണ്ടെത്താൻ കഴിയും… എന്നാൽ ഇത് അങ്ങനെ അല്ല… ഇതിന് പ്രത്യേകിച്ച് നിറമോ മണമോ ഒന്നും തന്നെയില്ല.. ഉള്ളിൽ ചെന്ന് ഒരാൾ മരണപ്പെട്ടാലും കണ്ടു പിടിക്കാൻ കഴിയില്ല.. നിരവധി കുറ്റാന്വേഷകരെ കുഴക്കിയ വില്ലൻ ആണ്…അതുകൊണ്ടൊക്കെ തന്നെയാണ് king of poison എന്നറിയപ്പെടുന്നത് “ഹരി ശാന്തമായി പറഞ്ഞു.

“ലൊക്കേഷൻ കണ്ടെത്തിയ സ്ഥിതിക്ക്.. നമ്മൾ അവിടെ ചെന്ന് ഒരു സീൻ ഉണ്ടാക്കുന്നതിലും നല്ലതാണ് ഇതെന്ന് തോനുന്നു…വളരെ സൈലന്റ് ആയി അവൻ പോലുമറിയാതെ യാത്ര ആകട്ടെ..” ഹരി അഭിപ്രായപ്പെട്ടു

ഹരി പറഞ്ഞതിലും കാര്യമുണ്ടെന്ന് അഭിയ്ക്ക് തോന്നി. ഇക്കാര്യത്തിൽ നിയമം കയ്യിലെടുക്കുന്നതിലും നല്ലത് ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നതാണ്.

പ്രത്യേകിച്ച് ഹരി ഒരു ഡോക്ടർ കൂടി ആയതുകൊണ്ട് അവനു ഇക്കാര്യത്തിൽ അറിവുണ്ട്. പെർഫെക്ട് ആയൊരു നാച്ചുറൽ ഡെത്ത്… അതിലവസാനിക്കും കാര്യങ്ങൾ.

അധികം ആലോചിക്കാതെ തന്നെ മനസ്സിൽ ചില കണക്കു കൂട്ടലുകളുമായി ഇരുവരും കൈ കൊടുത്തു.

രാത്രി തന്നെ ശ്രീജിത്തിന്റെ ലൊക്കേഷനിൽ എത്തുകയും വിദഗ്ധമായി അവന്റെ ഭക്ഷണത്തിൽ പോയ്സൺ കലർത്തുകയും ചെയ്തു. അനിരുദ്ധും അഭിയുടെ അടുത്ത സുഹൃത്തും അല്ലാതെ മറ്റാരും ആ കാര്യം അറിയുക പോലും ചെയ്തില്ല.

കൃത്യം നടന്നതിന് ശേഷം പോലീസിനെ അറിയിക്കുകയും ചെയ്തു. അവർ എത്തുമ്പോഴേക്കും ശ്രീജിത്ത്‌ മരിച്ച നിലയിൽ ആയിരുന്നു.! പോസ്റ്റ്‌ മോർട്ടവും തുടർ നടപടികളുമെല്ലാം മുറയായി നടക്കുകയും ചെയ്തു. വ്യക്തമായ പ്ലാനിങ്ങോടെ വരുത്തി തീർത്ത ഒരു സ്വാഭാവിക മരണം..

“അഭിയേട്ടൻ കഴിക്കുന്നില്ലേ ” കൃഷ്ണയുടെ ചോദ്യമാണ് അവന്റെ ഓർമകളെ മുറിച്ചത്.

” ദേ വരുന്നു ” അവൻ ദീർഘമായൊരു ശ്വാസം എടുത്ത് അവൾക്കരികിലേക്ക് എത്തി. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ കണ്ണുകൾ കൃഷ്ണയിൽ ആയിരുന്നു.

തന്റെ ഉള്ളിലെന്താണെന്ന് നിമിഷ നേരം കൊണ്ട് ഊഹിച്ചെടുത്തു കളഞ്ഞു. ഇതിനു മുൻപും എത്രയോ തവണ താൻ പറയാത്ത കാര്യങ്ങൾ തന്റെ ഹൃദയതാളം ശ്രവിച്ചു കൊണ്ട് അവൾ മനസ്സിലാക്കിയിരിക്കുന്നു.

എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അഭിയേട്ടന്റെ ഹൃദയം അല്ലെ ഞാൻ എന്ന ഒറ്റ വാചകത്തിൽ മറുപടി ഒതുക്കും. അവന്റെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു.

