Novel

ഹൃദയസഖി : ഭാഗം 2

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: ടീന കൊട്ടാരക്കര

Thank you for reading this post, don't forget to subscribe!

സിങ്കിൽ കൂടി കിടന്ന പാത്രങ്ങൾ കഴുകുകയായിരുന്നു കൃഷ്ണ. പുറത്ത് കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടപ്പോഴേ ഹരി വന്നതാണെന്ന് അവൾ ഊഹിച്ചു.

എല്ലാവരോടുമൊപ്പം ഹരിയേട്ടനെ കാണണം എന്ന ആഗ്രഹം അവൾക്ക് തോന്നിയെങ്കിലും അടുക്കളയിൽ ഇനിയും ജോലി തീരാനുള്ളതാൽ അവൾ അവിടെ തന്നെ നിൽപ്പുറപ്പിച്ചു, മാത്രവുമല്ല ആരെങ്കിലും വന്നാൽ ഉമ്മറത്തേക് വരരുത് എന്നുള്ള നാരായണി അമ്മയുടെ വാക്കുകൾ അവളുടെ മനസിലേക്ക് ഓടിയെത്തി.

അപ്പുറത്തേക്ക് പോണമോ വെണ്ടയോയെന്ന് ഒന്നുകൂടി ചിന്തിച്ചതിനു ശേഷം അവൾ വീണ്ടും അടുക്കളജോലികളിലേക്ക് തന്നെ ഊളിയിട്ടു.

ഹരി അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ് തറവാട്ടിലേക്ക് എത്തിയത്. അവരെ കണ്ടതും രവീന്ദ്രൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

“രാവിലെ എത്തുമെന്ന് പറഞ്ഞിട്ട്, നീ ഒരുപാട് താമസിച്ചല്ലോ ” രവീന്ദ്രൻ കാറിനടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

“ട്രെയിൻ ലേറ്റ് ആയിരുന്നു രവിമ്മാമേ, പിന്നെ ഇവിടുത്തെ സ്റ്റേഷനിൽ വന്നിറങ്ങി വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയപ്പോഴേക്കും അല്പം താമസിച്ചു ” അലസമായി കിടന്ന മുടിയിഴകൾ ഒതുക്കികൊണ്ട് ഹരി മറുപടി നൽകി.

“എവിടെ എല്ലാരും.. ഞാൻ വരുമെന്ന് അറിഞ്ഞിട്ട് ആരെയും കാണുന്നില്ലല്ലോ ” ഹരി ചോദിച്ചു

” എല്ലാരും അകത്തുണ്ട്, രാവിലെ മുതൽ കാത്തിരിക്കുവാ ഞങ്ങൾ എല്ലാരും. നീ അകത്തേക്കു വാ മോനെ ” സതീശനും അങ്ങോട്ടേക്ക് എത്തി.

ഹരി അവരോടൊപ്പം ഉമ്മറത്തേക്ക് കയറിയതും ഒരു ആർപുവിളി ആയിരുന്നു.

“ഹരിയേട്ടൻ വന്നേ… നമ്മുടെ ഏട്ടൻ വന്നേ ”

പെട്ടന്നുള്ള ശബ്ദത്തിൽ അവനൊന്നു ഞെട്ടിയെങ്കിലും പെട്ടന്ന് തന്നെ അവന്റെ മുഖം സന്തോഷത്താൽ വിടർന്നു. ദേവികയും ധന്യയും ധ്വനിയും മീനാക്ഷിയും യാദവും കൂടി പുഞ്ചിരിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്നു.

“ആഹാ.. കുട്ടിമണീസ് ഇവിടെ ഉണ്ടായിരുന്നോ.. എന്താ എന്നെ സ്വീകരിക്കാൻ മുറ്റത്തു വന്നു നിൽക്കാഞ്ഞത് ” അവൻ കുസൃതിയോടെ ചോദിച്ചു.

