Thursday, June 13, 2024
Novel

ഹൃദയസഖി : ഭാഗം 16

എഴുത്തുകാരി: ടീന കൊട്ടാരക്കര

Thank you for reading this post, don't forget to subscribe!

യാത്ര തുടങ്ങിയിട്ട് അരമണിക്കൂർ കഴിഞ്ഞിരുന്നു. കൃഷ്ണ പതിയെ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. ചെമ്പകശ്ശേരിയിലെ ഓർമ്മകളാണ് മനസു നിറയെ.

അവിടുത്തെ അംഗങ്ങളും ഓർമകളും കാവും കുളവും പരിസരപ്രദേശങ്ങളും മൗനമായി സല്ലപിച്ചിരുന്ന ഓരോ ഇടങ്ങളും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.

ഇന്നലെ വരെ തന്റെയായിരുന്ന ഇവയെല്ലാം പെട്ടന്ന് അന്യമായത് പോലെ.

ഇത്രയും വേഗമൊരു പറിച്ചുനടൽ വേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി. ചെല്ലുന്ന ഇടം എങ്ങനെയാണെന്ന് യാതൊരു ഊഹവും ഇല്ല. തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകാം.അത് അനിവാര്യമാണ്.

അവയെ അംഗീകരിക്കേണ്ടിയിരിക്കുന്നു. പക്ഷെ മാനസികമായി യാതൊരു വിധ തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല.

കല്യാണം തീരുമാനിച്ചത് മുതൽ ഇന്ന് വരെ യാഥാർഥ്യത്തെ അംഗീകരിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ്.. എന്നാൽ പൂർണമായും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

കല്യാണചടങ്ങുകളിൽ പോലും താൻ യാന്ത്രികമായി നിന്നു കൊടുത്തത് പോലെ..

പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോഴും ആശങ്കകൾ ഒഴിയാതെ നിൽക്കുന്നു.

ഓരോന്നൊക്കെ ഓർത്തിരുന്നതും പടക്കം പൊട്ടുന്നത് പോലെയൊരു ശബ്ദം കേട്ടു കൃഷ്ണ പൊടുന്നനെ കണ്ണുകൾ തുറന്നു.

കാർ പെട്ടന്ന് സഡൻ ബ്രേക്കിട്ടു നിർത്തി. അഭിമന്യുവിന്റെ മുഖത്തും ചെറിയൊരു പരിഭ്രമം കണ്ടു.

ആരൊക്കെയോ റോഡിൽ കൂട്ടം കൂടി നിൽക്കുന്നു. അതിൽ ചിലർ കാറിനടുത്തേക്ക് നടന്നടുത്തു.

ഒരു നിമിഷം എന്താ സംഭവിക്കുന്നതെന്ന് കൃഷ്ണയ്ക്ക് മനസിലായില്ല. അവൾ ഭീതിയോടെ അഭിയെ നോക്കി.

എന്നാൽ അവന്റെ മുഖത്തെ പരിഭ്രമം മെല്ലെ പുഞ്ചിരിയിലേക്ക് വഴി മാറി.

” ഇങ്ങോട്ട് ഇറങ്ങിക്കോ രണ്ടുപേരും ” കൂടി നിന്നവർ ചിരിയോടെ പറഞ്ഞു.
“കൃഷ്ണ… ഇറങ്ങ്… ഇതെന്റെ കൂട്ടുകാർ ആണ് ”

അഭിമന്യു അവളെയും കൂട്ടി കാറിൽ നിന്നിറങ്ങിയതും അവർ മാലപ്പടക്കത്തിനു തീ കൊളുത്തി. തൊട്ടു പിന്നാലെ ചെണ്ടമേളവും ആരംഭിച്ചു.

കുറെ ആൺകുട്ടികളും പെൺകുട്ടികളും അവർക്ക് അരികിലേക്ക് ചിരിയോടെ നടന്നടുത്തു. എല്ലാവരും ചേർന്ന് ആഘോഷത്തോടെ ഇരുവരെയും വീട്ടിലേക്കു വരവേറ്റു.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ റോഡിലൂടെ ഇരുവരും നടന്നു. റോഡിനു ഇരുവശത്തുമുള്ള വീട്ടുകാർ എല്ലാം പുറത്തിറങ്ങി നോക്കി നിൽക്കുന്നുണ്ടായിരുന്നു.

