Wednesday, October 23, 2024
Novel

ഹൃദയസഖി : ഭാഗം 1

എഴുത്തുകാരി: ടീന കൊട്ടാരക്കര


അടുക്കളയിൽ നിന്ന് പായസത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറിയപ്പോഴാണ് മീനാക്ഷി ഉറക്കം ഉണർന്നത്. സമയം നോക്കിയപ്പോൾ ഏഴര.

“നേരത്തെ ഉണരണമെന്നു കരുതിയതാ.. എന്നിട്ടും താമസിച്ചല്ലോ ഭഗവാനെ ”

തല വഴി പുതച്ചിരുന്ന പുതപ്പ് മാറ്റി അവൾ എഴുന്നേറ്റു. കുളിച്ചു പെട്ടന്ന് തന്നെ അവൾ അടുക്കളയിലേക്ക് എത്തി. നോക്കുമ്പോൾ അടുക്കളയിൽ അമ്മയും ചെറിയമ്മയും ഉണ്ട്. അടുപ്പിലെ ചെമ്പിൽ പായസം തയ്യാറായി ഇരിക്കുന്നു. ഒരു ചെറിയ കിണ്ണത്തിൽ പായസം എടുത്ത് അവൾ ചുണ്ടോടു ചേർത്തു.

“എന്താ നീ എഴുന്നേൽക്കാൻ വൈകിയേ.. ഞാൻ പറഞ്ഞതല്ലേ നേരത്തെ എണീറ്റു വരണമെന്ന് ” സുഭദ്ര ദോശ മറിച്ചിട്ടുകൊണ്ട് അവളോട് ചോദിച്ചു.

“ഇന്നലെ രാത്രി പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്യാൻ ഉണ്ടായിരുന്നു അമ്മേ.. പിന്നെ കിടന്നപ്പോ താമസിച്ചു ”

” നീ ഈ അവിയൽ ഒന്ന് രുചിച്ചു നോക്കിക്കേ, എങ്ങനെയുണ്ടെന്നു.. ഞാൻ ഉണ്ടാക്കിയതാ ” ശോഭ അവളുടെ നേർക്ക് ഒരു തവിയിൽ അല്പം അവിയൽ നീട്ടി.

“മം… ഗംഭീരം.. ” മീനാക്ഷി അല്പം രുചിച്ചു നോക്കിയതിനു ശേഷം പറഞ്ഞു.

” അത് ചെറിയമ്മ ഉണ്ടാക്കിയത് അല്ല മീനുവേച്ചി .. കൃഷ്ണ ചേച്ചി ഉണ്ടാക്കിയതാ..അവിയൽ മാത്രമല്ല.. പായസവും ഇവിടെയുള്ള കറികൾ എല്ലാം കൃഷ്ണേച്ചിയാ ഉണ്ടാക്കിയത്. ഇവരെല്ലാം ഇപ്പോ വന്നതേ ഉള്ളു ”
അങ്ങോട്ടേക്ക് വന്ന കുട്ടി കുറുമ്പി നിവിയ മോൾ മീനാക്ഷിയോട് പറഞ്ഞു.

” അത് പിന്നെ എനിക്ക് അറിഞ്ഞൂടെ മോളെ, പായസത്തിന്റെ മണം കിട്ടിയപ്പോ തന്നെ മനസിലായി അത് കൃഷ്ണ വെച്ചത് ആണെന്ന് ” മീനാക്ഷി ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടതും സുഭദ്രയുടെയും ശോഭയുടെയും മുഖം മങ്ങി. നിവിയമോൾ അപ്പുറത്തേക്ക് കളിക്കാനായി ഓടിപോയി.