എന്താ ചിരിക്കുന്നതെന്നു അവൾ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞവൻ ഭക്ഷണം കഴിക്കുന്നതിലേക്ക് തിരിഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം അഭി ഡിസ്ചാർജ് ആയി വീട്ടിലെത്തി. കുറച്ചു നാൾ കൂടി വിശ്രമത്തിൽ ആയിരുന്നു.

പതിയെ അവർ പഴയ ജീവിതത്തിലേക്ക് കടന്നു.ശ്രീജിത്തും പ്രശ്നങ്ങളുമൊക്കെ മെല്ലെ മെല്ലെ ഓർമകളിൽ നിന്നും മറഞ്ഞു തുടങ്ങി.

ജീവിതം വീണ്ടും സന്തോഷവും സമാധാനവും നിറഞ്ഞതായി തീർന്നു. വീട്ടിൽ ആയിരുന്ന സമയത്ത് അവൻ കൃഷ്ണയോട് തുറന്ന് സംസാരിച്ചു..

അന്ന് കാവിൽ വെച്ച് നടന്നത്, തന്നെപ്പോലെ തന്നെ മീനാക്ഷിക്കും എല്ലാം അറിയാമായിരുന്നു എന്നത്.. ഒരുപക്ഷേ തന്നെക്കാൾ ഏറെ ഹരിയേയും കൃഷ്ണയെയും അവരുടെ സൗഹൃദത്തെയും മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് തന്റെ മീനു ചേച്ചി ആണെന്നുള്ള തിരിച്ചറിവ് അവളിൽ ഒരു നടുക്കം ഉണ്ടാക്കി..

അഭിയെ പോലെ തന്നെ എല്ലാമറിഞ്ഞിട്ടും തങ്ങളുടെ പ്രണയത്തെ മുറുകെ പിടിച്ചു ക്ഷമയോടെ നല്ലപാതിക്കായി കാത്തിരുന്ന രണ്ടുപേർ…

ഒരിക്കൽ പോലും അവരുടെ സ്വാർത്ഥതയെ മുതലെടുത്ത് തന്റെയും ഹരിയേട്ടന്റെയും സൗഹൃദത്തെ പിരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതും അവൾ വേദന കലർന്ന സന്തോഷത്തോടെ തിരിച്ചറിഞ്ഞു…

മനസ്സിൽ നിന്നൊരു ഭാരം ഒഴിഞ്ഞത് പോലെ. എന്നെങ്കിലുമൊരിക്കൽ ഇതൊക്കെ മീനു ചേച്ചി തിരിച്ചറിയേണ്ടി വരുമോ എന്നൊരു ഭീതി ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ആ ഭീതി പാടെ ഒഴിഞ്ഞു പോയിരിക്കുന്നു.
******************************

ഹരിയും മീനാക്ഷിയും ഇടയ്ക്കിടെ ഇരുവരെയും കാണാൻ എത്താറുണ്ടായിരുന്നു. ഒഴിവ് സമയങ്ങൾ കിട്ടുമ്പോൾ അഭി കൃഷ്ണയെ കൂട്ടി അവിടേയ്ക്കും ചെല്ലും. അത് വളരെ വലിയൊരു മാറ്റമായാണ് കൃഷ്ണയ്ക്ക് തോന്നിയത്.

ജീവിതത്തിൽ നിന്നും അകന്നു പോകുമെന്ന് ഉറപ്പിച്ച സൗഹൃദം താൻ കരുതിയതിനേക്കാൾ കൂടുതലായി ജീവിതത്തോട് അടുത്ത് നിൽക്കുന്നു.

എല്ലാത്തിനും കാരണം അഭിയേട്ടനും മീനു ചേച്ചിയും ആണ് .

അവരുടെ ഉള്ളിലെ നന്മയും തിരിച്ചറിവും മാത്രം.

മൂന്നു മാസങ്ങൾക്ക് ശേഷം
ചെമ്പകശ്ശേരി വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്.

ദേവികയുടെ വിവാഹ നിശ്ചയം ആണ്. ഏവർക്കും സുപരിചിതനായ ശ്രാവൺ ആണ് വരൻ.

ഇരുവരുടെയും അച്ഛന്മാർ തമ്മിലുള്ള വാക്കിന്റെ പുറത്ത് ആണെങ്കിൽ പോലും ദേവികയുടെയും ശ്രാവണിന്റെയും പൂർണ സമ്മതത്തോടെ നിശ്ചയിക്കപ്പെട്ട വിവാഹം.

കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും എല്ലാവരുടെയും ഉള്ളിൽ സന്തോഷം നിറഞ്ഞു നിന്നു. അധികം ബന്ധുക്കളെയൊന്നും വിളിക്കാതെ തറവാട്ടിൽ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്.

