Monday, April 15, 2024
Novel

ഹൃദയസഖി : ഭാഗം 14

Spread the love

എഴുത്തുകാരി: ടീന കൊട്ടാരക്കര

Thank you for reading this post, don't forget to subscribe!

“എന്താ ഹരിയേട്ടാ അങ്ങനെ പറഞ്ഞത് ”
അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ കൃഷ്ണ ചോദിച്ചു. അൽപനേരം അവൻ നിശബ്ദനായി നിന്നു.

“ഒന്നുല്ല.. ഞാൻ വെറുതെ…. ” അവൻ തല ചലിപ്പിച്ചു.
കൃഷ്ണ അവനെ സംശയത്തോടെ ഉറ്റുനോക്കി.

“എക്സാം എങ്ങനെ ഉണ്ടായിരുന്നു. ” അവളുടെ നോട്ടത്തെ അവഗണിച്ചുകൊണ്ട് ഹരി ചോദിച്ചു. കൃഷ്ണയിൽ നിന്ന് മറുപടിയൊന്നും വന്നില്ല.

“ഹരിയേട്ടാ ” അവൾ പതിയെ വിളിച്ചു

“മം ”

“എന്താ പറ്റിയത് ”

“എനിക്കൊന്നു സംസാരിക്കണം ”

മറ്റെവിടേക്കോ ദൃഷ്ടി പായിച്ചുകൊണ്ട് അവൻ പറഞ്ഞു.
ബന്ധുക്കളുടെ തിരക്കും ബഹളവും ഇല്ലാത്തയൊരിടം കണ്ടെത്താൻ അധികം ചിന്തിക്കേണ്ടി വന്നില്ല. പിന്നാമ്പുറത്തുകൂടിയുള്ള ഇടവഴിയിലൂടെ ഹരി നടന്നു.

പിന്നാലെ കൃഷ്ണയും.
ആ ചെറിയ വഴി അവസാനിക്കുന്നത് ഒരു കാവിലേക്ക് ആണ്. ആൽമരങ്ങളാലും മറ്റുവൃക്ഷങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്നയിടം .

അരളിച്ചെടികളും ചെമ്പകവും ശംഖുപുഷ്പവും വ്യാപിച്ചു കിടക്കുന്ന പരിസരത്ത് ചെറിയൊരു കുളമുണ്ട്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അതിന്റെ പടവുകളിൽ അവർ ഇരുന്നു.

അവിടെ നിന്നു നോക്കിയാൽ ഹരിയുടെ വീട് കാണാമായിരുന്നു.

ചെമ്പകശ്ശേരിയിലേക്ക് ആദ്യമായി എത്തിയതിനു ശേഷം മിക്കസമയങ്ങളിലും കൃഷ്ണ കാവിനു അടുത്തുള്ള സ്ഥലത്ത് ആയിരുന്നു എന്ന് ഓർത്തു. പലപ്പോഴും ഒറ്റയ്ക്ക് വന്നിരുന്നു കരഞ്ഞു തീർത്തിരുന്ന ഇടമാണ്. അവിടേക്കാണ് ഹരിയും എത്തിയത്.

തങ്ങളുടെ സൗഹൃദത്തിന്റെ ആരംഭവും ഇവിടെ നിന്നായിരുന്നു.ഹരിയേട്ടനും താനും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം പരസ്പരം പങ്കുവെയ്ക്കപ്പെട്ടതിന്റെ ഓർമ്മകൾ അവശേഷിക്കുന്ന ഇടം.

കുളത്തിന്റെ പടവുകളിൽ പണ്ടെങ്ങോ കല്ലുകൾ കൊണ്ട് കോറിയിട്ട തന്റെ പേര് അവൾ അന്വേഷിച്ചു.

പായൽ മൂടിയ നിലയിൽ തന്റെ പേര് എഴുതപ്പെട്ടിരിക്കുന്നത് അവൾ കണ്ടെത്തി. അതിനു അതിനു തൊട്ടരികിലായി ഹരിയുടെ പേരും ഉണ്ടായിരുന്നു !

ഹരിയും പഴയ ഓർമകളിലൂടെ സഞ്ചരിക്കുകയാണെന്നു കൃഷ്ണയ്ക്ക് തോന്നി. അത് സത്യവുമായിരുന്നു.

സൗഹൃദം ആരംഭിച്ച ഇടം..ഒഴിവുനേരങ്ങളിൽ വന്നിരുന്നു സല്ലപിച്ച പടവുകൾ, മറ്റാർക്കും പ്രവേശനം ഇല്ലന്ന് പറഞ്ഞു ഹരിയുടെയും കൃഷ്ണയുടെയും മാത്രമെന്ന് സ്വയം സ്ഥാപിച്ചു രണ്ടുപേരുടെയും പേരെഴുതി ഇട്ടിരുന്ന തങ്ങളുടെ മാത്രം ഒളിസങ്കേതം.
ഹരിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

കൃഷ്ണ കാണാതെ കണ്ണുകൾ തുടച്ചെങ്കിലും അവൻ കരയുകയാണെന്നു അവൾക്ക് മനസിലായി.

