Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 36

എഴുത്തുകാരി: മാലിനി വാരിയർ

ഇലക്ട്രിസിറ്റിക്ക് തടസം നേരിട്ടതിനാൽ അവൻ ജനലുകൾ തുറന്നിട്ടു.മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികളും നനഞ്ഞ പച്ചമണ്ണിന്റെ മണവും അവന്റെ മനസ്സിനെ കൂടുതൽ മൃദുലമാക്കി..ആ മനോഹര നിമിഷങ്ങൾക്ക് ചേർന്ന ഗാനങ്ങൾ കേട്ടുകൊണ്ട്, ജനലിലൂടെ മഴയും ആസ്വദിച്ചുകൊണ്ട് അവൻ നിന്നു. അല്പസമയം കഴിഞ്ഞ്, വാതിൽ തുറയുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു.അവളുടെ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞതും അവൻ സ്വയം മറന്നു നിന്നു.

ഒരു മെഴുകു തിരിയും കയ്യിലേന്തി അവരുടെ മുറിയിലേക്ക് കയറുകയാണ് മിഥുന.. ആ എളിയ വെളിച്ചത്തിൽ അവളുടെ മുഖം കൂടുതൽ മനോഹരമായി അവന് തോന്നി.സ്വർഗത്തിൽ നിന്നും താഴേക്കിറങ്ങി വന്ന അപ്സരസാണോ അവളെന്ന് അവനൊരു നിമിഷം ചിന്തിച്ചു നിന്നു. “വെണ്ണിലാവിൻ സോദരിയോ.. നീ മണ്ണിൽ വന്ന താരകമോ..? വെണ്മയേറും പെൺകിടാവിൻ മറുപാതിയീ ഞാനല്ലയോ…!!! സ്വർണം തിളങ്ങുന്ന കവിൾ തടങ്ങൾ വൈരം മിനുങ്ങുന്ന കൺമണികൾ ദേവി…. നീയെൻ ശ്രീ ദേവി…” മനസ്സിൽ തെളിഞ്ഞ വരികൾ അവന്റെ ചുണ്ടുകളെ വിടർത്തി.

അവൻ അവളുടെ മുഖഭംഗിയും നോക്കി മതിമറന്ന് നിൽക്കുകയാണ്. തിരി അവിടെ ഉണ്ടായിരുന്ന ഒരു മേശപ്പുറത്ത് വെച്ചുകൊണ്ട്, അവൾ അവന്റെ അരികിൽ വന്ന് നിന്നു. “ഈ ക്ലൈമറ്റ് കൊള്ളാം അല്ലേ സിദ്ധുവേട്ടാ.. ” അവന്റെ അരികിൽ നിന്ന് പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞ അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ എത്തിയതേ ഇല്ല… “സിദ്ധുവേട്ടാ… സിദ്ധുവേട്ടാ….” അവൾ കുറച്ചുകൂടി ശബ്ദത്തിൽ വിളിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.

“എന്ത് പറ്റി സിദ്ധുവേട്ടാ… സ്വപ്നം കാണുവാണോ..? ” അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു. “അതെ… ഒരു സ്വപ്നം കാണുവായിരുന്നു…” അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “ആഹാ…!അതെന്തൊരു സ്വപ്നമാണപ്പ…നിന്നുകൊണ്ട് കാണുന്ന സ്വപ്നം…” അവൾ പുരികം ഉയർത്തികൊണ്ട് ചോദിച്ചു. “സ്വപ്നത്തിൽ ഞാനെന്റെ ദേവിയെ കണ്ടു… അതാ നിൽക്കുകയാണെന്ന് പോലും മറന്നു പോയി… എന്നും ഞാൻ ഈ സമയത്ത് ഉറങ്ങും അപ്പൊ അവൾ സ്വപ്നത്തിൽ വരും..