അഭിമന്യുവിനെയും കുടുംബത്തെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടായിരുന്നു. നിശ്ചയം കഴിഞ്ഞതിനു ശേഷം അടുത്തുള്ള ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.

ഒരിക്കൽ മുടങ്ങിപ്പോയ കേദാർനാഥ് യാത്ര.. ഒരു തടസങ്ങളും ഇല്ലാതെ കൈലാസനാഥനെ കാണാനുള്ള അവസരത്തിനായി എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു.

ആദ്യത്തെ തവണ വെറുമൊരു ഉല്ലാസ യാത്രയായി കണക്കാക്കിയെങ്കിലും ഇത്തവണ അങ്ങനെ അല്ല..

പൂർണമായ അർപ്പണ ബോധത്തോടെയാണ് നാലുപേരും പോകാൻ തീരുമാനിച്ചിരിക്കുന്നത്.

നാളെയാണ് വിവാഹ നിശ്ചയം. ഇടാനുള്ള ഡ്രസ്സ്‌ അയൺ ചെയ്യുകയായിരുന്നു കൃഷ്ണ. അഭിമന്യു എന്തൊക്കെയോ ഗാഢമായി ചിന്തിച്ചു കൊണ്ട് ബാൽക്കണിയിൽ ആയിരുന്നു.

ഡ്രസ്സ്‌ എല്ലാം മടക്കി വെച്ചതിനു ശേഷം അവളും ബാൽക്കണിയിലേക്ക് എത്തി. താൻ അടുത്തെത്തിയതിനു ശേഷവും അവൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു.

“എനിക്ക് നിന്നോടൽപ്പം സംസാരിക്കാൻ ഉണ്ട് ” അവളോടായി പറഞ്ഞു കൊണ്ട് അഭി അകത്തേക്ക് കയറി.

കൃഷ്ണയും പിന്നാലെ അകത്തേക്കു ച്ചെന്നു. എന്താ പറയാൻ ഉള്ളതെന്ന് അറിയാൻ അഭിയുടെ മുഖത്തേക്ക് നോക്കിയിരുന്നു.

അൽപ നേരത്തിനു ശേഷം അവൻ സംസാരിച്ചു തുടങ്ങി.

” അന്നൊരിക്കൽ നമ്മൾ ചെമ്പകശ്ശേരിയിൽ ചെന്നപ്പോൾ കാവ് കാണാൻ പോയില്ലേ.. ഹരിയോടും മീനാക്ഷിയോടുമൊപ്പം..

അന്ന് മീനാക്ഷി എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നല്ലോ.. അതെല്ലാം നിനക്ക് അറിയാവുന്നതുമാണ്.. ”

അവൻ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാകാതെ കൃഷ്ണ ഇരുന്നു.

” ഞാൻ പറഞ്ഞു വരുന്നത് ഹരിയുടെ കാര്യമാണ്…” അഭി അവളുടെ മുഖത്തേക്ക് നോക്കി.

” അറിയാം അഭിയേട്ടാ… ഇക്കാര്യം ഹരിയേട്ടനു അറിയില്ല.. ഇനി അറിയാനും പാടില്ല. അറിഞ്ഞാൽ ഹരിയേട്ടൻ ഒരു പക്ഷേ തകർന്നു പോയേക്കാം.. അതല്ലേ
അവൾ പെട്ടന്ന് ചോദിച്ചു.

” ഒരിക്കലും അറിയില്ല… എന്റെ ഉള്ളിൽ ഉണ്ടായ ഒരു മോഹം കാരണം ഒരിക്കലും ഹരിയേട്ടന്റെയും മീനു ചേച്ചിയുടെയും ജീവിതത്തിൽ കല്ലുകടി ഉണ്ടാകില്ല… ” അവൾ പുഞ്ചിരിച്ചു.

” ഹരിയ്ക്കും അറിയാം…” അഭി പറഞ്ഞു

” എന്താ ” അവൾ എടുത്തു ചോദിച്ചു

” ഹരിയ്ക്കും എല്ലാം അറിയാമെന്ന്. ..”
കൃഷ്ണ സ്തബ്ധയായി ഇരുന്നു.

” സത്യമെല്ലാം ഹരിയെ അറിയിക്കാൻ മടിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ സമയങ്ങളിൽ മീനാക്ഷി തന്നെ എല്ലാം തുറന്നു പറഞ്ഞു..

അവനെപ്പോലെ തന്നെ നീയും ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നതുൾപ്പെടെ നമ്മുടെ വിവാഹം കഴിഞ്ഞത് വരെയുള്ള എല്ലാ ഇൻസിഡന്റ്സും..”

