Thursday, November 21, 2024
Novel

Mr. കടുവ : ഭാഗം 27

എഴുത്തുകാരി: കീർത്തി


യാത്രാക്ഷിണം കാരണം ഇച്ചിരി അധികം ഉറങ്ങിപ്പോയി. രാവിലെ കണ്ണുതുറന്നു നോക്കുമ്പോൾ സമയം പത്ത് ആവാറായിട്ടുണ്ടായിരുന്നു.

എന്തൊക്കെ പ്രതീക്ഷിച്ചാണ് ഇന്നലെ കിടന്നത്. കടുവയോട് അത് പറയണം ഇത് പറയണം ഇഷ്ടം സ്നേഹം മണ്ണാങ്കട്ട. എന്നിട്ടിപ്പോ എന്തായി. നട്ടുച്ച വരെ കിടന്നുറങ്ങിന്നും പറഞ്ഞ് കടുവയെടുത്ത് തോട്ടിലിടാഞ്ഞാൽ മതി. ഞായറാഴ്ച ചെടികൾ നനക്കണ്ട ഡ്യൂട്ടി എനിക്കല്ലേ.

നേരം വൈകിയാൽ വന്നു വിളിക്കണ്ടതാണല്ലോ. രാത്രി വൈകി വന്നതല്ലേ ഉറങ്ങിക്കോട്ടെന്ന് വിചാരിച്ചിട്ടുണ്ടാവും.

ഇനിയും കിടന്നാൽ പ്ലാനിങ് എല്ലാം തെറ്റും. ഞാൻ വേഗം കിടക്കയിൽ നിന്നും ചാടിയെണീറ്റു വാഷ് റൂമിലേക്കോടി.

കൈയിലുള്ളതിൽ വെച്ച് ഒരു സുന്ദരൻ ദാവണി എടുത്തുടുത്തു.

കുറച്ചു അധികം മേക്കപ്പും ചെയ്തു. ദേവരാഗം സിനിമയിൽ ശ്രീദേവി ചെയ്തപോലെ കുറച്ചു നേരം കണ്ണാടിയുടെ മുന്നിൽ നിന്ന് പ്രൊപോസൽ സീൻ റിഹേഴ്സൽ ചെയ്തു നോക്കി.

മുന്നിൽ നിൽക്കുക കടുവയാണെന്ന് ഓർത്തപ്പോൾ ഒന്നും തൃപ്തി വന്നില്ല.

വരുന്നിടത്തു വെച്ച് കാണാമെന്നു കരുതി കുടകിൽ നിന്ന് വാങ്ങിച്ച ചോക്ലേറ്റ്സും കൊണ്ട് വീട്ടിലേക്ക് നടന്നു.

ചെടികൾ നനച്ചതിന്റെ ലക്ഷണം കാണുന്നുണ്ട്. മുറ്റത്തു കടുവയുടെ ബുള്ളറ്റും ജീപ്പും കിടപ്പുണ്ട്. അപ്പൊ കഥാനായകൻ അകത്തുണ്ട്.

പെട്ടന്ന് കാലുകൾക്ക് വേഗത കുറയുന്ന പോലെ, വീട്ടിലേക്ക് കയറാൻ തന്നെ എന്തോ ചമ്മൽ തോന്നി. ഒപ്പം ക്രമാതീതമായുള്ള ഹൃദയമിടിപ്പും കൈയിനും കാലിനും ഒരുതരം വിറയലും.

ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സുഖമുള്ള ഒരു ഭയം എന്നെ തേടിയെത്തി.

കുറച്ചു സമയമെടുത്ത് എന്റെ ഹൃദയതാളത്തിന് ആവശ്യത്തിന് സംഗതികളൊക്കെ ചേർത്ത് നോർമലാക്കിയിട്ടാണ് വീടിനകത്തേക്ക് കയറിയത്.

അകത്തേക്ക് കടന്നതും എന്റെ കണ്ണുകൾ കടുവയ്ക്കായി അവിടമാകെ ഓടിനടന്നു. അച്ഛനെയും കണ്ടില്ല.

അടുക്കളയിൽ നിന്നും അമ്മയും സീത ചേച്ചിയും സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെ കേൾക്കുന്നുണ്ട്. ഞാൻ നേരെ അങ്ങോട്ട്‌ വെച്ച്പിടിച്ചു. രണ്ടുപേരും പൊരിഞ്ഞ പണിയിലാണ്.

അമ്മയുടെ പ്രവൃത്തിയിലും സംസാരത്തിലും സാധാരണയിൽ കവിഞ്ഞ ഉന്മേഷവും സന്തോഷവും ഞാൻ കണ്ടു. പതുങ്ങി ചെന്ന് ഞാൻ പിറകിലൂടെ അമ്മയുടെ കണ്ണ്പൊത്തി.

