Thursday, December 12, 2024
Novel

ഹൃദയസഖി : ഭാഗം 7

എഴുത്തുകാരി: ടീന കൊട്ടാരക്കര


രാവിലെ പതിവിലും നേരത്തെ ഹരി ചെമ്പകശ്ശേരിയിൽ എത്തി. അവൻ എത്തുമ്പോൾ പലരും ഉറക്കം എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളു.

കോളിങ് ബെൽ അമർത്തിയതും കതക് തുറന്നത് സതീശനാണ്. ഇത്രയും രാവിലെ ഹരി വന്നതിൽ അയാൾക്ക്‌ അതിശയം തോന്നി.

“നീയെന്താ ഇത്രയും രാവിലെ ”

“ഇന്ന് നേരത്തെ ചെല്ലണം ഹോസ്പിറ്റലിൽ. രാവിലെയൊരു സർജറി ഉണ്ട് അമ്മാവാ. സ്പെഷ്യൽ കേസ് ആണ്. ”
പെട്ടന്ന് വായിൽ വന്നൊരു കള്ളം അവൻ പറഞ്ഞു

“എവിടെ എല്ലാവരും, ആരും എഴുന്നേറ്റില്ലേ ”
ഹരി അകത്തേക്ക് കയറികൊണ്ട് ചോദിച്ചു.

“എഴുന്നേൽക്കുന്ന സമയം ആകുന്നതല്ലേ ഉള്ളു ” സതീശൻ കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു.

“എനിക്ക് കഴിക്കാൻ ഒന്നുമില്ലേ, തീപ്പെട്ടിക്കൊള്ളി എണീറ്റില്ലേ ഇതുവരെ ” ഹരി ചുറ്റിനും നോക്കി.

“അവൾ അടുക്കളയിൽ ഉണ്ട്, നീ ചെന്നു വല്ലതും വാങ്ങി കഴിക്ക് ”

“ഓക്കേ ” ലൈസെൻസ് കിട്ടിയ സന്തോഷത്തിൽ അവൻ അടുക്കളയിലേക്കു ചെന്നു.

തിരക്കിട്ട പണികളിൽ ആയിരുന്നു കൃഷ്ണ. കതകിൽ വിരൽ കൊണ്ട് തട്ടി ഹരി ശബ്ദം ഉണ്ടാക്കി. തിരിഞ്ഞ് നോക്കിയ കൃഷ്ണയിലും അവൻ രാവിലെ വന്നതിൽ അതിശയം തോന്നി.
“ഇന്ന് നേരത്തെ ചെല്ലണം, ഒരു സർജറി ഉണ്ട് ”

അവൾ ചോദിക്കുന്നതിനു മുൻപേ തന്നെ അവൻ മറുപടി നൽകി. അവൾ പുഞ്ചിരിച്ചു.
തലേന്ന് രാത്രി കണ്ണീർ വാർത്തത്തിന്റെ അടയാളമെന്നോണം അവളുടെ കണ്ണിനു ചുറ്റും കറുത്ത പാടുകൾ വീണുകിടന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഹരി അത് കണ്ടുപിടിച്ചു.

‘ഉറക്കം ഇളച്ചു പഠിക്കുന്നതിന്റെ ആണെന്ന്’ പറഞ്ഞു അവൾ നിസ്സാരവൽക്കരിച്ചു.

“നീയെനിക്ക് കഴിക്കാൻ ഒന്നും തന്നില്ലല്ലോ ” അടുക്കളയിലെ സ്ലാബിലേക്ക് കയറി ഇരുന്നു അവൻ ചോദിച്ചു.

“കഴിക്കാൻ ആകുന്നതേ ഉള്ളു ഹരിയേട്ടാ, ചായ എടുക്കട്ടേ ”

“മം. എടുക്ക് ”

അവൾ ഒരു ഗ്ലാസിൽ ചായ പകർന്നു അവനു നൽകി. ചൂട് ചായ ഊതി കുടിക്കുന്നത് നോക്കി അവളും നിന്നു.