കൃഷ്ണ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു

” ഹരി എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിന്നോട് ഇടപെട്ടത്.. ഒരുപക്ഷെ മീനാക്ഷിയും ഞാനും നീയും ഒരുപോലെ ഭയപ്പെട്ടിരുന്നത് ഹരിയുടെ കാര്യം ഓർത്താകും..

സത്യങ്ങൾ തിരിച്ചറിഞ്ഞാലുള്ള അവന്റെ പ്രതികരണം..കാരണം ഹരി നിന്നെ അത്രമേൽ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.

എത്രയോ തവണ നീ തന്നെ പറഞ്ഞിട്ടുണ്ട് നിന്റെ കാര്യത്തിൽ അവൻ കാണിക്കുന്ന പൊസ്സസ്സീവ്നസ്..

ഞാനും മീനാക്ഷിയും അത് നേരിട്ട് അറിഞ്ഞതും ആണ്.. നീ അകന്നു പോകുന്നത് പോലും സഹിക്കാൻ പറ്റാത്ത, നിന്നെ മറ്റാരും കൂടുതൽ സ്നേഹിക്കുന്നത് ഇഷ്ടം അല്ലാത്ത ഹരി, നിനക്ക് അവനോടുണ്ടായിരുന്ന പ്രണയത്തെ ഇത്രയും വൈകി തിരിച്ചറിയുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയം ആയിരുന്നു..

പക്ഷേ അവൻ ഞെട്ടിച്ചു കളഞ്ഞു.. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോഴും ഹരി പോസിറ്റീവ് ആയാണ് എല്ലാം എടുത്തത്.. എന്റെയും നിന്റെയും ജീവിതം നന്നായി പോകണമെന്ന് മാത്രമേ അവൻ കരുതുന്നുള്ളു..

” പോസിറ്റീവ് ആയെന്ന് പറയുമ്പോൾ…. ”

” അവൻ യാഥാർഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞു.. ഹോസ്പിറ്റലിൽ നിന്നു വന്നത് മുതൽ ഇന്ന് വരെ എല്ലാ കാര്യങ്ങളും അറിഞ്ഞു തന്നെയാണ് പെരുമാറുന്നത്.. ”

ഹരിയേട്ടൻ എല്ലാം അറിഞ്ഞിട്ടും യാതൊരു ഭാവഭേദവും ഉണ്ടായില്ലല്ലോ എന്ന് കൃഷ്ണ ഓർത്തു. സാധാരണ രീതിയിലാണ് പെരുമാറിയത്.

എല്ലാം അറിയുമ്പോൾ തകർന്ന് പോകുമെന്ന് കരുതിയ ഹരിയേട്ടൻ ഒരു മാറ്റവും ഇല്ലാതെ പഴയ പോലെ തന്നെ പെരുമാറിയിട്ടുണ്ട് തന്നോട്.. അതെന്ത് കൊണ്ടാകും…

എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ അഭിനയിക്കുകയായിരുന്നോ തന്റെ മുന്നിൽ.. അവൾക്ക് ആശയക്കുഴപ്പം ഉണ്ടായി. അഭി മറ്റെന്തൊക്കെയോ അവളോട് പറഞ്ഞു കൊണ്ടിരുന്നു.

പക്ഷെ അവളൊന്നും കേട്ടില്ല.. ഹരിയുടെ കഴിഞ്ഞ സമയത്തെ പെരുമാറ്റങ്ങളെ അവൾ മനസ്സിൽ കീറി മുറിച്ചു പരിശോധിക്കുകയായിരുന്നു.

മുൻപില്ലാത്തതു പോലെ രണ്ടു പേരുമായി അടിക്കടി തന്നെ കാണാൻ വരുന്നതും, താനും അഭിയേട്ടനും അവരെ കാണാൻ പോകുന്നതുമെല്ലാം ഹരിയേട്ടൻ സത്യങ്ങൾ അറിഞ്ഞതിന്റെ ഭാഗമായിട്ടാണോ..

ഒരിക്കലും തന്നിൽ നിന്നും അകന്നു പോകരുതെന്ന ഹരിയേട്ടന്റെ നിർബന്ധബുദ്ധിക്കു മുന്നിൽ അഭിയേട്ടനും മീനു ചേച്ചിയും വഴങ്ങി കൊടുക്കുന്നതാണോ ഇതൊക്കെ.. അവളുടെ മനസ് കലങ്ങി മറിഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ അവർ ചെമ്പകശ്ശേരിയിലേക്ക് തിരിച്ചു. കുറച്ചു നാളുകൾ കൂടി തിരികെ വീട്ടിലെത്തിയതിന്റെ പ്രസരിപ്പ് കൃഷ്ണയ്ക്കും ഉണ്ടായിരുന്നു.