“എന്നെ പറ്റിക്കാൻ നോക്കണ്ട. അമ്മയ്ക്ക് മനസിലായി ഇത് പ്രിയ മോളാണെന്ന്. ”

“ഛെ… ചീറ്റിപ്പോയി. ”

അമ്മ കറക്റ്റ് ആയി കണ്ടുപിടിച്ച നിരാശയിൽ ഞാനത് പറഞ്ഞപ്പോൾ അമ്മയും ചേച്ചിയും എന്നെ നോക്കി ചിരിച്ചു.
കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് അമ്മയ്ക്കും സീത ചേച്ചിക്കും കൊടുത്തു.
അമ്മയ്ക്കും അച്ഛനും ഷുഗറാണെന്ന് പറഞ്ഞ് അമ്മയുടെ കൈയിലെ ചോക്ലേറ്റ്സിൽ നിന്നും കുറച്ചു കൂടി സീത ചേച്ചിക്ക് കൊടുത്തു.

“എന്റെ ലക്ഷ്മിക്കുട്ടി ഇന്ന് ഭയങ്കര ഹാപ്പി മൂഡിലാണല്ലോ എന്തുപറ്റി? ”
ഞാൻ ചോദിച്ചു.

“ഈ ഹാപ്പി തുടങ്ങിയിട്ട് രണ്ട് ദിവസമായി മോളെ. ”

അമ്മയെ തന്നെ നോക്കി ചിരിച്ചുകൊണ്ട് സീത ചേച്ചി പറഞ്ഞു. അമ്മയുടെ മുഖത്ത് അപ്പോഴും മനോഹരമായ ഒരു ചിരി തത്തികളിക്കുന്നുണ്ടായിരുന്നു.

“അതെന്താ സംഭവം.? ”
ഞാൻ സംശയത്തോടെ ചോദിച്ചു.

“ഒരുപാട് സന്തോഷമുള്ള കാര്യമാണ്. മോളോട് ഫോണിലൂടെ പറയാതെ നേരിട്ട് പറയാമെന്നു കരുതിയത് അതുകൊണ്ടാണ്. ”

അമ്മ പറയുന്നതും കേട്ട് കണ്ണിമചിമ്മാതെ ഞാൻ അമ്മയെതന്നെ നോക്കി നിന്നു. ഇത്രയും പ്രസരിപ്പോടെ അമ്മയെ കാണുന്നത് ഇതാദ്യമാണെന്ന് ഞാനോർത്തു. ഒന്നു നിർത്തിയ ശേഷം അമ്മ പറഞ്ഞു തുടങ്ങി.

“അത് മോളെ നമ്മുടെ ചന്ദ്രുന്റെ വിവാഹം ഉറപ്പിച്ചു. ”

ഞെട്ടലോടെയാണ് ഞാനത് കേട്ടത്. ശ്വാസമെടുക്കാൻ പോലും മറന്ന് ഞാൻ നിന്നു. ഞാനാ കേട്ടത് സത്യമാവരുതേയെന്ന് പ്രാർത്ഥിച്ചു. എന്റെ ചെവിയുടെ കുഴപ്പവാണേയെന്ന് ആഗ്രഹിച്ചു. ഒരിക്കൽ കൂടി ഞാൻ ചോദിച്ചു.

“സത്യമാണ് മോളെ. മിനിഞ്ഞാന്ന് ഞാനും വിശ്വേട്ടനും അവനെയും കൂട്ടി പെണ്ണ്കാണാൻ പോയിരുന്നു. വിശ്വേട്ടന്റെ കൂട്ടുകാരന്റെ മോളാണ്.

എഞ്ചിനീയറിംഗ് കഴിഞ്ഞതാ. നല്ല കുട്ടിയാ ചന്ദ്രുന് നന്നായി ചേരും. ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. ”

“ചന്ദ്രുവേട്ടൻ സമ്മതിച്ചോ? ”
ആ തകർന്ന സമയത്തും നേരിയ പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.

“അതല്ലേ അതിശയം. അവൻ സമ്മതിക്കുമോ ന്ന് തന്നെയായിരുന്നു ഞങ്ങൾക്കും സംശയം. പക്ഷെ നിശ്ചയം നടത്തി സമയം കളയാതെ പെട്ടന്ന് കല്യാണം നടത്തിക്കൊള്ളാനാണ് അവൻ പറഞ്ഞത്.

പോരാത്തതിന് ഇപ്പൊ ഏത് നേരവും ഫോണിലാ. ആ കുട്ടിക്ക് കുറച്ചു സ്വൈര്യം കൊടുക്കാൻ പറഞ്ഞു ഞാൻ മടുത്തു. ”

വളരെ ഉത്സാഹത്തോടെ അമ്മ അത് പറഞ്ഞപ്പോൾ എന്നിലെ പ്രതീക്ഷയുടെ കുഞ്ഞു വെട്ടം പോലും അണഞ്ഞുകഴിഞ്ഞിരുന്നു. മനസിനും ശരീരത്തിനും വല്ലാത്ത വേദന തോന്നി. തലയ്ക്കു ഒരു മിന്നലേറ്റ പോലെ.