“നീയിന്നലെ ഒന്നും പറഞ്ഞില്ലല്ലോ ” ഹരി ചോദിച്ചു

“എന്ത് പറയാൻ ” ഒന്നും അറിയാത്ത പോലെ അവൾ പറഞ്ഞു.

“എടി.. ഇന്നലെ ബീച്ചിൽ വെച്ചു ഞാൻ പറഞ്ഞ കാര്യം.. നിനക്ക്… നിനക്ക് എന്നോട് പ്രണയം ഉണ്ടോ ” കണ്ണുകളിൽ ആകാംഷ നിറച്ചു അവൻ വീണ്ടും ചോദിച്ചു.

“ഉണ്ടെങ്കിൽ….? ”

“ഉണ്ടോ ” ഹരിയുടെ കണ്ണുകൾ വിടർന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ അവനിൽ ഉടക്കി നിന്നു. പെട്ടന്ന് നോട്ടം മാറ്റി അവൾ അടുപ്പിനു അടുത്തേക്ക് തിരിഞ്ഞു.

“പറ.. ഉണ്ടോ ” ഹരി വീണ്ടും അവൾക് അഭിമുഖമായി നിന്ന് ചോദിച്ചു. അവളൊന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

“ഹരിയേട്ടൻ എന്റെ നല്ല കൂട്ടുകാരൻ അല്ലെ.. എന്റെ ആത്മമിത്രം.. ആ ഒരു ഇഷ്ടമുണ്ട്..അല്ലാതെ ഹരിയേട്ടൻ ചോദിച്ചത് പോലൊന്നുമില്ല ”

“ഉറപ്പാണോ ”

“മം.. അതെ ”

“മം…എനിക്ക് നിന്നെ ഇഷ്ടമായിരുന്നു കേട്ടോ… ” ഹരി പറഞ്ഞു

“എന്തെ അങ്ങനെ തോന്നിയത് ”

“ഒന്നുല്ലടി.. നീയെന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഫ്രണ്ട്.. കൂടെ എന്നും വേണമെന്ന് തോന്നിപ്പോയി. ”

കൃഷ്ണ മറുപടിയൊന്നും പറയാതെ അവന്റെ വാക്കുകൾക്കു കാതോർത്തു.

“നീയൊന്ന് ആലോചിച്ചു നോക്ക്.. നാളെ നീ ആരെയെങ്കിലും കല്യാണം കഴിച്ചു ദൂരേക്ക് പോയാൽ പിന്നെ എനിക്കാരാ ഉള്ളത്. എന്നും നീയെന്റെ കൂടെ വേണം എന്റെ കൂട്ടുകാരി ആയിട്ട്..

അങ്ങനെയൊക്കെ ആലോചിച്ചപ്പോൾ എനിക്കുതോന്നി നിന്നെ ലൈഫ് പാർട്ണർ ആക്കിയാലെന്താ എന്ന്.. എന്നും എന്റെ കൂടെ ഉണ്ടാകുമല്ലോ.. ”
വിഷാദം കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു.

“ഞാൻ പോയാലും ഹരിയേട്ടന് ഒരുപാട് കൂട്ടുകാർ ഉണ്ടല്ലോ ”

കൃഷ്ണയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടു അവനു ചിരി വന്നു.

“കൂട്ടുകാർ ഒരുപാടുണ്ട്. കൂടെ പഠിച്ചതും, വർക്ക്‌ ചെയ്യുന്നതും, നാട്ടിൽ ഉള്ളതുമായി ഒരുപാട് പേർ.. പക്ഷെ അതൊക്കെ നീ കഴിഞ്ഞിട്ടേ ഉള്ളു. ”

” ഞാൻ ഇടയ്ക്ക് ആലോചിക്കും.. എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ടെങ്കിലും നിനക്ക് ഞാൻ അല്ലാതെ ആരും ഇല്ലല്ലോയെന്ന്.. അപ്പോൾ വിഷമം തോന്നും.

അത്കൊണ്ടൊക്കെയാകും കൃഷ്ണേ എനിക്ക് നിന്നോടൊരു ഇന്റിമസി തോന്നിയത്.. നീ ഒറ്റക്ക് ആകരുത്.. ഒരിക്കലും !”