അവളെ കണ്ടതും മീനാക്ഷി സന്തോഷത്തോടെ വന്നു കെട്ടിപിടിച്ചു.അഭിയേയും അവളെയും അകത്തേക്ക് ക്ഷണിച്ചു. കൃഷ്ണയുടെ കണ്ണുകൾ ഹരിയെ തേടി.

“ഹരിയേട്ടൻ അകത്തുണ്ട് ” അവളുടെ നോട്ടം മനസിലാക്കി മീനാക്ഷി പറഞ്ഞു.
എന്നാലവൾ ഹരിയെ കാണാൻ കൂട്ടാക്കിയില്ല ..

അവനോട് സംസാരിക്കാൻ കൃഷ്ണയ്ക്ക് ചെറിയ ബുദ്ധിമുട്ട് തോന്നി. നിശ്ചയ ചടങ്ങുകൾ കഴിയുന്നത് വരെയും അവൾ ഹരിയുടെ അടുത്തേക്ക് മനഃപൂർവം പോകാതെ നിന്നു. അവൻ സംസാരിക്കാൻ വന്നതും അവൾ ഒഴിഞ്ഞു മാറുകയും ചെയ്തു.

” ഉള്ളിലെന്തോ ഒരു വല്ലായ്മ.. അവനോട് സംസാരിക്കാൻ കഴിയുനില്ല.. അഭി അത് ശ്രദ്ധിക്കുകയും ചെയ്തു..നിശ്ചയം ഭംഗിയായി നടന്നു.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ശ്രാവണും കുടുംബവും തിരികെ പോയിരുന്നു. ബന്ധുക്കൾ മാത്രം അവിടെ അവശേഷിച്ചു.

മീനാക്ഷി ഇടയ്ക്ക് വന്നു ചോദിച്ചെങ്കിലും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു… എന്നാൽ തലേന്ന് താൻ കൃഷ്ണയോട് സംസാരിച്ചതൊക്കെ അഭി പറഞ്ഞതും മീനാക്ഷിയ്ക്ക് കാര്യം പിടികിട്ടി..

സംസാരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് കൃഷ്ണ ഒഴിഞ്ഞു മാറി നടക്കുന്നത്. അവൾ തന്നെ നിർബന്ധിച്ചു കൃഷ്ണയെ കൂട്ടികൊണ്ട് ഹരിയുടെ മുന്നിലേക്ക് എത്തിച്ചു.

അകത്തെ മുറിയിൽ ധന്യയോടും ധ്വനിയോടും സംസാരിച്ചു ഇരിക്കുകയായിരുന്നു അവൻ. കൃഷ്ണയെ കണ്ടതും അവന്റെ മുഖം വിടർന്നു.

” ഹരിയേട്ടന്റെ ഹൃദയസഖി ദേ നിൽക്കുന്നു… രണ്ടു പേരും തമ്മിൽ സംസാരിച്ചിട്ട് താഴേക്ക് ഇറങ്ങി വാ ” മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു ധന്യയേയും ധ്വനിയെയും കൂട്ടി മുറി വിട്ടു പോയി. അവൾക്ക് എല്ലാം മനസിലായെന്ന് ഹരിക്ക് ബോധ്യമായി.

കൃഷ്ണയ്ക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. എന്താ സംസാരിക്കുക എന്നൊരു ശങ്ക ഇരുവർക്കും ഇടയിൽ ഉണ്ടായി.

” നിനക്കും എന്നെ ഇഷ്ടം ആയിരുന്നു അല്ലേടി തീപ്പെട്ടിക്കൊള്ളി.. ” കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഹരി കുസൃതി ചിരിയോടെ ചോദിച്ചു.

മറുപടി പറയാനാകാതെ അവൾ ഹരിയെ നോക്കി നിന്നു.

” ഒരുപാട് വൈകിപ്പോയി ഞാൻ നിന്റെ ഇഷ്ടം അറിയാൻ……ഒരുപാട്… !” അവന്റെ കണ്ണുകൾ ചിമ്മിയടഞ്ഞു.

“ഹരിയേട്ടനും എല്ലാം അറിയാമായിരുന്നു അല്ലെ… എല്ലാം അറിഞ്ഞിട്ടും ഉള്ളിൽ ഒളിപ്പിച്ചു അല്ലെ എന്നോട് പെരുമാറിയത്.. ” അവൾ ചോദിച്ചു.