നെഞ്ചിൽ ഭയങ്കര നീറ്റൽ, ഭാരമുള്ള എന്തോ കയറ്റി വെച്ചത് പോലെ. ഈ നിമിഷം വല്ല അറ്റാക്കും വന്ന് തീർന്നുപോയിരുന്നെങ്കിൽ എന്നാശിച്ചു. അവരുടെ മുന്നിൽ വെച്ച് കരയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

പക്ഷെ മനസിലുള്ളത് കണ്ണിൽ പ്രതിഫലിക്കുമെന്ന സത്യം ഉൾക്കൊണ്ട് എന്റെ കണ്ണിൽ ജലകണങ്ങൾ ജന്മമെടുത്തപ്പോൾ, അമ്മ കാണാതിരിക്കാൻ തിരിഞ്ഞു നിന്ന് അവയെ തുടച്ചുമാറ്റി.

“ഇത്രയും നേരം ഫോണും പിടിച്ചു ഇവിടെയൊക്കെ നടപ്പുണ്ടായിരുന്നു. ഹരി വിളിച്ചപ്പോൾ പുറത്ത് പോയതാ. വരുമ്പോൾ മോള് തന്നെ എല്ലാം നേരിട്ട് ചോദിച്ചോ. ”

തിരിഞ്ഞു നിന്ന് മറുപടിയായി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു. പെട്ടന്ന് അമ്മ എന്നെ തിരിച്ചു നിർത്തി.

“അമ്മേടെ പ്രിയ മോള് ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ. എന്തെങ്കിലും വിശേഷം ഉണ്ടോ മോളെ? ”

“ഒന്നുല്ല്യ. ഞാൻ…. വെറുതെ….”
പറയുമ്പോൾ ശബ്ദം ഇടറിതുടങ്ങിയിരുന്നു.

“ടൂർ പോയിട്ട് ജലദോഷം പിടിച്ചോ? ശബ്ദം വല്ലാണ്ട് ആയല്ലോ? ”

“അത്…. അവിടുത്തെ കാലാവസ്ഥ….. ”

“പനിയൊന്നും ഇല്ലല്ലോ? ”
നെറ്റിയിലും കഴുത്തിലും കൈവെച്ചു നോക്കികൊണ്ട് അമ്മ ചോദിച്ചു.

“ഏയ്‌ ഇല്ലമ്മേ. ”
ഇനിയും അവിടെ നിന്നാൽ ശെരിയാവില്ലന്ന് തോന്നിയ
ഞാൻ പുറത്തേക്ക് നടക്കാനൊരുങ്ങി.

“മോള് പോവണോ? ”

“ഞാൻ… രാധികയുടെ അടുത്തേക്ക്….. രാമേട്ടനെ ഒന്ന് കാണാൻ…… ”

“കഴിച്ചിട്ട് പോവാം. ചന്ദ്രു ഇപ്പൊ വരും. അവനും കഴിച്ചിട്ടില്ല. ”
ചന്ദ്രുവേട്ടനെ ഈ സമയത്ത് അഭിമുഖീകരിക്കാൻ കഴിയില്ല.

“വേണ്ട. ഞാൻ ഔട്ട് ഹൗസിൽന്ന് കഴിച്ചു. ഞാൻ പോട്ടെ. ”
“നോക്കി പോണേ മോളെ. ”

കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി ശെരിയെന്നു തലയാട്ടി ഞാൻ അവിടെ നിന്നും പോന്നു. ഹാളിൽ എത്തിയപ്പോൾ അച്ഛൻ ഇരിക്കുന്നത് കണ്ടു.

കൈയിലൊരു മാഗസിനും ഉണ്ട്. എന്നെ കണ്ടതും തലയുയർത്തി നോക്കി പോവണോ ന്ന് ചോദിച്ചു. രാധുന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞു. അച്ഛനും കൊടുത്തു വളരെ ബുദ്ധിമുട്ടി ഒരു ചിരി.

അച്ഛനെയും അമ്മയെയും കുറ്റം പറയാൻ പറ്റില്ല. മകന് ഒരു കുടുംബജീവിതം ഉണ്ടായികാണാൻ ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്.

കൂടാതെ ഇവര് അനുഭവിച്ച വിഷമങ്ങളും.
അമ്മയ്ക്കും സീത ചേച്ചിക്കും കരുതിയത് പോലെ കുറച്ചു ചോക്ലേറ്റ്സ് രാധുവിനും വാങ്ങിച്ചിരുന്നു. അതും കൊണ്ട് രാധുന്റെ വീട്ടിലേക്ക് ചെന്നു.