“എവിടെ കൃഷ്ണ… ” അവൾ ചോദിച്ചു

“ആ അപ്പുറത്തു എവിടേലും കാണും ” ശോഭ അലക്ഷ്യമായി പറഞ്ഞു

മീനാക്ഷി പായസം രുചിച്ചുകൊണ്ട് പിന്നാമ്പുറത്തേക്ക് ഇറങ്ങി. കൃഷ്ണയെ നോക്കി അവൾ അവിടവിടെ നടക്കുമ്പോഴാണ് യദു വന്നത്. മീനാക്ഷിയുടെ നേരെ മൂത്തത് ആണ് യദു.

“കൃഷ്ണ എവിടെ ” അവനും അന്വേഷിച്ചു. മറുപടി കിട്ടുന്നതിന് മുൻപ് തന്നെ മീനാക്ഷിയുടെ കയ്യിൽ നിന്നും പായസകിണ്ണം യദു തട്ടിയെടുത്തിരുന്നു

“ഞാനും നോക്കി ഇറങ്ങിയതാ കാണുന്നില്ല ”

“അല്ല ആരാ ഈ കൃഷ്ണാവതാരം.. ഇന്നലെ മുതൽ കേൾക്കുവാ, ഒന്ന് കാണാൻ പറ്റിയില്ലല്ലോ ”

അങ്ങോട്ടേക്ക് കടന്ന് വന്ന ശ്രാവൺ ചോദിച്ചു. യദുവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ്‌ ശ്രാവൺ. തലേന്ന് രാത്രി ഒരു ദിവസം തറവാട്ടിൽ നിൽക്കാനായി വന്നതാണ്.

“അതിനു നീ എല്ലാരേം പരിചയപ്പെട്ടോ.. ഇന്നലെ വന്നതും കിടന്ന് ഉറങ്ങിയത് അല്ലെ ” യദു ചോദിച്ചു.

“നീ പരിചയപ്പെടുത്തി തന്നില്ലല്ലോ.. എല്ലാരേം ഒന്ന് കാണിച്ചു തായോ ” അവൻ മൂരിനിവർന്നു കൊണ്ട് പറഞ്ഞു.

നമുക്കും ഇവരെയൊന്നു പരിചയപ്പെടാം, അല്ലെ..😊

ഇത് ചെമ്പകശ്ശേരി തറവാട്. നാട്ടിലെ അറിയപ്പെടുന്ന കുടുംബക്കാരാണ്. ചെമ്പകശ്ശേരിക്കാർ എന്നാൽ നാട്ടിൽ നല്ല നിലയും വിലയുമുള്ള കൂട്ടരാണ്.
ചെമ്പകശ്ശേരിയിലെ മുതിർന്ന അംഗമാണ് നാരായണി അമ്മ. നാരായണി അമ്മയ്ക്ക് മൂന്ന് മക്കൾ. മൂത്ത ആൾ രവീന്ദ്രൻ. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ, ഭാര്യ സുഭദ്ര, അവർക്ക് മൂന്ന് മക്കളാണ്, യദു, മീനാക്ഷി, യാദവ്. യദുവിന്റെ കല്യാണം കഴിഞ്ഞു. ഭാര്യ കാവ്യാ ഒരു മകളുണ്ട് നിവിയ.
മീനാക്ഷി പോസ്റ്റ്‌ ഗ്രാജുവേറ്റ് സ്റ്റുഡന്റ് ആണ്. യാദവ് ഡിഗ്രിക് പഠിക്കുന്നു.

രവീന്ദ്രന്റെ നേരെ ഇളയത് സതീശൻ, അയാളുടെ ഭാര്യ ശോഭ, അവർക്കും മൂന്ന് മക്കൾ ദേവിക, ധന്യ, ധ്വനി. ദേവികയും മീനാക്ഷിയും ഒരേ പ്രായമാണ്. ധന്യ ഡിഗ്രി അവസാന വർഷവും ധ്വനി എഞ്ചിനീയറിംഗ് ആദ്യ വർഷവും.