ഇന്ന് ഇത്ര നേരമായിട്ടും ഉറങ്ങിയിട്ടില്ലല്ലോ അതാ നിന്നുകൊണ്ടിരിക്കുകയാണേലും എന്റെ സ്വപ്നത്തിൽ വന്നത്..” അവനൊരു കള്ള ചിരിയോടെ മറുപടി പറഞ്ഞു.. “ഓഹോ… സ്വപ്നത്തിൽ ദേവി വരുന്നെന്നോ.. ആരാ അത്…? ” അവൾ മുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു. “അതൊന്നും നീ ഇപ്പൊ അറിയണ്ടാ… അയ്യോ… അവൾ സ്വപ്നത്തിൽ വരാൻ സമയമായി… ഞാൻ കിടക്കാൻ പോവാ… നീയും ഉറങ്ങിക്കോ ഗുഡ് നൈറ്റ്‌.. ” അവൻ തമാശയോടെ പറഞ്ഞുകൊണ്ട് കട്ടിലിൽ പോയി കിടന്നു.. “ദേവി വരുമത്രെ ദേവി…ഹും..”

ഉറങ്ങിക്കൊണ്ടിരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി പിറുപിറുത്തുകൊണ്ട് അവൾ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.. കുറെ നേരം ഉറക്കം വരാതെ അവൾ അവൻ പറഞ്ഞതോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു.. പിന്നീടെപ്പോഴോ ഉറങ്ങി പോയി.. പിറ്റേന്ന്, അവൻ കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് അവളുടെ മുഖമാണ്.. “എന്റെ ദേവി…” അവൻ ഉറങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.ശേഷം അവളുടെ മിഴികൾക്ക് കുറുകെ അലസമായി കിടന്ന മുടിയിഴകൾ വിരലുകൾകൊണ്ട് മെല്ലെ ഒതുക്കി വെച്ചു.

അവളുടെ കൺപോളകൾ അനങ്ങുന്നത് കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവൻ ഉറങ്ങുന്നത് പോലെ കണ്ണുകളടച്ചു കിടന്നു… അവൾ മെല്ലെ കണ്ണുകൾ തുറന്നു… ദീര്‍ഘനിശ്ശ്വാസവിട്ടുകൊണ്ട് എഴുന്നേറ്റ അവൾ കാണുന്നത് അവൻ സുഖമായി ഉറങ്ങുന്നതാണ്. അവന്റെ മുഖത്തിന്‌ മുന്നിൽ വിരലുകൾ ഞൊടിച്ചു വിളിച്ചു നോക്കി. അവനിൽ നിന്ന് ഒരു അനക്കവും കേൾക്കാതിരുന്നപ്പോൾ അവൻ നല്ല ഉറക്കമാണെന്ന് അവൾ കരുതി.

“സ്വപ്നത്തില് ദേവി വരുമെന്നല്ലേ..? ഇവിടെ നോക്ക് സിദ്ധുവേട്ടാ… ഞാനല്ലാതെ മറ്റൊരു പെണ്ണിനെ സ്വപ്നം പോലും കാണരുത്… കേട്ടല്ലോ…? ” അവളുടെ സംസാരം കേട്ട് അവന് ചിരി വന്നെങ്കിലും വളരെ കഷ്ടപ്പെട്ട് ചിരി അടക്കിപ്പിടിച്ചു കിടന്നു.. “എന്തൊക്കെ പറഞ്ഞാലും എനിക്ക് സിദ്ധുവേട്ടനോട് ദേഷ്യമേ തോന്നുന്നില്ല.. നോക്കിക്കേ ഉറങ്ങുമ്പോ പോലും മുഖത്തെ ആ പുഞ്ചിരി കണ്ടില്ലേ… കള്ള കണ്ണൻ…” എന്ന് പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ മെല്ലെ നുള്ളികൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