എന്താ പറയാൻ ഉള്ളതെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവൻ തന്നെ പറയട്ടെ എന്നുകരുതി കൃഷ്ണ മൗനം പൂണ്ടു.

കുറച്ചു നേരം നിശബ്ദത തളംകെട്ടിക്കിടന്നു.

“നാളെ കൂടി കഴിഞ്ഞാൽ പിന്നെ നീ ഇവിടുന്ന് പോകുവാ അല്ലെ ” ഹരി ദൂരേക്ക് നോക്കി ചോദിച്ചു

“മം ” അവൾ മൂളി

” മം.. ഇനി ഒരു ദിവസം കൂടി.. നാളെ നേരം ഇരുട്ടിവെളുക്കുമ്പോൾ കൃഷ്ണവേണി മറ്റൊരാളുടെ ഭാര്യ…അല്ലെ ”

കൃഷ്ണ തല ചെരിച്ചു ഹരിയെ നോക്കി.
അവൻ ദൂരേക്ക് തന്നെ നോക്കിയിരിക്കുകയാണ്.

” ഹരിയേട്ടനും മീനു ചേച്ചിയുടെ ഭർത്താവ് ആകാൻ പോവല്ലേ.. ” അവൾ ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.

“മം ”

”നമുക്കിടയിൽ മറ്റാരും വേണ്ടിയിരുന്നില്ല അല്ലേ കൃഷ്ണേ ..മീനാക്ഷിയും അഭിമന്യുവും ആരും വേണ്ടിയിരുന്നില്ല… നമ്മൾ മാത്രം മതിയായിരുന്നു ” ഹരി അവളെ നോക്കി ചോദിച്ചു.

“എന്താ ഹരിയേട്ടാ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നേ ” ഉള്ളിലൊരു ചെറിയ ഭയത്തോടെ അവൾ ചോദിച്ചു.

” അറിയില്ല…നമ്മൾ അകന്നു പോകുന്നത് പോലെയൊരു തോന്നൽ. നമുക്കിടയിൽ ഒരുപാട് മാറ്റം വന്നത് പോലെ.. മീനുവും അഭിയും വന്നതിൽ പിന്നെ നമ്മൾ പഴയ ഹരിയും കൃഷ്ണയും അല്ലാതെ ആയത് പോലെ…. ” അവൻ തലകുമ്പിട്ടു പറഞ്ഞു. വാക്കുകളിൽ വിഷാദം നിഴലിച്ചു.

“അതൊക്കെ വെറും തോന്നൽ അല്ലേ.. നമ്മൾ അകന്നു എവിടെയും പോണില്ലല്ലോ ” അവനെ സമാധാനിപ്പിക്കാൻ എന്നോണം കൃഷ്ണ പറഞ്ഞു.

“തോന്നൽ അല്ല…. സത്യമാണ്..നീ ഒരുപാട് മാറി..നിനക്കിപ്പോൾ എന്നെക്കാൾ വലുത് അഭിമന്യു ആണ്. അവനു ആണ് നീ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.. ”

കൃഷ്ണ കണ്ണുകൾ മിഴിച്ചു അവൻ പറയുന്നത് കേട്ടിരുന്നു.

” അന്ന് എൻഗേജ്മെന്റ് കഴിഞ്ഞതിൽ പിന്നെ നീ എന്നോട് നേരാംവണ്ണം സംസാരിച്ചിട്ട് കൂടിയില്ല. ഞാൻ ഫോൺ ചെയ്താൽ നീ ഉടനെ കട്ട്‌ ചെയ്തു പോകും. എന്നെ അവോയ്ഡ് ചെയ്യുന്നത് പോലെ ”

“അപ്പോൾ ഹരിയേട്ടൻ എന്നെ അവോയ്ഡ് ചെയ്തിട്ടില്ലേ.. ” കൃഷ്ണ തിരികെ ചോദിച്ചു.

“മീനുചേച്ചിയുമായി ഇഷ്ട്ടത്തിൽ ആയതിൽപിന്നെ എന്നോട് അവഗണന കാണിച്ചിട്ടില്ലന്ന് പറയാൻ പറ്റുമോ ഹരിയേട്ടന്..