രാമേട്ടൻ ഇപ്പോൾ ഉഷാറായിട്ടുണ്ട്. അമ്മ ഞങ്ങൾക്ക് കഴിക്കാനായി ഇലയട ഉണ്ടാക്കിയിരുന്നു.

ഇഷ്ടവിഭവമായിരുന്നിട്ട് കൂടി കാൽ ഭാഗം പോലും എനിക്ക് കഴിക്കാന് പറ്റിയില്ല.

രാഗിയും രഘുവും ടൂർ വിശേഷങ്ങൾ അറിയാൻ ചുറ്റും കൂടി. രാധുവും ഉണ്ടായിരുന്നു.

അവരോടു എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കും ഓർമ്മയില്ല.

മനസ് ശൂന്യമായിരുന്നു. ഇച്ചിരി ആശ്വാസം കിട്ടുമെന്ന് വിചാരിച്ചാണ് അങ്ങോട്ട്‌ പോയത്. എന്നാൽ മനസ്സിൽ അപ്പോഴും ചന്ദ്രുവേട്ടന്റെ വിവാഹമായിരുന്നു. മനസിലെ സങ്കടം തികട്ടി വരുന്നുണ്ടായിരുന്നു.

അവിടെയും നിൽക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ വീട്ടിലേക്ക് പോവാണെന്നു പറഞ്ഞ് ഇറങ്ങി.

കുറച്ചു നേരം തനിച്ചിരിക്കാൻ ഞാനാഗ്രഹിച്ചു. അടക്കിപിടിച്ചിരിക്കുന്ന സങ്കടക്കടൽ പുറത്തേക്ക് ഒഴുക്കികളയാൻ.

പടി വരെ രാധുവും കൂടെ വന്നു. അവൾക്കും പറയാനുണ്ടായിരുന്നു ആ കല്യാണവിശേഷം. എല്ലാം കേട്ടുനിൽക്കാനേ കഴിഞ്ഞുള്ളു.

അത് പറയുമ്പോൾ അവളുടെ സംസാരത്തിലും ഉണ്ടായിരുന്നു ഒരു പ്രത്യേക സന്തോഷം.

അച്ഛനും അമ്മയും മാത്രമല്ല ആ നാട്ടിലുള്ള ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ചന്ദ്രുവേട്ടന്റെ വിവാഹമെന്ന് അവളിൽ നിന്നും എനിക്ക് മനസിലായി.

വീട്ടിലെത്തിയെന്ന് ഞാൻ അറിഞ്ഞത് വാസുവേട്ടൻ തലയ്ക്കൊരു കൊട്ട് തന്നപ്പോളാണ്. “ഈ ലോകത്ത് ഒന്നുമല്ലേ “എന്ന് വാസുവേട്ടൻ തന്റെ ഭാഷയിൽ ചോദിച്ചപ്പോൾ നിറം മങ്ങിയ ചിരിയായിരുന്നു എന്റെ മറുപടി.

ഔട്ട്‌ ഹൗസിലേക്ക് നടക്കുമ്പോൾ അബദ്ധവശാൽ പോലും വീട്ടിലേക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഔട്ട്‌ ഹൗസിന്റെ മുറ്റത്ത് എത്തിയപ്പോൾ പിറകിൽ ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കടുവ വീട്ടിലേക്ക് കയറി പോകുന്നത്. ഞാനീ മുറ്റത്ത് നിൽക്കുന്നത് കാണുമായിരുന്നിട്ട് കൂടി ഇങ്ങോട്ട് ഒന്ന് നോക്കിയില്ല.

കടുവയുടെ ആ പ്രവൃത്തി എന്നെ കൂടുതൽ വിഷമിപ്പിച്ചു. ഞാൻ വേഗം അകത്തു കയറി വാതിലടച്ചു.

വാതിലിൽ ചാരിനിന്ന് അത്രനേരം ചിറകെട്ടിനിർത്തിയ ദുഃഖപ്രവാഹത്തെ സ്വാതന്ത്ര്യത്തോടെ ഒഴുകാൻ വിട്ടു.

എല്ലാം എന്റെ തോന്നലായിരുന്നു.

കടുവ എന്നെ കളിപ്പിച്ചത് തന്നെയാ. ഞാനൊരു മണ്ടി. കടുവയുടെ നോക്കിലും ഭാവത്തിലും ഉണ്ടായിരുന്ന വികാരം എന്നോടുള്ള പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു. എപ്പോഴോ ഞാനും സ്നേഹിച്ചു പോയി. ആഗ്രഹിച്ചുപോയി.

ആ അച്ഛന്റെയും അമ്മയുടെയും സ്നേഹം. കടുവയുടെ പ്രണയം സംരക്ഷണം. എല്ലാം. എത്ര വഴക്കിട്ടാലും സ്നേഹിച്ചിട്ടല്ലേയുള്ളൂ.