അവൾ പോയതും അവൻ കണ്ണുകൾ തുറന്നു.. “ഹമ്പടി കള്ളി…” പുഞ്ചിരിയോടെ അവൾ പോയ ദിശയിലേക്ക് നോക്കികൊണ്ട് മെല്ലെ എഴുന്നേറ്റു.. മിഥു കുളികഴിഞ്ഞ് അവനുള്ള ചായയുമായി മുറിയിലേക്ക് ചെന്നു, അപ്പോഴേക്കും അവനും കുളിച്ചു ഒരുങ്ങി കഴിഞ്ഞിരുന്നു. “സിദ്ധുവേട്ടാ.. നല്ല മഴയുണ്ട്.. ഇപ്പൊ ഇതൊങ്ങോട്ട് പോവാ…” മുറിയിലേക്ക് കയറികൊണ്ട് മിഥുന ചോദിച്ചു. “കുറച്ചു ജോലിയുണ്ട് മിഥു..പോയിട്ട് പെട്ടെന്ന് വരാം…” അവൻ മറുപടി പറഞ്ഞതും അവൾ മറിച്ചൊന്നും പറയാതെ ചായ അവന്റെ കയ്യിലേക്ക് കൊടുത്തു.. “ചായ നന്നായിട്ടുണ്ട്…”

പുഞ്ചിരിയോടെ അത് കുടിച്ചു കഴിഞ്ഞ് ചായ ഗ്ലാസ്‌ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അവൻ പുറത്തേക്ക് നടന്നു. “കഴിക്കാൻ വരണം കേട്ടോ…? ” സ്നേഹത്തോടെ അവനെ യാത്രയയച്ചുകൊണ്ട് അവൾ വീടിനകത്തേക്ക് കയറി. അവനുവേണ്ടി ഭക്ഷണം പാകം ചെയ്യാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ യൂട്യൂബിൽ നോക്കി വളരെ പെട്ടെന്ന് ഉണ്ടാകാൻ പറ്റുന്ന ഒരു പ്രാതൽ തയ്യാറാക്കി. ശേഷം അവന് വേണ്ടി വഴിയിലേക്ക് കണ്ണും നട്ട് കാത്തിരുന്നു.

കുറച്ചു കഴിഞ്ഞതും സിദ്ധു വന്നതും മിഥു സന്തോഷത്തോടെ അവന് ഭക്ഷണം വിളമ്പി കൊടുത്തു. “കൊള്ളാലോ മിഥു…” അവൻ അവളെ അഭിനന്ദിച്ചതും മിഥു സന്തോഷത്തോടെ അവനെ വീണ്ടും വീണ്ടും കഴിപ്പിച്ചു… “മതി മിഥു… വയറ് നിറഞ്ഞു.. ഇന്ന് എന്തായാലും ഞാൻ പാടത്തേക്ക് പോകുന്നില്ല… നീ നിന്റെ ഡിസൈനിങ് ജോലി ചെയ്തോ.. ഉച്ചക്കുള്ളത് ഞാനുണ്ടാക്കാം..” ആവേശത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ, “ഓക്കേ…സിദ്ധുവേട്ടാ…” എന്ന് പറഞ്ഞുകൊണ്ട് അവളുടെ ജോലികളിലേക്ക് മുഴുകി..

അവനും അവൾ ചെയ്യുന്നത് ആസ്വദിച്ചുകൊണ്ട് പാചകത്തിലും ശ്രദ്ധചെലുത്തി.. ഉച്ചയ്ക്ക് ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.. “സിദ്ധുവേട്ടാ… ഏട്ടന്റെ കയ്യിൽ എന്തോ മാജിക്‌ ഉണ്ട്.. ശെരിക്കും ഇത് അമ്മായി ഉണ്ടാക്കുന്നത് പോലെ തന്നെയുണ്ട്…” എന്ന് പറഞ്ഞുകൊണ്ട് അവൾ ആസ്വദിച്ചുകൊണ്ട് ഊണ് കഴിച്ചു. ഉച്ചയ്ക്ക് ശേഷം സിദ്ധുവും മിഥുനയെ ജോലിയിൽ സഹായിച്ചു, അങ്ങനെ ആ പകൽ വളരെ മനോഹരമായി അവസാനിച്ചു. സമയം ഏതാണ്ട് പന്ത്രണ്ടു മണിയോട് അടുത്ത് കാണും.. മിഥു നല്ല ഉറക്കത്തിലാണ്.. പെട്ടെന്നാണ് അവളുടെ മൊബൈൽ ഫോൺ ശബ്‌ദിച്ചത്..

