Thursday, January 23, 2025
Novel

ദേവാസുരം : ഭാഗം 17

എഴുത്തുകാരി: അഞ്ജലി അഞ്ജു


അമ്പലത്തിൽ നിന്ന് ചെന്നതും ജാനു ഉഷയെ സഹായിക്കാൻ അടുക്കളയിൽ കൂടി. ഇന്ദ്രനും കുട്ടീസും തൊടിയിൽ മാവിന്റെ ചുവട്ടിലും കുളക്കടവിലുമൊക്കെ കറങ്ങി നടന്നു.

കഴിക്കാനായി വിളിച്ചപ്പോളാണ് മൂവരും അകത്തേക്ക് വന്നത്. രുദ്രയും ഇന്ദ്രനും കുട്ടികളും ഒന്നിച്ചു കഴിക്കാനിരുന്നു. ഏറെ നിർബന്ധിച്ചിട്ടും ജാനു വിളമ്പാനാണ് നിന്നത്.

“പുളിശ്ശേരി ഉണ്ടാക്കിയില്ലേ?”

കഴിക്കാൻ തുടങ്ങും മുന്നേ തന്നെ ജാനുവിനോടായി ഇന്ദ്രൻ ചോദിച്ചു.

“ഉണ്ട്. ദാ ഇപ്പോ എടുത്തിട്ട് വരാം.”

അതും പറഞ്ഞു അവൾ വേഗത്തിൽ അടുക്കളയിലേക്ക് പോയി. ഇന്ദ്രൻ അത് ചോദിച്ചപ്പോളാണ് ധൃതി പിടിച്ചു ജാനു അത് ഉണ്ടാക്കിയതിന്റെ കാരണം ഉഷയ്ക്ക് മനസിലായത്.

കുട്ടിക്കാലത്തു തന്റെ അമ്മ ഉണ്ടാക്കുന്ന പുളിശ്ശേരി വല്യ ഇഷ്ടമായിരുന്നെന്നതും ഉഷ ഓർത്തു.

അവൻ പറയാതെ തന്നെ അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന ജാനുവിനോട് ഉഷയ്ക്ക് മതിപ്പ് തോന്നി.

അത് പോലെ തന്നെ എന്തിനും ഏതിനും ജാനുവിനെ അന്വേഷിക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ സന്തോഷവും.

ഊണ് കഴിച്ച് കഴിഞ്ഞ് എല്ലാവരും കൂടെ നാട്ടു മാവിൻ ചുവത്തിലേക്ക് പോയി. സേതു ടൗണിൽ എന്തൊക്കെയോ വാങ്ങാൻ പോയിട്ട് എത്തിയിരുന്നില്ല.

അപ്പോളാണ് അനുവും ശിവയും ഒരു ഊഞ്ഞാൽ കെട്ടി തരാൻ ഇന്ദ്രനോട് ആവശ്യപ്പെട്ടത്.

ആദ്യമൊക്കെ ഒഴിവ് പറഞ്ഞെങ്കിലും രുദ്രയും പറഞ്ഞതോടെ അവൻ കെട്ടി കൊടുക്കാൻ ഏറ്റു.

മാവിൽ കേറി കഴിഞ്ഞപ്പോ രുദ്രയ്ക്ക് മാങ്ങാ തിന്നാൻ മോഹം ! നല്ല അസ്സൽ പച്ച മാങ്ങ മാവ് നിറയെ ഉണ്ടായിരുന്നു.

അവൻ മാങ്ങാ പറിച്ച് ഇട്ടു കൊടുത്തതും ജാനു എടുത്ത് കൊണ്ട് പോയി മുറിച് ഉപ്പും ഇട്ടു കൊണ്ട് വന്നു. ദേവകിയും ഉഷയും ആദ്യം തന്നെ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞു പിന്മാറിയിരുന്നു.

അനുവും ശിവയും കണ്ണൊക്കെ ഇറുക്കി അടച്ചു ഒരു കഷ്ണം കഴിച്ചെങ്കിലും അവരും പിന്മാറി.

അത്രയ്ക്ക് പുളി ഉണ്ടായിരുന്നു. ഇന്ദ്രന് പിന്നെ പണ്ട് തൊട്ടേ പച്ച മാങ്ങാ ഇഷ്ടമല്ല.