വലിയ മേളത്തിന്റെ ഇടയിലൂടെ ഇത്രയും പേരോടൊപ്പം എല്ലാ ആൾക്കാരുടെയും ശ്രെദ്ധകേന്ദ്രമായി നടന്നതും കൃഷ്ണയ്ക്ക് എന്തോ വല്ലായ്ക തോന്നി.

പക്ഷെ അഭിമന്യു അതെല്ലാം ആസ്വദിച്ചു വളരെ സന്തോഷത്തിൽ ആയിരുന്നു നടന്നത്.

ഇത്രയയധികം സുഹൃത്തുക്കൾ അവനു ഉണ്ടായിരുന്നോ എന്ന് അവൾ ചിന്തിച്ചു പോയി. അവളുടെ മുഖത്തെ അങ്കലാപ്പ് കണ്ടതും അഭി കൃഷ്ണയുടെ കൈകളെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

“പേടിക്കേണ്ട.. ജസ്റ്റ്‌ ഫൺ അത്രേ ഉള്ളു ” അവൻ പറഞ്ഞു. അവൾ തലയാട്ടി.

നടപ്പ് അവസാനിച്ചത് വലിയൊരു ഇരുനില വീടിനു മുൻപിൽ ആയിരുന്നു.

“വീടെത്തി ” അഭി അവളോട്‌ പറഞ്ഞു. പിന്നാലെയുള്ള വണ്ടികളിൽ അഭിമന്യുവിന്റെ ബന്ധുക്കളും കൂടെ വന്നവരും വന്നിറങ്ങി.

അകത്തുനിന്നും കത്തിച്ച വിളക്കുമായി നിറഞ്ഞ ചിരിയോടെ ജാനകിയും അഭിയുടെ ഏട്ടത്തിമാരും ഇറങ്ങിവന്നു.

“മോളുടെ അടുത്തേക്ക് നില്ക്കു അഭി, ആരതി ഉഴിയട്ടെ ” പ്രതാപൻ പറഞ്ഞു. അവൻ കൃഷ്ണയോട് ചേർന്ന് നിന്നു. ജാനകി ആരതി ഉഴിഞ്ഞശേഷം വിളക്ക് കൃഷ്ണയുടെ കയ്യിലേക്ക് കൊടുത്തു. അവളതു പ്രാർത്ഥനയോടെ വാങ്ങി.

“വലതുകാൽ വെച്ച് അകത്തേക്ക് കയറ് മോളെ ” ജാനകി പറഞ്ഞു. അഭിയെ ഒന്ന് നോക്കിയതിനു ശേഷം കൃഷ്ണ വലതുകാൽ വെച്ച് അകത്തേയ്ക്ക് കയറി. പിന്നാലെ അഭിയും പ്രതാപനും അർജുനും അനിരുദ്ധും ബാക്കിയുള്ളവരും കയറി.

“നേരെ പോയാൽ കാണുന്നതാ പൂജാമുറി. വിളക്ക് അവിടെ വച്ചേയ്ക്കു ..”

അവർ പറഞ്ഞു
“നീയും കൂടെ ചെല്ലെടാ ” അർജുൻ അഭിയേയും അവളോടൊപ്പം പറഞ്ഞുവിട്ടു. പൂജാമുറിയിൽ വിളക്ക് വെച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു ഇരുവരും പുറത്തേക്ക് ഇറങ്ങി.

അടുത്ത ചില ബന്ധുക്കളും അയൽക്കാരുമൊക്കെ മുറിയിൽ കൂടി നിന്നിരുന്നു. കൃഷ്ണ എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

“ചെക്കനും പെണ്ണിനും അല്പം മധുരം കൊടുക്കണം.. അതാ പതിവ് ” കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായെത്തി അഭിയുടെ അമ്മായി പറഞ്ഞു.

ജാനകി ഒരു സ്പൂണിൽ ഇരുവർക്കും പാൽ നൽകി.പിന്നാലെ പ്രതാപനും അഭിയുടെ ഏട്ടന്മാരും ഏട്ടത്തിമാരും രണ്ടുപേർക്കും മധുരം നൽകി. കുറച്ചു നേരം എല്ലാവരും അവരോട് സംസാരിച്ചുകൊണ്ടിരുന്നു.