മൂന്നാമത്തെ ആളാണ് പാർവതി. ചെമ്പകശ്ശേരിയിലെ നാരായണി അമ്മയുടെ ഇളയ മകൾ. പാർവതിയെ വിവാഹം ചെയ്ത് അയച്ചിരിക്കുന്നതും അടുത്ത സ്ഥലത്ത് തന്നെയാണ്. മക്കൾ എല്ലാം കൺവെട്ടത്തു തന്നെയുണ്ടാകണം എന്നത് നാരായണി അമ്മയുടെ നിർബന്ധം ആയിരുന്നു. പാർവതിക്ക് രണ്ടു മക്കൾ, മൂത്തയാൾ ഹരി. ഡോക്ടർ ആണ്. ഇപ്പോൾ MBBS കഴിഞ്ഞ് MD ചെയ്യുന്നു. ഇളയത് ഹൃദ്യ. അവൾ MBBS ആദ്യവർഷം ആണ്.

ഇത്രയും പേരാണ് ചെമ്പകശേരി തറവാട്ടിലെ അംഗങ്ങൾ. രവീന്ദ്രനും സതീശനും കുടുംബമായി തറവാട്ടിൽ തന്നെയാണ് താമസം. പാർവതി ഇടക്കിടക്ക് തറവാട്ടിൽ വന്നു പോകും.

പിന്നെയുള്ളത് മറ്റൊരാളാണ്.

‘ കൃഷ്ണ !’……. “കൃഷ്ണ വേണി ”

നാരായണി അമ്മയുടെ അകന്ന ബന്ധത്തിലെ ഒരു കുട്ടിയാണ്. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയി. അവൾക്ക് 12 വയസുള്ളപ്പോൾ അച്ഛനും പോയി. കടം കയറി ആന്മഹത്യ ചെയ്തത് ആണ്. ആരോരും ഇല്ലാതെ ഒരു ചെറിയ വീട്ടിൽ കഴിഞ്ഞിരുന്ന അവളെ നാരായണി അമ്മ ചെമ്പകശ്ശേരിയിലേക്ക് കൂട്ടികൊണ്ട് വന്നു. സ്വന്തമെന്ന് പറയാൻ കൃഷ്ണയ്ക്കു അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ നിൽക്കുന്ന വീട് മാത്രമേ ഉള്ളു. അതും ഇപ്പോൾ നഷ്ടപ്പെടുമെന്ന രീതിയിലാണ്. അച്ഛന്റെ പെങ്ങളും മകനും അത് കയ്യടക്കി വെച്ചിരിക്കുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് അവൾ ആ ചെറിയ വീട്ടിലേക്ക് പോകാറുണ്ട്.

വേറെ സ്വന്തക്കാർ ആരും തന്നെ കൃഷ്ണവേണിക്ക് ഇല്ല. അമ്മ താഴ്ന്ന ജാതിയിലുള്ള ഒരാളെ സ്നേഹിച്ചു വിവാഹം ചെയ്തതോടെ അമ്മയുടെ കുടുംബക്കാർ പടിയടച്ചു പിണ്ഡം വെച്ചു.സ്നേഹിച്ച ആളോടൊപ്പം നല്ലൊരു ജീവിതം കൊതിച്ചെങ്കിലും അച്ഛന്റെ വീട്ടുകാർ അമ്മയെ ഒരുപാട് ദ്രോഹിക്കുകയാണ് ചെയ്തത്. ഇല്ലാത്ത ബാധ്യതകൾ വരുത്തി കൃഷ്ണയുടെ കുടുംബത്തെ അച്ഛൻവീട്ടുകാർ മുടിപ്പിച്ചു. രോഗത്തിന് അടിമയായി അമ്മയും സ്വയം മരണത്തിനു കീഴടങ്ങി അച്ഛനും പോയപ്പോൾ കൃഷ്ണ വേണി ചെമ്പകശ്ശേരിയിൽ എത്തി.