” സ്വീകരിക്കാൻ വേണ്ടി ഞങ്ങൾ അങ്ങ് റെയിൽവേ സ്റ്റേഷനിൽ വരാൻ ഇരുന്നതാ. അച്ഛമ്മ സമ്മതിച്ചില്ല… അല്ലേൽ അവിടെ വന്നേനെ അറിയോ ” ധ്വനി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“അച്ചോടാ.. ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞില്ല ” അവൻ താടിയ്ക്കു കൈ കൊടുത്ത് പറഞ്ഞു

“കളിയാക്കല്ലേ ഹരിയേട്ടാ, ഞങ്ങളൊക്കെ എത്ര നേരായി നോക്കിയിരിക്കുവാ. ” മീനാക്ഷിയും പരിഭവം നടിച്ചു.

“ട്രെയിൻ ലേറ്റ് ആയിരുന്നെടി, ” അവൻ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“പിന്നെ പറ വിശേഷങ്ങൾ, ഞാൻ പോയ കുറച്ചു നാൾ കൊണ്ട് ഇവിടെ എന്തൊക്കെ സംഭവിച്ചു ”

അവൻ എല്ലാവരെയും അടുത്തേക്ക് വിളിച്ചു സംസാരം ആരംഭിച്ചു. അവർ ആവേശത്തോടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാൻ തുടങ്ങി.

യദുവും കാവ്യയും അപ്പോഴേക്കും താഴേക്കു ഇറങ്ങി വന്നു. ഹരിയുടെ അച്ഛൻ രാധാകൃഷ്ണൻ രവീന്ദ്രനോടും സതീശനോടും സംസാരിച്ചുകൊണ്ട് ഹരിയുടെ അടുത്തായി ഇരിപ്പുറപ്പിച്ചു.

യദു തന്റെ സുഹൃത്ത് ശ്രാവണിനെ ഹരിയ്ക്കു പരിചയപ്പെടുത്തി. ഹരിയുടെ സംസാരം ചെറു പുഞ്ചിരിയോടെ ശ്രാവൺ വീക്ഷിച്ചുകൊണ്ടിരുന്നു.

സുഭദ്ര അവനു ചായ കൊണ്ട് വന്നു നൽകി. എല്ലാവരും ഹരിയോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അവൻ നിറഞ്ഞ ചിരിയോടെ എല്ലാവർക്കും മറുപടി നൽകിയും കുശലാന്വേഷണം നടത്തിയുംകൊണ്ടിരുന്നു

ചെറുപ്പം മുതലേ ഹരി അങ്ങനെയാണ്. ധാരാളം സംസാരിക്കും, എല്ലാവരോടും വലിയ കൂട്ടാണ്. തറവാട്ടിൽ എത്തിയാൽ പിന്നെ മറ്റു കുട്ടികളുമായി അടിച്ചു പൊളിച്ചു നടക്കും. അവർക്കും ഹരി തറവാട്ടിൽ വരുന്നതാണ് സന്തോഷം.

” ഇവിടുത്തെ പ്രധാനപെട്ട ആളെ കണ്ടില്ലല്ലോ .. എവിടെ അമ്മമ്മ ” ഹരി രവീന്ദ്രനോട് ചോദിച്ചു.

“അമ്മ അമ്പലത്തിൽ പോയിരിക്കുവാ, നീ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ചില പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ഉണ്ടെന്ന് പറഞ്ഞു. ”

“കൃഷ്ണ എവിടെ… ഞാൻ വന്നിട്ട് ഇത്ര നേരമായും കണ്ടില്ലല്ലോ ” ചായ കപ്പ്‌ ചുണ്ടോടു ചേർത്തുകൊണ്ട് ഹരി അന്വേഷിച്ചു.

” അവൾ എന്തോ ജോലിയിലാ, അടുക്കളയിലുണ്ട് ” ശോഭ പറഞ്ഞു.

“ഇങ്ങോട്ടേക്കു വിളിക്കു അമ്മായി ഞാൻ വന്നത് അവൾ അറിഞ്ഞില്ലേ ”

“കൃഷ്ണ മോളോട് ഇങ്ങു വരാൻ പറ ശോഭേ ” സതീശൻ പറഞ്ഞു

“അവൾ ജോലിയെല്ലാം തീർത്തിട്ട് വരും നീ ചായ കുടിക്ക് ഹരി ” സുഭദ്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു

” ഞാൻ പോയി നോക്കട്ടെ ” ആരുടേയും അനുവാദം കാക്കാതെ ചായക്കപ്പും എടുത്തുകൊണ്ടു അവൻ അടുക്കളയിലേക്ക് ചെന്നു.