കഴിഞ്ഞ മാസങ്ങൾക്ക് ഇടയിൽ എത്രയോ തവണയായി എന്നോട് നല്ലത് പോലെ മിണ്ടിയിട്ട്… ഞാൻ ഉണ്ടാകുന്ന ഭക്ഷണം ഒന്ന് നോക്കുക പോലും ചെയ്യാതെ പോയിട്ട്..,

പലപ്പോഴും ഹരിയേട്ടൻ വന്നിട്ട് മീനുചേച്ചിയുമായി മണിക്കൂറുകൾ സംസാരിച്ചു ഇരുന്നിട്ട് ഒരു അഞ്ചു മിനിറ്റ് തികച്ചു എന്നോട് മിണ്ടാതെ തിരികെ പോയിട്ടുണ്ട്…ഇല്ലേ?

ചില നേരത്ത് ഹരിയേട്ടൻ വരുന്നതും തിരികെ പോകുന്നതും ഞാൻ അറിഞ്ഞിട്ടില്ല..ഒന്ന് അടുക്കളഭാഗത്തു വന്നു നോക്കിയിട്ടുണ്ടോ..

ഞാൻ അവിടെ ഉണ്ടാകുമെന്ന് അറിയാവുന്നതല്ലേ…
ഹരിയേട്ടൻ മീനു ചേച്ചിയെ സ്നേഹിച്ചോ… എന്നാലും ഞാനൊരാൾ ഉണ്ടെന്ന് മറന്നു പോയിട്ടില്ലേ… ഇല്ലെങ്കിൽ പറയ് ”

ഇടറുന്ന ശബ്ദത്തോടെ ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.

അവൾ പറയുന്ന ഓരോ വാക്കുകളുംഹരി വേദനയോടെയാണ് കേട്ടത്. അവൾ പറഞ്ഞത് എല്ലാം സത്യമാണ്.

പലപ്പോഴും താനാണ് അവളെ അവഗണിച്ചത്.. എല്ലാ അർത്ഥത്തിലും കൃഷ്ണയെ താൻ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. അത് മനഃപൂർവം ചെയ്തത് അല്ല.

എങ്കിലും ഇന്നേവരെ ഒരു വാക്കുപോലും അവൾ പരാതി പറഞ്ഞിട്ടില്ല എന്നത് അവൻ ഓർത്തു.

കഴിഞ്ഞ നാളുകളിൽ താൻ കൃഷ്ണയോട് കാട്ടിയ അവഗണനയെക്കാൾ എത്രയോ ചെറുതാണ് വെറും രണ്ടാഴ്ചകൊണ്ട് അവൾ ചെയ്തത്..എന്നിട്ടും അത് തനിക്ക് സഹിക്കാൻ കഴിയുനില്ല.

ഹരിയുടെ ഹൃദയം കുറ്റബോധത്താൽ നീറി.

പറഞ്ഞു കഴിഞ്ഞപ്പോഴാണ് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് കൃഷ്ണയ്ക്ക് തോന്നിയത്. ഹരിയുടെ മുഖത്തേക്ക് നോക്കിയതും അവൾക്ക് സങ്കടം അധികരിച്ചു.

“സോറി ഹരിയേട്ടാ.. ഞാൻ അറിയാതെ പറഞ്ഞു പോയതാ.. ” അവൾ പറഞ്ഞു

“നീ പറഞ്ഞതാ ശെരി.. ഞാൻ നിന്നെ ഒരുപാട് അവോയ്ഡ് ചെയ്തു… പക്ഷെ അതൊന്നും തിരിച്ചറിയാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല..

നീയെന്നോട് ഒന്ന് സൂചിപ്പിച്ചത് കൂടി ഇല്ലല്ലോ..ഒരു പരിഭവവും കാണിക്കാതെ നടന്നില്ലേ നീ.. എന്നിട്ടും നിന്നിൽ നിന്നൊരു ചെറിയ അകൽച്ച വന്നത് എനിക്ക് സഹിക്കാൻ പറ്റിയില്ല….” ഹരി ക്ഷമാപണം നടത്തി

” നിനക്ക് ഒരുപാട് സങ്കടം ആയിട്ടുണ്ട് അല്ലേ… എനിക്കറിയാം..

കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഞാൻ അനുഭവിച്ചതിനേക്കാൾ എത്രയോ മുകളിൽ ആവും നിനക്ക് വേദനിച്ചിട്ടുണ്ടാകുക എന്നു എനിക്ക് അറിയാൻ പറ്റുന്നുണ്ട്. ”

ഹരി കൃഷ്ണയുടെ കൈകൾ തന്റെ കയ്യിലെടുത്തു.

“ഐ ആം സൊ സോറി ” അവൻ പറഞ്ഞു.

“എന്നോടെന്തിനാ ഹരിയേട്ടാ സോറിയൊക്കെ.. ഞാൻ… ഞാൻ അറിയാതെ പറഞ്ഞു പോയതാ.. ”

അവൾ കൈപിൻവലിച്ചുകൊണ്ട് പറഞ്ഞു.