“നീയും എല്ലാം ഉള്ളിൽ ഒളിപ്പിച്ചു നടന്നതല്ലേ കുറെ നാൾ… ഞാൻ പലതവണ ചോദിച്ചിട്ടും ഒന്നും പറയാതെ…. ” അവൻ തിരികെ ചോദിച്ചു.
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.

” അഭി ഹോസ്പിറ്റലിൽ ആയിരുന്ന സമയത്തു മീനാക്ഷി എന്നോടെല്ലാം പറഞ്ഞിരുന്നു… ആദ്യം കേട്ടപ്പോൾ ഉണ്ടായ വികാരം എനിക്കറിയില്ല..

ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ..തിരിച്ചറിയാൻ വൈകിയതിനേക്കാൾ സങ്കടം തോന്നിയത് നീ ഒരിക്കൽ പോലും എന്നോട് ഇതൊക്കെ പറയാതെ ഇരുന്നത് കൊണ്ടാണ്… ” അവന്റെ ശബ്ദം ഇടറി.

” നീ അറിയാത്ത എന്തെങ്കിലും കാര്യം എന്റെ ജീവിതത്തിൽ ഉണ്ടോ കൃഷ്ണേ..എല്ലാം നിന്നോടല്ലേ ഞാൻ പറയുക..

നിന്നോട് ഉണ്ടായിരുന്ന ഇഷ്ടം പോലും എനിക്ക് വേണമെങ്കിൽ മറച്ചു വെയ്ക്കാമായിരുന്നു.. എന്നിട്ടും ഞാനത് തുറന്നു പറഞ്ഞു..

നിനക്ക് എന്നോടങ്ങനെ ഇഷ്ടം ഉണ്ടെങ്കിൽ പറയാൻ ഒരുപാട് അവസരങ്ങൾ ഒരുക്കി.. എന്നിട്ടും….നീ…
ഒരു തമാശ പോലെയെങ്കിലും എന്നെ അറിയിക്കാമായിരുന്നു നിനക്ക്…. ഇന്നിപ്പോ മീനു പറഞ്ഞു അറിയേണ്ടി വന്നെനിക്ക് സത്യങ്ങൾ എല്ലാം ” അവൻ പറഞ്ഞു

” ഞാൻ എന്ത്‌കൊണ്ടാണ് പറയാത്തതെന്ന് ഹരിയേട്ടനും അറിയാവുന്നതല്ലേ…മീനു ചേച്ചിയ്ക്ക് അവകാശപ്പെട്ട ആളെ പിടിച്ചു വാങ്ങാൻ മനസ്സനുവദിച്ചില്ല . ചേച്ചി അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് ഹരിയേട്ടനെ..എനിക്കറിയാം അത്..” അവൾ പറഞ്ഞു. ഹരി മൗനമായി നിന്നു.

“ഒരു തരത്തിൽ ആ ഇഷ്ടം നീയും ഞാനും തിരിച്ചറിയപ്പെടാതെ പോയത് നന്നായി… അതുകൊണ്ടല്ലേ എനിക്ക് മീനുവിനെയും നിനക്ക് അഭിയേയും കിട്ടിയത്… ” ഹരി വീണ്ടും ചിരിച്ചു.

“അന്നൊരിക്കൽ ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ… നമ്മുടെ കാവിൽ വെച്ച്..കല്യാണത്തിന് മുൻപുള്ള ദിവസങ്ങളിൽ.. . ”

“നമുക്കിടയിൽ ആരും വരേണ്ടിയിരുന്നില്ലന്ന്… അഭിയും മീനുവും ആരും ഇല്ലാതെ ഞാനും നീയും മാത്രം… ”
അവൾ മൂളിക്കേട്ടു

” പക്ഷേ നമുക്കിടയിൽ ആരൊക്കെ വന്നാലും ഞാനും നീയുമായി തന്നെ നമുക്ക് ഇരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ കാര്യം മറ്റൊന്നുമില്ല..
ശരിയല്ലേ ഞാൻ പറഞ്ഞത്..” അവൻ ചിരിച്ചു.

“തീർച്ചയായും.. ” കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു.

” നമുക്കിടയിൽ അഭിയേട്ടനും മീനുചേച്ചിയും വന്നതിനു ശേഷവും ഞാനും ഹരിയേട്ടനും പഴയത് പോലെ തന്നെയല്ലേ…പുറമെ ഒരകലം പാലിക്കുന്നുവെങ്കിലും നമ്മുടെ മനസുകൾ തമ്മിൽ അകന്നിട്ടില്ലന്നാണ് എന്റെ വിശ്വാസം ” കൃഷ്ണ മന്ത്രിച്ചു.
ഹരി അവളുടെ കൈകളെ കവർന്നു.