“സഹതാപം ആണോ ഹരിയേട്ടാ ”

“സഹതാപം… അറിയില്ല എനിക്ക്.. ഒരുപക്ഷെ അതിൽ നിന്നാകാം നിന്നോടൊരു ഇഷ്ടം തോന്നിയത്. അത് പ്രണയം ആണോന്നു ചോദിച്ചാൽ അല്ല…

പക്ഷെ നിന്നെ ഭയങ്കര ഇഷ്ടമാ എനിക്ക്..നിനക്കും അങ്ങനെ ഒരിഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ ഇനിയുള്ള സമയം പ്രണയിക്കാം എന്നെനിക്ക് തോന്നി. ”

ഹരി ചെറിയൊരു ചമ്മലോടെ പറഞ്ഞു. കൃഷ്ണ ഇഡ്ഡലിതട്ടിലേക്ക് മാവ് കോരി ഒഴിച്ചുകൊണ്ട് അവൻ പറയുന്നതിന് ചെവി കൊടുത്തു.

“എന്തായാലും ഇക്കാര്യം നിന്നോട് തുറന്നു പറഞ്ഞപ്പോ മനസ്സിനൊരു ആശ്വാസം.. കുറെ നാളായി മനസ്സിൽ കൊണ്ട് നടന്ന കാര്യമാ.

നിനക്കും എന്നോട് അങ്ങനെയെന്തെങ്കിലും തോന്നിയിട്ടുണ്ടോ എന്നറിയാൻ.. മീനാക്ഷിയുടെ മനസിലിരുപ്പ് അറിഞ്ഞപ്പോ ഞാൻ അമ്മയോട് ആ കാര്യമൊന്നു സൂചിപ്പിച്ചു. അമ്മയ്ക്കും അച്ഛനും എതിർപ്പില്ല.

പക്ഷെ എനിക്ക് അവളോട്‌ മറുപടി പറയുന്നതിന് മുൻപ് നിന്നെ അറിയണം എന്നു തോന്നി.

നിന്റെ മനസ്സിൽ ഞാൻ ഉണ്ടോയെന്നു അറിയാനൊരു ആഗ്രഹം ”

“ഞാൻ ഒരുപക്ഷെ ഹരിയേട്ടനെ ഇഷ്ട്ടപെടുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ.. ” അറിയാനുള്ള ആകാംഷയോടെ അവൾ ചോദിച്ചു.

“എന്താ സംശയം.. നമ്മൾ ഒന്നായേനേ. ”

“പിന്നേ… എല്ലാവരും കൂടെ എന്നെ കടിച്ചു കീറും.. ഹരിയേട്ടനെ തട്ടിയെടുത്തെന്ന് പറഞ്ഞു ” അവൾ ചിരിച്ചു.

“മം… ശെരിയാണ്.. എല്ലാവരും ഒന്നടങ്കം എതിർത്തേനെ.. പക്ഷെ എത്ര എതിർപ്പ് ഉണ്ടായാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലായിരുന്നു ” അവനും ചിരിച്ചു.

എന്തിനെന്നറിയാതെ ഒരു നോവ് കൃഷ്ണയുടെ ഹൃദയത്തിൽ അനുഭവപ്പെട്ടു.

ഹരിയേട്ടൻ മനസ്സിൽ തോന്നിയതെല്ലാം തുറന്നു പറഞ്ഞു.. പക്ഷെ ഞാനോ… എല്ലാം ഒളിച്ചുവെച്ചു മനസിന്റെ ഭാരം കൂട്ടുന്നു.

“പിന്നെ..പ്രണയിക്കാൻ പറ്റിയൊരു ആള്.. അപ്പൊ മീനുചേച്ചിയോ? ” അവൾ മുഖത്തൊരു ചിരി വരുത്തി ചോദിച്ചു.