കൃഷ്ണ എന്തൊക്കെയോ തിരക്കിട്ട ജോലികളിൽ ആയിരുന്നു. ശബ്ദം ഉണ്ടാകാതെ അവൻ വാതിൽക്കൽ അവളെ നോക്കി നിന്നു.

തന്റെ പിറകിൽ ആരോ നില്കുന്നു എന്ന തോന്നലിൽ അവൾ തിരിഞ്ഞു നോക്കിയതും കണ്ടത് തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഹരിയെ ആണ്.

“എന്താ തീപ്പെട്ടിക്കൊള്ളി, നീ വലിയ ആളായി പോയല്ലോ.. ഞാൻ വന്നിട്ട് ഒന്ന് കാണാൻ പോലും സമയം ഇല്ലാതായോ ” ഹരി അല്പം പരിഭവത്തോടെ ചോദിച്ചു.

ഹരിയെ കണ്ടതിലുള്ള സന്തോഷമാണോ എന്നറിയില്ല അവളുടെ കണ്ണിൽ നീർമണികൾ ഉരുണ്ടുകൂടി. പെട്ടന്ന് തന്നെ അവൾ പുഞ്ചിരിച്ചു.

“കാർ വന്ന ശബ്ദം കേട്ടപ്പോ എനിക്ക് മനസിലായി ഹരിയേട്ടൻ ആണെന്ന്.. പിന്നെ ഇവിടെ ജോലി ഉണ്ടായിരുന്നു. അതാ ഞാൻ അങ്ങോട്ട് വരാഞ്ഞത് ”

“അതെനിക്ക് അറിയാലോ ഇവിടെ തീർത്താൽ തീരാത്ത പണി ആണെന്ന്. ” കൃഷ്ണയുടെ തലമുടിയിൽ പറ്റിപിടിച്ചിരുന്ന പൊടി തട്ടിക്കളഞ്ഞുകൊണ്ട് അവൻ പറഞ്ഞു.

“നീ വീണ്ടും ക്ഷീണിച്ചോ ” കൃഷ്ണയെ തന്റെ മുന്നിലേക്ക് പിടിച്ചു നിർത്തിക്കൊണ്ട് ഹരി അവളുടെ മുഖത്തേക്ക് നോക്കി.

“രക്തക്കുറവ് ഉണ്ടല്ലോ ഒന്നും കഴിക്കാറില്ലെ നീ ” അവളുടെ കൺപോളകൾ പരിശോധിച്ചു കൊണ്ട് അവൻ ചോദിച്ചു.

” എന്റെ ബാഗിലൊരു മരുന്നുണ്ട്. ഇപ്പോ എടുത്തിട്ട് വരാം ” ഹരി തിരികെ നടക്കാൻ തുടങ്ങിയതും കൃഷ്ണ അവന്റെ കയ്യിൽ പിടുത്തമിട്ടു.

“ഹരിയേട്ടന്റെ ചികിത്സ ഒക്കെ അങ്ങ് ആശുപത്രിയിൽ മതി. ഡോക്ടർ ആണെന്ന് കരുതി എന്നെ വെറുതെ ഓരോ മരുന്ന് കഴിപ്പിക്കേണ്ട. എനിക്ക് ഒരു അസുഖവും ഇല്ല ”

“എങ്കിലും നീ ക്ഷീണിച്ചു ”

“അതൊക്കെ തോന്നുന്നതാ.. എനിക്ക് ഒന്നുല്ല. പിന്നെ ഹരിയേട്ടന്റെ വിശേഷങ്ങൾ പറയ്, ഇനി നാട്ടിൽ തന്നെ നിൽക്കാമല്ലോ അല്ലെ. ” കൃഷ്ണ അവനു അഭിമുഖമായി നിന്നു ചോദിച്ചു.