“ഹരിയേട്ടനും മീനുചേച്ചിക്കും ഇടയിലൊരു കട്ടുറുമ്പ് ആകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

അത്കൊണ്ട് പലപ്പോഴും ഹരിയേട്ടൻ എന്നോട് മിണ്ടാതെ പോകുന്നതിൽ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല..

എങ്കിലും ചിലനേരത്ത് സങ്കടം വന്നിരുന്നു…അന്ന് എന്റെ വീട്ടിൽ പോയി പ്രശ്നം ആയ ദിവസമൊക്കെ…

പിന്നീട് ഈ കല്യാണം ഉറപ്പിച്ചത് വരെ, പല നേരത്തും ഹരിയേട്ടൻ പോലും എന്നെ മനസിലാകുന്നില്ലല്ലോ എന്ന് തോന്നിപോയി ”

” എന്റെ തെറ്റാണു മോളെ… ഞാൻ സമ്മതിക്കുന്നു.. പലപ്പോഴും നിന്നെ വേണ്ടപോലെ ഞാൻ പരിഗണിച്ചിട്ടില്ല.. എന്നിട്ടും നീ അഭിയ്ക്ക് വേണ്ടി എന്നെ അവോയ്ഡ് ചെയ്യുന്നതായി തോന്നിയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…നീ എന്റെ അല്ലേ…

എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത് അല്ലേ..പെട്ടന്ന് മറ്റൊരാൾ കടന്നു വന്നപ്പോൾ എനിക്ക് പറ്റിയില്ല അക്‌സെപ്റ് ചെയ്യാൻ ” അവൻ പറഞ്ഞു നിർത്തി.

” മറ്റൊരാൾ കടന്നു വരുമ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥാനം അല്ലേ പലർക്കും പലരുടെയും ജീവിതത്തിൽ ഉള്ളത് ”
കൃഷ്ണ പറഞ്ഞു. അവളുടെ വാക്കുകൾ ഹരിയുടെ ഹൃദയത്തിലാണ് പതിച്ചത്.

“അങ്ങനെയാണോ നീ എനിക്ക്… മറ്റൊരാൾ വന്നാൽ ഒഴിഞ്ഞു പോകുമോ നീ എന്നിൽ നിന്നു.? ….മറ്റൊരാൾക്ക്‌ വേണ്ടി നീ എന്നെ ഒഴിവാക്കുമോ? ” അവൻ കൃഷ്ണയെ നോക്കി ചോദിച്ചു.
ഹരിയുടെ മുഖഭാവം കണ്ടതും അവൾക്ക് സങ്കടം കൂടി.

“ഒരിക്കലും ഇല്ല ഹരിയേട്ടാ.. ഹരിയേട്ടന്റെ ഹൃദയത്തിൽ എന്റെ സ്ഥാനം എന്താണെന്നു എനിക്കറിയാം.. അതെ പോലെ എന്റെ ഹൃദയത്തിലും ഹരിയേട്ടൻ ഉണ്ടല്ലോ. ” അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“എന്റെ ഹൃദയസഖി അല്ലേ നീ ” ഹരി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി

“അതെ ”

“ഞാൻ പറഞ്ഞിട്ട് ഉള്ളതല്ലേ കൃഷ്ണേ.. ജീവിതകാലം മുഴുവൻ എന്റെ കൂടെ നീ വേണം…. ഉണ്ടാവില്ലേ? ” അവൻ ആർദ്രമായി ചോദിച്ചു.

“ഉണ്ടാകണം എന്നാണ് ആഗ്രഹം.. ” അവൾ പറഞ്ഞു

“ആഗ്രഹമോ.. അപ്പോൾ കൂടെ ഉണ്ടാകില്ലേ നീ ” അവന്റെ മുഖം കടുത്തു.

“ഞാൻ മറ്റൊരു വീട്ടിലേക്ക് പോയാൽ പിന്നെ.. ” അവൾ പൂർത്തിയാകാതെ നിർത്തി.

” നീ പോകേണ്ട”

” എന്താ “അവൾ ഞെട്ടലോടെ ചോദിച്ചു

” നീ പോകണ്ട കൃഷ്ണ.. എന്നെ വിട്ട് ഈ വീടിനെ വിട്ടു നീ പോവണ്ട എവിടെയും”

” ഹരിയേട്ടൻ എന്തൊക്കെയാ പറയുന്നത്.”

” എനിക്കറിയില്ല.. അഭിമന്യു നിന്നെ കല്യാണം കഴിച്ചാൽ നീ അയാളുടെ വീട്ടിലേക്ക് പോകണ്ടേ.. പിന്നെ നിന്നെ ഒന്ന് കാണണം എങ്കിൽ പോലും അവരുടെയൊക്കെ അനുവാദം വേണം.. എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ തന്നെ കണ്ടില്ലേ നിന്നോടൊപ്പം ഒന്ന് യാത്ര ചെയ്യാൻ പോലും പറ്റില്ല..