“എന്റെ രുദ്രേച്ചി നിനക്ക് ഇത് കഴിച്ചിട്ട് പല്ലു പുളിക്കുന്നില്ലേ. നിന്റെ എക്സ്പ്രഷൻ കണ്ടിട്ട് തന്നെ എനിക്ക് പുളി തോന്നുന്നു.”

“അതേ.. ഇതിന് ഇത്തിരി പുളി കൂടുതലാ. എങ്കിലും കൊള്ളാം.”

അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു കൊണ്ട് പറഞ്ഞു.

“മോന് ഇതൊന്നും അറിയാഞ്ഞിട്ടാ. ഗർഭിണിയായ പെണ്ണുങ്ങൾക്ക് ഈ മാങ്ങയുടെ പുളിയൊക്കെ ഇഷ്ടമാണ്. അതൊക്കെ മോനും ഒരു ദിവസം മനസ്സിലാവും.”

ഇതും പറഞ്ഞ് ചിരിച്ചു കൊണ്ട് ജാനുവിനെ നോക്കിയ ദേവകിയുടെ കണ്ണ് തള്ളുന്നത് കണ്ടാണ് എല്ലാവരും ജാനുവിനെ നോക്കിയത്.

ആള് ആരും പറയുന്നത് ശ്രദ്ധിക്കാതെ മാങ്ങാ കഴിക്കുവാണ്. പുളിയുടെ ഒരു നവരസങ്ങൾ പോലും മുഖത്തു കാട്ടാതെ കഴിക്കുന്നത് കണ്ട് ഇന്ദ്രൻ പോലും വാ പൊളിച്ചു പോയി.

ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടത് പോലെ ! ഇത് കണ്ടതും സംശയഭാവേന രുദ്ര ഇന്ദ്രനെ നോക്കി പുരികമൊക്കെ പൊക്കി എന്തൊക്കെയോ കണ്ണ് കൊണ്ട് ചോദിച്ചു.

ഇന്ദ്രനാവട്ടെ ഞാൻ ഒന്നും ചെയ്തില്ലെന്നൊക്കെ നിഷേധ ഭാവത്തിൽ തല വെട്ടിക്കുന്നുണ്ട്.

“എന്താ കുട്ടിയെ നിനക്കും വിശേഷമുണ്ടോ?”

ദേവകി കാര്യായിട്ട് ജാനുവിനോട് ചോദിച്ചു.

“എന്ത്?”

പെട്ടെന്ന് കാര്യം മനസിലാവാതെ ജാനു ചോദിച്ചു.

“അല്ല ഈ പുളി മാങ്ങാ ഇങ്ങനെ കഴിക്കുന്ന കണ്ടു ചോദിച്ചതാ.”

“എനിക്ക് പുളി ഇഷ്ടാണ്.”

നിഷ്കളങ്കമായി പറഞ്ഞു കൊണ്ട് അവൾ വീണ്ടും കഴിക്കാൻ തുടങ്ങി. അവൾ കഴിക്കുന്നത് നോക്കിയിട്ട് എല്ലാവരും ഇന്ദ്രനെ നോക്കി.

“ഡാ നീ പെട്ട്. ഇപ്പോ ഇങ്ങനെ ആണേൽ വിശേഷം ഉണ്ടായാൽ നിനക്ക് മാവിൽ നിന്ന് ഇറങ്ങാൻ സമയം ഉണ്ടാവില്ല ട്ടോ.”

രഹസ്യമായി അവന്റെ ചെവിയിൽ പറഞ്ഞ് രുദ്ര ചിരിച്ചു.

ഇന്ദ്രൻ അവളെ കണ്ണ് കൊണ്ട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ജാനുവിന്റെ മുഴുവൻ ശ്രദ്ധയും മാങ്ങയിൽ ആയിരുന്നു. അവസാനം അവൻ പിന്മാറി.

കുറേ സമയം കഴിഞ്ഞപ്പോൾ രുദ്രയും അമ്മമാരും അകത്തേക്ക് പോയി. കുട്ടീസ് ഊഞ്ഞാലാട്ടം ആയിരുന്നു. ഇന്ദ്രനും ജാനുവും അവരെയും നോക്കി കുറേ സമയം ഇരുന്നു.

“ഡോ നമുക്ക് കുളക്കടവിലേക്ക് പോവാം.”

“ആഹ്.”

അവൾ എഴുന്നേറ്റ് അനുവിനെയും ശിവയേയും വിളിക്കാൻ തുനിഞ്ഞു.