അന്ന് താരയുടെ മുന്നിൽ വെച്ച് ചേർത്ത് പിടിച്ചപ്പോൾ എന്നും ഇതുപോലെ എന്നെ ആ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നെങ്കിലെന്നു ആശിച്ചു.

വിനോദ് സാറിനോട് സംസാരിച്ചു നിന്നതിനു കാണിച്ച പരാക്രമം എന്നോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ കുശുമ്പാണെന്ന് കരുതി.

ഇന്നലെ രാത്രി കൂട്ടാൻ വരാത്തത് പോലും അത്രയും ദിവസം അമ്മയെ ഫോൺ വിളിക്കുമ്പോൾ ഒന്ന് അന്വേഷിക്കുകപോലും ചെയ്യാതിരുന്നതിന്റെ പിണക്കമാണെന്നേ വിചാരിച്ചുള്ളൂ.

ഞാൻ കാരണം എന്റെ ചന്ദ്രുവേട്ടന് ഒരാപത്തും വരരുതെന്ന് കരുതിയിട്ടല്ലേ ഞാനെന്റെ സ്നേഹം മറച്ചു വെച്ചത്.

എന്നാലും പലവട്ടം ഞാൻ പറയാതെ പറഞ്ഞതല്ലേ…. എന്നിട്ടും.

ഇനിയും വയ്യെന്ന് തോന്നിയപ്പോൾ എല്ലാം തുറന്നു പറയാൻ ഓടിവന്നതല്ലേ ഞാൻ. അപ്പോഴേക്കും……..

കരഞ്ഞു കരഞ്ഞു വാതിൽക്കൽ തന്നെയിരുന്ന് മയങ്ങിപ്പോയി. കുറെ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ കണ്ണിന് വല്ലാത്ത വേദനയും തലയ്ക്ക് ഒരു പെരുപ്പും തോന്നി. പതുക്കെ എഴുന്നേറ്റു റൂമിലേക്ക് പോയി.

ഷെൽഫിലെ തുണികൾക്കിടയിൽ ഭദ്രമായി എടുത്തു വെച്ചിരുന്ന അച്ഛനും അമ്മയും ഏട്ടനുമൊത്ത് നിൽക്കുന്ന ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു.

അച്ഛനും അമ്മയും എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവില്ലേ? ഒത്തിരി വിഷമിക്കുന്നുണ്ടാവും. കൂടെ കൊണ്ടുപോകായിരുന്നു ന്ന് തോന്നുന്നുണ്ടാവും.

പക്ഷെ ഏട്ടൻ? ഏട്ടനിത് വല്ലതും അറിയുന്നുണ്ടോ? എന്റെ സ്വന്തമെന്ന് എല്ലാ അവകാശത്തോടും പറയാൻ ആകെയുള്ള ആള്.

പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന എന്റെ ഏട്ടൻ. എത്രയും പെട്ടന്ന് എനിക്ക് എന്റെ ഏട്ടനെ തിരിച്ചു തരണേ ഈശ്വരാ. എനിക്ക് വേറെ ആരും ഇല്ല.

അന്ന് മുഴുവൻ ഓരോന്ന് ഓർത്ത് കരഞ്ഞു കിടന്നതല്ലാതെ ഒന്നും കഴിക്കാൻ തോന്നിയില്ല. എന്തിന് പച്ചവെള്ളം പോലും തൊണ്ടയിൽ കുരുങ്ങി നിന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഒന്നും ഉണ്ടാക്കാനും പോയില്ല.

കഴിക്കാൻ പറ്റില്ലെങ്കിൽ വെച്ചുണ്ടാക്കിയിട്ട് എന്താ കാര്യം. വെറുതെ കളയാനോ? ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപെടുന്ന എത്ര പേരുണ്ട്.

അതൊക്കെ ഓർത്തപ്പോൾ എന്റെ വിഷമമൊന്നും ഒന്നുമല്ലെന്ന് തോന്നി.

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുഖത്തേക്ക് നോക്കിയിരിക്കും തോറും മനസിന് ഒരു ധൈര്യം കൈവരുന്നത് പോലെ തോന്നി.

കടുവ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല. അതല്ലേ കല്യാണത്തിന് സമ്മതിച്ചത്. അല്ലേലും ഞാനാരാ? അവരുടെ സ്കൂളിലെ വെറുമൊരു ടീച്ചർ.

താര പറഞ്ഞത് പോലെ മംഗലത്ത് ഗ്രൂപ്പിന്റെ ഓണർടെ ഭാര്യ സ്കൂൾ ടീച്ചർ. ഒരിക്കലും ചേരില്ല. അതുകൊണ്ട് എന്റെയുള്ളിൽ തോന്നിയ മോഹം ഞാനും മറക്കണം.

