Tuesday, September 17, 2024
Novel

ജീവാംശമായ് : ഭാഗം 2

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

“വായിച്ചു തുടങ്ങിക്കോളൂ… മലയാളികളെ കാത്തിരിക്കാൻ പഠിപ്പിച്ച പുസ്തകമാണ്…”

അതും പറഞ്ഞു ആള് പുറത്തേക്ക് പോയി..

പുറം ചട്ടയിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ തലക്കെട്ട് വായിച്ചു..

എം ടി
മഞ്ഞ്

തിരിച്ചു അച്ചൂന്റെ കൂടെ വീട്ടിലേക്ക് നടക്കുമ്പോളാണ് ഒരു വീടിന്റെ നേരെ ചൂണ്ടി കാണിച്ചു കൊണ്ട് അച്ചൂ പറഞ്ഞു

“ചേച്ചീ അതാണ് ശരത്തേട്ടന്റെ വീട്…”

ഞാൻ അറിയാതെ തന്നെ കയ്യിലിരുന്ന പുസ്തകത്തിൽ എന്റെ പിടി മുറുകി… ആ കണ്ണുകൾ എന്റെ മനസിലേക്കോടിയെത്തി..

“ദേ.. ശരത്തേട്ടന്റെ അമ്മ പുറത്തുണ്ട്… ഒന്ന് കയറിയിട്ട് പോകാം”

അച്ചൂ എന്നെയും വലിച്ച് അങ്ങോട്ട് നടന്നു.

” ഇതാര് അച്ചുവോ… എത്ര നാളായി കുട്ടി കണ്ടിട്ട്… ഇപ്പൊ ഈ വഴിയൊക്കെ മറന്നൂല്ലേ…
ഇതാരാ കൂടെ? ഫ്രണ്ട് ആണോ?”

“എന്റെ ടീച്ചറമ്മേ സമയം കിട്ടാത്തത് കൊണ്ടല്ലേ… ഇപ്പോൾ അല്ലെ അവധി ആയത്…

പിന്നെ ഇത് അദി ചേച്ചി… മാധവൻ കൊച്ചച്ഛന്റെ മോൾ…”

ടീച്ചറമ്മയുടെ മുഖത്തു ആശ്ചര്യം നിറഞ്ഞു…

“മാധവന്റേം നിമ്മിയുടേം മോളാണോ? അച്ഛനും അമ്മയും വന്നിട്ടുണ്ടോ മോളെ?”

“ഉണ്ട്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഒന്ന് കാണണമെന്നുണ്ടായിരുന്നു… ഇടക്ക് ഞാനും മാഷും പറയും. ഞങ്ങൾ രണ്ടുപേരും പഠിപ്പിച്ചിട്ടുണ്ട് മാധവനേം നിമ്മിയെയും… മാഷ് ഇവിടില്ല. പുറത്തേക്ക് പോയതാ.. മോളെ കണ്ടിരുന്നേൽ ഇപ്പോൾ സന്തോഷമായേനെ..”

വാത്സല്യത്തോടെ എന്നെ തലോടിക്കൊണ്ട് ടീച്ചറമ്മ പറഞ്ഞപ്പോൾ ഇവിടുള്ളവർ എല്ലാം എത്ര നല്ലവരാണെന്നു ഞാൻ ഓർത്തു. ബന്ധുക്കൾ ആരും ഇല്ലാതിരുന്നിട്ട് ഒത്തിരി ആളുകളെ കിട്ടിയപ്പോൾ ഒരു സന്തോഷം.

ഞങ്ങൾ വേണ്ടെന്ന് പറഞ്ഞിട്ടു കൂടി ടീച്ചറമ്മ ചായ എടുത്തുകൊണ്ടു വന്നു. നാളെ ശാലിനിയും കുഞ്ഞും വരും. ഒരാഴ്ച കാണും. അതുകൊണ്ട് ഇടക്ക് കുഞ്ഞിനെ കാണാനും സംസാരിച്ചിരിക്കാനും വരണം എന്നു പറഞ്ഞാണ് വിട്ടത്.

ശരത്തേട്ടന്റെ പെങ്ങളാണ് ശാലിനി. മാഷ് വന്നിട്ട് എല്ലാരും കൂടി വീട്ടിലേക്ക് ഇറങ്ങാമെന്ന് പറഞ്ഞു… അച്ഛനേം അമ്മയേം കാണാൻ..

ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോളാണ് ശരത്തേട്ടൻ വന്നത്. ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ ഞങ്ങളെ ഒന്നു നോക്കി.

എന്താണെന്ന് അറിയില്ല അദ്ദേഹം അടുത്തു വരുമ്പോൾ എന്റെ ഹൃദയതാളം മുറുകുന്നു… ആ കണ്ണുകളിലേക്ക് നോക്കി നിൽക്കാൻ തോന്നുന്നു.
പാടില്ല… സ്വയം ശാസനയോടെ ഞാൻ കണ്ണുകൾ താഴ്ത്തി.

തിരിച്ചു പോരുമ്പോൾ ആ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടാകുമോ.. തിരിഞ്ഞു നോക്കാൻ മനസ് വെമ്പി… എന്നാൽ വേണ്ടെന്ന് തീരുമാനിച്ചു .

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വീട്ടിൽ ചെന്ന് അച്ഛമ്മയുടെ കൂടെ കുറച്ചു കൊഞ്ചി… എല്ലാവരും സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു… ഇനി ഇവിടുന്ന് ഒരു തിരിച്ചു പോക്ക് വേണ്ട എന്നുവരെ മനസ് ആഗ്രഹിച്ചു.

നല്ല കാച്ചെണ്ണ ഇട്ട് മുടി വിടർത്തി തന്നു വല്യമ്മ. താളി തേച്ചുള്ള കുളിയും കാച്ചെണ്ണയുടെ മണവുമെല്ലാം പുതിയ അനുഭവം ആയിരുന്നു.

അമ്മയേം അച്ഛനേം കാണാൻ കിട്ടാറില്ല.. അവർക്ക് എന്നെയും.. എല്ലാരും ഓരോ തിരക്കിലാണ്. ഞാൻ എനിക്ക് നഷ്ടപ്പെട്ട കുട്ടിക്കാലം ആസ്വദിക്കുന്ന തിരക്കിലും…

കിടക്കാൻ തുടങ്ങിയപ്പോൾ പെട്ടന്ന് മനസിൽ വന്നത് ശരത്തേട്ടന്റെ കണ്ണുകളാണ്. അപ്പോളാണ് പുസ്തകം കൊണ്ടുവന്നിട്ട് വായിച്ചില്ലല്ലോ എന്നോർത്തത്. വേഗം എണീറ്റു പുസ്തകം വായിക്കാൻ എടുത്തു.

അപ്പോളാണ് അച്ഛൻ റൂമിലേക്ക് വന്നത്.
“നിധീ…”

“അച്ഛാ…”

“മോൾ ഹാപ്പി അല്ലെ?”

അച്ഛൻ എന്റെ അടുത്തു വന്നിരുന്നു. ഞാൻ ബുക് അടച്ചു വെച്ച് അച്ഛന്റെ മടിയിലേക്ക് കിടന്നു.

“ഹാപ്പി ആണ്… ഒരുപാട്…”

“എന്താണ് അച്ഛനും മോളും കൂടി?” അമ്മയാണ്…

” ഇവൾ പകൽ മുഴുവൻ നാട് ചുറ്റി നടക്കുവല്ലേ… കാണാൻ കിട്ടുന്നില്ലല്ലോ… ”

“അത് ശരിയാ…” അമ്മ അച്ഛന്റെ അടുത്തു വന്നിരുന്നു… എന്റെ നെറുകയിൽ തലോടി.

” നമ്മൾ നേരത്തെ ഇങ്ങോട്ട് വരേണ്ടതായിരുന്നു അച്ഛാ… അവിടെ ആയിരുന്നപ്പോൾ നമുക്ക് ഒന്നിനും സമയമില്ല. അച്ഛനും അമ്മയ്ക്കും എന്നും ഡ്യൂട്ടി… എനിക്കും തിരക്ക്…
ഇവിടെ വന്നപ്പോൾ നമ്മൾ ഒന്ന് റീഫ്രഷ് ആയപോലെ തോന്നുന്നില്ലേ…”

“ശരിക്കും… ജോലിത്തിരക്കിനിടെ ഇങ്ങനെ ഒരു അവധി നല്ലതാണ്”

” പിന്നെ മോളെ… അടുത്ത ദിവസം ഒരു മെഡിക്കൽ കോണ്ഫറന്സ് ഉണ്ട്. അച്ഛനും അമ്മയ്ക്കും പോണം.. പോവാതെ വയ്യ…
മോൾ വരുന്നുണ്ടോ… അതോ നീ ഇവിടെ നിൽക്കുവാണോ? ”

“ഞാൻ ഇവിടെ നിന്നോളാം അച്ഛാ… അങ്ങോട്ട് വരുന്നില്ല.. എനിക്കിവിടെ ഒരുപാട് ഇഷ്ടായി…”

അച്ഛൻ സ്നേഹത്തോടെ എന്റെ നെറുകയിൽ തലോടി.