“സത്യം പറഞ്ഞാൽ എനിക്ക് അവളോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല കൃഷ്ണേ..ഞാൻ ആ രീതിയിലൊന്നും കണ്ടിട്ട് കൂടി ഇല്ല.. എന്താണെന്നു അറിയില്ല.. അവൾ എന്തിനാണാവോ എന്നെ ഇഷ്ടപ്പെടുന്നത് ”

“ഹരിയേട്ടൻ മറുപടി ഒന്നും കൊടുക്കുന്നില്ലേ.. മീനുചേച്ചിയ്ക്ക് അത്ര ഇഷ്ടം ആണെന്ന് അറിഞ്ഞ സ്ഥിതിക്.. ” അവൾ പൂർത്തിയാകാതെ അവനെ നോക്കി.

“എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു നിന്റെ കാര്യത്തിൽ.. അത് ക്ലിയർ ആയ സ്ഥിതിക്ക് ഇനി മീനാക്ഷിയുടെ കാര്യത്തിൽ പ്രൊസീഡ് ചെയ്യണം.. അമ്മ നിരന്തരം എന്നോട് ചോദിച്ചുകൊണ്ട് ഇരിക്കുവാ എന്താണ് എന്റെ തീരുമാനം എന്ന് ”

ഒരു പാത്രത്തിൽ ചൂടുള്ള ഇഡ്ഡലിയും സാമ്പാറും അവനു എടുത്ത് നൽകി കൃഷ്ണ അവന്റെ അരികിലായി ഇരുന്നു.

“മീനുചേച്ചി പാവം അല്ലെ ഹരിയേട്ടാ.. ഹരിയേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ആരും എതിർപ്പ് പറയില്ല. എല്ലാവർക്കും ഈ ബന്ധത്തിൽ താല്പര്യം ഉണ്ടാവും. ”

കണ്ണ് നിറയാതിരിക്കാൻ പരമാവധി ശ്രെധിച്ചുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു.

“അവളോടെനിക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല കൃഷ്ണേ പക്ഷെ ബ്ലഡ്‌ റിലേഷനിൽ ഉള്ള ആളുകൾ തമ്മിലൊരു മാര്യേജ്… അതെനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ”

“അതിനെന്താ കുഴപ്പം. എത്രയോ ആൾക്കാർ അങ്ങനെ വിവാഹം ചെയ്തിട്ടുണ്ട്.. മീനുചേച്ചിയുടെ മുറച്ചെറുക്കൻ അല്ലെ ഹരിയേട്ടൻ. ”

അവനൊന്നു ഉറക്കെ ചിരിച്ചു.

” ഡി പെണ്ണെ.. ഈ മുറച്ചെറുക്കനെയും മുറപ്പെണ്ണിനെയും തമ്മിൽ കല്യാണം ചെയ്യിക്കുന്നതിന്റെയൊക്കെ പിന്നിൽ ഉള്ള യഥാർത്ഥ റീസൺ എന്താണെന്ന് അറിയോ ”

അവൾ ഇല്ലന്ന് തലയാട്ടി.

“പണ്ടുകാലത്തൊക്കെ തറവാടുകളിൽ ഒരുപാട് സ്വത്തും പണവും ഉണ്ടാകും. അതിന്റെയൊക്കെ അവകാശികളായ മക്കളെ മറ്റൊരു കുടുംബത്തിലേക്ക് അയക്കാതെ സമ്പത്തു നിലനിർത്താൻ വേണ്ടിയാ ഈ സ്വന്തത്തിൽ വിവാഹം ചെയ്തിരുന്നത്. കാലം ഒരുപാട് കഴിഞ്ഞിട്ടും അതൊരു ചടങ്ങ് പോലെ പലരും നടത്തുന്നു.. അത്രേ ഉള്ളു.

മാത്രവുമല്ല ബ്ലഡ്‌ റിലേഷനിൽ ഉള്ളവർ തമ്മിൽ വിവാഹം ചെയ്താൽ അവർക്കു ജനിക്കുന്ന കുട്ടികൾക്ക് ബുദ്ധിമാന്ദ്യം വരെ സംഭവിക്കാനുള്ള സാധ്യതകളും ഉണ്ട്, പൊതുവെ ഡോക്ടർമാർ ഇത്തരം കാര്യങ്ങളെ സപ്പോർട്ട് ചെയ്യില്ല ”

കൃഷ്ണ അവനെ നോക്കി നിന്നു.