+2 വരെ ഇവിടുള്ളവർ കൃഷ്ണയെ പഠിപ്പിച്ചു. നന്നായി പഠിക്കും അവൾ. +2വിനു ഉയർന്ന മാർക്കോടെയാണ് പാസായത്. എങ്കിലും തുടർന്നുള്ള പഠന ചിലവുകൾ ഓർത്തിട്ടാകണം ഇനി പഠിക്കേണ്ടന്ന് കൃഷ്ണ തീരുമാനിച്ചു.
തറവാട്ടിലെ എല്ലാ പണികളും യാതൊരു മടിയും കൂടാതെ അവളാണ് ചെയ്യുക. രവീന്ദ്രനും സതീശനും കൃഷ്ണവേണിയെ മകളായി തന്നെയാണ് കാണുന്നത്. തുടർന്ന് എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്നു അവർ പറഞ്ഞെങ്കിലും അവളത് സ്നേഹത്തോടെ നിരസിച്ചു. സുഭദ്രയുടെയും ശോഭയുടെയും എതിർപ് ഉണ്ടാകുമെന്ന് കൃഷ്ണയ്ക്ക് അറിയാമായിരുന്നു.
മീനാക്ഷിയ്ക്കു കൃഷ്ണ സ്വന്തം അനിയത്തി ആണ്. അതിലുപരി നല്ലൊരു കൂട്ടുകാരിയും. യദുവിനും ധന്യയ്ക്കും ധ്വനിക്കും അങ്ങനെ തന്നെ. എങ്കിലും കൃഷ്ണവേണിയെ അംഗീകരിക്കാൻ സാധിക്കാത്ത ചിലരും ചെമ്പകശ്ശേരിയിൽ ഉണ്ട്. അതിലൊരാളാണ് നാരായണി അമ്മ.!

“അപ്പോൾ കൃഷ്ണ ആണിവിടെ മെയിൻ ആൾ അല്ലെ.. ” ശ്രാവൺ ചോദിച്ചു

“അതെ.. എല്ലാം അടുക്കും ചിട്ടയുമായി ചെയ്യും. രാവിലെ കയറുന്നതാ അടുക്കളയിൽ, പാചകം എല്ലാം അവൾ തന്നെ. അമ്മയും ചെറിയമ്മയും കൂടെ നിൽകുമെന്നെ ഉള്ളു ” മീനാക്ഷി പറഞ്ഞു

“ഇതിനിടയിൽ ആ കുട്ടി എങ്ങനെ പഠിച്ചു ജയിച്ചു എന്ന മനസിലാകാത്തത്.. അത്രക്ക് പണിയുണ്ടേ ഇവിടെ.. എന്നാലും എല്ലാവർക്കും കാണും അവളുടെ മേൽ ഓരോ പരാതികൾ. കറിക്ക് ഉപ്പ് കൂടി മുളക് കുറഞ്ഞു, എന്നൊക്കെ.. എന്നിട്ടോ അവൾ ഉണ്ടാക്കിയതൊക്കെ മൂക്കുമുട്ടെ കഴിക്കുകയും ചെയ്യും ” യദു ഉറക്കെ ചിരിച്ചു.

“ആളെ ഒന്ന് കാണണമല്ലോ.. എവിടെയാ ഇപ്പോ ” ശ്രാവൺ അല്പം എക്‌സൈറ്റഡ് ആയി ചോദിച്ചു

“വാ നോക്കാം ”

അവർ ഒരുമിച്ചു പാടത്തേക്ക് ഇറങ്ങിയതും കയ്യിൽ കുറച്ചു വാഴ ഇലകളുമായി കൃഷ്ണ വരുന്നത് കണ്ടു. ശ്രാവൺ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.

മെലിഞ്ഞ ഒരു പെൺകുട്ടി.ധാവണിയാണ് വേഷം, കണ്ണിൽ അല്പം കണ്മഷിയും നെറ്റിയിലൊരു കുഞ്ഞു പൊട്ടും. മുടി മാടിയൊതുക്കി വെച്ചിട്ടുണ്ട്. മൂക്കിൻത്തുമ്പിൽ വിയർപ്പു തുള്ളികൾ നില്കുന്നു. അവൾ നടന്നു അവർക്കരികിലേക്ക് വന്നു.