അഭിമന്യുവിന്റെ കൂട്ടുകാർ വന്നു വിളിച്ചത് കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. കൃഷ്ണ ഒറ്റയ്ക്ക് ആയതും ബന്ധുക്കളും പരിചയക്കാരും അവളെ വളഞ്ഞു.

വിശേഷങ്ങൾ ചോദിച്ചും അഭിപ്രായങ്ങൾ പറഞ്ഞും എല്ലാവരും അവളെ വീർപ്പുമുട്ടിച്ചു.

ചില ചോദ്യങ്ങൾ അവൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് അവൾ എല്ലാവർക്കും മറുപടി നൽകിയത്. അവരെ ആരെയും മുൻപരിചയം ഇല്ല.

ഇതുവരെയും പരിചയം ഇല്ലാത്തവരോട് താൻ അധികം മിണ്ടിയിട്ടും ഇല്ലല്ലോ എന്നവൾ ഓർത്തു.

വീണ്ടും വീണ്ടും തന്റെ അനാഥത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് അവളെ അസ്വസ്ഥയാക്കി.

അഭിമന്യു അടുത്തുണ്ടായിരുന്നെങ്കിൽ എന്നവൾ മനസുകൊണ്ട് ആഗ്രഹിച്ചു. കണ്ണുകൾ അവനെ തേടിയെങ്കിലും കണ്ടെത്താൻ ആയില്ല.

“കൃഷ്ണേ ഈ സാരിയൊന്ന് മാറ്റിവരാം ” അഭിയുടെ ഏട്ടത്തിയമ്മമാരായ സ്വപ്നയും വീണയും അവളോട്‌ പറഞ്ഞു. ബന്ധുക്കളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തോടെ അവൾ ഏട്ടത്തിമാരോടൊപ്പം അകത്തേക്ക് പോയി.

” എല്ലാവരും ഓരോന്ന് ചോദിച്ചു മുഷിപ്പിച്ചോ ”

അകത്തെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ സ്വപ്ന ചോദിച്ചു.
“ഏയ് ഇല്ല “അവൾ പറഞ്ഞു

താഴത്തെ നിലയിൽ കിഴക്കുവശത്തായി ഉള്ള ഒരു മുറിയിലേക്ക് അവർ കയറി. അഭിപ്രായ കമ്മറ്റിയിലെ ആരും അകത്തേക്ക് വരാതിരിക്കാനായി അവൾ കഥകടച്ചു കുറ്റിയിട്ടു. കൃഷ്ണ മുറി നിരീക്ഷിച്ചു.

“അഭിയുടെ മുറി ഇത് അല്ല കേട്ടോ. അത് മുകളിലത്തെ നിലയിലാണ്. ഇപ്പോ നമ്മൾ സാരി മാറാൻ വേണ്ടി ഇങ്ങോട്ടേക്ക് വന്നതാ.”

കബോഡിൽ നിന്ന് ഒരു കവർ എടുത്തു കൊണ്ട് വീണ പറഞ്ഞു. കവർ തുറന്നു ഒരു പിങ്ക് നിറത്തിലെ സാരി പുറത്തെടുത്തു.

“അഭിയുടെ സെലക്ഷൻ ആണ് എങ്ങനെയുണ്ട്.”
സാരി അവൾക്ക് നേരെ നീട്ടിക്കൊണ്ട് വീണ ചോദിച്ചു.

“നന്നായിട്ടുണ്ട്” സാരിയിൽ വിരലോടിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു.
” നിശ്ചയം കഴിഞ്ഞ് പിറ്റേന്ന് ഞങ്ങൾ പർച്ചേസിംഗിന് പോയിരുന്നു.

അന്ന് എടുത്ത സാരിയാണ് ഇത്. ഞങ്ങളും അമ്മയും ചേർന്ന് മറ്റൊരു സാരിയാണ് നോക്കി വെച്ചത്.അത് അഭിയ്ക്ക് ഇഷ്ടമായില്ല അവൻ തന്നെ നോക്കി വാങ്ങിയതാണ് ഈ സാരി.”

“അതിന് അവൻ എത്രനേരം എടുത്തെന്നു അറിയുമോ..