ഞാൻ എത്ര ആഗ്രഹിച്ചതാണ് അറിയുമോ നിന്നെയും കൊണ്ട് എക്സാമിന് പോകുന്നത്.. നിന്നോട് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു..

നീയും ഞാനും മാത്രമായി യാത്ര പോകണം എന്നുണ്ടായിരുന്നു.. ഇനി അങ്ങനെയൊന്നും പറ്റില്ലല്ലോ ”

കൃഷ്ണ അവൻ പറയുന്നത് കേട്ടിരുന്നു.

” നീയില്ലാതെ എനിക്ക് പറ്റുമോ എന്നറിയില്ല.. നാളെ നീ പോയി കഴിഞ്ഞാൽ.. ഞാൻ മിസ്സ് ചെയ്യും ഒരുപാട്.
നേരത്തെ ഒക്കെ നീ പറഞ്ഞില്ലേ ഞാൻ നിന്നെ അവഗണിക്കുന്നു എന്ന്.

പക്ഷേ അപ്പോഴും നീ എന്റെ കണ്ണിൻ മുന്നിൽ തന്നെ ഉണ്ടല്ലോ എന്നുള്ള ചിന്തയായിരുന്നു എനിക്ക്.. പക്ഷേ ഇനി.. നീ പോകുവല്ലേ ആഗ്രഹിക്കുമ്പോൾ എല്ലാം ഓടി വന്ന് കാണാൻ പറ്റില്ലല്ലോ.. നിന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ പറ്റില്ലല്ലോ.”

ഹരിയുടെ ശബ്ദം ഇടറിപ്പോയി. നിശബ്ദമായി അവൻ തേങ്ങുകയാണ് എന്ന് കൃഷ്ണയ്ക്ക് മനസ്സിലായി.

ഹരിയുടെ തോളിൽ തലചായ്ച്ച് കുറച്ചുനേരം കൃഷ്ണ ഇരുന്നു. കുറച്ചു നേരം ആ ഇരിപ്പു തുടർന്നു. ഇരുവരുടെയും കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

” ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ”
ഹരി ചോദിച്ചു.

കൃഷ്ണ ചിരിച്ചു

” അപ്പൊ മീനു ചേച്ചിയോ ”

“അവളെ വേറെ കെട്ടിക്കാം ”

“അഭിമന്യുവോ ”

“അവൻ വേറെ ആരെയെങ്കിലും കെട്ടട്ടെ ”

കൃഷ്ണ ഉറക്കെ ചിരിച്ചു. ചിരി അടക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.
ഹരി അവളെത്തന്നെ നോക്കിയിരുന്നു.

“വേണ്ട അല്ലേ ” അവൻ ചമ്മലോടെ പറഞ്ഞു.

“വേണ്ട…”

“മം.. വേണ്ട.. നീ എന്റെ ഫ്രണ്ട് ആയി ഇരുന്നാൽ മതി..”

“അതാണ് നല്ലത്.. ഫ്രണ്ട്ഷിപ്പിനു ഒരു മൂല്യം ഉണ്ട്… അത് നഷ്ടം ആകരുത് അല്ലേ ഹരിയേട്ടാ ”

അതേയെന്ന അർത്ഥത്തിൽ അവൻ തലയാട്ടി. അവളെ നോക്കി പുഞ്ചിരിച്ചു.

*****************************

പിറ്റേന്ന് രാവിലെ മുതൽ നിന്നു തിരിയാൻ പറ്റാത്ത അത്ര തിരക്കിലായിരുന്നു ഓരോരുത്തരും. കല്യാണതലേന്ന് ആയതു കൊണ്ട് ധാരാളം ആൾകാർ വന്നുകൊണ്ടിരിന്നു. പിറ്റേന്ന് കല്യാണത്തിന് പങ്കെടുക്കാൻ ആകാത്തവരും ദൂരെ നിന്നുള്ളവരുമൊക്കെയായിരുന്നു വന്നുകൊണ്ടിരുന്നത്.

മീനാക്ഷിയുടെ കൂടെ പഠിച്ച കുട്ടികളും, പരിചയക്കാരും അല്ലാതെ വന്നവരുമെല്ലാം ഓരോരോ സമ്മാനങ്ങളുമായാണ് വന്നത്.

തന്നെ കാണാനും സമ്മാനങ്ങൾ നല്കാനും ആരുമുണ്ടാകില്ലല്ലോ എന്ന് കൃഷ്ണ സങ്കടത്തോടെ ഓർത്തു.