“ഈ സമയത്ത് ഇതാരാ? ” അവൾ ഒരു മടിയോടെ ഫോൺ എടുത്ത് നോക്കി.. “മിലുവാണല്ലോ…? ” മൃദുലയുടെ പേര് കണ്ടതും അവൾ ആലോചനയോടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി, കാൾ എടുത്തു ചെവിയിലേക്ക് ചേർത്തു. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ, “ഹാപ്പി ബര്ത്ഡേ.. മിഥൂ….ചേച്ചി..” അച്ഛന്റെയും അമ്മയുടെയും മിലുവിന്റെയും ശബ്ദം ഒരുമിച്ചു വന്നു.. അപ്പോഴാണ് മിഥുവിനും ഓർമ്മ വന്നത് അന്ന് അവളുടെ പിറന്നാൾ ആണെന്ന്. അച്ഛനും അമ്മയും മിലുവൊന്നും ഇല്ലാത്ത ആദ്യത്തെ പിറന്നാളാണെന്ന് അതെന്ന് മനസ്സിൽ ചിന്തിച്ചു. “മിഥു..”

ശോഭയുടെ ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നുണർന്നു.. “താങ്ക്സ് അ മ്മേ..” മിഥുനയുടെ കണ്ണുകൾ കലങ്ങിയിരുന്നു. “എന്നും സന്തോഷത്തോടെ ഇരിക്കണംട്ടോ…” ശോഭയുടെ കണ്ണുകളും നിറഞ്ഞു.. മഹേന്ദ്രൻ അവരുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.. “മോളെ മിഥു… ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും എന്റെ മോൾക്ക് കിട്ടട്ടെ… നിന്റെ ജോലിയിൽ നീ ആഗ്രഹിച്ചത് പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. അച്ഛന്റെ മിഥുകുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ…” അയാൾ അവളെ ആശംസകൾ അറിയിച്ചു..

“താങ്ക്സ് അച്ഛാ..” അവൾ കണ്ണീരോടെ മറുപടി പറഞ്ഞു.. ശേഷം മൃദുലയും പിറന്നാൾ ആശംസകൾ പറഞ്ഞ് അവളോട്‌ കുറെ നേരം സംസാരിച്ചു.എല്ലാവരോടും സംസാരിച്ച് കഴിഞ്ഞ് അവൾ ഉറങ്ങാൻ പോയപ്പോൾ സമയം 2 കഴിഞ്ഞിരുന്നു. വീട്ടിൽ നിന്ന് വന്നിട്ട് ഇത്രയും നാളുകൾ ആയെങ്കിലും അവൾക്ക് കാര്യമായി ഒന്നും തോന്നിയിരുന്നില്ല..എന്നാൽ ഇന്ന് അവളുടെ മാതാപിതാക്കളുടെ ഓർമ്മ അവളെ വളരെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്..അവളുടെ ഓരോ പിറന്നാളും അവളുടെ മാതാപിതാക്കൾ വളരെ ആഘോഷമായി തന്നെയാണ് നടത്തികൊണ്ടിരുന്നത്..