” അങ്ങനെ ഉണ്ടാകും എന്നല്ല ഞാൻ പറഞ്ഞത്.. ഉണ്ടാകാൻ ഉള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.. അമ്മയോടും അച്ഛനോടുമൊക്കെ പറഞ്ഞിട്ട് അവർക്കു മനസിലാകുന്നില്ല.. അവരൊക്കെ പഴയ ആൾകാർ അല്ലെ.. കുറ്റം പറയാൻ കഴിയില്ല…”

“മീനാക്ഷിയോട് എനിക്ക് ഇഷ്ടക്കുറവ് ഇല്ല.. നിന്നെപ്പോലെ തന്നെ എന്നോട് ഒരുപാട് കെയറിങ് അവൾക്കും ഉണ്ട്.

എന്റെ എല്ലാ കാര്യങ്ങളിലും അവളും കൂടെ വേണമെന്ന ഒരു ചെറിയ വാശിയും ഉണ്ട്.. അവൾ അറിയാതെ ചില സമയത്ത് അത് പ്രകടം ആകുന്നുണ്ട്. ” അവൻ ചിരിച്ചു.

” പിന്നെ മറ്റൊരു കാര്യം ”

“എന്താണ് ” കൃഷ്ണ ചോദിച്ചു

” ഞാൻ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ കല്യാണം കഴിച്ചാൽ അവൾക്ക് ഒരിക്കലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല.. പക്ഷെ മീനാക്ഷി..

അവൾക്കു നമ്മളെ അറിയാം. നമ്മളുടെ ഹൃദയബന്ധത്തെ ഇത്രമേൽ തിരിച്ചറിയാനും അംഗീകരിക്കാനും അവൾക്കു കഴിയുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. ”

ഹരി പറഞ്ഞത് ശെരിയാണെന്നു അവൾക്കും തോന്നി. മീനുചേച്ചി ഒരിക്കൽ പോലും താനും ഹരിയേട്ടനുമായുള്ള ഇടപഴകൽ കാണുമ്പോൾ മുഷിപ്പ് കാണിച്ചിട്ടില്ല.

ഹരിയേട്ടനെ ഉള്ളിൽ കൊണ്ട് നടക്കുമ്പോഴും തന്നെയും കൂടെ ചേർത്തുപിടിച്ചിട്ടേ ഉള്ളു. അതൊരു വിശ്വാസം ആണ്..

താനും ഹരിയേട്ടനും തമ്മിലുള്ള ഹൃദയബന്ധത്തെ അത്രമേൽ വിശ്വസിക്കുന്നു എന്നതിന്റെ തെളിവ്.

ആ വിശ്വാസം ഈ കുടുംബത്തിലെ മറ്റെല്ലാവർക്കും ഉണ്ടെന്ന ബോധ്യം അവളെ ചുട്ടുപൊള്ളിച്ചു.

“നീയെന്താ ഒന്നും പറയാത്തത് ” ഹരി ചോദിച്ചു

“ഞാനെന്താ പറയുക.. ഹരിയേട്ടനെ പോലെ കടന്നു ചിന്തിക്കാനൊന്നും എനിക്കറിയില്ല..

പക്ഷെ മീനുചേച്ചിയെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോനുന്നു” കുറച്ചു നേരത്തെ ആലോചനകൾക്കു ശേഷം പൂർണ്ണമനസോടെ അവൾ പറഞ്ഞു.

“മം… ഞാനൊന്ന് കൂടി ആലോചിക്കട്ടെ.. ” ഹരി കഴിച്ചു മതിയാക്കി എഴുന്നേറ്റു.

അവളോട് യാത്ര പറഞ്ഞു ഇറങ്ങിയതും നേരം അവൻ ഒന്നുകൂടെ തിരികെ അടുക്കളയിലേക്കു എത്തി.

“ഡീ തീപ്പെട്ടിക്കൊള്ളി.. ”

കൃഷ്ണ എന്താണെന്നു പുരികം ഉയർത്തി ചോദിച്ചു

“ഞാൻ നേരത്തെ പറഞ്ഞതെല്ലാം മനസ്സിൽ നിന്നു കളഞ്ഞേക്കണേ.. എന്റെ ഓരോ വട്ടു ചിന്തകൾ അല്ലാതെയെന്താ..