“കുറെ നാള് കൂടി നിന്റെ ചുണ്ടിൽ ഒരു നല്ല ചിരി വിടർന്നു.”
എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അമ്മ അതു പറഞ്ഞപ്പോൾ ഒരു തുള്ളി കണ്ണീർ എന്റെ മുഖത്തു പതിച്ചു. ഞാൻ തല ഉയർത്തി ഒന്നു നോക്കി.

“എന്താ ഇത് നിമ്മീ… നീ ഇനി കരഞ്ഞു അവളേം കരയിപ്പിക്കുമോ….”

അമ്മ വേഗം കണ്ണു തുടച്ചു…

“നാളെ നമുക്ക് ഒന്ന് ഓർഫനേജിൽ പോണം. മോളും വരണം…”

അങ്ങനെ സംസാരിച്ചു കിടന്ന് ഉറങ്ങി പോയി… ഇടക്കെപ്പോളോ കണ്ണു തുറന്നപ്പോൾ അച്ഛനും അമ്മയും പോയിരുന്നു…

പിറ്റേന്ന് അമ്മ വളർന്ന ഓർഫനേജിൽ പോയി… സിസ്റ്റേഴ്സിനെ പരിചയപ്പെട്ടു
അവിടുത്തെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ മനസിനൊരു വിങ്ങൽ… എന്തോ… പല കുഞ്ഞുങ്ങളുടേം മുഖം മനസിൽ നിന്നും മായുന്നില്ല.

തിരിച്ചു വീട്ടിൽ വരുമ്പോൾ മാഷും ടീച്ചറമ്മയും ഉണ്ടായിരുന്നു. വെറുതെ എന്റെ കണ്ണുകൾ ശരത്തേട്ടനെ തിരഞ്ഞു. അവിടെയെങ്ങും കണ്ടില്ല.

പിന്നീട് അവർ ഓർമ്മ പുതുക്കലും സ്നേഹ പ്രകടനവും ഒക്കെയായി…. കുറച്ചു നേരം അവരുടെ കൂടെയിരുന്നിട്ട് ഞാൻ മുറ്റത്തിറങ്ങി…

വല്യച്ഛൻ ഗേറ്റിനടുത്തു നിൽപ്പുണ്ട്. അങ്ങോട്ട് ചാഞ്ഞു നിൽക്കുന്ന കൊമ്പിലെ മാങ്ങ പറിക്കുകയാണ്.

“വല്യച്ചാ..”

“എന്താ മോളെ…?”

” കുറച്ചു കഴിയുമ്പോൾ എന്നെയും അച്ചുനേം ഒന്നു പുറത്തു കൊണ്ടു പോകുമോ?”

” കൊണ്ടു പോകാല്ലോ… ചെറിയച്ഛൻ വരും.. പോരെ? എന്താ വിശേഷം.. അച്ചൂന് എന്തെങ്കിലും വാങ്ങാനാണോ?”

“ഏയ്.. അല്ല… എനിക്ക് കുറച്ചു ഡ്രസ് വാങ്ങണം… ഇവിടെ എല്ലാരും ഇടുന്ന പോലത്തെ…നേരത്തെ പോയപ്പോൾ അച്ചൂ കൂടെ ഇല്ലാത്തത് കൊണ്ടാ വാങ്ങാത്തെ…”

അതു കേട്ടപ്പോൾ വല്യച്ഛൻ ചിരിച്ചു…
” ആയിക്കോട്ടെ… ചെറിയച്ഛനോട് പറഞ്ഞാൽ മതിട്ടോ… കൊണ്ടു പോകും..”

എൻറെ കവിളിൽ തട്ടി വല്യച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു . പെട്ടന്ന് തിരിഞ്ഞപ്പോളാണ് വല്യച്ഛനു പുറകിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ ഞാൻ കണ്ടത്…

ശരത്തേട്ടൻ….