ഞങ്ങൾ ഓരോ സാരി ചൂണ്ടി കാണിക്കുമ്പോഴും അത് കൃഷ്ണയ്ക്ക് ചേരില്ല എന്ന് പറഞ്ഞു അവൻ റിജക്റ്റ് ചെയ്തു കൊണ്ടേയിരുന്നു.

അവസാനം പുള്ളിക്കാരനു മനസ്സിനിഷ്ടപ്പെട്ടതാണിത്. ” വീണ പറഞ്ഞു.
കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു.

സ്വപ്നയും വീണയും ചേർന്ന് അവളെ ഭംഗിയായി സാരി ഉടുപ്പിച്ചു. വാടിത്തുടങ്ങിയ മുല്ലപ്പൂ മാറ്റി മുടി അഴിച്ചു കെട്ടി. ആഭരണങ്ങൾ മിതമായി അണിയിച്ചു.

“എങ്ങനെയുണ്ട് കാണാൻ ”
കൃഷ്ണയെ പിടിച്ചു കണ്ണാടിയ്ക്ക് മുൻപിലേക്ക് നിർത്തിക്കൊണ്ട് വീണ ചോദിച്ചു.

“നന്നായിട്ടുണ്ട് ” അവൾ പറഞ്ഞു.

വീണയും സ്വപ്നയും അവളോട് നിർത്താതെ സംസാരിച്ചുകൊണ്ട് ഇരുന്നു. അവൾക്കും അവരുടെ സാമീപ്യം ഒരു ആശ്വാസം നൽകി.

മറ്റുള്ളവരെ പോലെ അനാവശ്യ ചോദ്യങ്ങളും സംഭാഷണങ്ങളും ഇല്ലന്ന് മാത്രമല്ല അടുത്ത കൂട്ടുകാരികളെ പോലെയാണ് ഇരുവരും അവളോട് ഇടപെട്ടതും. ജാനകിയോട് എന്ന പോലെ ഏട്ടത്തിമാരോടും അവൾ ഇണങ്ങിക്കഴിഞ്ഞിരുന്നു.

” ഇന്ന് രാത്രി ഇവിടെ റിസെപ്ഷൻ നടത്താൻ അച്ഛനും ഏട്ടന്മാരും കൂടി തീരുമാനിച്ചതാ. പക്ഷെ അഭിയാ പറഞ്ഞത് നാളെ കൃഷ്ണയ്ക്ക് എക്സാം ഉള്ളതാ.

അത്കൊണ്ട് റിസപ്ഷൻ മാറ്റിവെയ്ക്കാമെന്ന് ” വീണ പറഞ്ഞു.

അപ്പോഴാണ് തനിക്ക് നാളെ എക്സാം ഉണ്ടെന്ന ബോധ്യം അവൾക്ക് ഉണ്ടായത്.

“എന്തെ മറന്നു പോയോ അക്കാര്യം ” സ്വപ്ന ചോദിച്ചു

“മറന്നിട്ടില്ല.. പക്ഷെ ഇന്നലെയും ഇന്നുമായി ആകെ തിരക്കിലായിരുന്നു.അത്കൊണ്ട് പഠിത്തമൊന്നും നടന്നിട്ടില്ല. ”

“ഇവിടെ അഭി ആകെ ബഹളം ആയിരുന്നു. കൃഷ്ണയ്ക്ക് എക്സാം ആണ്. പഠിക്കണം, അതിന്റെ ഇടയിൽ റിസപ്ഷൻ നടത്തി അവളെ ബുദ്ധിമുട്ടിക്കേണ്ട എന്നൊക്കെ ”

“ഇവൻ കല്യാണം മാറ്റിവെക്കാൻ പറയുമോ എന്ന്പോലും ഞങ്ങൾ ചിന്തിച്ചു പോയി ” അവർ ചിരിയോടെ പറയുന്നത് കൃഷ്ണ അതിശയത്തോടെ കേട്ടിരുന്നു.

അവരോട് സംസാരിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്.

“ആഹ്.. നീ ആയിരുന്നോ അഭി ” വാതിൽ തുറന്നുകൊണ്ട് സ്വപ്ന ചോദിച്ചു.