“അതൊക്കെ പറയാം, ആദ്യം എനിക്ക് വല്ലതും കഴിക്കാൻ തന്നെ.. നീ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഉണ്ടാക്കിക്കാണുമെന്നു അറിയാം.” ഹരി ഓരോ പാത്രങ്ങളായി തുറന്ന് നോക്കികൊണ്ട് പറഞ്ഞു

“ദേ ഇവിടെയുണ്ട്. ” കൃഷ്ണ ഒരു പ്ളേറ്റിലേക്ക് ഇലയട എടുത്തു അവനു നൽകി.

“ആഹാ എന്താ ടേസ്റ്റ് ” ഒരു സ്റ്റൂളിലേക് ഇരുന്ന് ഹരി ഇലയട ആസ്വദിച്ചു കഴിച്ചു. കൃഷ്ണ അവൻ കഴിക്കുന്നതും നോക്കി അരികിലായി നിൽപ്പുറപ്പിച്ചു. പഴയതിനേക്കാൾ ഒരു മാറ്റവും ഹരിയിൽ തോന്നിയില്ല. മുഖത്തെ കുറ്റിത്താടിയും ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും അവനെ കൂടുതൽ സുന്ദരനാക്കി.

” നമ്മുടെ ജനറൽ ഹോസ്പിറ്റലിൽ തന്നെ ജോയിൻ ചെയ്യാം. മിക്കവാറും അടുത്ത ആഴ്ചയോട് കൂടി. MD ചെയ്യണം. വെറും MBBS ആയിട്ട് കാര്യമില്ലല്ലോ.

അതിന്റെ ചില ഡിസ്കഷനിൽ ആണ്. പിന്നെ ഹോസ്റ്റൽ ജീവിതത്തോട് ബൈ പറഞ്ഞപ്പോ തന്നെ എന്തെന്നില്ലാത്ത ആശ്വാസം. നാട്ടിലെത്തി ഇവിടുത്തെ കാറ്റ് ശ്വസിച്ചപ്പോൾ തന്നെയൊരു സുഖം.

ഇനി വീടും അച്ഛനും അമ്മയും തറവാടും ഇവിടുള്ളവരും നിന്റെ ഫുഡും ഒന്നും മിസ്സ്‌ ചെയ്യേണ്ടല്ലോ. ”

ഹരി കഴിക്കുന്നതിനിടയിൽ പറഞ്ഞു. അവൻ കഴിച്ചു തീരുന്നതിനോടൊപ്പം കൃഷ്ണ വീണ്ടും ഓരോ അട വീതം പ്ളേറ്റിലേക്ക് ഇട്ടുകൊണ്ടിരുന്നു.

“ആഹാ നല്ല പോളിങ് ആണല്ലോ ഇവിടെ ” അടുക്കളയിലേക്ക് എത്തിയ മീനാക്ഷി ഹരിയെ കളിയാക്കി.

“മതി പെണ്ണെ.. നീയെന്നെ കഴിപ്പിച്ചു കൊല്ലുമോ..ഇനി പിന്നെ കഴികാം ” പ്ളേറ്റ് മാറ്റിവെച്ചു കൈ കഴുകി അവൻ എണീറ്റു.

“അച്ഛമ്മ വന്നിട്ടുണ്ട്, അങ്ങോട്ടേക്ക് വരാൻ പറഞ്ഞു ” മീനാക്ഷി അറിയിച്ചു.

ഹരി വേഗം ഉമ്മറത്തേക്ക് ചെന്നു. നാരായണി അമ്മ കസേരയിൽ ഇരിക്കുകയായിരുന്നു. അവൻ ചെന്ന ഉടനെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. മനസ് നിറഞ്ഞു അവർ അവനെ അനുഗ്രഹിച്ചു.

” അങ്ങനെ നമ്മുടെ കുടുംബത്തൊരു ഡോക്ടർ ആയി അല്ലെ ” അവർ ഹരിയെ അഭിമാനത്തോടെ നോക്കി.

“ഒരാൾ മാത്രമല്ലല്ലോ.. വർഷം നാലൊന്നു കഴിഞ്ഞാൽ ഹൃദ്യ മോളും ഡോക്ടർ ആകും ” രാധാകൃഷ്ണൻ പറഞ്ഞു.

“അങ്ങനെ വേണം.. ഡോക്ടറും എൻജിനീയറും ടീച്ചറും വക്കീലും എല്ലാം വേണം നമ്മുടെ വീട്ടിൽ തന്നെ.. അതൊരു അഭിമാനമാ.