ഇന്ന് അവരെല്ലാം ഒരുപാട് ദൂരെയാണ് എന്ന തോന്നൽ അവളുടെ മനസ്സിനെ ഉലച്ചു. എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. അവളുടെ കൂട്ടുകാരികളും പിറന്നാൾ ആശംസകൾ പറഞ്ഞ് മെസ്സേജ് അയച്ചിട്ടുണ്ട്.. എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട് വീണ്ടും അവൾ ഉറങ്ങാൻ ശ്രമിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുന്ന സിദ്ധുവിന്റെ നേർക്ക് അവൾ തിരിഞ്ഞു കിടന്നു.. “സിദ്ധുവേട്ടാ… ഏട്ടനും എന്റെ ബെർത്ത്ഡേ മറന്നുപോയോ..? ” വിഷമത്തോടെ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു..

അവനോ നല്ല സുഖ നിദ്രയിൽ മുഴുകി ഇരിക്കുകയാണ്.. “ഞാൻ തന്നെ എന്റെ ബെർത്ത്ഡേ മറന്നു പോയി.. ഏട്ടനും മറന്നു പോയിട്ടുണ്ടാവും അല്ലെ… സാരമില്ല..” സ്വയം സമാധാനപ്പെടുത്തിയെങ്കിലും അവളുടെ മനസ്സ് വേദനിച്ചിരുന്നു. വിങ്ങുന്ന മനസ്സിനെ എങ്ങനെയൊക്കെയോ സമാധാനപ്പെടുത്തി അവൾ എപ്പോഴോ ഉറങ്ങി പോയി.. പിറ്റേന്ന്, മിഥു കണ്ണ് തുറന്ന് നോക്കിയപ്പോൾ സിദ്ധു മുറിയിൽ ഇല്ലായിരുന്നു..താൻ എഴുന്നേൽക്കാൻ വൈകിയെന്ന് അവൾ മനസ്സിലാക്കി..എഴുന്നേറ്റു താഴേക്ക് ചെന്നതും വീട്ട് ജോലി ചെയ്യുന്ന കമലയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

“എന്താ കമലേച്ചി…” അവൾ പുഞ്ചിരിയോടെ ചോദിച്ചു. “സിദ്ധുമോൻ പാടത്തേക്ക് പോയെന്ന് പറയാൻ പറഞ്ഞു.. ഇന്നലെ മഴ പെയ്തത് കൊണ്ട് ഒരുപാട് ജോലിയുണ്ടെന്ന്..” അവർ സിദ്ധു പറഞ്ഞത് അതേപടി മിഥുവിനോട് പറഞ്ഞു.. “ശരി ചേച്ചി…” പുഞ്ചിരിച്ചു കൊണ്ട് അവൾ കുളിമുറിയിലേക്ക് നടന്നു.. അത് വരെ ഉണ്ടാകാതിരുന്ന ഒരു തരം വിങ്ങലായിരുന്നു അവളുടെ മനസ്സിൽ..ഇന്നലെ വരെ ഇത് തന്റെ വീട് പോലെ തന്നെയാണ് തോന്നിയത് പക്ഷെ ഇപ്പൊ ഒരു അന്യവീട്ടിൽ ഉള്ളത് പോലൊരു തോന്നൽ..

അവൾ വളർന്ന വീടും അച്ഛനേയും അമ്മയേയും കാണാൻ അവൾ ഒരുപാട് കൊതിച്ചു പോയ നിമിഷമായിരുന്നു അത്. ഒരു ഉത്സാഹമില്ലായ്മയോടെയാണ് അന്നവൾ ജോലികൾ ചെയ്തത്. മീനാക്ഷിയുടെ ഫോൺ വന്നതും ഉള്ളിലേ വേദന മറച്ചുകൊണ്ട് അവൾ ഫോൺ എടുത്തു. “പിറന്നാൾ ആശംസകൾ മിഥുമോളെ…” നിറഞ്ഞ മനസ്സോടെ മീനാക്ഷി അവളെ ആശംസിച്ചു.. അവളും സംതൃപ്തിയോടെ നന്ദി പറഞ്ഞു.. “സിദ്ധുനെ ഇന്ന് വിളിച്ചിട്ടില്ല മോളെ… ഞാൻ ദർശനത്തിന് കയറാൻ പോകുവാ… അത് കഴിഞ്ഞ് വന്ന് വിളിക്കാമെന്ന് അവനോട് ഒന്ന് പറഞ്ഞേക്കണേ…” എന്ന് പറഞ്ഞ് അവർ ഫോൺ വെച്ചു.