പെട്ടന്ന് കഴിയില്ലെന്ന് അറിയാം. എന്നാലും പ്രിയ ആർക്കും ഒരു ശല്യമാവരുത്. ജോലി കിട്ടി വന്നതല്ലേ ഇങ്ങോട്ട്. സൂരജേട്ടനിൽ നിന്നൊരു രക്ഷപെടലും. അങ്ങനെ തന്നെ മതി.

എല്ലാം സ്വയം പറഞ്ഞു പഠിച്ച് മനസിനെ സ്വസ്ഥമാക്കി. തളരാതെ പിടിച്ചു നിൽക്കണം. ഇങ്ങോട്ട് വരുമ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ ആയിരിക്കണം ഇവിടുന്ന് തിരിച്ചു പോകുമ്പോഴും.

ഇടയ്ക്ക് എപ്പോഴോ അമ്മ അന്വേഷിച്ചു വന്നപ്പോൾ തലവേദനയാണെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചുവെന്ന് കളവ് പറഞ്ഞു.

വയ്യെങ്കിൽ കിടന്നോളാൻ പറഞ്ഞ് അമ്മ പോയി.

എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ടാണ് പിറ്റേന്ന് സ്കൂളിലേക്ക് തയ്യാറായത്. ഒരുങ്ങി വാതിലും പൂട്ടി ഇറങ്ങിയതും കണ്ടു പൂന്തോട്ടത്തിൽ ഉലാത്തുന്ന കടുവയെ.

എത്ര മറക്കാൻ ശ്രമിച്ചാലും കടുവയെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. മൈൻഡ് ചെയ്യാതെ പോകാമെന്നു വിചാരിച്ചു മുന്നോട്ട് നടന്നു.

എന്നാൽ വീടിനടുത്ത് എത്തിയതും വിളി വന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് അവിടെ നിന്നുകൊടുത്തു.

ഉടനെ കടുവ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. കടുവയുടെ മുഖത്തും ഭയങ്കര സന്തോഷവും തിളക്കവും ഉണ്ടായിരുന്നു.

“കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ? അമ്മ പറഞ്ഞില്ലേ? ”
വളരെ സന്തോഷത്തോടെയാണ് കടുവ ചോദിച്ചത്. പറഞ്ഞുവെന്ന് ഞാൻ തലയാട്ടി.

“സത്യം പറഞ്ഞാൽ തീരെ താല്പര്യം ഇല്ലാതെയാണ് പോയത്. പക്ഷെ ചെന്ന് കണ്ടപ്പോൾ…… ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ. എന്താ പറയാ ഒരുപാട് ഇഷ്ടായി. ”

പരട്ടകടുവ പറയുന്നത് കേട്ടില്ലേ. ഇഷ്ടായി പോലും. അതും എന്റെ മുഖത്തു നോക്കി പറഞ്ഞു. വേറൊരുത്തിയെ ഇഷ്ടായിന്ന്.

“ഞാൻ പോട്ടെ. സ്കൂളിൽ….. സമയം വൈകും.”
അധികം കേട്ടുനിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞു.

“ഹാ…. ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതി. നേരം വൈകിയാൽ ഞാൻ കൊണ്ടാക്കിതരാം. ”

“എന്നാ പറഞ്ഞു തൊലക്ക്. ”
ഞാൻ ദേഷ്യപ്പെട്ടു.

“അപ്പോഴേക്കും അവൾക്ക് ദേഷ്യം വന്നു. ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് തർക്കുത്തരം അല്ലെങ്കിൽ ദേഷ്യം. നിയൊക്കെ എന്റെ അച്ചൂനെ കണ്ടുപഠിക്ക്. എന്താ അടക്കവും ഒതുക്കവും. ”

“എനിക്ക് അടക്കവും ഒതുക്കവും ഇല്ല. അത് ഞാനങ്ങ് സഹിച്ചു. തനിക്കു പ്രശ്നമൊന്നും ഇല്ലല്ലോ. ”
എന്റെ വിഷമവും നിരാശയും അസൂയയിലേക്ക് വഴിമാറുന്നുണ്ടായിരുന്നു.

“എനിക്കെന്ത് പ്രശ്നം. എന്റെ അച്ചു നല്ല കുട്ടിയല്ലേ. നല്ല സ്വഭാവം. അവളുടെ മുന്നിൽ നീയൊന്നും ഒന്നുമല്ല.

ആ കണ്ണ് കാണണം. നല്ല കൂവളപൂ പോലെ, ചെമ്പരത്തി പൂവിന്റെ ഇതൾ പോലെ പരന്നു തുടുത്ത കവിൾ, റോസാപൂ പോലുള്ള ചുണ്ട്, ചെമ്പകമൊട്ടു പോലുള്ള നീണ്ട മൂക്ക്, മുല്ലമൊട്ടു പോലുള്ള പല്ല്, നല്ല ചന്ദനത്തിന്റെ നിറം, ഈ ശംഖ് കടഞ്ഞ കഴുത്ത്ന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.