ചെറുതായി ഒന്നു ചമ്മി… ചിരിച്ചു കാണിച്ചിട്ട് ഞാൻ അകത്തേക്കോടി… ആ കണ്ണുകളിൽ നോക്കാൻ പറ്റാത്തത് പോലെ…

ചെറിയച്ഛന്റെയും അച്ചുന്റെയും കൂടെ പോയി കുറച്ചു ഡ്രസ് എടുത്തു. ദാവണിയും പട്ടുപവാടയുമൊക്കെ ആയിരുന്നു കൂടുതൽ. വീട്ടിൽ എത്തിയപ്പോൾ വല്യമ്മ തയ്ച്ചു തരാമെന്നും പറഞ്ഞു.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അടുത്ത ദിവസം അച്ചുവിന്റെ കൂടെ അമ്പലത്തിൽ വരാൻ നിർബന്ധിച്ചു… ആ അന്തരീക്ഷം എനിക്കും ഇഷ്ടമായിരുന്നു… അമ്പലക്കുളം മനസിൽ നിന്നു മായുന്നില്ല. ഒരു ചുമന്ന പട്ടുപാവടയാണ് ഇട്ടത്…

എന്നെ ആ വേഷത്തിൽ കണ്ടപ്പോൾ വീട്ടിൽ എല്ലാവർക്കും ആശ്ചര്യം.. അച്ഛമ്മ കണ്ണു തട്ടതിരിക്കാൻ എന്തൊക്കെയോ ഉഴിഞ്ഞിട്ടാണ് വിട്ടത്… അമ്മയെ നോക്കിയപ്പോൾ സൂപ്പർ എന്നു കൈ കൊണ്ട് കാണിച്ചു…

എനിക്കും ഈ വേഷം ഒരുപാട് ഇഷ്ടായി… ഞാൻ തന്നെ മാറിയ പോലെ..

കാര്യം ഡ്രസ് ഒത്തിരി ഇഷ്ടായെങ്കിലും നടക്കാൻ നല്ല ബുദ്ധിമുട്ടാണ്… ഒരു വിധം ആണ് അമ്പലത്തിൽ എത്തിയത്…

എന്നെ കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെട്ടവർ എല്ലാം അത്ഭുതത്തോടെ നോക്കുന്നു… എല്ലാവരും നോക്കുന്ന കൊണ്ട് എനിക്കും ഒരു ചമ്മൽ…

ആൽമരച്ചുവട്ടിലേക്ക് വെറുതെ ഒന്ന് നോക്കി… കാവി മുണ്ടുടുത്ത് മൂന്നാലു ചെറുപ്പക്കാർ അവിടെയിരിക്കുന്നുണ്ട്.. അവിടെ എന്നെ നോക്കി ഒരാൾ മന്ദസ്മിതം തൂകുന്നു..

ശരത്തേട്ടൻ..

ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു.

അപ്പോളേക്കും അച്ചൂ “മഹിയെട്ടാ” എന്നു വിളിച്ചു…

ശരത്തേട്ടന്റെ തൊട്ട് അടുത്തായിരുന്ന മഹി എഴുന്നേറ്റു വന്നു.

ഞാൻ ഒരാളെ മാത്രേ കണ്ടുള്ളൂ. തൊട്ട് അടുത്തിരുന്ന മഹിയെപ്പോലും ഞാൻ കണ്ടില്ല. അതെന്താ അങ്ങനെ….

“ആദി നീ അടിപൊളി ആയല്ലോ… സൂപ്പർ ആയിട്ടുണ്ട്..” മഹിയുടെ സംസാരം കേട്ട് ഞാൻ ഒന്ന് ഞെട്ടി…

“മാഡം ഈ ലോകത്തെങ്ങും അല്ലല്ലോ…”

മഹി അത് പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചിരിച്ചു കാണിച്ചു.

“നിങ്ങൾ അമ്പലത്തിൽ കയറിയിട്ട് വാ… ഞങ്ങൾ ഇവിടെ കാണും…” എന്നു പറഞ്ഞിട്ട് മഹി പോയി..

“അച്ചൂ.. നീ തൊഴുതിട്ട് വാ… ഞാൻ കുളപ്പടവിൽ കാണും…”

എന്നെയൊന്ന് നോക്കിയിട്ട് ഒന്നും ചോദിക്കാതെ ഒരു പുഞ്ചിരിയോടെ അച്ചൂ തലയാട്ടി. തിരിച്ചു അതെന്താ എന്നൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചു.

അവൾ എന്നെ ഒത്തിരി മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഒരു സഹോദരിയോടൊപ്പം എന്റെ അടുത്ത സുഹൃത്ത് ആയും അച്ചൂ മാറിയിരുന്നു.