“അവർ ഇപ്പോ കളിക്കട്ടെ. അവരെ പിന്നെ വിളിക്കാം.”

അതും പറഞ്ഞ് ഇന്ദ്രൻ നടന്നു. അവന് പിന്നാലെ അവളും. അധികം വലുപ്പം ഒന്നും ഇല്ലാത്ത ഒരു ചെറിയ കുളമായിരുന്നു അത്. വേനൽക്കാലം ആയതിനാൽ വെള്ളവും കുറവായിരുന്നു. ഇന്ദ്രൻ പോയി കല്പടവിൽ ഇരുന്നു. അതിന് താഴെയായി അവളും.

“നല്ല രസം ഉണ്ടല്ലേ ഇവിടെ ഇരിക്കാൻ.”

കാലുകൾ വെള്ളത്തിലേക്ക് ഇറക്കി കൊണ്ട് അവൾ പറഞ്ഞു.

“ആഹ് രസമൊക്കെയാണ്. പക്ഷെ ഒറ്റക്ക് ഒന്നും ഇങ്ങോട്ട് വരരുത്.”

“അതെന്താ?”

“ഈ കുളത്തിൽ പണ്ട് ഇവിടുത്തെ വേലക്കാരി എങ്ങാണ്ട് വീണു മരിച്ചിട്ടുണ്ട്. അതിൽ പിന്നെ മൊത്തം നാല് പേര് മരിച്ചു.”

“ഏഹ് ഈ ചെറിയ കുളത്തിൽ വീണോ?”

ചുറ്റും കണ്ണോടിച്ചു കൊണ്ട് ജാനു പറഞ്ഞു.

“നല്ല ആഴം ഉണ്ട്. കണ്ടാൽ തോന്നില്ലെന്നേ ഉള്ളൂ.”

“ആണോ?”

“മ്മ്. പ്രേത ബാധ ഉള്ള കുളമാണെന്നൊക്കെ പറയുന്നത് കേൾക്കാം. എനിക്ക് അറിയില്ല.”

അവൻ അത് പറഞ്ഞതും ഭയത്തോടെ കുളത്തിൽ നിന്ന് കാലെടുത്തു മാറ്റുന്ന ജാനുവിനെ കണ്ടപ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.

“ഡോ സോറി.”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ഒടുവിൽ ഇന്ദ്രൻ പറഞ്ഞു.

“എന്തിന്?”

സംശയഭാവത്തിൽ ജാനു ചോദിച്ചു.

“താൻ പാടില്ലെന്ന് പറഞ്ഞതിന്. അവരിൽ നിന്ന് പാടാതെ രക്ഷപെടാൻ പറഞ്ഞതാണ്. പക്ഷെ അലീനയുമായി പാടാൻ പറയുമെന്നും അവളതിന് തയ്യാറാകുമെന്നും കരുതിയില്ല. സോറി.”

“അയ്യേ അതിനാണോ? അതൊന്നും കുഴപ്പമില്ല. അല്ലെങ്കിലും ആരെങ്കിലും ഇതൊക്കെ മനസ്സിൽ വെച്ചേക്കുവോ?”

മുഖത്തു പുച്ഛം വാരി വിതറി ജാനു അത് പറഞ്ഞപ്പോൾ അന്ന് രാത്രി അതും പറഞ്ഞ് കരഞ്ഞ ജാനുവിന്റെ മുഖമാണ് ഓർമ്മ വന്നത്.

“എന്തിനാണ് ചിരിക്കുന്നത്?”

“ഹേയ് ഒന്നുമില്ല. നീ അതൊക്കെ കാര്യമാക്കാത്തതിന്റെ സന്തോഷത്തിൽ ചിരിച്ചതാ.”

വീണ്ടും ചിരിച്ചുകൊണ്ട് ഇന്ദ്രൻ പറഞ്ഞത് കേട്ട് ഒന്നും അറിയാതെ അവളും കൂടെ ചിരിച്ചു.

“അല്ല നമുക്ക് രാത്രി ഒരു ബിയർ അടിച്ചാലോ?”

“അയ്യോ വേണ്ട. അന്ന് തന്നെ എന്തൊക്കെ കാണിച്ചെന്ന് ഒരു ഓർമയുമില്ല. എന്നാ തലവേദന ആയിരുന്നെന്നു അറിയുവോ?”