” നമുക്കിടയിൽ ഒരു മാറ്റവും വന്നിട്ടില്ല… ഇനി വരികയും ഇല്ല… എന്നും എന്റെ ഹൃദയസഖി കൃഷ്ണ വേണി തന്നെ ആയിരിക്കും.. ”
“അന്നൊരിക്കൽ നീ പറഞ്ഞത് പോലെ…ദൈവ വിധി ഇതായിരുന്നു.. എനിക്ക് മീനുവും നിനക്ക് അഭിയും ”

” നിന്നോട് എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ കൃഷ്ണേ… അന്നും..ഇന്നും.. അതിലൊരു മാറ്റവും വരില്ല.. ആരൊക്കെ വന്നാലും.. പക്ഷേ..ഞാൻ പ്രണയിക്കുന്നത് മീനാക്ഷിയെ ആണ്. എന്റെ പ്രണയത്തിനു അവകാശി അവൾ മാത്രമായിരിക്കണം…
മീനു എന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയിട്ടേ ഉള്ളൂ…. എനിക്കവളെ പ്രണയിക്കണം ഈ ജന്മം മുഴുവൻ…എന്റേത് മാത്രമായി.. എന്റെ ജീവന്റെ പാതിയായി.. ”

” കൃഷ്ണ നിറ മിഴികളോടെ അവനെ നോക്കി നിന്നു

” നീ അഭിയെ ജീവന് തുല്യം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. നിന്റെ പ്രണയത്തിന്റെ അവകാശി അവൻ മാത്രവും ആയിരിക്കും. നിനക്കായി ദൈവം നൽകിയ നിധി തന്നെയാ അവൻ..ആ കുടുംബം, അവരുടെ സ്നേഹം, ഇതെല്ലാം നിനക്ക് വേണ്ടി ദൈവം തീരുമാനിക്കപ്പെട്ടത് തന്നെയാണ്.. ഒരുപക്ഷെ നീ എന്നോടൊപ്പം ജീവിച്ചാൽ ഒരിക്കലും ഇതൊന്നും അനുഭവിക്കാൻ കഴിഞ്ഞെന്ന് വരില്ല..

നീ എന്നിൽ നിന്ന് അകന്ന് പോയപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ ആകാത്ത വിഷമം ആയിരുന്നു.. പക്ഷേ അഭിയെയും കുടുംബത്തെയും തിരിച്ചറിഞ്ഞപ്പോൾ അവർ നിന്നെ സ്നേഹിക്കുന്നത് കണ്ടപ്പോൾ… എന്റെ എല്ലാ വിഷമവും മാറി.. നീ സന്തോഷമായി ഇരിക്കണം..എന്നും.. എപ്പോഴും.. അത്ര മാത്രമേ ഉള്ളൂ എനിക്ക്.. ”

നിറഞ്ഞു നിന്ന കൃഷ്ണയുടെ കണ്ണുകൾ തുടച്ചു കൊണ്ട് ഹരി പറഞ്ഞു.

മീനാക്ഷിയോടൊപ്പം എനിക്ക് പ്രിയപ്പെട്ടവൾ തന്നെയാണ് നീയും..അവൾ എന്റെ ജീവന്റെ പാതിയാണ്.. എന്നിലെ പ്രണയമാണ്.. പക്ഷേ ഞാൻ പൂർണൻ ആകണമെങ്കിൽ എന്നോടൊപ്പം നീയും ഉണ്ടാകണം.. എന്റെ ഹൃദയത്തിന്റെ തോഴിയായി.. ” അവൻ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു.

” തീർച്ചയായും ഉണ്ടാകും.”. അവൾ മറുപടി നൽകി. തന്റെ ജീവിതം പൂർണമാകണമെങ്കിൽ ആത്മാവായി അഭിമന്യുവും, ആത്മമിത്രമായി ഹരിയേട്ടനും ഉണ്ടാകണമെന്ന് അവൾക്ക് അറിയാമായിരുന്നു..ഒന്നുമില്ലാതിരുന്ന തന്നെ എന്തിനും ഏതിനും കൂടെ നിർത്തി ജീവിക്കാൻ പ്രേരിപ്പിച്ചത് തന്നെ ഹരി ആണ്… ഇപ്പോൾ അതിന്റെ തുടർച്ചയായി അഭിയും.