അവൾ വീണ്ടും അലസമായി തന്റെ ജോലികളിൽ മുഴുകി. സിദ്ധു തിരിച്ചു വീട്ടിലെത്തിയപ്പോൾ ഉച്ചയായിരുന്നു.. മിഥു അവനോട് കാര്യമായൊന്നും മിണ്ടിയില്ല.. അവളുടെ പെരുമാറ്റത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞു.. “ഇവൾക്കിത് എന്ത് പറ്റി…? ” അവൻ സംശയത്തോടെ മനസ്സിൽ ഓർത്തു. “സിദ്ധുമോനെ… അമ്മ വിളിച്ചിരുന്നു.. മോനെ വിളിച്ചിട്ടു കിട്ടിയില്ലെന്നു പറഞ്ഞു..” കമല പറഞ്ഞു. “വേറെന്തെങ്കിലും പറഞ്ഞോ..” സിദ്ധു തിരിച്ചു ചോദിച്ചു. “അവിടെ അമ്പലത്തിൽ നിങ്ങൾ രണ്ട് പേരുടെയും പേരിൽ വഴിപാട് നടത്തിയെന്ന് പറഞ്ഞു…

പിന്നെ ഇവിടെ ശിവന്റെ അമ്പലത്തിൽ പോയി തൊഴാൻ പറഞ്ഞു… മിഥുമോളേം കൂട്ടി പോയി തൊഴുതിട്ട് വാ മോനെ.. ” കമല വാത്സല്യത്തോടെ പറഞ്ഞതും സിദ്ധു തലയാട്ടികൊണ്ട് നടന്നു.. “മിഥു…. മിഥു… ” രണ്ട് വട്ടം വിളിച്ചതിന് ശേഷമാണ് അവൾ അങ്ങോട്ട് ചെന്നത്.. കമല പറഞ്ഞ കാര്യം പറഞ്ഞ് അവൻ അവളോട് അമ്പലത്തിൽ പോകാൻ റെഡി ആകാൻ പറഞ്ഞു.. അവളും മറിച്ചൊന്നും പറയാതെ ശരിയെന്നു പറഞ്ഞുകൊണ്ട് അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തി.. വൈകിട്ട് ഇരുവരും ഒരുമിച്ച് അമ്പലത്തിലേക്ക് പോയി.

മീനാക്ഷി പറഞ്ഞത് പോലെ ഇരുവരും ചേർന്ന് ദേവനെ തൊഴുതു വണങ്ങി, ഇരുവരുടെയും പേരിൽ അർച്ചനയും നടത്തി.. “എന്റെ മിഥു എന്നും സന്തോഷത്തോടെ ഇരിക്കണം.ആരെ കൊണ്ടും അവൾക്കൊരു വിഷമവും ഉണ്ടാവരുത്.. അവൾക്ക് ഇഷ്ടപ്പെട്ട, അവളുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാവണം..അതിന് ശേഷം സന്തോഷകരമായൊരു ജീവിതം, അത് വരെ അവൾ വിഷമിക്കരുത്…അവളെടുക്കുന്ന എല്ലാ തീരുമാനങ്ങളും വിജയമായിരിക്കേണമേ എന്റെ മഹാദേവ…” സിദ്ധു നിറമനസ്സോടെ തൊഴുതു വണങ്ങി.. “അച്ഛനേയും അമ്മയേയും കാണാൻ തോന്നുന്നു..