വെറുതെ ആ കുളപ്പടവിൽ ഇരുന്നു. പാവാട അല്പം ഉയർത്തി കാൽപ്പാദം വെള്ളത്തിൽ ഇറക്കി… നല്ല തണുപ്പ്… ശരീരത്തിനും മനസ്സിനും ഒരു കുളിർമ.

“ഇയാൾ ഇവിടിരിക്കുവാണോ?”

ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി..

തിരിഞ്ഞു നോക്കാതെ തന്നെ അത് ആരുടെ ശബ്ദമാണെന്ന് അറിയാമായിരുന്നു..

ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേൽക്കാൻ തുടങ്ങി…

“വേണ്ട.. അവിടെയിരുന്നോളൂ..”

രണ്ടു പടവ് മുകളിൽ ശരത്തേട്ടനും ഇരുന്നു. ആരും ഒന്നും സംസാരിച്ചില്ല. മൗനം വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു.

” ശരത്തേട്ടൻ എന്താ ചെയ്യുന്നേ?”

“അത് ശരി… ഇത്ര നാളായിട്ടും അറിയില്ലേ…. അച്ചൂ പറഞ്ഞില്ല…?”

“ഞാൻ ചോദിക്കാൻ വിട്ടു… അതാവും…”
ഒരു ചമ്മലോടെ ഞാൻ പറഞ്ഞു.

“ഫിസിക്സ് അധ്യാപൻ ആണ് … ഇവിടെ അടുത്ത ഗവണ്മെന്റ് കോളേജിൽ… ഇനി ജൂണിലെ ക്ലാസ് ഉള്ളൂ… അവധിയാണ്.”

ഞാൻ ചിരിച്ചു.

” സയൻസ് മാഷ് ആണെങ്കിലും സാഹിത്യം ഇഷ്ടാണല്ലേ?”

“തീർച്ചയായും… ഞങ്ങൾ കുറച്ചു പേരുടെ പരിശ്രമം കൊണ്ടാണ് വായന ശാല നന്നായി നടന്നു പോകുന്നത് തന്നെ… എല്ലാവർക്കും ജോലി ആയപ്പോൾ പഴയ പോലെ കൊണ്ടു നടക്കാൻ പറ്റുന്നില്ല…”

“മമ്..”

“താൻ ആ പുസ്തകം വായിച്ചോ?”

“ഇല്ല… വായിക്കാൻ കഴിഞ്ഞില്ല… വായിക്കണം”

“ഓ… വാങ്ങിക്കാനുള്ള തിടുക്കം മാത്രേ ഉണ്ടായിരുന്നുള്ളു അല്ലെ… ഞാൻ വിചാരിച്ചു അന്ന് തന്നെ വായിച്ചുവെന്ന്”

“സമയം കിട്ടാത്തത് കൊണ്ടാണ്.. കുറച്ചു തിരക്കായി പോയി.. വായിക്കണം” മുഖം കൂർപ്പിച്ചു കൊണ്ടാണ് ഞാൻ അത് പറഞ്ഞത്.
ആ കണ്ണുകളിൽ ഒരു കുസൃതി ചിരി വിരിഞ്ഞോ… തോന്നിയതാകും.

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിന്നീട് ഇടക്കൊക്കെ ശരത്തേട്ടന്റെ വീട്ടിൽ പോകുന്നത് പതിവായി… ശരത്തേട്ടന്റെ പെങ്ങൾ വന്നിട്ടുണ്ട്. ശാലിനി… 10 മാസമുള്ള ഒരു കുട്ടിക്കുറുമ്പനും ഉണ്ട്. അമ്പാടി…

കുഞ്ഞുള്ളത് കൊണ്ട് എപ്പോളും അങ്ങോട്ട് പോകാൻ തോന്നും…അമ്പാടിയും എന്നോട് നന്നായി ഇണങ്ങി… ടീച്ചറമ്മയും മാഷും ശാലിനിയും അമ്പാടിയുമൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

ശരത്തേട്ടനെ അങ്ങനെ കാണാറില്ല. എപ്പോളും വയനശാലയിലോ മറ്റോ ആയിരിക്കും.. ഇടക്കൊക്കെ കാണും.. വല്ലപ്പോളും ഓരോ നോട്ടം എന്നിലേക്ക് പാളി വീഴുന്നതായി എനിക്ക് തോന്നി.

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1