മീനാക്ഷിയെ കാണാൻ എത്തിയവർ പോകാൻ നേരം കൃഷ്ണയെയും കാണാനെത്തി. ചിലർ ആശംസകൾ അറിയിച്ചപ്പോൾ മറ്റുചിലർ അസൂയ നിറഞ്ഞ നോട്ടത്തോടെ പരിഹാസവാക്കുകളാണ് പറഞ്ഞത്. എല്ലാം ഒരു പുഞ്ചിരിയോടെ തന്നെ അവൾ സ്വീകരിച്ചു.

ഉച്ച തിരിഞ്ഞ നേരത്ത് അഭിമന്യു വിളിച്ചു. ഇന്നിതിപ്പോൾ മൂന്നാമത്തെ തവണയാണ് വിളിക്കുന്നത്.

തലേന്ന് രാത്രി സംസാരിച്ചപ്പോൾ തനിക്ക് എന്തോ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് രാവിലെ അഭി അമ്മയെക്കൊണ്ട് വിളിപ്പിച്ചു.

എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അവർക്കും ആശങ്ക ഉണ്ടായിരുന്നു.

ഒന്നുമില്ലന്ന തന്റെ വാക്കിൽ അഭിയ്ക്ക് വിശ്വാസം ഇല്ലന്ന് കൃഷ്ണയ്ക്ക് മനസ്സിലായിരുന്നു. അത്കൊണ്ട് തന്നെയാണ് വീണ്ടുമുള്ള ഈ ഫോൺ വിളി.

അവൾ അറ്റൻഡ് ചെയ്തതും വീണ്ടും അവൻ രാവിലെ ചോദിച്ചത് തന്നെ ആവർത്തിച്ചു. ഒന്നുമില്ലന്നുള്ള തന്റെ മറുപടിയിൽ അഭി തൃപ്തൻ ആകില്ലെന്ന് അറിയാവുന്നത്കൊണ്ടു അവൾക്ക് പറയാൻ മറ്റൊരു കാരണം കണ്ടെത്തേണ്ടിയിരുന്നു.

“ഇനിയെങ്കിലും പറ…എന്താ ഈ മൂഡ് ഔട്ടിന് പിന്നിൽ ” അഭിയുടെ ചോദ്യം കാതിൽ പതിച്ചു

“പ്രത്യേകിച്ച് ഒന്നുമില്ല ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“കൃഷ്ണ… ബി ഫ്രാങ്ക്.. നിനക്ക് എന്ത് പ്രോബ്ലം ഉണ്ടെങ്കിലും എന്നോട് പറയാം..”

“പ്രോബ്ലം ഒന്നുല്ല ”

“പിന്നെയെന്താ പറ്റിയത്..” അവൻ അക്ഷമനായി

“അത്…. വിവാഹസമ്മാനവുമായി എന്നെ കാണാൻ വരാൻ ആരുമില്ലല്ലോ.. അത് ഓർത്തപ്പോൾ വിഷമം വന്നു ”

യഥാർത്ഥ കാരണം അതല്ല എങ്കിലും ആ പറഞ്ഞതിലും സത്യം ഉണ്ടായിരുന്നു.
തന്നോടൊരു ആശംസവാക്ക് പോലും ആരും പറഞ്ഞിട്ടില്ല എന്നത് അവളുടെ മനസിനെ വേദനിപ്പിച്ചിരുന്നു.

കൃഷ്ണ പറഞ്ഞത് അഭിമന്യുവിനെയും ഒരു നിമിഷം വേദനിപ്പിച്ചു. വിവാഹിതയാകാൻ പോകുന്നൊരു പെൺകുട്ടി. അവളോട് നല്ലൊരു വാക്ക് പറയാൻ പോലും ആരും എത്താത്ത അവസ്ഥ.. !

“അവിടെ വന്നവർ ആരെങ്കിലും നിന്നോട് മോശമായി സംസാരിച്ചോ ”

“ഇല്ല ”

” അങ്ങനെ ആരെങ്കിലും മോശമായി നിന്നോട് സംസാരിക്കുകയോ ആക്ഷേപിക്കയോ ചെയ്യുന്നുണ്ടെങ്കിൽ ആ നിമിഷം എന്നെ അറിയിക്കണം കേട്ടോ ” അവന്റെ ശബ്ദം മൃദുലമാകുന്നത് കൃഷ്ണ അറിഞ്ഞു.

“മം ”

” എങ്കിൽ ശെരി.. അല്പം തിരക്കിലാണ്. പിന്നെ വിളിക്കാം..അവിടെ എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വിളിക്കാൻ മറക്കരുത് ” അവൻ ഒന്നുകൂടി ഓർമിപ്പിച്ചു കോൾ കട്ട്‌ ചെയ്തു.
കുറച്ചു നേരം കൃഷ്ണ ആ ഫോണും കയ്യിൽ പിടിച്ചു നിന്നു.

പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത്. ഒരുനിമിഷം അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അച്ഛന്റെ പെങ്ങൾ വന്നിരിക്കുന്നു. ശ്രീജിത്തിന്റെ അമ്മ. എന്തെങ്കിലും കുഴപ്പമുണ്ടാക്കാൻ ആയിരിക്കുമോ അവർ വന്നത് എന്ന് കൃഷ്ണ സംശയിച്ചു.

അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലത്തൊക്കെയും അവരെ ഒരുപാട് ദ്രോഹിച്ച ആളാണ്. തന്റെ അച്ഛനെ മനപ്പൂർവ്വം കടക്കെണിയിൽ ആക്കി ജീവൻ എടുത്തവർ.

അച്ഛന്റെ മരണശേഷം താൻ ഒരു ബാധ്യത ആകുമോ എന്ന് കരുതി വീട്ടിൽ നിന്നും തുരത്തിയോടിച്ചവരാണ്.

കുറെ നാളുകളായി കണ്ടിട്ട്. രോഗബാധിതയായി ഇടയ്ക്ക് ആശുപത്രിയിലായിരുന്നു എന്നൊക്കെ പലരും പറഞ്ഞു അറിഞ്ഞിരുന്നു.

എന്നാൽ ഇന്ന് അവർ വന്നത് എന്തുകൊണ്ടാണെന്ന് കൃഷ്ണയ്ക്ക് മനസ്സിലായില്ല.
ശങ്കിച്ചു നിന്ന അവൾക്കരികിലേക്കു അവർ എത്തി.

“ഞാൻ വരുമെന്ന് വിചാരിച്ചില്ല അല്ലേ ” അവർ ചോദിച്ചു.

കൃഷ്ണ ഒന്നും മിണ്ടിയില്ല.

” കല്യാണം ആണെന്ന് അറിഞ്ഞു.. അതാ വന്നത്.. നിന്നെയൊന്നു കാണണം എന്ന് തോന്നി… ”

“മം ” അവളൊന്നു മൂളി.

“എന്നെ പെട്ടന്നിവിടെ കണ്ടപ്പോൾ മോൾ പേടിച്ചു അല്ലേ… ” അവർ മുഖത്തൊരു ചിരിയോടെ ചോദിച്ചു.

“പേടിക്കേണ്ട… ഒരു ദ്രോഹത്തിനും വന്നതല്ല.. നിന്നെയൊന്നു കാണണം മാപ് പറയണം അത്രേ ഉള്ളു.. ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഞാൻ നിന്റെ അച്ഛനെയും അമ്മയെയും.

അവരുടെ മരണശേഷം നിന്നെ സംരക്ഷിക്കാതെ കയ്യൊഴിഞ്ഞു. തെറ്റുകൾക്കു മേൽ തെറ്റുകൾ ആണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്തുകൂട്ടിയത്. അതിനൊക്കെ ദൈവം എന്നെ ധാരാളം ശിക്ഷിച്ചു.

കണ്ടില്ലേ ഇപ്പോൾ ഇല്ലാത്ത അസുഖങ്ങൾ ഇല്ല. എന്നും ആശുപത്രിയും വീടുമായി മാറി മാറി കഴിയുന്നു. ഒരുപാട് അനുഭവിച്ചു ഞാൻ.

ഒക്കെ ഞാൻ ചെയ്ത തെറ്റിന്റെ ഫലമാണ്.. എല്ലാം എനിക്കിന്ന് ബോധ്യമായി.. അതിൽ ഒരുപാട് പശ്ചാത്തപിക്കുന്നുമുണ്ട്.

മോളോട് മാപ്പ് പറയാൻ എനിക്ക് അർഹതയില്ലെന്ന് അറിയാം എങ്കിലും ക്ഷമിക്കാൻ പറ്റില്ലേ നിനക്കെന്നോട്..”

അവർ നിറകണ്ണുകളോടെ പറഞ്ഞു.
ചെയ്ത തെറ്റിന് ഓർത്തു അവർ ഒരുപാട് പശ്ചാത്തപിക്കുന്നു ഉണ്ടെന്ന് കൃഷ്ണയ്ക്ക് ബോധ്യമായി.

” സാരമില്ല.. എനിക്ക് ദേഷ്യം ഇല്ല ആരോടും.. വെറുപ്പും ഇല്ല.. എന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോൾ കാണാൻ വന്നില്ലേ അതുമതി.. എന്റെ സ്വന്തം എന്ന് പറയാൻ ഒരാളെങ്കിലും എത്തിയല്ലോ..”

അത് പറയുമ്പോൾ അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അവർ കൃഷ്ണയെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു. ഒരുപാട് നേരം മാപ്പ് പറഞ്ഞു. ശപിക്കരുത് എന്ന് അപേക്ഷിച്ചു..

അവർ കയ്യിൽ കരുതിയിരുന്ന ചെറിയൊരു പൊതി കൃഷ്ണക്ക് നേരെ നീട്ടി.