അതെങ്ങെനെയെങ്കിലും നടത്തിതരണേ ഭഗവാനെ…” അതല്ലാതെ മറ്റൊന്നും പ്രാർത്ഥിക്കാൻ അവൾക്ക് തോന്നിയില്ല..അവളുടെ ഉള്ളിലെ വിഷമം അവൾ ചെയ്യുന്ന ഒരു പ്രവർത്തികളിലും പ്രതിഫലിച്ചു. അവളുടെ വാടിയ മുഖം അവനെയും വേട്ടയാടി തുടങ്ങിയിരുന്നു. വഴിപാടുകൾ കഴിച്ച് ഇരുവരും ക്ഷേത്ര കുളത്തിന്റെ പടിക്കെട്ടിലിരുന്ന് ആ സായാഹ്നം ആസ്വദിക്കാൻ തുടങ്ങി.. മിഥുവിന് ഒട്ടും താല്പര്യമില്ലായിരുന്നു എങ്കിലും സിദ്ധുവിന് വേണ്ടി കുറച്ചു നേരം അവിടെ ഇരിക്കാൻ അവൾ സമ്മതിച്ചു..

“ഭാര്യക്ക് പൂ മേടിച്ചു കൊടുക്ക് മോനെ..” വയസ്സായ ഒരു സ്ത്രീ പൂ മാല നീട്ടികൊണ്ട് അവനോട് പറഞ്ഞു.. അവനും മറിച്ചൊന്നും പറയാതെ അത് വാങ്ങി.. “നന്നായി വരും മക്കളെ…” അവൻ കൊടുത്ത പൈസയും വാങ്ങി അവരെ അനുഗ്രഹിച്ചുകൊണ്ട് ആ വൃദ്ധ അവിടെ നിന്നും നടന്നകന്നു.. ആ മുല്ലപ്പൂ മാല അവൻ അവളുടെ നേരെ നീട്ടി.. തന്റെ ഭർത്താവ് ആദ്യമായി പൂ വാങ്ങി തന്നതോർത്ത് സന്തോഷിക്കണോ അതോ അദ്ദേഹം തന്റെ പിറന്നാൾ ദിവസം മറന്നതോർത്ത് വിഷമിക്കണോ എന്ന ചിന്തയിൽ അവളല്പം മടിച്ചു നിന്നു.. ആ നിമിഷത്തിലെ അവളുടെ നിശബ്ദത അവനെ കൂടുതൽ വേദനിപ്പിച്ചു..

“നിനക്ക് വേണ്ടെങ്കിൽ കുഴപ്പമില്ല മിഥു.. വീട്ടിൽ ഭഗവാന്റെ ഫോട്ടോയിൽ ചാർത്താം.. സമയം ഒരുപാടായി നമുക്ക് പോകാം..” അവന്റെ നിരാശ വാക്കുകളിൽ പ്രകടമായി..അവന്റെ മനസ്സിനെ വേദനിപ്പിച്ചല്ലോ എന്നോർത്ത് അവൾ വീണ്ടും വിഷമിച്ചു.. “സിദ്ധുവേട്ടാ…. ഒരു മിനിറ്റ്…” അവളുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി.. “അങ്ങനെ ഒന്നും ഇല്ല സിദ്ധു വേട്ടാ… ഏട്ടൻ തന്നെ ചൂടി താ..” എന്ന് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നിന്നു..അവന്റെ മുഖവും ആ മുല്ലയെ പോലെ വിടർന്നു… ആനന്ദത്തോടെ അവളുടെ നീണ്ട കാർക്കൂന്തലിൽ അവനാ പൂ ചൂടിച്ചു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 31

താദാത്മ്യം : ഭാഗം 32

താദാത്മ്യം : ഭാഗം 33

താദാത്മ്യം : ഭാഗം 34

താദാത്മ്യം : ഭാഗം 35