ബാക്കിയുള്ള കുട്ടികളും ഇതുപോലെ…. അല്ല ഇതിനേക്കാൾ മുകളിലേക്കു പോണം. അതിനു കഴിവുള്ളവർ ആണ് ചെമ്പകശേരിയിലെ കുട്ടികൾ അവർ ഹരിയെ ചേർത്തുപിടിച്ചു പറഞ്ഞു

“ആ കഴിവ് നമ്മുടെ കൃഷ്ണയ്ക്കും ഉണ്ടല്ലോ അമ്മമ്മേ.. പിന്നെന്താ അവളെ തുടർന്ന് പഠിപ്പിക്കാത്തത് ” ഹരി സംശയത്തോടെ അവരെ നോക്കി.

“അതിനു അവൾ ചെമ്പകശ്ശേരിയിലെ കുട്ടി അല്ലല്ലോ. മരങ്ങാട്ടുള്ള അശോകന് ജനിച്ചതല്ലേ ” സുഭദ്ര ചിറികോട്ടി പറഞ്ഞു

“താഴ്ന്ന ജാതിക്കാരനിൽ ഉണ്ടായ അവളെ ഇവിടുള്ള കുട്ടികളുമായി താരതമ്യം ചെയ്യല്ലേ ഹരി ” ശോഭയും ഏറ്റുപിടിച്ചു.

“മതി.. നിർത്തു.ആവിശ്യം ഇല്ലാത്ത കാര്യങ്ങളൊന്നും ആരും പറയേണ്ട. “രവീന്ദ്രൻ പെട്ടന്ന് അവരെ ശാസിച്ചു. ഹരിയുടെ മുഖത്തു ദേഷ്യം നിറഞ്ഞു. അവൻ നാരായണി അമ്മയെ നോക്കി. അവർ മിണ്ടാതെ നിൽപ്പാണ്.

“ഇത്തരം ചിന്തകളൊക്കെ ഈ നൂറ്റാണ്ടിലും നിങ്ങളുടെയൊക്കെ മനസ്സിൽ ഉണ്ടോ.. കഷ്ടം തന്നെ. കൃഷ്ണവേണി നമ്മുടെ കുട്ടി അല്ലെ.. അങ്ങനെയല്ലേ നമ്മൾ കാണാൻ പാടുള്ളു ” അവൻ ക്ഷോഭിച്ചു

” ഉള്ളത് പറയുമ്പോ ഇങ്ങനെ ദേഷ്യപ്പെടേണ്ട കാര്യമെന്താ. തുടർന്ന് പഠിക്കേണ്ടന്ന് അവളല്ലേ പറഞ്ഞത്. പിന്നെ എന്താ ഇപ്പൊ ” പാർവതി അവനോട് ചോദിച്ചു.

“ഞാൻ പറഞ്ഞെന്നെ ഉള്ളു.. നന്നായി പഠിക്കുന്ന ഒരു കുട്ടി.അടുക്കളയിൽ കിടന്ന് എരിഞ്ഞു തീരാനുള്ളതല്ല അവളുടെ ജീവിതം. അത് മനസിലാക്കാൻ എന്താ ആരുമില്ലാത്തത് ”

“ഞങ്ങൾ എല്ലാവരും നിർബന്ധിച്ചതാ അവൾക്ക് വേണ്ടന്ന് തീർത്തു പറഞ്ഞാൽ പിന്നെന്താ മോനെ ചെയ്ക ” സതീശൻ ചോദിച്ചു

“നിനക്ക് അറിയാമല്ലോ, എത്ര വേണമെങ്കിലും അവളെ പഠിപ്പിക്കാൻ എനിക്ക് മടിയില്ല. പക്ഷെ കൃഷ്ണ കൂടി സമ്മതിക്കണ്ടേ ” രവീന്ദ്രനും ഹരിയെ നോക്കി പറഞ്ഞു.

“അവൾ ഇനി പഠിക്കേണ്ടന്ന് പറയുന്നതിന്റെ കാരണം എനിക്കറിയാം.. നിങ്ങളിൽ കുറച്ചു പേര് അവളെ തുടർന്ന് പഠിക്കുന്നതിൽ നിന്നു എതിർക്കും.