ഇതിലേതെങ്കിലും വിശേഷണം നിനക്ക് ചേരുവോ. കണ്ടാലും മതി. എന്റെ അച്ചൂന്റെ മുടിടെ കാര്യം പിന്നെ പറയേം വേണ്ട….. ”

“എന്താ മുടിയില്ലേ? ”

അല്ല പിന്നെ കുറെ നേരായി സഹിക്കാൻ തുടങ്ങിയിട്ട്.എന്റെ അച്ചു എന്റെ അച്ചു വേറെ ആർക്കു വേണ്ട. താൻ തന്നെ എടുത്തോ. അയാൾടെ ഒരു അച്ചു.

അച്ചുവല്ല മൊച്ചു. ഹും….ലോകത്ത് ആദ്യമായി കല്യാണം കഴിക്കുന്നത് കടുവയാണെന്ന് തോന്നുന്നു. കഷ്ടം. ഫാവി ഫാര്യയെക്കുറിച്ചുള്ള കടുവയുടെ വർണന കേട്ട് എന്നിലെ നിരാശകാമുകി ഉണരുന്നത് ഞാനറിഞ്ഞു.

ഉദ്യാനപാലകൻ ആയതുകൊണ്ടാവും കണ്ണും മൂക്കും എല്ലാം പൂക്കളോട് ഉപമിച്ചത്. ഓഹ്…. എന്തൊരു ഉപമ ഉൽപ്രേക്ഷ.

വലിയ വലിയ കവികൾ പോലും ഇങ്ങനെ ഉപമിച്ചിട്ടുണ്ടാവില്ല.

“മുടി ഇല്ലേ ന്നോ? നിന്റെ പോലെ ഇച്ചിരി പോന്ന കോഴിവാലല്ല. (എന്റെ മുടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.)നല്ല പനങ്കുല പോലുള്ള മുടി.

ദാ ഇത്രയും ണ്ട് (പുറകിൽ കാൽ മുട്ടിനു കുറച്ചു മുകളിൽ കൈവെച്ച് നീളം കാണിച്ചു കൊണ്ട് പറഞ്ഞു.)

നല്ല കറു കറാന്ന് കറുത്ത് കുനു കുനാന്ന് ചുരുണ്ടു. മെടഞ്ഞിട്ട് മുല്ലപൂവ് ചൂടി വന്നുനിന്നപ്പോൾ കൈയോടെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാനാ തോന്നിയത്. ”

“പിന്നെന്തേ അത് ചെയ്യാഞ്ഞേ? ”
പുച്ഛത്തോടെ ഞാൻ ചോദിച്ചു.

അപ്പോഴേക്കും എന്നിലെ അസൂയയെന്ന വികാരം എന്നെ പ്രതികാരദാഹിയായ നാഗവല്ലിയായി മാറ്റിയിരുന്നു. ഈ കടുവ ശങ്കരൻതമ്പിയെ ഞാൻ കൊന്ന് കൊലവിളിക്കുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.

“നാള് നോക്കി മുഹൂർത്തം കുറിച്ച് കഴുത്തിലൊരു താലി കെട്ടിയിട്ടേ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ പാടൂ ന്ന്. ”

കാലുകൊണ്ട് വൃത്തികെട്ട ഒരു കളം വരച്ചു മുഖത്തു എന്തൊക്കെയോ ഭവത്തോടെ കടുവ പറഞ്ഞു.

അയ്യേ ന്നുള്ള രീതിയിൽ ഞാൻ കടുവയെ അടി മുതൽ മുടി വരെ ഒന്ന് നോക്കി. കല്യാണം കഴിക്കാൻ ചെറുക്കനെ വേണേൽ ആരേലും ഈ സാധനത്തിനെ പിടിച്ചുകൊണ്ട് പോകുന്നതാ നല്ലത്. ഇല്ലെങ്കിൽ ഇയ്യാളെ ഞാൻ കൊല്ലും.

കാവിലമ്മയാണേ കളരിപരമ്പര ദൈവങ്ങളാണേ എന്റെ വലിയച്ഛ ചെറിയച്ഛ മുത്തച്ഛാ അച്ഛച്ഛാ ഞാനിയ്യാളെ കൊല്ലും. ഇത് സത്യം സത്യം സത്യം.