“ഏട്ടത്തി കൃഷ്ണ എവിടെ ” അവൻ അന്വേഷിച്ചു

“ദേ ഇവിടെയുണ്ട്.. സാരി മാറ്റാൻ വേണ്ടി വന്നതാ. ”

“മം.. അങ്ങോട്ടൊന്നു വരാൻ പറയണേ ” അവൻ തിരികെ പോകാൻ തുടങ്ങി

“നീ അകത്തേക്ക് കയറിക്കോ.. അവൾ റെഡി ആയി നിക്കുവാ ” സ്വപ്ന പറഞ്ഞു

” അഭീ.. നോക്കിക്കേ നിന്റെ സെലെക്ഷൻ തെറ്റിയിട്ടില്ല കേട്ടോ ” കൃഷ്ണയെ മുന്നിലേക്ക് നീക്കി നിർത്തി വീണ പറഞ്ഞു.

അവൻ കണ്ണെടുക്കാതെ അവളെ നോക്കി.

അവൻ മനസ്സിൽ കരുതിയ പോലെ തന്നെ, വളരെയധികം നന്നായി കൃഷ്ണയ്ക്ക് ആ സാരി ഇണങ്ങുന്നുണ്ടായിരുന്നു. തന്റെ സെലെക്ഷൻ തെറ്റിയിട്ടില്ല. അവൻ മനസ്സിൽ ചിന്തിച്ചു.

അഭി കൃഷ്ണയെയും കൂട്ടി പുറത്തേക്ക് നടന്നു. വാതിലിനു അരികിൽ നിന്ന ആൾക്കാരുടെ അടുത്തേക്ക് അവർ ചെന്നു.

“കൃഷ്ണ.. ഇതൊക്കെ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. കിരൺ, അതുൽ, കീർത്തി, അമേയ, ശരണ്യ, പ്രണവ്. അവൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി.

“ഫ്രണ്ട്സ് എന്ന് പറഞ്ഞാൽ കട്ട ഫ്രണ്ട്സ്.. ഞങ്ങൾ ഇത്രയും പേരും LKG മുതൽ ഒരുമിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചു വളർന്നവരാ. ” കിരൺ പറഞ്ഞു

“വീടും ഇവിടെ അടുത്ത് തന്നെയാ. പണ്ട് മുതലേ എല്ലാകാര്യത്തിനും ഞങ്ങൾ ഒരുമിച്ചാ.+2 വരെ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ. കോളേജിലേക്ക് വന്നപ്പോൾ ശരണ്യയും അമേയയും കിരണും ഞാനും ഒരുമിച്ചു ആയിരുന്നു. ” അഭി പറഞ്ഞു.

“ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പായയിൽ ഉറങ്ങിയെന്നൊക്കെ പറയില്ലേ.. ഏകദേശം അതുപോലെ ” ശരണ്യ പറഞ്ഞു.
കൃഷ്ണ എല്ലാം പുഞ്ചിരിയോടെ കേട്ടു നിന്നു.
ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടുന്നതും ഒരു ഭാഗ്യമാണല്ലോ എന്നവൾ ചിന്തിച്ചു.

“ഇവന്റെ കല്യാണമെന്ന് പറയുമ്പോ അതൊന്ന് കൊഴുപ്പിക്കണ്ടേ.. അതിന്റെ ആഘോഷമാ നേരത്തെ കണ്ടത്..പ്രത്യേകിച്ച് അവൻ മനസ്സിൽ കൊണ്ട് നടന്ന ദിവ്യ പ്രേമം ആകുമ്പോ ” അതുൽ കളിയാക്കി ചിരിച്ചു.

“ഡാ നിർത്തിക്കെ… എന്നിട്ട് പൊയ്ക്കോ എല്ലാരും. ” അഭിമന്യു ഗൗരവത്തിൽ ആയി.

“കൃഷ്ണയ്ക്ക് അറിയോ..ഞങ്ങൾ കോളേജിൽ ആയിരുന്ന സമയം ബ്രേക്ക്‌ ടൈം ആയാൽ ഉടനെ ബൈക്ക് എടുത്ത് ഇവന്റെയൊരു പോക്ക് ഉണ്ട്..

തന്റെ സ്കൂളിലേക്ക്.. അവിടെ പരിസരത്തെല്ലാം കറങ്ങി നടന്നിട്ട് എന്നും 1 അവർ ക്ലാസ്സ്‌ ഇവൻ കട്ട്‌ ആക്കാറുണ്ടായിരുന്നു. ”

കീർത്തി പറഞ്ഞത് കേട്ടു കൃഷ്ണ അഭിയെ അമ്പരപ്പോടെ നോക്കി. അവന്റെ മുഖത്തു ചെറിയൊരു ചമ്മൽ പോലെ തോന്നിച്ചു.