അത് പേടിച്ചിട്ടാ അവൾ ഒരു കാര്യവും ആരോടും ആവിശ്യപെടാത്തതു.

അവൾ കാരണം ആരും തമ്മിൽ തർക്കം ഉണ്ടാകാതെ ഇരിക്കാൻ. ഹരി ദേഷ്യത്തിൽ തന്നെ പറഞ്ഞു.

“ഇപ്പോൾ എന്താ ഹരി, നീ കൃഷ്ണയുടെ പഠിപ്പിന്റെ കാര്യം ഇവിടെ പറയാൻ കാരണം.. അവൾ പറഞ്ഞോ നിന്നോട് ഇനിയും പഠിക്കണമെന്ന് ” അത്രയും നേരം മിണ്ടാതെയിരുന്ന നാരായണി അമ്മ മൗനം വെടിഞ്ഞു ചോദിച്ചു.

“ഇല്ല അമ്മമ്മേ.. അവൾ ഈ കാര്യം മിണ്ടിയിട്ട് കൂടിയില്ല. പക്ഷെ അവളുടെ ഭാവി നഷ്ടപ്പെടുത്തരുത് എന്നുള്ളത് എന്റെ ആഗ്രഹമാണ്. ” ഹരി നിസ്സഹായതയോടെ പറഞ്ഞു.

“കൃഷ്ണവേണിയോട് ഇങ്ങോട്ടേക്കു വരാൻ പറയ് ” നാരായണി അമ്മ ആജ്ഞാപിച്ചു

മീനാക്ഷി ചെന്നു കൃഷ്ണയെ കൂട്ടികൊണ്ട് വന്നു. നാരായണി അമ്മ അവളെ അടിമുടി നോക്കി.

“നിനക്ക് തുടർന്ന് പഠിക്കണോ ” അവർ ചോദ്യഭാവത്തിൽ അവളെ നോക്കി

കൃഷ്ണ ഹരിയിലേക്ക് തന്റെ നോട്ടം പായിച്ചു.
എന്താ മറുപടി നൽകുക എന്നറിയാതെ അവൾ കുഴങ്ങി.

“അവനെ നോക്കേണ്ട.. ഞാനല്ലേ ചോദിച്ചത്. എന്നോട് പറ മറുപടി. ഇനിയും പഠിക്കണോ നിനക്ക്? ”

വേണം എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

” നിനക്ക് പഠിക്കാൻ താല്പര്യം ഉള്ളത് എന്താണെന്ന് വെച്ചാൽ പഠിക്കാം. അതിനുള്ള ചിലവ് എന്ത് തന്നെയാണെങ്കിലും ഞാൻ വഹിക്കും. ഇത് എന്റെ വാക്കാണ് ”

കൃഷ്ണ ഞെട്ടലോടെ അവരെ നോക്കി നിന്നു.

“കൃഷ്ണവേണിക്കു എന്താ പഠിക്കാൻ ഇഷ്ടമുള്ളതെന്നു ചോദിച്ചു മനസിലാക്കി പഠിപ്പിനുള്ള കാര്യങ്ങളെല്ലാം നീ ശെരിയാക്കി കൊടുക്കണം. കേട്ടോ ഹരി.

നിന്റെ കൂട്ടുകാരിയുടെ ഇഷ്ടങ്ങളെല്ലാം നിനക്കല്ലേ അറിയുള്ളു. നീ ചോദിച്ചു അറിയൂ എന്താന്ന് വെച്ചാൽ ”

ഹരി സന്തോഷത്തോടെ തലയാട്ടി. മീനാക്ഷിയും യദുവും ചിരിയോടെ കൃഷ്ണയ്ക്ക് അരികിലേക്ക് വന്നു.

രവീന്ദ്രന്റെയും സതീശന്റെയും മുഖത്തും സന്തോഷം നിറഞ്ഞു നിന്നു
എന്നാൽ അപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ ആകാതെ നിൽക്കുകയായിരുന്നു കൃഷ്ണ.

(തുടരും )

ഹൃദയസഖി : ഭാഗം 1

Comments are closed.