“കഴിഞ്ഞോ തന്റെ ആസ്വദനാക്കുറിപ്പ്? ”

“കഴിഞ്ഞിട്ടൊന്നും ഇല്ല. ഇനിയും ഉണ്ട്. ”

“എന്നാ ബാക്കി തന്റെ ഈ ചെടികളോട് പറഞ്ഞാൽ മതി. എനിക്ക് സ്കൂളിൽ പോണം. സമയം ഒൻപതേ കാൽ കഴിഞ്ഞു. എന്റെ ബസ് മിസ്സാവും. ”

“അയ്യോ…. ”
ഞാൻ പറഞ്ഞത് കേട്ട് കടുവ ഒരു നിലവിളിയായിരുന്നു.

“എന്താടോ? ”

“സമയം ഇത്രയൊക്കെ ആയോ? ഓർമിപ്പിച്ചതിന് താങ്ക്സ് പ്രിയെ. 9മണിക്ക് ഞാൻ അച്ചൂനെ വിളിക്കണ ടൈം ആണ്. നിന്നോട് സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. എന്റെ അച്ചൂട്ടി ഇന്നെന്നോട് പിണങ്ങൂലോ ഈശ്വരാ. ”

അതും പറഞ്ഞു കൊണ്ട് കടുവ വീടിനകത്തേക്ക് ഒരോട്ടമായിരുന്നു. ഞാനത് കണ്ടു അന്തം വിട്ടു നിന്നു. ഇതെന്റെ കടുവയല്ല. ഇതൊരുമാതിരി അയ്യേ…..

ഇന്നലെ രാത്രി മുഴുവൻ കഷ്ടപ്പെട്ട് ഇരുന്നു നേരെയാക്കി എടുത്ത മാനസികാവസ്ഥ വീണ്ടും നശിപ്പിച്ചു ആ കൊശവൻകടുവ.ഇപ്പൊ പൂർണബോധ്യമായി കടുവ എന്നെ സ്നേഹിച്ചിട്ടില്ലെന്ന്.

ദേഷ്യം സഹിക്കാൻ പറ്റാതെ “അയാൾടെ ഒരു പൂന്തോട്ടം “ന്നും പിറുപിറുത്ത് അടുത്ത് കണ്ട ചെടിച്ചട്ടിക്ക് ഒരു ചവിട്ടും കൊടുത്ത് ബസ് സ്റ്റോപ്പിലേക്ക് നടന്നു.

മനസ്സിൽ നിറയെ കടുവ ആ കുട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു. ഓരോന്ന് ഓർത്ത് ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് വന്നതും കയറിയതും സ്കൂളിൽ എത്തിയതുമൊന്നും ഞാനറിഞ്ഞില്ല.

രാധു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഉച്ചവരെ എങ്ങനെയൊക്കെയോ ക്ലാസ്സ്‌ എടുത്തു.

ഇനി അതിന് കഴിയില്ലെന്ന് മനസിലായപ്പോൾ രാധുവിനോടും പറഞ്ഞ് ലൈബ്രറിയിൽ ചെന്നിരുന്നു.

വീട്ടിലേക്ക് പോകാനേ തോന്നിയില്ല. ലൈബ്രറിയിൽ ഒരറ്റത്ത് ടേബിളിൽ തല വെച്ച് കിടക്കുമ്പോഴാണ് രാധു അങ്ങോട്ട്‌ വന്നത്.

“പ്രിയ തീരെ വയ്യെങ്കിൽ വീട്ടിൽ പോകാം നമുക്ക്. ”

“വേണ്ട രാധു. ”

“ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കാ നിനക്കെന്താ പറ്റിയെ? ആകെ ഒരു മൂഡ് ഓഫ്. ”

“രാധു ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ? ”

“എന്താ കാര്യം? ”

“രാധു….. എന്റെ…. എന്റെ മുടി കോഴിവാല് പോലാണോ? എന്നെ കാണാൻ ഒട്ടും ഭംഗിയില്ലേ? ”

“കോഴിവാലോ? ഏത് വിവരദോഷിയാടി അങ്ങനെ പറഞ്ഞത്? ഞങ്ങടെ പ്രിയക്കുട്ടി സുന്ദരിയല്ലേ. അയ്യാൾക്ക് കണ്ണിന് വല്ല പ്രശ്നവും ഉണ്ടാവും. ഇതിനാണോ നീയിങ്ങനെ ഇരിക്കുന്നത്? അല്ല ആരാ ഇത് പറഞ്ഞ ആള്? ”

“നീ പറഞ്ഞ പോലെ ഒരു വിവരദോഷി. നീ എന്നെ പറ്റിക്കാൻ പറഞ്ഞതല്ലല്ലോ? ”

“അയ്യോ സത്യമായിട്ടും അല്ല. ”

അപ്പോഴാണ് എനിക്ക് ഇച്ചിരി ആശ്വാസമായത്.

(തുടരും )

” സംഭവാമി യുഗേ യുഗേ. ” സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് വിശ്വാസിക്കുക.

സ്നേഹത്തോടെ കീർത്തി.

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26