“പിന്നെന്തിനാ കഷ്ടപ്പെട്ട് കഴിക്കാൻ പോയത്?”

“അത് പിന്നെ… ഒന്നൂല്ല അപ്പോ തോന്നി. അത്രേ ഉള്ളൂ.”

“മ്മ്.”

ഇന്ദ്രൻ അവളുടെ മുഖത്തു നിന്ന് കണ്ണ് മാറ്റാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. അവളിലെ ഓരോ ഭാവങ്ങളും അവൻ ആസ്വദിക്കുകയായിരുന്നു.

“പിന്നെ?”

“പിന്നെന്താ?”

“അടുത്ത മാസം തന്റെ പിറന്നാൾ അല്ലേ?”

“ഏട്ടൻ എങ്ങനെ അറിഞ്ഞു.”

അതിശയത്തോടെയാണ് അവളത് ചോദിച്ചത്.

“അതൊക്കെ അറിഞ്ഞു. തനിക്ക് ഞാനെന്ത് ഗിഫ്റ്റാ തരേണ്ടത്?”

“എനിക്ക് ഗിഫ്റ്റ് ഒന്നും വേണ്ട. ഇങ്ങനെ എന്നോട് എപ്പോളും സംസാരിച്ചാൽ മതി.”

“അതൊക്കെ സംസാരിക്കാം. തനിക്ക് ഞാൻ ഒരു സർപ്രൈസ് വെച്ചിട്ടുണ്ട്. അത് കൂടാതെ തനിക്ക് എന്ത് ആഗ്രഹം ആണ് ഉള്ളത്?”

“അതോ ഞാൻ ആലോജിക്കട്ടെ…”

“എന്നെ സിനിമ കാണിക്കാൻ കൊണ്ട് പോകുവോ?”

കുറേ നേരത്തെ ആലോചനയ്ക്ക് ശേഷമാണ് അവളത് പറഞ്ഞത്.

“അയ്യേ സിനിമയോ?”

“ഞാൻ ഇത് വരെ തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.”

അവൾ സങ്കടത്തോടെ മുഖം കുനിച്ചു പറഞ്ഞു.

“ഓർമ വെച്ചപ്പോൾ തൊട്ട് അച്ഛനും അമ്മയും വഴക്കാണ്. സ്വബോധത്തോടെ അച്ഛനെ കണ്ട ഓർമ ഇല്ല.

പിന്നെ അമ്മ മരിച്ചു കഴിഞ്ഞ് അമ്മാവൻ എന്നെ നോക്കുന്നത് തന്നെ വല്യ കാര്യമല്ലേ. എങ്കിലും അവർ എവിടെയെങ്കിലുമൊക്കെ പോവാൻ ഇറങ്ങുമ്പോൾ ഒരു പ്രതീക്ഷ ആണ്.

പക്ഷെ എല്ലാരും കൂടെ പോയാൽ വീട്ടിലെ കാര്യങ്ങൾ ആരാ നോക്കുക.”

തല ഉയർത്തി ഇന്ദ്രനെ നോക്കിയ ശേഷം അവൾ വീണ്ടും തുടർന്നു.

“ഏട്ടനൊരു കാര്യം അറിയാവോ? ഈ ലോകത്തിൽ ഏറ്റവും നിസഹായ അവസ്ഥ എന്നത് നമുക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ലാതാവുന്നതാണ്.

എല്ലാവർക്കും ഒരു പരിഹാസപാത്രമായി ഇങ്ങനെ ജീവിക്കുന്നത്.

ഏട്ടന് അമ്മയുണ്ട് അച്ഛനുണ്ട് ചേച്ചിയുണ്ട്… പക്ഷെ അവരെ നഷ്ടപ്പെട്ടാൽ മറ്റാർക്കും നമ്മൾ അന്യരാണ്.

ചിലപ്പോൾ എന്റെ തോന്നലാവാം. പക്ഷെ എനിക്ക് എന്റെ ജീവിതം തന്ന തിരിച്ചറിവ് അതാണ്.

ആരോടും പരാതിയില്ല. മാമന്റെ വാക്ക് കേൾക്കാതെ ഇറങ്ങി പോയ അമ്മയോടും സംശയം മൂത്ത് ഭാര്യയെ കൊന്ന അച്ഛനോടും ആരോടും..”

അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയിരുന്നു. ഇന്ദ്രനും അവളെ പറ്റി ആലോചിച്ചപ്പോൾ സങ്കടം തോന്നി.

“അമ്മ ചെയ്ത തെറ്റെങ്കിലും തിരുത്താൻ ഒരു അവസരം കിട്ടിയപ്പോൾ അത് കൊണ്ടാണ് ഏട്ടന് പോലും ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത്.

പക്ഷെ അപ്പോളും വിഷ്ണു ഏട്ടനോട് പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തതെന്ന ബോധ്യമുണ്ട്. പക്ഷെ…”

“അതൊക്കെ വിട്.. ഏതായാലും ജാനുക്കുട്ടിയെ ഞാൻ സിനിമ കാണിക്കാൻ കൊണ്ട് പോകും. കുറേ സ്ഥലത്ത് കൊണ്ട് പോകും നോക്കിക്കോ.”

അവൻ കൊച്ചു കുട്ടിയോടെന്ന പോലെ അവളോട് പറഞ്ഞു. കുറെയേറെ സമയം ഇരുവരും അവിടെ ഇരുന്നു സംസാരിച്ചു.

ഒടുവിൽ അനുവും ശിവയും വിളിക്കുന്ന ശബ്ദം കേട്ടപ്പോളാണ് അവിടുന്ന് എഴുന്നേറ്റത്.

പെട്ടെന്ന് എഴുന്നേറ്റപ്പോൾ കാലു തെന്നി ജാനു കുളത്തിലേക്ക് വീണു. എഴുന്നേക്കാൻ കഴിയാതെ കൈ മുകളിലേക്ക് ഉയർത്തി അടിക്കുമ്പോളേക്കും ഇന്ദ്രന്റെ കൈകൾ അവളെ പിടിച്ചിരുന്നു.

“ഡോ..”

അവന്റെ കഴുത്തിലൂടെ കൈ പിടിച്ച് കണ്ണടച്ചിരുന്ന അവൾ മെല്ലെ കണ്ണുകൾ തുറന്നു നോക്കി.

“ഡോ തനിക്ക് ഞാൻ പറയുന്നത് കേൾക്കാൻ വയ്യേ. കാലു താഴെ കുത്തിക്കോ ഇതിന് ആഴം കുറവാണ്.”

മെല്ലെ കാലുകൾ താഴേക്ക് പതിപ്പിച്ചപ്പോളാണ് അവൻ പറഞ്ഞത് സത്യമാണെന്നു അവൾക്കും മനസിലായത്.

“അപ്പൊ ആഴം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്?”

“അത് വെറുതെ തന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ. ഉടനേ താൻ ഇതിൽ ചാടുമെന്ന് ഞാൻ കരുതിയില്ല.”

“ഞാൻ ചാടിയതല്ല. വീണതാ.”

“ആഹ് എന്തെങ്കിലും ആവട്ടെ. പോയി ഡ്രസ്സ്‌ മാറാം അല്ലെങ്കിൽ വല്ല പനിയും പിടിക്കും.”

പടവിൽ ആദ്യം കയറിയ ശേഷം അവൻ അവളെയും കൈ പിടിച്ച് കയറ്റി.
നനഞ്ഞപടി രണ്ടാളും പോണത് കണ്ട് ശിവയും അനുവും കളിയാക്കി ചിരിച്ചു.

റൂമിലേക്ക് ചെല്ലുമ്പോൾ ഇന്ദ്രന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഓഫീസിലെ കാളുകളും അലീനയുടെ കാളും വന്നിട്ടുണ്ടായിരുന്നു.

ആദ്യം തന്നെ ഓഫിസിലേക്ക് വിളിച്ച് ഇന്ദ്രൻ സംസാരിച്ചു. അവന്റെ മുഖം ഭാവം കണ്ടപ്പോളേ എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളതായി ജാനുവിന് തോന്നിയിരുന്നു.

“നീ വേഗം റെഡി ആവൂ. നമുക്ക് ഇപ്പോൾ തന്നെ തിരിക്കണം.”

“എന്താ ഏട്ടാ? എന്ത് പറ്റി?”

“അതൊക്കെ പറയാം..”

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11

ദേവാസുരം : ഭാഗം 12

ദേവാസുരം : ഭാഗം 13

ദേവാസുരം : ഭാഗം 14

ദേവാസുരം : ഭാഗം 15

ദേവാസുരം : ഭാഗം 16