” നിന്റെ കല്യാണമല്ലേ എന്റെ വക ചെറിയൊരു സമ്മാനം..”

അവൾ അത് വാങ്ങി തുറന്നു നോക്കി. നേർത്ത ഒരു സ്വർണമാലയും രണ്ട് വളകളും.

“എനിക്കിത് വേണ്ട. അപ്പച്ചി തന്നെ വെച്ചോളൂ. ആശുപത്രിയിൽ പോകാൻ ഒക്കെ ഒരുപാട് ചിലവുകൾ ഉള്ളതല്ലേ.”

അവൾ അത് തിരികെ നൽകാൻ ഭാവിച്ചു.

” ഇല്ല ഇത് മോൾക്ക് വേണ്ടി വാങ്ങിയത്.. തിരികെ തരരുത്. നിനക്ക് ഒന്നും തരാൻ പറ്റിയിട്ടില്ല.. വേണ്ടെന്നു പറയരുത്.”

അവർ അത് കൃഷ്ണയുടെ കൈകളിലേക്ക് തന്നെ വെച്ചു കൊടുത്തു.

അവൾ അപ്പച്ചിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി. നിറകണ്ണുകളോടെ അവർ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

” നീ നല്ലവൾ ആണ്. ദൈവം അനുഗ്രഹിക്കും.”

അവളുടെ മൂർദ്ധാവിൽ ചുംബിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ച് അവർ തിരികെ പോയി.

അപ്രതീക്ഷിതമായി വന്ന സന്തോഷത്തിന് അവൾ ദൈവത്തിനു നന്ദി പറഞ്ഞു. തനിക്കുവേണ്ടി വരാനും ഒരാൾ ഉണ്ടായല്ലോ എന്ന് ഉള്ളാൽ ആശ്വസിച്ചു.

എന്തുകൊണ്ടോ അക്കാര്യം അഭിമന്യുവിനെ അറിയിക്കണമെന്ന് അവൾക്ക് തോന്നി.

അത് കേട്ടപ്പോൾ അവനു ഉണ്ടായ സന്തോഷം അവന്റെ ശബ്ദത്തിൽ പ്രകടമായിരുന്നു.
മനസ്സു നിറഞ്ഞ പ്രതീതി കൃഷ്ണയ്ക്കും ഉണ്ടായി.

********************
അങ്ങനെ കല്യാണ ദിവസം വന്നെത്തി. വെളുപ്പിനെ തന്നെ എല്ലാവരും ഉണർന്നിരുന്നു. മീനാക്ഷിയും കൃഷ്ണയും രാവിലെ തന്നെ തയ്യാറാകാൻ തുടങ്ങി.

ഇരുവരെയും അണിയിച്ചൊരുക്കാൻ ബ്യൂട്ടീഷനെ ഏർപ്പാടാക്കിയിരുന്നു. ചുവപ്പു നിറത്തിലുള്ള കാഞ്ചിപുരം സാരി ആയിരുന്നു ഇരുവർക്കു വേണ്ടിയും തിരഞ്ഞെടുത്തിരുന്നത്.

മീനാക്ഷിയ്ക്കൊപ്പം ആഭരണങ്ങൾ കൃഷ്ണയ്ക്ക് വാങ്ങി നൽകിയെങ്കിലും അത് അല്പം മാത്രമേ അവൾ അണിഞ്ഞിരുന്നുള്ളൂ. ആരും അവളെ നിർബന്ധിച്ചതും ഇല്ല.

സാരിയുടുത്തു തലയിൽ മുല്ലപ്പൂ വച്ച് മുടി പിന്നിലേക്ക് കെട്ടിവെച്ചു കൃഷ്ണവേണി മണവാട്ടിയായി ഒരുങ്ങി ഇറങ്ങി. കൂടെ മീനാക്ഷിയും.

നാരായണി അമ്മയുടെയും രവീന്ദ്രന്റെയും സതീശന്റെ യും ബാക്കിയുള്ള മുതിർന്നവരുടെയും എല്ലാം അനുഗ്രഹം ഇരുവരും വാങ്ങി. കൃഷ്ണ മീനാക്ഷിയെ നോക്കി പുഞ്ചിരിച്ചു. അവളും തിരികെ പുഞ്ചിരി സമ്മാനിച്ചു.

മറ്റുള്ളവരുടെ നിർദ്ദേശപ്രകാരം നിശ്ചയിച്ച സമയത്ത് തന്നെ ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങി.

കൃഷ്ണയുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് മീനാക്ഷി ഓഡിറ്റോറിയത്തിലേക്ക് പോകാനായി തയ്യാറാക്കി നിർത്തിയിരുന്ന വാഹനത്തിലേക്ക് കയറി.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11

ഹൃദയസഖി : ഭാഗം 12

ഹൃദയസഖി : ഭാഗം 13