നീയെന്റെ ബെസ്റ്റ് എവർ ഫ്രണ്ട് ആയിരിക്കും. എന്നും..എന്നോട് പിണക്കം തോന്നരുത് കേട്ടോ അങ്ങനെയൊക്കെ പറഞ്ഞതിൽ. ”

അവൾ ഇല്ലന്ന് പുഞ്ചിരിയോടെ പറഞ്ഞു. അവനും ചിരിയോടെ പുറത്തേക്ക് ഇറങ്ങി.
ആ ഇറങ്ങിപ്പോക്ക് തന്റെ പ്രണയത്തിന്റെ പടിവാതിലിൽ നിന്നുകൂടി ആണെന്ന് കൃഷ്ണ വേദനയോടെ മനസിലാക്കി.

*********************

കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള ഒരു ഞായറാഴ്ച. ഹരിയും അച്ഛനും അമ്മയും കൂടി ചെമ്പകശ്ശേരിയിൽ എത്തിയിരുന്നു.

അവധി ദിവസം ആയിരുന്നതിനാൽ എല്ലാവരും ഉണ്ടായിരുന്നു.

കാവ്യയും കൃഷ്ണയും ചേർന്ന് ഭക്ഷണത്തിനായി ഒരുപാട് വിഭവങ്ങൾ ഒരുക്കി. ഹരിയേട്ടൻ ഉള്ളതുകൊണ്ട് തന്നെ അവനു ഇഷ്ടമുള്ള കറികളെല്ലാം അവൾ തയ്യാറാക്കിയിരുന്നു.

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി എല്ലാവരും വന്നു.

നാരായണിയമ്മയും സതീശനും രവീന്ദ്രനും രാധാകൃഷ്ണനും പാർവതിയും ഹരിയും, ഇരുന്നു. നിങ്ങൾ കൂടി ഇരിക്കെന്നു പറഞ്ഞു പാർവതി യദുവിനെയും യാദവിനെയും ഇരുത്തി.

ബാക്കിയുള്ളവർ ഊണുമേശയ്ക്കു അരികിലായി നിൽപ്പുറപ്പിച്ചു. മീനാക്ഷിയും കൃഷ്ണയും കൂടി എല്ലാവർക്കും ഊണ് വിളമ്പി.

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ രാധാകൃഷ്ണൻ അവർ വന്നതിന്റെ വിഷയം എടുത്തിട്ടു.

“ഞങ്ങൾ വന്നതിന്റെ ഉദ്ദേശം മുഖവുര ഇല്ലാതെ അവതരിപ്പിക്കാം ”

എല്ലാവരും എന്തെന്ന് അറിയാൻ അവരെ നോക്കി.

“ഹരിയ്ക്കുവേണ്ടി മീനാക്ഷിയെ വിവാഹം ആലോചിച്ചാലോ എന്നൊരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ട് ”

ഒരു നിമിഷം മീനാക്ഷിയുടെ മുഖത്തു ഞെട്ടൽ ഉണ്ടായി. പിന്നാലെ ആ ഞെട്ടൽ നാണത്തിലേക്കു വഴിമാറുന്നത് കൃഷ്ണ ശ്രെദ്ധിച്ചു.

മറ്റുള്ളവരുടെ മുഖത്തും സന്തോഷം നിറയുന്നത് അവൾ കണ്ടു. അവൾ ഹരിയെ നോക്കി. അവൻ കൃഷ്ണയെ പുഞ്ചിരിയോടെ കണ്ണടച്ച് കാണിച്ചു. അവളും തിരികെ പുഞ്ചിരി സമ്മാനിച്ചു.

“ഈ കല്യാണം നടത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട് ”

രവീന്ദ്രനാണ് അത് പറഞ്ഞത്. എല്ലാവരുടെയും നോട്ടം അയാളിലേക്ക് ചെന്നു. മീനാക്ഷിയുടെ മുഖം മ്ലാനമാകുന്നത് കൃഷ്ണ കണ്ടു.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6