ആദ്യമായാണല്ലോ ഈ മുഖത്തു ഇങ്ങനെയൊരു ഭാവം എന്ന് അവളും ചിന്തിച്ചു. ഉള്ളിൽ വന്ന തോന്നൽ ഒരു ചിരിയായി ചുണ്ടിലേക്ക് വന്നു.

“ഞങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും പങ്കുവെക്കും.. പണ്ട് മുതലേ അങ്ങനെയാ.. അഭി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരന്തരം പറയുന്നത്കൊണ്ട് ഞങ്ങൾ എല്ലാർക്കും തന്നെ നല്ലത് പോലെ അറിയാം ” പ്രണവ് പറഞ്ഞു.

” ദേ ഇവൻ പോലിസ് ആയതു പോലും തനിക്ക് വേണ്ടിയാ കേട്ടോ ” കിരൺ പറഞ്ഞതും അഭിമന്യു അവന്റെ കയ്യിൽ പിടുത്തമിട്ടു.

“ഇപ്പോ വരാമേ ” കൃഷ്ണയോട് പറഞ്ഞു അവൻ കിരണും പ്രണവും അതുലുമായി അല്പം അകലേക്ക് മാറി നിന്നു. കൃഷ്ണ സംശയത്തോടെ അവനെ നോക്കി.

“അഭിയ്ക്ക് തന്നെ ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അത്ര കാര്യമാക്കിയില്ല ആദ്യമൊന്നും..

പക്ഷെ അവൻ തന്റെ കാര്യത്തിൽ കാണിക്കുന്ന കെയർ കണ്ടപ്പോൾ, താൻ അവഗണിച്ചിട്ടും ഒരുപാട് സ്നേഹം ഉള്ളിൽ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ മനസിലായി അവനു കൃഷ്ണയോടുള്ള ഇഷ്ടത്തിന്റെ വ്യാപ്‌തി. ”

ശരണ്യ പറയുന്നത് കേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു ചെറിയ നീറ്റൽ കൃഷ്ണയ്ക്ക് അനുഭവപ്പെട്ടു.

“അവനു തന്നെ ഒരുപാട് ഇഷ്ടമാടോ.. തന്റെ നിഴലു പോലെ കൂടെ ഉണ്ടായിരുന്നു പലയിടത്തും..ഞങ്ങൾ എല്ലാം ആ വൺ സൈഡ് സ്നേഹത്തിന്റെ സാക്ഷികളാ..

ഈ കല്യാണം ഉറപ്പിച്ചപ്പോഴും ഞങ്ങൾ അത്ര അധികം സന്തോഷിച്ചത് അത് കൊണ്ടാണ് ” കൃഷ്ണയുടെ കൈകൾ പിടിച്ചുകൊണ്ടു കീർത്തി പറഞ്ഞു

” പഠിത്തം കഴിഞ്ഞ ഉടനെ തന്നെ തന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത് പോലും അവന് തന്നെ മറ്റാർക്കും വിട്ടു കൊടുക്കാൻ കഴിയാത്തതുകൊണ്ടാ..”

ശരണ്യ പറയുന്നത് കേട്ടതുംകൃഷ്ണയുടെ കണ്ണുകൾ വിടർന്നു.

“വീട്ടിൽ വന്നു പെണ്ണ് ചോദിച്ചെന്നോ… പഠിത്തം കഴിഞ്ഞ ഉടനെയോ ” അവൾ അമ്പരപ്പോടെ ചോദിച്ചു.

“അതെ.. അവിടെ ഒരു മുത്തശ്ശി ഇല്ലേ… ആ മുത്തശ്ശിയോട് അഭി വർഷങ്ങൾക്ക് മുൻപേ തന്നെ കല്യാണം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ”

തലയിൽ ഒരുതരം മരവിപ്പ് ഉണ്ടാകുന്നത് കൃഷ്ണ അറിഞ്ഞു.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13

ഹൃദയസഖി : ഭാഗം 14

ഹൃദയസഖി : ഭാഗം 15