“സൊ സിമ്പിൾ ” ശ്രാവൺ അറിയാതെ അല്പം ഉറക്കെ പറഞ്ഞു പോയി.

യദു അവനെ കണ്ണുരുട്ടി നോക്കി.

“അല്ല യദു വേലക്കാരി കുട്ടിയെന്നു പറഞ്ഞപ്പോ ഞാൻ ഇത്രേം വിചാരിച്ചില്ല ” ശ്രാവൺ അവനെ നോക്കി.

“അവൾ ഇവിടുത്തെ വേലക്കാരിയൊന്നും അല്ല.. ഇവിടുത്തെ കുട്ടിയ, ഞങ്ങളുടെ അനിയത്തി തന്നെയാ ” യദു അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു. മീനാക്ഷിക്കും ദേഷ്യം വന്നു

കൃഷ്ണയും അത് കേട്ടെന്നു മനസിലായപ്പോൾ അവൻ പെട്ടന്ന് തന്നെ സംസാരം നിർത്തി.

“നീ എവിടെയായിരുന്നു ” മീനാക്ഷി ചോദിച്ചു

” ഇല എടുക്കാൻ പോയതാ.. ഇന്ന് ഹരിയേട്ടൻ വരുവല്ലേ… അതാ ഞാൻ ഇലയട ഉണ്ടാകാൻ വേണ്ടി.. ഹരിയേട്ടന് ഒരുപാട് ഇഷ്ടമല്ലേ അത് കഴിക്കാൻ.. ” അവൾ അല്പം കിതപ്പോടെ പറഞ്ഞു നിർത്തി.

“എങ്കിൽ വാ നമുക്ക് അടുക്കളയിലേക്ക് ചെല്ലാം ” മീനാക്ഷി കൃഷ്ണയെയും കൂട്ടി അകത്തേക്ക് നടന്നു.

“ഹരി…. പാർവതി ഇളയമ്മയുടെ മോൻ അല്ലെ ” ശ്രാവൺ ചോദിച്ചു.

” അതെ.. കൃഷ്ണവേണിയുടെ ഏറ്റവും നല്ല സുഹൃത്ത്.. ഹരിക്കും അങ്ങനെ തന്നെ. വലിയ കൂട്ടാ രണ്ടുപേരും തമ്മിൽ. കൃഷ്ണ ഇവിടെ വന്നതിൽ പിന്നെ ആദ്യമൊന്നും ആരോടും അധികം അടുത്തില്ല. പക്ഷെ ഹരിയും അവളും തമ്മിൽ എന്തോ പെട്ടന്ന് തന്നെ കൂട്ടായി. ഹരിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന അവന്റെ ആത്മമിത്രം ” യദു ചെറുചിരിയോടെ പറഞ്ഞു. ശ്രാവൺ അത് കേട്ടുകൊണ്ട് അവനോടൊപ്പം അകത്തേക്ക് നടന്നു.

“ഞങ്ങൾക്ക് ചില നേരത്ത് അത്ഭുതം തോന്നും ഇവരുടെ സൗഹൃദം കണ്ടിട്ട്. കാരണം കൃഷ്ണയ്ക്ക് അധികം കൂട്ടുകെട്ട് ഒന്നുമില്ല. പക്ഷെ ഹരി, അവന്റെ ഓരോ നോട്ടത്തിന്റെ അർത്ഥം പോലും അവൾ മനസിലാക്കും. ഹരിയും തിരിച്ചു അങ്ങനെ തന്നെ. അവൻ എപ്പഴും പറയും എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി കൃഷ്ണ ആണെന്ന് ”

“ഹരിയുടെ ഹൃദയസഖി ”

(തുടരും )

[കൃഷ്ണവേണിയെ ഇഷ്ടമാകുമെന്ന് കരുതുന്നു. ഇത് അവളുടെ കഥയാണ്. വായിച്ചിട്ടു എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കണേ.. – ടീന 😘]