എല്ലാത്തിനും ഉപരിയായി ഇപ്പോഴും തന്നെയും ഹരിയേട്ടനെയും ആത്മാർത്ഥമായി മനസിലാക്കാൻ കഴിയുന്ന അഭിയേട്ടനും മീനു ചേച്ചിയും..തങ്ങൾക്കിടയിലെ സൗഹൃദത്തിൽ അല്പം അകലം കാണിച്ചപ്പോഴും ആ അകലം കുറയ്ക്കാൻ മുൻകൈ എടുത്ത രണ്ട് പേർ.. ഇങ്ങനെയുള്ള ജീവിത പങ്കാളിയെ കിട്ടിയ താനും ഹരിയേട്ടനുമല്ലേ സത്യത്തിൽ ഭാഗ്യം ചെയ്തവർ.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൃഷ്ണയുടെ കണ്ണുകൾ തുടയ്ക്കുന്നതോടൊപ്പം തന്നെ ഹരി അവളെ മാറോടു ചേർത്ത് പിടിച്ചിരുന്നു.

” ചിലതൊക്കെ വൈകി തിരിച്ചറിയുന്നതും നല്ലത് തന്നെയാണല്ലേ…” കൃഷ്ണ പതിയെ ചോദിച്ചു.

” അതേ…നമുക്ക് രണ്ടു പേർക്കും യോജിച്ച പങ്കാളിയെ കിട്ടാൻ ഈ വൈകിയ തിരിച്ചറിവ് തന്നെയാണ് നല്ലത്.. ” അവൻ പറഞ്ഞു

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. ഹരി അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. മനസ്സിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ എല്ലാം ഒഴിഞ്ഞു പോയി മനസ് തെളിഞ്ഞു. അതിനു സാക്ഷികളായി
നിറഞ്ഞ പുഞ്ചിരിയോടെ അഭിയും മീനുവും വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു.
സൗഹൃദത്തിനു അതിർവരമ്പുകൾ തീർക്കാൻ ശ്രമിച്ച ഹരിയോടും കൃഷ്ണയോടും മധുരപ്രതികാരം ചെയ്തത് പോലെ.. അതോടൊപ്പം തന്നെ തങ്ങളുടെ ജീവന്റെ പാതിയെ ഭ്രാന്തമായി സ്നേഹിച്ചുകൊണ്ട്..
ജീവൻ ഉള്ള കാലത്തോളം മുഴുവൻ ഇങ്ങനെ തന്നെ ആയിരിക്കണമേയെന്ന് കൃഷ്ണ മനമുരുകി പ്രാർത്ഥിച്ചു.. മീനാക്ഷിയുടെ അനിയത്തിയായി… അഭിമന്യുവിന്റെ ഹൃദയമായി.. ഹരിയുടെ ഹൃദയസഖിയായി

(അവസാനിച്ചു )

NB : അല്പം അപകടകരമായ പോയ്സൺ ആയതിനാൽ പേര് വെളിപ്പെടുത്താൻ നിർവാഹമില്ല

[തുടർന്നു എഴുതാൻ ചില ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് വളരെ പെട്ടന്നുള്ള ഒരു എൻഡിങ്. എല്ലാവർക്കും സംതൃപ്തി നൽകുന്ന കഥാവസാനം ആണോയെന്ന് ഉറപ്പില്ല. ആദ്യത്തെ പാർട്ടുകളിൽ ഉള്ള ഫീൽ കിട്ടുന്നില്ലായെന്നു കുറെയധികം പേർ പറഞ്ഞിരുന്നു.. മേൽ പറഞ്ഞ ബുദ്ധിമുട്ടുകൾ എഴുത്തിനെ ബാധിച്ചിട്ടുണ്ട്. ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ ഒരുപാട് ഇഷ്യൂസ് ഉണ്ടായി.. physically & mentally. എല്ലാം മനസിലാക്കി കൂടെ നിന്ന ഒരുപാട് പേരുണ്ട്.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും. ഇനിയുമൊരു തുടർക്കഥയുമായി വരാൻ സാധ്യത ഇല്ല.
Thank u so much for all the love & support. Love u all 😍 — ടീന ❣️]

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15

ഹൃദയസഖി : ഭാഗം 16

ഹൃദയസഖി : ഭാഗം 17

ഹൃദയസഖി : ഭാഗം 18

ഹൃദയസഖി : ഭാഗം 19

ഹൃദയസഖി : ഭാഗം 20

ഹൃദയസഖി : ഭാഗം 21

ഹൃദയസഖി : ഭാഗം 22

ഹൃദയസഖി : ഭാഗം 23

ഹൃദയസഖി : ഭാഗം 24

ഹൃദയസഖി : ഭാഗം 25

ഹൃദയസഖി : ഭാഗം 26